ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മു ഹബീബ (റ)
വ്യക്തിപരിചയം /
കടുത്ത പരീക്ഷണങ്ങള്‍ക്കിരയായ ഒരുപാട് സ്ത്രീപുരുഷന്മാരുടെ ജീവിതം ചരിത്രത്തില്‍ നാം കാണുന്നുണ്ട്. ഇഹലോകത്തിന് പകരം പരലോകം തെരഞ്ഞെടുത്തവരാണവര്‍. വിശ്വാസത്തിന്റെ മധുരം ആസ്വദിച്ചവര്‍. ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളും തഖ്‌വയാല്‍ അനായാസം മറികടന്നവര്‍. ദൈവഭക്തിയാല്‍ നാടും വീടും ഉപേക്ഷിച്ചവര്‍. മക്കളും കുടുംബവും നഷ്ടപ്പെട്ടവര്‍. സ്വജീവനു പോലും ഭീഷണി നേരിട്ട സമയത്ത് സ്രഷ്ടാവിനോടുള്ള അചഞ്ചലമായ വിശ്വാസത്തില്‍ അഭയം കണ്ടെത്തിയവര്‍. അത്തരത്തില്‍ ജീവിതം സമര്‍പ്പിച്ച ഒരു ധീര വനിതയാണ് നബി പത്നി ഉമ്മു ഹബീബ (റ). ത്യാഗങ്ങളുടെ പര്യായമായിരുന്നു മഹതിയുടെ ജീവിതം.
നാഥനിലുള്ള ദൃഢ വിശ്വാസമായിരുന്നു മഹതിയെ ഉന്നതങ്ങളിലെത്തിച്ചത്. മക്കയില്‍ ഇസ്‌ലാമിന്റെ ബദ്ധവൈരികളിലൊരാളായിരുന്ന അബൂസുഫ്യാന്റെയും സ്വഫിയ്യ ബിന്‍തു അബില്‍ ആസിബ്നു ഉമയ്യയുടെയും മകളായാണ് റംല എന്ന ഉമ്മു ഹബീബ ജനിക്കുന്നത്. ആഡംബരവും പ്രൗഢിയും നിറഞ്ഞതായിരുന്നു അവരുടെ കുട്ടിക്കാലം. പിതാവ് അബൂ സുഫ്‌യാന് മക്കയിലുള്ള സ്ഥാനവും മഹതിയുടെ പ്രതാപം വര്‍ധിപ്പിച്ചു. നബി(സ)യുടെ ഭാര്യ സൈനബ് ബിന്‍ത് ജഹ്ശിന്റെ സഹോദരനും നബിയുടെ പിതൃ സഹോദരി ഉമൈമയുടെ മകനുമായ ഉബൈദുല്ലാഹി ബ്നു ജഹ്ശായിരുന്നു ഉമ്മു ഹബീബ(റ)യുടെ ആദ്യ ഭര്‍ത്താവ്. ചെറു പ്രായത്തില്‍ തന്നെ വിവാഹം കഴിഞ്ഞ മഹതിയുടെ ദാമ്പത്യ ജീവിതവും സുഖസൗകര്യങ്ങള്‍ നിറഞ്ഞതായിരുന്നു.
അതിനിടെയാണ് മുഹമ്മദ് (സ) ദൈവദൂതനായി ആഗതനാവുന്നത്. ഇത്രയും കാലം ആരാധിച്ചിരുന്ന ദൈവങ്ങളെ കൈയൊഴിഞ്ഞ് പുതിയൊരു നാഥനെ സ്വീകരിക്കാന്‍ മക്കക്കാരുടെ അഹങ്കാരവും അഹംഭാവവും സമ്മതിച്ചില്ല. അവരുടെ നേതാക്കളില്‍ ഒരാളായിരുന്നു പിതാവ് അബൂസുഫ്യാന്‍. പക്ഷേ, മകള്‍ തീര്‍ത്തും മറ്റൊരു വഴിയിലായിരുന്നു. സത്യദീനിന്റെ പ്രകാശം അവരുടെ ഹൃദയത്തെ ദീപ്തമാക്കി.
