Prabodhanm Weekly

Pages

Search

2022 ജൂലൈ 22

3260

1443 ദുല്‍ഹജ്ജ് 23

മക്കള്‍ക്കൊപ്പമുള്ള നബിപാഠങ്ങള്‍

 പി.പി ജുമൈല്‍

തലമുറകള്‍ തമ്മിലുള്ള വിടവ് (ജനറേഷന്‍ ഗ്യാപ്) അതിവേഗം വര്‍ധിക്കുന്ന കാലമാണിത്. ടെക്നോളജിയുടെയും മീഡിയയുടെയും ലോകത്ത് മാസങ്ങള്‍കൊണ്ടും ആഴ്ചകള്‍കൊണ്ടും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ ചുരുങ്ങിയ വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ജനിച്ചവര്‍ക്കിടയിലും വലിയ വിടവാണ് രൂപപ്പെടുന്നത്. ഇത്തരമൊരു സമകാലിക ലോകത്താണ് നമുക്ക് കുട്ടികളെ വളര്‍ത്താനുള്ളത്. മക്കളെയും അവരുടെ ലോകത്തെയും കഴിയുന്നത്ര പഠിച്ച് അവര്‍ക്കൊപ്പം ജീവിക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ നമുക്ക് ഈ തലമുറകളുടെ വിടവിനെ മറികടന്ന് മക്കള്‍ക്ക് ഇസ്ലാമിക സംസ്‌കാരം പകര്‍ന്ന് നല്‍കാനാകൂ. കുട്ടികളോടൊപ്പം അവരുടെ ലോകത്തേക്ക് ഇറങ്ങിച്ചെന്ന് കാര്യങ്ങള്‍ പരസ്പരം കൈമാറാന്‍ നമുക്ക് സാധിച്ചാലേ ഇത് വിജയിക്കൂ. അതിന് ഏറ്റവും വലിയ മാതൃക നബി(സ) തന്നെയാണ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും വിശ്വാസിക്ക് നബി(സ)യില്‍ ഉത്തമമാതൃക കാണാനാകും. അത് ഖുര്‍ആന്‍ വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട് (അല്‍അഹ്സാബ് 21). മക്കളെയും പേരക്കുട്ടികളെയും മറ്റ് കുട്ടികളെയും വളര്‍ത്തുന്നതിലും അവരെ ഇസ്ലാമിക സംസ്‌കാരം പഠിപ്പിക്കുന്നതിലും നബിയുടെ ജീവിതത്തില്‍ ധാരാളം ഉദാഹരണങ്ങള്‍ കാണാം. അവയില്‍ ചിലത് മാത്രം ഓര്‍ത്തെടുക്കാം:

