എന്നിട്ടും നിങ്ങള്‍ക്കെന്താണ് വ്യസനമില്ലാത്തത്?
മരണത്തിന് ഏറെ വഴികളുണ്ട്. മരണത്തിലേക്കുള്ള ഏറ്റവും മോശമായ വഴികളിലൊന്ന് സെരിന്‍ മൂലമുള്ള മരണമാണെന്നാണ് പറയാറ്. ശരീരത്തിലേക്ക് ഈ കെമിക്കല്‍ ഇഴഞ്ഞ് കയറും. ശ്വാസം മുട്ടും, ശ്വസിക്കാന്‍ പറ്റാതാകും. ഛര്‍ദിച്ച് അവശനാകും. വേദന പേറി പേറി, പതുക്കെയുള്ള ഭയാനകമായ മരണം.
2013 ആഗസ്റ്റ് 21-ന്റെ പുലര്‍ച്ചയിലാണ് സെരിന്‍ കെമിക്കല്‍ ചേര്‍ന്ന റോക്കറ്റുകള്‍ ദമസ്‌കസിലെ ഗോത്തയില്‍ വന്ന് പതിച്ചത്. 1429 പേര്‍ കൊല്ലപ്പെട്ടു. അതില്‍ കുട്ടികള്‍ ഒരുപാടുണ്ടായിരുന്നു.
ഒരു രാജ്യം എങ്ങനെ സെമിത്തേരി ആകുന്നു എന്ന് പറയുന്ന പുസ്തകമാണ് കാസിം ഈദിന്റെ My Country: A Syrian Memoir.
പുസ്തകത്തിന്റെ വായനക്കൊടുക്കം നിങ്ങള്‍ നിശ്ചലരാകും, നിശ്ചേഷ്ടരാകും, വികാരം വറ്റും, ദൈവമേ എന്ന് നിലവിളിക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബറദ നദിക്കരികെയുള്ള ഒരു മരുപ്പച്ചയായിരുന്നു ഗോത്ത. ഒരു കാര്‍ഷിക ജില്ല. അവിടെ നിറയെ ഫലവൃക്ഷങ്ങളായിരുന്നു. കാസിം ഈദ് വളര്‍ന്നത് അവിടെയാണ്.
കെമിക്കല്‍ അറ്റാക്ക് നടക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താന്‍ റീഡേഴ്‌സ് ഡൈജസ്റ്റിന്റെ പഴയ കോപ്പി വായിക്കുകയായിരുന്നു കാസിം ഈദ്. പെട്ടെന്ന് കാസിമിന് ശ്വാസം മുട്ടാന്‍ തുടങ്ങി. തൊണ്ടയില്‍ ഒരു പിടിത്തം. അടുത്ത വീട്ടിലെ ഉമ്മു ഖാലിദ് ഓടി വന്നു. എന്റെ മക്കള്‍ എന്നവര്‍ വിതുമ്പുന്നുണ്ടായിരുന്നു. നാലും ആറും വയസ്സായ മക്കള്‍. അവരുടെ മുഖം നീലയും മഞ്ഞയും നിറമായിരിക്കുന്നു. അവര്‍ ഛര്‍ദിക്കുന്നുമുണ്ട്.
സെരിന്‍ ഗ്യാസ് ആണ് ബശ്ശാറുല്‍ അസദ് അവര്‍ക്കു നേരെ പ്രയോഗിച്ചത്.
കാസിമിന് ബോധം നഷ്ടപ്പെട്ടു. ഹോസ്പിറ്റലില്‍ നിന്നാണ് ബോധം തിരിച്ചുകിട്ടിയത്.
ആ രാത്രി കാസിം തെരുവിലൂടെ നടന്നു. വെസ്റ്റ് മുഅ്ദമിയയിലെ ഒരു ഒലീവ് മരത്തിന് താഴെ ഇരുന്നു. കാസിമിന്റെ കത്തുന്ന കണ്ണിലേക്ക് അമ്പിളി വെളിച്ചം വന്നു. താന്‍ ഒറ്റക്കാണെന്ന് തോന്നി. ആരെങ്കിലും എന്നെയൊന്ന് ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചിരുന്നെങ്കില്‍.
ഒലീവ് മരത്തെ കെട്ടിപ്പിടിച്ച് കാസിം കരഞ്ഞു. ഒലീവ് മരത്തോട് പിറുപിറുത്തു. നിന്റെ ചില്ലകളില്‍ ഞാനെത്ര കളിച്ചിട്ടുണ്ട്, എത്ര ഒലീവ് പഴങ്ങള്‍ കഴിച്ചിട്ടുണ്ട്. ഉപ്പ, ഉമ്മ, സഹോദരങ്ങള്‍, കൂട്ടുകാര്‍ എല്ലാവരും ഉണ്ടായിരുന്നില്ലേ.. എന്ത് രസമായിരുന്നു. ഇപ്പോള്‍ എല്ലാവരും പോയി. നമ്മള്‍ തനിച്ചായി.
തന്റെ അയല്‍ക്കാരും കൂട്ടുകാരും കണ്‍മുന്നില്‍ മരിച്ചുവീഴുന്നത് കണ്ട നടുക്കങ്ങള്‍ കാസിം ഈദ് പുസ്തകത്തില്‍ പകര്‍ത്തുന്നുണ്ട്.
