ഉദയ്പൂര്‍ കൊല നല്‍കുന്ന ആപത് സൂചനകള്‍
പ്രവാചകനെ നിന്ദിച്ച ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച ഉദയ്പൂരിലെ തയ്യല്‍ക്കാരന്‍ കനയ്യ ലാല്‍ തേനിയെ മുഹമ്മദ് റിയാസ് അത്താരിയും ഗൗസ് മുഹമ്മദും ചേര്‍ന്ന് കൊലപ്പെടുത്തിയതും വീഡിയോ റെക്കോഡ് ചെയ്ത് പുറത്തുവിട്ടതും ജൂണ്‍ 28-നാണ്. സംഭവ ദിവസം തന്നെ ഇരുവരും അറസ്റ്റിലായി. ആസിഫ് ഹുസൈന്‍, മുഹ്‌സിന്‍ ഖാന്‍ എന്നിവരെ കൂടി തുടര്‍ന്ന് അറസ്റ്റ് ചെയ്തു. എന്‍.ഐ.എ കേസുകള്‍ കൈകാര്യം ചെയ്യുന്ന ജയ്പൂരിലെ സി.ബി.ഐ കോടതിയില്‍ കൊണ്ടുവരുമ്പോള്‍ ഗൗസിന്റെയും റിയാസിന്റെയും മുഖങ്ങള്‍ മറച്ച നിലയിലായിരുന്നു. ഇരുവരെയും തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന നാട്ടുകാര്‍ക്കും അഭിഭാഷകര്‍ക്കുമിടയിലൂടെയാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കുന്നത്. നാല് പ്രതികളെ 10 ദിവസത്തേക്ക് ജയ്പൂര്‍ കോടതി ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)ക്ക് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകൊടുത്ത് തിരികെ പോലീസ് വാനില്‍ കയറ്റുമ്പോള്‍ പോലീസുകാര്‍ക്കിടയിലൂടെ ഇരുവരെയും ജനം ആക്രമിക്കുന്നുണ്ടായിരുന്നു.
കൃത്യം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊല നടത്തുമ്പോള്‍ അത് തടയാന്‍ കഴിയാതിരുന്നതിന് ഉദയ്പൂര്‍ അഡീഷനല്‍ എസ്.പി അശോക് മീണയെയും ഉദയ്പൂര്‍ ഈസ്റ്റിലെയും വെസ്റ്റിലെയും സര്‍ക്കിള്‍ ഓഫീസര്‍മാരായ ജിതേന്ദ്ര അഞ്ചലിനെയും സൂരജ് മാളവ്യയെയും സസ്‌പെന്റ് ചെയ്തുവെങ്കിലും നിഷ്ഠുരമായ ഈ കുറ്റകൃത്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളില്‍ നിന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനോ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനോ രക്ഷപ്പെടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യയെ പോലെ രാജേഷ് പൈലറ്റിനെയും കൂടെ കുറച്ച് എം.എല്‍.എമാരെയും ചാടിക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് രാജസ്ഥാന്‍ നീങ്ങുന്ന വേളയിലാണ് പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനത്ത് ബി.ജെ.പിക്ക് സുവര്‍ണാവസരമൊരുക്കിയ ഗൗസിന്റെയും റിയാസിന്റെയും കുറ്റകൃത്യം. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പോലീസില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളുമെല്ലാം ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ അന്വേഷണ ഏജന്‍സിക്ക് കൈമാറിക്കഴിഞ്ഞതോടെ അന്വേഷണത്തിന്റെ കാര്യത്തില്‍ ഗെഹ്‌ലോട്ടിനും കോണ്‍ഗ്രസ് സര്‍ക്കാറിനും ഇനി ഒന്നും ചെയ്യാനില്ല. കേന്ദ്ര ഏജന്‍സി കോടതിയില്‍ കൊടുക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് എന്താകുമെന്ന് നോക്കി കാത്തിരിക്കുകയേ രാജസ്ഥാന്‍ സര്‍ക്കാറിന് നിവൃത്തിയുള്ളൂ.
