Prabodhanm Weekly

Pages

Search

2022 ജൂലൈ 22

3260

1443 ദുല്‍ഹജ്ജ് 23

ഇസ്‌ലാമിക വിദ്യാഭ്യാസം പരിവര്‍ത്തന ഘട്ടങ്ങള്‍

ഒ.പി ഹംസ മൗലവി

കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസ ചരിത്രത്തിലേക്ക് കണ്ണ് പായിക്കുമ്പോള്‍, മരപ്പലകയില്‍ ചെകിടിമണ്ണ് തേച്ച് മിനുസപ്പെടുത്തി അതില്‍ എഴുതി ഏകാധ്യാപകന്‍ പഠിപ്പിച്ചിരുന്ന ഓത്തുപള്ളികളെക്കുറിച്ച് ആദ്യമായി പറയേണ്ടതുണ്ട്. ഖുര്‍ആന്‍ നന്നായി ഓതാന്‍ പഠിക്കുക, നിസ്‌കാരക്രമങ്ങളും പ്രാര്‍ഥനകളും ഉള്‍ക്കൊള്ളുന്ന കര്‍മശാസ്ത്ര വിധികള്‍ മനസ്സിലാക്കുക തുടങ്ങിയവയില്‍ ഒതുങ്ങുന്നതായിരുന്നു അന്നത്തെ സിലബസ്. ഇത്തരം ഓത്തു പള്ളികളില്‍ നിന്ന് മദ്‌റസകളിലേക്ക്  വികസിച്ചതാണ് ഒന്നാമത്തെ മാറ്റം. അങ്ങനെ ഡസ്‌ക്കുകളും ബെഞ്ചുകളുമുള്ള ക്ലാസ് റൂമുകള്‍ നിലവില്‍ വന്നു. ഹാജര്‍ പട്ടികയും ബ്ലാക് ബോര്‍ഡുകളും  വന്നു. ഏകാധ്യാപകന് പകരം എല്ലാ ക്ലാസുകളിലേക്കും അധ്യാപകരും അവരെ നിയന്ത്രിക്കുന്ന പ്രധാനാധ്യാപകനും വ്യവസ്ഥാപിതമായ ബെല്ലും പിരീഡുകളും ഉണ്ടായി. സ്‌കൂള്‍ ക്ലാസുകള്‍ക്ക് അനുരൂപമായ ക്ലാസ് റൂമുകളൂം അധ്യാപനരീതികളും നടപ്പിലായി. ഇസ്‌ലാമിനെക്കുറിച്ച സമ്പൂര്‍ണ കാഴ്ചപ്പാടോ ജീവിത രീതികളോ ഒന്നും തന്നെ വിഭാവനയിലുണ്ടായിരുന്നില്ല.
ഇസ്‌ലാമിക പ്രസ്ഥാനം വിദ്യാഭ്യാസത്തെക്കുറിച്ച് വിശാലമായ കാഴ്ചപ്പാടുകള്‍ മുന്നില്‍വെച്ചപ്പോള്‍ വിദ്യാഭ്യാസത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായി. മനുഷ്യജീവിതത്തിന് ലക്ഷ്യം നിര്‍ണയിക്കുകയും വിശാലമായ മാര്‍ഗ ദര്‍ശനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തപ്പോള്‍ അത്  വിദ്യാഭ്യാസരീതികളിലും പ്രതിഫലിച്ചു. ജീവിതത്തെ ഖുര്‍ആനിക നിര്‍ദേശങ്ങളനുസരിച്ച് ക്രമീകരിക്കണമെന്നും അതിന് ഖുര്‍ആന്‍ അര്‍ഥസഹിതം മനസ്സിലാക്കണമെന്നുമുള്ള അവബോധം  മുസ്‌ലിംകളിലുണ്ടായി. ഇതനുസരിച്ചുള്ള കര്‍മശാസ്ത്ര പഠനങ്ങളും വികസിച്ചുവന്നു. ഖുര്‍ആന്‍ കേവലം പുണ്യത്തിനുവേണ്ടി വായിക്കുകയും മന്ത്രങ്ങളായി ഉരുവിടുകയും ചെയ്യുന്ന സങ്കുചിത ചിന്തയില്‍നിന്ന്, മാര്‍ഗദര്‍ശനങ്ങള്‍ നല്‍കുന്ന ദിവ്യ ഗ്രന്ഥമെന്ന കാഴ്ചപ്പാടിലേക്ക് മുസ്‌ലിംകളെത്തി. ഈ മാറ്റങ്ങള്‍ വിദ്യാഭ്യാസ കാഴ്ചപ്പാടിലും പ്രകടമായി. മദ്‌റസാ പ്രസ്ഥാനം വിപുലമായി.  ഇസ്‌ലാമിക പ്രസ്ഥാനം മദ്‌റസകള്‍ സ്ഥാപിച്ചു വ്യവസ്ഥാപിത സിലബസുകളും അധ്യാപനരീതികളും കൊണ്ടുവന്നു. പരീക്ഷകളും പരീക്ഷാ ബോര്‍ഡുകളും നിലവില്‍ വന്നു.  ഈ മദ്‌റസകളില്‍ ചിലത്  പിന്നീട് ഇസ്‌ലാമിയാ കോളേജുകളായി.
