Prabodhanm Weekly

Pages

Search

2022 ജൂണ്‍ 10

3255

1443 ദുല്‍ഖഅദ് 10

മറ്റൊരു ബാബരി  സംഭവിക്കരുത്

നജാഹ് അഹ്മദ്

ബാബരി കേവല്‍ ഝാക്കി ഹെ
കാശി മധുര ബാക്കി ഹെ
(ബാബരി കേവലം സൂചന മാത്രം,
കാശിയും മധുരയും ബാക്കിയാണ്)
ചരിത്ര പ്രസിദ്ധമായ അയോധ്യയിലെ ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷം ഹിന്ദുത്വ തീവ്രവാദികള്‍ ഇന്ത്യാ മഹാ രാജ്യത്തിന്റെ അഖണ്ഡതയെയും മതേതരത്വത്തെയും വെല്ലുവിളിച്ച് മുഴക്കിയ റാലിയിലെ വരികളാണിവ. ഇന്ത്യയിലെ മുസ്‌ലിം പാരമ്പര്യമുള്ള ചരിത്ര സ്മാരകങ്ങളെയെല്ലാം തകര്‍ക്കുകയോ പുനര്‍ നാമകരണം നടത്തുകയോ ചെയ്ത് മുസ്‌ലിം പൈതൃകങ്ങളെ ചരിത്ര രേഖകളില്‍ നിന്ന് ഇല്ലായ്മ ചെയ്യാനുള്ള കുത്സിത ശ്രമങ്ങള്‍ വളരെ ആസൂത്രിതമായി നടക്കുകയാണ്. തല്‍ഫലമായി, ഇന്ത്യയില്‍ മുസ്‌ലിംകള്‍ അധിനിവേശം നടത്തി വലിഞ്ഞു കേറി വന്നവരാണെും ചരിത്രപരമായോ സാമൂഹിക സംബന്ധിയായോ ഇവര്‍ക്ക് രാജ്യ നിര്‍മിതിയില്‍ യാതൊരു പങ്കുമില്ലെന്നും സമര്‍ഥിക്കാനാണ് തീവ്ര ഹിന്ദുത്വ സംഘടനകള്‍ ഭഗീരഥ യത്നം നടത്തുന്നത്.
ഇക്കാര്യത്തില്‍ ഒരു പരിധി വരെ അവര്‍ വിജയിച്ചുവെന്നത് അവിശ്വസനീയമാണ്. നൂറ്റാണ്ടുകളോളം ഇന്ത്യാ മഹാ രാജ്യം ഭരിച്ച്,  കലാമൂല്യമുള്ള നിരവധി പൈതൃകങ്ങള്‍ സമ്മാനിച്ചവരെയാണ് ശേഷിപ്പുകളൊന്നുമില്ലാതെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നത്. മുസ്‌ലിം പൈതൃകങ്ങള്‍ കുടികൊള്ളുന്ന പ്രമുഖ നഗരങ്ങളെ പലതിനെയും പുനര്‍നാമകരണം ചെയ്തുകഴിഞ്ഞു. അലഹബാദിനെ പ്രയാഗ് രാജായും ദയൂബന്ദിനെ ദിയോവൃന്ദായും മാറ്റിക്കഴിഞ്ഞു. ചരിത്രത്തെ വക്രീകരിച്ച് വ്യാജരേഖകള്‍ ചമച്ച് അവര്‍ തങ്ങളുടെ ദൗത്യത്തില്‍ വ്യാപൃതരാണ്. അധികാരത്തിന്റെ പിന്‍ബലത്തില്‍ എന്തും ചെയ്യാമെന്ന രീതിയിലാണിപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്.
ബാബരി വെറും സൂചന മാത്രം,  കാശിയും മധുരയും ബാക്കി എന്ന വാക്കുകളെ അന്വര്‍ഥമാക്കും വിധം കരുക്കള്‍ നീക്കിത്തുടങ്ങിയിരിക്കുന്നു. കാശിയിലെ ഗ്യാന്‍വാപി മസ്ജിദ് തകര്‍ത്ത തല്‍സ്ഥാനത്ത് ക്ഷേത്രം പണിയണമെന്നാണ് ആവശ്യം. പള്ളിയുടെ പിന്‍ഭാഗത്ത് ശിവലിംഗം കണ്ടെത്തിയെന്നും അവിടെ നിത്യാരാധന ചെയ്യാനുള്ള അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയാണ് നിലവില്‍ കോടതി പരിഗണിക്കുന്നത്. മുന്‍കാലങ്ങളില്‍ ഹൗദുകളില്‍ സ്ഥിരം കാഴ്ച്ചയായിരുന്ന ജലധാരയെയാണ് ശിവലിംഗമെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. 1669-ല്‍ മുഗള്‍ സുല്‍ത്താന്‍ ഔറംഗസീബ് നിര്‍മിച്ച ആരാധനാലയമാണ്  ഗ്യാന്‍വാപി മസ്ജിദ് (1664-ലാണെന്നും അഭിപ്രായമുണ്ട്). കാശിയിലെ വിശ്വേശ്വര ക്ഷേത്രം തകര്‍ത്താണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചതെന്നാണ് പ്രധാന വാദം. 1870-ല്‍ ഇന്‍ഡോറിലെ റാണി അഹല്ലാ ബായി ഹോള്‍ക്കറാണ് ഇപ്പോള്‍ കാശിയിലുള്ള വിശ്വനാഥ ക്ഷേത്രം നിര്‍മിച്ചത്. ഈ ഘട്ടങ്ങളിലൊന്നും തന്നെ ഇരു മതസ്ഥര്‍ക്കിടയിലും യാതൊരു പ്രശ്നവും ഉടലെടുത്തിരുന്നില്ല.
1984-ലാണ് വിശ്വ ഹിന്ദു പരിഷത്ത് മസ്ജിദിനെതിരായി ആദ്യമായി കേസ് നല്‍കുന്നത്. 1991-ല്‍, പള്ളി ക്ഷേത്രത്തിന് വിട്ടു തരണമെന്നാവശ്യപ്പെട്ട് വീണ്ടും ഹര്‍ജി നല്‍കി. എന്നാല്‍, അപകടകരമായ ഈ നീക്കം തിരിച്ചറിഞ്ഞ നരസിംഹ റാവു സര്‍ക്കാര്‍ പ്ലേസ് ഓഫ് വേര്‍ഷിപ്പ് ആക്ട് കൊണ്ടുവന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ അവസരത്തില്‍ ആരാധനാലയങ്ങളുടെ അവസ്ഥയെന്താണോ അത് പ്രകാരം തന്നെ തുടരണമെന്നതാണ് പ്രസ്തുത നിയമത്തിന്റെ കാതല്‍. 1947-ല്‍ മസ്ജിദായി നിന്നിരുന്നവ അപ്രകാരം തന്നെ തല്‍സ്ഥിതി തുടരണമെന്ന നിയമം വഴി ഹിന്ദുത്വവാദികളുടെ കുത്സിതശ്രമങ്ങള്‍ക്ക് കത്രികപ്പൂട്ടിടുകയായിരുന്നു. 