ഉദയ്പൂര്‍ കൊലയോടൊപ്പം
അമരാവതി കൊലയും
ജൂണ്‍ 28-ലെ കനയ്യ ലാല്‍ കൊല വലിയ വാര്‍ത്തയായി കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ്, കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയുമായി ചേര്‍ന്ന് 'മഹാ വികാസ് അഘാഡി' എന്ന മുന്നണി സര്‍ക്കാറുണ്ടാക്കിയ മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഒരാഴ്ച മുമ്പ് നടന്ന മറ്റൊരു കൊലയുടെ കഥ ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ അതേ ദിവസം രാത്രി ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നത്. നൂപുര്‍ ശര്‍മയെ പിന്തുണച്ചതിന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ജൂണ്‍ 21-ന് ഉമേഷ് കൊല്‍ഹെ എന്ന മെഡിക്കല്‍ പ്രഫഷണലിന്റെ തലവെട്ടി എന്നായിരുന്നു കനയ്യ ലാലിനെ കൊന്ന ദിവസം രാത്രി 8.36-ന് ഓര്‍ഗനൈസറുടെ ട്വീറ്റ്. അബ്ദുല്‍ (24), ശുഐബ് ഖാന്‍ (22), മുദസ്സിര്‍ ശൈഖ് അഹ്മദ് ഇബ്‌റാഹീം, ശാഹ്‌രൂഖ് പഥാന്‍ ഹിദായത്ത് ഖാന്‍ (24) എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടുവെന്നും കൊല്ലപ്പെട്ട ഉമേഷിന്റെ ചിത്രസഹിതമുള്ള ഓര്‍ഗനൈസറിന്റെ ട്വീറ്റിലുണ്ടായിരുന്നു.
പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മയെ പിന്തുണച്ച സോഷ്യല്‍ മീഡിയാ പോസ്റ്റ് പങ്കുവെച്ചതിന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഒരു മെഡിക്കല്‍ പ്രഫഷണലിന്റെ തലവെട്ടിയതായി പറയപ്പെടുന്നു എന്ന് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഫസ്റ്റ് പോസ്റ്റ് ഓര്‍ഗനൈസറിന്റെ ട്വീറ്റ് ഉദ്ധരിച്ച് ജൂണ്‍ 29-ന് ഇത് വാര്‍ത്തയാക്കി. സമാന സംഭവത്തില്‍ നൂപുര്‍ ശര്‍മയെ പിന്തുണച്ച ട്വീറ്റ് പങ്കുവെച്ച് തയ്യല്‍ക്കാരന്‍ ഉദയ്പൂരില്‍ പകല്‍വെളിച്ചത്തില്‍ രണ്ട് പേരാല്‍ ആള്‍ക്കൂട്ടക്കൊലക്കിരയായെന്ന് ഫസ്റ്റ് പോസ്റ്റ് രണ്ട് സംഭവങ്ങളെയും നേര്‍ക്കുനേര്‍ ബന്ധിപ്പിക്കുകയും ചെയ്തു. ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെയോ മറ്റോ ഉദ്ധരണികളൊന്നുമില്ലാതെ 'ഓര്‍ഗനൈസറിലെ ട്വീറ്റ്' മാത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഫസ്റ്റ് പോസ്റ്റ് വാര്‍ത്ത. ഒരു ദിവസം കൂടി കഴിഞ്ഞ് മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്ത വരാന്‍ തുടങ്ങിയപ്പോഴും
നൂപുര്‍ ശര്‍മയെ പിന്തുണച്ചതുകൊണ്ടാകാം എന്ന സാധ്യതയാണ് പറഞ്ഞിരുന്നത്. നൂപുര്‍ ശര്‍മക്ക് അനുകൂലമായ ഒരു പോസ്റ്റ് കൊല്‍ഹെ വാട്ട്‌സ് ആപ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചിരുന്നുവെന്നും അങ്ങനെ പങ്കുവെച്ച ഗ്രൂപ്പില്‍ മുസ്‌ലിംകളുണ്ടായതായിരിക്കാം അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞതായും അവര്‍ റിപ്പോര്‍ട്ട് ചെയ്തു.
