Prabodhanm Weekly

Pages

Search

2022 ജൂലൈ 22

3260

1443 ദുല്‍ഹജ്ജ് 23

അബ്ദുര്‍റഹ്മാന്‍ ബാഖവി

മജീദ് കുട്ടമ്പൂര്‍

നിരവധി ശിഷ്യഗണങ്ങളുള്ള പണ്ഡിതവര്യനും അധ്യാപകനുമായിരുന്ന നരിക്കുനി, നെടിയനാട് കിണറ്റിന്‍ കരേടത്ത് അബ്ദുര്‍റഹ്മാന്‍ ബാഖവി(85) ഇക്കഴിഞ്ഞ ജൂണ്‍ 27-ന് അല്ലാഹുവിലേക്ക് യാത്രയായി. ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനായിരുന്നു. ദാരിദ്ര്യവും ജീവിത പ്രയാസങ്ങളും നിറഞ്ഞ ചുറ്റുപാടില്‍ ഏറെ ബുദ്ധിമുട്ടി വെല്ലൂരിലെ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ പോയി പഠിച്ച് ബാഖവി ബിരുദം നേടി. ആദ്യകാലത്ത് പള്ളിദര്‍സുകളിലും സുന്നി മദ്‌റസകളിലും മുജാഹിദ്-ജമാഅത്ത് കോളേജുകളിലുമായി നിരവധി സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തിയിട്ടുണ്ട്. ഇയ്യാട്, പാലൊളി, കൊടുവള്ളി, കായണ്ണ, പുന്നൂര്‍ ചെറുപാലം, മായനാട്, കോഴിക്കോട് എളയന്റെ പള്ളി, കലൂര്‍, എടവനക്കാട് തുടങ്ങിയ പ്രശസ്തമായ സുന്നി പള്ളികളിലെ ദര്‍സുകളിലും സിറാജുല്‍ ഹുദാ മദ്‌റസ-കൊടുവള്ളി, ബദരിയ്യ മദ്‌റസ കൊയിലാണ്ടി, കോവൂര്‍ മദ്‌റസ തുടങ്ങിയവയിലും അധ്യാപകനായി. ബാഖവി ബിരുദവും പാണ്ഡിത്യവും ഉണ്ടായിരുന്നിട്ടും ജമാഅത്ത് പ്രവര്‍ത്തനങ്ങളുടെ പേരില്‍ പല സ്ഥാപനങ്ങളില്‍നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു.
എഴുപതുകളുടെ ആദ്യം സ്വദേശത്തിനടുത്ത പുന്നശ്ശേരി പ്രദേശത്ത് സുന്നി-മുജാഹിദ് തര്‍ക്കമുണ്ടായപ്പോള്‍ ഉല്‍പതിഷ്ണു വിഭാഗത്തോടൊപ്പം നിലയുറപ്പിച്ച മൗലവി അവിടെ മുജാഹിദ് പള്ളിയില്‍ ഖുത്വ്ബ നിര്‍വഹിച്ചിട്ടുണ്ട്. കാരകുന്നത്ത് മദ്‌റസത്തുല്‍ മുജാഹിദീനില്‍ അധ്യാപകനായിരുന്നു. കോഴിക്കോട് ജില്ലയിലെ വാണിമേല്‍, ചേളന്നൂര്‍ എന്നിവിടങ്ങളില്‍ അന്നുണ്ടായിരുന്ന അറബിക് കോളേജുകളിലും പിന്നീട് മലപ്പുറം ഫലാഹിയ്യ കോളേജ്, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ്യ കോളേജ്, കുറ്റ്യാടി ഇസ്‌ലാമിയാ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലും അധ്യാപന വൃത്തിയിലേര്‍പ്പെട്ടിട്ടുണ്ട്. ഈ സ്ഥാപനങ്ങളുമായെല്ലാം ചേര്‍ന്നുനിന്ന് പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. പ്രസ്ഥാനത്തിന്റെ പൊതുപരിപാടികളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവും. നാട്ടിലും മറുനാട്ടിലുമായി ധാരാളം ശിഷ്യന്മാരുള്ള അദ്ദേഹത്തെ 'എ.ആര്‍ ഉസ്താദ്' എന്നാണവര്‍ അഭിസംബോധന ചെയ്യാറ്.
