Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 05

3262

1444 മുഹര്‍റം 07

മുസ്‌ലിം ജീവിതത്തിലെ  ഈ പാശ്ചാത്യ ഇടപെടലുകള്‍ കാണാതെ പോകരുത്

മുഹമ്മദ് ത്വാഹിര്‍

പടിഞ്ഞാറന്‍ ഭൗതിക ആശയങ്ങളുടെ അതിപ്രസരം മുസ്ലിം ജീവിതത്തെ പരോക്ഷമായിട്ടെങ്കിലും നിര്‍ണയിക്കുന്നുണ്ട്. നൈമിഷികമായ സന്തോഷത്തിന്റെ പിറകെ പോകുന്ന ഭൗതികവാദികളുടെ നിലവാരത്തിലേക്ക് മുസ്ലിംകള്‍ തരംതാഴുന്നത് ഈ ആധുനിക വാദങ്ങളുടെ ഫലമായാണ്. കൊളോണിയലിസത്തെ മനസ്സിലാക്കുന്നിടത്ത് പറ്റിയ വീഴ്ചയാണ് ഇതിന്റെയെല്ലാം കാരണം. കൊളോണിയലിസത്തെ  കേവലം ചരിത്രഘട്ടമാക്കി ചുരുക്കി, മുസ്ലിം ജീവിതത്തില്‍ വേരുറച്ചുവരുന്ന 'പുരോഗമന ചിന്ത'യെ അപഗ്രഥിക്കുന്നത് ചരിത്രത്തോട്  കാണിക്കുന്ന അവഗണനയാണ്. 'ണവശലേ ാലി’ െയൗൃറലി' (വെള്ളക്കാരന്റെ ഭാരം) എന്ന ചിന്തയെ അടിസ്ഥാനപ്പെടുത്തിയാണ് കോളനിവല്‍ക്കരണ പദ്ധതി പടിഞ്ഞാറ് നടപ്പില്‍ വരുത്തിയത്. ഇതര നാടുകളെയും അവരുടെ പ്രത്യയശാസ്ത്രങ്ങളെയും സംസ്‌കരിച്ചെടുക്കുകയെന്ന 'ഭാരിച്ച ഉത്തരവാദിത്വ'മാണ് ഓരോ വെള്ളക്കാരനിലുമുള്ളത് എന്നാണ് സാം ഹാരിസ് ഇതിന് നല്‍കുന്ന വിശദീകരണം.
ഈ സംസ്‌കരണ പദ്ധതിയിലൂടെ ഉണ്ടായിവന്ന സാംസ്‌കാരികാധിപത്യം (Cultural Hegemony) ദിനേന മുസ്ലിം ജീവിതത്തില്‍ വലിയ തോതിലുള്ള ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. തിന്നുക, കുടിക്കുക, സമ്പാദിക്കുക എന്നിത്യാദി കാര്യങ്ങള്‍ 'ഇബാദത്ത്' എന്നതില്‍ നിന്ന് 'ക്രിയ' മാത്രമായി ചുരുങ്ങുന്നതും ക്ഷമ, ഉത്തരവാദിത്വം പോലുള്ള ഇസ്ലാമിലെ ഉയര്‍ന്ന മൂല്യസങ്കല്‍പ്പങ്ങള്‍ 'അവകാശം, സ്വാതന്ത്ര്യം' എന്നിവയാല്‍ വിസ്മരിക്കപ്പെടുന്നതും ഈ സാംസ്‌കാരികാധിപത്യത്തിന്റെ  പ്രതിഫലനമായിട്ടാണ്. ഇസ്ലാമിക ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ മുസ്ലിംകള്‍ കൈവരിച്ച  വിജയങ്ങളില്‍  ക്ഷമ അസാമാന്യ പങ്കുവഹിച്ചതായി കാണാന്‍ കഴിയും. ഹെഡോണിസം, യൂട്ടിലിറ്റേറിയനിസം പോലെയുള്ള പാശ്ചാത്യ തിയറികളുടെ സ്വാധീനം മുസ്ലിംകളുടെ ജീവിത വ്യവഹാരങ്ങളില്‍ നിന്ന് ക്ഷമയെ അദൃശ്യമാക്കുകയാണ് ചെയ്തത്.
