Prabodhanm Weekly

Pages

Search

2022 ജൂലൈ 22

3260

1443 ദുല്‍ഹജ്ജ് 23

മതപരമായി വിഭജിക്കപ്പെട്ട ദേശീയതകള്‍

എ. റശീദുദ്ദീന്‍

ബോസ്‌നിയ... കണ്ണീര്‍ തടാകങ്ങളുടെ നാട്-3

ബോസ്നിയയിലെ സൂപ്പര്‍ഫാസ്റ്റ് ടാല്‍ഗോ ട്രെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്തിയാല്‍ സരായെവോവില്‍ നിന്ന് രണ്ടേകാല്‍ മണിക്കൂറു കൊണ്ട് മോസ്റ്റാറിലെത്താം. ഹെര്‍സെഗോവിന എന്ന പ്രവിശ്യയുടെ ആസ്ഥാന നഗരമാണ് മോസ്റ്റാര്‍. അതിമനോഹരമായ ബോസ്നിയന്‍ നഗരങ്ങളിലൊന്ന്. പ്രകൃതിഭംഗിയുടെ മനംമയക്കുന്ന ദൃശ്യങ്ങള്‍ മാത്രമല്ല ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സ്റ്റാറി മോസ്റ്റ് എന്നറിയപ്പെടുന്ന മോസ്റ്റാറിലെ പഴയപാലം ഈ രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളുടെ ഭാഗമാണ്. ലോകാവസാനം വരെ നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെ സുലൈമാന്‍ ചക്രവര്‍ത്തി നിര്‍മിച്ച ഈ കരിങ്കല്‍പ്പാലം പക്ഷേ മൂന്നു ദിവസം നീണ്ട മാരകമായ ബോംബാക്രമണത്തിലൂടെ ക്രോട്ടുകള്‍ തകര്‍ത്തു. ലോക ചരിത്രത്തില്‍ എപ്പോഴെങ്കിലും ഒരു പാലം തകര്‍ത്തതിന് ഏതെങ്കിലുമൊരു രാജ്യത്തിന്റെ സൈനിക ജനറല്‍മാരെ അന്താരാഷ്ട്ര കോടതി ശിക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് ഈ പാലത്തിന്റെ കേസിലാണ്. ക്രൊയേഷ്യന്‍ വംശജര്‍ക്ക് അഥവാ ക്രോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മോസ്റ്റാര്‍ പിടിച്ചടക്കാനായി 1993 നവംബര്‍ 9-നാണ് ബോസ്നിയന്‍ യുദ്ധകാലത്ത് ജനറല്‍ സ്ലോബോദാന്‍ പ്രല്‍യാക്കും കൂട്ടരും സ്റ്റാറി മോസ്റ്റിനെ ലക്ഷ്യമിട്ടത്. പടുകൂറ്റന്‍ കരിങ്കല്‍കല്ലുകള്‍ ഒരു പ്രത്യേക രീതിയില്‍, അതായത് കേക്ക് മുറിക്കുന്നതു പോലെ പുറംഭാഗം വീതി കൂടിയും അകത്തേക്ക് കുറഞ്ഞും, വെട്ടിയെടുത്ത് അവ ആര്‍ച്ച് രൂപത്തില്‍ തൂക്കി നിര്‍ത്തിയാണ് ഉസ്മാനി ഖലീഫ സുലൈമാന്‍ പാലം പണിയിച്ചത്. തുര്‍ക്കിയുടെ ചരിത്രത്തിലെ വിഖ്യാത ആര്‍ക്കിട്വെക്റ്റായ നിമാര്‍ സിനാന്റെ ശിഷ്യന്‍ നിമാര്‍ ഹയ്റുദ്ദീനാണ് പാലത്തിന്റെ ശില്‍പ്പി. മോസ്റ്റാറിന്റെയെന്നല്ല ബോസ്നിയയുടെ തന്നെ അഭിമാന സ്തംഭങ്ങളിലൊന്നായി 427 വര്‍ഷങ്ങള്‍ നെരെത്വാ നദിക്കു കുറുകെ ഈ പാലം നിലനില്‍ക്കുകയും ചെയ്തു. ലോകത്ത് മനുഷ്യന്‍ നിര്‍മിച്ച ഏറ്റവും വീതിയേറിയ ആര്‍ച്ച് പാലമായിരുന്നു അത്. നദിയില്‍ നിന്ന് 24 മീറ്ററാണ് പാലത്തിലേക്കുള്ള ഉയരം. യുദ്ധം അവസാനിച്ചതിനു ശേഷം പഴയ അതേ മാതൃകയില്‍, അതേ കല്ലുകളുപയോഗിച്ച് യുനെസ്‌കോയുടെ നേതൃത്വത്തില്‍ പുതുക്കിപ്പണിത പാലമാണ് ഇപ്പോഴുള്ളത്.