നല്ല അവഗാഹമുള്ള ഫിഖ്ഹീ പണ്ഡിതനാണ് അബ്ദുര്‍റഹ്മാന്‍ മൗലവിയെന്ന് മര്‍ഹൂം ടി.കെ അബ്ദുല്ലാ സാഹിബ് പറയാറുണ്ടായിരുന്നു. ശാരീരിക പ്രയാസങ്ങളുണ്ടായിട്ടും ടി.കെ തന്റെ അവസാനകാലത്തു പോലും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അറബി വ്യാകരണം, ചരിത്രം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുന്നതില്‍ പ്രത്യേക ശൈലിയും നൈപുണ്യവും മൗലവിക്കുണ്ടായിരുന്നു. 1979-ല്‍ കേരള ഇസ്‌ലാമിക് മിഷന്റെ പ്രചാരകനായി നിയമിക്കപ്പെട്ടിരുന്നു.
1970-കളില്‍ യാഥാസ്ഥിതിക സമൂഹത്തിന് മുമ്പില്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അമ്മാവനായ കെ.എം പന്നിക്കോട്ടൂരിന് (കെ. മൊയ്തീന്‍ കുഞ്ഞി സാഹിബ്) വലിയ സഹായവും പിന്തുണയുമാണ് അന്ന് അദ്ദേഹം നല്‍കിയത്. മൗലവിയുടെ ദീനീ അറിവും ബാഖവി പാണ്ഡിത്യവും, എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന കെ.എം പന്നിക്കോട്ടൂരിന് കുറച്ചൊന്നുമല്ല സഹായകമായത്. കിതാബുകളിലെ വേണ്ട 'ഇബാറത്തുകള്‍' പരിഭാഷപ്പെടുത്തുന്നതും വാദമുഖങ്ങള്‍ക്കും സംവാദത്തിനുമുള്ള തെളിവുകള്‍ കണ്ടെത്തി നല്‍കുന്നതുമൊക്കെ മൗലവിയായിരിക്കും. മൗലവിയും കെ.എം പന്നിക്കോട്ടൂരും ചേര്‍ന്ന് നെടിയനാട് കേന്ദ്രീകരിച്ച് ഒട്ടേറെ സാമൂഹിക സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയുായി.
ആദര്‍ശപരമായി ഭിന്നചേരിയിലുള്ള മതസംഘടനയുടെ നായകനും ബാഖിയാത്തിലെ സഹപാഠിയുമായിരുന്ന വ്യക്തി, പണവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് മൗലവിയെ തന്റെ പക്ഷത്തേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും, ജീവിത പ്രയാസങ്ങള്‍ അനുഭവിച്ച ഘട്ടമായിരുന്നിട്ടുകൂടി അദ്ദേഹം അതിലൊന്നും ആകൃഷ്ടനാവാതെ ജമാഅത്തിനോടൊപ്പം സഞ്ചരിക്കുകയാണ് ചെയ്തത്. എല്ലാവരോടും സൗമ്യതയോടെ ഇടപഴകുന്ന പ്രകൃതക്കാരനായതിനാല്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും വിപുലമായ സൗഹൃദ ബന്ധങ്ങള്‍ മൗലവിക്കുണ്ടായിരുന്നു. പുഞ്ചിരിച്ചും തമാശകള്‍ പറഞ്ഞും വളരെ ഹൃദ്യമായാണ് സംസാരിക്കുക. ബന്ധുക്കളിലും പരിചിത വൃത്തത്തിലുമുള്ള കുടുംബങ്ങളിലെ കുട്ടികളെ ദീനീ സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതിന് ഏറെ താല്‍പര്യമെടുത്തിരുന്നു.
ഭാര്യ: മറിയം. മക്കള്‍: മുഹമ്മദ് (ദുബൈ), ശരീഫ (വഖ്ഫ് ബോര്‍ഡ് ഓഫീസ്, കോഴിക്കോട്), മുനീറ (എം.ഇ.എസ് പാവങ്ങാട്).


