Prabodhanm Weekly

Pages

Search

2022 ജൂലൈ 22

3260

1443 ദുല്‍ഹജ്ജ് 23

മതം, യുക്തിവാദം, കമ്യൂണിസം... ഏതാണ് അന്ധവിശ്വാസം?

സൈനുദ്ദീന്‍ മന്ദലാംകുന്ന് 

മനുഷ്യനെയും വസ്തുപ്രപഞ്ചത്തെയും സംബന്ധിച്ച ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മനുഷ്യനോളം തന്നെ പഴക്കമുണ്ട്. പ്രപഞ്ചോത്പത്തിയെയും മനുഷ്യസൃഷ്ടിപ്പിനെയും കുറിച്ച മതകീയ വിശദീകരണങ്ങളില്‍ തൃപ്തിപ്പെടാതെ ഭൗതികവാദപരമായ പ്രപഞ്ചവീക്ഷണത്തോടെ മനുഷ്യനെയും വസ്തുപ്രപഞ്ചത്തെയും നിര്‍വചിക്കാനുള്ള ശ്രമങ്ങളെ നാമിന്ന് ശാസ്ത്രം എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. പ്രകാശോര്‍ജമാണ് വസ്തുക്കളായി രൂപപ്പെടുന്നതെന്നും, അതുകൊണ്ടുതന്നെ വസ്തുക്കളൊന്നും സമ്പൂര്‍ണമായും നശിക്കുന്നില്ലെന്നും അവക്ക് പുതിയ രൂപത്തിലേക്ക് ഊര്‍ജ പരിണാമം സംഭവിക്കുകയാണെന്നും അതുകൊണ്ടുതന്നെ പ്രപഞ്ചം അനാദിയാണെന്നും പരിണാമപ്രക്രിയയിലൂടെ ഈ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും വിശ്വസിക്കുന്നതിനെയാണ് വാസ്തവത്തില്‍ നാം ശാസ്ത്രമെന്നും യുക്തിചിന്തയെന്നും പേരിട്ട് വിളിക്കുന്നത്. പുരാതന ഗ്രീക്ക് തത്ത്വചിന്തകനായ അരിസ്റ്റോട്ടില്‍, പ്രപഞ്ചം അനാദിയാണെന്നും അത് എക്കാലത്തും നിലനിന്നിരുന്നുവെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആളാണ്. അനാദിയായി നിലകൊള്ളുന്ന ഒന്ന് സൃഷ്ടിക്കപ്പെട്ട ഒന്നിനെക്കാളും പൂര്‍ണതയുള്ളതായി അദ്ദേഹം സങ്കല്‍പിച്ചു. എന്നാല്‍, പ്രപഞ്ചം ശൂന്യതയില്‍ നിന്ന് ഉണ്ടായതാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തയാളാണ് ഈയടുത്ത കാലത്ത് മരണപ്പെട്ട സ്റ്റീഫന്‍ ഹോക്കിംഗ്.

പ്രപഞ്ചവിജ്ഞാനീയത്തിലെ വികാസങ്ങള്‍
വാസ്തവത്തില്‍ പ്രപഞ്ചം അനാദിയാണെന്ന് വിശ്വസിച്ചാല്‍ ഒട്ടേറെ ചോദ്യങ്ങള്‍ അതുമൂലം മറികടക്കാനാവുമായിരുന്നു. സങ്കീര്‍ണമായ അത്തരം സമസ്യകളെ അഭിമുഖീകരിക്കാതെ വസ്തുപ്രപഞ്ചത്തിന്റെ ബാഹ്യചേരുവകളെയും അവയുടെ നിലനില്‍പിന് ആധാരമായ ബാഹ്യനിയമങ്ങളെയും വിശദീകരിക്കാനാണ് പിന്നീട് മനുഷ്യര്‍ പ്രയത്നിച്ചത്. ഇന്നും ശാസ്ത്രത്തിന്റെ മുഖ്യ പരിഗണനകള്‍ അവ തന്നെയാണല്ലോ...? എങ്കിലും ഭൗതികവാദപരമായ പ്രപഞ്ച വിജ്ഞാനീയത്തില്‍ കഴിഞ്ഞ നൂറ് വര്‍ഷങ്ങള്‍ക്കിടക്ക് വലിയ മാറ്റങ്ങള്‍ തന്നെ പ്രകടമാവുകയുണ്ടായി. സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിന്റെ ആവിര്‍ഭാവവും അതിനു ശേഷം വന്ന, പ്രപഞ്ചം വികസിച്ചുകൊണ്ടേയിരിക്കുന്നു എന്ന കണ്ടെത്തലും ആദിയും അന്ത്യവുമില്ലാത്ത ചിരകാല പ്രപഞ്ചം എന്ന സങ്കല്‍പങ്ങളെ പാടെ തകര്‍ത്തുകളയുകയുണ്ടായി. അങ്ങനെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം, പ്രപഞ്ചോല്‍പത്തി ഒരു മഹാസ്ഫോടനം വഴിയാണ് ആരംഭിച്ചത് എന്ന് നിര്‍വചിക്കുകയും തമോഗര്‍ത്തങ്ങളില്‍ സമയം അവസാനിക്കുമെന്ന് പ്രവചിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ആരംഭവും അന്ത്യവുമുള്ള പ്രപഞ്ചം എന്ന അടിസ്ഥാന കാര്യത്തിലേക്ക് ശാസ്ത്രവും മതവും ഇന്ന് ഒത്തുവന്നിരിക്കുകയാണ്. എന്നാല്‍, ആരംഭമുള്ള ഈ പ്രപഞ്ചത്തിന്റെ രൂപപ്പെടലിന്റെ കാര്യകാരണങ്ങളെ വിശദീകരിക്കുന്ന സ്ഥാനത്ത് മതം ലളിതമായ ഉത്തരങ്ങള്‍ നല്‍കുമ്പോള്‍, ഭൗതികവാദം സങ്കീര്‍ണമായ സങ്കല്‍പങ്ങള്‍, നിഗമനങ്ങള്‍ ശാസ്ത്രീയ പരിവേഷത്തോടെ അവതരിപ്പിക്കുന്നു. എന്നാല്‍, മതങ്ങളുടെ ഉത്തരങ്ങളെ ഇന്നത്തെ പൊതുബോധം ഭാവനയും സങ്കല്‍പവുമായി ഇകഴ്ത്തുകയും ശാസ്ത്രത്തിന്റെ പേരിലുള്ള സങ്കീര്‍ണമായ സങ്കല്‍പങ്ങളെയും നിഗമനങ്ങളെയും സത്യങ്ങളായി തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.