  മുസ്ലിം ജീവിതത്തില്‍ മോഡേണിറ്റി കാരണം ഉണ്ടായിവന്ന മറ്റൊരു അബദ്ധമാണ് ജീവിതത്തിന്റെ ലക്ഷ്യത്തെക്കാള്‍ ജീവിതത്തിലെ ലക്ഷ്യത്തിന് (purpose of life and purpose in life)പരിഗണന ലഭിക്കുന്നു എന്നുള്ളത്. അതായത്, എന്തിനാണ് വായിക്കുന്നത്, അറിവ് എന്തിനാണ് പോലെയുള്ള ചോദ്യങ്ങള്‍ക്ക് 'ജീവിതം മെച്ചപ്പെടുത്താന്‍', 'മാതാപിതാക്കളെ സന്തോഷിപ്പിക്കാന്‍', 'ജീവിതം സന്തോഷകരമാക്കാന്‍' പോലെയുള്ള ഉത്തരങ്ങള്‍, മുകളില്‍ പറഞ്ഞ 'purpose in life' എന്ന ഫ്രെയിമിനകത്തു പരിമിതമാണ് മനുഷ്യന്‍ (മുസ്ലിം) എന്നതിന്റെ തെളിവാണ്. ഇങ്ങനെയുള്ള ഉത്തരങ്ങള്‍, തിന്നാന്‍ വേണ്ടി തിന്നുന്നു എന്നു പറയുന്നതിന് സമാനമാണ്. അതിഭൗതികതയെ (Metaphysics) പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതു കൊണ്ടാണ് ഇതുണ്ടാവുന്നത്.
അതിഭൗതികതയെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുക എന്നത്, ഭൗതികമായ കാര്യങ്ങളല്ല മനുഷ്യജീവിതം നിര്‍ണയിക്കുന്നതെന്നും ദൈവം (അല്ലാഹു) മനുഷ്യന്റെ സകല മേഖലകളിലും ഇടപെടുന്നുണ്ടെന്നുമുള്ള ബോധ്യം ഉണ്ടാവലാണ്.
പണ്ടുകാലത്ത് ബഹുദൈവാരാധകര്‍ അടിമപ്പെട്ടിരുന്നത് വിഗ്രഹങ്ങള്‍ക്കായിരുന്നെങ്കില്‍ (Physical Idols) ഇന്ന് അത് പടിഞ്ഞാറിന്റെ പദാര്‍ഥവാദത്തിലധിഷ്ഠിതമായ ആശയങ്ങള്‍(Conceptual Idols)ക്കാണ്.
ഭൗതികലോക വീക്ഷണങ്ങള്‍ക്ക് ഒന്നിനും തന്നെ വസ്തുനിഷ്ഠ അടിത്തറ (Objective Foundation) ഇല്ലാത്തതിനാല്‍ ഉപരിസൂചിത അടിമത്തത്തെ സ്വന്തം ഇഛയോടുള്ള അടിമത്തമായി തന്നെ മനസ്സിലാക്കാവുന്നതാണ്. ദൈവേതരമായ സകലതിനോടുമുള്ള അടിമത്തത്തിന്റെ ചങ്ങലകളെ ഭേദിക്കലാണ് ഇസ്ലാമികമായി പുരോഗമനം എന്നു പറയുന്നത്.
പശ്ചാത്യ ലോകത്ത് നവോത്ഥാനം ഉണ്ടാവുന്നത് ക്രൈസ്തവ മതത്തിലെ ജീര്‍ണതകള്‍ വ്യാപകമായപ്പോഴാണ്. പൂര്‍വാധുനിക യൂറോപ്പില്‍ പുരോഹിതന്മാര്‍ ഭാര്യാ ഭര്‍ത്താക്കള്‍ക്കിടയിലെ ലൈംഗിക ബന്ധങ്ങളിലേക്ക് വരെ എത്തിനോക്കിയിരുന്നു. ശാരീരിക ബന്ധങ്ങളില്‍ 'മിഷനറി പൊസിഷന്‍' അവര്‍ ഇണകള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു. പുരോഹിതന്മാര്‍ക്ക് നേരിട്ട് കണ്ടു അതുറപ്പുവരുത്താനും സ്വാതന്ത്ര്യമുണ്ടായിരുന്നു! ഇതൊരു ഉദാഹരണം മാത്രം. പടിഞ്ഞാറില്‍ നിന്നുത്ഭവിക്കുന്ന എല്ലാ ആശയങ്ങളും മതവിരുദ്ധമാകുന്നതില്‍ ഇത്തരത്തിലുള്ള മതജീര്‍ണതകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. യൂറോപ്പിലുണ്ടായ 'നവോത്ഥാനം' ഒരു പ്രാദേശിക പ്രതിഭാസം മാത്രമാണ്, അതിനെ സാര്‍വത്രികമാക്കുന്നത് പടിഞ്ഞാറ് ജനഹൃദയങ്ങളില്‍ ഇട്ടുകൊടുത്ത മതങ്ങളോടുള്ള വെറുപ്പാണ്. ഇസ്ലാം അപരവല്‍ക്കരിക്കപ്പെടുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല.
പാശ്ചാത്യ മതനിരാസ ഉദാരവാദ പ്രത്യയശാസ്ത്രത്തെ സാര്‍വലൗകികമാക്കുന്നതിന് ഭീഷണിയാണ് ഇസ്ലാമും അതിന്റെ സമഗ്രതയും. മറ്റു മതങ്ങളെപ്പോലെ ഇസ്ലാം കേവലമൊരു മതമല്ലെന്നും, മറിച്ച് അതൊരു മതാതീത മതമാണെന്നും വാണിദാസ് എളയാവൂര് നിരീക്ഷിച്ചത് പ്രസക്തമാകുന്നത് ഇവിടെയാണ്. പാശ്ചാത്യ മൂല്യങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കിയാലാണ് ഇസ്ലാമിന്റെ ധാര്‍മികത (Islamic ethics) പുതിയ കാലത്ത് സംസ്ഥാപിക്കാന്‍ സാധിക്കുക. സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന 'പുരോഗമന ചിന്ത'യും ഇതുവഴി ചോദ്യം ചെയ്യപ്പെടും.
പടിഞ്ഞാറന്‍ ആശയങ്ങള്‍ക്ക് ഒരുപാട് പോരായ്മകളുണ്ടെന്നും പോരായ്മകളോടു കൂടി തന്നെ ലോകം അതിനെ ചര്‍ച്ച ചെയ്യണമെന്നും വാദിക്കുന്ന വിജ്ഞാന ശാഖയാണ് ഒക്‌സിഡെന്റലിസം (Occidentalism). ഇങ്ങനെയുള്ള വൈജ്ഞാനിക ഇടപെടല്‍ വ്യാപിപ്പിച്ചാലാണ് നിലനില്‍ക്കുന്ന ലോകക്രമത്തില്‍ ശരിയായ ഇസ്ലാമിന്റെ പ്രാതിനിധ്യം സാധ്യമാകൂ. മതമില്ലാതെ നമുക്ക് ധാര്‍മികത പുലര്‍ത്താന്‍ കഴിയുമോ എന്നത് സെക്കുലര്‍ ലോകത്ത് മുഴങ്ങിക്കൊണ്ടിരിക്കുന്ന ചോദ്യമായി ഉവൈമിര്‍ അന്‍ജും നിരീക്ഷിക്കുന്നുണ്ട്. ഈ ചോദ്യത്തെ ശരിയായി അഡ്രസ് ചെയ്യാന്‍ സാധിക്കുക പകരം ഒന്നിനെ (ധാര്‍മിക വ്യവസ്ഥ) മുന്നോട്ടുവെക്കുമ്പോഴാണ്. ഇസ്ലാമിന്റെ ധാര്‍മിക നിയമങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് പടിഞ്ഞാറ് ഉല്‍പാദിപ്പിക്കുന്ന സദാചാര ദൂഷ്യങ്ങളെ സൈദ്ധാന്തികമായും പ്രായോഗികമായും എതിര്‍ത്തു കൊണ്ടേയിരിക്കണം. പാശ്ചാത്യ ഭൗതിക വാദങ്ങളുടെ കോളനിവല്‍ക്കരണത്തില്‍ നിന്ന് ലോകത്തെ മോചിപ്പിക്കുക  ഇസ്ലാമിന്റെ ധാര്‍മിക മൂല്യങ്ങളെ സര്‍ഗാത്മകമായി സംസ്ഥാപിക്കുമ്പോഴാണ്. 