അമരാവതിയിലെ
നവ്‌നീത്- ആരതി പോര്
മഹാരാഷ്ട്രയിലെ പ്രതിപക്ഷ മുന്നണി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയും ശിവസേനാ വിമതരും ആക്കംകൂട്ടുന്ന നേരത്തായിരുന്നു അമരാവതി കൊല. ഇതിനിടയില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി - വിമത ശിവസേനാ സര്‍ക്കാര്‍ അധികാരത്തിലെത്തുക കൂടി ചെയ്തതോടെ വിവാദം കത്തിപ്പടരുകയും മുന്‍ സര്‍ക്കാര്‍ ജിഹാദികളെ രക്ഷിക്കാന്‍ നോക്കിയെന്ന പ്രചാരണവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തുവരികയും ചെയ്തു. ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന്‍ ചാലീസ നടത്തിയതിന് മുംബൈ പോലീസ് അറസ്റ്റ് ചെയ്ത സംഘ്പരിവാര്‍ പിന്തുണയുള്ള യുവ സ്വാഭിമാന്‍ പാര്‍ട്ടി നേതാവും അമരാവതിയിലെ ലോക്‌സഭാ എം.പിയുമായ നവനീത് റാണയായിരുന്നു പ്രചാരണത്തിന് മുന്നില്‍. മുന്‍ സര്‍ക്കാറിന് വേണ്ടി അമരാവതിയിലെ വനിതാ പോലീസ് കമീഷണര്‍ ആരതി സിങ്ങ് കേസ് അട്ടിമറിക്കാന്‍ നോക്കിയെന്നും റാണ ആരോപിച്ചു. എന്നാല്‍, തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ റാണയുടെ ഭര്‍ത്താവും എം.എല്‍.എയുമായ രവി റാണയെയും യുവ സ്വാഭിമാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും വധശ്രമ കേസില്‍ അറസ്റ്റ് ചെയ്തതില്‍ തന്നോടുള്ള വിരോധം തീര്‍ത്തതാണെന്നും ആരതി സിങ്ങ് പ്രതികരിച്ചു. അമരാവതി കൊലയെ കുറിച്ച് നവ്‌നീത് റാണ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ജൂണ്‍ 27-ന് അയച്ച പരാതിയുടെ തുടര്‍ച്ചയായിരുന്നു 28-ലെ ഓര്‍ഗനൈസര്‍ ട്വീറ്റും 29-ലെ ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ടും എന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം. കവര്‍ച്ചക്ക് വേണ്ടിയുള്ള കൊലപാതകമാക്കി അമരാവതി കേസ് മൂടിവെക്കാന്‍ പോലീസ് കമീഷണര്‍ ആരതി സിംഗ് ശ്രമിക്കുന്നുണ്ടെന്ന് നവ്‌നീതിന്റെ പരാതിയിലുണ്ടായിരുന്നു. അമരാവതിയില്‍ അക്രമവും കൊള്ളയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ദിനംതോറും വര്‍ധിക്കുകയാണെന്നും അതിനുത്തരവാദി ആരതി സിങ്ങാണെന്നും അമിത് ഷാക്കുള്ള കത്തില്‍ നവ്‌നീത് ആരോപിച്ചിരുന്നു.
ഉദയ്പൂര്‍ - അമരാവതി കേസുകള്‍
ഒരു പോലെയല്ല
അമിത് ഷാക്ക് നവ്‌നീത് റാണ കത്തെഴുതും മുമ്പ് തന്നെ കൊലപാതകത്തിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും പ്രതികളെ അറസ്റ്റ് ചെയ്തതും കാണിച്ചായിരുന്നു പോലീസ് കമീഷണറുടെ വിശദീകരണം. എഴുതിയ കത്തിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കാണിക്കാന്‍ അതുവരെ നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളും പോലീസ് കമീഷണര്‍ നിരത്തി. ഈ കേസ് മൂടിവെക്കാനായിരുന്നു ഉദ്ദേശ്യമെങ്കില്‍ കൊല നടത്തിയ രണ്ട് പേരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അടക്കാമായിരുന്നു. ഉദയ്പൂര്‍ കൊലപാതകത്തില്‍ നിന്ന് വ്യത്യസ്തമായി ഈ കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടില്ല. കൊല്ലപ്പെട്ട ഉമേഷ് കൊല്‍ഹെയെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്ന ഫോണ്‍വിളികളോ സന്ദേശങ്ങളോ ഉണ്ടായിട്ടില്ല. കേസില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണുകളില്‍ നിന്ന് കുറ്റമാരോപിക്കാവുന്ന തെളിവുകള്‍ ഒന്നും കിട്ടിയിട്ടില്ല. ഉദയ്പൂരിലേത് പോലെ അമരാവതിയില്‍ പ്രതികളിലാര്‍ക്കെങ്കിലും പാകിസ്ഥാന്‍ ബന്ധമുള്ളതായി തങ്ങളിതു വരെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്നും, ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇനി അതെല്ലാം അന്വേഷിക്കേണ്ടതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന്
പോലീസ് കമീഷണര്‍ നല്‍കിയ മറുപടി.
