വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറണം
21-ാം നൂറ്റാണ്ടിന്റെ അഞ്ചിലൊരു ഭാഗം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. കാലം കഴിയുന്തോറും ജീവിത മേഖലകളധികവും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ-സാമ്പത്തിക-വാണിജ്യ-വ്യാവസായിക മേഖലകളിലെല്ലാം മാറ്റങ്ങള്‍ പ്രകടമാണ്. ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളും ഇതില്‍നിന്ന് ഒഴിവല്ല. മാറ്റത്തിന്റെ അന്തരാത്മാവ് കണ്ടെത്താനും അതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ഭാവിതലമുറയെ ബോധ്യപ്പെടുത്താനും ആവശ്യമായ സംഭാവനകളര്‍പ്പിക്കാനും വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. നാളത്തെ ലോകത്തിന്റെ ഊടും പാവുമാണ് ഇന്നത്തെ വിദ്യാര്‍ഥികള്‍. നാളെയുടെ നാദങ്ങളും വിധാതാക്കളുമാണവര്‍. ശോഭനമായ നല്ലൊരു നാളെയെ വാര്‍ത്തെടുക്കാന്‍ അവരെ സുസജ്ജരാക്കുകയാണ് വിദ്യാലയങ്ങള്‍ നിര്‍വഹിക്കേണ്ട ഏറ്റവും വലിയ ഉത്തരവാദിത്വം. ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ അനായാസം ചെന്നെത്താനും തൊഴില്‍ സാധ്യതകള്‍ എത്തിപ്പിടിക്കാനാവുന്നതുമാക്കാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണമെങ്കില്‍ അവരുടെ പഠനവും പരിശീലനവും മികവിന്റെ കേന്ദ്രങ്ങളില്‍നിന്നാവണം.
മാറുന്ന വിദ്യാഭ്യാസ സങ്കല്‍പങ്ങളെ തേടുന്നവര്‍ക്കുള്ള വഴികാട്ടികളാണ് യഥാര്‍ഥത്തില്‍ മികവിന്റെ കേന്ദ്രങ്ങളായ വിദ്യാലയങ്ങള്‍. നാളത്തെ അഭിരുചിക്കും താല്‍പര്യങ്ങള്‍ക്കും അനുഗുണമായ ഉല്‍പന്നങ്ങളുണ്ടാക്കാന്‍ വേണ്ട നൈപുണ്യമുള്ളവരെ കണ്ടെത്താനും വാര്‍ത്തെടുക്കാനുമാണ് എല്ലാ ഉല്‍പാദന മേഖലകളും പരിപാടികളാവിഷ്‌കരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലാണ് ഈ മാറ്റം ഏറ്റവുമധികം നിഴലിക്കേണ്ടത്. നിരന്തരമായ പഠനത്തിനും ഗവേഷണത്തിനും വിധേയമാകേണ്ട വിഷയമാണ് കാലാനുസൃതമായ വിദ്യാഭ്യാസം എന്തായിരിക്കണമെന്നത്. ഓരോ മേഖലയിലും കാലത്തിനനുസൃതമായ സംഭാവനകളര്‍പ്പിക്കാന്‍ സാധിക്കുമെങ്കില്‍ മാത്രമേ മുന്നേറ്റം സാധ്യമാക്കാനും നിലവാരത്തകര്‍ച്ചയില്‍നിന്ന് മോചനം നേടാനും സാധിക്കുകയുള്ളൂ. ലോക സര്‍വകലാശാലകളുടെ നിലവാരത്തെപ്പറ്റിയുള്ള ഒരു പഠനത്തില്‍ 225-ാമത്തെ സ്ഥാനമാണ് ഇന്ത്യയിലെ ഐ.ഐ.ടികള്‍ക്കുള്ളത്! ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ കാലത്തിനനുസൃതമായ മാറ്റങ്ങള്‍ കൈവരുത്താനും സംഭാവനകളര്‍പ്പിക്കാനും കഴിയാതെ പോകുന്നു എന്നതാണ് ഇതിനുള്ള കാരണമായി പറയപ്പെടുന്നത്.