മക്കളോടൊപ്പം
നബിയുടെ ആണ്‍മക്കളെല്ലാം വളരെ ചെറുപ്പത്തിലേ നബിയെ പിരിഞ്ഞിരുന്നു. അവരോടുള്ള വൈകാരിക ബന്ധത്തിന്റെ സൂചനകളുള്ള ഹദീസുകള്‍ പ്രമുഖ ഗ്രന്ഥങ്ങളില്‍ കാണാം. അവരില്‍ ചിലരെ ഓര്‍ത്ത് നബി കണ്ണീരൊഴുക്കിയതും ആ ദുഃഖത്തെക്കുറിച്ച് നബി സംസാരിച്ചതും ഹദീസുകളിലുണ്ട്.
പെണ്‍മക്കളില്‍ ഫാത്വിമ(റ)യെക്കുറിച്ചാണ് കൂടുതല്‍ അനുഭവ വിവരണങ്ങള്‍  ഉള്ളത്. മറ്റൊരു മകളായ സൈനബി(റ)ന്റെയും അവരുടെ ഭര്‍ത്താവ് അബുല്‍ ആസിന്റെയും കഥയും വിശദമായി വന്നിരിക്കുന്നു. ആ കഥയില്‍, മകളോടുള്ള അതിയായ സ്നേഹം നബി പ്രകടിപ്പിക്കുന്നുണ്ട്.
മകള്‍ ഫാത്വിമയെ കരളിന്റെ കഷണമെന്നും തന്നില്‍ നിന്നുള്ളൊരു ഭാഗം എന്നും നബി വിശേഷിപ്പിച്ചിട്ടുണ്ട്. ഫാത്വിമ എപ്പോള്‍ അടുത്ത് വന്നാലും എണീറ്റ് ചെന്ന് അവരെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് സ്വീകരിക്കുകയും തന്റെ ചാരത്ത് ഇരുത്തുകയും ചെയ്യുമായിരുന്നു നബി.
ആഇശ(റ) പറയുന്നതായി ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സംഭവം: 'ഒരിക്കല്‍ നബി ഫാത്വിമയോട് എന്തോ പറഞ്ഞപ്പോള്‍ അവര്‍ കരഞ്ഞു. അപ്പോള്‍ നബി ഫാത്വിമയുടെ ചെവിയില്‍ വീണ്ടും ഒരു കാര്യം പറഞ്ഞു. അപ്പോള്‍ അവര്‍ ചിരിച്ചു. ആഇശ പിന്നീട് ഫാത്വിമയോട്, എന്താണ് പറഞ്ഞതെന്ന് തിരിക്കിയപ്പോള്‍ ഫാത്വിമ പറഞ്ഞു: റസൂല്‍ ഇതാണ് പറഞ്ഞത്: സാധാരണ ഒരു വര്‍ഷം ഒരു തവണ ജിബ്‌രീല്‍ ഖുര്‍ആന്‍ എനിക്ക് ഓതിക്കേള്‍പ്പിക്കും. ഇക്കൊല്ലം രണ്ട് തവണ ഓതിക്കേള്‍പ്പിച്ചു. എന്റെ മരണം അടുത്തതായി എനിക്ക് തോന്നുന്നു. നീയാണ് നമ്മുടെ കുടുംബത്തില്‍നിന്ന് ആദ്യം എന്റെയടുത്തെത്തുക. ഇത് കേട്ടപ്പോള്‍ ഞാന്‍ കരഞ്ഞു. അപ്പോള്‍ നബി പറഞ്ഞു: സ്വര്‍ഗത്തിലെ സ്ത്രീകളുടെ നേതാവാകുന്നത് നിനക്ക് ഇഷ്ടമല്ലേ? ഇതുകേട്ടപ്പോള്‍ ഞാന്‍ ചിരിച്ചു.'
മകളോട് കാര്യങ്ങള്‍ നേരിട്ട് സംസാരിക്കുന്നതിന്റെ വലിയ മാതൃകയാണിവിടെ കാണാനാവുക.
ഫാത്വിമയുടെയും അലിയുടെയും ജീവിതത്തിലെ പ്രയാസ ഘട്ടങ്ങളില്‍ പിതൃ നിര്‍വിശേഷമായ പല ഉപദേശങ്ങളും നബി നല്‍കിയത് കാണാം. അലിയുടെ വീട്ടില്‍ വേലക്കാരില്ലാത്തതിനാല്‍ പണിയെടുത്ത് കുഴങ്ങുന്നെന്ന പരാതിയുമായി ഫാത്വിമ നബിയുടെ അടുക്കലെത്തി. അടുത്തിരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ്, ക്ഷമയോടെ കഴിയാന്‍ പറയുകയും പ്രയാസത്തിന്റെ സന്ദര്‍ഭത്തില്‍ ഉരുവിടാന്‍ ചില ദിക്റുകള്‍ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് നബി. ഇത് പ്രതിസന്ധി ഘട്ടങ്ങളില്‍ മക്കളോട് പുലര്‍ത്തേണ്ട ഗുണകാംക്ഷയുടെ ഉത്തമ മാതൃകയാണ്.