ടി.എം ഹസന്‍ 
ചെറുവറ്റ

പരമകാരുണികനായ അല്ലാഹുവിന്റെ സച്ചരിതരായ ദാസന്മാര്‍ ഭൂമിയില്‍ വിനയാന്വിതം ജീവിക്കുന്നവരാകുന്നു എന്ന ഖുര്‍ആനിക സൂക്തത്തിന്റെ പ്രായോഗിക പതിപ്പായിരുന്നു 2022 ജൂണ്‍  15-ന് വിട വാങ്ങിയ ജമാഅത്ത് അംഗം തൊണ്ടിമണ്ണില്‍ ടി.എം ഹസന്‍ സാഹിബ് (86).  കോഴിക്കോട് മൂഴിക്കലിനടുത്ത ചെറുവറ്റയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. പ്രബോധനം വാരികയിലും മാസികയിലുമായി നീണ്ട കാലം കംപോസിംഗ് ജോലി നിര്‍വഹിച്ചാണ് അദ്ദേഹം ഉപജീവനം കണ്ടെത്തിയത്. കംപ്യൂട്ടര്‍ സൗകര്യം നിലവില്‍ വരും മുമ്പ്,  തുടക്കകാലത്ത് ഈ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വരുന്ന ഖുര്‍ആന്‍, ഹദീസ് തുടങ്ങിയവയുടെ അറബിക് കംപോസിംഗാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന പ്രധാന മേഖല. അക്ഷരങ്ങള്‍ അടുക്കി വെച്ചും പെറുക്കിക്കൂട്ടിയും കുത്തും ദീര്‍ഘവും കോമയും വിട്ടു പോകാതെ ചേര്‍ത്തുകെട്ടി ശ്രമകരമായി ചെയ്ത പ്രവൃത്തിയായിരുന്നു അത്. അച്ചടിക്കുന്നതിന് മുമ്പ് അവ എഡിറ്റര്‍മാരെ കാണിക്കും. വല്ല പിശകും ശ്രദ്ധയില്‍ പെട്ടാല്‍ ആ കോര്‍ത്തുകെട്ടിയ അക്ഷരക്കൂട്ട് വീണ്ടും അഴിച്ചെടുത്ത് ശരിപ്പെടുത്തി മാറ്റിക്കെട്ടുന്നു.  അഴിച്ചുപണിത് വീണ്ടും അഴിച്ചു പണിത് മിനുക്കിയെടുത്ത ആ മഹദ് വചനങ്ങളെ സ്വന്തം ജീവിതത്തിലേക്ക് ചേര്‍ത്തുവെക്കുന്നതിലും   ഹസന്‍ സാഹിബ് വിജയിച്ചു.  ഒരു വാഗ്വാദത്തിനുമില്ലാതെ, വശ്യമായ പുഞ്ചിരിയോടെ, മിതമാര്‍ന്ന സംസാരത്തോടെ, അലക്കിത്തേച്ച വെള്ള വസ്ത്രം ധരിച്ച് ഉള്ളും പുറവും ഈമാനിക പ്രഭയില്‍ ചാലിച്ച് ജീവിച്ചു അദ്ദേഹം. അവസാന കാലത്തും വീട്ടില്‍ ചെന്ന് നോക്കിയാല്‍ ഖുര്‍ആന്‍ കൈയിലെടുത്ത് ഓതിക്കൊണ്ടേ ഇരിക്കുന്നതായാണ് കാണുക.
പ്രബോധനത്തില്‍ നിന്ന് വളരെ ചെറിയ വേതനമാണ്  ഹസന്‍ സാഹിബിന് ലഭിച്ചിരുന്നത്. പക്ഷേ, അദ്ദേഹം എന്നും സംതൃപ്തനായിരുന്നു. മനസ്സിന്റെ ഐശ്വര്യത്തിലൂടെ ജീവിത ഐശ്വര്യം കണ്ടെത്തി അദ്ദേഹം. പരിഭവങ്ങളൊന്നും  പറഞ്ഞില്ല. മരണം വരെ ടെറസിട്ട വീട്ടിലേക്ക്  മാറിയതുമില്ല. ഓടിട്ട വീട്ടില്‍ സസന്തോഷം കഴിഞ്ഞുപോന്നു. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട സ്വൂഫിയുടെ 'ഖനാഅത്ത്' ജീവിതമായിരുന്നു അത്.  പരിമിതമായ വേതനം കൊണ്ട് ഭാര്യയും പത്ത് മക്കളും തന്റെ മൂത്ത സഹോദരനുമടങ്ങുന്ന വലിയൊരു കുടുംബത്തെയാണ് അദ്ദേഹം പോറ്റിയത്. 
