Prabodhanm Weekly

Pages

Search

2022 ജൂലൈ 22

3260

1443 ദുല്‍ഹജ്ജ് 23

മതേതരാനന്തര ചിന്തകളെ  സമഗ്രമായി പരിചയപ്പെടുത്തുന്നു

 ഹര്‍ഷദ് ഷിബിന്‍

ആധുനിക സമൂഹത്തെ നിരന്തരം നിര്‍മിച്ചുകൊണ്ടിരിക്കുന്ന, വ്യക്തിയുടെ ദൈനംദിന ജീവിതത്തില്‍ അധീശ സ്വഭാവത്തോടെ ഇടപെട്ടുകൊണ്ടിരിക്കുന്ന പദവും പ്രയോഗവുമാണ് സെക്കുലറിസം. ചുറ്റും അനിഷേധ്യ സാന്നിധ്യമായി വര്‍ത്തിക്കുന്ന ഈ സംജ്ഞയെ വിമര്‍ശനാത്മകമായി അന്വേഷിക്കുന്ന പഠനങ്ങളുടെ സംഗ്രഹ സമാഹാരമാണ് ഗവേഷകനായ ഡോ. കെ അഷ്റഫ് രചിച്ച പോസ്റ്റ് സെക്കുലറിസം എന്ന പുസ്തകം. ഇത്തരമൊരു അന്വേഷണത്തെ മലയാളത്തിന് പരിചയപ്പെടുത്തുന്ന ആദ്യ രചനയാണിത്.
ആധുനിക മതേതരത്വം വിഭാവന ചെയ്ത രേഖീയമായ സാമൂഹിക പുരോഗതി, അതിന്റെ പരിമിതികള്‍, ആ രേഖീയ സങ്കല്‍പത്തെ വെല്ലുവിളിച്ചുകൊണ്ട് കടന്നുവന്ന രാഷ്ട്രീയ-സാമൂഹിക പ്രതിഭാസങ്ങള്‍, തുടര്‍ന്നുണ്ടായ മതേതര വിമര്‍ശനങ്ങളുടെ വികാസം, വ്യത്യസ്ത സാഹചര്യങ്ങളില്‍ ഈ വിമര്‍ശനങ്ങള്‍ക്ക് കൈവന്ന വൈവിധ്യമാര്‍ന്ന അടരുകള്‍ എന്നിവ ഗ്രന്ഥകാരന്‍ ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു.
മതം അല്ലെങ്കില്‍ മതേതരത്വം; ഏതെങ്കിലും ഒന്ന് മറ്റൊന്നിനെക്കാള്‍ നല്ലത്/മോശം എന്ന് പറയുന്നതിനെക്കാള്‍ ചരിത്രപരമായി ഇവ തമ്മില്‍ നില നില്‍ക്കുന്ന സവിശേഷ അധികാര ബന്ധങ്ങളെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് പോസ്റ്റ് സെക്കുലര്‍ ചിന്തകള്‍. മത/മതേതര ബന്ധം പൊതുവെ യുക്തി/വികാരം, പൊതു/സ്വകാര്യം, അടിച്ചമര്‍ത്തല്‍/വിമോചനം എന്നീ ദ്വന്ദ്വങ്ങളിലായാണ് മനസ്സിലാക്കപ്പെടാറുള്ളത്. എന്നാല്‍, ഈ മേല്‍കീഴ് സ്വഭാവത്തെ ഇഴപിരിച്ച് അന്വേഷിക്കുകയാണിവിടെ. മാറിയ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ദ്വന്ദ്വങ്ങളെ അധീശ വ്യവഹാരമാവാതെ അനുപൂരകമായി വര്‍ത്തിക്കാന്‍ പറ്റുന്ന സാഹചര്യത്തിന്റെ സാധ്യതയെ കുറിച്ചാലോചിക്കുകയാണ് പോസ്റ്റ് സെക്കുലര്‍ ചിന്തകര്‍. ഈ മേഖലയിലെ പ്രബല ചിന്തകരായി ചാള്‍സ് ടെയ്‌ലറെയും തലാല്‍ അസദിനെയും യുര്‍ഗന്‍ ഹേബര്‍മാസിനെയുമാണ് അവതരിപ്പിക്കുന്നത്. 