സത്യങ്ങളായി തെറ്റിദ്ധരിക്കപ്പെട്ട 
സങ്കല്‍പങ്ങള്‍
സത്യങ്ങളായി തെറ്റിദ്ധരിക്കപ്പെട്ട ഈ സങ്കല്‍പങ്ങളെയും നിഗമനങ്ങളെയുമാണ് നാമിന്ന് യുക്തിചിന്ത, യുക്തിവാദം, ശാസ്ത്രബോധം തുടങ്ങിയ സംജ്ഞകളിലൂടെ നിര്‍വചിക്കുന്നത്. മനുഷ്യന്റെ കേവല യുക്തിയെയും പഞ്ചേന്ദ്രിയങ്ങളിലൂടെ അവന്‍ സമാര്‍ജിക്കുന്ന ജ്ഞാനരൂപങ്ങളെയും അടിസ്ഥാനമാക്കി വസ്തുപ്രപഞ്ചത്തെ നിര്‍വചിക്കാനുള്ള ഈ ശ്രമങ്ങളുടെ ഉറവിടം, അറിയപ്പെട്ട ചരിത്രത്തില്‍ പുരാതന ഗ്രീക്ക് സംസ്‌കാരത്തിലും ഭാരതീയ പാരമ്പര്യങ്ങളിലും മറ്റും നമുക്ക് കാണാനാവുമെങ്കിലും അത് വ്യാപകമായ ഒരു പ്രതിഭാസമായി മാറുന്നത് ആധുനിക കാലത്താണെന്ന് കാണാം.
യൂറോപ്പിലെ പ്രബോധോദയ കാലത്തിന് ശേഷം രൂപപ്പെട്ട ഭൗതികവാദപരമായ വിവിധ ചിന്താപ്രവണതകളില്‍ ഉള്‍പ്പെടുന്ന ഒരു ചിന്താ രീതിയാണ്  യുക്തിവാദം. അന്തഃപ്രജ്ഞയുടെ സഹായമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലനം ചെയ്ത് സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിന്താരീതിയെയാണ് വാസ്തവത്തില്‍ യുക്തിചിന്ത എന്ന് പറയുന്നത്. അന്തഃപ്രജ്ഞയെ പൂര്‍ണമായി നിരാകരിക്കുന്ന ചിന്താരീതി തീവ്രയുക്തിവാദമെന്നും, അന്തഃപ്രജ്ഞക്ക് താരതമ്യേന പ്രാധാന്യം കുറച്ചുകാണുന്ന പ്രവണതക്ക് മിതയുക്തി വാദമെന്നും പറയുന്നു. യൂറോപ്പില്‍ രൂപപ്പെട്ട ഈ പ്രവണതകളുടെയും ചിന്താരൂപങ്ങളുടെയും തനിപ്പകര്‍പ്പുകളല്ല കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന യുക്തിവാദ പ്രസ്ഥാനങ്ങള്‍. ആദ്യകാലത്ത് ശാസ്ത്ര ചിന്തയെ മുന്‍നിറുത്തി മത വിശ്വാസങ്ങളെയെല്ലാം ചോദ്യം ചെയ്തും അവയോട് സന്ദേഹങ്ങള്‍ പുലര്‍ത്തിയും അവയെ വെല്ലുവിളിച്ചും രൂപപ്പെട്ട ഈ ചിന്താപ്രവണതകള്‍, ഇന്ന് പൊതുവായി അന്ധവിശ്വാസ ജടിലമായ മതവിശ്വാസങ്ങളെ ഉന്നം വെക്കാതിരിക്കുകയും ഇസ്‌ലാമിനെ മാത്രം ടാര്‍ജറ്റ് ചെയ്യുകയും ചെയ്യുന്നു. മറ്റേതൊരു കാലത്തെക്കാളും വിഗ്രഹാരാധനയും അന്ധവിശ്വാസാധിഷ്ഠിതമായ അനാചാരങ്ങളും പെരുകിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ യുക്തിവാദ പ്രസ്ഥാനങ്ങള്‍ അവയോടെല്ലാം കണ്ണടച്ച് നിസ്സംഗത പുലര്‍ത്തുകയും, മുത്ത്വലാഖിനെയും മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണത്തെയും ലിംഗപദവിയെ പറ്റിയുള്ള ഇസ്ലാമിക സമീപനങ്ങളെയും സ്വവര്‍ഗ ലൈംഗികതയെ സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാടുകളെയും പ്രശ്നവത്കരിക്കുന്നു. 

