Prabodhanm Weekly

Pages

Search

2022 ജൂണ്‍ 10

3255

1443 ദുല്‍ഖഅദ് 10

'ഈ കരിക്കുലം നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെ സമഗ്രമായി മുന്നില്‍ കാണുന്നു'

ഡോ. ആര്‍. യൂസുഫ് / കെ. നജാത്തുല്ല

 

അഭിമുഖം /


കേരളത്തിലെ ഇസ്്‌ലാമിക കലാലയങ്ങള്‍ക്കു വേണ്ടി 
രൂപപ്പെടുത്തിയ പുതിയ 
കരിക്കുലത്തിന്റെ 
സവിശേഷതകള്‍ 
വിശദീകരിക്കുകയാണ് ഇന്റഗ്രേറ്റഡ് എജുക്കേഷന്‍ കൗണ്‍സില്‍ ഇന്ത്യ(ഐ.ഇ.സി.ഐ)യുടെ ചെയര്‍മാന്‍ 
ഡോ. ആര്‍. യൂസുഫ്

കേരളത്തിലെ ഇസ്‌ലാമിയാ കോളേജുകളുടെ കരിക്കുലം ഇപ്പോള്‍ രൂപപ്പെടുത്താനുണ്ടായ സാഹചര്യം വിശദീകരിക്കാമോ?
ജമാഅത്തെ ഇസ്‌ലാമിയുടെ ഈ ചതുര്‍ വര്‍ഷ പ്രവര്‍ത്തന കാലയളവിലെ പോളിസി പ്രോഗ്രാമില്‍ മുന്തിയ പരിഗണന നല്‍കിയ  വിഷയമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസ രംഗത്ത് പ്രസ്ഥാനത്തിന്റെ ശ്രദ്ധ കൂടുതല്‍ പതിയുക എന്നതിന്റെ താല്‍പര്യം ഒരുപാട് പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംവിധാനങ്ങളും ഉണ്ടാവുക എന്നത് മാത്രമല്ല. നിലവിലുള്ള സ്ഥാപനങ്ങളെ ഘടനാപരമായും ഉള്ളടക്കത്തിലും ശക്തിപ്പെടുത്തുക എന്നതും, ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അവയെ പ്രാപ്തമാക്കുക എന്നതും അതിന്റെ ഭാഗമാണ്. ഇത് മുന്‍നിര്‍ത്തി, ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രീപ്രൈമറി തലം മുതല്‍ ബിരുദം വരെയുള്ള നിലവിലുള്ള പാഠ്യപദ്ധതി പുനഃക്രമീകരിക്കുക എന്നത് ഈ മീഖാത്തിലെ മുഖ്യ പരിഗണനാ വിഷയമാണ്. ഇതിന്റെ ആദ്യപടിയെന്ന നിലയിലാണ് ഇസ്‌ലാമിയാ കോളേജുകള്‍ക്ക് വേണ്ടി ഒരു പുതിയ കരിക്കുലം  തയാറാക്കിയിരിക്കുന്നത്.
ഏതൊരു വിദ്യാഭ്യാസ സ്ഥാപനവും വിജയിക്കുക നാം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ വേണ്ട സ്വഭാവത്തില്‍ അവയിലൂടെ പ്രസരണം ചെയ്യുമ്പോഴാണ്. ഈ ദൗത്യം നിര്‍വഹിക്കുന്ന വിധമുള്ള ഒരു കരിക്കുലം നമുക്കില്ലെങ്കില്‍ ഈ മേഖലയില്‍ നാം ചെലവഴിക്കുന്ന ഊര്‍ജവും സമ്പത്തും വെറുതെയാവും. ഇക്കാര്യം കൂടി മുന്‍നിര്‍ത്തിക്കൊണ്ടാണ് ഈ പുതിയ കരിക്കുലം രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഇസ്‌ലാമിയാ കോളേജുകളുടെ നിലവിലുള്ള കരിക്കുലത്തില്‍ നിന്നു വേറിട്ട ഒന്നാണോ ഇപ്പോള്‍ രൂപംകൊണ്ടിരിക്കുന്ന ഈ പുതിയ കരിക്കുലം?
ഈ ചോദ്യത്തെ ഈ അര്‍ഥത്തില്‍ സമീപിക്കാന്‍ അല്‍പം പ്രയാസമുണ്ട്. കാരണം, നമുക്ക് അങ്ങനെ താരതമ്യം ചെയ്യാന്‍ പറ്റുന്ന നിലവിലുള്ളതെന്ന് പറയാനാവുന്ന ഒരു കരിക്കുലം ഉണ്ടെന്ന് പറയാനാവില്ല. ഇതൊരു പോരായ്മയാണെന്നും പറയാനാവില്ല. കാരണം, ഏതൊരു സംവിധാനത്തെയും നാം വിലയിരുത്തേണ്ടത് അത് ആരംഭിച്ച ചരിത്ര പശ്ചാത്തലം കൂടി മുന്‍നിര്‍ത്തിയായിരിക്കണമല്ലോ. ഇസ്‌ലാമിയാ കോളേജുകള്‍ എന്ന സംവിധാനം രൂപംകൊണ്ടത് പ്രധാനമായും അറുപതുകളിലും എഴുപതുകളിലുമാണ്. ആത്മാര്‍ഥതയുള്ള ചില മഹത്തുക്കള്‍ സോദ്ദേശ്യപൂര്‍വം ആരംഭിച്ച സംവിധാനങ്ങളായിരുന്നു അവ. അക്കാലത്ത് ഇന്നത്തേത് പോലെ സമഗ്ര സ്വഭാവത്തിലുള്ള കരിക്കുലം എന്ന കാഴ്ചപ്പാട് തന്നെ ആര്‍ക്കും പരിചിതമായിരുന്നില്ല. അതിനാല്‍ തന്നെ സ്ഥാപനങ്ങളുടെ സ്ഥാപക ശില്‍പികള്‍ ശ്രദ്ധിച്ചത് കാലത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ ശേഷിയുള്ള ഇസ്‌ലാമിക പണ്ഡിതന്മാരെ വാര്‍ത്തെടുക്കാന്‍ സഹായകമായ ഒരു സിലബസിന് രൂപംനല്‍കാനാണ്. അക്കാലത്ത് നിലവിലുള്ള പഠന രീതിയും അധ്യാപന രീതിയുമാണ് അവര്‍ അതിന് അവലംബിച്ചത്. വിഷയങ്ങള്‍ പഠിപ്പിക്കാന്‍, തങ്ങള്‍ക്ക് പരിചിതമായ ചില പുസ്തകങ്ങളും റഫറന്‍സുകളും അവര്‍ കണ്ടെത്തുകയും ചെയ്തു. പില്‍ക്കാലത്ത് പാഠ ഭാഗങ്ങള്‍ അപ്പ്‌ഡേറ്റ് ചെയ്യുക എന്ന പ്രക്രിയയാണ് നിര്‍വഹിക്കപ്പെട്ടത്. അതായത്, ആവശ്യമായ ചില വിഷയങ്ങള്‍ കൂട്ടിച്ചേര്‍ത്തും പുതിയ പുസ്തകങ്ങള്‍ കണ്ടെത്തിയും നിലവിലുള്ള സിലബസിനെ പരിഷ്‌കരിക്കുക എന്ന പ്രോസസ് ആണ് കുറെ കാലമായി നാം തുടര്‍ന്നുവരുന്നത്.
എന്നാല്‍, ഇന്നത്തെ അവസ്ഥ തീര്‍ത്തും വ്യത്യസ്തമാണ്. വെറും പാഠഭാഗങ്ങള്‍ തീരുമാനിക്കുന്നതില്‍ ഒതുങ്ങുന്നതല്ല വിദ്യാഭ്യാസ കരിക്കുലം. മറിച്ച്, എല്ലാതരം പഠന പ്രവര്‍ത്തനങ്ങളെയും അതിലൂടെ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെയും സമഗ്രമായി മുന്‍കൂട്ടി നിര്‍ണയിക്കുന്ന സമഗ്രമായ പഠന പ്രവര്‍ത്തന രൂപരേഖയാണത്. ഒരു കോഴ്‌സ് ഉന്നം വെക്കുന്ന ലക്ഷ്യങ്ങള്‍ എന്താണ്, ഓരോ വിഷയവും പഠിക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ ആര്‍ജിക്കേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണ്, പ്രസ്തുത ലക്ഷ്യങ്ങള്‍ നേടാന്‍ വിദ്യാര്‍ഥി അനിവാര്യമായും പഠിച്ചിരിക്കേണ്ട പാഠ ഭാഗങ്ങള്‍ ഏതൊക്കെ, ഓരോ പാഠ ഭാഗവും എപ്രകാരമാണ് വിനിമയം ചെയ്യപ്പെടേണ്ടത്, അതിന് അവലംബിക്കാവുന്ന അധ്യാപന രീതികള്‍ എന്തെല്ലാം, അവ വിദ്യാര്‍ഥികള്‍ക്ക് വിനിമയം ചെയ്യപ്പെടുന്നു എന്ന് ഉറപ്പ് വരുത്താന്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാമാണ്, ഉദ്ദിഷ്ട ലക്ഷ്യങ്ങള്‍ പഠന പ്രക്രിയയിലൂടെ വിദ്യാര്‍ഥികള്‍ നേടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ അവലംബിക്കേണ്ട മാര്‍ഗങ്ങള്‍ എന്തെല്ലാം എന്ന് തുടങ്ങി അധ്യാപനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്ന സമഗ്രമായ പഠന പ്രവര്‍ത്തന രൂപരേഖയാണ് കരിക്കുലം എന്നറിയപ്പെടുന്നത്.
ഈ സ്വഭാവത്തിലുള്ള കരിക്കുലം വികസിപ്പിക്കുകയും അവ രേഖപ്പെടുത്തുകയും പഠനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്ക് ഫലപ്രദമായ രൂപത്തില്‍ പ്രവര്‍ത്തിക്കാനാവുക.  ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ സമീപ കാലത്ത് മാത്രമാണ് ഈ അര്‍ഥത്തിലുള്ള കരിക്കുലം രൂപംകൊണ്ടത്. സ്വാഭാവികമായും വിദ്യാഭ്യാസ രംഗത്തെ ഇത്തരം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഇസ്‌ലാമിയാ  കലാലയങ്ങളിലും സമഗ്രമായ പഠനപ്രവര്‍ത്തന രൂപരേഖ ഉണ്ടാവേണ്ടതുണ്ട്. അത്തരം ഒരു രൂപരേഖയാണ് ഈ കരിക്കുലം.

