Prabodhanm Weekly

Pages

Search

2022 ജൂലൈ 22

3260

1443 ദുല്‍ഹജ്ജ് 23

സഹിഷ്ണുതയുടെ  ചരിത്ര പാഠങ്ങള്‍

മുഹമ്മദലി കൂട്ടായി

മാര്‍ച്ച് മാസത്തില്‍ ഒരു ദിവസം ഇസ്‌ലാമോഫോബിയാ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചപ്പോള്‍ ഇന്ത്യ അതിനെ എതിര്‍ത്തു. മുസ്‌ലിംകളെ തുടച്ചുനീക്കാന്‍ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നു വരെ പരസ്യമായി പ്രഖ്യാപിക്കപ്പെടുന്നു. ഇന്ത്യയെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കിയ താജ്മഹല്‍ പോലുള്ള മുഗിളരുടെ കലാ നിര്‍മിതികളെല്ലാം കൈയേറ്റ ഭീഷണിയിലാണ്. നാം അഭിമാനിക്കുന്ന ഭാരത സംസ്‌കാരത്തിന് അടിത്തറ പാകിയതും വളര്‍ത്തിയെടുത്തതും മുഗിളരാണ് എന്ന് പറയപ്പെടുന്നു. എല്ലാ മതങ്ങളും സൗഹാര്‍ദത്തില്‍ കഴിഞ്ഞിരുന്ന കാലം. ഇന്ത്യയില്‍ മുസ്‌ലിം പള്ളികള്‍ കൈയേറുമ്പോള്‍ ഗള്‍ഫില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. ഹൈന്ദവര്‍ക്ക് പ്രാര്‍ഥിക്കാന്‍ ഒരു ക്ഷേത്രം വേണമെന്ന മോദിയുടെ നേരിട്ടുള്ള അഭ്യര്‍ഥന മാനിച്ച് യു.എ.ഇ ഭരണാധികാരി മണിക്കൂറുകള്‍ക്കകം 14 ഏക്കര്‍ ഭൂമിയാണ് അനുവദിച്ചത്. ഗള്‍ഫില്‍ ഇത്തരം ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളും നടക്കാറുണ്ട്. ഇന്ത്യയിലെ അധഃസ്ഥിതര്‍ക്ക് മനുഷ്യരെന്ന പരിഗണനയും തുല്യ നീതിയും ലഭിക്കുന്നത് മുസ്‌ലിം ഭരണകാലത്താണത്രെ. ഈ പരിഷ്‌കൃത യുഗത്തില്‍ പ്രവാചകനിന്ദ നടത്തിയവരെ  ജയിലിലിടാതെ, അതിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുകയും അവരുടെ ഭവനങ്ങള്‍ ബുള്‍ഡോസറുകള്‍ ചെന്നു തകര്‍ക്കുകയുമാണ്.
ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും ലോകത്തില്‍ ഒത്തൊരുമിച്ച് കഴിയേണ്ടവരാണ്. അതാണ് പ്രകൃതി നിയമം. ഒരിടത്തെ ഭൂരിപക്ഷം മറ്റൊരു നാട്ടില്‍ ന്യൂനപക്ഷമായിരിക്കും. അതിനാല്‍, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഭൂരിപക്ഷത്തിന്റെ ചുമതലയാണ്. ഒരു രാജ്യത്തെത്തന്നെ ന്യൂനപക്ഷങ്ങള്‍ തമ്മിലും സ്‌നേഹബന്ധങ്ങള്‍ പ്രത്യേകം ഉണ്ടായിരിക്കണം. എന്നാല്‍, ജിഹാദി പരാമര്‍ശങ്ങളും ഇസ്‌ലാം പേടിയുമായി ഹിന്ദുത്വത്തോട് ഒട്ടിനില്‍ക്കുകയാണ് മറ്റു ചില ന്യൂനപക്ഷങ്ങള്‍. ഇസ്‌ലാം ആരെയും ആക്ഷേപിക്കാനും ആക്രമിക്കാനും ചെല്ലുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. യേശു ക്രിസ്തുവിനെ മുസ്‌ലിംകള്‍ ആക്ഷേപിച്ച ചരിത്രമില്ല. അദ്ദേഹത്തെയും ദൈവദൂതനായി ഇസ്‌ലാം അംഗീകരിക്കുന്നു. പ്രലോഭനങ്ങളിലൂടെ ആരെയും മതം മാറ്റരുതെന്നാണ് ഇസ്‌ലാമിക നിയമം. ഹിന്ദു മതത്തില്‍ പിന്നാക്ക ജാതിക്കാര്‍ കുറഞ്ഞുവരാന്‍ മതം മാറ്റം കാരണമാകുന്നുണ്ടെങ്കില്‍, ആ മതം മാറ്റം ഇസ്‌ലാമിലേക്കല്ല. 'ലൗ ജിഹാദ്' വഴി മുസ്‌ലിം പെണ്‍കുട്ടികളും ക്രിസ്തുമതത്തിലേക്ക് പോയിട്ടുണ്ട്. മുസ്‌ലിംകള്‍ അത് വാര്‍ത്തയാക്കാറില്ല. ഈ മതപ്രചാരണ കോലാഹലങ്ങളില്‍ നിന്ന് ഹിന്ദുത്വരുടെ ശ്രദ്ധ തിരിക്കാനായിരിക്കാം, മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തുന്നത്. ന്യൂനപക്ഷങ്ങള്‍ ഏതു രാജ്യത്തായാലും ഒന്നിച്ചു നില്‍ക്കേണ്ടവരാണ്. 