ആധുനിക നവോത്ഥാനത്തിന്റെ 
പ്രതിഫലനങ്ങള്‍
കൊളോണിയല്‍ ആധുനികതയുമായുള്ള സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ സമ്പര്‍ക്കങ്ങള്‍ വഴി രൂപപ്പെട്ട പ്രബുദ്ധതയും പുരോഗമനോന്മുഖതയും പല കൈവഴികളായി പ്രതിപ്രവര്‍ത്തിച്ചും പരസ്പര പോഷകമായി പ്രവഹിച്ചും കേരളീയ നവോത്ഥാനത്തിന് രൂപവും ഉള്ളടക്കവും പ്രദാനം ചെയ്തുവെന്നത് നമുക്ക് വിസ്മരിക്കാനാവില്ല. ആത്മജ്ഞാനിയും പ്രായോഗിക അദ്വൈതവാദിയുമായ നാരായണ ഗുരുവിലൂടെയും, മതനിഷേധിയും ദൈവനിഷേധിയും യുക്തിവാദിയുമായ സഹോദരന്‍ അയ്യപ്പനിലൂടെയും ആധുനിക നവോത്ഥാനത്തിന്റെ ചില പ്രതിഫലനങ്ങള്‍ തന്നെയാണ് നാം കണ്ടതെന്നതും  ഒരു പക്ഷേ, സമുദായ സമുദ്ധാരണത്തിന്റെയും നവോത്ഥാനത്തിന്റെയും ലക്ഷ്യങ്ങളുള്ള വൈരുധ്യപൂര്‍ണമായ ഈ ധാരകള്‍ പരസ്പര പോഷകമായാണ് കേരളീയ ചരിത്രത്തില്‍ പ്രവര്‍ത്തിച്ചതെന്നതും ഇന്ന് നാം വ്യക്തമായി തിരിച്ചറിയുന്നു. രണ്ട് പ്രവണതകളും സവര്‍ണ മേധാവിത്വപരമായ ജാതീയ ഘടനയില്‍ നിന്ന് മോചിതമായി മനുഷ്യപദവി ആര്‍ജിക്കുന്നതിനുള്ള സാമൂഹിക മുന്നേറ്റങ്ങളുടെ ഭാഗമായതിനാല്‍, സാമൂഹിക ശാസ്ത്രത്തിന്റെ ഭാഷയില്‍ നമുക്കതിനെ പുരോഗമനപരം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. എന്നാല്‍, യുക്തിവാദവും ആധ്യാത്മികവാദവും അന്തര്‍ധാരയായി വന്ന വൈരുധ്യപൂര്‍ണമായ ഈ ചിന്താധാരകളൊക്കെയും സ്വന്തം ജാതിസമൂഹങ്ങളെ ആധുനികവത്കരിക്കാനും അതുവഴി സാമ്പത്തിക- സാമൂഹിക പദവി ഉറപ്പുവരുത്താനുമാണ് യത്നിച്ചത് എന്ന് ഇന്ന് നാം തിരിച്ചറിയുന്നു.