ഈ പുതിയ കരിക്കുലത്തിന്റെ മുഖ്യ പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയാണ്?
ഏതൊരു കരിക്കുലവും രൂപപ്പെടേണ്ടത് സ്ഥാപനങ്ങളുടെ വിഷനും മിഷനും മുമ്പില്‍ വെച്ചായിരിക്കണം. ജമാഅത്തെ ഇസ്‌ലാമിക്ക് പല സ്വഭാവത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇവയുടെ ലക്ഷ്യം എന്താണെന്ന് നിര്‍ണയിച്ച്  കഴിഞ്ഞ  മീഖാത്തില്‍ പ്രസ്ഥാനം തയാറാക്കിയ ഒരു രൂപരേഖയുണ്ട്. അതനുസരിച്ച്,  ഉയര്‍ന്ന ഇസ്‌ലാമിക പഠനത്തിനുള്ള നമ്മുടെ സംവിധാനം ശാന്ത
പുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ആണ്. ദീനിലും അറബി ഭാഷയിലും പ്രാവീണ്യമുള്ള പണ്ഡിതന്മാരെ വാര്‍ത്തെടുക്കുക എന്നതാണ് ജാമിഅയുടെ പ്രഖ്യാപിത ലക്ഷ്യം. ഇസ്‌ലാമിയാ കോളേജുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സംവിധാനങ്ങളിലൂടെ പ്രസ്ഥാനം ആഗ്രഹിക്കുന്നത് ദീനിനെക്കുറിച്ച സാമാന്യ ധാരണയും അറബി ഭാഷയില്‍ അത്യാവശ്യ യോഗ്യതകളും ഉള്ള, അതേയവസരം തങ്ങള്‍ പഠിക്കുന്ന ഭൗതിക വിഷയങ്ങളെ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ വിലയിരുത്താന്‍ കഴിയുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കലാണ്. സ്വാഭാവികമായും ഇപ്പോള്‍ രൂപംകൊണ്ട കരിക്കുലം ഈ ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചുള്ളതാണ്.

