റമദാനില്‍ ജമാഅത്ത് മര്‍കസ് പള്ളിയിലെ സന്ദര്‍ശനം
അനുഭവം /
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിന്റെ ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ ഭാഗമായി ഞങ്ങള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. അവസരം കിട്ടുമ്പോഴൊക്കെയും, അവിടത്തെ ഗോത്ര ന്യൂനപക്ഷ വിഷയങ്ങളില്‍ വൈദഗ്ധ്യം നേടിയവരുമായി ഞങ്ങള്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുമുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രയേല്‍ എംബസിയിലെ ഡ്രൂസ് വിഭാഗക്കാരനായ ഒരു ഉദ്യോഗസ്ഥന്‍ ഇസ്രയേല്‍, ജോര്‍ദാന്‍, ലബനാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ജീവിക്കുന്ന തന്റെ സമുദായത്തെക്കുറിച്ച് ഞങ്ങളോട് സംവദിച്ചു. അവരുടെ മതവിശ്വാസങ്ങളെയും സാമൂഹിക ഘടനയെയും ഇസ്രയേലില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളെയും കുറിച്ചുള്ള ഞങ്ങളുടെ ജിജ്ഞാസ നിറഞ്ഞ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
എങ്കിലും ഞങ്ങള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ താരതമ്യേന നല്ല ജനസംഖ്യയുള്ള വിഭാഗങ്ങളുടെ ദേവാലയങ്ങളെ പരിചയപ്പെടുന്നതിലാണ്. ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബഹായികളുടെ ആരാധനാലയവും ലോട്ടസ് മന്ദിരവും ഖാന്‍ മാര്‍ക്കറ്റിനടുത്തുള്ള ജൂദാ ഹൈം സിനഗോഗും സന്ദര്‍ശിച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ യാത്ര ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ഞങ്ങള്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളിലേക്കും സുന്നി, ശീഈ പള്ളികളിലേക്കും ഞങ്ങളുടെ സന്ദര്‍ശനങ്ങള്‍ വ്യാപിപ്പിച്ചു. എന്നാല്‍ ദുഃഖകരമെന്നു പറയട്ടെ, ഇസ്‌ലാം വരുന്നതിനും മുമ്പ് ഇറാനില്‍ ഉത്ഭവിച്ച സൊറൊസ്ട്രിയന്‍ മതത്തിലെ വിശ്വാസികളുമായി ഇടപഴകാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഫലം കണ്ടിട്ടില്ല. കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ആരുടെയോ ഉപദേശമനുസരിച്ച് അതിന്റെ പ്രധാനപ്പെട്ട ഒരു ഭാരവാഹിക്ക് ഞാന്‍ കത്തെഴുതിയെങ്കിലും അവരില്‍ നിന്ന് പ്രതികരണമുണ്ടായില്ല.
കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഞങ്ങള്‍ ശീഈ, സുന്നി വിഭാഗക്കാരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് അവരുമായി സംവദിക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങളായി ചില വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്. ആദ്യമത്, ജാമിഅ മില്ലിയയില്‍ നിന്ന് അധികം ദൂരെയല്ലാത്ത ശാഹീന്‍ബാഗിനെ ചുറ്റിപ്പറ്റി അരങ്ങേറിയ പൗരത്വപ്രക്ഷോഭത്തിലൂടെ; പിന്നീട് മഹാമാരിയിലൂടെയും. കാര്യങ്ങള്‍ പഴയ സ്ഥിതിയിലേക്ക് മാറിത്തുടങ്ങിയതോടെ പതിയെ ഞങ്ങളും ഞങ്ങളുടെ സന്ദര്‍ശനങ്ങള്‍ പുനരാരംഭിച്ചു. റമദാനു നടുവിലാണ് ഞങ്ങളുടെ പള്ളി സന്ദര്‍ശനങ്ങള്‍ വീണ്ടും ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഒരല്‍പം മടിയുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ ആതിഥേയരായ ജമാഅത്തെ ഇസ്‌ലാമി അംഗങ്ങള്‍, ജമാഅത്തിന്റെ മര്‍കസ് പള്ളിയിലേക്ക് വരാന്‍ നിര്‍ബന്ധപൂര്‍വം ഞങ്ങളെ ക്ഷണിച്ചുകൊണ്ടിരുന്നു. പുണ്യമാസം പ്രമാണിച്ച് പള്ളിയുടെ പുതുക്കിപ്പണിയലും വിപുലീകരണവും നടക്കുകയായിരുന്നുവെങ്കിലും ഞങ്ങളുടെ സന്ദര്‍ശനം നോമ്പുകാരായ വിശ്വാസികള്‍ക്ക് തടസ്സം സൃഷ്ടിക്കുകയേ ഇല്ലെന്ന് അവര്‍ ഞങ്ങള്‍ക്ക് ഉറപ്പു നല്‍കി. അങ്ങനെ ജാമിഅ നഗറിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ആ പള്ളിയിലേക്കുള്ള സന്ദര്‍ശനം ഒരു ശനിയാഴ്ച ഉച്ചക്ക് നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു.
