Prabodhanm Weekly

Pages

Search

2022 ജൂണ്‍ 10

3255

1443 ദുല്‍ഖഅദ് 10

വിദ്യാഭ്യാസം നിര്‍മിത ബുദ്ധിയുടെ കാലത്ത്

ഹബീബ് റഹ്മാന്‍ കൊടുവള്ളി

 

കുറിപ്പ് /

ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് സംസ്‌കാരം പകര്‍ന്ന് നല്‍കപ്പെടുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. അത് മുഖേനയാണ് വ്യക്തിക്കും സമൂഹത്തിനും ലോകത്തിനും വളര്‍ച്ചയും വികാസവുമുണ്ടാകുന്നത്. വിദ്യാഭ്യാസത്തെ സംസ്‌കാരം, വിവേകം, സ്വഭാവം, പെരുമാറ്റ മര്യാദകള്‍, ജീവിതാഭ്യാസം, ജീവിതത്തിലെ അച്ചടക്ക രീതികള്‍ എന്നിങ്ങനെയൊക്കെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം ഒരര്‍ഥത്തില്‍ ശരിയുമാണ്.
ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം പരിശുദ്ധ ഗ്രന്ഥത്തിന്റെ അവതരണം  തന്നെ വായിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ആരംഭിക്കുന്നത്. ഹിറാ ഗുഹയിലെ ആദ്യ വെളിപാടില്‍  ജിബ്‌രീല്‍ മാലാഖ ഒന്നിലധികം തവണ ആവശ്യപ്പെടുന്നത് വായിക്കാനാണ്. അജ്ഞതയില്‍ നിന്ന് ജ്ഞാനം നല്‍കിയതിനെക്കുറിച്ചും പേനയെക്കുറിച്ചുമൊക്കെ ആദ്യത്തെ അഞ്ചു സൂക്തങ്ങളില്‍ പ്രതിപാദിക്കുന്നു.
ബൈബിളിലെ സുഭാഷിതങ്ങള്‍ എന്ന അധ്യായത്തില്‍ പറയുന്നത് നോക്കുക: ''ദൈവ ഭക്തിയാണ് അറിവിന്റെ ഉറവിടം. ഭോഷന്മാര്‍ ജ്ഞാനത്തെയും പ്രബോധനത്തെയും പുഛിക്കുന്നു. ദുഷ്ട സമ്പര്‍ക്കം വെടിയുക.'' ''ജ്ഞാനം നിന്റെ ഹൃദയത്തെ നിറക്കുകയും അറിവ് ആത്മാവിനെ ആഹ്ലാദിപ്പിക്കുകയും ചെയ്യും.'' ഇയോബ് എന്ന അധ്യായത്തിലെ 28-ാം വചനം നോക്കൂ: ''അവിടുന്ന് മനുഷ്യനോട് പറഞ്ഞു: ജ്ഞാനം കര്‍ത്താവിനോടുള്ള ഭക്തിയാണ്. തിന്മയില്‍ നിന്ന് അകലുന്നതാണ് വിവേകം.''
മിക്ക രാജ്യങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം തുടങ്ങുന്നത് 5-6 വയസ്സിലാണ്. ദ്വിതീയ വിദ്യാഭ്യാസം (Secondary Education) ബാല്യ-കൗമാര ഘട്ടത്തിലും. ഭൂരിപക്ഷ രാജ്യങ്ങളിലും ദ്വിതീയ വിദ്യാഭ്യാസം വരെ സൗജന്യമാണ്. ഫിന്‍ലാന്‍ഡിനെ പോലുള്ള ചില യൂറോപ്യന്‍ - സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലാകട്ടെ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാണ്. അറിവും തിരിച്ചറിവുമുള്ള, വിവരവും വിവേകവുമുള്ള, ജ്ഞാനവും വിജ്ഞാനവുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ ലക്ഷ്യം. സംസ്‌കാര സമ്പന്നരും