പ്രതിലോമകരമായ രൂപാന്തരം
സ്വന്തം ജാതിക്കപ്പുറമുള്ള മനുഷ്യരുടെ പ്രശ്നങ്ങളെ, സാമൂഹികമായ അസമത്വങ്ങളെ പരിഗണിക്കാനും ആ പ്രശ്നങ്ങളുടെ പരിഹാരത്തിന് വേണ്ടി യത്നിക്കാനും ഈ യുക്തിചിന്തയും ആധ്യാത്മിക ചിന്തകളുമൊന്നും പ്രയോഗ തലത്തില്‍ അവര്‍ക്ക് പ്രചോദനമാകുന്നില്ല എന്ന കാര്യം ഇന്ന് നമുക്ക് തിരിച്ചറിയേണ്ടി വരുന്നു. ഇതിനര്‍ഥം ചരിത്രത്തിന്റെ ചില സന്ദര്‍ഭങ്ങളില്‍ പുരോഗമന ധര്‍മം നിര്‍വഹിക്കുന്ന ഇത്തരം പ്രവണതകള്‍ മറ്റൊരു സന്ദര്‍ഭത്തില്‍ പ്രതിലോമകരമായി രൂപാന്തരപ്പെടുന്നുവെന്നാണ്. എന്നാല്‍, മനുഷ്യരെ മതവും ജാതിയുമായോ അതുപോലുള്ള അനേകം ശിഥില ഖണ്ഡങ്ങളായോ വേര്‍തിരിക്കാതെ അധ്വാനിക്കുന്ന വര്‍ഗം, മുതലാളിത്ത വര്‍ഗം എന്ന വൈരുധ്യപൂര്‍ണമായ ഒരു ദ്വന്ദ്വത്തിലേക്ക് വിഭജിച്ച് ചരിത്രത്തെ വര്‍ഗസമരങ്ങളുടെ തുടര്‍ കഥയായി സിദ്ധാന്തവത്കരിച്ച് അടിസ്ഥാന ജനവര്‍ഗങ്ങളുടെ വിമോചനം സാക്ഷാത്കരിക്കാന്‍ യത്നിച്ച ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖമായ ഒരു ചിന്താധാരയാണ് കമ്യൂണിസം. മനുഷ്യനെയും പ്രപഞ്ചത്തെയും സംബന്ധിച്ച് ആധുനികത പകര്‍ന്നു നല്‍കിയ ശാസ്ത്ര ബോധവും സാമൂഹിക ബോധവും തന്നെയാണ് അതിന്റെ അടിത്തറ എന്ന് കാണാന്‍ കഴിയും. ഡാര്‍വിന്റെ പരിണാമ വാദവും ന്യൂട്ടന്റെ ചലന നിയമങ്ങളും അടിസ്ഥാനമാക്കി മനുഷ്യന്റെ സാമൂഹിക വികാസങ്ങളുടെയും പരിണാമങ്ങളുടെയും കഥ മെനഞ്ഞ കാള്‍ മാര്‍ക്സ് തന്റെ സിദ്ധാന്തങ്ങള്‍ക്ക് ശാസ്ത്രീയ പരിവേഷം നല്‍കുകയും, ചരിത്രത്തെ വര്‍ഗസംഘട്ടനങ്ങളിലൂടെ വികാസം കൊള്ളുന്ന രേഖീയമായ ഒരു പരിണാമപ്രക്രിയയായി നിര്‍വചിക്കുകയും ചെയ്തു.
വ്യവസായവത്കരണവും ആധുനികവത്കരണവും അതിന്റെ പൂര്‍ണത പ്രാപിച്ച ജര്‍മനിയിലും ഇംഗ്ലണ്ടിലും മാര്‍ക്സ് പ്രതീക്ഷിച്ച തൊഴിലാളി വര്‍ഗ വിപ്ലവം അദ്ദേഹത്തിന്റെ നിര്‍വചനങ്ങളെയും രേഖീയ വീക്ഷണങ്ങളെയും അപ്രസക്തമാക്കി ഫ്യൂഡല്‍ വ്യവസ്ഥ നിലനില്‍ക്കുന്ന, വ്യവസായവത്കരണത്തിന്റെയും മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുടെയും യാതൊരു ലാഞ്ഛനയും പ്രകടമല്ലാതിരുന്ന സര്‍ ചക്രവര്‍ത്തിമാരുടെ റഷ്യയിലാണ് സംഭവിച്ചത് എന്നിടത്ത് നിന്ന് തന്നെ മാര്‍ക്സിയന്‍ ചിന്തയുടെ അബദ്ധം ആരംഭിച്ചിരുന്നു. വാസ്തവത്തില്‍ മാര്‍ക്സ് ആര്‍ജിച്ച, അക്കാലത്ത് പ്രാബല്യത്തിലിരുന്ന, ഏകശിലാത്മകമായ ശാസ്ത്രബോധത്തിന്റെ ശുഭാപ്തി വിശ്വാസത്തിലായിരുന്നു ചരിത്രത്തിന്റെ 'അനിവാര്യമായ ഇത്തരം ചാലക നിയമങ്ങള്‍' അദ്ദേഹം രൂപപ്പെടുത്തിയത്. രേഖീയമായി വികാസം പ്രാപിച്ച് രൂപപ്പെട്ടുവരുന്ന വര്‍ഗരഹിത സമൂഹത്തെ സംബന്ധിച്ച മാര്‍ക്സിയന്‍ വിഭാവനകളും ചരിത്രത്തിന്റെ പരിണാമ പ്രക്രിയകളുമെല്ലാം വെറും അന്ധവിശ്വാസങ്ങള്‍ മാത്രമാണെന്ന് കാലവും ചരിത്രാനുഭവങ്ങളും തെളിയിച്ചിരിക്കുകയാണ്. വിപ്ലവവും തൊഴിലാളി വര്‍ഗ സര്‍വാധിപത്യവും ചരിത്രവികാസത്തിന്റെ ഇത്തരം ഘട്ടങ്ങളുമെല്ലാം പിന്നിട്ടിട്ടും വീണ്ടും ചരിത്രം പിറകോട്ട് തന്നെ പോകുന്ന കാഴ്ചയാണ് സോവിയറ്റ് റഷ്യയുള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നാടുകളില്‍ നാം കണ്ടത്.