പള്ളിയുടെ പ്രവേശനഭാഗം മാത്രമേ പഴയ രൂപത്തില്‍ ഇപ്പോഴുള്ളൂ. (മര്‍കസിനകത്തുള്ള) പള്ളിയുടെ ഭാഗം മൂന്നു വശത്തേക്കും വിപുലീകരിച്ചിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറകില്‍ സ്ത്രീകള്‍ക്ക് ഇടുങ്ങിയ ഒരു ഇടവും, ചെറിയ കുട്ടികളുടെ പഠനത്തിനു വേണ്ടി ചെറിയ ഇടനാഴി പോലെയുള്ള ഒരു സംവിധാനവും അടങ്ങിയ ഒരു സാദാ കെട്ടിടമായിരുന്നു ഈ പള്ളി. എന്നാല്‍ ഇപ്പോള്‍, കേന്ദ്രഭാഗത്ത് പന്ത്രണ്ട് വരി ആരാധകരെയെങ്കിലും എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം അത് വിപുലീകരിച്ചിരിക്കുന്നു.
പ്രവേശനകവാടത്തില്‍ വെച്ച് സ്വീകരിച്ചതിനു ശേഷം ജമാഅത്ത് ഭാരവാഹികള്‍ ഞങ്ങളെ പള്ളിയുടെ അകത്തേക്ക് ക്ഷണിച്ചു. അവിടെ ആഡംബരങ്ങളില്ലാത്ത നമസ്‌കാര ഹാളില്‍ രണ്ട് വരി കസേരകളിലായി ഞങ്ങള്‍ ഇരുന്നു. നേരം ഉച്ചകഴിഞ്ഞിരുന്നു. ദല്‍ഹിയിലെ വെയില്‍ അതികഠിനം. ഞങ്ങളുടെ ആതിഥേയരില്‍ ഒരാള്‍ പെട്ടെന്നു തന്നെ തണുപ്പിച്ച വെള്ളക്കുപ്പികളും ട്രോപ്പികാനാ ജ്യൂസും ഞങ്ങള്‍ക്ക് നല്‍കി. ഒരാളുടെയും മതം ഏതാണെന്ന് അവരന്വേഷിച്ചില്ല; ഞങ്ങളുടെ കൂട്ടത്തില്‍ നോമ്പു നോറ്റിരുന്ന ചില മുസ്‌ലിംകളും ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് അമ്പരപ്പും അസ്വസ്ഥതയുമായിരുന്നു. നോമ്പുകാലമാണ്. മാത്രമല്ല, ഉച്ച നമസ്‌കാരത്തിന്റെ സമയം ആസന്നമാവുകയും ചെയ്തിരിക്കുന്നു. ഞങ്ങളിരിക്കുന്നതാകട്ടെ പ്രാര്‍ഥന നടക്കുന്ന ഭാഗത്തും. എന്നാല്‍, ഞങ്ങളുടെ ആതിഥേയര്‍ ഇതൊന്നും കേള്‍ക്കാന്‍ തയാറായിരുന്നില്ല. ''നിങ്ങള്‍ ഞങ്ങളുടെ അതിഥികളാണ്. നിങ്ങളുടെ സൗകര്യം ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ കടമയാണ്'' എന്നായിരുന്നു അവരുടെ വിനീതമായ മറുപടി. ആ മറുപടിയില്‍ ആവശ്യമില്ലാത്ത ഔപചാരികതയോ വിനയത്തിന്റെ നാട്യമോ ഉണ്ടായിരുന്നില്ല. പ്രാര്‍ഥനാ സമയം അടുത്തതിനാല്‍ വേഗം പാനീയങ്ങള്‍ കുടിക്കാനോ മറ്റൊരു ഭാഗത്തേക്ക് നീങ്ങാനോ അവര്‍ ഞങ്ങളോട് ധൃതിപ്പെട്ടുമില്ല. അപ്പോഴേക്കും മെല്ലെ മെല്ലെയായി വന്നു തുടങ്ങിയിരുന്ന വിശ്വാസികള്‍ക്ക് ഞങ്ങള്‍ അവിടെയിരുന്നു ദാഹമകറ്റുന്നത് വ്യക്തമായി കാണാന്‍ സാധിക്കുമായിരുന്നു.