മതവിമുക്ത പദ്ധതിയായല്ല, മധ്യകാല ക്രൈസ്തവതയുടെ പരിഷ്‌കരിച്ച  വ്യാഖ്യാനമായി ടെയ്‌ലര്‍ മതേതരത്വത്തെ നിരീക്ഷിക്കുന്നു. സെക്കുലറിസത്തെ പരികല്‍പനാപരമായി പുതിയ രീതിയില്‍ അന്വേഷിക്കുന്ന ടെയ്‌ലര്‍ അതിനെ ഒരു പരിഹാര നിര്‍ദേശമായി മുന്നോട്ടുവെക്കുന്നു.
മതേതരത്വത്തിന്റെ വംശാവലിയെ മധ്യകാല ക്രൈസ്തവ യൂറോപ്പില്‍ നിന്ന് കണ്ടെടുക്കുന്ന തലാല്‍ അസദ് ആണ് ഈ സംവാദങ്ങളില്‍ ഇസ്ലാമിനെ സ്ഥാനപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രമുഖ പണ്ഡിതന്‍. ഹേബര്‍മാസ് ആവട്ടെ മതത്തെ മറികടക്കാനുള്ള തന്റെ ആദ്യകാല മതവിമര്‍ശന, മതേതര നിലപാടില്‍ നിന്ന് മാറി മത/മതേതര പരസ്പര ബഹുമാനം നിലനിര്‍ത്തിയുള്ള ജ്ഞാന സങ്കല്‍പ്പനത്തെയും പൗരത്വത്തെയും കുറിച്ചുള്ള ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നു.
മത മതേതര ദ്വന്ദ്വങ്ങള്‍ പരസ്പരമുള്ള സവിശേഷമായ അധികാര ബന്ധങ്ങളെ തിരിച്ചറിയണമെങ്കില്‍ മുന്‍വിധിയോടെയുള്ള നിര്‍ണയവാദങ്ങളെ കൈയൊഴിയേണ്ടത് അനിവാര്യമാണ്. മതത്തിന് സാര്‍വലൗകികമായി നല്‍കിയ സത്താപരമായ നിര്‍വചനം, മതേതരത്വം ചരിത്രപരമായി സ്വയം അവകാശപ്പെടുന്ന സ്വാഭാവികവത്കൃത സാമാന്യ ബോധങ്ങള്‍ എന്നിവയെ ചോദ്യം ചെയ്തുകൊണ്ടേ ഈ പരസ്പര ബന്ധങ്ങളെ മനസ്സിലാക്കാന്‍ സാധിക്കൂ. ആ അര്‍ഥത്തില്‍ പോസ്റ്റ് സെക്കുലര്‍ പഠനങ്ങള്‍ മതേതരത്വത്തെ മാത്രമല്ല, മതത്തെയും പുനരാലോചനാ വിധേയമാക്കുന്നുണ്ട്.
ടി.എന്‍ മദന്‍, റോമില ഥാപ്പര്‍, ആശിഷ് നന്ദി, എം.എസ്.എസ് പാണ്ഡ്യന്‍, സുമിത് സര്‍ക്കാര്‍, പാര്‍ഥാ ചാറ്റര്‍ജി എന്നിവരുടെ മതേതര വിമര്‍ശനങ്ങള്‍ പുസ്തകം പരിചയപ്പെടുത്തുന്നു. നന്ദിയുടെ വിമര്‍ശനം മതേതരത്വത്തിന്റെ നിരാകരണത്തിലേക്കാണ് നയിക്കുന്നതെങ്കില്‍ സര്‍ക്കാറിനെയും ഥാപ്പറെയും പോലുള്ളവര്‍ നിലവിലെ മതേതരത്വത്തിന്റെ പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ടു പോകുന്നതിനെ കുറിച്ചുള്ള