നിലവില്‍ ഇസ്‌ലാമിയാ കോളേജുകള്‍ ഈ ലക്ഷ്യം നേടുന്നതില്‍ എത്രത്തോളം വിജയിക്കുന്നുണ്ട്?
ഈ ചോദ്യത്തെ, '90-കളില്‍ ഇസ്‌ലാമിയാ കോളേജുകള്‍ക്കുണ്ടായ രൂപപരിണാമത്തെക്കുറിച്ച് സൂചിപ്പിക്കാതെ അഭിമുഖീകരിക്കാനാവില്ല. നേരത്തെ ചൂണ്ടിക്കാട്ടിയ സ്വഭാവത്തിലുള്ള ഇസ്‌ലാമിയാ കോളേജുകള്‍ക്ക് '90-കളോടെ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇത് തിരിച്ചറിയാതെ നിലവിലുള്ള ഇസ്‌ലാമിയാ കോളേജുകളെ വിലയിരുത്തുന്നത് ഉചിതമായിരിക്കില്ല. പ്രസ്ഥാന ഘടനയിലുള്ള എല്ലാ ഇസ്‌ലാമിയാ കോളേജുകളിലും ആറു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആര്‍ട്‌സ് & ഇസ്‌ലാമിക് കോഴ്‌സ് (എ.ഐ.സി) ആയിരുന്നു 90-കള്‍ വരെ നിലവിലുണ്ടായിരുന്നത്. നിരവധി പ്രസ്ഥാന നേതാക്കളെയും പണ്ഡിതന്മാരെയും ആ സംവിധാനം സംഭാവന ചെയ്തിട്ടുണ്ട്. എന്നാല്‍, പ്രിഡിഗ്രി ഡി ലിങ്ക് ചെയ്യപ്പെടുകയും പ്ലസ് ടു നടപ്പാക്കപ്പെടുകയും ചെയ്തതോടെ നമ്മുടെ സ്ഥാപനങ്ങളിലെ ആറ് വര്‍ഷ കോഴ്‌സ് പൂര്‍ണമായും നിലച്ചു. ഏതാനും സ്ഥാപനങ്ങള്‍ മാത്രമാണ് ആറ് വര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്‌സ് പിന്നീട് പിന്തുടര്‍ന്നത്. മറ്റെല്ലാ സ്ഥാപനങ്ങളും പ്ലസ്ടു പഠനത്തോടൊപ്പം പരിമിതമായ ഇസ്‌ലാമിക പഠനം നല്‍കുന്ന രണ്ട് വര്‍ഷത്തെ ഇസ്‌ലാമിക് ഹയര്‍ സെക്കന്ററി കോഴ്‌സും, യൂനിവേഴ്‌സിറ്റി ഡിഗ്രിയോടൊപ്പം ഇസ്‌ലാമിക വിഷയങ്ങളില്‍ ഡിപ്ലോമ നല്‍കുന്ന മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന കോഴ്‌സുമാണ് ഇക്കാലയളവില്‍ നടപ്പാക്കിയത്. അതായത്, രണ്ട് വര്‍ഷമോ മൂന്ന് വര്‍ഷമോ നമ്മുടെ സ്ഥാപനത്തില്‍ ആര്‍ട്‌സ് വിഷയങ്ങളോടൊപ്പം ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഘടനയാണ് ഇപ്പോള്‍ നിലവിലുള്ളത്. നമ്മുടെ സ്ഥാപനങ്ങളില്‍ പ്ലസ്ടു തലത്തില്‍ പഠനം നടത്തുന്ന 95 ശതമാനം വിദ്യാര്‍ഥികളും ഡിഗ്രി പഠനത്തിന് യൂനിവേഴ്‌സിറ്റി ഡിഗ്രിയോടൊപ്പം ഇസ്‌ലാമിക പഠനം നടത്താനാവുന്ന അതത് സ്ഥാപനങ്ങളിലെ കോഴ്‌സിന് ചേരാറുമില്ല. ഈ ഘടന നിലനിര്‍ത്തിക്കൊണ്ട് ഇസ്‌ലാമിയാ കോളേജുകള്‍ മേല്‍ സൂചിപ്പിച്ച ലക്ഷ്യപൂര്‍ത്തീകരണത്തിന് ഉതകുന്നുണ്ടോ എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല. പ്ലസ്ടുവിനും ഡിഗ്രിക്കും മാത്രമായി സ്ഥാപനങ്ങളില്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര അളവില്‍ ഇസ്‌ലാമിക കണ്ടന്റുകള്‍ നല്‍കാനാവില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. നല്‍കിയാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക വിഷയങ്ങളില്‍ ഫോക്കസ് ചെയ്യാന്‍ സമയവും കിട്ടില്ല. ഈ ഒരവസ്ഥക്കുള്ള പരിഹാരം എന്ന നിലയിലാണ് ഇപ്പോള്‍ അഞ്ച് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒരു കരിക്കുലം രൂപകല്‍പന ചെയ്തിട്ടുള്ളത്.

ഏത് സ്വഭാവത്തിലാണ് ഈ കരിക്കുലം നിലവിലുള്ള ഇസ്‌ലാമിയാ കോളേജുകള്‍ക്ക് പുതിയ ദിശാബോധം നല്‍കുക?
പ്രധാനമായും, ഒന്നുകില്‍ രണ്ട് വര്‍ഷം അല്ലെങ്കില്‍ മൂന്ന് വര്‍ഷം എന്ന നിലയിലുള്ള ഇസ്‌ലാമിക പഠനത്തിന് മാറ്റം ഉണ്ടാവണം. ഏറ്റവും ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും ഒരു വിദ്യാര്‍ഥി ഒരു സ്ഥാപനത്തില്‍ പഠിക്കുന്ന ഘടന നിലവില്‍ വരണം. ഈ താല്‍പര്യം മുന്‍നിര്‍ത്തി അഞ്ച് വര്‍ഷം നീണ്ടു നില്‍ക്കുന്ന ഒരു പഠന പദ്ധതി എന്ന നിലക്കാണ് ഈ ഇന്റഗ്രേറ്റഡ് സ്‌കീമിന് ഇപ്പോള്‍ ഐ.ഇ.സി.ഐ രൂപംനല്‍കിയിരിക്കുന്നത്. ഈ അഞ്ചു വര്‍ഷത്തിനിടയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു പഠനവും ഡിഗ്രി പഠനവും പൂര്‍ത്തീകരിക്കാനാവുകയും ചെയ്യും. അതായത്, അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇസ്‌ലാമിക പഠനത്തിനുള്ള രൂപരേഖയാണ് ഈ കരിക്കുലം.