ഇതു കഴിഞ്ഞ് ഞങ്ങള്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്നു. ഭാരവാഹികളിലൊരാള്‍ മൈക്കെടുത്ത് ഇസ്‌ലാമിന്റെ ചില അടിസ്ഥാന ആശയങ്ങളും ചര്യകളും സുന്നി-ശീഈ വിഭാഗങ്ങള്‍ തമ്മിലുള്ള സൂക്ഷ്മ വ്യത്യാസങ്ങളും വിവരിച്ചു തന്നു. ഇപ്പോള്‍ കത്തിനില്‍ക്കുന്ന ഒരു വിഷയമായ ശിരോവസ്ത്രം അവിടെ ഒരു വിഷയമേ ആയി തോന്നിയില്ല. ഞങ്ങളുടെ കൂട്ടത്തിലുള്ള ചില അമുസ്‌ലിം വിദ്യാര്‍ഥിനികള്‍ ദുപ്പട്ട കൊണ്ട് തല മറച്ചിരുന്നെങ്കിലും കൂട്ടത്തില്‍ പാശ്ചാത്യ രീതിയില്‍ വസ്ത്രം ധരിച്ച ഒരു വിദ്യാര്‍ഥിനി തല മറയ്ക്കാന്‍ എന്തെങ്കിലും കൊണ്ടുവരാന്‍ മറന്നുപോയിരുന്നു. എന്നാല്‍, ആരും അതുമൂലം അസ്വസ്ഥരായി തോന്നിയില്ല. സംഭാഷണത്തില്‍ മുഴുകിയിരിക്കെ ശിരോവസ്ത്രം ധരിച്ച ഒരു ഭാരവാഹി വന്ന് അവരുടെ ഐഫോണില്‍ ഞങ്ങളുടെ ചിത്രം പകര്‍ത്തി.
'സുഹൃത്തക്കളേ, അര മണിക്കൂര്‍ കഴിഞ്ഞാല്‍ ഉച്ച പ്രാര്‍ഥന ആരംഭിക്കും. നിങ്ങള്‍ക്ക് നിരീക്ഷിക്കാന്‍ താല്‍പര്യമുണ്ടോ?' എന്ന് ആരോ ചോദിപ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും ആ അവസരം നഷ്ടപ്പെടുത്താന്‍ തോന്നിയില്ല. അര്‍ധവൃത്താകൃതിയിലുള്ള ആ മേല്‍ക്കൂരയ്ക്കുള്ളില്‍ കുറച്ചു നേരത്തിനുള്ളില്‍ തന്നെ ബാങ്കിന്റെ ശബ്ദം മുഴങ്ങി. പ്രവേശനകവാടത്തിനടുത്തുള്ള ഞങ്ങളുടെ കസേരകളിലേക്ക് മടങ്ങി അകത്തേക്ക് കയറി വരുന്ന വിശ്വാസികളുടെ നേരിയ ഒഴുക്ക് ഞങ്ങള്‍ നിരീക്ഷിച്ചു. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ചില മുസ്‌ലിം വിദ്യാര്‍ഥികള്‍ പ്രാര്‍ഥനയില്‍ ചേര്‍ന്നു; ബാക്കിയുള്ളവര്‍ പിറകില്‍ നിന്ന് നിരീക്ഷിച്ചു. പ്രാര്‍ഥനാ സമയം ആയതോടെ കൂട്ടത്തിലെ പെണ്‍കുട്ടികളെ മുകളില്‍ പുതുതായി പണിത ബാല്‍ക്കണിയിലേക്ക് കൊണ്ടുപോയി. അവിടെ ആരുടെയും ശല്യമില്ലാതെ നമസ്‌കരിക്കാന്‍ സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കിയിരുന്നു. പ്രവേശന കവാടത്തിനകത്തുള്ള ഒരു ഇടുങ്ങിയ മുറി മാത്രമായിരുന്നു ആദ്യം അവര്‍ക്കുണ്ടായിരുന്നത്. ഇപ്പോള്‍ ഈ മുറി വിശ്വാസികളുടെ ചെരിപ്പുകളും മറ്റു സാമഗ്രികളും സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നു.