വിദ്യാഭ്യാസത്തെ സംബന്ധിച്ച  കാഴ്ചപ്പാടുകള്‍ പിന്നെയും വിപുലമായി സമഗ്രതയാര്‍ജിച്ചു. ദീനീ വിദ്യാഭ്യാസവും മതവിദ്യാഭ്യാസവും വേറിട്ട് കാണാതെ ജീവിതത്തിന്റെ മാര്‍ഗദര്‍ശനത്തിനാവശ്യമായ എല്ലാ വിജ്ഞാനങ്ങളും ഇസ്‌ലാമിക വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുമെന്ന വീക്ഷണം പ്രബലമായി. അതനുസരിച്ച് സിലബസുകളും പഠനരീതിയും മാറണമെന്നും അംഗീകരിക്കപ്പെട്ടു. ഇങ്ങനെയാണ് ഇസ്‌ലാമിക കോളേജുകള്‍ നിലവില്‍ വരുന്നത്. ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയാ കോളേജ്, തിരൂര്‍ക്കാട് ഇലാഹിയാ കോളേജ്, കുറ്റ്യാടി ഇസ്‌ലാമിയാ കോളേജ്, ആലിയ അറബിക് കോളേജ് എന്നിവ അവയില്‍ മികച്ചു നിന്നു. അറബി പഠനരംഗത്ത് അബുസ്സബാഹ് മൗലവി സ്ഥാപിച്ച റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, വാഴക്കാട് അറബിക് കോളേജ് എന്നിവ നേരത്തെ നിലവിലുണ്ടായിരുന്നു. അംഗീകൃത പരീക്ഷകള്‍ നടക്കുകയും ഡിഗ്രികള്‍ നല്‍കുകയും ചെയ്യുന്ന സമ്പ്രദായം അന്ന് നിലവിലുണ്ടായിരുന്നില്ല. സ്‌കൂളുകളില്‍ അറബി പഠനം നടപ്പാക്കാനുള്ള തീരുമാനം വന്നതോടുകൂടി അഫ്ദലുല്‍ ഉലമാ തുടങ്ങിയ പരീക്ഷകളും പ്രചാരത്തില്‍ വന്നു.  നിര്‍ണിതമല്ലാത്ത  സിലബസുകളാണ് ഈ കോളേജുകളില്‍ ഉണ്ടായിരുന്നത്. അഫ്ദലുല്‍ ഉലമാ പരീക്ഷകള്‍ വന്നതോടുകൂടി അതിന്റെ സിലബസുകളനുസരിച്ച് കോളേജുകളുടെ സിലബസുകളും വ്യവസ്ഥപ്പെടുത്തി. ഒരു നിലക്ക് ഇസ്‌ലാമിക വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്തുന്നതും വിശാലമായ കാഴ്ചപ്പാടിനെ ഇല്ലാതാക്കുന്നതുമായ നടപടിയായിരുന്നു ഈ പരീക്ഷാ സമ്പ്രദായം.