ജന്തുതുടര്‍ച്ചയായ ശാസ്ത്ര 
മനുഷ്യന് സംസ്‌കാരമെന്തിന്?
ജന്തുവര്‍ഗങ്ങളുടെ തുടര്‍ച്ചയായി പരിണാമ പ്രക്രിയയുടെ ഒരു ഘട്ടത്തില്‍ ആവിര്‍ഭവിച്ച ശാസ്ത്രമനുഷ്യന് സമൂഹവും സംസ്‌കാരവും സൃഷ്ടിക്കേണ്ട യാതൊരു ആവശ്യവുമില്ല. കര്‍തൃസ്ഥാനത്ത് സ്വയം നിര്‍ണയാവകാശത്തോടെ, സ്വാതന്ത്ര്യത്തോടെ നിലകൊള്ളുന്ന ഈ ശാസ്ത്ര മനുഷ്യന് തന്റെ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും അനന്തരഫലങ്ങള്‍ മറ്റുള്ളവരെ എങ്ങനെ ബാധിക്കും എന്ന് പോലും ചിന്തിക്കേണ്ടതില്ല. അതുകൊണ്ട് തന്നെയാണ് അതിരുകളില്ലാത്ത വ്യക്തിസ്വാതന്ത്ര്യം എന്ന ആശയം, മുതലാളിത്താഭിമുഖ്യമുള്ള നവ ലിബറല്‍ വ്യവഹാരങ്ങള്‍ക്കകത്ത് മാത്രമല്ല, ഈ യുക്തിവാദികള്‍ക്കും മതേതരവാദികള്‍ക്കും ഒരു പോലെ പഥ്യമാകുന്നത്.
പാശ്ചാത്യസമൂഹങ്ങളിലെപ്പോലെ സ്വവര്‍ഗ ലൈംഗികതക്കുള്ള സ്വാതന്ത്ര്യവും ഭര്‍തൃമതികളായ സ്ത്രീകള്‍ക്ക് പോലും സ്വതന്ത്ര ലൈംഗികതക്കുള്ള സ്വയം നിര്‍ണയാവകാശവും ജനാധിപത്യാവകാശങ്ങളുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പേരില്‍ വകവെച്ചുകൊടുക്കുന്ന വിധം നവ ലിബറല്‍ യുക്തി നമ്മുടെ ജുഡീഷ്യറിയെയും സ്വാധീനിച്ചിരിക്കുന്നുവെന്നത് പുതിയ ചില അപായ സൂചനകളാണ് നല്‍കുന്നത്. ഇതേ നവ ലിബറല്‍ യുക്തി ചില പാശ്ചാത്യരാജ്യങ്ങളില്‍ മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണ സ്വാതന്ത്ര്യം വകവെച്ചുകൊടുക്കാതിരിക്കുകയും, പര്‍ദയും ശിരോവസ്ത്രവും അണിയുന്നത് കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇന്ത്യയിലും ഈ പ്രവണത ശക്തിപ്പെടുന്നുവെന്നതിന് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിവാദം മതിയായ നിദര്‍ശനമാണല്ലോ.
വ്യക്തിസ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണയാവകാശത്തിനും വിശാലമായ നിര്‍വചനങ്ങള്‍ നല്‍കുന്നുവെന്ന പ്രതീതി സൃഷ്ടിച്ച് വ്യക്തിസ്വാതന്ത്ര്യത്തെ പരസ്യമായി നിഷേധിക്കുന്ന ഈ അസഹിഷ്ണുത ഇന്ത്യയില്‍ ഭക്ഷണ സ്വാതന്ത്ര്യത്തിന് മേല്‍ കൈവെച്ചും വെളിവാക്കപ്പെട്ടതിന് നാം സാക്ഷികളായി. മനുഷ്യനെ സംസ്‌കാരവും ധാര്‍മികതയും ശീലിപ്പിക്കുന്ന ആചാരങ്ങളും അനുശീലനങ്ങളും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ നിന്ന് നീക്കുകയും അവന്റെ ജന്തുത്വപരവും പ്രകൃതിവിരുദ്ധവുമായ ചോദനകളെ പോഷിപ്പിക്കാനുതകുന്ന സ്വഭാവവൈകല്യങ്ങളെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യാവകാശങ്ങളുടെയും പേരില്‍ അംഗീകരിക്കുകയും ചെയ്യുന്ന ഈ പ്രവണത എന്തിന്റെ സൂചനയാണ്...? വ്യക്തിസ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള ഈ ഇരട്ടത്താപ്പ് പ്രശ്നവത്കരിക്കാതെ നമ്മുടെ പുരോഗമന യുക്തിവാദി പ്രസ്ഥാനങ്ങള്‍, മതങ്ങള്‍ക്കും സാംസ്‌കാരിക പാരമ്പര്യങ്ങള്‍ക്കും എതിരായ ചില കോടതിവിധികളെ ആഘോഷമാക്കുകയാണ്. വാസ്തവത്തില്‍ നമ്മുടെ മൂല്യമാപിനികള്‍ ആരുടേതാണ് എന്നാണ് നാമിവിടെ പുനരാലോചിക്കേണ്ടത്.