പേരില്‍ പിടിക്കുന്നവര്‍

സിറാജ് ബിന്‍ മുഹമ്മദ്, ദുബൈ

സംഘ് പരിവാരത്തിന് അനഭിമതര്‍ എന്ന് തോന്നുന്നവരുടെ ചുരുക്കപ്പേരുകള്‍  നീട്ടിപ്പറഞ്ഞ് അവരുടെ ഐഡന്റിറ്റിയെ കുറിച്ച ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന്, സമൂഹ മധ്യത്തില്‍ താറടിച്ചു കാണിക്കുക പതിവാണ്. അനന്തപുരിയില്‍ നടന്ന ഹിന്ദു മഹാസഭയില്‍ സംഘ് പരിവാര്‍ നേതാവ് നടത്തിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസംഗമാണ് ഈ കുറിപ്പിനാധാരം. മുമ്പൊരിക്കല്‍  സംവിധായകന്‍ കമലിനെ കമാലുദ്ദീന്‍ എന്നും മുന്‍ തെരെഞ്ഞടുപ്പ് കമീഷണര്‍ ലിങ്തോയെ ജെയിംസ് മൈക്കല്‍  ലിങ്തോ എന്നും നീട്ടി വിളിച്ചത് നാം കേട്ടതാണ്. പക്ഷേ, മഹാനായ ശഹീദ്  ടിപ്പുസുല്‍ത്താന്റെയും മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെയും പേരുകള്‍ മുസ്‌ലിംകള്‍ തങ്ങളുടെ മക്കള്‍ക്ക് ഇടുന്നതായി കാണുന്നില്ലെന്നും ഇവര്‍ ക്രൂരന്മാരായ ഭരണാധികാരികള്‍ ആയിരുന്നുവെന്നും, ടിപ്പുവിന്റെ പേര് പട്ടികള്‍ക്ക് ഇടാറുണ്ടെന്നും ആ പ്രസംഗത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ടിപ്പുസുല്‍ത്താനും ഔറംഗസീബും എന്നും സംഘ് പരിവാറിന്റെ കണ്ണിലെ കരടാണല്ലോ. ടിപ്പുസുല്‍ത്താന്റെ  മുഴുവന്‍ പേര് ഫത്തേഹ് അലി സാഹബ് ടിപ്പു എന്നും ഔറംഗസീബിന്റെ മുഴുവന്‍ പേര് മുഹിയുദ്ദീന്‍ മുഹമ്മദ്  എന്നുമാണ്. ഈ പേരുകള്‍ മുസ്‌ലിം സമുദായത്തില്‍  വ്യാപകമായി കാണാവുന്നതുമാണ്. ഈ പേരുകളെ സംഘ് പരിവാര്‍ പേടിക്കുന്നത് എന്തിനാണ്? 


പള്ളി കുഞ്ഞുങ്ങളുടേതു കൂടിയാണ്

തങ്ങള്‍ അന്നാര

പ്രബോധന(ലക്കം8)ത്തില്‍ 'മക്കള്‍ക്കൊപ്പമുള്ള നബിപാഠങ്ങള്‍' എന്ന ലേഖനം കാലിക പ്രസക്തമാണ്. ഇത് വായിച്ചപ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം ഓര്‍മ വന്നു: നാട്ടിലെ പള്ളിയില്‍ ഒരു രക്ഷിതാവിന്റെ കൂടെ വന്ന മൂന്നു വയസ്സുകാരന്‍ അറിയാതെ മൂത്രമൊഴിച്ചു. അത് നമസ്‌കാരത്തിനിടയിലുമായി. പറയണോ പൂരം! ജമാഅത്ത് കഴിഞ്ഞ ഉടനെ ഭൂരിഭാഗം പേരും ആ രക്ഷിതാവിനെതിരെ തിരിഞ്ഞു.
എന്ത് മനുഷ്യനാ... ഈ പിഞ്ചു കുഞ്ഞിനെ പള്ളിയില്‍ കൊണ്ടുവരാന്‍ പാടുണ്ടോ? ഇതായിരുന്നു അവരുടെ ചോദ്യം. രക്ഷിതാവ് ആണെങ്കില്‍ കുട്ടിയുടെ നേര്‍ക്കും... പാവം ആ പിഞ്ചു കുട്ടി എന്തറിയുന്നു?!
ഞാന്‍ ആ കുട്ടിയുടെ വിവര്‍ണമായ മുഖമാണ് ശ്രദ്ധിച്ചത്. അവന്റെ മനസ്സില്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ കാലങ്ങളോളം നിലനില്‍ക്കും. അവന് ഈ സംവിധാനങ്ങളോട് വെറുപ്പും ഉണ്ടായിത്തീരാന്‍ ഇടയുണ്ട്. മിമ്പറില്‍ ഇരിക്കുന്ന സമയത്തു പോലും കുട്ടികളെ ഓമനിച്ചിരുന്ന റസൂലിന്റെ പിന്‍മുറക്കാരാണ് നമ്മള്‍. ചില പള്ളികളിലെങ്കിലും കുട്ടികളെ കാണുമ്പോള്‍ അലര്‍ജി വരുന്ന ഒരു വിഭാഗത്തെ കാണാം. ചിലര്‍, യുവാക്കള്‍ പള്ളിയിലേക്ക് വരുമ്പോള്‍ ഒരു പ്രത്യേക നോട്ടമാണ്. ഇതൊക്കെ പള്ളികളില്‍ നിന്ന് അകറ്റാനേ ഉപകരിക്കൂ. ലേഖകന് അഭിനന്ദനങ്ങള്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- സൂക്തം: 48-51
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍മത്തില്‍ തൊടുന്ന മുന്നറിയിപ്പുകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്