കുഞ്ഞുങ്ങളോടൊപ്പം
നബി(സ) പേരക്കുട്ടികളായ ഹസന്‍, ഹുസൈന്‍ എന്നിവരെ  തോളത്തിരുത്തി കുതിരയെപ്പോലെ കൊണ്ടു പോയതും കുട്ടിക്കളികളിലേര്‍പ്പെട്ടതും നബിചരിത്ര കൃതികളിലുണ്ട്. നിവേദക പരമ്പര അത്ര പ്രബലമല്ലെങ്കിലും, നബി വീട്ടിലെ കുട്ടികള്‍ക്കൊപ്പം കളിക്കുന്ന സന്ദര്‍ഭത്തില്‍ അവിടേക്കെത്തിയ മുആവിയയോട് പറഞ്ഞ ഒരു വാക്യമുണ്ട്: 'ആര്‍ക്കെങ്കിലും കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കായി അവന്‍ കുട്ടിയാകട്ടെ'. ഈ വാക്കുകളെ അന്വര്‍ഥമാക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ സ്വഹീഹായ രിവായത്തുകളില്‍ തന്നെ ധാരാളമുണ്ട്.
ഹസനെയും ഹുസൈനെയും നബി തോളില്‍ കയറ്റിയിരുത്തി കളിപ്പിക്കുമ്പോള്‍ ഉമര്‍(റ) അവിടേക്ക് വരികയും എത്ര നല്ല കുതിരയാണ് നിങ്ങളുടേതെന്ന് പറയുകയും ചെയ്തു. അപ്പോള്‍ നബി പറഞ്ഞു: അവര്‍ രണ്ടുപേരും നല്ല കുതിരക്കാരുമാണ് (ഇബ്നു കസീര്‍). ഹസന്‍(റ)നെ തോളില്‍വെച്ച് നബി വന്നതിനെക്കുറിച്ച് ബര്‍റാഉബ്നു ആസിബ്(റ)വും സംഭവം രിവായത്ത് ചെയ്തിട്ടുണ്ട്. നബി അപ്പോള്‍ പറയുന്നു: 'അല്ലാഹുവേ, ഞാന്‍ ഇവനെ സ്നേഹിക്കുന്നു. അവനെ സ്നേഹിക്കുന്നവരെയും.' (മുസ്ലിം)
വെറുതെയിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമല്ല, നമസ്‌കാരം പോലുള്ള ആരാധനാ കര്‍മങ്ങളുടെ സമയത്തും മിമ്പറിലാകുന്ന സമയത്തുമെല്ലാം നബി കുട്ടികളെ ഓമനിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. ഇമാം അഹ്മദും നസാഇയും രേഖപ്പെടുത്തിയ ഒരു സംഭവം. നബി സ്വഹാബികളോടൊപ്പം ജമാഅത്തായി നമസ്‌കരിക്കുകയായിരുന്നു. ഒരു സുജൂദ് നബി ദീര്‍ഘിപ്പിച്ചു. നമസ്‌കാര ശേഷം കാരണമന്വേഷിച്ച അനുചരന്മാരോട് നബി പറഞ്ഞു: ഞാന്‍ സുജൂദിലായിരിക്കെ എന്റെ പുറത്ത് ഹസനും ഹുസൈനും കയറി. അവര്‍ കളിച്ചു കഴിഞ്ഞ് ഇറങ്ങുന്നതുവരെ ഞാന്‍ സുജൂദില്‍ തുടര്‍ന്നു.
ഇതാണ് നബിയുടെ ഉത്തമ മാതൃക. നമസ്‌കരിക്കാന്‍ വന്ന കുട്ടികള്‍ ചെറിയ ശബ്ദമുണ്ടാക്കുമ്പോഴേക്കും അവരെ ആട്ടിയോടിക്കലല്ല, അവരുടെ കളിക്കും മറ്റും നമസ്‌കാരത്തിനിടയില്‍ പോലും അവസരമൊരുക്കിക്കൊടുക്കലാണ് നബിയുടെ സുന്നത്ത്.