തന്റെ മകളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അബൂസുഫ്യാന്‍ ആവത് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മര്‍ദനപീഡനങ്ങളാല്‍ ഗത്യന്തരമില്ലാതെ എത്യോപ്യയിലേക്ക് അഭയാര്‍ഥികളായി പോയ വിശ്വാസികളുടെ രണ്ടാം സംഘത്തില്‍ ഉമ്മു ഹബീബ(റ)യും ഭര്‍ത്താവും ഉണ്ടായിരുന്നു. അതിനിടെയാണ് ഗര്‍ഭിണിയായിരുന്ന ഉമ്മു ഹബീബ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. കുട്ടിക്ക് ഹബീബ എന്ന് പേര് നല്‍കിയതു കൊണ്ടാണ് പില്‍ക്കാലത്ത് ഉമ്മു ഹബീബ എന്ന നാമത്തില്‍ മഹതി അറിയപ്പെടാനിടയായത്. ബുദ്ധിസാമര്‍ഥ്യത്താലും വിശ്വാസ ദാര്‍ഢ്യത്താലും ഇസ്‌ലാമിക ചരിത്രത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് ഉമ്മു ഹബീബ (റ).
എത്യോപ്യയിലെത്തിയതിനു ശേഷം ഭര്‍ത്താവ് ഉബൈദുല്ലാഹിബ്നു ജഹ്ശിന് ക്രിസ്ത്യന്‍ പുരോഹിതന്മാരുമായിട്ടായിരുന്നു അടുത്ത ബന്ധം. ഒടുവിലദ്ദേഹം ക്രിസ്തുമത വിശ്വാസിയായിത്തീരുകയും ചെയ്തു. 'ഞാന്‍ ക്രിസ്തു മതത്തെ ശരിയായി മനസ്സിലാക്കുന്നു. ഇനി എന്റെ കൂടെ ജീവിക്കണമെങ്കില്‍ ക്രിസ്തു മതം സ്വീകരിക്കണം' എന്ന ഭര്‍ത്താവിന്റെ വാക്കുകള്‍ ഉമ്മു ഹബീബ(റ)യെ പിടിച്ചുലച്ചു. പക്ഷേ, ഏതൊരു ആദര്‍ശത്തിന് വേണ്ടിയാണോ നാടും വീടും വിട്ടത്, അത് ഉപേക്ഷിക്കാന്‍ മാത്രം ദുര്‍ബലമായിരുന്നില്ല മഹതിയുടെ വിശ്വാസം. അപ്പോഴേക്കും മക്കയില്‍ മുശ്‌രിക്കുകളിലെ പ്രധാനികള്‍ തന്നെ സത്യദീനിലേക്ക് വന്നുതുടങ്ങിയിരുന്നു. ദ്രോഹങ്ങളും അക്രമങ്ങളും അല്‍പ്പാല്‍പ്പമായി കുറഞ്ഞു വരുന്നതായും വിവരം കിട്ടി. എത്യോപ്യയിലെത്തിയ സത്യവിശ്വാസികള്‍ മക്കയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഇസ്‌ലാം ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയത്താല്‍ ഉമ്മു ഹബീബ (റ) മക്കയിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല. അന്യനാട്ടില്‍, തുണയായ ഭര്‍ത്താവും നഷ്ടപ്പെട്ട് ഒരു പൊടിക്കുഞ്ഞുമായി മഹതി ആ പ്രതിസന്ധി ഘട്ടത്തെ വിജയകരമായി തരണം ചെയ്തു.