ചെറുവറ്റയില്‍ ഹല്‍ഖ രൂപീകരിക്കപ്പെടുന്നതിന്ന് മുമ്പ് മൂഴിക്കലിലായിരുന്നു ഹസന്‍ സാഹിബിന്റെ പ്രസ്ഥാന വൃത്തം. പ്രദേശത്തെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുവാന്‍ വിളിച്ചുചേര്‍ത്ത ആദ്യ യോഗത്തില്‍ ഖിറാഅത്ത് നടത്തിയത് അദ്ദേഹം ആയിരുന്നു. ഇബാദുര്‍റഹ്മാന്റെ ഗുണഗണങ്ങള്‍ പ്രമേയമായ സൂറഃ ഫുര്‍ഖാനിലെ സൂക്തങ്ങളാണ് അപ്പോള്‍ അദ്ദേഹം പാരായണം ചെയ്തത്. പ്രസ്തുത കൂട്ടായ്മക്ക് എന്ത് പേരിടണമെന്ന ചര്‍ച്ച  യോഗത്തില്‍ ഉയര്‍ന്നുവന്നപ്പോള്‍ എല്ലാവരും പറഞ്ഞു, ഇബാദുര്‍റഹ്മാന്‍ എന്ന് പേരിടാമെന്ന്. അങ്ങനെയാണ് മൂഴിക്കലിലെ മഹല്ല് സംവിധാനങ്ങള്‍ക്കും വിദ്യാഭ്യാസ ജന സേവന പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ട്രസ്റ്റിന് ഇബാദുര്‍റഹ്മാന്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്ന നാമധേയമുണ്ടായത്.  
പൗരോഹിത്യത്തിന്റെയും യാഥാസ്ഥികതയുടെയും കോട്ടകൊത്തളങ്ങളില്‍ നിന്നാണ് ഹസന്‍ സാഹിബ് ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് എത്തിയത്. അതിനാല്‍, ചെറുവറ്റ മഹല്ലില്‍ നിന്ന് ആദ്യ കാലത്ത് ഭ്രഷ്ട് നേരിട്ടവരില്‍ ഒരാളാണ് അദ്ദേഹം. സ്വന്തം ജ്യേഷ്ഠന്റെ മകന്‍ മരിച്ചപ്പോള്‍ പള്ളിയില്‍ കയറി മയ്യിത്ത് നമസ്‌കരിക്കാന്‍ ജമാഅത്തുമായി ബന്ധമില്ല എന്ന് എഴുതിക്കൊടുക്കണമെന്നായി പള്ളി അധികൃതര്‍. 'മൗദൂദി' പങ്കെടുത്താല്‍ പലരും പങ്കെടുക്കില്ലെന്ന് പറഞ്ഞ് നിരവധി കല്യാണങ്ങളിലും ബഹിഷ്‌കരിക്കപ്പെട്ടു. എന്നാല്‍, പിന്നീട് മഹല്ലിലെ അകല്‍ച്ചകള്‍ കുറഞ്ഞു വന്നു. ഹസന്‍ സാഹിബിന്റെ മയ്യിത്ത് അതേ മഹല്ലില്‍ ഖബറടക്കുമ്പോള്‍ അദ്ദേഹത്തെപ്പറ്റി രണ്ട് വാക്ക് അനുസ്മരിക്കുവാന്‍ പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ സൗകര്യം ചെയ്തു തരുന്നേടത്തോളം ആ ബന്ധം വളര്‍ന്നു. 
സ്വയം ആര്‍ജിച്ചെടുത്ത അറിവുകള്‍ അദ്ദേഹം കെട്ടിപ്പൂട്ടി വെച്ചില്ല. 30 വര്‍ഷത്തോളം മൂഴിക്കല്‍ മദ്‌റസയില്‍ അദ്ദേഹം ഉസ്താദായി സേവനം ചെയ്തിട്ടുണ്ട്. മക്കള്‍: സ്വാലിഹ്, അബ്ദുല്‍ കരീം, ആരിഫ്, യൂനുസ് (മജ്‌ലിസ്), അസ്‌ലം (മാധ്യമം), റാശിദ് (ഹിറാ സെന്റര്‍), സാജിദ്, സാജിത, ഹസീന, റബീല.