കൗമാരക്കാര്‍ക്കൊപ്പം
കൗമാരക്കാര്‍ക്കും യുവത്വത്തിന്റെ തുടക്കത്തിലുള്ളവര്‍ക്കും നബി ഇതേ പരിഗണനയും പ്രാധാന്യവും നല്‍കിയിരുന്നു. കുട്ടികള്‍ക്കൊപ്പം ഒട്ടകപ്പുറത്തും മറ്റു വാഹനങ്ങളിലും യാത്ര ചെയ്യുമ്പോഴും, ഭക്ഷണത്തിനും മറ്റാവശ്യങ്ങള്‍ക്കും ഇരിക്കുമ്പോഴുമാണ് ഇത്തരം അധ്യാപനങ്ങള്‍ അധികവും നല്‍കിയതെന്നത് വളരെ ശ്രദ്ധേയമാണ്.
ഇബ്നു അബ്ബാസ്(റ) പറയുന്നു: ഞാന്‍ നബി(സ) യോടൊപ്പം ഒട്ടകത്തിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ അദ്ദേഹം പറഞ്ഞു: കുഞ്ഞേ, ഞാന്‍ നിനക്ക് ചില വാക്യങ്ങള്‍ പഠിപ്പിച്ചുതരാം. 'നീ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിന്നെ സംരക്ഷിക്കും. അല്ലാഹുവിനെ നേരില്‍ കാണുന്നതുപോലെ അവനെ നീ സൂക്ഷിക്കുക. നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവോട് സഹായം തേടുക. നീ അറിയുക, സമൂഹം മുഴുവന്‍ നിനക്കൊരു ഉപകാരം ചെയ്യാന്‍ ഒരുമിച്ചുകൂടിയാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാത്ത ഒരു ഉപകാരവും അവര്‍ക്ക് ചെയ്യാനാകില്ല. ഇനി അവരെല്ലാവരും നിനക്കൊരു ഉപദ്രവം ചെയ്യാന്‍ ഒരുമിച്ചുകൂടിയാലും അല്ലാഹു നിനക്ക് വിധിച്ച ഉപദ്രവമല്ലാതെ ഉണ്ടാക്കാനാകില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ഏടുകള്‍ ഉണങ്ങിയിരിക്കുന്നു.' (ഇമാം തിര്‍മിദി സുനനില്‍ രേഖപ്പെടുത്തിയ ഹദീസ്)
ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന പാഠങ്ങളാണ് കൗമാരക്കാരനായ ഇബ്നു അബ്ബാസിനെ കൂടെയിരുത്തി നബി കൈമാറുന്നത്. അല്ലാഹുവിലുള്ള വിശ്വാസം, ഭൗതിക ലോകത്തുള്ള ഉപകാര-ഉപദ്രവങ്ങളെക്കുറിച്ച ഇസ്ലാമിക സങ്കല്‍പം, ഖദ്റിലുള്ള വിശ്വാസം പോലുള്ള വലിയ കാര്യങ്ങള്‍ വളരെ സരളവും സരസവുമായി വിശദീകരിക്കുന്നു. ഇതുപോലെ മക്കളോട് തുറന്നു പറയാന്‍ നമുക്കാവണം.
