Prabodhanm Weekly

Pages

Search

2022 ജൂണ്‍ 10

3255

1443 ദുല്‍ഖഅദ് 10

ഇടതിനെ ബാധിച്ചത് എല്ലാം ഇരട്ടകളായി തോന്നുന്ന രോഗം!

 ബശീര്‍ ഉളിയില്‍

വാ വിട്ട വാക്കുകള്‍ കൈ വിട്ട ആയുധങ്ങളേക്കാള്‍ മാരകമായ പ്രഹരം സമൂഹഗാത്രത്തിലേല്‍പിച്ചുകൊണ്ടിരിക്കുന്ന വല്ലാത്തൊരു കാലത്തിലൂടെയാണ്, പ്രബുദ്ധമെന്ന് പുകള്‍പെറ്റ 'ദൈവത്തിന്റെ സ്വന്തം നാടും' കടന്നുപോകുന്നത്.  കഴിഞ്ഞ മാസം 21-നു ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ ഒരു കൊച്ചു കുട്ടിയുടെ മുദ്രാവാക്യമുയര്‍ത്തിയ വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. തട്ടിയവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുക എന്ന പോലീസ് നയത്തിന്റെ ഭാഗമായി, മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലിരുത്തിയ ആള്‍ തൊട്ട് കുട്ടിയെ തൊട്ടയാള്‍ വരെയുള്ളവര്‍ മാധ്യമവിചാരണകള്‍ക്കും നിയമ നടപടികള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. കുട്ടി വിളിച്ച മുദ്രാവാക്യം പാര്‍ട്ടിയുടെ അറിവോടെയോ ഔദ്യോഗികമായി എഴുതിക്കൊടുത്തവയോ അല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് വിശദീകരിച്ചെങ്കിലും അണികളുടെ ആവേശത്തള്ളിച്ചയില്‍ വന്ന അബദ്ധത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പാര്‍ട്ടിക്ക് എന്തായാലും കഴിയില്ല. സംഘ് പരിവാര്‍ റാലികളിലും വേദികളിലും പതിവായി മുഴങ്ങുന്ന ഇസ്ലാംവിരുദ്ധ ആക്രോശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്രയൊന്നും മാരകമല്ല, സംഘ് പരിവാറിനെ പേരെടുത്ത് വിളിച്ചുകൊണ്ടുള്ള ആ 'അജ്ഞാത' ബാലന്റെ പ്രസ്തുത മുദ്രാവാക്യമെങ്കിലും, ഒരു ചെറു തീപ്പൊരിയില്‍ പൊട്ടിത്തെറിക്കാന്‍ വെമ്പിനില്‍ക്കുന്ന സമൂഹ ഗാത്രത്തില്‍  പ്രകോപനത്തിന്റെ  ഒരു തരി പോലും  മാരകമായ പരിക്കേല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആ ഒറ്റ മുദ്രാവാക്യത്തിലൂടെ പോപ്പുലര്‍ ഫ്രണ്ട് റാലി മുന്നോട്ടു വെച്ച പ്രമേയം തമസ്‌കരിക്കപ്പെട്ടു എന്ന് മാത്രമല്ല, ഹിന്ദു-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് നേരെയുള്ള കൊലവിളിയാണ് നടന്നത് എന്ന പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തു എന്നതാണ് സംഭവത്തിന്റെ ബാക്കി പത്രം. 'കുഞ്ഞു മനസ്സുകളില്‍ പോലും അന്യമതവിദ്വേഷത്തിന്റെ വിഷവിത്തുകള്‍ പാകുന്ന വര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തനത്തിന്റെ തെളിവാണ് (ആര്‍.എസ്.എസ്സിനെതിരെയുള്ള) ആ മുദ്രാവാക്യം' എന്നാണ് ഇടതുപക്ഷത്തിന്റെയും വിലയിരുത്തല്‍!