ലോകപരിചയമുള്ളവരുമാക്കി ജീവിതം ചിട്ടപ്പെടുത്താന്‍ വിദ്യാഭ്യാസം മനുഷ്യ സമൂഹത്തെ പാകപ്പെടുത്തുന്നു. ഉന്നതമായ മാനസിക-ശാരീരിക- സാമ്പത്തിക വളര്‍ച്ചയോട് കൂടി ജീവിതം ക്രമീകരിക്കാനും പരസ്പര ബന്ധങ്ങളിലും ഇടപെടലുകളിലും പെരുമാറ്റങ്ങളിലും സൗന്ദര്യപൂര്‍ണമായ സ്വഭാവ മഹിമ പുലര്‍ത്താനും കഴിയണം. ഒപ്പം പുതിയ പുതിയ കണ്ടുപിടിത്തങ്ങളിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവ പുതിയ തലമുറക്ക് കൈമാറാനും സാധിക്കണം.    
ഇന്ന് ലോകത്തിനാവശ്യമായിരിക്കുന്നത് മൂല്യാധിഷ്ഠിതവും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസമാണ്. കേവല വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനുമപ്പുറം വ്യക്തിപരവും കുടുംബപരവും സാമൂഹികപരവുമായ നന്മകളും മൂല്യങ്ങളും ഊട്ടിയുറപ്പിക്കുന്ന വിജ്ഞാനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ചരിത്ര-മാനവിക വിഷയങ്ങള്‍ക്ക് എല്ലാ കാലത്തും എല്ലാ കോഴ്സിലും  കാര്യമായ പരിഗണന നല്‍കണം. ജീവിതം അതീവ മത്സരമായിത്തീര്‍ന്ന ലോകത്ത് അല്ലലും അലട്ടലുമില്ലാതെ അത് മുന്നോട്ട് കൊണ്ടുപോകാനുതകുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും പരിഗണന നല്‍കണം. ഓരോരുത്തരുടെയും കഴിവുകളും അഭിരുചികളും താല്‍പര്യങ്ങളും അനുസരിച്ച്-മറ്റാരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ലാതെ-കോഴ്സുകളും പഠന രീതികളും മാറണം. ജീവിത വിജയത്തിന് അതേ ഗുണം ചെയ്യൂ.
അടുത്ത കാലം വരെ വിദ്യാഭ്യാസ രീതി മുഖ്യമായും സ്‌കൂളിംഗ്, കോളേജിംഗ്, യൂനിവേഴ്സിറ്റി എന്നീ സമ്പ്രദായമനുസരിച്ചായിരുന്നു. വിദ്യാര്‍ഥി - അധ്യാപകന്‍ - രക്ഷിതാവ് എന്നീ ത്രയങ്ങളുടെ സമ്മിശ്ര ശ്രേണിയിലൂടെയായിരുന്നു അത് നടന്നിരുന്നത്. വിവര സാങ്കേതിക വിദ്യയുടെ വികാസത്തോടെ ഈ രീതിക്ക് മാറ്റം വന്നുകൊണ്ടിരിക്കുന്നു. വിജ്ഞാനം എല്ലാവരുടെയും വിരല്‍തുമ്പില്‍ നിന്നു മാറി തലച്ചോറിലേക്ക് നേരിട്ട് തന്നെ മെമ്മറൈസ് ചെയ്യാനോ ബ്ലൂടൂത്ത് ചെയ്യാനോ കഴിയുമോ എന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.  ഇതില്‍ മുഖ്യ കഥാപാത്രമായിരുന്ന അധ്യാപകനെ കാണാനേയില്ല.  സ്‌കൂളും ക്ലാസ്സ് റൂമുകളും പുസ്തകങ്ങളുമൊക്കെ അപ്രത്യക്ഷമായേക്കാം.