മറ്റൊരു സംഭവം: ഉമറുബ്നു അബീസലമ പറഞ്ഞു: ഞാന്‍ കുട്ടിയായിരിക്കെ നബിയുടെ കൂടെ ഭക്ഷണം കഴിക്കുമ്പോള്‍ കൈകള്‍ ഭക്ഷണത്തളികയില്‍ പരന്ന് നടക്കുകയായിരുന്നു. അപ്പോള്‍ നബി പഠിപ്പിച്ചു: കുഞ്ഞേ, ബിസ്മി ചൊല്ലുക, വലതുകൈകൊണ്ട് തിന്നുക, നിന്റെ അടുത്തുള്ളതില്‍നിന്ന് ഭക്ഷിക്കുക. അതിനു ശേഷം ഞാന്‍ ഈ കല്‍പന ജീവിതത്തില്‍ ലംഘിച്ചിട്ടില്ല (ഇമാം ബുഖാരി). നബിയുടെ ആ ശൈലി കുട്ടിയെ എത്രത്തോളം സ്വാധീനിച്ചെന്നതിന് തെളിവാണ് ജീവിതാവസാനം വരെ പിന്നെ ആ കല്‍പന ലംഘിച്ചിട്ടില്ലെന്ന സാക്ഷ്യം.
മറ്റൊരിക്കല്‍, കൗമാരക്കാരനായ ഫദ്ലുബ്നു അബ്ബാസ്(റ) നബിയുടെ കൂടെ സഞ്ചരിക്കുമ്പോള്‍ ഒരു യുവതിയെ നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ നബി സ്നേഹപൂര്‍വം ഫദ്ലിന്റെ കവിളില്‍ പിടിച്ച് തല മറ്റൊരു ഭാഗത്തേക്ക് തിരിച്ച് മര്യാദ പഠിപ്പിക്കുന്നത് കാണാനാകും. മ്ലേഛ കാഴ്ചകള്‍കൊണ്ട് നിറഞ്ഞ സമകാലിക ലോകത്ത് മക്കളെ എങ്ങനെ തിരുത്തണമെന്നതിന് വലിയ മാതൃകയാണിത്.
ആരാധനാ കാര്യങ്ങളും ഇതുപോലെ നബി ചെറിയവര്‍ക്ക് പകര്‍ന്നു കൊടുക്കാറുണ്ടായിരുന്നു. മാത്രമല്ല, നമസ്‌കാരത്തിന്റെ കാര്യത്തില്‍ ചെറുപ്പം മുതലേ അവര്‍ക്ക് നമസ്‌കാരം കാണിച്ചുകൊടുക്കാനും പിന്നീട് അവരെയും അതിന് പ്രേരിപ്പിക്കാനും നബി പഠിപ്പിക്കുന്നുണ്ട്. നോമ്പിന്റെ കാര്യത്തിലും ചെറുപ്പം മുതല്‍ തന്നെ മക്കളെ പ്രേരിപ്പിക്കുന്ന നിലപാടുകള്‍ കാണാനാകും. ഇപ്രകാരം ദീനിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍, ആരാധനകള്‍, ദീനീ മര്യാദകള്‍, ഇസ്ലാമിക സംസ്‌കാരം എന്നിവയെല്ലാം നബി മാതൃക സൃഷ്ടിച്ചു തന്നെ മക്കളെ ഒപ്പംകൂട്ടി പകര്‍ന്ന് നല്‍കുകയായിരുന്നു.
നബിചര്യക്കനുസരിച്ച് കുട്ടികളോട് തുറന്ന് സംസാരിക്കാനും ആശയവിനിമയം നടത്താനും സന്നദ്ധരാവുക. മുതിര്‍ന്നവരെ കണ്ട് പഠിക്കുന്ന കാലത്ത് നബിയെപ്പോലെ നാമവര്‍ക്ക് ഉത്തമ മാതൃകയാവുക. രാജ്യാന്തര ബന്ധങ്ങള്‍ വരെ വിരല്‍തുമ്പിലുള്ള സോഷ്യല്‍ മീഡിയാ കാലത്ത് നാമവര്‍ക്ക് എല്ലാം ചാറ്റ് ചെയ്യാനാകുന്ന കൂട്ടുകാരാവുക. നബി(സ)യുടെ മാതൃകയുള്‍ക്കൊണ്ട് അവര്‍ക്കൊപ്പം നിന്ന് അവരെ തിരുത്തുക. അതിനായി അവരുടെ ലോകവും സാങ്കേതികവിദ്യയും വേണ്ടവിധം മനസ്സിലാക്കാനും ശ്രമിക്കുക.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -41-44
ടി.കെ ഉബൈദ്‌