മോസ്റ്റാറിലേക്ക് ട്രെയിന്‍ വഴിയാണ് പോകുന്നതെങ്കില്‍ സരായെവോ റെയില്‍വേ സ്റ്റേഷനിലെ കൗണ്ടറില്‍ നിന്നു തന്നെ തിരിച്ചു വരാനുള്ള ടിക്കറ്റും ലഭിക്കും. ഒന്നിച്ചെടുക്കുമ്പോള്‍ ടിക്കറ്റ് തുകയില്‍ ചെറിയൊരു ലാഭവുമുണ്ട്. റെയില്‍വേ സ്റ്റേഷന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുക നമ്മുടെ നാട്ടിലേതു പോലെ യാത്രക്കാരും പോര്‍ട്ടര്‍മാരും വാഹനങ്ങളും കച്ചവടക്കാരുമൊക്കെ ചേര്‍ന്ന ബഹളമയമായ ഒരിടമായിരിക്കുമല്ലോ. എന്നാല്‍, അങ്ങനെയല്ല ഇവിടത്തെ റെയില്‍വേ. ഒരു ദിവസത്തില്‍ രണ്ടോ മൂന്നോ ട്രെയിനുകളേ ഓടുന്നുള്ളൂ. ബസ്സുകളിലും ട്രെയിനുകളിലുമൊക്കെ പൊതുവെ ആളനക്കവും കുറവാണ്. കമ്യൂണിസ്റ്റ് കാലഘട്ടത്തിന്റെ ബാക്കിപത്രമായ അതിപുരാതന ഡീസല്‍ ശകടങ്ങളാണ് ഈ റൂട്ടില്‍ അടുത്ത കാലം വരെയും ഉണ്ടായിരുന്നത്. അതേ കാലത്തെ റെയില്‍വേ സ്റ്റേഷനുകള്‍ പക്ഷേ ഇപ്പോഴുമുണ്ട്. തീവണ്ടി കാത്തു നില്‍ക്കുന്നവര്‍ക്ക് പ്ലാറ്റ്ഫോമിലെവിടെയും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍ കാണാനാവില്ല. പൊതു ഇടങ്ങളില്‍ ആവശ്യക്കാര്‍ വരിവരിയായി കാത്തു നില്‍ക്കുക എന്നത് ബോസ്നിയയുടെ ആത്മാവിലേക്ക് കുടിയേറിക്കഴിഞ്ഞ സമ്പ്രദായമായതു കൊണ്ട് ആര്‍ക്കും പരാതിയില്ല. പ്രായമായവര്‍ പോലും ഊന്നു വടികളുടെ സഹായത്തോടെ തീവണ്ടി വരുന്നതും നോക്കിയുള്ള ആ നില്‍പ്പ് സങ്കടകരമാണ്. തീവണ്ടി പക്ഷേ കൃത്യ സമയത്തിന് വരുന്നുണ്ട് എന്നതു മാത്രമാണ് ആശ്വാസം. 2017-ലാണ് ഈ റൂട്ട് വൈദ്യുതീകരിച്ച് ആധുനിക ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നത്. ഇന്ന് ലോകത്തുള്ള ഏറ്റവും മനോഹരമായ ട്രെയിന്‍ യാത്രകളിലൊന്നാണിത്. നിറയെ മലകളും തടാകങ്ങളും അതിമനോഹരമായ താഴ്വരകളുമൊക്കെ പിന്നിട്ട് ട്രെയിന്‍ മോസ്റ്റാറിലെത്തുന്നത് സഞ്ചാരികള്‍ അറിയുകയേ ഇല്ല.