അഞ്ചാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തപ്പോഴാണ് ഒരു എന്‍.ജി.ഒ നടത്തുന്ന, വലിയ ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്ത ഇര്‍ഫാന്‍ ഖാന്‍ എന്ന സൂത്രധാരന്‍ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് വ്യക്തമായതെന്നും നൂപുര്‍ ശര്‍മയെ പിന്തുണച്ച പോസ്റ്റുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ചതെന്നും അവര്‍ പറയുന്നു. അറസ്റ്റിലായവരില്‍ നാല് പേര്‍ ഇര്‍ഫാന്‍ ഖാന്റെ എന്‍.ജി.ഒയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ്. 10,000 രൂപയും ബൈക്കും കൊടുത്ത് കൊല ചെയ്യിച്ചുവെന്ന് പോലീസ് പറയുന്ന ഇര്‍ഫാന്‍ ഖാന്‍ നടത്തുന്ന എന്‍.ജി.ഒയിലേക്കും അതിന്റെ ബാങ്ക് അക്കൗണ്ടിലേക്കും അന്വേഷണം നീണ്ടു. അമരാവതിയില്‍ നൂപുര്‍ ശര്‍മയുടെ പോസ്റ്റ് പങ്കുവെച്ച മൂന്ന് പേര്‍ക്ക് ഭീഷണി വിളികള്‍ വന്നിട്ടുണ്ട്. അതില്‍ ഒരാള്‍ പരാതി നല്‍കിയപ്പോള്‍ രണ്ടു പേര്‍ പരാതി നല്‍കിയില്ല. ഭീഷണി വിളികള്‍ വന്നതോടെ പലരും സാമൂഹിക മാധ്യമങ്ങളില്‍ ക്ഷമാപണം നടത്തുകയും ചെയ്തു.
അമരാവതി കേസും
എന്‍.ഐ.എയിലേക്ക്
ഏതായാലും ഉദയ്പൂര്‍ കേസിന് പിന്നാലെ അമരാവതി കേസും എന്‍.ഐ.എ ഏറ്റെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിറക്കി. കൊലപാതകത്തിന്റെ പ്രാദേശിക തലത്തിലുള്ള നിര്‍വഹണം എന്ന നിലക്ക് മാത്രമല്ല, ആഗോള ബന്ധങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രി ഉത്തരവില്‍ വ്യക്തമാക്കി. മഹാരാഷ്ട്രാ പോലീസിന്റെ അന്വേഷണം അവസാനിക്കുമ്പോള്‍ ആറ് പേരാണ് അറസ്റ്റിലുള്ളത്. 44 വയസ്സുള്ള വെറ്റിനറി ഡോക്ടര്‍ യൂസുഫ് ഖാന്‍ ആണ് അറസ്റ്റിലായ ആറാമന്‍. കൊല്ലപ്പെട്ട ഉമേഷ് കൊല്‍ഹെ വെറ്റിനറി മെഡിക്കല്‍ ഷോപ്പും നടത്തുന്നതിനാല്‍ യൂസുഫ് ഖാന്റെ സുഹൃത്താണ്. ഉമേഷിന്റെ സംസ്‌കാര ചടങ്ങിലും യൂസുഫ് പങ്കെടുത്തിരുന്നു. ഉമേഷ് വെറ്റിനറി ഡോക്ടര്‍മാരെ ചേര്‍ത്തുണ്ടാക്കിയ വാട്ട്‌സ് ആപ് ഗ്രൂപ്പില്‍ യൂസുഫ് ഖാനെയും അംഗമായി ചേര്‍ത്തിരുന്നുവെന്നും നൂപുര്‍ ശര്‍മയെ പിന്തുണച്ച പോസ്റ്റ് ആ ഗ്രൂപ്പില്‍ നിന്ന് യൂസുഫ് മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തിയതാകാം കൊലക്ക് കാരണമെന്നുമായിരുന്നു മഹാരാഷ്ട്രാ പോലീസിന്റെ അനുമാനം. രണ്ട് കേസുകളും എന്‍.ഐ.എ ഏറ്റെടുത്തതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ എന്‍.ഐ.എ മേധാവിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട് കേസുകളും ഒരു പോലെയാണെന്നും കുറ്റകൃത്യം ഒരേ രീതിയിലാണെന്നും പറഞ്ഞാണ് എന്‍.ഐ.എ അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.