ഇവിടെയാണ് വിദ്യാഭ്യാസ മേഖലയിലെ മികവിന്റെ അടിസ്ഥാനം എന്തായിരിക്കണമെന്ന വിഷയത്തിന്റെ പ്രസക്തി. കൂടുതല്‍ പഠനവും പരിചിന്തനവും അര്‍ഹിക്കുന്ന വിഷയമാണിത്. കഴിഞ്ഞ ഏതാനും ദശകങ്ങളിലെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം കൂടുതല്‍ യാഥാര്‍ഥ്യങ്ങളിലേക്ക് നമ്മുടെ കണ്ണ് തുറപ്പിക്കാന്‍ സഹായകമാണ്. വിദ്യാലയങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം അമ്പരപ്പിക്കുന്ന മാറ്റവും ഉയര്‍ച്ചയുമാണ് ഈ കാലയളവില്‍ കൈവരിക്കാന്‍ സാധിച്ചത്. കെട്ടിലും മട്ടിലും പൊതു വിദ്യാലയങ്ങള്‍ ഉയര്‍ന്നപ്പോള്‍ അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ മേഖലകളിലും ഈ വര്‍ധനവ് കൂടുതല്‍ പ്രകടമായി. സര്‍ക്കാര്‍ അംഗീകരിച്ച പാഠ്യപദ്ധതിക്കു പുറമെ ധാര്‍മിക-സാദാചാര മൂല്യങ്ങള്‍ പഠിപ്പിക്കുന്നതിനും നൈപുണികള്‍ വികസിപ്പിക്കുന്നതിനും ചില സ്വകാര്യ വിദ്യാലയങ്ങള്‍ മുന്തിയ പരിഗണന നല്‍കി. ഗള്‍ഫ് നാടുകളില്‍ പണിയെടുക്കുന്ന പ്രവാസികളുടെ ഉള്ളഴിഞ്ഞ പിന്തുണയും ഈദൃശ സംരംഭങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. എന്നാല്‍, കോവിഡ് മഹാമാരിയും ലോക സാമ്പത്തിക ക്രമത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാന്ദ്യവും ഇത്തരം വിദ്യാലയങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കിയിരിക്കുന്നു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസിളവ്, ഉച്ചഭക്ഷണത്തിന്റെയും പാഠപുസ്തകങ്ങളുടെയും സൗജന്യവിതരണം തുടങ്ങിയവയും കൂടിയായപ്പോള്‍ ഇത്തരം വിദ്യാലയങ്ങള്‍ കൂടുതല്‍ പ്രയാസത്തിലാണ്. ഈ പ്രതിസന്ധികള്‍ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ വിദ്യാലയങ്ങളുടെ നിലനില്‍പ് ഭദ്രമാക്കാന്‍ കഴിയുകയുള്ളൂ. ഒളിച്ചോടാതെ കൂടുതല്‍ ഊര്‍ജം ശേഖരിച്ച് മുന്നേറണമെന്നാണ് ഈ സന്ദിഗ്ധ ഘട്ടം ആവശ്യപ്പെടുന്നത്. മികവിന്റെ കേന്ദ്രങ്ങളായി അവയെ പരിവര്‍ത്തിപ്പിക്കുക എന്നതാണ് കാലം ആവശ്യപ്പെടുന്നത്.