നമസ്‌കരിക്കാന്‍ വേണ്ടി വിശ്വാസികള്‍ അണിനിരക്കുന്ന കാഴ്ച ഞങ്ങളെ സംബന്ധിച്ചേടത്തോളം ഏറെ കൗതുകകരമായിരുന്നു. ചിലരൊക്കെ തങ്ങളുടെ ഇഷ്ടപ്പെട്ട ഇടങ്ങളില്‍ കൂടിയിരുന്ന് കൂട്ടുകാരുമായി കുശലം പറഞ്ഞിരിക്കുകയായിരുന്നുവെങ്കിലും ളുഹ്ര്‍ നമസ്
കാരത്തിന്റെ സമയമായി എന്ന് ഇമാം ആംഗ്യം കാണിച്ചതോടെ എല്ലാവരും നടുവിലെ ഭാഗത്തേക്ക് നീങ്ങി. വൈകി വന്നവര്‍ ഏതെങ്കിലും വരിയുടെ അറ്റത്ത് സ്ഥലമുണ്ടോ എന്ന് നോക്കാനായി ഇടത്തോട്ടും വലത്തോട്ടും ഓടി; അല്ലെങ്കില്‍ പുതിയ ഒരു വരി ആരംഭിക്കണം. പിറകിലിരുന്നു കൊണ്ട് ഞങ്ങള്‍ക്ക് പ്രാര്‍ഥന നിരീക്ഷിക്കാനും ആരുടെയും ശല്യമോ താക്കീതോ ഇല്ലാതെ ചിത്രങ്ങളെടുക്കാനും സാധിച്ചു.
നമസ്‌കാരം കഴിഞ്ഞതും, ഞങ്ങള്‍ക്ക് നമസ്‌കാരത്തിനു മുമ്പായി നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട വുദൂവിനെക്കുറിച്ചായി കൗതുകം. പുതിയ കെട്ടിടത്തെക്കുറിച്ച് ഏറെ അഭിമാനം പൂണ്ടിരുന്ന ഫാര്‍മസിസ്റ്റും ആക്ടിവിസ്റ്റുമായ ഒരു ചെറുപ്പക്കാരന്‍ (വിദ്യാര്‍ഥിനികളടങ്ങുന്ന) ഞങ്ങളുടെ സംഘത്തെ കല്ലുകൊണ്ടുണ്ടാക്കിയ കുറേ ഇരിപ്പിടങ്ങളുള്ള പുതിയ മുറിയിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ അഭ്യര്‍ഥിച്ചില്ലെങ്കിലും അദ്ദേഹം അവിടെയിരുന്നു ഞങ്ങള്‍ക്ക് വുദൂ ചെയ്തു കാണിച്ചുതരികയും ചെയ്തു.