എന്‍.ഐ.എയുടെ ധൃതി
ചോദ്യം ചെയ്ത് കോണ്‍ഗ്രസ്
കനയ്യ ലാല്‍ കൊലക്കേസ് രാജസ്ഥാന്‍ പോലീസില്‍ നിന്ന് കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എ ഏറ്റെടുക്കുന്നതിന് കാണിച്ച ധൃതി ചോദ്യം ചെയ്യുകയാണ് കോണ്‍ഗ്രസ്. കൊലയാളി മുഹമ്മദ് റിയാസ് അട്ടാരി ബി.ജെ.പി അംഗമായതു കൊണ്ടാണോ അന്വേഷണം ഏറ്റെടുക്കാനുള്ള ധൃതി കാണിച്ചത് എന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. മുതിര്‍ന്ന ബി.ജെ.പി നേതാവും രാജസ്ഥാനിലെ പ്രതിപക്ഷ നേതാവും മുന്‍ സംസ്ഥാന മന്ത്രിയുമായ ഗുലാബ് ചന്ദ് കട്ടാരിയ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം ബി.ജെ.പിക്കാരനായ മുഹമ്മദ് റിയാസ് നില്‍ക്കുന്ന ചിത്രം കാണിച്ചാണ് ഈ ചോദ്യം കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. റിയാസ് ബി.ജെ.പി പ്രവര്‍ത്തകനാണെന്നതിന്റെ തെളിവായി ബി.ജെ.പി അംഗമായ മുഹമ്മദ് താഹിറിന്റെ 2019 നവംബറിലെ പോസ്റ്റും കോണ്‍ഗ്രസ് മാധ്യമ വകുപ്പ് ചെയര്‍മാന്‍ പവന്‍ ഖേര കാണിച്ചു. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ ഇര്‍ശാദ് ചെയിന്‍വാലക്കും കൊലയാളിക്കുമൊപ്പം നില്‍ക്കുകയാണ് കട്ടാരിയ ചിത്രത്തില്‍. റിയാസ് സജീവ പ്രവര്‍ത്തകനാണെന്നും ഒന്നല്ല ഒരുപാട് പരിപാടികളില്‍ അയാള്‍ പങ്കെടുത്തതിന് തെളിവുണ്ടെന്നും ഖേര വ്യക്തമാക്കി.
എന്നാല്‍, ബി.ജെ.പി നേതാവെന്ന നിലയില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ പരിപാടിയില്‍ താന്‍ പങ്കെടുക്കാറുണ്ടെന്നും തന്റെ കൂടെ ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നത് ആരാണെന്ന് താനല്ല തീരുമാനിക്കുകയെന്നുമായിരുന്നു കട്ടാരിയയുടെ പ്രതികരണം.
ഈ വാദം ഖണ്ഡിക്കുന്ന രാജസ്ഥാന്‍ ആഭ്യന്തര സഹമന്ത്രി രാജേന്ദ്ര സിങ്ങ് യാദവ് കൊലയാളി റിയാസ് ബി.ജെ.പി പ്രവര്‍ത്തകന്‍ മാത്രമല്ല, ഗുലാബ് ചന്ദ് കട്ടാരിയയുടെ പോളിംഗ് ഏജന്റ് കൂടിയായിരുന്നുവെന്ന് തിരിച്ചടിച്ചു. ചിത്രങ്ങള്‍ പങ്കുവെച്ച് ബി.ജെ.പിക്ക് ഉദയ്പൂര്‍ കൊലയുമായി നേര്‍ക്കുനേര്‍ ബന്ധമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി കുറ്റപ്പെടുത്തി. ഐക്യവും സൗഹാര്‍ദവും ജനാധിപത്യവുമൊന്നും അവര്‍ക്ക് വേണ്ടെന്നും രാജ്യത്തെ ഭിന്നിപ്പിക്കുക മാത്രമാണ് അവരുടെ ആഗ്രഹമെന്നും ബാനര്‍ജി വിമര്‍ശിച്ചു.