അധീശവ്യവസ്ഥയുടെ
ഉപകരണങ്ങള്‍
വാസ്തവത്തില്‍ ശാസ്ത്രത്തിന്റെയും യുക്തിചിന്തയുടെയും മാര്‍ക്സിസത്തിന്റെയും കമ്യൂണിസത്തിന്റെയും നവ ലിബറല്‍ മൂല്യങ്ങളുടെയുമെല്ലാം പേരില്‍ ചില അന്ധവിശ്വാസങ്ങളെയും മുന്‍വിധികളെയും മാത്രമാണ് നാമിന്ന് പരിചരിക്കുന്നത്. ഭൗതിക സാഹചര്യങ്ങള്‍ക്കനുസൃതമായാണ് മനുഷ്യന്റെ രൂപഘടനയും മറ്റ് അസ്തിത്വപരമായ സവിശേഷതകളും രൂപപ്പെട്ടത് എന്ന് വിശ്വസിക്കുകയും മൃഗങ്ങളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്തമാക്കുന്ന ഭാഷാശേഷി ഉള്‍പ്പെടെയുള്ള അവന്റെ സിദ്ധികളെ, ഭൗതികമായ ആവശ്യങ്ങള്‍ക്കനുസരിച്ച് വികസിച്ചുവന്നതാണെന്ന് സങ്കല്‍പിക്കുകയും ചെയ്യുന്ന മൂഢവിശ്വാസങ്ങളെയാണ് വാസ്തവത്തില്‍ നാമിന്ന് ശാസ്ത്രം എന്ന് വിളിക്കുന്നത്. സത്യത്തോടും യാഥാര്‍ഥ്യത്തോടും വിദൂരബന്ധം പോലുമില്ലാത്ത ഇത്തരം വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരെയാണ് ശാസ്ത്രാവബോധമുള്ളവരെന്നും യുക്തിവാദികളെന്നും നാം വിളിക്കുന്നത്. ഈ യുക്തിവാദികളും പുരോഗമന നാട്യക്കാരും പറയുന്ന വ്യക്തിസ്വാതന്ത്ര്യം ജന്തുത്വത്തെ സാക്ഷാത്കരിക്കാനുള്ളതും മനുഷ്യത്വത്തെ ദമനം ചെയ്യുന്നതുമാകുന്നത് സ്വാഭാവികം മാത്രമാണ്.
ആധുനികവും ഉത്തരാധുനികവുമായ ശാസ്ത്രബോധവും വിജ്ഞാനരൂപങ്ങളും മനുഷ്യനെയോ പ്രപഞ്ചത്തെയോ ശരിയായ നിലക്ക് നിര്‍വചിക്കാന്‍ അപര്യാപ്തമാണെന്ന് തിരിച്ചറിയാന്‍ സാമാന്യബോധം മാത്രം മതിയാകും. ശാസ്ത്രവും വിജ്ഞാനരൂപങ്ങളുമെല്ലാം അധീശവ്യവസ്ഥയുടെ ഉപകരണങ്ങളും, സമൂഹങ്ങള്‍ക്ക് മേല്‍ ജ്ഞാനാധികാരം സ്ഥാപിച്ചെടുക്കാനും അത് നിലനിര്‍ത്താനുമുള്ള ഉപാധികളും മാത്രമാണെന്ന് കൊളോണിയല്‍ ആധുനികതയുടെ സന്ദര്‍ഭത്തില്‍ നാം കണ്ടുകഴിഞ്ഞതാണ്. അഥവാ, യൂറോ കേന്ദ്രിതമായ ജ്ഞാനരൂപങ്ങള്‍ മാത്രം സത്യവും അപ്രമാദിത്വമുള്ളതുമായി തീരുകയും കൊളോണിയല്‍ ആധുനികതക്ക് കീഴടങ്ങിയ സമൂഹങ്ങളുടെ തനതായ, ദേശീയമായ ജ്ഞാനപൈതൃകങ്ങളും ഈടുവെപ്പുകളും അന്ധവിശ്വാസങ്ങളും കപടശാസ്ത്രങ്ങളുമായി ഇകഴ്ത്തുകയും ചെയ്യുന്ന ആധുനികതയുടെ സമീപനങ്ങളാണ് യുക്തിവാദികളും കമ്യൂണിസ്റ്റുകളും ഇന്നും അവലംബിക്കുന്നത്. ഇതിന് ബദലായി പുരാണങ്ങളും അന്ധവിശ്വാസങ്ങളും ആധുനിക ശാസ്ത്രയുക്തികളുമായി സമീകരിച്ച് കപട ശാസ്ത്രവും വക്രചരിത്രവും നിര്‍മിക്കുന്ന ആധുനികതയുടെ തന്നെ മറ്റൊരു പ്രവണതയും ഇന്ന് ശക്തിപ്പെട്ട് വരുന്നുണ്ട്.

