പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന കേരള ഗവര്‍ണര്‍
ജൂണ്‍ അവസാന വാരത്തില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ ജോലിക്കാരനായ കനയ്യ ലാലിനെ പട്ടാപ്പകല്‍ രണ്ട് മുസ്‌ലിം നാമധാരികള്‍ ചേര്‍ന്ന് വെട്ടിക്കൊന്ന സംഭവം രാജ്യത്താകെ പരിഭ്രാന്തി പരത്തിയല്ലോ. ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മ ചാനല്‍ ചര്‍ച്ചക്കിടെ പ്രവാചകനിന്ദ നടത്തിയതും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന നവീന്‍ ജിന്‍ഡാല്‍ അതോടു സഹകരിച്ചതും ആഗോളതലത്തില്‍ ചര്‍ച്ചയാവുകയും ഒ.ഐ.സിയും ഗള്‍ഫ് രാജ്യങ്ങളും അതിനെ അപലപിക്കുകയും ചെയ്തപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നതാണ്. പ്രവാചകനിന്ദ ആരോപിക്കപ്പെട്ടവരെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. അപ്പോഴാണ് തീര്‍ത്തും അപ്രതീക്ഷിതമായി ഗൗസ് മുഹമ്മദ് എന്നയാള്‍ ഉദയ്പൂരില്‍ നൂപുരിനെ സോഷ്യല്‍ മീഡിയയിലൂടെ പിന്തുണച്ച ടൈലര്‍ കനയ്യലാലിനെ വെട്ടിക്കൊല്ലുന്നത്. സംഭവം തത്സമയം വീഡിയോയില്‍ പകര്‍ത്തിയ റിയാസ് അഖ്തറും പ്രതിക്കൂട്ടിലായി. അതോടെ പ്രവാചകനിന്ദ ഇഷ്യൂവേ അല്ലാതായി; മുസ്‌ലിം പേരുകളുള്ളവരുടെ ക്രൂരകൃത്യം ദേശീയ മാധ്യമങ്ങള്‍ ആഘോഷമാക്കി. കോണ്‍ഗ്രസ് നേതാവ് അശോക് ഗഹ്‌ലോട്ട് ഭരിക്കുന്ന രാജസ്ഥാന്‍ ത്വാലിബാന്‍ സ്‌റ്റേറ്റായി മാറിയിരിക്കുകയാണെന്ന് വരെ തട്ടിവിട്ടു ബി.ജെ.പി എം.പിയും മുന്‍ മന്ത്രിയുമായ രാജ്യവര്‍ധന്‍ റാത്തോര്‍. കോണ്‍ഗ്രസ്സിന്റെ മുസ്‌ലിം പ്രീണനമാണത്രെ ഹിന്ദുക്കളെ പരസ്യമായി കൊല്ലാനും പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്താനും അവരെ ധൃഷ്ടരാക്കിയത്. പൊതുസമൂഹത്തെ ഭീകരവത്കരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കനയ്യ ലാലിന്റെ കൊലയെന്നും റാത്തോര്‍ കൂട്ടിച്ചേര്‍ത്തു (ദ ഹിന്ദു, 2022 ജൂണ്‍ 20). പിന്നീടാണ് പ്രതികള്‍ക്ക് ബി.ജെ.പിയുടെ ന്യൂനപക്ഷ മോര്‍ച്ചയുമായും പാര്‍ട്ടിയുമായുമുള്ള ബന്ധം തെളിവ് സഹിതം അനാവരണം ചെയ്യപ്പെട്ടത്. അപ്പോഴേക്ക് പലേടത്തും പ്രതിഷേധ പ്രകടനങ്ങളും അനിഷ്ട സംഭവങ്ങളും അരങ്ങേറിയിരുന്നു. രാജസ്ഥാന്‍ സര്‍ക്കാറാവട്ടെ ശക്തമായ നടപടികളിലൂടെ ക്രമസമാധാനം ഉറപ്പ് വരുത്തുകയും ചെയ്തു. ഈയിനത്തില്‍ പെട്ട ഓപ്പറേഷന്‍ സംഘികളും സംഘി സര്‍ക്കാറുകളും നടത്തി ന്യൂനപക്ഷ സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്നതു കൊണ്ട് അത്ഭുതപ്പെടാനില്ല.