മഹത്വവും 
ബാധ്യതകളും മറക്കുന്ന 
പണ്ഡിതന്മാര്‍

അബ്ദുല്‍ ബാസിത്ത് കുറ്റിമാക്കല്‍

ഒരു സമുദായത്തിന്റെ നേതൃസ്ഥാനം അലങ്കരിക്കുന്നവരാണ് ആ സമുദായത്തിലെ പണ്ഡിതന്മാര്‍. മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും വിധി വിലക്കുകളെക്കുറിച്ചും നിയമസംഹിതകളെക്കുറിച്ചും അവര്‍ക്ക് ആഴത്തില്‍ അറിവുണ്ടാകും. അവരതെല്ലാം സ്വന്തം ജീവിതത്തില്‍ പകര്‍ത്തി ജനത്തിന് മാതൃകയാവും. ഉയര്‍ന്ന മാനുഷിക നൈതിക മൂല്യങ്ങളുടെയും, ധാര്‍മികവും ധൈഷണികവുമായ ചിന്തകളുടെയും ചെരാതുകള്‍ ജനമനസ്സുകളില്‍ കൊളുത്തിവെക്കാന്‍ അവര്‍ പ്രയത്‌നിക്കും.
ഖുര്‍ആനും പ്രവാചകന്റെ അധ്യാപനങ്ങളും ചര്യകളും ആ മഹാചരിതവും പരിക്കും പോറലുമില്ലാതെ ഇന്നിവിടെ ഈ ഡിജിറ്റല്‍ യുഗത്തോളം വന്നെത്തി നില്‍ക്കുന്നുവെങ്കില്‍ അതിനു പിന്നില്‍ പൂര്‍വസൂരികളായ അനേകമനേകം ഗുരുവര്യന്മാരുടെ പ്രോജ്ജ്വലമായ കര്‍മസമരങ്ങളുണ്ട്. ദീനിനെ അവര്‍ നിലനിര്‍ത്തുകയായിരുന്നു. അതിനായി അവര്‍ അഹോരാത്രം പണിയെടുത്തു. ഊണും ഉറക്കവുമുപേക്ഷിച്ചു. യൗവനത്തിന്റെ ഊര്‍ജം വിനിയോഗിച്ചു. അവര്‍ ആര്‍ക്കും പാദസേവ ചെയ്തില്ല. അതുകൊണ്ടുതന്നെ കര്‍മപന്ഥാവില്‍ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവര്‍ അവരുടെ കൂട്ടത്തില്‍ അംഗുലീപരിമിതരുമല്ല. പറയേണ്ടത് പറഞ്ഞതിന്റെ പേരില്‍ കാരാഗൃഹവും കഴുമരവും വിധിക്കപ്പെട്ടവരും കുറവല്ല. ആദര്‍ശധീരത മാത്രമായിരുന്നു അവരുടെ കൈമുതല്‍. അതാകട്ടെ പാണ്ഡിത്യമേകുന്ന സമ്മാനവും. അവര്‍ ഒരു പദവിയും ആഗ്രഹിച്ചില്ല. ഒരു സ്ഥാനപ്പേരും കാംക്ഷിച്ചില്ല. 