സത്യാന്വേഷണങ്ങള്‍ക്ക് 
ദിശ നല്‍കുന്ന ഇസ്ലാം
ഇവിടെയാണ്, മനുഷ്യന്റെ സത്യാന്വേഷണങ്ങള്‍ക്ക് യഥോചിതം വഴികാണിക്കാനാവുക മതത്തിന് മാത്രമാണെന്ന് ഓര്‍മപ്പെടുത്തേണ്ടി വരുന്നത്. ഏതൊരു മതവും അതിന്റെ ആദിമ വിശുദ്ധിയിലേക്ക് തിരിച്ചുചെന്നാല്‍ എത്താവുന്ന സ്ഥാനമാണ് ഇസ്ലാം എന്നത്. തിരുനബി മുഹമ്മദ് മുസ്ത്വഫാ (സ) തങ്ങളിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട, അല്ലാഹു തൃപ്തിപ്പെട്ട മതത്തിന്റെ യഥാര്‍ഥ പ്രപഞ്ചവീക്ഷണം നമ്മുടെ ധിഷണയെയും ദര്‍ശനത്തെയും സ്വാധീനിച്ചാല്‍ തീര്‍ച്ചയായും സത്യത്തെയും യാഥാര്‍ഥ്യത്തെയും നമുക്ക് പ്രാപിക്കാനാവും.
ആദ്യമായി നാം ആരാണെന്നും തന്റെ  ഉണ്‍മയുടെയും നിലനില്‍പിന്റെയും ഗുണങ്ങളുടെയും അനക്കമടക്കങ്ങളുടെയും ആകാരരൂപങ്ങളുടെയും ഉറവിടം എന്താണെന്നും ചിന്തിക്കുക. തനിക്ക് ഏറ്റവും പ്രഥമമായി ബന്ധമുള്ള തന്റെയീ ശരീരവുമായുള്ള തന്റെ ബന്ധമെന്താണ്...? അതിനെ രൂപകല്‍പന ചെയ്തതും സൃഷ്ടിച്ചതും പരിപാലിക്കുന്നതും ആരാണ്...? മാതാപിതാക്കളുടെ ശാരീരിക സംസര്‍ഗത്തിന്റെയും സന്തോഷപൂര്‍ത്തീകരണത്തിന്റെയും അനന്തരഫലമായി സ്രവിച്ച ഒരു വിസര്‍ജ്യത്തില്‍ നിന്നാണ് തന്നെ രൂപപ്പെടുത്താന്‍ കാരണമായ ബീജകണം മാതാവിന്റെ അണ്ഡവുമായി ചേര്‍ന്നത് എന്ന യാഥാര്‍ഥ്യത്തിലേക്ക് ചിന്തിക്കുക. കോടിക്കണക്കിന് ബീജകണങ്ങളില്‍ നിന്ന് അത് തെരഞ്ഞെടുത്തതും അത് നമ്മുടെ രൂപപ്പെടലിന് കാരണമാക്കിയതും ആരാണ്? അത് പ്രകൃതിയുടെ തെരഞ്ഞെടുപ്പാണ് എന്നാണ് ഉത്തരമെങ്കില്‍ ആ പ്രകൃതി എന്നാല്‍ എന്താണ്? അമൂര്‍ത്തമായി സങ്കല്‍പിക്കപ്പെടുന്ന പ്രകൃതിയെന്നത് കേവല സങ്കല്‍പം മാത്രമല്ലേ ?
നോക്കൂ, എത്ര ക്രമപ്രവൃദ്ധമായാണ് നാം ഗര്‍ഭാശയത്തില്‍ രൂപപ്പെടുന്നത്. നമ്മുടെ രൂപപ്പെടലില്‍ യാതൊരു വക്രതയോ ക്രമരാഹിത്യമോ ഇല്ലാതെ നമ്മുടെ ശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ അവയവങ്ങളെയും അവയിലെ സങ്കീര്‍ണമായ പ്രവര്‍ത്തന വ്യവസ്ഥകളെയും സംവിധാനിച്ച് നിലനിര്‍ത്തുന്നത് വിവേക ശൂന്യമായ ഈ അമൂര്‍ത്ത പ്രകൃതിയോ സര്‍വജ്ഞനായ അല്ലാഹുവോ...? തന്റെ രൂപപ്പെടലിന്റെ ഓരോ ഘട്ടത്തിലും ഒരു സ്രഷ്ടാവിന്റെ അനിവാര്യത ബുദ്ധി സമ്മതിക്കുന്നുണ്ട്. ഈ സ്രഷ്ടാവാകട്ടെ, മനുഷ്യന് ബുദ്ധിയും ബോധവും നല്‍കിയതും വിവേചന ശേഷി നല്‍കിയതും അവനെ തിരിച്ചറിയാന്‍ വേണ്ടിയാണ്.