ഈ കരിക്കുലത്തിന്റെ മുഖ്യ ഫോക്കസുകള്‍ വിശദീകരിക്കാമോ?
നിലവിലുള്ള പാഠ്യ വിഷയങ്ങളെ പൂര്‍ണമായും പുനഃക്രമീകരിച്ചിട്ടുണ്ട്. നേരത്തെ പല വിഷയങ്ങളായി പഠിപ്പിച്ച വിജ്ഞാനീയങ്ങളില്‍ പലതിനെയും സമന്വയിപ്പിച്ച് ആറ് വിഷയങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് എന്നീ വിഷയങ്ങളോടൊപ്പം സവിശേഷമായി ചേര്‍ത്തിരിക്കുന്ന രണ്ട് പ്രധാന വിഷയങ്ങള്‍ ഇസ്‌ലാമിക് കള്‍ച്ചര്‍ ആന്റ് ഹെറിറ്റേജ്, ഇസ്‌ലാമിക് ഫെയ്ത്ത് ആന്റ് ഫണ്ടമെന്റല്‍സ് എന്നിവയാണ്. ഇസ്‌ലാമിക ചരിത്രത്തെ രാജാക്കന്മാരുടെയും ഭരണകൂടങ്ങളുടെയും ചരിത്രം എന്ന നിലയില്‍ സമീപിക്കുന്നതിന് പകരം ഉജ്ജ്വലമായ ഇസ്‌ലാമിന്റെ വിശ്വാസ സംസ്‌കൃതിയുടെയും, ഉദാത്തമായ ഇസ്‌ലാമിക നാഗരികതയുടെയും, മുസ്‌ലിംകളുടെ ശാസ്ത്ര-വൈജ്ഞാനിക പാരമ്പര്യത്തിന്റെയും ഭാഗമെന്ന നിലയില്‍ വിശദീകരിക്കാനുള്ള ശ്രമമാണ് ഇസ്‌ലാമിക് കള്‍ച്ചര്‍ ആന്റ് ഹെറിറ്റേജ്. ഇസ്‌ലാമിക ചരിത്രം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നമ്മുടെ പൂര്‍വ പാരമ്പര്യത്തെ കുറിച്ചുള്ള കൃത്യവും അഭിമാനകരവുമായ ധാരണയുണ്ടാവണം. വ്യത്യസ്ത നാഗരികത എന്ന നിലയില്‍ ഇസ്‌ലാം മാനവതക്ക് നല്‍കിയ അഭൂത പൂര്‍വമായ അടയാളപ്പെടുത്തലുകളെ കുറിച്ച തിരിച്ചറിവുകളും ഉണ്ടാവേണ്ടതുണ്ട്. അതേ പോലെ പ്രധാനമാണ്, നാം ജീവിക്കുന്ന നാടുകളുടെ സാമൂഹിക നിര്‍മിതിയില്‍ ഇസ്‌ലാമിക സംസ്‌കാരവും മുസ്‌ലിം ജനതയും വഹിച്ച പങ്കാളിത്തം. ചരിത്ര പഠനത്തില്‍ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിരിക്കുന്നത് ഇതു പോലുള്ള ചില അടിസ്ഥാനങ്ങളില്‍ നിന്നുകൊണ്ടാണ്.
ഇസ്‌ലാമിക് ഫെയ്ത്ത് ആന്റ് ഫണ്ടമെന്റല്‍സ് എന്ന വിഷയവും കേവലം അഖീദാ പഠനത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. വിശ്വാസത്തെയും അതിന്റെ അടിത്തറകളെയും ഇല്ലാതാക്കുന്ന പ്രവണതകളെക്കുറിച്ച ശരിയായ കാഴ്ചപ്പാട് പ്രദാനം ചെയ്യുക, അറിവിനെ കുറിച്ചും ജ്ഞാന ശാസ്ത്രത്തെ കുറിച്ചുമുള്ള മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യങ്ങള്‍ തിരിച്ചറിയുക, സമകാലിക ചിന്തകളെ കുറിച്ചു ആഴമേറിയ അന്വേഷണങ്ങള്‍ക്ക് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക തുടങ്ങിയ പരിഗണനകളില്‍ ഊന്നിക്കൊണ്ടുള്ള ഗഹനമായ അനേകം ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
അറബി ഭാഷാ പഠനത്തിന് പതിറ്റാണ്ടുകളായി പിന്തുടരുന്ന പരമ്പരാഗത രീതിയില്‍ നിന്ന് തീര്‍ത്തും ഭിന്നമായ ഒരു രീതി ഈ കരിക്കുലം മുന്നോട്ടു വെക്കുന്നുണ്ട്. സാധാരണ ഗതിയില്‍ നഹ്‌വ്, സ്വര്‍ഫ് തുടങ്ങിയ വ്യാകരണ നിയമങ്ങള്‍ പഠിപ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചു കൊണ്ടുള്ള ഭാഷാ പഠന രീതിയാണ് ഇസ്‌ലാമിയാ കോളേജുകള്‍ പിന്തുടരാറുള്ളത്. വിദ്യാര്‍ഥികള്‍ക്ക് ഭാഷാ പഠനം അരോചകമായി അനുഭവപ്പെടാന്‍ ഈ രീതി കാരണമാവുന്നുണ്ട് എന്ന വിമര്‍ശനം പൊതുവെ നിലനില്‍ക്കുന്നു. പ്ലസ് ടു തലത്തിലെ വിഷയങ്ങളോടൊപ്പം ഇസ്‌ലാമിക വിഷയങ്ങളും പിന്നെ അറബി ഭാഷാവ്യാകരണ പഠനവും വിദ്യാര്‍ഥികള്‍ക്ക് മൊത്തം ഇസ്‌ലാമിക് കോഴ്‌സ് ഒരു ഭാരമായി അനുഭവപ്പെടാന്‍ കാരണമാവുന്നു എന്നും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വിലയിരുത്തലുകളെല്ലാം പരിഗണിച്ച് അറബി ഭാഷാ പഠനത്തെ കുറച്ചുകൂടി ആശ്വാസത്തോടെ വിദ്യാര്‍ഥികള്‍ക്ക് സമീപിക്കാന്‍ സാധിക്കും വിധം ഫങ്ഷനല്‍ അറബിയില്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് പുതിയ കരിക്കുലം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 
ഭാഷയുടെ നാല് നൈപുണികളായ ലിസനിംഗ്, സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് (എല്‍.എസ്.ആര്‍.ഡബ്ല്യു) എന്നിവക്ക് പ്രാധാന്യം നല്‍കും വിധമുള്ള തീര്‍ത്തും വ്യത്യസ്തമായ ഒരു രീതിയാണ് ഇത്. ഭാഷാ പഠന നിലവാരം നിര്‍ണയിക്കുന്നതിന്  അന്താരാഷ്ട്ര തലത്തില്‍ പിന്തുടരുന്ന മാപിനിയായ ബി ടു നിലവാരത്തിലേക്ക് അഞ്ച് വര്‍ഷം കൊണ്ട് എല്ലാ വിദ്യാര്‍ഥികളും എത്തണമെന്നതാണ് ഈ കരിക്കുലം ലക്ഷ്യം വെക്കുന്നത്. ഈ നാല് നൈപുണികള്‍ സ്വായത്തമാക്കാന്‍ സഹായകമായ ഫങ്ഷനല്‍ ഗ്രാമറുകളും അറബി ടെക്സ്റ്റുകളും ഇന്റഗ്രേറ്റ് ചെയ്ത് പഠിപ്പിക്കുക എന്നതാണ് വ്യാകരണ പഠനത്തിന് സ്വീകരിക്കുന്ന രീതി. ഒരു പക്ഷേ, ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണത്തിന് നാം മുതിരുന്നത്. ശ്രമകരമായ ദൗത്യമാണെങ്കിലും അത് വിജയിപ്പിക്കണം എന്ന് തന്നെയാണ് ആഗ്രഹം.