മോസ്റ്റാറിന്റെ ഏറ്റവും വലിയ പ്രത്യേകത ക്രോട്ടുകളുടെ താരതമ്യേന കൂടിയ അളവിലുള്ള സാന്നിധ്യമാണ്. ക്രൊയേഷ്യന്‍ അതിര്‍ത്തിയിലേക്ക് കഷ്ടിച്ച് ഒരു മണിക്കൂര്‍ യാത്രാദൈര്‍ഘ്യമേ ഇവിടെനിന്നുള്ളൂ. രാജ്യത്തിന്റെ പേരില്‍ ബോസ്നിയയോടൊപ്പം ഹെര്‍സഗോവിന എന്ന് ഔദ്യോഗികമായി എടുത്തു പറയേണ്ടി വന്നതിന്റെ കാരണം തന്നെ, ക്രോട്ട് ദേശീയതയെ അടയാളപ്പെടുത്തിയെങ്കിലല്ലാതെ ഒറ്റ രാജ്യമെന്ന നിലയില്‍ മുന്നോട്ടു പോകാനാവില്ലെന്ന കാര്‍ക്കശ്യമാണ്. പക്ഷേ, അങ്ങേയറ്റം സങ്കീര്‍ണമായ ഒരു ചിത്രമാണ് ഇപ്പോഴും ഈ ഉപദേശീയതകള്‍ ബാക്കിവെക്കുന്നത്. തൊട്ടാല്‍ പൊട്ടുന്ന കുമിളകളായാണ് ബോസ്നിയാക്കുകളും ക്രോട്ടുകളും  ഒരു രാജ്യമായി തുടരുന്നത്. മോസ്റ്റാറിന്റെ തെരുവുകളില്‍ ഇത് പ്രത്യക്ഷമായി തന്നെ കാണാനുണ്ട്. അവിടത്തെ സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ മുതലായവയൊക്കെയും മതാടിസ്ഥാനത്തില്‍ സമയം വിഭജിക്കപ്പെട്ടവയാണ്. നിശ്ചിതമായ സമയക്രമമനുസരിച്ചാണ് വിദ്യാര്‍ഥികള്‍ പാഠശാലകളിലെത്തുന്നത്. റോഡിന്റെ എതിര്‍ഭാഗത്ത് ക്രോട്ടുകളുടെ അങ്ങാടിയില്‍ മദ്യക്കടകളും പന്നിയിറച്ചിയുമൊക്കെ സുലഭം. എതിര്‍വശത്ത് ഇത് രണ്ടും വിലക്കപ്പെട്ടവ. എന്നുവെച്ച് ബോസ്നിയാക്കുകള്‍ മദ്യം കഴിക്കാത്തവരാണെന്നല്ല. ക്രോട്ടുകള്‍ക്കും മുസ്ലിംകള്‍ക്കുമിടയില്‍ സുഹൃദ്ബന്ധങ്ങളും കൊടുക്കല്‍ വാങ്ങലുകളും ഇല്ലെന്നുമല്ല. ഒരുമിച്ച് ഒരേ ഗലിയില്‍ ഇരു സമുദായങ്ങളും താമസിക്കുന്നില്ല എന്ന് ഭരണകൂടം തന്നെയാണ് ഉറപ്പുവരുത്തുന്നത്.