കോവിഡ്-19 ലോകത്തുണ്ടാക്കിയ ഏറ്റവും വലിയ നേട്ടം ഡിജിറ്റല്‍  ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ലോകത്തെ നയിച്ചു എന്നതാണെന്ന് വിദ്യാഭ്യാസ വിചക്ഷണ പ്രിയങ്ക ഗൗതം പറയുന്നു. വീഡിയോ, പി.ഡി.എഫ്, പോഡ്കാസ്റ്റ് തുടങ്ങിയ ഒട്ടനവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സാമ്പ്രദായിക ടെക്സ്റ്റ് ബുക്കുകളെക്കാള്‍ പഠനരീതികളെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിച്ചേക്കാം. പഠനച്ചെലവ് ലഘൂകരിക്കുന്നതോടൊപ്പം  കോഴ്‌സ് - സ്റ്റഡി മെറ്റീരിയലുകളും ഓണ്‍ലൈനില്‍ ലഭ്യമാകുന്നു എന്നത് മാത്രമല്ല, കടലാസ്-പുസ്തക രഹിത സംവിധാനം പ്രകൃതിക്ക് ഏറെ അനുഗുണവുമാണ്. വിദ്യാര്‍ഥിയുടെ അറ്റന്റന്‍സ് ഒരു പ്രശ്‌നമാകാത്തപോലെത്തന്നെ ഓരോ വിദ്യാര്‍ഥിക്കും അവരുടെ അഭിരുചിക്കും താല്‍പര്യത്തിനുമനുസരിച്ച് പഠന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും കഴിയുന്നു.
ഈ മെച്ചങ്ങളോടൊപ്പം കോട്ടങ്ങളും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിക്കുണ്ട്. എല്ലാവര്‍ക്കും നെറ്റ് സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാവലും ലഭ്യമാക്കലും അത്യാവശ്യമാണ്. തുടര്‍ച്ചയായുള്ള സ്‌ക്രീന്‍ ഉപയോഗമുണ്ടാക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും മടുപ്പും ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ  പോരായ്മയാണ്. കുട്ടികള്‍ അനാവശ്യ ഗെയിമുകളിലും അശ്ളീല സൈറ്റുകളിലും കുടുങ്ങിപ്പോവാനും സാധ്യത ഏറെയാണ്. യഥാര്‍ഥത്തില്‍ ഒരു വിദ്യാര്‍ഥി കൂടുതല്‍ പഠിക്കുന്നതും അനുഭവങ്ങളുണ്ടാക്കുന്നതും ജീവിതത്തോട് പൊരുതാനും സമരസപ്പെടാനുമുള്ള കഴിവുകള്‍ ആര്‍ജിക്കുന്നതും ക്ലാസ്സ് റൂമുകള്‍, വിദ്യാലയങ്ങള്‍, അധ്യാപകര്‍, സഹപാഠികള്‍, യാത്രകള്‍, സാമൂഹിക കൂടിച്ചേരലുകള്‍ എന്നിവയിലൂടെയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇവക്കെല്ലാം വിഘാതം സൃഷ്ടിക്കുകയും ഒറ്റപ്പെടലിലേക്കും അന്തര്‍മുഖത്വത്തിലേക്കും വിദ്യാര്‍ഥിയെ നയിക്കുകയും അന്തര്‍സംഘര്‍ഷങ്ങളിലേക്കും ജീവിത പരാജയത്തിലേക്കും വഴിതെളിയിക്കുകയും ചെയ്‌തേക്കാം.
കഴിഞ്ഞ പതിറ്റാണ്ടില്‍ തന്നെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് തുടക്കമായിട്ടുണ്ടെങ്കിലും ടി.