ഈ ഒരു പഠന രീതിയിലൂടെ, പൗരാണികവും ആധുനികവുമായ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ വായിക്കാനും ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടാനും വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമോ? ഫങ്ഷനല്‍ അറബിയെക്കാള്‍ ക്ലാസിക്കല്‍ അറബി ഭാഷക്കല്ലേ പ്രാമുഖ്യം നല്‍കേണ്ടത്?
ഈ കരിക്കുലം തയാറാക്കിയിരിക്കുന്നത് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ സ്വഭാവവും ഘടനയും പരിഗണിച്ചു കൊണ്ടാണ്. സ്വാഭാവികമായും ഓരോ വിഷയവും പഠിപ്പിക്കുന്നതിലൂടെ ആര്‍ജിക്കേണ്ട ലക്ഷ്യങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നതും ഈ പരിഗണനയുടെ അടിസ്ഥാനത്തിലാണ്. ഈ അഞ്ച് വര്‍ഷ കരിക്കുലം രൂപകല്‍പന നടത്തിയിരിക്കുന്നത് ആര്‍ട്‌സ് വിഷയങ്ങളോടൊപ്പം ഇസ്‌ലാമിക വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടിയാണ്. പ്രസ്തുത സ്ഥാപനങ്ങളില്‍ 60 ശതമാനം പിരീഡുകള്‍ നീക്കിവെക്കുന്നത് യൂനിവേഴ്‌സിറ്റി വിഷയങ്ങള്‍ പഠിപ്പിക്കാനാണ്. ബാക്കി വരുന്ന 40 ശതമാനം പിരീഡുകളാണ് അറബി ഭാഷാ പഠനത്തിനും മറ്റ് ഇസ്‌ലാമിക വിഷയങ്ങള്‍ക്കും നീക്കിവെക്കുന്നത്. ഈ 40 ശതമാനം ഫോക്കസ് ചെയ്യേണ്ടത് ഇസ്‌ലാമിക ഉള്ളടക്കങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് കൈമാറാനാണോ, അതല്ലെങ്കില്‍ അറബി ഭാഷ പഠിപ്പിക്കാനാണോ എന്ന സംവാദം കുറെ കാലമായി അക്കാദമിക പ്രവര്‍ത്തകരിലുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി കണ്ടന്റുകള്‍ കൈമാറുന്നതോടൊപ്പം സാധ്യമായ അളവില്‍ അറബി ഭാഷാ പഠനവും എന്നതാണ് പൊതുവെ പിന്തുടരുന്ന നിലപാട്. ഈ രീതി തന്നെയാണ് പ്രായോഗികം എന്ന് അംഗീകരിച്ചുകൊണ്ടാണ് ഈ കരിക്കുലവും തയാറാക്കിയിരിക്കുന്നത്. ആര്‍ട്‌സ്-ഇസ്‌ലാമിക വിഷയങ്ങള്‍ക്ക് നല്‍കുന്ന 60:40 അനുപാതം തന്നെയാണ് ഈ അഞ്ച് വര്‍ഷ കരിക്കുലവും പിന്തുടരുന്നത്. അത്തരമൊരു കരിക്കുലത്തില്‍ ഫങ്ഷനല്‍ അറബി ആയിരിക്കും പ്രായോഗികവും സൗകര്യപ്രദവും എന്ന അനുഭവത്തിന്റെയും പൂര്‍ണ ബോധ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ ഒരു മാറ്റത്തിന് തയാറായിരിക്കുന്നതും. അതേ അവസരം ഈ ഘടനയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസിക്കല്‍ ഉള്‍പ്പെടെ എല്ലാ തരം അറബി ടെക്സ്റ്റുകളും വായിക്കാനും ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് ആര്‍ജിക്കാനുമാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

അറബി വ്യാകരണം, സാഹിത്യം തുടങ്ങിയവക്ക് മികച്ച പരിഗണന നല്‍കാതിരിക്കുന്നത് ഇപ്പോള്‍ തന്നെ ദുര്‍ബലമായ നമ്മുടെ സ്ഥാപനങ്ങളുടെ അവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുകയല്ലേ ചെയ്യുക?
ഈ കരിക്കുലം ഡിസൈന്‍ ചെയ്തിരിക്കുന്നത് ഏതുതരം സ്ഥാപനങ്ങള്‍ക്കാണ് എന്ന് സൂചിപ്പിച്ചുവല്ലോ. അത്തരം സ്ഥാപനങ്ങളില്‍ പ്രായോഗികമായ രീതിയാണിത്. എന്നാല്‍,  ക്ലാസിക്കല്‍ - മോഡേണ്‍ അറബിയില്‍ മികച്ച പരിശീലനവും ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ കൂടുതല്‍ പരിഗണനയും ഉള്ള,  ആറ് വര്‍ഷ കാലയളവുള്ള മറ്റൊരു കരിക്കുലം കൂടി ഐ.ഇ.സി.ഐയില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങള്‍ പിന്തുടരുന്നുണ്ട്. പ്രസ്തുത കരിക്കുലത്തിന്റെ മുഖ്യ ഫോക്കസ് ഇസ്‌ലാമിക വിജ്ഞാനീയങ്ങളാണ്. 70 ശതമാനം ഇസ്‌ലാമിക വിഷയങ്ങള്‍ക്കും 30 ശതമാനം മാത്രം പ്ലസ്ടു / ഡിഗ്രി വിഷയങ്ങള്‍ക്കും നീക്കിവെക്കുന്ന ഘടനയാണ് ഈ ആറ് വര്‍ഷ കരിക്കുലത്തിനുള്ളത്. മൂന്നാം വര്‍ഷം കഴിയുന്നതോടെ എല്ലാ പാഠ ഭാഗങ്ങളും അറബി ഭാഷയില്‍ തന്നെ പഠിപ്പിക്കുകയും അറബിയില്‍ തന്നെ പരീക്ഷ എഴുതുകയും ചെയ്യും വിധമുള്ള, അറബി വിനിമയ ഭാഷയായിട്ടുള്ള ഒരു ഘടനയാണ് ആ കരിക്കുലത്തിനുള്ളത്. നഹ്‌വ്, സ്വര്‍ഫ്, ബലാഗ, അറൂദ്, അദബ്, നഖ്ദ് തുടങ്ങിയ വിഷയങ്ങള്‍ക്കും ക്ലാസിക്കല്‍ മോഡേണ്‍ ടെക്സ്റ്റുകള്‍ക്കും മികച്ച പരിഗണന നല്‍കുന്ന കരിക്കുലമാണത്. നിലവില്‍ അസ്ഹറുല്‍ ഉലൂം ആലുവ, തളിക്കുളം ഇസ്‌ലാമിയാ കോളേജ് എന്നീ സ്ഥാപനങ്ങളാണ് ഈ കരിക്കുലം പിന്തുടരുന്നത്. ആലിയാ അറബിക് കോളേജ് കാസര്‍ഗോഡ് ഈ അക്കാദമിക വര്‍ഷം മുതല്‍ ഈ കരിക്കുലം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഗഹനമായ ഇസ്‌ലാമിക പഠനവും അറബി ഭാഷയില്‍ പ്രാവീണ്യവും ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആറ് വര്‍ഷ കരിക്കുലം നടപ്പാക്കാവുന്നതാണ്.  ഇതിന് പുറമെ സ്വതന്ത്രമായ മറ്റൊരു കരിക്കുലം അല്‍ ജാമിഅയില്‍ നടപ്പാക്കുന്നുണ്ട്.