മികവ് വിദ്യാര്‍ഥികളില്‍
കുട്ടികളിലെ സര്‍ഗാത്മകതയും അഭിരുചിയും കണ്ടെത്തി വികസിപ്പിക്കാനുള്ള പരിശ്രമമാണ് അവരെ മികവുള്ളവരാക്കാന്‍ ആദ്യം ചെയ്യേണ്ടത്. നൈസര്‍ഗികമായ കഴിവുകള്‍ പരിപാലിക്കാനും പരിപോഷിപ്പിക്കാനും കഴിഞ്ഞാല്‍ ശാസ്ത്ര-സാങ്കേതിക-സാമൂഹിക വിഷയങ്ങളിലും ഭാഷാ പഠനത്തിലുമുള്ള അവരുടെ വളര്‍ച്ച സുഗമമാവും. കാലത്തിന്റെ താല്‍പര്യമനുസരിച്ച് ഉയര്‍ന്നുവരുന്ന എല്ലാ മേഖലകളിലും കുട്ടികളെ അഭിരുചിയുള്ളവരാക്കാന്‍ സഹായകമായ തന്ത്രങ്ങള്‍ ഒരുക്കാനും കഴിയണം. ഇന്നലെ പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ ഒരു കുട്ടിക്ക് നാളത്തെ ലോകം മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പഠനം വ്യര്‍ഥമായിരുന്നു എന്ന് കരുതേണ്ടി വരും. കമ്പ്യൂട്ടറും വിവര സാങ്കേതിക വിദ്യയും ശാസ്ത്ര പരീക്ഷണങ്ങളുമെല്ലാം നമ്മുടെ പഠന രംഗത്തേക്ക് കടന്നുവരേണ്ട വിഷയങ്ങളാണ്. പാഠപുസ്തകത്തില്‍ അച്ചടിച്ച കാര്യങ്ങള്‍ പഠിച്ചതു കൊണ്ട് മാത്രം വിദ്യാര്‍ഥികളില്‍ മികവ് കൈവന്നു എന്ന് പറയാന്‍ കഴിയില്ല. കാലാവസ്ഥാ വ്യതിയാനം, ഉല്‍പാദന മേഖലകളിലെ മാറ്റം, ലോക രാഷ്ട്രീയ ഗതി-വിഗതികള്‍ തുടങ്ങിയ വിഷയങ്ങളിലേക്കെല്ലാം ഇറങ്ങിച്ചെല്ലാനും പഠിച്ച് സംഭാവനകളര്‍പ്പിക്കാനും പ്രാഗത്ഭ്യമുള്ള കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ അവരെ മികവുള്ളവരാക്കാന്‍ കഴിഞ്ഞു എന്ന് ആശ്വസിക്കാന്‍ കഴിയൂ.
മികവിനായി വിദ്യാലയങ്ങള്‍
ഒരുങ്ങണം
അക്കാദമികവും മാനവവിഭവ ശേഷി സംബന്ധവുമായ കാര്യങ്ങളില്‍ വ്യക്തമായ പദ്ധതി ആവിഷ്‌കരിക്കാന്‍ വിദ്യാലയങ്ങള്‍ തയാറാവുക എന്നതാണ് മികവിന്റെ കേന്ദ്രങ്ങളായിത്തീരാന്‍ ആദ്യം ചെയ്യേണ്ടത്. കുട്ടികളുടെ നൈസര്‍ഗികവും ബുദ്ധിപരവുമായ ശേഷികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം. മികച്ച പ്രതിഭകളെ കണ്ടെത്തി കൂടുതല്‍ ഉന്നതങ്ങളിലേക്കെത്തിക്കാനുള്ള ശ്രമവും, ശേഷിക്കുറവുള്ള കുട്ടികളെ കൈപിടിച്ചുയര്‍ത്താനുള്ള പരിപാടികളും ഉണ്ടാവണം. ഉന്നത നിലവാരം പുലര്‍ത്തുന്നവരായി കണ്ടെത്തുന്ന കുട്ടികള്‍ക്ക് കൂടുതല്‍ ഓറിയന്റേഷന്‍ നല്‍കുകയും ഉന്നത യൂനിവേഴ്‌സിറ്റികളിലേക്ക് അവരെത്തിച്ചേരാന്‍ കര്‍മപരിപാടികളാവിഷ്‌കരിക്കുകയും ചെയ്യണം. ഇത്തരം സംരംഭങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. ഈ തരത്തിലുള്ള കൂട്ടായ്മയുടെയും ആസൂത്രണത്തിന്റെയും ഫലമായാണ് അടുത്ത കാലത്ത് പെരിന്തല്‍മണ്ണ ജൂബിലിറോഡില്‍ താമസിക്കുന്ന ഫാത്തിമ ഷറിന്‍ ഷാന എന്ന വിദ്യാര്‍ഥിനി ഇന്ത്യന്‍ സയന്‍സ് ആന്റ് ടെക്‌നോളജി വനിതാ ശാസ്ത്രജ്ഞയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് മനസ്സിലാക്കുമ്പോള്‍, മികവിന്റെ പാത എത്രത്തോളം ആസൂത്രണവും പരിശ്രമവുമാണ് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാകും.