ബി.ജെ.പി ബന്ധത്തിന്റെ തെളിവുകള്‍ക്ക് മുന്നില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയാത്ത നിസ്സഹായതയിലായപ്പോഴാണ്, കൊലയാളികള്‍ ബി.ജെ.പിയിലേക്ക് നുഴഞ്ഞുകയറാന്‍ നോക്കിയതാണെന്ന പ്രചാരണം സംഘ് പരിവാര്‍ ഇറക്കിയത്. എന്നാല്‍, ഇതിനായി ഇന്ത്യാ ടുഡെയിലൂടെ പ്ലാന്‍ ചെയ്ത വാര്‍ത്ത 'വെളുക്കാന്‍ തേച്ചത് പാണ്ടാക്കി.' റിയാസ് നുഴഞ്ഞകയറാന്‍ ശ്രമിച്ചവനല്ലെന്നും ബി.ജെ.പി പ്രവര്‍ത്തകന്‍ തന്നെയാണെന്നുമാണ് ചെയിന്‍വാല പറഞ്ഞത്. കട്ടാരിയയുടെ നിരവധി ബി.ജെ.പി പരിപാടികളില്‍ റിയാസ് പങ്കെടുത്തിട്ടുണ്ടെന്നും
ഉംറ കഴിഞ്ഞ് വന്നപ്പോള്‍ റിയാസിനെ താന്‍ മാലയിട്ട് സ്വീകരിച്ചിട്ടുണ്ടെന്നും ചെയിന്‍വാല ചാനലിനോട് പറഞ്ഞു.
ഉദയ്പൂര്‍ കൊലക്ക് പിന്നാലെ
അമര്‍നാഥ് ആക്രമണ നീക്കം
ബി.ജെ.പിയുമായോ അതിന്റെ ന്യൂനപക്ഷ മോര്‍ച്ചയുമായോ പരിമിതമല്ല ഉദയ്പൂര്‍ കൊലയാളികളുടെ സംഘ് പരിവാര്‍ ബന്ധത്തിന്റെ സാക്ഷ്യങ്ങള്‍. ആര്‍.എസ്.എസിന്റെ മുസ്‌ലിം രാഷ്ട്രീയ മഞ്ചിലേക്ക് എത്തിനില്‍ക്കുന്ന ഇവരുടെ ബന്ധങ്ങള്‍ക്ക് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പങ്കെടുത്ത ചടങ്ങുപോലും തെളിവുകളായി പുറത്തുവന്നു. ബി.ജെ.പിയില്‍ റിയാസിന്റെ ഏറ്റവുമടുത്ത രണ്ട് സുഹൃത്തുക്കളായ ചെയിന്‍വാലയും മുഹമ്മദ് താഹിറും ബി.ജെ.പിയോടൊപ്പം ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ രക്ഷിതാവായ മുസ്‌ലിം രാഷ്ട്രീയ മഞ്ചിലും സജീവമാണ്. എന്നിട്ടാണ് ബി.ജെ.പി ബന്ധം മറച്ചുവെച്ച്, നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരാണെന്ന് ഇന്ത്യാ ടുഡെ സ്ഥാപിക്കാന്‍ ശ്രമിച്ചത്.
ഉദയ്പൂര്‍ കൊലയാളികളെ ബി.ജെ.പിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരാക്കാന്‍ നോക്കി പരാജയപ്പെട്ടതിനിടയിലാണ് ജമ്മു-കശ്മീരില്‍ നിന്ന് അമര്‍നാഥ് യാത്രക്ക് നേരെ ആക്രമണം നടത്താനുള്ള ആസൂത്രണത്തിനിടെ, ബി.ജെ.പി ഐ.ടി സെല്ലിന്റെ ചുമതലയുണ്ടായിരുന്ന ലഷ്‌കര്‍ ഭീകരനെ നാട്ടുകാരുടെ സഹായത്താല്‍ പിടികൂടിയ വാര്‍ത്ത വരുന്നത്. ന്യൂനപക്ഷ മോര്‍ച്ച വഴിയാണ് താലിബ് ഹുസൈന്‍ ഷായും ബി.ജെ.പിയിലെത്തി പിന്നീട് ലഷ്‌കര്‍ ഭീകരനായി മാറുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ക്കുമൊപ്പം താലിബ് ഹുസൈന്‍ നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഐ.ടി സെല്‍ മേധാവിയായി ബി.ജെ.പിയുടെ നിയമന ഉത്തരവ് കൃത്യമായി തെളിവായി ഉണ്ടായിട്ടും താലിബ് ഹുസൈന്‍ മാധ്യമപ്രവര്‍ത്തകനായിരുന്നുവെന്നും പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന് ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഫോട്ടോയില്‍ നിന്നതാണെന്നും പറഞ്ഞ് ഒഴിയാന്‍ നോക്കുകയാണ് ബി.ജെ.പി.