ഈ സ്ഥാപനങ്ങളില്‍ പ്ലസ് ടു കഴിഞ്ഞ ശേഷം  വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് മറ്റു പല സ്ഥാപനങ്ങളും അന്വേഷിക്കുന്ന പ്രവണതയുണ്ട്. അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്റഗ്രേറ്റഡ് സ്‌കീം സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറാകുന്നില്ല എന്നാണോ അതിനര്‍ഥം?
ഏതൊരു സംവിധാനത്തിന്റെയും വിജയം അത് നടത്തുന്നവരുടെ ഇഛാശക്തിയെയും താല്‍പര്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനവും രക്ഷിതാക്കളും നല്‍കുന്ന ഓറിയന്റേഷനും പ്രതീക്ഷയും, ഒരു സ്ഥാപനത്തില്‍ വിദ്യാര്‍ഥികളെ തുടര്‍പഠനത്തിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്. അഞ്ച് വര്‍ഷത്തേക്കുള്ള ഒരു ഇസ്‌ലാമിക പഠനത്തിന് വേണ്ടിയാണ് സ്ഥാപനം തെരഞ്ഞെടുക്കുന്നതെന്ന ബോധം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തുടക്കത്തിലേ ഉണ്ടാവണം. എങ്കില്‍ അവരില്‍ നല്ലൊരു ശതമാനം പേര്‍ പ്രസ്തുത പഠനം തുടരും. മുമ്പ് എ.ഐ.സി കോഴ്‌സ് നടപ്പാക്കിയപ്പോള്‍ നല്ലൊരു ശതമാനം വിദ്യാര്‍ഥികള്‍ ആറ് വര്‍ഷ പഠനം പൂര്‍ത്തിയാക്കിയത് അവര്‍ക്ക് ഈ ഓറിയന്റേഷന്‍ ലഭിച്ചതു കൊണ്ടാണ്. ഇപ്പോഴും അല്‍ ജാമിഅ ശാന്തപുരം, അസ്ഹറുല്‍ ഉലൂം ആലുവ, ഇസ്‌ലാമിയാ കോളേജ് തളിക്കുളം എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍ പൊതുവെ ആറ് വര്‍ഷ പഠനം പൂര്‍ത്തിയാക്കുന്നുണ്ട്. എല്ലാ സ്ഥാപനങ്ങളിലും ഇങ്ങനെയുള്ള വിദ്യാര്‍ഥികള്‍ ഉണ്ടാകണമെങ്കില്‍ സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയില്‍ തന്നെ അത്തരം ഒരു കാഴ്ചപ്പാടുണ്ടാവണം. ഇസ്‌ലാമിക അന്തരീക്ഷത്തില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന ഒരു പാരലല്‍ സംവിധാനമല്ല നമ്മുടേതെന്നും, അഞ്ച് വര്‍ഷം കൊണ്ട് ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഒരു പ്രത്യേക പാഠ്യ പദ്ധതി നടപ്പാക്കുന്ന ഒരു ദീനീ സംരംഭമാണ് അതെന്നുമുള്ള ബോധം സ്ഥാപന ഭാരവാഹികള്‍ക്കും അക്കാദമിക നേതൃത്വത്തിനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ ഉണ്ടാവണം.
അതേസമയം പ്ലസ് ടു പഠനത്തിന് ശേഷം വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തിന് മറ്റു സ്ഥാപനങ്ങളില്‍ പോകുന്ന പ്രവണത നിലനില്‍ക്കുന്നുണ്ട്. മുമ്പ് എ.ഐ.സി കോഴ്‌സ് നടത്തിയപ്പോഴും കുറെ പേര്‍ ഇടക്ക് വെച്ച് പഠനം നിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ ആ പ്രവണത അല്‍പം കൂടുതലാണ് എന്നതില്‍ ശരിയുണ്ട്. ഉന്നത പഠനത്തിന് സ്വദേശത്തും വിദേശത്തുമുള്ള സ്ഥാപനങ്ങള്‍ അന്വേഷിക്കുന്നവരാണ് അവരില്‍ പലരും. അത്തരം വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് ഇസ്‌ലാമുമായി ബന്ധപ്പെട്ട ചില അടിസ്ഥാന നിലപാടുകളും മൂല്യങ്ങളും സാമാന്യ അറബി ഭാഷയും പകരാന്‍ ഈ കരിക്കുലം സഹായകരമാണ്. ഉയരങ്ങളിലേക്ക് സഞ്ചരിക്കാന്‍ വ്യത്യസ്തമായ കോഴ്‌സുകള്‍ തേടുന്നവരെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. അവര്‍ക്ക് കിട്ടിയ പരിമിതമായ ഇസ്‌ലാമിക ജ്ഞാനം ഒരു വെളിച്ചമായി അവരുടെ ജീവിതത്തില്‍ വഴി കാട്ടാനുണ്ടാവും, തീര്‍ച്ച. എന്നാല്‍, ഇങ്ങനെ കൊഴിഞ്ഞു പോകാതെ 60 ശതമാനം വിദ്യാര്‍ഥികളെയെങ്കിലും പിടിച്ചു നിര്‍ത്താന്‍ സ്ഥാപനങ്ങള്‍ക്കാവണം. അവരെയാണ് അഞ്ച് വര്‍ഷം കൊണ്ട് ഈ കരിക്കുലം ഫ്രെയിമിനനുസരിച്ച് നമുക്ക് രൂപപ്പെടുത്താനുള്ളത്.