നൈപുണികള്‍ കണ്ടെത്തലും
വികസിപ്പിക്കലും
ഓരോ വിദ്യാര്‍ഥിക്കും സ്വന്തമായി തന്നെ അവന്റെ നൈപുണികള്‍ കണ്ടെത്താനും അതിനനുസൃതമായ പഠനത്തിലേക്കും തൊഴില്‍ മേഖലയിലേക്കും തിരിയാനും സാധിക്കണം. അധ്യാപകരും ഒപ്പം രക്ഷിതാക്കളുമാണ് ഈ രംഗത്ത് കുട്ടികളുടെ സഹായികളാവേണ്ടത്. വിദ്യാര്‍ഥികളുടെ ഇത്തരം ശേഷികള്‍ കണ്ടറിഞ്ഞ് പ്രോത്സാഹനം നല്‍കാന്‍ കഴിഞ്ഞാല്‍ അവരില്‍ ആത്മാഭിമാനവും ആത്മവിശ്വാസവും അങ്കുരിപ്പിക്കാന്‍ സാധിക്കും. കുട്ടികളില്‍ വിജ്ഞാനവും നൈപുണികളും ഒരേ സമയത്ത് വികസിപ്പിച്ചെടുക്കാന്‍ സാധിച്ചാല്‍ സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കാനും ജീവിതത്തിന്റെ ഉന്നതങ്ങളിലെത്തിച്ചേരാനും അവര്‍ക്ക് സാധിക്കും. ഇങ്ങനെ സംഭവിക്കുന്നതോടെ അവര്‍ പഠിച്ച വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായിരുന്നുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ആനുകാലിക വിഷയങ്ങളില്‍ സ്വന്തമായ അവലോകനവും അപഗ്രഥനവും നടത്താന്‍ ഇത്തരം കുട്ടികള്‍ക്ക് കഴിയുന്നതോടെ ജീവിത മേഖലകളില്‍ പരാശ്രയമില്ലാതെ മുന്നേറാന്‍ സാധിക്കുകുയം ചെയ്യും.
നൈപുണികളുടെ വികസനം
കുട്ടികളില്‍ നൈപുണികള്‍ സൃഷ്ടിക്കാനും അവ വികസിപ്പിച്ച് വളര്‍ത്തിയെടുക്കാനുമുള്ള നിരന്തര ശ്രമമാണുണ്ടാകേണ്ടത്. രചന, ചിന്ത, അവതരണം, വിനിമയം, വിഭവശേഷി, പൊതുബന്ധം, സൃഷ്ടിപരത തുടങ്ങിയ മേഖലകളിലെല്ലാം കുട്ടികളെ വികസിപ്പിച്ചെടുക്കാനുള്ള ആസൂത്രിത പരിപാടികളുടെ കേന്ദ്രങ്ങളായി വിദ്യാലയങ്ങള്‍ മാറണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വയനാട് എം.പി രാഹുല്‍ ഗാന്ധി ഒരു ഗംഭീര പരിപാടിക്കായി കരുവാരക്കുണ്ടില്‍ വന്നപ്പോഴുണ്ടായ അനുഭവം നമുക്കോര്‍മയുണ്ട്. കരുവാരക്കുണ്ട് ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു പൊതുപരിപാടി. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്യാന്‍ പ്രഗത്ഭനായ ഒരാളെ സംഘാടകര്‍ നേരത്തെ ഒരുക്കി നിര്‍ത്തിയിരുന്നു. പക്ഷേ, ഇംഗ്ലീഷില്‍ പ്രസംഗം തുടങ്ങിയ രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തിന്റെ മൊഴിമാറ്റം നടത്താന്‍ തയാറുള്ള ഏതെങ്കിലും വിദ്യാര്‍ഥി ഈ സ്‌കൂളിലുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഹൈസ്‌കൂള്‍ ക്ലാസിലെ ഒരു പെണ്‍കുട്ടി വേദിയിലേക്ക് വന്നതും മനോഹരമായി പ്രസംഗം പരിഭാഷ ചെയ്തതും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള സക്രിയ വേദികള്‍ സ്‌കൂളുകളിലുണ്ടായാല്‍ നമ്മുടെ നാടുതന്നെ മികവിന്റെ കേന്ദ്രങ്ങളായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