മോസ്റ്റാറിലെ അറിയപ്പെടുന്ന ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് റൊമീല ബഗാറിച്ച്. ഏകദേശം 50 വയസ്സിനോടടുത്ത് പ്രായമുണ്ട്. ക്രോട്ട് വംശജയായതു കൊണ്ട് അവര്‍ക്ക് ആ രാജ്യത്തിന്റെ തിരിച്ചറിയല്‍ രേഖകള്‍ കൂടിയുണ്ട്. പക്ഷേ, ഭര്‍ത്താവും മക്കളും ജര്‍മനിയിലാണ് താമസം. ആസിം സുബ്സേവിച്ചിന്റെ സഹോദരി അംറ നല്‍കിയ നമ്പറില്‍ വിളിച്ച് ഞാന്‍ റൊമീലയെ കാണാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ ഞാന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് അവര്‍ വാഹനമോടിച്ച് വന്നു. ഒരു വൈകുന്നേരം തന്റെ കാറില്‍ എന്നെയും കൊണ്ട് നഗരം ചുറ്റിക്കാണിക്കാനായി ഒപ്പം വരികയും ചെയ്തു. ക്രോട്ടുകള്‍ക്കും മുസ്ലിംകള്‍ക്കുമിടയിലെ ബന്ധങ്ങളുടെ ഒരു നേര്‍ച്ചിത്രമായിരുന്നു റൊമീല. അംറയെ കുറിച്ച് റൊമീലക്ക് ഒരുപാട് പറയാനുണ്ട്. സരായെവോവില്‍ ഇരുവരും ഒന്നിച്ചു പഠിച്ചതും യുദ്ധകാലത്ത് പരസ്പരം സഹായിച്ചതും, പിന്നീട് മോസ്റ്റാറിലേക്ക് താമസം മാറിയതിനു ശേഷമുള്ള കാലത്തും മാസത്തിലൊരിക്കലെങ്കിലും കണ്ടുമുട്ടുന്നതുമൊക്കെയായി വളരെ ഗാഢമായ സൗഹൃദത്തിന്റെ കഥയാണ് റൊമീല പറഞ്ഞുകൊണ്ടിരുന്നത്. റൊമീലയുടെ സംസാരത്തിന് പക്ഷേ അസാധാരണമായ ഒരു സൂക്ഷ്മത ഉണ്ടായിരുന്നു. മോസ്റ്റാറിലെ മുസ്ലിം-ക്രോട്ട് ബന്ധങ്ങളെ കുറിച്ച് അവര്‍ മൗനം പാലിക്കുകയാണ് ചെയ്തത്. 'നോക്കൂ റശീദ്, എനിക്കിവിടെ മാന്യമായ ഒരു ജീവിതമുണ്ട്. നാലോ അഞ്ചോ സ്വന്തം കെട്ടിടങ്ങള്‍, നല്ല വരുമാനം. ഈ തര്‍ക്കങ്ങള്‍ എന്നെ ഇതുവരെയും ബാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഞാന്‍ എന്തിന് അനാവശ്യമായ ഒരു വിഷയത്തില്‍ തലയിടണം.' അവര്‍ക്ക് നഗരത്തില്‍ മറ്റുള്ളവരുടെ ജീവിതം എങ്ങനെയെന്നതിനെ കുറിച്ച് അല്‍പ്പം പോലും ആശങ്ക ഉണ്ടായിരുന്നില്ല. ഒരു കാര്യം മാത്രം റൊമീല പറഞ്ഞു: ഞങ്ങള്‍ ബോസ്നിയന്‍ ക്രോട്ടുകള്‍ക്ക് ക്രൊയേഷ്യയിലേക്ക് എപ്പോള്‍ വേണമെങ്കിലും പോകാം. ക്രൊയേഷ്യന്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളതു കൊണ്ട് യൂറോപ്പില്‍ എവിടെ വേണമെങ്കിലും കുടിയേറുകയും ചെയ്യാം. പക്ഷേ, എന്റെ സുഹൃത്ത് അംറയുടെ കാര്യം അതല്ല. ഞങ്ങള്‍ക്കിടയില്‍ ഗാഢമായ സൗഹൃദം ഉണ്ടായിരിക്കുമ്പോഴും എനിക്കവളെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയില്ല. അതില്‍ രാഷ്ട്രീയമായ ഒരു അനീതിയുണ്ട്. പക്ഷേ, വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങള്‍ നിസ്സഹായരാണ്.
റൊമീല ഏതു സമയത്തും ജര്‍മനിയിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. ബിസിനസ് മാത്രമാണ് അവരെ മോസ്റ്റാറില്‍ പിടിച്ചുനിര്‍ത്തുന്നുണ്ടായിരുന്നത്. റൊമീലയുടെ മാത്രമല്ല മിക്ക ബോസ്നിയന്‍ ക്രോട്ടുകളുടെയും നിലവിലുള്ള അവസ്ഥയാണിത്. വാഹനങ്ങള്‍, ഇന്‍ഷുറന്‍സ്, ചികില്‍സ, നികുതി തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളിലും ബോസ്നിയയെക്കാളുപരി ക്രൊയേഷ്യയെ ആണ് മോസ്റ്റാറിലെ ക്രോട്ടുകള്‍ ആശ്രയിക്കുന്നത്. മനോഹരമായ, ഒറ്റ നോട്ടത്തില്‍ തന്നെ ധനികരുടേതെന്ന് തോന്നിക്കുന്ന മോസ്റ്റാറിലെ ചില ഗ്രാമങ്ങളില്‍ ആരെയും താമസക്കാരായി കാണാനാവില്ല. ഒരാള്‍ പോലും ബാക്കിയില്ലാതെ വീടുകള്‍ അടച്ചിട്ട് കൂട്ടത്തോടെ യൂറോപ്പിലേക്ക് താമസം മാറിയ ഗ്രാമങ്ങള്‍ പോലും ഇക്കൂട്ടത്തിലുണ്ട്. ഇരുട്ടില്‍ മുങ്ങി നില്‍ക്കുന്ന അങ്ങനെയുള്ള ചില ഗ്രാമങ്ങള്‍ ഞങ്ങളുടെ മടക്ക യാത്രയില്‍ റൊമീല കാണിച്ചുതന്നു. ഈ യാത്രയില്‍ ഞാന്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. നഗരത്തിലെ വംശഹത്യാ മ്യൂസിയമോ മുസ്ലിം സ്മാരകങ്ങളോ ഒന്നും കാണാനായി അവര്‍ ഒപ്പം വരുന്നുണ്ടായിരുന്നില്ല. അതേസമയം ചര്‍ച്ചുകളും പള്ളികളും ഒരുമിച്ചു സ്ഥിതിചെയ്യുന്ന ഭാഗങ്ങള്‍ അവര്‍ അഭിമാന പൂര്‍വം പരിചയപ്പെടുത്തുകയും ചെയ്തു. നിലവില്‍ ഇരു സമുദായങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം ഉണ്ടായതു കൊണ്ടല്ല ആളുകള്‍ താമസം മാറുന്നത്. പക്ഷേ, അന്തരീക്ഷത്തില്‍ എപ്പോഴും ഒരുതരം അസ്വസ്ഥത ബാക്കിയുണ്ട്. സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ അസ്ഥിരത- ഇതൊക്കെ ആളുകളെ അകറ്റുന്നുണ്ട്. യൂറോപ്പിലാകട്ടെ നിങ്ങള്‍ക്ക് ഒന്നിനെയും ഭയപ്പെടാനുമില്ല. ക്രൊയേഷ്യയില്‍ പോലും ഇവിടെയുള്ള അത്രയും പ്രതിസന്ധികള്‍ കാണാനാവില്ല- റൊമീല ചൂണ്ടിക്കാട്ടി.