വിയും സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പും വ്യാപകമായതോടെ അതിന്റെ സാധ്യതകള്‍ വിദ്യാഭ്യാസ രംഗത്ത് പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളും ഏജന്‍സികളും വര്‍ധിച്ചു. മൊബൈല്‍ ലേണിംഗ് (എം- ലേണിംഗ്) എന്ന സംവിധാനം ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കിലോക്കണക്കിന് ഭാരമുള്ള പുസ്തകങ്ങളും ടിഫിന്‍ പാത്രങ്ങളുമായി വീടിന് മുന്നില്‍ വാഹനം കാത്തിരിക്കുന്ന കുട്ടികളുടെയും അമ്മമാരുടെയും ചിത്രം മാറാന്‍ പോകുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസവും പഠനവും മെച്ചപ്പെടുത്താനുതകുന്ന ഇ- ലേണിംഗ് പുസ്തകങ്ങള്‍, എഴുത്തുകള്‍, ക്ലാസുകള്‍, സോഫ്റ്റ്വെയറുകള്‍, ഉപകരണങ്ങള്‍ തുടങ്ങി മികച്ച സംവിധാനങ്ങള്‍ ഇന്ന് നമുക്ക് ലഭ്യമാണ്. മാത്രമല്ല, അതിരുകളും പരിധികളുമില്ലാത്ത വിജ്ഞാനത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകള്‍ തുറന്നിടാന്‍ എം. ലേണിംഗിലൂടെ സാധിക്കുന്നു.
വിവിധ മേഖലകളില്‍ വ്യത്യസ്ത കഴിവുകളുള്ള ആളുകള്‍ ഒരേ രീതിയിലുള്ള സിലബസ് പഠിച്ച് ആ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്ന ഇന്നത്തെ രീതി തികച്ചും അശാസ്ത്രീയമാണ്. ഓരോരോ കുട്ടികളും പ്രത്യേകം പ്രത്യേകം വ്യക്തിത്വങ്ങളാണ്. അതിനാല്‍, അവരുടെ കഴിവുകളും വ്യത്യസ്തം. ഓരോരുത്തരിലും പ്രകടമായ കഴിവുകള്‍ മാത്രമല്ല, അന്തര്‍ലീനമായ കഴിവുകളും, ഓരോരുത്തരുടെയും ജീവിത രീതികളും പ്രശ്‌ന പരിഹാര രീതികളും ജീവിതത്തെ നേരിടാനുള്ള വൈജ്ഞാനിക കഴിവും (cognitive ability) നിര്‍മിത ബുദ്ധിയിലൂടെ (artificial intelligence) സൂക്ഷ്മമായി കണ്ടെത്താനും മനസ്സിലാക്കാനും കഴിയുന്ന ഇക്കാലത്ത് പഴയ വിദ്യാഭ്യാസ രീതികളും സംവിധാനങ്ങളും തുടരുന്നത് വിദ്യാഭ്യാസത്തെ പിറകോട്ടടിക്കാനാണ് ഉപകരിക്കുക.
ഓരോരുത്തരും അവരവരുടെ വ്യക്തിഗത അഭിരുചികള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് അവരവരുടെ കരിക്കുലം പഠിക്കുന്ന കാലമാണിത്;  ഫിസിക്കലും ഡിജിറ്റലും ഒന്നിച്ച് ചേര്‍ന്നുള്ള ഫിജിക്കല്‍ വിദ്യാഭ്യാസത്തിന്റെ (Phigical Education) കാലവുമാണ്. ഈ കാലത്തിനനുസരിച്ചുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളും രീതികളും നാം നടപ്പാക്കിയില്ലെങ്കില്‍ നമ്മുടെയും രാജ്യത്തിന്റെയും ഭാവി ഇരുളടഞ്ഞതാവും. ഇതെല്ലം മനസ്സിലാക്കിയുള്ള സിലബസും കരിക്കുലവുമൊക്കെ അതിദ്രുവം വികസിപ്പിച്ചേ  തീരൂ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- 22-25
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് വിശ്വാസിയുടെ ബാധ്യത
സുബൈര്‍ കുന്ദമംഗലം