ഒരു 'ബഹുജന' റാലിക്കിടെ അവിചാരിതമായി ഉയര്‍ന്ന മുദ്രാവാക്യമാണിതെങ്കില്‍, ഒരു മാസം മുമ്പ് തലസ്ഥാന നഗരിയില്‍ തികച്ചും ആസൂത്രിതമായി നടന്ന മറ്റൊരു 'മഹാ സമ്മേളന'ത്തിലുയര്‍ന്നത് മറയില്ലാത്ത വംശഹത്യാ ആഹ്വാനമായിരുന്നു. കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കപ്പെട്ട 'അനന്തപുരി ഹിന്ദു മഹാ സമ്മേളന'ത്തില്‍ പങ്കെടുത്ത പന്തളം കൊട്ടാരത്തിലെ ശശികുമാര വര്‍മ പറഞ്ഞതുപോലെ 'യാചിക്കുന്ന ഹിന്ദുവില്‍ നിന്ന് ഉത്തരവിടുന്ന ഹിന്ദുവിലേക്ക് മാറാനുള്ള ആഹ്വാന'മാണ് സമ്മേളനം മുന്നോട്ട് വെച്ചത്. സംവാദത്തിന്റെ സൗഹൃദ ഭാഷയല്ല, ഹിന്ദുത്വ ഹിംസാത്മകതയുടെ വിഷപ്രസരണമാണ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഒന്നൊഴിയാതെ എല്ലാവരും നിര്‍വഹിച്ചത്. നട്ടാല്‍ മുളക്കാത്ത പെരുംനുണകളാണ് വിളമ്പിയത്. വിന്ധ്യ പര്‍വതനിരകള്‍ക്കപ്പുറമുള്ള ഒട്ടു മിക്ക സംസ്ഥാനങ്ങളിലും അധികാരത്തിന്റെ ഉന്മാദത്തില്‍ കാളീയ നൃത്തം ചവിട്ടുന്ന കാവി ഭീകരത, തെന്നിന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഒടുക്കത്തെ ഉദാഹരണം മാത്രമാണ് അനന്തപുരി മഹാ സമ്മേളനം.  പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കളും ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) പ്രതിനിധികളും പങ്കെടുത്ത പഞ്ചദിന സമ്മേളനത്തിലെ മുഖ്യാതിഥി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയായിരുന്നു. 
ബോംബ് സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ പാര്‍ലമെന്റിലെത്തിച്ചും, മുസ്ലിംകളെ  വെടിവെക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തു കൊണ്ട് മുദ്രാവാക്യം വിളിക്കുകയും, തുടര്‍ന്ന് മുസ്ലിം കേന്ദ്രങ്ങളില്‍ വര്‍ഗീയലഹളക്ക് ഹേതുഭൂതരാവുകയും ചെയ്തവരെ  പാര്‍ലമെന്റ്  അംഗത്വത്തില്‍ നിന്ന് കേന്ദ്ര മന്ത്രിമാരായി  പ്രൊമോട്ട് ചെയ്തും  ഹിന്ദുത്വ ഇന്ത്യയുടെ റോഡ്മാപ്പ് എവ്വിധമാകണമെന്ന്, പറയാതെ പറയുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു  അനുരാഗ് ഠാക്കൂര്‍ മാത്രമല്ല, ആഭ്യന്തര മന്ത്രിയടക്കം  എല്ലാവരും ഇക്കാര്യത്തില്‍  'ഒന്നിനൊന്ന് മെച്ചപ്പെട്ട'വരാണ്.  കേരളത്തില്‍ ശശികല, പ്രതീഷ് വിശ്വനാഥ് തൊട്ട് കേന്ദ്രമന്ത്രി വി. മുരളീധരന്‍ വരെ ഈ ചങ്ങലയിലെ കണ്ണികളാണ്.  മാറിയ കാലത്ത് ഏറ്റവും വിലകൂടിയ ചരക്ക് ഈ 'ഇസ്ലാമോഫോബിയ' ആണെന്ന് തിരിച്ചറിഞ്ഞ ചില രാഷ്ട്രീയ ഭിക്ഷാംദേഹികളും ഇപ്പോള്‍ വര്‍ധിതവീര്യത്തോടെ 'സംഘ'ക്കളരിയില്‍ അങ്കം വെട്ടാന്‍ കൂട്ടുചേര്‍ന്നിട്ടുണ്ട്.
