Prabodhanm Weekly

Pages

Search

2022 ജൂലൈ 22

3260

1443 ദുല്‍ഹജ്ജ് 23

പ്രബോധനം ഡേ  വിജയിപ്പിക്കുക

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

ആദ്യമിറങ്ങിയ ദിവ്യബോധനത്തില്‍ തന്നെ വായിക്കുക  എന്ന് ആവര്‍ത്തിച്ചു വന്നിരിക്കുന്നു. ദൈവിക  സന്മാര്‍ഗവും  വായനയും തമ്മിലുള്ള ബന്ധം അഭേദ്യമാണ് എന്ന സൂചനയാണ് അത് നല്‍കുന്നത്. പ്രബോധകന്റെ  കയ്യിലെ  മികച്ച  ആയുധവും  പാഥേയവും വായന തന്നെ.
ഈ ജൂലൈ  24 ഞായര്‍ പ്രബോധനം  ഡേയാണ്. പ്രബോധനം വാരികയിലേക്ക് പരമാവധി ആളുകളെ വരി ചേര്‍ക്കാന്‍, മറ്റെല്ലാ പരിപാടികളും മാറ്റി വെച്ച്  നാമെല്ലാവരും ഇറങ്ങിപ്പുറപ്പെടുന്ന ദിവസമാണത്. പക്ഷേ, ആ നിലയില്‍ മാത്രം അതിനെ കണ്ടാല്‍ മതിയാവുകയില്ല. അതൊരു  വലിയ ദൗത്യമാണെന്ന ബോധ്യവും തിരിച്ചറിവും നമുക്കുണ്ടാവണം. പ്രബോധനം വായനക്കാരന് എന്തു നല്‍കുന്നു എന്ന് മനസ്സിലാക്കിയാല്‍, അതെന്തിന് വായിക്കണം എന്ന ചോദ്യത്തിന് ഉത്തരം കിട്ടും.
പ്രബോധനത്തെക്കാള്‍ പ്രായമുള്ളവര്‍ നമുക്കിടയില്‍ കുറവായിരിക്കും. ദീര്‍ഘമായ  കാലയളവില്‍ എന്താണ് പ്രബോധനം ചെയ്തത്? പ്രബോധനം  നിങ്ങള്‍ക്കെന്ത്  നല്‍കി? പ്രബോധനം എല്ലാ കാലത്തും അതിന്റെ വായനക്കാര്‍ക്ക് നല്ലൊരു വഴികാട്ടിയും സുഹൃത്തും രക്ഷിതാവും സഹപ്രവര്‍ത്തകനും നേതാവുമെല്ലാമായിരുന്നു. തെളിമയാര്‍ന്ന ഇസ്‌ലാമിക വ്യക്തിത്വം രൂപപ്പെടുത്തുന്നതിനാവശ്യമായ എല്ലാം പ്രബോധനം നല്‍കി. ജീവിതത്തെ കുറിച്ച്, ജീവിതത്തില്‍ അണച്ചുപിടിക്കേണ്ട ബോധ്യങ്ങളെ സംബന്ധിച്ച്, കര്‍മങ്ങളെ കുറിച്ച്, അവരോട് സംവദിച്ചു. മരണത്തെ കുറിച്ച്, മരണാനന്തര ജീവിതത്തിലെ സൗഭാഗ്യ- നിര്‍ഭാഗ്യങ്ങളെ കുറിച്ച് അത് മുന്നറിയിപ്പ് നല്‍കി.
തീര്‍ന്നില്ല,  കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെയും ലോകത്തെയും എങ്ങനെ മാറ്റിപ്പണിയാം എന്ന് പ്രബോധനം പഠിപ്പിച്ചു. 'അത്തരം വേണ്ടാതീനങ്ങള്‍ക്കൊന്നും പുറപ്പെടേണ്ട' എന്ന് നിരുത്സാഹപ്പെടുത്തിയ പ്രതിലോമ ചിന്തയുടെ മൂര്‍ധാവില്‍ തന്നെ പ്രബോധനം പ്രഹരിച്ചു. സൗകര്യപൂര്‍വം അല്ലാഹുവിന്റെ ദീനിനെ വെട്ടിമുറിക്കാന്‍ ശ്രമിച്ചവരോട് പൊരുതി. ഏതും എന്തും, അത് ആത്മീയതയോ രാഷ്ട്രീയമോ കലയോ സാഹിത്യമോ സംസ്‌കാരമോ  എന്തുമാവട്ടെ, ഇസ്ലാമില്‍ എത്രയുണ്ടോ അത്രയും പ്രബോധനം വായനക്കാരന് നല്‍കി. കൂട്ടാനും കുറക്കാനും ശ്രമിച്ചില്ല. ഏതാനും വര്‍ഷങ്ങളിലെ നിരന്തര  വായനയിലൂടെ ഇസ്‌ലാമിക സംസ്‌കൃതിയുടെ പരിപാകമായ  പ്രതിനിധികളെ സൃഷ്ടിച്ചെടുക്കാന്‍ പ്രബോധനത്തിന് കഴിഞ്ഞിട്ടുണ്ട്.  