സമകാലിക സാഹചര്യത്തില്‍ എല്ലാ പണ്ഡിതന്മാരും അവരുടെ കടമകളും ഉത്തരവാദിത്വങ്ങളും പൂര്‍ണമായും നിറവേറ്റുന്നുണ്ടോ? ചിലരെങ്കിലും വഴിമാറി നടക്കുന്നില്ലേ? കൈയിലെ വിളക്ക് ഊതിയണച്ച് ഇരുള്‍ തേടിപ്പോകുന്നില്ലേ? പണ്ഡിത സമൂഹത്തില്‍ നിന്ന്  പരിമളത്തോടൊപ്പം ഒരല്‍പ്പം ദുര്‍ഗന്ധവും കലര്‍ന്ന് വരുന്നുണ്ടോ?  പ്രഗത്ഭരായ ഗുരുനാഥന്മാരുടെ ഇളമുറക്കാരായി വന്ന്, അവരുടെ സഞ്ചാരപഥത്തിലൂടെ നടന്നും അവര്‍ നിന്ന മിമ്പറിലേക്കും മിഹ്‌റാബിലേക്കും കടന്നു ചെന്നും വിശ്വാസി സമൂഹത്തിന്റെ നായകത്വമേറ്റെടുത്തവര്‍, മുമ്പേ നടന്നവരുടെ വിശുദ്ധ പാരമ്പര്യത്തിന് കളങ്കം ചാര്‍ത്തുന്ന പ്രവൃത്തികള്‍ ചെയ്താല്‍ അതീ സമുദായത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുകയും നോവിക്കുകയും ചെയ്യും; ന്യൂനാല്‍ ന്യൂനപക്ഷമാണ് വഴിതെറ്റി നടക്കുന്നതെങ്കില്‍പ്പോലും. കാരണം, ഇസ്ലാം നിലനിന്നത് പണ്ഡിതന്മാരിലൂടെയാണ്. ഇനി ഖിയാമത്ത് നാളുവരെ നിലനില്‍ക്കേണ്ടതും അവരിലൂടെതന്നെയാണ്.
നിര്‍ഭാഗ്യകരവും നിരാശാജനകവുമായ പലതും  കണ്ടും കേട്ടും തലയും കുനിച്ചു നില്‍പ്പാണ് സമുദായം. പൗരോഹിത്യത്തിന് ഇസ്ലാമില്‍ ഇടമില്ല. ഇസ്ലാമിനെ വില്‍പ്പനച്ചരക്കാക്കാനുള്ള പഴുതുമില്ല. എന്നിട്ടും അത് വളര്‍ന്ന് പന്തലിക്കുന്നത് പണ്ഡിതന്മാരുടെതന്നെ ഒത്താശയിലാണ്. സ്വജനപക്ഷപാതം കാണിക്കുന്നവരും തന്‍പോരിമ വെച്ചുപുലര്‍ത്തുന്നവരും സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടി സത്യത്തെ മറച്ചുപിടിക്കുന്നവരുമൊക്കെയുണ്ട് അക്കൂട്ടത്തില്‍. അസാന്മാര്‍ഗിക വൃത്തികളുടെ, ആഭിചാരത്തിന്റെ, മോഷണത്തിന്റെ, വര്‍ഗീയ വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ അറസ്റ്റിലാവുന്നവര്‍ അന്നോളം നമസ്‌കാരത്തിന് നേതൃത്വം കൊടുത്തവരാകുമ്പോള്‍, അന്നോളം മദ്റസകളില്‍ ഓത്ത് പഠിപ്പിച്ചവരാകുമ്പോള്‍, അന്നോളം ഖുത്വ്ബ പറഞ്ഞവരാകുമ്പോള്‍, അന്നോളം ഹജ്ജിനും ഉംറക്കും ഉദുഹിയ്യത്തിനും സകാത്തിനും നിക്കാഹിനും ഖബ്‌റടക്കത്തിനും നേതൃസ്ഥാനത്തുണ്ടായിരുന്നവരാകുമ്പോള്‍ ആരാണ് നടുങ്ങിപ്പോകാത്തത്? ആരാണ്, സമുദായം ഇതെങ്ങോട്ടാണ് എന്ന് ചിന്തിച്ചു പോകാത്തത്? ആരാണ് സമുദായത്തിന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടുപോകാത്തത്?
ഭൗതികമായ നേട്ടങ്ങള്‍ക്കും ക്ഷണികമായ ആനന്ദങ്ങള്‍ക്കും സുഖം നിറഞ്ഞ നേരംപോക്കുകള്‍ക്കും ആഡംബരത്തികവാര്‍ന്ന ജീവിതത്തിനും വേണ്ടിയാണ് ഇക്കൂട്ടര്‍ മറുവഴി തേടുന്നതെങ്കില്‍, മാണിക്യത്തിന്റെ മൂല്യം തിരിച്ചറിയാതെ അത് അലക്ഷ്യമായി എറിഞ്ഞുകളഞ്ഞ ഹതഭാഗ്യനോട് ഇവരെ ഉപമിക്കേണ്ടിവരും. അറിവാകുന്ന വരദാനം സിദ്ധിച്ചിട്ട് അതിന്റെ സാധ്യതകളിലൂടെ ഗമിച്ച് സമൂഹത്തിലാകെ നല്ല തെളിനിലാവ് പരത്തേണ്ടതിനു പകരം പിശാചിന് വഴിപ്പെട്ട് ദേഹേച്ഛകള്‍ക്കും ചപലതകള്‍ക്കും കീഴടങ്ങുന്നവര്‍ എത്ര വലിയ വിഡ്ഢികളാണ്? നേരായ മാര്‍ഗത്തില്‍ നേടിയതല്ലാത്ത ഒന്നും നിലനില്‍ക്കുകയോ ഉപകരിക്കുകയോ ചെയ്യില്ല എന്ന യാഥാര്‍ഥ്യം ഇക്കൂട്ടര്‍ മറക്കുന്നു. ഒരു കുട്ടയിലെ ചീഞ്ഞ പഴങ്ങള്‍ അതേ കുട്ടയിലെ നല്ല പഴങ്ങളെക്കൂടി എളുപ്പം കേടുവരുത്തും എന്നതു പോലെ സമുദായത്തിലെ വഴിതെറ്റിയ പണ്ഡിതന്മാര്‍ മറ്റുള്ളവരെക്കൂടി മാര്‍ഗഭ്രംശത്തിലേക്ക് നയിക്കും.  