1989-ലാണ് കാസിം ഈദിന്റെ കുടുംബം സിറിയയിലെ മുഅ്ദമിയയിലേക്ക് വരുന്നത്. അന്ന് കാസിമിന് മൂന്ന് വയസ്സ്. ഫലസ്ത്വീന്‍- സിറിയന്‍ കുടുംബമായിരുന്നു അവരുടേത്. ഫലസ്ത്വീനികളെ മുഴുവന്‍ പൗരന്മാരായി സിറിയ അംഗീകരിച്ചിരുന്നില്ല. അന്തരീക്ഷം അനുകൂലമായാല്‍ സ്വന്തം രാജ്യത്തേക്ക് പോകേണ്ടവര്‍ എന്ന നിലക്കായിരുന്നു അവരെ പരിഗണിച്ചിരുന്നത്.
പ്രസിഡന്റ് ഹാഫിസുല്‍ അസദ് മരിക്കുന്നത് ആയിടക്കാണ്. പകരം 34 വയസ്സുള്ള ബശ്ശാര്‍ പ്രസിഡന്റ് ആയി. ചെറുപ്പക്കാരനായ പ്രസിഡന്റ് നാടിന്റെ നന്മക്കാവും എന്നവര്‍ കരുതി.
പിന്നീടാണ് അറബ് വസന്തം പൊട്ടിപ്പുറപ്പെടുന്നത്. അന്ന് 2010 ഡിസംബര്‍ 17 ആയിരുന്നു. തുനീഷ്യയില്‍ എന്തോ സംഭവിക്കുന്നു എന്നാരോ വന്ന് പഞ്ഞു. പ്രതീക്ഷ നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്‍ പോലീസിന് മുന്നില്‍ തീ കൊളുത്തി മരിക്കുകയായിരുന്നു. ദരിദ്രനായ ഫ്രൂട്ട് കച്ചവടക്കാരന്‍. മൂഹമ്മദ് ബൂ അസീസി എന്നാണ് അയാളുടെ പേര്. പിന്നീട് ആ ഗവണ്‍മെന്റിനെ അട്ടിമറിക്കുന്നതിലേക്ക് പ്രതിഷേധം മാറി. അത് ശരിക്കും ഞെട്ടിക്കുന്നതായിരുന്നു. തൂനീഷ്യന്‍ ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ മിലിറ്ററി അംഗീകരിച്ചില്ല. പിന്നീട് ഈജിപ്തിലും പ്രക്ഷോഭം തുടങ്ങി. ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിന്റെ കാലവും കഴിഞ്ഞു. സിറിയയില്‍ അതുപോലെ സംഭവിക്കും എന്ന് പക്ഷേ, അവര്‍ കരുതിയിരുന്നില്ല. അവിടത്തെ ഭരണമാറ്റത്തെപ്പറ്റി പറയാന്‍ പോലും അവര്‍ക്ക് ഭയമായിരുന്നു.
പതിയെ ഫേസ്ബുക്കില്‍ സിറിയയില്‍ പ്രക്ഷോഭത്തെക്കുറിച്ച പോസ്റ്റുകള്‍ വരാന്‍ തുടങ്ങി. എയര്‍ഫോഴ്‌സ് ഇന്റലിജന്‍സ് ലെഫ്റ്റനന്റ് അബൂജാഫറിനെ ഫ്രീ സിറിയന്‍ ആര്‍മി വകവരുത്തിയതോടെ കളി മാറി.
പിന്നീട് നടന്നത് ആക്രമണങ്ങളുടെ, കൊടും ക്രൂരതകളുടെ പരമ്പരയായിരുന്നു. മരങ്ങളോട് പോലും വെറുപ്പായിരുന്നു ബശ്ശാറിന്. മനോഹരമായ ഒലീവ് തോപ്പുകളെപ്പോലും അവര്‍ മനപ്പൂര്‍വം നോട്ടമിട്ടു. അവയ്ക്ക് നേരെ ഷെല്ലിംഗ് നടത്തി. പാവം മനുഷ്യരുടെ ഉപജീവനം തന്നെ അയാള്‍ക്ക് തകര്‍ക്കണമായിരുന്നു. ബശ്ശാറിന്റെ പ്രജകളായിപ്പോയി എന്നതായിരുന്നു ആ ജനത ചെയ്ത തെറ്റ്.
''അഭയാര്‍ഥികള്‍ ഒരു രാജ്യം തന്നെയല്ലേ.. ഞങ്ങള്‍ക്ക് കൊടിയില്ല, ഗവണ്മെന്റില്ല. ആര്‍ക്കും ഞങ്ങളോട് ഉത്തരവാദിത്വമില്ല. ഞങ്ങളെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് ഞങ്ങളെ കുറിച്ചൊന്ന് നിങ്ങള്‍ അറിയണം, ഞങ്ങളെങ്ങനെ അഭയാര്‍ഥികളായെന്ന് അന്വേഷിക്കണം, അഞ്ച് ലക്ഷം ആളുകള്‍ കൊല്ലപ്പെട്ട കഥയൊന്ന് കേള്‍ക്കണം..''
കാസിം ഈദ് വായനക്കാരോട് അപേക്ഷിക്കുകയാണ്...
''ഒരുപക്ഷേ, എല്ലാം നിങ്ങള്‍ കണ്ടു കാണും അല്ലേ.. എന്നിട്ടും ലോകരേ, നിങ്ങള്‍ക്കെന്താണ് സിറിയയെ ആലോചിച്ച് വ്യസനമില്ലാത്തത്?''
Comments