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

 

എ. ഹസന്‍ 
മാസ്റ്റര്‍

ജമാഅത്തെ ഇസ്‌ലാമി എകരൂല്‍ പ്രാദേശിക അമീറും മസ്ജിദ് അബൂബക്കര്‍ സിദ്ദീഖ് സ്ഥാപക ചെയര്‍മാനും ഇയ്യാട് എം.ഐ.യു.പി സ്‌കൂള്‍ അധ്യാപകനും ആയിരുന്ന എ. ഹസന്‍ മാസ്റ്റര്‍ (96) അല്ലാഹുവിലേക്ക് യാത്രയായി. മതരാഷ്ട്രീയ ഭേദമന്യെ എല്ലാവരുമായും സൗഹൃദബന്ധം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
കാരക്കുന്നത്ത് സ്വദേശിയായ അദ്ദേഹം എകരൂലിലേക്ക് താമസം മാറ്റുകയായിരുന്നു. വട്ടോളി ബസാറില്‍നിന്ന് കെ.കെ ഇബ്‌റാഹീമും വന്നതോടെയാണ് എകരൂലില്‍ പ്രസ്ഥാന പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യകാലത്ത് ശിവപുരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ശിവപുരം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയാ, ഐ.എ.സി അസോസിയേഷന്‍, പേരാമ്പ്ര ദാറുന്നുജൂം ഓര്‍ഫനേജ്, ബാലുശ്ശേരി ദയാ ചാരിറ്റബ്ള്‍ ട്രസ്റ്റ്, എകരൂല്‍ മഹല്ല് റിലീഫ് കമ്മിറ്റി എന്നിവയുടെയൊക്കെ പ്രവര്‍ത്തകനായിരുന്നു. എകരൂലില്‍ മസ്ജിദ് അബൂബക്കര്‍ സിദ്ദീഖ് സ്ഥാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ ഫലമായിട്ടാണ്. കണ്ണായ സ്ഥലത്ത് ഒരു വീടും സ്ഥലവും വാങ്ങുകയും ഒരു റമദാനില്‍ ടി.കെ കുഞ്ഞഹമ്മദ് മൗലവിയെയും എന്നെയും ക്ഷണിച്ചു കൊണ്ടുപോയി നിലത്ത് പായവിരിച്ച് നമസ്‌കാരം തുടങ്ങുകയും ചെയ്തു. പിന്നെയാണ് പള്ളി പണിതത്. ഒരേ സ്‌കൂളില്‍ അധ്യാപകരായ ഞങ്ങള്‍ അടുത്ത പ്രദേശങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നിച്ച് പങ്കെടുത്തിരുന്നു. പ്രായമായിട്ടും അത്തരം പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം മുഴുകി.
മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്നുള്ള സന്ദര്‍ശകരുടെ ആധിക്യം അദ്ദേഹത്തിന്റെ ജനങ്ങളുമായുള്ള ബന്ധത്തിന്റെ തെളിവാണ്.
ഭാര്യ ആമിന ടീച്ചര്‍ (റിട്ട. എച്ച്.എം മഠത്തുംപൊയില്‍ ജി.എല്‍.പി സ്‌കൂള്‍, വനിതാ ഹല്‍ഖ മുന്‍ നാസിമത്ത്). മക്കള്‍: എ. അബ്ദുശ്ശുകൂര്‍ (റിട്ട. എച്ച്.എം കിനാലൂര്‍ ഈസ്റ്റ് ജി.എല്‍.പി സ്‌കൂള്‍, പി.ആര്‍ ജ.ഇ ബാലുശ്ശേരി ഏരിയ), മുഹമ്മദ് ശരീഫ്, അബ്ദുല്ല, ആരിഫ്, ഹാജറ, റൈഹാന, ഫര്‍ഹത്ത്. താമരശ്ശേരി ഏരിയാ ജ.ഇ പ്രസിഡന്റ് ഉമര്‍ അഹ്മദ് മരുമകനാണ്.