അധ്യാപകരുടെ പങ്ക്
ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തെയും മികവിന്റെ പാതയിലേക്ക് നയിക്കുന്നതില്‍ അധ്യാപകരുടെ പങ്ക് അനിഷേധ്യമാണ്. ഈ രംഗത്ത് അധ്യാപകരും സ്‌കൂള്‍ അധികൃതരും ഭരണകൂടവും നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. യോഗ്യരായ അധ്യാപകരെ കണ്ടെത്തി നിയമിക്കുക എന്നതാണ് ഇതില്‍ ഒന്നാമതായി ചെയ്യേണ്ടത്. യോഗ്യതയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ സ്ഥാപനത്തിന് ഒരിക്കലും ഗുണമേന്മ കൈവരുത്താന്‍ സാധിക്കുകയില്ല. അതോടെ മികവിന്റെ കേന്ദ്രമെന്ന സ്വപ്‌നം വെറും പാഴ്കിനാവായി മാറും. യോഗ്യരായവരെ നിയമിച്ചു കഴിഞ്ഞാലും ബന്ധപ്പെട്ട വിഷയങ്ങളില്‍ അധ്യാപകര്‍ക്ക് മികവുറ്റ പരിശീലനം നല്‍കാനും ക്ലാസ് റൂം മാനേജ്‌മെന്റ് നൈപുണ്യം അവരില്‍ വളര്‍ത്തിയെടുക്കാനും നിതാന്ത ശ്രമം ആവശ്യമാണ്. മോണിറ്ററിംഗിലും മെന്ററിംഗിലും മതിയായ ശക്തി കരഗതമാക്കാന്‍ അധ്യാപകന് സാധിച്ചെങ്കില്‍ മാത്രമേ വിദ്യാലയത്തിന്റെ മികവ് നിലനിര്‍ത്താനാവൂ.
ഫലപ്രദമായ അധ്യയന രീതി
ശാസ്ത്ര-സാങ്കേതിക വിദ്യയുടെ മാറ്റങ്ങള്‍ക്കനുസൃതമായി അധ്യയന രംഗവും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റവുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയുന്ന തന്ത്രങ്ങള്‍ സ്വായത്തമാക്കാനും നടപ്പാക്കാനും അധ്യാപകന് കഴിയുന്നില്ലെങ്കില്‍ അധ്യാപകന്റെ അധ്വാനം നിരര്‍ഥകമായിത്തീരും. ഇതിനെപ്പറ്റിയുള്ള ബോധം സ്‌കൂള്‍ നടത്തിപ്പുകാരിലുമുണ്ടാകണം. സ്‌കൂളും ഗാര്‍ഹിക ചുറ്റുപാടും ഒത്തിണങ്ങി പോകാന്‍ കഴിയുന്ന ഒരവസ്ഥ സൃഷ്ടിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ പഠന പ്രക്രിയയുമായി വിദ്യാര്‍ഥിക്ക് പൊരുത്തപ്പെടാന്‍ സാധിക്കുകയുള്ളൂ. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളുടെ വഴികാട്ടികളായി മാറാന്‍ കഴിയുന്ന തരത്തിലാകണം സ്‌കൂള്‍ സംവിധാനം.
അധാര്‍മികതയും സദാചാര രാഹിത്യവും പടരുന്ന കാലമാണ്. മറുവശത്ത് വര്‍ഗീയതയും വംശീയതയും. ഇത്തരം തിന്മകള്‍ കുട്ടികളില്‍ പടരാതിരിക്കാന്‍ സ്ഥാപനങ്ങളില്‍നിന്നു ശ്രമങ്ങളാരംഭിക്കണം. അത്തരം തിന്മകള്‍ക്കെതിരെ പോരാടാനുള്ള മനസ്ഥിതിയും വിദ്യാര്‍ഥികളില്‍ അങ്കുരിപ്പിക്കണം. തിന്മകള്‍ക്കെതിരെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്ന ഒരു നവ സമൂഹത്തെ സൃഷ്ടിക്കാന്‍ കൂടി കഴിഞ്ഞാല്‍ നമ്മുടെ വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുമെന്നതില്‍ സംശയമില്ല.
Comments