സ്രഷ്ടാവും ഉടമയും പരിപാലകനും വിധികര്‍ത്താവുമായി അവനെ തിരിച്ചറിയുക എന്നത് മനുഷ്യന്നും ജിന്ന് വര്‍ഗത്തിനും മാത്രം അല്ലാഹു നല്‍കിയ സവിശേഷതകളാണ്. ഈ തിരിച്ചറിവിന്റെ അനിവാര്യമായ ഫലമാണ് അവനോട് നന്ദിചെയ്യുക എന്നത്. അവനോട് നന്ദിചെയ്യുക എന്നതിനര്‍ഥം, അവന്റെ ഇഷ്ടം പരിഗണിച്ചാവുക നാം ജീവിക്കുന്നത് എന്നാണ്. കാരണം, നമ്മുടെ സ്രഷ്ടാവും ഉടമയും അവനാണ്. ഉടമയുടെ ഇഷ്ടം പരിഗണിച്ച് ജീവിക്കുന്ന അടിമയെയാണ് ഏതൊരു ഉടമയും ഇഷ്ടപ്പെടുക. ഞാന്‍ മാത്രമല്ല, എനിക്ക് നല്‍കപ്പെട്ട എന്റെ ബന്ധങ്ങളും ഈ പ്രപഞ്ചമാകെയും അവന്റെ ഉടമത്വത്തിലുള്ളതാണ്. അവന്‍ സൃഷ്ടിച്ച് പരിപാലിക്കുന്നതാണ്.
സൃഷ്ടിപ്രപഞ്ചത്തില്‍ കാണുന്ന ഈ അനക്കമടക്കങ്ങള്‍ക്കാധാരം എനര്‍ജിയാണ്. ഈ എനര്‍ജിയാകട്ടെ സ്വയം ഭൂവായതല്ല. പ്രത്യുത, അവന്റെ ചില ഗുണവിശേഷങ്ങളുടെ പ്രതിഫലനങ്ങള്‍ മാത്രമാണ്. ഈ ഗുണവിശേഷങ്ങളാകട്ടെ അവന്റെ സത്തയുടെ പൂര്‍ണതകളാണ്. പൂര്‍ണതകളൊത്ത ഈ ഗുണങ്ങളും നാമങ്ങളും ചെന്ന് ചേരുന്നതാകട്ടെ അവന്റെ സത്തയിലേക്കാണ്. അവന്റെ സത്തയാകട്ടെ സ്വയം നിലനില്‍ക്കുകയും മറ്റുള്ളതിനെ നിലനിര്‍ത്തുകയുമാണ് ചെയ്യുന്നത്. സ്വയം നിലനില്‍ക്കാത്ത ഈ പ്രപഞ്ചത്തിന്റെയും തന്റെയും ഉറവിടം തേടുന്ന സന്ദേഹിയായ മനുഷ്യന് ഒടുവില്‍ എത്തിച്ചേരാവുന്ന സ്ഥാനം ശുദ്ധ ശൂന്യതയുടേത് തന്നെയാണ്. എന്നാല്‍, വസ്തുപ്രപഞ്ചത്തിന് കാരണമായ വസ്തു അന്വേഷിക്കുന്നവന്നാണ് ഈ ശൂന്യതയുള്ളത്. എന്നാല്‍, വസ്തുപ്രപഞ്ചത്തിന്റെ യഥാര്‍ഥ കാര്യകാരണങ്ങള്‍ തേടി ഒരു വസ്തുവില്‍ നാം എത്തുന്നുവെങ്കില്‍ പ്രകാശോര്‍ജത്തിലാണ് അതെത്തിച്ചേരുക. അതുകൊണ്ടാണ് 'അല്ലാഹു ആകാശഭൂമികളുടെ പ്രകാശമാകുന്നു' എന്ന ഖുര്‍ആനിക വചനം നമുക്ക് മാര്‍ഗദര്‍ശനമാകുന്നത്. 'പരമാണുപൊരുളിലും സ്ഫുരണമായി മിന്നും പരമപ്രകാശമായി' അല്ലാഹുവിനെ അറിഞ്ഞവന് ഈ പ്രപഞ്ചരഹസ്യം വെളിവാകുക തന്നെ ചെയ്യും. അഥവാ, വസ്തുപ്രപഞ്ചങ്ങളുടെ ഉണ്‍മയും നിലനില്‍പും ആരെ ആശ്രയിച്ചാണോ, അവനെ അന്വേഷിക്കുന്നവന് യാഥാര്‍ഥ്യം പ്രാപിക്കാനാവുക തന്നെ ചെയ്യും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -41-44
ടി.കെ ഉബൈദ്‌