എല്ലാ സ്ഥാപനങ്ങള്‍ക്കും ഇപ്രകാരം വിദ്യാര്‍ഥികളെ പിടിച്ചുനിര്‍ത്താനാവുമോ? പ്രത്യേകിച്ച്, പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള സ്ഥാപനങ്ങള്‍ എന്ത് ചെയ്യും?
അത്തരം സ്ഥാപനങ്ങള്‍ ജൂനിയര്‍ കോളേജ് എന്ന നിലയില്‍ രണ്ട് വര്‍ഷത്തെ ഇസ്‌ലാമിക് ഹയര്‍ സെക്കന്ററി കോഴ്‌സ് പ്ലസ് ടു പഠനത്തോടൊപ്പം പൂര്‍ത്തിയാക്കാര്‍ വിദ്യാര്‍ഥികളെ സഹായിക്കുകയാണ് വേണ്ടത്. തുടര്‍ പഠനത്തിന് പ്രസ്തുത വിദ്യാര്‍ഥികളെ സീനിയര്‍ കോളേജുകളിലേക്ക് അയക്കുന്ന ഫീഡിംഗ് സെന്റര്‍ എന്ന നിലയിലാണ് അവ പ്രവര്‍ത്തിക്കേണ്ടത്. തുടര്‍ പഠനത്തിന് മറ്റു സീനിയര്‍ കോളേജുകളെ ചൂണ്ടിക്കാണിക്കാനും, പ്രസ്തുത കോളേജുകളില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രേരണ നല്‍കാനും ജൂനിയര്‍ സ്ഥാപനങ്ങള്‍ക്കാവണം.

അപ്പോള്‍ സീനിയര്‍ കോളേജുകള്‍ ഈ അഞ്ച് വര്‍ഷത്തെ കോഴ്‌സ് മാത്രം നടത്തിയാല്‍ മതിയെന്നാണോ പറഞ്ഞുവരുന്നത്? ഡിഗ്രി പഠനത്തിന് മാത്രമായി പ്രസ്തുത കോളേജുകളില്‍ വരുന്ന നല്ലൊരു ശതമാനം വിദ്യാര്‍ഥികള്‍ ഉണ്ടല്ലോ. അത്തരം വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ കൊടുക്കരുത് എന്നതാണോ നമ്മുടെ നിലപാട്?
അതെ, അല്ലെങ്കില്‍ അല്ല എന്ന് ഒറ്റ വാക്യത്തില്‍ വിശദീകരണം നല്‍കാനാവുന്ന ഒരു പ്രശ്‌നമല്ല ഇത്. ജമാഅത്തിന്റെ സ്ഥാപനം എന്ന് അവകാശപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഐ.ഇ.സി.ഐ അംഗീകരിച്ചിരിക്കുന്ന ഏതെങ്കിലും ഒരു കോഴ്‌സ് നടപ്പാക്കിയിരിക്കണം എന്നതാണ് നമ്മുടെ നയം. അത് ആറ് വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്‌സോ അഞ്ച് വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്‌സോ ആവാം. ജൂനിയര്‍ കോളേജുകള്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള ഇസ്‌ലാമിക് കോഴ്‌സും നിര്‍ബന്ധമായും നടപ്പാക്കണം. സീനിയര്‍ കോളേജുകള്‍ ഇസ്‌ലാമിക് ഹയര്‍ സെക്കന്ററി പൂര്‍ത്തിയാക്കിയവരോ, തത്തുല്യ യോഗ്യത ഉള്ളവരോ ആയ വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിക വിഷയങ്ങളില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കാനുള്ള സംവിധാനങ്ങളായി വികസിക്കാനാണ് ശ്രമിക്കേണ്ടത്. സ്വാഭാവികമായും അവിടെ അഡ്മിഷന്‍ കൊടുക്കേണ്ടത് ഇസ്‌ലാമിക് ഹയര്‍ സെക്കന്ററി കോഴ്‌സ് പൂര്‍ത്തിയാക്കിയവരോ സമാന യോഗ്യത ഉള്ളവരോ ആയ വിദ്യാര്‍ഥികള്‍ക്കാണ്. ഈ യോഗ്യത ഇല്ലാത്ത കുറച്ച് പേര്‍ സ്ഥാപനത്തില്‍ അഡ്മിഷന്‍ തേടുകയാണെങ്കില്‍ അത്തരം വിദ്യാര്‍ഥികളുടെ സൗകര്യത്തിന് വേണ്ടി നമ്മുടെ ഘടന അട്ടിമറിക്കരുത്. അവരില്‍ ഇസ്‌ലാമിക പഠനത്തിന്റെ മിനിമം യോഗ്യതയില്ലാത്തവരെ മൂന്നോ നാലോ മാസത്തെ ബ്രിഡ്ജ് കോഴ്‌സ് നല്‍കി പ്രസ്തുത യോഗ്യതയുള്ളവരാക്കി മാറ്റാവുന്നതിനെ കുറിച്ച് സ്ഥാപനങ്ങള്‍ക്ക് ആലോചിക്കാവുന്നതാണ്. അല്ലാത്തവര്‍ക്ക് അഡ്മിഷന്‍ നല്‍കാതിരിക്കാനാണ് അഞ്ച് വര്‍ഷ കോഴ്‌സില്‍ ഫോക്കസ് ചെയ്യുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടത്.
എന്നാല്‍, ഡിഗ്രി തലത്തില്‍ മാത്രമായി ധാരാളം വിദ്യാര്‍ഥികള്‍ നമ്മുടെ ചില സ്ഥാപനങ്ങളെ ആശ്രയിക്കുന്നുണ്ട്. പ്ലസ് ടു പഠനം പൂര്‍ത്തിയായ ശേഷം ഇസ്‌ലാമിക പഠനത്തെ കുറിച്ച് ആലോചിക്കുന്നവരാണ് ഡിഗ്രി പഠനത്തിന് ഇസ്‌ലാമിയാ കോളേജുകള്‍ അന്വേഷിക്കുന്നത്. അഞ്ച് വര്‍ഷ കരിക്കുലം അവരില്‍ നടപ്പാക്കുക പ്രയാസമായിരിക്കും. ഈ വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇസ്‌ലാമിക വിഷയങ്ങളിലെ മറ്റൊരു ത്രിവത്സര ഡിപ്ലോമ കോഴ്‌സ് ഐ.ഇ.സി.ഐ നടപ്പാക്കുന്നതാണ്. നിലവിലുള്ള പഞ്ച വര്‍ഷ പദ്ധതിയെ തന്നെ അടിസ്ഥാനമാക്കിയുള്ള കോഴ്‌സായിരിക്കും പ്രസ്തുത ഡിപ്ലോമ.  പക്ഷേ, സ്ഥാപനങ്ങള്‍ അവയുടെ മാനുഷിക ഭൗതിക വിഭവങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കണം ഏത് കോഴ്‌സിലാണ് ഫോക്കസ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. ഹയര്‍ സെക്കന്ററി തലത്തില്‍ ധാരാളം വിദ്യാര്‍ഥികള്‍ ഇസ്ലാമിക പഠനം നടത്തുന്ന സ്ഥാപനങ്ങള്‍ ഡിഗ്രി തലത്തിലും ഇസ്‌ലാമിക പഠനത്തിന്റെ തുടര്‍ച്ച ഉറപ്പ് വരുത്തുന്ന അഞ്ച് വര്‍ഷ കരിക്കുലം നടപ്പാക്കാന്‍ തന്നെയാണ് മുഖ്യ പരിഗണന കൊടുക്കേണ്ടത്. ഈ ഒരു ബോധം സ്ഥാപനങ്ങള്‍ക്ക് ഇല്ലെങ്കില്‍ നിലവിലുള്ള അവസ്ഥയില്‍ ഒരു മാറ്റവും നാം പ്രതീക്ഷിക്കരുത്.