 

മദ്‌റസകള്‍ ഭീകരവാദ 
റിക്രൂട്ടിംഗ് താവളങ്ങളോ?

റഹ്മാന്‍ മധുരക്കുഴി

മുസ്‌ലിംകളുടെ ആരാധനാലയങ്ങള്‍ക്കെതിരെ മാത്രമല്ല, അവരുടെ മതപാഠശാലകള്‍ക്കെതിരെയും സംഘ് പരിവാര്‍ രംഗത്തിറങ്ങിയിരിക്കുന്നു. യു.പിയിലെ മദ്‌റസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കേണ്ടതില്ലെന്ന് യോഗി സര്‍ക്കാര്‍ തീരുമാനിച്ചതും മദ്‌റസകള്‍ പലതും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിം യുവാക്കളെ റിക്രൂട്ട് ചെയ്യുന്നവരുടെ താവളമായി ഉപയോഗിക്കുകയാണെന്ന് എന്‍.ഐ.എയുടെ 'കണ്ടെത്തലുകളും' ഇതിന്റെ ഭാഗമാണ്. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശര്‍മയാകട്ടെ മദ്‌റസ എന്ന വാക്ക് തന്നെ ഇല്ലാതാക്കണം എന്നാണ് ആക്രോശിച്ചിരിക്കുന്നത്. മദ്‌റസകളില്‍ പഠിച്ചിറങ്ങുന്നവര്‍ ഡോക്ടര്‍മാരോ, എഞ്ചിനീയര്‍മാരോ ആവുന്നതിനെക്കുറിച്ച് ആലോചിക്കുക പോലുമില്ലെന്ന് തട്ടിവിടുന്ന ഹിമാന്ത ബിശ്വശര്‍മക്ക്, മദ്‌റസകളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, സിവില്‍ സര്‍വീസില്‍ മുതല്‍ ലണ്ടനിലെ ബി.ബി.സി ആസ്ഥാനത്ത് വരെ സേവനമനുഷ്ഠിക്കുന്ന കേരളത്തില്‍ നിന്നുള്ള സമര്‍ഥരെക്കുറിച്ച് ഒരു ചുക്കുമറിയില്ല.
രാജ്യത്തെങ്ങുമുള്ള ആയിരക്കണക്കില്‍ മദ്‌റസകള്‍ മതേതര ആധുനിക സമൂഹത്തിന്റെ സുഗമമായ പ്രയാണത്തിന് തടസ്സമല്ലേ എന്നാണ് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിലൂടെ ഒരു പ്രമുഖ വ്യക്തി ചോദിക്കുന്നത്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും, മതം പഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുകയും അത് മൗലികാവകാശമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന ഭരണഘടനയുള്ള നമ്മുടെ രാജ്യത്ത് മതപാഠങ്ങള്‍ പഠിക്കാനുള്ള സംവിധാനമായ മദ്‌റസകള്‍ മതേതര-ആധുനിക സമൂഹത്തിന്റെ നിലനില്‍പിന് തടസ്സമാണെന്ന തടസ്സവാദം അസംബന്ധമല്ലേ?
തീവ്രവാദവും രാജ്യദ്രോഹ ചിന്തകളുമല്ല, പ്രത്യുത ദയ, സ്‌നേഹം, സഹിഷ്ണുത, ജീവിതവിശുദ്ധി തുടങ്ങിയ ഉത്തമ ഗുണവിശേഷങ്ങള്‍ പരിശീലിപ്പിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന പരിശീലന കളരികളാണ് മദ്‌റസകള്‍. മതാന്ധതയും തീവ്രവാദവുമാണ് മദ്‌റസകളിലെ പാഠ്യവിഷയമെങ്കില്‍, ആയിരക്കണക്കിന് മദ്‌റസകളും അറബിക്കോളേജുകളും നിരവധി വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തിച്ചുവന്നിട്ട്, ഇവിടങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായ സംഭവങ്ങള്‍ എന്തേ ഇല്ലാതെ പോയത്?