ഇമ്മാതിരി ഹിന്ദുത്വ വര്‍ഗീയ വിഷപ്രസരണങ്ങളെക്കുറിച്ച് അവയുടെ ചിരപരിചിതത്വം മൂലം പുതുമയോ അതിശയമോ തോന്നാത്ത വിധം നമ്മുടെ പൊതുബോധം മരവിച്ചു പോയിരിക്കുന്നു. 'കൈയിലിരിപ്പ്' കാരണം മുന്നണികളില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നും പുറത്തായി പല പാര്‍ട്ടികളിലും കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ 'കേരള ജനപക്ഷ'ത്തിന്റെ ഒരേയൊരു നേതാവും അനുയായിയുമായ പി.സി ജോര്‍ജാണ് സംഘ് പരിവാറിന്റെ വര്‍ഗീയ പരീക്ഷണശാലയിലെ പുതിയ ഇനം ഗിനിപ്പന്നി, അഥവാ *കാവി (cavy). നിയമസഭാ സാമാജികത്വം നഷ്ടപ്പെട്ട ശേഷം മദമിളകിയ ഒറ്റയാനെപ്പോലെ കിട്ടുന്ന വേദികളിലെല്ലാം കയറിച്ചെന്ന് ഇദ്ദേഹം ഇസ്ലാംഭീതിയുടെ ചിന്നം വിളിച്ചു മുന്നേറുകയാണ്.  ടിയാന്‍ ഹിന്ദുമഹാ സമ്മേളനത്തില്‍ മുസ്ലിംകള്‍ക്ക് നേരെ തൊടുത്തുവിട്ട വിഷം പുരട്ടിയ നുണബോംബുകള്‍ ഇനിയും പൊട്ടിത്തീര്‍ന്നിട്ടില്ല. മുസ്ലിം കച്ചവടക്കാര്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ പാനീയങ്ങളില്‍ ബോധപൂര്‍വം കലര്‍ത്തുന്നു, മുസ്ലിംകള്‍  അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യയെ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിം കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്‌ലിം  മേഖലകളില്‍ സ്ഥാപിച്ച് ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു എന്നിങ്ങനെയാണ് ജോര്‍ജിന്റെ സുവിശേഷങ്ങള്‍. പ്രതിപക്ഷ നേതാവ് പറഞ്ഞതു പോലെ വെള്ളത്തിന് പോലും  തീ പിടിപ്പിക്കുന്ന വാക്കുകള്‍!
ഇസ്‌ലാമോഫോബിയ വളര്‍ത്തുന്ന എന്ത് നുണയും പരസ്യമായി ഏത് ജോര്‍ജിനും നിര്‍ഭയം, നിര്‍ലജ്ജം വിളംബരം ചെയ്യാം എന്ന അവസ്ഥ രാജ്യത്താകെ സംജാതമായിരിക്കുന്നു. 'ഒറ്റത്തുള്ളി ഒഴിച്ചാല്‍ പിള്ളേരുണ്ടാവാത്ത മാപ്പിള മരുന്നി'നെക്കുറിച്ച് പറഞ്ഞാലും സാക്ഷര സുന്ദര സാംസ്‌കാരിക കേരളം അണ്ണാക്ക് തൊടാതെ അതങ്ങ് വിശ്വസിക്കും. അതേസമയം, നമ്മുടെ 'മതേതരത്വം' ഞെട്ടിയുണരുകയും സാംസ്‌കാരിക നായകന്മാര്‍ 'പേടിച്ചു' പോവുകയും പോലീസിന്റെ 'ചുക്കാന്തി' ചടപടാന്ന് ഉണരുകയും ചെയ്യാന്‍  സംഘ് പരിവാറിനെതിരെ ഏതെങ്കിലും കോണില്‍ നിന്ന് 'കമ' എന്നൊരക്ഷരം ഉയര്‍ന്നാല്‍ മതി. പിന്നെയങ്ങോട്ട് മുസ്ലിംകള്‍ക്കെതിരെ ഭരണിപ്പാട്ടിന്റെ കോറസ് ഉയരും. മാധ്യമങ്ങള്‍ അതേറ്റു പിടിക്കും. പോലീസ് ജാഗരൂകമാവും. ഒരു സമുദായത്തിന് നേരെ വിഷശരങ്ങള്‍ തൊടുത്തു വിടുക; 'പൊതുഹിതം മാനിച്ചു' പോലീസ് അറസ്റ്റ് ചെയ്തു എന്ന് വരുത്തുക; വിചാരണാ നാടകങ്ങളിലൂടെ കോടതി വെറുതെ വിടുക; ജയിലിലെ സാമ്പാര്‍ അവിയല്‍ രുചിക്കൂട്ടുകളാസ്വദിച്ചു കഴിഞ്ഞ ശേഷം ഒരു പകലിരുട്ടി വെളുക്കുന്നതോടെ തെരുവിലിറങ്ങി വീണ്ടും വിഴുപ്പലക്കുക... ഒരു മിസോറാം ഗവര്‍ണറെങ്കിലും ആവാനുള്ള യോഗ്യത നേടാനുള്ള തീവ്ര യത്‌നത്തിലാണ് അങ്ങാടി വാണിഭക്കാര്‍ മുതല്‍ 'അരമനകളിലെ വിശുദ്ധര്‍' വരെ. അതേസമയം മുദ്രാവാക്യം വിളിച്ച കുഞ്ഞിന്റെ പ്രചോദകങ്ങളെ തേടി ഇറച്ചിക്കട മുതല്‍ അമ്മിത്തറ വരെ അരിച്ചു പെറുക്കുകയാണ് പോലീസ്. .