ഇത്തരം ഒരു സാഹചര്യത്തില്‍ സ്ഥാപനങ്ങള്‍ക്ക് സ്വന്തം സൗകര്യങ്ങള്‍ കൂടി മുന്‍നിര്‍ത്തി സ്വതന്ത്രമായ കോഴ്‌സുകള്‍ ആവിഷ്‌കരിക്കാന്‍ അനുമതി നല്‍കുന്നതല്ലേ കൂടുതല്‍ ഉചിതം?
'90-കള്‍ക്ക് ശേഷം ഓരോ സ്ഥാപനവും നടത്തിയ സ്വതന്ത്ര ആവിഷ്‌കാരങ്ങളാണ് ഹയര്‍ എജുക്കേഷന്‍ രംഗത്തെ ഇസ്‌ലാമിക പഠനത്തെ പ്രതികൂലമായി ബാധിച്ചത് എന്ന വിമര്‍ശനം നമുക്കിടയിലുണ്ട്. സ്വതന്ത്രമായ ആവിഷ്‌കാരത്തിന് സഹായകമായ ബൗദ്ധികശേഷി ആര്‍ജിച്ച എത്ര സ്ഥാപനങ്ങള്‍ നമുക്കുണ്ട് എന്നത് കൂടി പരിശോധിക്കാവുന്നതാണ്. കുറ്റമറ്റ വൈവിധ്യമാര്‍ന്ന കരിക്കുലം നിര്‍മിക്കാന്‍ പലരുടെയും സഹായത്തോടെ സ്ഥാപനങ്ങള്‍ക്കാവും എന്ന വിഷയത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍, അത് നടപ്പാക്കാന്‍ മാത്രം ഇഛാശക്തിയുള്ള ഒരു ഘടന നമുക്കുണ്ടോ എന്ന് പരിശോധിക്കണം.  സ്പഷ്ടമായ കാഴ്ചപ്പാടും  കൃതൃതയുള്ള സമീപനവും ഉള്ള ഒരു അക്കാദമിക നേതൃത്വം സ്ഥാപനത്തില്‍ ഇല്ലെങ്കില്‍ പാഠഭാഗങ്ങള്‍ പോലും അധ്യാപകരുടെ സൗകര്യത്തിനനുസരിച്ചാണ് പഠിപ്പിക്കപ്പെടുക. പരീക്ഷകള്‍ക്കൊന്നും ഒരു കേന്ദ്രീകൃത സ്വഭാവം ഇല്ലെങ്കില്‍ നമ്മുടെ ചില സ്ഥാപനങ്ങളെങ്കിലും പാഠഭാഗങ്ങള്‍ പോലും വേണ്ടത്ര പഠിപ്പിച്ചു കൊള്ളണമെന്നില്ല. വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടുമുള്ള അമാനത്തില്‍ വരെ ഗുരുതരമായ വീഴ്ചകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഒരു കോഴ്‌സും, സ്ഥാപനങ്ങളുടെ മാറി മാറി വരുന്ന ഭരണ സമിതിയുടെയും അക്കാദമിക നേതൃത്വത്തിന്റെയും തീരുമാനങ്ങള്‍ക്ക് വിട്ടു കൊടുക്കുന്നത് നമ്മുടെ ഒരു ഘടനയില്‍ ഫലം ചെയ്യില്ല എന്നതാണ് അനുഭവം. ഇത്തരം തിരിച്ചറിവുകള്‍ കാരണമാണ് മജ്‌ലിസുത്ത്‌ലീമില്‍ ഇസ്‌ലാമി കേരള എന്ന ഘടനക്ക് പ്രസ്ഥാനം വളരെ നേരത്തെ തന്നെ തുടക്കം കുറിച്ചത്. ഈ ഘടന ഒന്നുകൂടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഐ.ഇ.സി.ഐ എന്ന അപ്പര്‍ ബോഡിക്ക് കഴിഞ്ഞ മീഖാത്തില്‍ തുടക്കം കുറിച്ചത്. ഏതൊരു ഇസ്‌ലാമിയാ കോളേജിലും വിദ്യാര്‍ഥികള്‍ പ്രവേശനം ആഗ്രഹിക്കുന്നത് അവ ജമാഅത്തിന്റെ സംവിധാനങ്ങള്‍ ആയതു കൊണ്ടാണ്. രക്ഷിതാക്കളും പൊതുജനങ്ങളും നമ്മുടെ സ്ഥാപനങ്ങളെ നിര്‍ലോഭമായി പിന്തുണക്കുന്നതും അവ ഒരു പ്രാസ്ഥാനിക സംരംഭമായതിനാലാണ്. സ്വാഭാവികമായും ഒരു പ്രാസ്ഥാനിക സംരംഭമെന്ന നിലയില്‍ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന പാഠ്യ പദ്ധതി പ്രസ്ഥാനത്തിന്റെ താല്‍പര്യത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- 22-25
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് വിശ്വാസിയുടെ ബാധ്യത
സുബൈര്‍ കുന്ദമംഗലം