ശാന്തപുരത്ത് അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ കോളേജായി ഉയര്‍ത്തിയപ്പോള്‍ എ.കെ അബ്ദുല്‍ ഖാദര്‍ മൗലവിയായിരുന്നു ആദ്യത്തെ പ്രിന്‍സിപ്പല്‍. ഈ കാലത്താണ് കോളേജിനാവശ്യമായ ഇന്‍ഫ്രാ സ്‌ട്രെക്ച്ചറും കെട്ടിടങ്ങളും ഹോസ്റ്റലുകളും പരിമിതമായ തോതിലാണെങ്കിലും നിലവില്‍ വന്നത്. പിന്നീട് അബുല്‍ ജലാല്‍ മൗലവിയും ഇസ്ഹാഖ് മൗലവിയുമൊക്കെ പ്രിന്‍സിപ്പല്‍മാരായി. വടക്കാങ്ങര അബ്ദുല്‍ ഖാദര്‍ മൗലവി, കെ.ടി അബ്ദുപ്പു മൗലവി, എന്‍.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അസ്ഗറലി മൗലവി, പി.കെ അബ്ദുല്ലാ മൗലവി തുടങ്ങിയ പ്രഗത്ഭരും അധ്യയന രംഗത്തുണ്ടായിരുന്നു. കാര്യക്ഷമമായ പഠനരീതിയും വിപുലമായ പരിശീലനങ്ങളും ഈ ദശവത്സര കോഴ്‌സിന്റെ പ്രത്യേകതയായിരുന്നു. അറബി ഭാഷാ പഠനത്തോടൊപ്പം അറബിയില്‍ എഴുതാനും സംസാരിക്കാനും വായിക്കാനുമുള്ള പരിശീലനവും കൈയെഴുത്ത് മാസികകളിലൂടെയും മോഡല്‍ പാര്‍ലമെന്റിലൂടെയും  കിട്ടിക്കൊണ്ടിരുന്നു. ഇസ്‌ലാമിയാ കോളേജിന്റെ ഒന്നാം വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ച മോഡല്‍ പാര്‍ലമെന്റും അതിലെ ചോദ്യോത്തരങ്ങളും വിദ്യാര്‍ഥികളുടെ കഴിവുകള്‍ എടുത്തു കാണിച്ചു. പൊതുജനങ്ങളെ അത്തരം പരിപാടികള്‍ നന്നായി ആകര്‍ഷിക്കുകയും ചെയ്തു.
പിന്നീട് ഈ ദശവത്സര കോഴ്‌സിന് പകരം ആറുകൊല്ലം മാത്രമുള്ള ഉസ്വൂലുദ്ദീന്‍ കോഴ്‌സ് നിലവില്‍വന്നു. വിദ്യാര്‍ഥികളുടെ ആവേശവും അധ്വാനപരിശ്രമങ്ങളുമായിരുന്നു ഉസ്വൂലുദ്ദീന്‍ കോഴ്‌സിന്റെ പ്രത്യേകത. 30 കുട്ടികളുള്ള ക്ലാസ് റൂമുകളും പരിശ്രമശാലികളായ അധ്യാപകരും ഈ കോഴ്‌സിന്റെ മേന്മയായിരുന്നു. റൗദത്തിലെ അബുസ്സബാഹ് മൗലവിയില്‍ നിന്ന് അബുല്‍ ജലാല്‍ മൗലവി അനന്തരമായി കൊണ്ടുവന്ന അറബിഭാഷാ താല്‍പര്യം ഇതിന് മികച്ച മുതല്‍ക്കൂട്ടായി. ഈ കോഴ്‌സ് പഠിച്ച് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ അഫ്ദലുല്‍ ഉലമാ പരീക്ഷ പാസ്സാവുകയും അറബിക് ബി.എ, എം.എ തുടങ്ങിയ കോളേജ് പരീക്ഷകള്‍ക്ക് തയാറെടുക്കുകയും ചെയ്തു.
അബുല്‍ജലാല്‍ മൗലവിയുടെ ശ്രമഫലമായി, തെരഞ്ഞെടുക്കപ്പെടുന്ന ചില വിദ്യാര്‍ഥികള്‍ക്ക് ഖത്തറിലെ അല്‍ മഅ്ഹദുദ്ദീനി തുടങ്ങിയ വിദേശ സ്ഥാപനങ്ങളില്‍ പോയി ഉപരിപഠനം നടത്താന്‍ ഭാഗ്യമുണ്ടായി. അഞ്ചംഗങ്ങളുള്‍ക്കൊള്ളുന്ന ബാച്ചുകള്‍ക്ക്  ഉപരിപഠനത്തിന് ചില വര്‍ഷങ്ങളില്‍ അവസരം ലഭിച്ചുകൊണ്ടിരുന്നു. അത് ഇത്തരം സ്ഥാപനങ്ങളുടെ നിലവാരത്തിന്റെ സൂചികയായിരുന്നു. കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന് സല്‍പേരുണ്ടാക്കാനും അതുവഴി സാധിച്ചു. പക്ഷേ, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ അവിടങ്ങളില്‍ തന്നെ ജോലി അന്വേഷിച്ചിറങ്ങാന്‍ താല്‍പര്യം കാണിച്ചുവെന്നത് ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടുപോകാന്‍ തടസ്സമായി. അങ്ങനെ ഉപരിപഠനത്തിന് വിദേശത്തേക്കയക്കുന്ന സമ്പ്രദായം ക്രമേണ ഇല്ലാതായിത്തീരുകയായിരുന്നു.
ഇതിനിടയിലാണ് എം. മുഹമ്മദ് മൗലവി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് വിരമിച്ചപ്പോള്‍ കെ.ടി അബ്ദുര്‍റഹീം സാഹിബിനെ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്. തല്‍സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്ത അബ്ദുര്‍റഹീം സാഹിബ് ഇസ്ലാമിക പ്രബോധനരംഗത്തേക്ക് തിരിച്ചുപോയി. തന്മൂലമുണ്ടായ വിടവ് നികത്താന്‍ ഈയുള്ളവനെ ആ സ്ഥാനത്തേക്ക് നിയോഗിച്ചു. വിദ്യാഭ്യാസ രംഗത്ത് പ്രത്യേക പരിശീലനമൊന്നും ലഭിക്കാത്ത ഈയുള്ളവന്‍ അബുല്‍ജലാല്‍ മൗലവി, ഇസ്ഹാഖലി മൗലവി, വടക്കാങ്ങര അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങിയവരുടെ സ്ഥാനത്തേക്ക് ഉയര്‍ന്നുനില്‍ക്കാനാവുമോ എന്ന ആശങ്ക കാരണം ഈ തസ്തിക സ്വീകരിക്കാന്‍ വിസമ്മതിച്ചുവെങ്കിലും എ.കെ അബ്ദുല്‍ ഖാദര്‍ മൗലവി, മമ്മുണ്ണി മൗലവി, സിദ്ദീഖ് ഹസന്‍ സാഹിബ് എന്നിവരുടെ പ്രചോദനത്താലും, പ്രസ്ഥാനത്തിന്റെ നിര്‍ദേശം അനുസരിക്കുക എന്ന ചുമതലാബോധത്താലുമാണ് ആ സ്ഥാനം  ഏറ്റെടുത്തത്. അതുകൊണ്ട്  വികസനത്തെ കുറിച്ചോ പരിവര്‍ത്തനത്തെ കുറിച്ചോ ചിന്തിക്കാതെ നിലവിലുള്ള ക്ലാസ്സുകള്‍ കാര്യക്ഷമമായി നിലനിര്‍ത്തുക എന്ന പരിമിത ലക്ഷ്യവുമായാണ് ഞാന്‍ മുന്നോട്ടു പോയത്.  എം.ടി അബൂബക്കര്‍ മൗലവി, എം.കെ മൂസ മൗലവി, എം. സൈനുദ്ദീന്‍ മൗലവി തുടങ്ങിയവരുടെ അകമഴിഞ്ഞ സഹകരണത്തോടുകൂടി നാലുവര്‍ഷത്തോളം ഉസ്വൂലുദ്ദീന്‍ കോഴ്‌സ് നടത്തിക്കൊണ്ടു പോകാന്‍ അല്ലാഹുവിന്റെ സഹായത്താല്‍ എനിക്ക് സാധിച്ചു.