1947-ല്‍ വ്യവഹാരം നടക്കുന്നതിനാല്‍ ബാബരി മസ്ജിദിനെ ഇതില്‍ നിന്ന് ഒഴിവാക്കി. തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യത്തില്‍ അന്ന് എം.പി ആയിരുന്ന ഗുലാം മഹ്മൂദ് ബനാത്ത് വാല ആയിരുന്നു ഈ നിയമത്തിന് പിന്നില്‍. ബില്ല് പാര്‍ലമെന്റില്‍ വോട്ടിനിട്ടപ്പോള്‍ ബി.ജെ.പി പ്രതിഷേധിച്ചു. ഒരു നിലക്കും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വ്യക്തമായപ്പോള്‍ കാശി ഗ്യാന്‍വാപി മസ്ജിദിനെയും മഥുരയിലെ ശാഹി ഈദ്ഗാഹിനെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും ആസൂത്രിതമായാണ് അവര്‍ കരുക്കള്‍ നീക്കുന്നത്. ഗ്യാന്‍വാപി പോലെ നിരവധി പള്ളികളില്‍ ഹിന്ദു തീവ്രവാദികളുടെ വ്യാജ ആരോപണങ്ങള്‍ കാരണം ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഖുത്ബ് മിനാറും കമാലുദ്ദീന്‍ മസ്ജിദും മുതല്‍ അജ്മീര്‍ ദര്‍ഗ വരെ ക്ഷേത്രമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
ഖുതുബ് മിനാറിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ് വിഷയത്തില്‍ നിലവില്‍ കോടതിയില്‍ വ്യവഹാരം നടന്നുകൊണ്ടിരിക്കുകയാണ്. ചരിത്രപരമായി ദല്‍ഹിയിലെ ആദ്യ മസ്ജിദാണ് ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ്. ചുവന്ന കല്ലുകള്‍ കൊണ്ടാണിതിന്റെ മതിലുകള്‍ പണിതിരിക്കുന്നത്. ജാമിഅ് മസ്ജിദെന്നായിരുന്നു ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദിന്റെ ആദ്യകാല നാമം. പിന്നീട് ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദായി പുനര്‍നാമകരണം ചെയ്യുകയായിരുന്നു. 1194-ലാണ് ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദിന്റെ നിര്‍മാണത്തിന് തുടക്കം കുറിക്കുന്നത്. 1197-ല്‍ പൂര്‍ത്തിയാവുകയും ചെയ്തു. ഖുതുബുദ്ദീന്‍ ഐബകാണ് ഈ മസ്ജിദ് നിര്‍മിച്ചത്. ഈ മസ്ജിദ്  നിര്‍മിച്ചതിന്റെ സന്തോഷത്തിലാണ് ഖുതുബുദ്ദീന്‍ ഐബക് മനോഹരമായ ഒരു ഗോപുരം പണിയുന്നത്. ഇത് പില്‍ക്കാലത്ത് ഖുതുബ് മിനാര്‍ എന്ന പേരില്‍ വിശ്രുതമായി. ഖുതുബുദ്ദീന്‍ ഐബകിന് ശേഷം ഇല്‍ത്തുമിഷ് പള്ളി നവീകരിച്ചു. 1230-ലായിരുന്നു ഇത്. 1311-ല്‍ അലാവുദ്ദീന്‍ ഖില്‍ജി പള്ളിക്ക് ഒരു കവാടം കൂടി നിര്‍മിച്ചു. ഇതാണ് അലായ് ദര്‍വാസ എന്നറിയപ്പെടുന്നത്.
ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദിന്റെ  നിര്‍മാണത്തില്‍ ഹൈന്ദവ സംസ്‌കാരവുമായി ബന്ധപ്പെട്ട ചിഹ്നങ്ങള്‍ കണ്ടെത്തിയെന്നതാണ്  പ്രധാന ആരോപണം. പ്രധാനമായും അക്കാലത്ത് അമുസ്‌ലിം തൊഴിലാളികളാണ് മസ്ജിദിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. ഇതിന്റെ സ്വാധീനം മസ്ജിദിന്റെ കൊത്തുപണികളിലും മറ്റു വാസ്തുകലയിലും പ്രകടമാണ്. തൂണിലെ കൊത്തുപണികളും ക്ഷേത്രസമാനമായ കിഴക്കുഭാഗത്തുള്ള കവാടവുമാണ് ആരോപണങ്ങള്‍ക്ക് തെളിവായി എണ്ണുന്നത്. എന്നാല്‍, പശ്ചിമ -മധ്യേഷ്യന്‍ നിര്‍മാണരീതി മസ്ജിദില്‍ പ്രകടമാണ്. മിനാരങ്ങളാണ് അതില്‍ ഏറ്റവും പ്രധാനം. അഗ്രം കൂര്‍ത്ത നിര്‍മാണങ്ങളും ഇന്ത്യന്‍ വാസ്തുവിദ്യയില്‍ പെട്ടതല്ല. കലിഗ്രഫികളും നിര്‍മാണ രീതികളും, ക്ഷേത്രം തകര്‍ത്തല്ല മസ്ജിദ് നിര്‍മിച്ചതെന്നതിന് ബലമേകുന്നു. വൃത്താകാരവും കോണുകളുള്ളതുമായ ചാലുകളും നക്ഷത്രാകാര സംവിധാനവും ഗസ്നി മിനാരങ്ങളുടെ പകര്‍പ്പാണെന്ന് ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുമുണ്ട്.
എന്നാല്‍, ഹൈന്ദവതയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളായ താമരയും ചക്രവും ദേവനാഗിരി ലിഖിതങ്ങളും, ഹിന്ദു പേരുകളും പഞ്ചാംഗവും മേല്‍ പറഞ്ഞതു പോലെ ഹിന്ദു ആശാരിമാരുടെ സംഭാവനകളുമാണ്. ബാബരി മുതല്‍ അജ്മീര്‍ ദര്‍ഗ വരെ നീളുന്ന ആരോപണങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യബോധത്തിനും മതസൗഹാര്‍ദത്തിനുമേറ്റ ക്ഷതമാണ്. ഇനിയൊരു ബാബരിയും ആവര്‍ത്തിക്കപ്പെടരുത്. ജനാധിപത്യ വിശ്വാസികളിലും നീതിപീഠത്തിലും മാത്രമാണ് ഇനി പ്രതീക്ഷ. 