ഇവിടെ കനയ്യ ലാല്‍ കൊല അനുസ്മരിക്കാനുള്ള കാരണം മറ്റൊന്നാണ്. നമ്മുടെ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കിട്ടിയ സുവര്‍ണാവസരം തന്റെ സംഘിക്കൂറ് തെളിയിക്കാനും താന്‍ പിറന്ന സമുദായത്തെ കുരിശിലേറ്റാനും ഉപയോഗപ്പെടുത്തിയതാണത്. വിഷയവുമായി ഒരു ബന്ധവുമില്ലാത്ത മദ്‌റസ വിദ്യാഭ്യാസത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ചാടിപ്പുറപ്പെടുകയായിരുന്നു ഗവര്‍ണറദ്ദേഹം. ആരിഫ് മുഹമ്മദ് ഖാന്റെ വാക്കുകള്‍: ''ഉദയ്പൂര്‍ കൊലപാതകം ഇസ്‌ലാമിനും ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്കും വിരുദ്ധമാണ്. ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളുള്ള ഗ്രന്ഥങ്ങള്‍ മദ്‌റസകളില്‍ പഠിപ്പിക്കുന്നുണ്ട്. ഇവയില്‍ പറയുന്ന കാര്യങ്ങള്‍ കുട്ടികളെ സ്വാധീനിക്കുന്നു. 14 വയസ്സ് വരെ വിശാലാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമായി ഐക്യരാഷ്ട്ര സഭ പറയുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന പ്രകാരവും 14 വയസ്സു വരെയുള്ള വിദ്യാഭ്യാസം മൗലികാവകാശമാണ്. ഈ പ്രായം വരെ മറ്റു പ്രത്യേക വിദ്യാഭ്യാസം നല്‍കരുത്. ഇത് ഭരണഘടനാ വ്യവസ്ഥകള്‍ക്കെതിരാണ്. 14 വയസ്സിനു ശേഷം ഇഷ്ടമുള്ള വിദ്യാഭ്യാസം നല്‍കാം. മദ്‌റസാ വിദ്യാഭ്യാസമല്ല അവിടത്തെ പാഠ്യപദ്ധതിയാണ് പ്രശ്‌നം. ഇവര്‍ ജിഹാദ് ഉള്‍പ്പെടെയുള്ളവയുടെ അര്‍ഥം വളച്ചൊടിച്ചു'' (മാധ്യമം, 30 ജൂണ്‍ 2022).
ഉദയ്പൂര്‍ കൊലയെ അസന്ദിഗ്ധമായി അപലപിക്കാത്ത മുസ്‌ലിം മത സംഘടനകളില്ല. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡും എല്ലാം കനയ്യ ലാലിന്റെ കൊല അനിസ്‌ലാമികമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ ഘോര കൃത്യത്തിന് പിന്നില്‍ ആരായാലും സംഭവത്തെ മതപരമായോ ധാര്‍മികമായോ ന്യായീകരിക്കാനാവില്ല. ഇസ്‌ലാമിലെ ജിഹാദു(ധര്‍മസമരം)മായി ഈ അധാര്‍മിക കൃത്യത്തിന് ഒരു ബന്ധവുമില്ല. ആരും അതിനെ അപ്രകാരം ന്യായീകരിച്ചിട്ടുമില്ല. ആഴത്തിലുള്ള ഗൂഢാലോചന സംഭവത്തിന്റെ പിന്നിലുണ്ടെന്ന സംശയം ബലപ്പെടുന്ന സൂചനകള്‍ പുറത്ത് വന്നുകൊണ്ടിരിക്കെ മുസ്‌ലിം സമുദായത്തിലെ ഏതെങ്കിലും സംഘടനയുടെ മേല്‍ കൊലപാതകക്കുറ്റം കെട്ടിയേല്‍പിക്കാന്‍ ആര് ശ്രമിച്ചാലും അതിന് വിശ്വാസ്യത ലഭിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ നൂറ്റാണ്ടുകളായി നിയമാനുസൃതം നടന്നുവരുന്ന മത വിദ്യാലയങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും മദ്‌റസകളെ അടച്ചുപൂട്ടിക്കാനും വഴിതെളിയിക്കുന്ന പ്രസ്താവന കേരള ഗവര്‍ണറില്‍നിന്ന് പുറത്ത് വന്നത് തികച്ചും ദുരൂഹമായിരിക്കുന്നു. സംഘ് പരിവാറിനോട് ആഴത്തിലുള്ള കൂറ് തെളിയിച്ചാലേ താനിഛിക്കുന്ന സ്ഥാന ലബ്ധി തരപ്പെടൂ എന്ന ധാരണയാണ് ഗവര്‍ണറെക്കൊണ്ട് ഇത് പറയിപ്പിച്ചതെങ്കില്‍ അത് തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി. മത ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ മതമനുസരിച്ച് ജീവിക്കാനും മതവിദ്യാലയങ്ങള്‍ സ്ഥാപിച്ചു നടത്താനും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ ലക്ഷക്കണക്കില്‍ മദ്‌റസകള്‍ പ്രവര്‍ത്തിച്ചുവന്നിട്ടുള്ളതെന്ന സത്യം ഒരാള്‍ക്കും നിഷേധിക്കാനാവില്ല. മദ്‌റസാ വിദ്യാഭ്യാസം പൊതു വിദ്യാഭ്യാസവുമായി ഏറ്റുമുട്ടുന്നില്ലെന്ന് മാത്രമല്ല, അതിനനുഗുണവും സഹായകരവുമായിട്ടാണ് നിലനില്‍ക്കുന്നതെന്ന് കേരളത്തിലെ രാജ്ഭവനില്‍ വര്‍ഷങ്ങളോളമായി കഴിയുന്ന ആരിഫ് മുഹമ്മദ് ഖാന് അറിയാതിരിക്കാന്‍ വഴിയില്ല. തന്നെയല്ല ഏറ്റവുമധികം മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ കുട്ടികളാണ് താനും പൊതു വിദ്യാഭ്യാസത്തിന്റെ മുന്‍പന്തിയിലെന്നതും അനിഷേധ്യമാണ്. ഉത്തരേന്ത്യയിലെ മുഴുസമയ മദ്‌റസകളാണ്, അദ്ദേഹത്തിന്റെ മനസ്സിലുള്ളതെങ്കില്‍ അവയുടെ സന്തതികളും തീവ്രവാദികളോ ഭീകരരോ ആയി പുറത്തുവന്നതിന് ഉദാഹരണങ്ങളില്ല. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും മതാനുഷ്ഠാനങ്ങളും പഠിച്ചത് മൂലം തലമുറകള്‍ നന്നാവുകയല്ലാതെ ദുഷിക്കുമെന്ന് വസ്തുതാപരമായി തെളിയിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. മദ്‌റസാ പാഠ്യപദ്ധതികള്‍ കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട് എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടുന്നതെങ്കില്‍ തീര്‍ച്ചയായും ചിന്താര്‍ഹം തന്നെയാണത്. നിലവില്‍ മത വിദ്യാലയങ്ങളുടെ നടത്തിപ്പുകാര്‍ തന്നെയും പരിഗണിക്കുന്ന വിഷയവുമാണത്. എന്നാല്‍, 14 വയസ്സിന് മുമ്പ് മതപഠനം നല്‍കിക്കൂടെന്ന അഭിപ്രായം തീര്‍ത്തും നിരാകരിക്കപ്പെടേണ്ടതാണ്, പ്രാഥമിക മത സ്വാതന്ത്ര്യത്തിന് നിരക്കാത്തതുമാണ്. നാസ്തികരും യുക്തിവാദികളും താന്തോന്നികളുമായി കുട്ടികള്‍ വളരട്ടെ എന്ന് ചിന്തിക്കാനും വാദിക്കാനും അരാജകത്വത്തിന്റെ വക്താക്കള്‍ക്കേ കഴിയൂ. ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഫലാഹ് ട്രസ്റ്റ് നടത്തിവരുന്ന മുന്നൂറോളം സ്‌കൂളുകള്‍ അടച്ചുപൂട്ടിയ മോദി സര്‍ക്കാറിന്റെ മനോഗതമാണ് ആരിഫ് മുഹമ്മദ് ഖാനും വെച്ചുപുലര്‍ത്തുന്നതെങ്കില്‍ അദ്ദേഹത്തെ നയിക്കുന്നത് ഇസ്‌ലാമിനോടുള്ള കടുത്ത അസഹിഷ്ണുതയാണെന്ന് പറയേണ്ടിവരും. 1985-86 കാലത്ത് കേരളത്തില്‍ ശരീഅത്ത് വിരുദ്ധ കാമ്പയിനിന് നാസ്തിക-മതവിരുദ്ധ ശക്തികള്‍ അദ്ദേഹത്തെയാണ് എഴുന്നള്ളിച്ചതെന്ന ചരിത്രം ചിലരെങ്കിലും മറന്നിരിക്കാനിടയില്ല.
Comments