ഇപ്പോള്‍ പ്രസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്ന നിരവധി പേര്‍ ഈ കോഴ്‌സില്‍ പഠിച്ചു പാസായവരാണ്. പി. മുജീബുര്‍റഹ്മാന്‍, ശിഹാബ് പൂക്കോട്ടൂര്‍, സി.ടി അബൂദര്‍റ്, സി.ടി സുഹൈബ്, അജ്മല്‍ മമ്പാട്, അനീസ് മമ്പാട്, ഡോ. നഹാസ് മാള, ശമീം ചൂനൂര്‍, വി.എം സാഫിര്‍, ഡോ. അബ്ദുല്‍ വാസിഅ് തുടങ്ങിയവരും പേര് ഓര്‍മയിലില്ലാത്ത മറ്റുപല പ്രഗത്ഭരും പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടായി വളര്‍ന്നവരാണ്. ഉസ്വൂലുദ്ദീന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഇതര യൂനിവേഴ്‌സിറ്റികളില്‍ പോയി ഉപരിപഠനം നടത്തി ഡിഗ്രിയും ഡോക്ടറേറ്റും കരസ്ഥമാക്കിയവരാണ് ഇവരില്‍ പലരുമെന്നുള്ളത് അഭിമാനപൂര്‍വം ഓര്‍ക്കുന്നു.
കോളേജ് ഭരണ മേഖലയില്‍ അകമഴിഞ്ഞ സേവനം കാഴ്ചവെച്ചിരുന്ന ആലപ്പുഴക്കാരന്‍ മര്‍ഹൂം ഹൈദര്‍ സാഹിബിനെ ഓര്‍ക്കാതിരിക്കാന്‍ വയ്യ. ഇംഗ്ലീഷ് പഠനരംഗത്ത് കെ.എം അബ്ദുര്‍റഹീം സാഹിബും അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, സി.എച്ച് ഹാറൂന്‍ എന്നിവരും വിവിധ കാലങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ഇപ്പോള്‍ 'നോളജ് വേള്‍ഡ്' എന്ന സങ്കല്‍പ്പവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.
ചേന്ദമംഗല്ലൂര്‍ അല്‍ കുല്ലിയത്തുല്‍ ഇസ്‌ലാഹിയക്ക് ബഹുമാന്യനായ കെ.സി അബ്ദുല്ലാ മൗലവിയാണ് നേതൃത്വം നല്‍കിയിരുന്നത്. കുറ്റ്യാടിയില്‍ വി. അബ്ദുല്ലാ മൗലവിയും, തിരൂര്‍ക്കാട് എ. മുഹമ്മദ് മൗലവിയും എന്‍.എം ശരീഫ് മൗലവിയും നേതൃത്വം നല്‍കി. വണ്ടൂര്‍ വനിതാ ഇസ്‌ലാമിയാ കോളേജ് വനിതകള്‍ക്ക് പ്രത്യേകമായുള്ള സ്ഥാപനം എന്ന നിലയില്‍ കാര്യമായ സംഭാവനകള്‍ ചെയ്തുപോന്നു. സാങ്കേതികരംഗത്ത് 'ഹമദ് ഐ.ടി.സി' വിദഗ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
അപ്പോഴൊക്കെയും  ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ചില വശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസമാണ് കാര്യമായി നടന്നിരുന്നത്. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ നോളജ് വേള്‍ഡ് എന്ന വിഭാവന സജീവമാണെങ്കിലും വിദ്യാഭ്യാസത്തിന്റെ വിശാലമായ മേഖലകള്‍ എത്തിപ്പിടിക്കാന്‍ ഇപ്പോഴും ബാക്കി കിടക്കുന്നു. വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ മണ്ഡലങ്ങളെയും സ്പര്‍ശിക്കാന്‍ ഇനിയും  സാധിച്ചിട്ടില്ല. വിശാലമായ ഇന്‍ഫ്രാ സ്‌ട്രെക്ച്ചറും സാങ്കേതിക വിഭവങ്ങളും സമര്‍ഥമായ നേതൃത്വവും ഇനിയും ആവശ്യമുള്ള രംഗമാണിത്. ആ വിഷയത്തില്‍ ആഴത്തില്‍ പഠനവും ഗവേഷണവും നടത്തുവാന്‍ കഴിവുള്ള വിദഗ്ധരായ ആളുകള്‍ അക്കാര്യം കാര്യഗൗരവത്തിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു..
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -41-44
ടി.കെ ഉബൈദ്‌