ഒരു വന്‍ശക്തിയുടെ പിന്‍മടക്കം
അവസ്ഥകള്‍ മൊത്തത്തില്‍ മാറുമ്പോള്‍ നിലവിലുള്ള ലോകം അപ്പാടെ മാറിമറിയുമെന്നും അതൊരു പുതിയ സൃഷ്ടിയും തുടക്കവുമായി അനുഭവപ്പെടുമെന്നും ഇബ്‌നു ഖല്‍ദൂന്‍ എഴുതിയിട്ടുണ്ട്. യുദ്ധങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍, മഹാമാരികള്‍ പോലുള്ള പലതിനും നിലവിലുള്ള അവസ്ഥകള്‍ തകിടം മറിക്കാനുള്ള കെല്‍പ്പുണ്ട്. ചിലപ്പോള്‍ യുദ്ധങ്ങള്‍ മാത്രം മതിയാവും തുടര്‍ന്നു പോരുന്ന ലോകക്രമത്തെ അട്ടിമറിക്കാന്‍. ഇബ്‌നു ഖല്‍ദൂന്‍ സൂചിപ്പിച്ചതു പോലുള്ള ഒരു പുതിയ ലോകം രൂപപ്പെടുകയാണെന്ന് കരുതുന്ന നിരവധി രാഷ്ട്രീയ നിരീക്ഷകരുണ്ട്. യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും മഹാമാരിയും ചേര്‍ന്നാണ് ഇപ്പോള്‍ ആ ലോകക്രമത്തെ രൂപപ്പെടുത്തുന്നത് എന്നു മാത്രം. യുക്രെയിനെതിരെയുള്ള റഷ്യയുടെ യുദ്ധം അയല്‍നാടുകള്‍ തമ്മിലുള്ള കശപിശ എന്നതിലുപരി, ഫുക്‌യാമയും ഹണ്ടിംഗ്ടണനുമൊക്കെ പാടിപ്പുകഴ്ത്തിയ ഏക ധ്രുവലോകത്തിന്റെ അന്ത്യം കുറിക്കുന്ന തുടക്കമാണ്. ഇനി വരാന്‍ പോകുന്നത് ദ്വിധ്രുവ ലോകം പോലുമല്ല; പല ധ്രുവലോകമാണ്. അമേരിക്കയെപ്പോലുള്ള ശാക്തിക സാന്നിധ്യമായി ചൈനയും റഷ്യയും മാറിക്കഴിഞ്ഞു. ഇത് ഫലത്തില്‍ അമേരിക്ക അംഗീകരിച്ചിരിക്കുകയുമാണ്. തൊടുത്താല്‍ റഷ്യന്‍ മണ്ണില്‍ ചെന്ന് പതിക്കുന്ന ദീര്‍ഘദൂര മിസൈലുകള്‍, ജീവന്‍-മരണ പോരാട്ടം നടത്തുന്ന ഈ ഘട്ടത്തിലും യുക്രെയിന് നല്‍കുകയില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന ഈ പരാജയം സമ്മതിക്കലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
അമേരിക്ക എന്ന സൂപ്പര്‍ പവറിന് ഏറ്റവും വലിയ തിരിച്ചടിയായത് അഫ്ഗാനില്‍ നിന്നുള്ള നാണം കെട്ട പിന്‍മാറ്റമാണ്. അമേരിക്കന്‍ സൈന്യം പിന്മാറേണ്ട താമസം, ബില്യന്‍ കണക്കിന് ഡോളര്‍ ചെലവിട്ട് അമേരിക്ക കാബൂളില്‍ പ്രതിഷ്ഠിച്ചിരുന്ന പാവഭരണകൂടം നേരിയ ചെറുത്ത് നില്‍പ് പോലും നടത്താനാവാതെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. തൊട്ട് മുമ്പ് ഇറാഖില്‍ നിന്നുള്ള പിന്‍മാറ്റവും വന്‍ ദുരന്തമായി കലാശിക്കുകയായിരുന്നു. അമേരിക്ക പിന്‍മാറിയ ശേഷം ഇറാന്‍ മേഖലയില്‍ മേധാവിത്വം നേടിയെങ്കിലും വിഭാഗീയ ശക്തികള്‍ ആ രാഷ്ട്രത്തെ ഫലത്തില്‍ ഇല്ലാതാക്കി എന്നു തന്നെ പറയണം.