എത്യോപ്യയിലേക്ക് പലായനം ചെയ്ത വിശ്വാസികള്‍ മദീനയില്‍ തിരിച്ചെത്തിയപ്പോള്‍ ഉമ്മു ഹബീബ(റ)യുടെ കദന കഥ നബി തിരുമേനിയെ കേള്‍പ്പിച്ചു. വിവരമറിഞ്ഞ പ്രവാചകന്റെ ഹൃദയം വല്ലാതെ നോവുകയും മഹതിയെ അഹ്‌ലുബൈത്തില്‍/പ്രവാചക പത്‌നിമാരില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. സ്വപ്നത്തില്‍, തന്നെ ആരോ ഉമ്മുല്‍ മുഅ്മിനീന്‍ എന്ന് വിളിക്കുന്നതായി ഉമ്മു ഹബീബക്ക് തോന്നിയതായും അന്ന് മുതല്‍ നബിപത്നി പദവി മഹതി ആഗ്രഹിച്ചതായും ചരിത്രത്തില്‍ വിവരണമുണ്ട്. പിതാവ് അബൂ സുഫ്യാന് ഇസ്‌ലാമിനോടുള്ള ശത്രുത കുറക്കാന്‍ ഈ വിവാഹം കാരണമാകും എന്ന പ്രതീക്ഷയും ഇതിന് പിന്നിലുണ്ടായിരുന്നു. ഉമ്മു ഹബീബ(റ)യുടെ ഇദ്ദാ കാലം കഴിഞ്ഞതിന് ശേഷം നബി (സ) അബ്സീനിയന്‍ രാജാവിലേക്ക് വിവാഹഭ്യര്‍ഥനയുമായി അംറുബ്നു ഉമയ്യയെ പറഞ്ഞയച്ചു. വിവാഹത്തിന് സമ്മതമാണെന്ന് അവര്‍ അറിയിച്ചപ്പോള്‍, തന്റെ കുടുംബത്തിലെ ഖാലിദുബ്നു സഈദിബ്നില്‍ ആസ്വിയെ വലിയ്യാക്കി മഹതി ഉമ്മുല്‍ മുഅ്മിനീന്‍ പദവി സ്വീകരിച്ചു.
ഇസ്ലാമിന്റെ കടുത്ത പ്രതിയോഗികളില്‍ ഒരാളായിരുന്നു പിതാവ് അബൂ സുഫ്യാനെങ്കിലും അല്ലാഹുവിന്റെ വിധി മറ്റൊന്നായിരുന്നു. മക്കാ വിമോചനത്തോടെ അദ്ദേഹവും ഇസ്ലാം സ്വീകരിച്ചു. അവര്‍ക്ക് ഖുറൈശികളില്‍ ഉണ്ടായിരുന്ന സ്ഥാനം മനസ്സിലാക്കി നബി (സ) പറഞ്ഞു: ''അബൂ സുഫ്യാന്റെ വീട്ടില്‍ പ്രവേശിച്ചവര്‍ നിര്‍ഭയരായിരിക്കും.'' പിതാവിന്റെ ഇസ്ലാം സ്വീകരണം മകളെയും അതിയായി സന്തോഷിപ്പിച്ചു.
പ്രവാചക പത്നിമാരില്‍ കൂടുതല്‍ അറിവുള്ളവരുടെ കൂട്ടത്തിലായിരുന്നു മഹതി. ആഇശ, ഉമ്മു സലമ, ശേഷം ഉമ്മു ഹബീബ (റ) ഇവര്‍ക്കായിരുന്നു ഖുര്‍ആനിലും ഫിഖ്ഹിലും കൂടുതല്‍ പാണ്ഡിത്യം. സാഹിത്യ തല്‍പ്പരയും കൂടിയായിരുന്നു. ഹി. 44/664 -ല്‍ 73-ാം വയസ്സില്‍ ഉമ്മു ഹബീബ (റ) ഇഹലോകവാസം വെടിഞ്ഞു. അവരുടെ ഖബ്‌റിടം മദീനയിലെ ബഖീഉല്‍ ഗര്‍ഖദിലാണെന്നും ദമസ്‌കസിലാണെന്നും രണ്ടഭിപ്രായമുണ്ട്. 60-ലേറെ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഉമ്മു ഹബീബ (റ) ജീവിതത്തിലുടനീളം പലതരം പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും സത്യദീനില്‍ ദൃഢചിത്തയായി നിലകൊണ്ടു.
Comments