കെ.ടി ഹുസൈന്‍ ശിവപുരം

 

മച്ചിങ്ങല്‍ കോയ
ഹാജി

കൊടിഞ്ഞി മച്ചിങ്ങത്തായം സ്വദേശിയും പോയ കാലത്തെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ കണ്ണിയുമായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ മച്ചിങ്ങല്‍ കോയ ഹാജി. ഇളം മുറക്കാര്‍ക്ക് അപരിചിതമെങ്കിലും പാട്ടിലൂടെയും ബൈത്തിലൂടെയും ഒരു പ്രദേശത്തിന്റെ താളവും ഈണവുമായിരുന്നു അദ്ദേഹം. മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുവാനും മധുരമായി ബാങ്ക് വിളിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. മസ്ജിദുല്‍ മുഹ്സിനൈനില്‍ കുറെക്കാലം ഇമാമായി സേവനമനുഷ്ഠിക്കുകയുണ്ടായി. എണ്‍പതുകളുടെ തുടക്കത്തിലാണ് അദ്ദേഹം ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. അന്ന് മുതല്‍ ശയ്യാവലംബിയാകുന്നത് വരെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അല്‍ അമീന്‍ നഗര്‍, എസ്.എം നഗര്‍ ഹല്‍ഖകളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പ്രബോധനം വാരികയുടെ വിതരണം, പള്ളി പരിപാലനം തുടങ്ങി വിവിധ മേഖലകളില്‍ കര്‍മനിരതനായി. അടുത്ത കാലം വരെ മച്ചിങ്ങത്തായം പള്ളി-മദ്‌റസകളുടെ 'താക്കോല്‍' സൂക്ഷിപ്പുകാരിലൊരാളായിരുന്നു. ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും സത്യസന്ധതയും ആത്മാര്‍ഥതയും പുലര്‍ത്തി. എല്ലാവരുമായും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബലിഷ്ഠ ബന്ധം കാത്തുസൂക്ഷിച്ചു.
എഴുപതുകളുടെ അന്ത്യത്തില്‍ തുടക്കം കുറിച്ച 'ഫ്രന്റ്സ് ആര്‍ട്സ് ക്ലബ്' മറ്റത്ത് മൊയ്തീന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സംഗീത കുതുകികളായ ഒരു പറ്റം കലാകാരന്മാര്‍ അണിനിരന്ന വേദിയായിരുന്നു. ആ സംഘത്തില്‍ കോയ സാഹിബും ചേര്‍ന്ന് മനോഹരമായ പാട്ടുകള്‍ പാടി. ഒരു കാലത്തിന്റെ സാംസ്‌കാരിക ശേഷിപ്പുകളാണ് ഇത്തരം പ്രതിഭകളുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമാകുന്നത്. അവരുടെ ഓര്‍മകള്‍ പുതിയ തലമുറക്ക് അറിവിന്റെയും അന്വേഷണത്തിന്റെയും  ജാലകങ്ങള്‍ തുറന്നിടട്ടെ.
അബൂബക്കര്‍, കുഞ്ഞിമുഹമ്മദ്, കുഞ്ഞിമരക്കാര്‍, യാച്ച, തിത്തീമു, കുഞ്ഞീമ എന്നിവര്‍ സഹോദരങ്ങളാണ്.
അശ്‌റഫ് കൊടിഞ്ഞി

പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -41-44
ടി.കെ ഉബൈദ്‌