അത് 
ഫാത്തിമാ റഹ്മാനാണ്

ഡോ. കെ.കെ അബ്ദുസ്സലാം, മാള

പ്രബോധനം ലക്കം 3253, പേജ് 27-ലെ  ഫോട്ടോ അഡ്വ. ആഇശ റഹ്മാന്റേതല്ല; അഡ്വ. ഫാത്തിമാ റഹ്മാന്റേതാണ്. എം.ഇ.എസ് സ്ഥാപക നേതാവ് ഡോ. പി.കെ അബ്ദുല്‍ ഗഫൂറിന്റെ സഹോദരിയും മുസ്‌ലിം ഐക്യസംഘത്തിന്റെ തലവന്‍ മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയുടെ സഹോദര പുത്രിയുമായിരുന്നു  ഫാത്തിമാ റഹ്മാന്‍.  എറണാകുളം പുല്ലേപ്പടിയില്‍, പ്രശസ്തമായ വനിതാ യത്തീംഖാനയും മുസ്‌ലിം വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകളും സ്ഥാപിച്ച് നടത്തിക്കൊണ്ടിരിക്കുന്ന എറണാകുളം ജില്ലാ മുസ്‌ലിം വിമന്‍സ് അസോസിയേഷന്റെ ആജീവനാന്ത പ്രസിഡണ്ടും അവരായിരുന്നു. സബ് ജഡ്ജിയായി റിട്ടയര്‍ ചെയ്ത അവര്‍  'ശാരദാ അവാര്‍ഡി'നര്‍ഹയായ ആദ്യത്തെ  മുസ്‌ലിം സാമൂഹിക പ്രവര്‍ത്തകയായിരുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- 22-25
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് വിശ്വാസിയുടെ ബാധ്യത
സുബൈര്‍ കുന്ദമംഗലം