അവിടെ നിന്ന് ഞങ്ങള്‍ പ്രധാന കെട്ടിടത്തിലേക്ക് ആനയിക്കപ്പെടുകയും ഒരു കോണ്‍ഫറന്‍സ് മുറിയില്‍ വെച്ച് ജമാഅത്ത് ഭാരവാഹികളെ ഞങ്ങള്‍ കാണുകയും ചെയ്തു. ഇവിടെയും ബോക്‌സുകളില്‍ വിഭവങ്ങള്‍ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. 'റമദാന്‍ ആയതുകൊണ്ടാണ്. ഇല്ലെങ്കില്‍ ഞങ്ങള്‍ ഉച്ചഭക്ഷണം ഒരുക്കുമായിരുന്നു'- ഒരാള്‍ ക്ഷമാപണത്തോടെ പറഞ്ഞു. ജെ.എന്‍.യുക്കാരുടെ ചോദ്യശരങ്ങള്‍ നേരിടാന്‍ ഞങ്ങളുടെ ആതിഥേയര്‍ സജ്ജമായിരുന്നു. കുറിക്കുകൊള്ളുന്നതും, എന്നാല്‍ വളരെ വിനയത്തോടെ ഉന്നയിക്കപ്പെട്ടതും ആയിരുന്നു ചോദ്യങ്ങള്‍. യുവമനസ്സുകളെ നിയന്ത്രിക്കാനോ അതിനോട് ആജ്ഞാപിക്കാനോ ആര്‍ക്കും സാധിക്കില്ല; എന്നാല്‍, അറിവിനോടുള്ള അവരുടെ ജിജ്ഞാസയെ ശരിയായ വഴിയിലേക്ക് നയിക്കാന്‍ സാധിക്കും. ഏതാണ്ട് 90 മിനിറ്റോളം നീണ്ടുനിന്ന സംഭാഷണത്തിനിടെ തങ്ങളെ കുഴക്കിയ പല വിഷയങ്ങളെക്കുറിച്ചും അവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു- ഹലാലിന്റെ യുക്തിയും രീതികളും, ഭിന്നാഭിപ്രായങ്ങള്‍ക്കുള്ള ഇടം, എല്‍.ജി.ബി.ടി വിഭാഗക്കാരോടുള്ള സമീപനം, സ്ത്രീകളുടെ അവകാശങ്ങള്‍, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സുന്നി-ശീഈ വ്യത്യാസങ്ങള്‍, ന്യൂനപക്ഷങ്ങളെ ഇസ്‌ലാം കാണുന്ന രീതി, ശിരോവസ്ത്രം തുടങ്ങി...
എഞ്ചിനീയറും ജമാഅത്ത് വൈസ് പ്രസിഡന്റുമായ എസ്. അമീനുല്‍ ഹസനാണ് ഞങ്ങള്‍ക്ക് മറുപടികള്‍ നല്‍കിയത്. എന്നെപ്പോലെ തമിഴ്‌നാട്ടുകാരനായ അദ്ദേഹം വാണിയമ്പാടി സ്വദേശിയാണ്. ഞാന്‍ പഠിച്ചിറങ്ങിയ വെല്ലൂരില്‍ നിന്ന് വളരെ അടുത്തു നില്‍ക്കുന്ന നാട്. വളരെ വിനയപൂര്‍വമാണ് അദ്ദേഹം ഞങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇസ്‌ലാമിന്റെ മഹത്തായ ആശയങ്ങളെക്കുറിച്ച് അടിവരയിടുമ്പോള്‍ തന്നെ വിശ്വാസികള്‍ക്കും അവരുടെ നേതൃത്വത്തിനും തെറ്റ് സംഭവിക്കാം എന്ന് അദ്ദേഹം തുറന്നു സമ്മതിക്കുകയും ചെയ്തു. വനിതാ വിഭാഗത്തിന്റെയും ഞങ്ങളുടെ ഈ സന്ദര്‍ശനത്തിന്റെയും ചുമതല ഉണ്ടായിരുന്ന റഹ്മത്തുന്നിസ ആയിരുന്നു അദ്ദേഹത്തെ സഹായിക്കാനുണ്ടായിരുന്നത്.
എന്തായിരുന്നു ഈ സന്ദര്‍ശനത്തില്‍ നിന്ന് ഞങ്ങള്‍ക്ക് കിട്ടിയ പാഠം? മതത്തെക്കുറിച്ചുള്ള ഞങ്ങളുടെ അറിവ് യുക്തിസഹമെന്നതിനപ്പുറം, പരിമിതവും ഇടുങ്ങിയതും വൈകാരികവും ആണ്. കേട്ട എല്ലാ കാര്യങ്ങളുമായും ഞങ്ങള്‍ യോജിച്ചില്ലെങ്കിലും ഞങ്ങളെ സ്വീകരിക്കാനും നന്നായി പരിഗണിക്കാനും ഇസ്‌ലാം ഇന്നു നേരിടുന്ന വലിയ പല വിഷയങ്ങളെയും ചോദ്യം ചെയ്യുന്നത് അനുവദിക്കാനും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കാണിച്ച വിശാല മനസ്‌കതയെ ഞങ്ങള്‍ക്ക് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ല. അറിവ് നേടല്‍ ഒരു നിരന്തര പ്രക്രിയയാണ്. അത് വിഘ്‌നങ്ങളെ കാണുന്നോ തിരിച്ചറിയുന്നോ ഇല്ല.
വിവ : സയാന്‍ ആസിഫ്
(ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, 25/04/2022)
Comments