മെദുഗോര്‍ജെയിലെ സെന്റ് മേരി ദേവാലയത്തിലേക്ക് ടാക്സി വിളിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഈ വ്യത്യാസം ശരിക്കും അനുഭവപ്പെടും. നിങ്ങള്‍ കൃസ്ത്യാനിയാണോ അതോ മുസ്ലിമാണോ എന്ന് നേര്‍ക്കു നേരെ ചോദിക്കുന്നതിനു പകരം നിങ്ങള്‍ അവിടെ പ്രാര്‍ഥിക്കാനാണോ പോകുന്നതെന്നാണ് ടാക്സി ഡ്രൈവര്‍മാര്‍ അന്വേഷിക്കുക. നിങ്ങളുടെ വിശ്വാസത്തോടുള്ള എതിര്‍പ്പു കൊണ്ടല്ല  ഈ ചോദ്യം. അത്രയും സമയം മെദുഗോര്‍ജെയില്‍ കാത്തു നില്‍ക്കുന്നതില്‍ അവര്‍ക്കുള്ള പേടികൊണ്ടാണ്. പോലീസുകാര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. ക്രോട്ടുകളായ പോലീസുകാരാണ് പരിശോധിക്കുന്നതെങ്കിലും ഡ്രൈവര്‍ മുസ്ലിമാണെങ്കിലും എന്തെങ്കിലുമൊക്കെ കാരണങ്ങളുണ്ടാക്കി ഫൈന്‍ ലഭിക്കുമെന്നാണ് എന്നെ കൊണ്ടുപോയ സാലേഹ് സെവിച്ച് പറഞ്ഞത്. ഭൂമിശാസ്ത്രപരമായി ബോസ്നിയയിലാണെങ്കിലും ക്രൊയേഷ്യന്‍ പതാകകളാണ് റോഡിലുടനീളം നിങ്ങള്‍ക്ക് കാണാനാവുക. ക്രിസ്തുവിന്റെ മാതാവ് മേരി 1981-ല്‍ ആറ് ബാലന്‍മാരുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ഈ കൊച്ചു പട്ടണം വത്തിക്കാന്‍ കഴിഞ്ഞാല്‍ യൂറോപ്പിനു പുറത്തെ ഏറ്റവും വലിയ ക്രൈസ്തവ തീര്‍ഥാടന കേന്ദ്രമായി ഇന്ന് മാറിക്കഴിഞ്ഞു. ആറ് ബാലന്‍മാരുടെ കഥ പുതിയ കാലത്ത് ആയിരങ്ങളുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടതായി രൂപം മാറിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നിന്നു വന്ന ഒരു മലയാളി കുടുംബമാണ് അങ്ങനെയൊരു സംഭവം കൂടി ഉണ്ടെന്ന് ഈ ലേഖകനോട് പറഞ്ഞത്. ഇടവകകളുടെ നേതൃത്വത്തില്‍ തന്നെ ഇങ്ങോട്ടേക്ക് തീര്‍ഥാടനം സംഘടിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഒരു കണ്ണ് ഇപ്പോഴും മോസ്റ്റാറിലുണ്ടാവാനുള്ള പ്രധാന കാരണവും മെദുഗൊര്‍ജെയാണ്. മോസ്റ്റാര്‍ നഗരം ക്രൊയേഷ്യയുടെ ഭാഗമാകുകയാണ് വേണ്ടിയിരുന്നതെന്ന് യൂറോപ്പ് വിശ്വസിക്കുന്നുമുണ്ടാകാം. നിലവില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒഴുകിയെത്തുന്ന ഈ നഗരത്തിലേക്ക് തീര്‍ഥാടനം ആകാവുന്നതാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2019-ല്‍ അഭിപ്രായപ്പെട്ടിരുന്നു. അതേ സമയം ഇക്കാര്യത്തില്‍ വത്തിക്കാന്റെ അന്തിമ അംഗീകാരം ഇപ്പോഴും ഉണ്ടായിട്ടില്ല. മെദുഗോര്‍ജെയിലെ അത്ഭുതങ്ങളെ കുറിച്ച് പഠിച്ചുവരികയാണെന്നാണ് കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാട്.