ദുര്‍ബലമായ യു.ഡി.എഫ് സംവിധാനത്തിന്റെ താക്കോല്‍ദ്വാര പഴുതിലൂടെ രണ്ടാമൂഴം ലഭിച്ച എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പോലീസ്,  ഇസ്ലാംപേടിയുടെയും മുസ്ലിം വംശഹത്യയുടെയും സംഘ് പരിവാര്‍ അജണ്ടകള്‍ നടപ്പാക്കുന്ന കാര്യത്തിലും നമ്പര്‍ വണ്‍ ആണെന്നത് കേവലമൊരു ആരോപണമാണെന്ന് ഇടത് സഹയാത്രികര്‍ പോലും പറയുമെന്ന് തോന്നുന്നില്ല. അത്രമേല്‍ വലത്തോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ ഇടത് രാഷ്ട്രീയം. ലോകത്ത് എവിടെ  തിന്മ നടന്നാലും അത് മുസ്ലിംകളുമായി ബന്ധപ്പെടുന്ന ഒരു രൂപകത്താല്‍ മാത്രമേ വായിക്കപ്പെടാവൂ എന്ന സയണിസ്റ്റ് - സംഘ് പരിവാര്‍ അജണ്ടയുടെ നടത്തിപ്പുകാരായി ഇവിടത്തെ ഇടതുപക്ഷം മാറുന്നു എന്നത് മതേതര കേരളം ആശങ്കയോടെയാണ് കാണുന്നത്. പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യത്തെ അപലപിക്കുന്നതിനിടെ,  തൊട്ടടുത്ത ദിവസം എറണാകുളത്ത് നടന്ന സോളിഡാരിറ്റി സമ്മേളനത്തിലെ റാലിയെയും ചേര്‍ത്തു പറയാന്‍ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിയുന്നത്, മുസ്ലിം രൂപകങ്ങളോടുള്ള അകാരണമായ വെറുപ്പ് അത്രമേല്‍ തീവ്രമായതു കൊണ്ടാണ്. തീവ്രവാദവും ഭീകരവാദവും പരാമര്‍ശിക്കുമ്പോഴെല്ലാം പുട്ടിനു തേങ്ങ ഇടുന്ന പോലെ ഇസ്ലാമും മുസ്ലിം സംഘടനകളും സഖാക്കളുടെ പോലും  വാക്കിലും നാക്കിലും കടന്നുവരുന്നത് ഇടതിന് ദിശാബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്റെ ലക്ഷണമാണ്.
രണ്ടാമൂഴം ലഭിച്ചതോടെ എല്ലാം ഇരട്ടകളായാണ് ഇടത് ദൃഷ്ടികള്‍ക്ക് ഗോചരമാവുന്നത്. ഇതൊരു രോഗമാണ്; അടിയന്തര ചികിത്സ ആവശ്യമുള്ള രോഗം. കേരള മോഡല്‍, ബംഗാള്‍-ത്രിപുര മോഡലുകളാവരുതെന്ന് ആഗ്രഹിക്കുന്ന, ഇടത് പക്ഷം തന്നെയാണ് ഹൃദയ പക്ഷം എന്ന് വിശ്വസിക്കുന്ന എല്ലാവരെയും ഏറെ വേദനിപ്പിക്കുന്നതാണ് ഇടതിന്റെ ഈ നയവ്യതിയാനം. ഇരട്ടച്ചങ്ക് എന്ന് ആവേശക്കമ്മിറ്റിക്കാര്‍ നീട്ടി വിളിക്കുമ്പോള്‍, മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അത് ഇരട്ടത്താപ്പും ഇരട്ട നീതിയും ഇരട്ട നിലപാടുമായി മാറുന്നുവെങ്കില്‍ അറിയുക, അത്ര വടക്കൊന്നുമല്ല ബംഗാളും ത്രിപുരയും. 

* പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ മരുന്നു പരീക്ഷണത്തിന് ഉപയോഗിച്ചു വരുന്ന ഗിനിപ്പന്നിക്ക് 'കാവി' (Cavy) എന്ന ഒരപരനാമമുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- 22-25
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് വിശ്വാസിയുടെ ബാധ്യത
സുബൈര്‍ കുന്ദമംഗലം