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക സംഘടനകളും സ്ഥാപനങ്ങളുമുള്ള സംസ്ഥാനമായ കേരളമാണ് വര്‍ഗീയ കലാപങ്ങള്‍ ഏറ്റവും കുറഞ്ഞ സ്ഥലമെന്നും ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും സുരക്ഷിതത്വമുള്ള സ്ഥലമെന്നും ഡി.ജി.പിമാരുടെ വാര്‍ഷിക ദേശീയ കോണ്‍ഫ്രന്‍സില്‍ ഇന്റലിജന്‍സ് ബ്യൂറോ സമര്‍പ്പിച്ച റിപ്പോര്‍ട്ട് (ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് 2002, നവംബര്‍ 19) വ്യക്തമാക്കിയിരിക്കുന്നു. ഇന്റലിജന്‍സ് ബ്യൂറോ സമര്‍പ്പിച്ച ഉപരിസൂചിത റിപ്പോര്‍ട്ടില്‍ പറയുന്ന കേരളത്തിലെ 14 ജില്ലകളില്‍ മുസ്‌ലിം ജനസംഖ്യയിലും ഇസ്‌ലാമിക സംഘടനകളുടെയും മദ്‌റസ പോലുള്ള മതപഠന കേന്ദ്രങ്ങളുടെ ആധിക്യത്തിലും പ്രഥമ സ്ഥാനത്തുള്ള മലപ്പുറം ജില്ലയാണ് മതസൗഹാര്‍ദത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ''മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം മുസ്‌ലിംകളും തീവ്രമായ മതവികാരത്തിനോ, വിഭാഗീയ ചിന്തക്കോ വശംവദരല്ല'' (പി.എം മനോജ് ദേശാഭിമാനി 14-1-2002). മദ്‌റസകളുടെ അതിപ്രസരമുള്ള മലപ്പുറം ജില്ലയിലെ മുസ്‌ലിംകളെക്കുറിച്ച് കവി മണമ്പൂര്‍ രാജന്‍ പറയുന്നതിങ്ങനെ: ''ജില്ലയിലെ യഥാര്‍ഥ മതവിശ്വാസികള്‍ സത്യധര്‍മാദികളില്‍ അധിഷ്ഠിതമായി ജീവിക്കുകയും മറ്റു മതസ്ഥരെ ബഹുമാനിക്കുകയും ചെയ്യുന്നു. വിവിധ മതവിശ്വാസികളുടെ ഈ ആത്മീയ കൂട്ടായ്മ അന്യാദൃശമാണ്'' (ദേശാഭിമാനി 24-7-2011).
ഭീകരവാദമോ തീവ്രവാദമോ അല്ല, മാനവികതയുടെ സ്‌നേഹോഷ്മള പാഠങ്ങളാണ് മദ്‌റസകളിലെ സിലബസ്. ''സ്വന്തം ആവശ്യത്തെക്കാള്‍ മറ്റുള്ളവരുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കുന്നവരെ അല്ലാഹു പ്രശംസിച്ചിരിക്കുന്നു'' (ഇഖ്‌വത്തുല്‍ ഇസ്‌ലാം, പേജ് 152). ''മനുഷ്യരോട് കരുണ കാണിക്കാത്തവരോട് അല്ലാഹു കരുണ കാണിക്കുകയില്ല'' (സ്വഭാവ പാഠങ്ങള്‍ 5-ാം തരം). ''മുസ്‌ലിംകളുമായി സൗഹാര്‍ദത്തില്‍ കഴിയുന്ന ഒരു അമുസ്‌ലിമിനെ വധിക്കുന്നവന് സ്വര്‍ഗത്തിന്റെ വാസനപോലും ലഭിക്കില്ല'' (സ്വഭാവ പാഠങ്ങള്‍ 4-ാം തരം). ''ഭൂമിയിലുള്ളവരോട് കരുണ ചെയ്യുവീന്‍. എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ ചെയ്യും.'' (ഹദീസ് പഠനം, പാഠം 18).
കേരളത്തിലെ മദ്‌റസകളിലെ സിലബസിലെ പാഠഭാഗങ്ങളാണ് മുകളിലുദ്ധരിച്ചത്. മതവിവേചനം തൊട്ടുതീണ്ടാത്ത- മാനവികതയുടെ ഉദാത്തപാഠങ്ങളാണ് ഇവയെല്ലാം. ഇതാണ് യാഥാര്‍ഥ്യമെന്നിരിക്കെ, മദ്‌റസകള്‍ ഭീകരവാദത്തിന്റെ റിക്രൂട്ടിംഗ് താവളമാണെന്ന് പുലമ്പുന്നത്, 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരയില്‍ കൗതുകം ദര്‍ശിക്കുന്ന കൊതുകി'ന്റെ ജനിതക പ്രകൃതത്തെയാണ് അനാവരണം ചെയ്യുന്നത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -41-44
ടി.കെ ഉബൈദ്‌