അമേരിക്ക ഇന്ന് അഭിമുഖീകരിക്കുന്ന ആഭ്യന്തര ഭീഷണികള്‍ കണക്കിലെടുക്കുമ്പോള്‍, വിദേശ മണ്ണില്‍ നേരിട്ട തിരിച്ചടികള്‍ ഒന്നുമല്ല എന്ന് കരുതുന്നവര്‍ ധാരാളമുണ്ട്. അമേരിക്ക ആന്തരികമായി അതിവേഗം ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മറുപക്ഷത്തുള്ള സകലരും ഒത്തുപിടിച്ചതുകൊണ്ടാണ് ഡൊണാള്‍ഡ് ട്രംപിന് പ്രസിഡന്റ് സ്ഥാനത്ത് രണ്ടാമൂഴത്തിന് അവസരം കിട്ടാതെ പോയത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ട് ട്രംപ് നേടുകയും ചെയ്തു. ട്രംപ് കേവലം വ്യക്തിയല്ല. അമേരിക്കന്‍ രാഷ്ട്ര ഗാത്രത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വെള്ള വംശീയത എന്ന അര്‍ബുദത്തിന്റെ മറ്റൊരു പേരാണ്. ആ രോഗം ഭേദപ്പെടുമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. വെള്ളക്കാരല്ലാത്തവര്‍ അമേരിക്ക വിട്ടുപോകണമെന്ന കൊലവിളി അമേരിക്കയുടെ വിവിധ കോണുകളില്‍നിന്ന് നാം ദിനേന കേള്‍ക്കുന്നു. ഏഷ്യന്‍ വംശജരും ഹിസ്പാനിക്കുകളും കറുത്ത വര്‍ഗക്കാരുമെല്ലാം വെള്ള വംശ വെറിയന്മാരുടെ തോക്കിനിരകളായിക്കൊണ്ടിരിക്കുന്നു. നിസ്സഹായനായി കൈമലര്‍ത്തുകയല്ലാതെ അമേരിക്കന്‍ പ്രസിഡന്റിന് ഒന്നും ചെയ്യാനില്ല. അമേരിക്കയെ മുച്ചൂടും നിയന്ത്രിക്കുന്ന ആയുധ ലോബിക്കെതിരെ രണ്ടക്ഷരം മറുത്ത് പറയാന്‍ പോലും അദ്ദേഹത്തിന് കെല്‍പില്ല. പല നിലക്ക് ബഹുസ്വരമായ അമേരിക്കന്‍ സാമൂഹിക ഘടന തകരുക മാത്രമല്ല, അവിടത്തെ ജനാധിപത്യ സംവിധാനം തന്നെ വെല്ലുവിളിക്കപ്പെടുന്നു. ട്രംപ് പടിയിറങ്ങുന്നതിന് മുമ്പ് കാപിറ്റോള്‍ ഹില്ലില്‍ നാമത് കണ്ടതാണ്. അടുത്ത തെരഞ്ഞെടുപ്പിലും ട്രംപ് തന്നെയാവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി എന്ന് കരുതുന്നവര്‍ ഏറെയാണ്. ഒരു വലിയ ജനവിഭാഗത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി അയാള്‍ വളര്‍ന്നുകഴിഞ്ഞു. അമേരിക്കന്‍ സാമൂഹിക ഘടന എത്ര ദുര്‍ബലമാണെന്ന് കോവിഡ് മഹാമാരി തുറന്ന് കാണിക്കുകയുണ്ടായി. അമേരിക്കന്‍ മോഡലിന്റെ ശക്തിദുര്‍ഗമായിരുന്ന മധ്യവര്‍ഗം അവശ്യ വൈദ്യപരിചരണത്തിന് പോലും വക കണ്ടെത്താനാവാതെ കിതക്കുന്നത് നാം കണ്ടു. ഇതെല്ലാം ചേര്‍ന്ന് അമേരിക്കയെ എവിടെ കൊണ്ടെത്തിക്കുമെന്ന് പറയാനാവില്ല.
സമീപ ഭാവിയിലും അമേരിക്ക ഒരു വന്‍ ശക്തിയായി ഉണ്ടാവും. പക്ഷേ, അതുപോലുള്ള വേറെ വന്‍ ശക്തികളും ലോക മേധാവിത്വത്തിന് വേണ്ടി ഇനി രംഗത്തുണ്ടാവും. റഷ്യ-യുക്രെയിന്‍ യുദ്ധത്തെ ബഹുധ്രുവ ലോകത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിത്തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരില്‍ പലരും കാണുന്നത്.
Comments