ബോസ്നിയാക്കുകളുടെ സാംസ്‌കാരിക അസ്തിത്വം തകര്‍ക്കുകയായിരുന്നു ക്രോട്ടുകളുടെ ലക്ഷ്യം. സ്റ്റാറി മോസ്റ്റ് അവരെ സംബന്ധിച്ചേടത്തോളം ബോസ്നിയയുടെ ഉസ്മാനിയന്‍ പാരമ്പര്യത്തിന്റെ ഏറ്റവും വലിയ അടയാളമായിരുന്നു. മുസ്ലിംകളെയാണ് ഈ മാനസിക യുദ്ധത്തില്‍ അവര്‍ ലക്ഷ്യമിട്ടത്. എന്നാല്‍, ക്രൊയേഷ്യ വലിയിരുത്തിയതിനെക്കാളും വലുതായിരുന്നു നഗരത്തിലെ എല്ലാ വിഭാഗം ജനങ്ങളും സ്റ്റാറി മോസ്റ്റുമായി കാത്തുസൂക്ഷിച്ച വൈകാരിക ബന്ധം. പാലത്തിനു നേര്‍ക്ക് ക്രൊയേഷ്യ ആക്രമണം തുടങ്ങിയപ്പോള്‍ ജനങ്ങള്‍ സ്വന്തം സുരക്ഷ പോലും മറന്ന് ബങ്കറുകളില്‍ നിന്ന് പുറത്തിറങ്ങി ഈ ദൃശ്യം കാണാനായി തടിച്ചു കൂടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനിക ജനറല്‍മാരുടെ വിചാരണക്കിടയില്‍ ക്രൊയേഷ്യ മുന്നോട്ടുവെച്ച വാദം പാലത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ പൂര്‍ണമായും നിരാകരിക്കുന്ന ഒന്നാണ്. വെറുമൊരു പാലം എന്നതിലപ്പുറം മാനവികതയുടെ സാംസ്‌കാരിക പാരമ്പര്യങ്ങളുമായി ഒരു ബന്ധവും സ്റ്റാറി മോസ്റ്റിന് ഇല്ലെന്ന് അന്താരാഷ്ട്ര കോടതി മുമ്പാകെ അവര്‍ വാദിച്ചു. നദിയുടെ ഇരുകരകളിലും സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍, മുസ്ലിം, ജൂത സ്മാരകങ്ങളെ നാല് നൂറ്റാണ്ടിലേറെയായി ബന്ധിപ്പിക്കുന്ന പാലമെന്ന നിലയില്‍ ഇത് മാനവികതയുടെ പാരമ്പര്യ പട്ടികയില്‍ വരുന്ന നിര്‍ണായകമായ ഒരിടമാണെന്ന് അംഗീകരിച്ച കോടതി 5 മുതല്‍ 20 വരെ വര്‍ഷം തടവിന് ഈ കുറ്റകൃത്യത്തില്‍ പങ്കെടുത്ത എല്ലാ ജനറല്‍മാരെയും ശിക്ഷിക്കുകയായിരുന്നു.
വെള്ളച്ചാട്ടങ്ങളുടെ കൂടി നഗരമാണ് മോസ്റ്റാര്‍. ബ്ളഗായിയിലും കാപ്ളിഞ്ഞയിലും അവിശ്വസനീയമായ പ്രകൃതി ദൃശ്യങ്ങളാണ് സഞ്ചാരികളെ കാത്തു നില്‍ക്കുന്നത്. വെള്ളച്ചാട്ടത്തെ കുറിച്ച് മനസ്സിലുള്ള ചിത്രം പത്തോ പതിനഞ്ചോ ഒക്കെ ഇരട്ടി മിഴിവോടെയാണ് കാപ്ളിഞ്ഞയില്‍ കാണാനാവുക. മലനിരകളിലൂടെ പലയിടത്തായി വേര്‍പിരിഞ്ഞ് താഴേക്ക് പതിക്കുന്ന നദി ഒന്നല്ല ഒരു ഡസനില്‍ കുറയാത്ത വെള്ളച്ചാട്ടങ്ങളായാണ് മാറുന്നത്. ബ്ളഗായിയില്‍ മലയുടെ ഉള്ളില്‍ നിന്ന് പുറത്തേക്ക് ഒഴുകിയെത്തുന്ന നദിയും അതിന്റെ കരയിലെ മൊണാസ്റ്ററിയും ഇതേ മലയുടെ മുകളിലുള്ള കോട്ടയും ചേര്‍ന്നൊരുക്കുന്ന ദൃശ്യവിരുന്നിന് സമാനതകളില്ല. കാപ്ളിഞ്ഞയിലെ വെള്ളച്ചാട്ടം തന്നെയാണ് പക്ഷേ കൂട്ടത്തില്‍ അവിശ്വസനീയമായി തോന്നുക.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -41-44
ടി.കെ ഉബൈദ്‌