സമുദായ വികാരങ്ങളെ
ഇന്ധനമാക്കുന്നതാര്?
ഉദയ്പൂരില്‍ പ്രവാചകനിന്ദ ആരോപിച്ച് ബി.ജെ.പിക്കാരായ കൊലയാളികള്‍ കനയ്യ ലാലിനെ കൊന്നതും ജമ്മു-കശ്മീരില്‍ ബി.ജെ.പി നേതാവ് തന്നെ അമര്‍നാഥ് യാത്ര ആക്രമിക്കാനുള്ള ലഷ്‌കര്‍ ഭീകരനായതും മുസ്‌ലിം സമുദായത്തിന് നല്‍കുന്ന മുന്നറിയിപ്പ് ചെറുതല്ല. സംഝോത, അജ്മീര്‍ തുടങ്ങിയ സ്‌ഫോടനക്കേസുകളുടെ അന്വേഷണ കാലത്ത് മുസ്‌ലിം രാഷ്ട്രീയ മഞ്ച് രക്ഷാധികാരി കൂടിയായ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വാര്‍ത്തകളാണ് നമ്മുടെ ഓര്‍മകളിലേക്കെത്തുന്നത്. മുസ്‌ലിം സമുദായത്തെ പൈശാചികവല്‍ക്കരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച സംഝോത, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ, മൊദാസ സ്‌ഫോടന കാലങ്ങളിലെ സമാനമായൊരു അവസ്ഥയിലേക്ക് മറ്റൊരു രീതിയില്‍ സമുദായം എടുത്തെറിയപ്പെടുകയാണ്.
ഹിന്ദുത്വ തീവ്രവാദികളില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് മേല്‍ വ്യാപകമായ തിരിച്ചടിയുണ്ടാക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രണങ്ങളാണ് ഉദയ്പൂരിലും ജമ്മു-കശ്മീരിലും പുറത്തുവന്നിരിക്കുന്നത്. സംഘ് പരിവാര്‍ പ്രചരിപ്പിക്കുന്നതു പോലെ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയിലൂടെയും മുസ്‌ലിം രാഷ്ട്രീയ മഞ്ചിലൂടെയും ഇത്തരമാളുകള്‍ നുഴഞ്ഞുകയറുന്നത് ബി.ജെ.പിയിലേക്കല്ല, സമുദായത്തിനകത്തേക്കാണ്.
ആള്‍ക്കൂട്ടക്കൊലകളും പൗരത്വ നിയമവും മുത്തലാഖ് ക്രിമിനല്‍വല്‍ക്കരണവും ബുള്‍ഡോസര്‍ രാജും കോടതികളിലെ നീതിനിഷേധവും ജീവിത സാഹചര്യങ്ങള്‍ ദുസ്സഹമാക്കുമ്പോള്‍ മുസ്‌ലിം സമുദായത്തില്‍ ചിലരെയെങ്കിലും, വികാര വിക്ഷോഭങ്ങള്‍ക്ക് അടിപ്പെടുമെന്ന് മനസ്സിലാക്കി തന്നെയാണ് ഈ ആസൂത്രണങ്ങള്‍. അത്തരം മനോഗതിയുള്ളവരുടെ ചിന്തകള്‍ക്ക് തീപിടിപ്പിക്കുകയും അവരെ ചാവേറുകളാക്കുകയും ചെയ്താല്‍ ഉന്മൂലനത്തിന് എളുപ്പമാകുമെന്ന് കണക്കുകൂട്ടിയുള്ള കളിയാണിത്.
Comments