ചിന്തകള്‍ പങ്ക് വെക്കുന്നു. പാണ്ഡ്യനെ പോലുള്ളവരുടെ ജാതിവിരുദ്ധ വ്യവഹാരങ്ങള്‍ മതേതര വിമര്‍ശനങ്ങളായി മാറുന്നു. ഇതാണ് ഇന്ത്യയിലെ മതേതര വിമര്‍ശനങ്ങളെ വ്യത്യസ്തമാക്കുന്നത്. ജാതി, വംശ, ഭാഷാ, പ്രദേശ വ്യവഹാരങ്ങള്‍ ഇവിടെ സവിശേഷ മതേതര വിമര്‍ശന സ്വഭാവം കൈവരിക്കുന്നത് കാണാം.
സിഗ്മണ്ട് ഫ്രോയിഡിന്റെയും ഴാക്ക് ലക്കാന്റെയും മനോവിശ്ലേഷണ പരിപ്രേക്ഷ്യത്തിലൂടെയുള്ള ചരിത്രവായനയെയും പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്.
പരിധികള്‍ ലംഘിക്കാനുള്ള മനുഷ്യ കാമനയാണ് മതത്തിന്റെയും മതേതര ആധുനിക രാഷ്ട്രീയത്തിന്റെയും നിയമ അധികാരങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതെന്നാണ് ഇവിടെ വിശദീകരിക്കുന്നത്. ആധുനിക ദേശരാഷ്ട്രത്തിന്റെ ഭരണനിര്‍വഹണ യുക്തികള്‍ മതത്തില്‍നിന്ന് അന്യമായതല്ല. മറിച്ച്, മതേതരവല്‍ക്കരിക്കപ്പെട്ട ദൈവശാസ്ത്രമാണെന്ന് കാള്‍ ഷ്മിത്ത് നിരീക്ഷിക്കുന്നു. ദൈവം മരിച്ചിരിക്കുന്നു എന്ന വാദത്തെ തള്ളി ദൈവം ആധുനിക മതേതരത്വത്തിന്റെ അബോധത്തില്‍ കുടികൊള്ളുന്നു എന്ന് വാദിച്ച് ലക്കാനും മറ്റൊരര്‍ഥത്തില്‍ ഷ്മിത്തിനോട് സാദൃശ്യപ്പെടുന്നു. മാര്‍ക്സിസത്തിലും മനോവിശ്ലേഷണത്തിലും തല്‍പരനായ സ്ലാവോയ് സിസേക്ക് പോസ്റ്റ് സെക്കുലര്‍ സംവാദങ്ങളില്‍ ഇടപെട്ട് ക്രൈസ്തവതയില്‍ നാസ്തികതക്ക് അടിത്തറ കണ്ടെത്തുന്നു. ഇതാണ് മനുഷ്യ വിമോചനത്തിന് ഇനിയുള്ള പരിഹാരം എന്നദ്ദേഹം കരുതുന്നു.
ഡികൊളോണിയല്‍ വീക്ഷണങ്ങള്‍ മതത്തിന്റെയും വംശീയതയുടെയും കൊളോണിയല്‍ അധികാര ഘടനയുടെ ഉദ്ഭവത്തിന്റെയും മറ്റൊരു വായനയാണ് അവതരിപ്പിക്കുന്നത്.
വാള്‍ട്ടര്‍ മിഗ്നോളോയുടെയും നെല്‍സണ്‍ മല്‍ഡൊണാഡോ ടോറസിന്റെയും പഠനങ്ങളെ പിന്തുടര്‍ന്ന് ഡികൊളോണിയല്‍ പഠനങ്ങളെ എഴുത്തുകാരന്‍ സംഗ്രഹിക്കുന്നു. കൊളംബസിന്റെ പര്യവേക്ഷണം തീര്‍ത്ത ജ്ഞാനശാസ്ത്ര വംശീയ ഹിംസകളെയും (എപ്പിസ്റ്റമിസൈഡ്) കോളനിവത്കൃത സമൂഹങ്ങളെ സാംസ്‌കാരികമായി അപരവല്‍ക്കരിച്ചു കൊണ്ട് യൂറോപ്പ് തീര്‍ത്ത വെള്ള