മറ്റൊരര്‍ഥത്തില്‍ ഏഴ് ദശാബ്ദത്തിലധികം പിന്നിട്ട പ്രബോധനത്തിന്റെ സാന്നിധ്യം കൂടി ഉള്‍ച്ചേര്‍ന്നതാണ് ഇന്ന് നാം കാണുന്ന കേരളം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ  രണ്ടാം പകുതിയിലേക്ക് നോക്കൂ. ആധുനിക മതനിരാസ ആശയങ്ങള്‍ ലോകത്തെ ഭ്രമിപ്പിച്ച കാലം. കേരളത്തിലും അത് വലിയ പ്രതിധ്വനികളുണ്ടാക്കി. അന്ന് ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്ക് നേരെ പ്രബോധനം തീര്‍ത്ത പ്രതിരോധം അനിഷേധ്യമാണ്. ഒഴികഴിവുകളും മുട്ടുന്യായങ്ങളും നിരത്തി പലരും കളമൊഴിഞ്ഞപ്പോള്‍ പ്രബോധനം ആ ആദര്‍ശ സമരത്തിന് നേതൃത്വം നല്‍കി. അല്ലാഹുവിന്റെ ദീനിന്റെ വക്താവായി നിലയുറപ്പിക്കുകയായിരുന്നു പ്രബോധനം. അത് കേരളത്തിലെ മുസ്‌ലിം സമുദായത്തിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. അതുകൂടി ചേര്‍ന്നതാണല്ലോ ഇന്നത്തെ കേരളം.
ഇപ്പോള്‍ നവനാസ്തികത, ലിബറലിസം, ഇസ്ലാമോഫോബിയ എന്നിങ്ങനെ ഇസ്ലാം വിരുദ്ധത വേഷം മാറി വീണ്ടുമെത്തുമ്പോള്‍ മുസ്ലിം ചെറുപ്പം കാഴ്ചവെക്കുന്ന പ്രോജ്ജ്വലമായ പ്രകടനം അന്ന് നട്ട വിത്തിന്റെ വികാസമാണ്. എത്രമേല്‍ സുകൃത ഫലങ്ങളായിരിക്കും അന്നത്തെ പ്രബോധനത്തിന്റെ പ്രചാരകരിലേക്ക് വന്നുചേരുന്നുണ്ടാവുക!
ലോകത്തെന്തെല്ലാം നടക്കുന്നു. അവയെല്ലാം വെറുതെ വായിച്ചൊഴിവാക്കാന്‍  ഒരാള്‍ക്കാവുമോ? ഇല്ല. അവയോടെല്ലാം ഇസ്‌ലാമിന് എന്തു പറയാനുണ്ട് എന്ന് കൂടി അറിയണം. പ്രബോധനം വായനയിലൂടെ നിങ്ങള്‍ നേടുന്നത് അതാണ്.
എന്തെല്ലാം വ്യാജ പ്രചാരണങ്ങളാണ് ഇസ്‌ലാമിനെതിരെ, പ്രവാചകനെതിരെ, മുസ്‌ലിം സമുദായത്തിനെതിരെ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്; ഇസ്‌ലാമിന്റെ ഏതെല്ലാം സംജ്ഞകളും ചിഹ്നങ്ങളുമാണ് തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നത്? അതിന്റെയൊക്കെ നിജസ്ഥിതി അറിയാനുള്ള  വഴിയാണ് പ്രബോധനം വായന.  ഏതൊരാളും നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന  ചെറുതും വലുതുമായ ഒട്ടനവധി സമസ്യകളില്‍ ഇസ്‌ലാമിക വിധി അറിയാന്‍ അവരെ സഹായിക്കുകയാണ് പ്രബോധനം.
വലിയ പ്രതിസന്ധികളാണ് ഇസ്‌ലാമും മുസ്ലിം സമുദായവും അഭിമുഖീകരിക്കുന്നത്. ഇവയെ അതിജീവിക്കുക എന്നത് പരമ പ്രധാനമാണ്. അതിവാദങ്ങളോ നിസ്സംഗതയോ മാപ്പുസാക്ഷിത്തങ്ങളോ കീഴടങ്ങലോ ഇല്ലാതെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം തുടരണം.  ഈ പ്രയാണത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ പ്രബോധനത്തിനാവുമെന്ന് അതിന്റെ സമ്പന്നമായ ഭൂതകാലം സാക്ഷ്യപ്പെടുത്തുന്നുണ്ട്. നമ്മുടെ കാലം പ്രതീക്ഷിക്കുന്നതും മറ്റൊന്നല്ല. പ്രബോധനം അതിന് പ്രതിജ്ഞാബദ്ധവുമാണ്.
നന്മയുള്ള ഈ  പ്രസിദ്ധീകരണം നമ്മുടെ കൈകളിലുണ്ടെന്നാല്‍ നമ്മുടെ അടുത്ത ചുമതലയെന്താണ്?  പ്രബോധനം അതെത്താവര്‍ക്ക് എത്തിച്ചു കൊടുക്കുക തന്നെ. നമ്മുടെ ഇസ്‌ലാമിക  പ്രവര്‍ത്തന പാരാവാരത്തിലെ  കാമ്പും കാതലും  ഈടുമുള്ള  പ്രവര്‍ത്തനങ്ങളിലൊന്നാണ് പ്രബോധനത്തിന്റെ പ്രചാരണം.
ആ സുഹൃത്തിനെ, ആ പണ്ഡിതനെ,  ആ  കുടുംബത്തെ, ആ ബന്ധുവിനെ, ആ സംഘത്തെ  നമുക്ക് കിട്ടിയെങ്കില്‍  എന്ന് നാം  കൊതിക്കാറില്ലേ, പ്രാര്‍ഥിക്കാറില്ലേ- അവരിലേക്കുള്ള കൈ നീട്ടലാണ് പ്രബോധനം ഡേ.
ഒരു മഹാ വിപ്ലവത്തിലേക്കുള്ള  ആദ്യ ചുവട്.
പ്രാര്‍ഥനയോടെ  രംഗത്തിറങ്ങുക.
അല്ലാഹു അനുഗ്രഹിക്കട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -41-44
ടി.കെ ഉബൈദ്‌