സ്വത്വ നിര്‍മിതിയെയും ഈ ഭാഗത്ത് നിശിത വിമര്‍ശനത്തിന് വിധേയമാക്കുന്നു. ഈ പഠനങ്ങളില്‍ നിന്ന് യൂറോപ്പ് എങ്ങനെ ഇതര മത-മതരഹിത സമൂഹങ്ങളെ വീക്ഷിച്ചു എന്ന് മനസ്സിലാക്കാനാവും. പുസ്തകം അതിന്റെ അവസാന ഭാഗത്ത് മതം എന്ന് നിര്‍വചിക്കപ്പെടുന്ന ആധുനിക സംവര്‍ഗത്തെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കുന്നു. ഹിന്ദുയിസത്തെയും ബുദ്ധിസത്തെയും മറ്റു പല  മതങ്ങളെയും ഈ ഭാഗത്ത് പരാമര്‍ശിക്കുന്നു. മതം എന്ന ഈ ആധുനിക നിര്‍മിതിയുടെ പിന്നിലെ അധികാര താല്‍പര്യങ്ങളും സ്വാധീനങ്ങളും ചര്‍ച്ചക്കെടുക്കുന്നു.
പോസ്റ്റ് സെക്കുലറിസം എന്ന പഠന മേഖലയെ പരിചയപ്പെടുത്തുക എന്ന ധര്‍മത്തിലൂന്നി രചിച്ച പുസ്തകമായതിനാല്‍ തന്നെ തന്റെ കാഴ്ചപ്പാടുകള്‍ക്ക് പുസ്തകത്തില്‍ അധികം സ്ഥാനം കൊടുത്തിട്ടില്ല എന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറയുന്നുണ്ട്. ഇസ്ലാമിക, ഇടതുപക്ഷ, ദൈവശാസ്ത്ര, ഡി കൊളോണിയല്‍, ജാതിവിരുദ്ധ, ഫെമിനിസ്റ്റ്, മനോവിശ്ലേഷണ പക്ഷത്ത് നിന്നുള്ള വൈവിധ്യമാര്‍ന്ന മത-മതേതര വിമര്‍ശനങ്ങളെ കോര്‍ത്തിണക്കിയാണ് പുസ്തകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിലെ ഓരോ അധ്യായവും വ്യക്തികളുടെ സാമാന്യബോധത്തില്‍ പല ഘട്ടങ്ങളിലായി സെക്കുലറിസം നിര്‍വഹിച്ച സ്വാഭാവികവല്‍ക്കരണത്തെ തിരിച്ചറിയാനുള്ള വിമര്‍ശനാത്മക ഉള്‍ക്കാഴ്ച നല്‍കുന്നുണ്ട്. ചോദ്യം ചെയ്യാന്‍ പറ്റാത്ത വിമര്‍ശന രഹിത മേഖലയായി നിലനിന്നിരുന്ന മതേതരത്വത്തെ ക്കുറിച്ചുള്ള ബോധത്തിന് പോസ്റ്റ് സെക്കുലര്‍ പഠനങ്ങളും രാഷ്ട്രീയവും വിള്ളല്‍ വീഴ്ത്തുന്നുണ്ട്. അത്തരം ഒരു പുതിയ രാഷ്ട്രീയ ചക്രവാളത്തിലേക്കുള്ള ഒരു ജാലകമായി, ഈ മേഖലയെ കൂടുതല്‍ സംവാദാത്മകമാക്കാനുള്ള അന്വേഷണങ്ങളുടെ വൈജ്ഞാനിക സ്രോതസ്സായി പുസ്തകം മാറുമെന്ന് പ്രത്യാശിക്കാം. 
പോസ്റ്റ് സെക്കുലറിസം
ഡോ. കെ. അഷ്റഫ്
പ്രസാധനം- ഐ.പി.എച്ച്
വില- 430
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -41-44
ടി.കെ ഉബൈദ്‌