Prabodhanm Weekly

Pages

Search

2022 ജൂണ്‍ 10

3255

1443 ദുല്‍ഖഅദ് 10

ഹജ്ജ് സംശയങ്ങള്‍ക്ക് മറുപടി

ഹൈദറലി ശാന്തപുരം

 

കര്‍മശാസ്ത്രം /

2022 മെയ് 25-ന് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ സംഘടിപ്പിച്ച ഹജ്ജ് ക്യാമ്പില്‍ ഉന്നയിക്കപ്പെട്ട സംശയങ്ങളും അവക്ക് നല്‍കിയ മറുപടിയും


ഹജ്ജിന് പണം കെട്ടുന്ന സമയത്ത് ഞാന്‍ എന്റെ കസിനിന്റെ പക്കല്‍നിന്ന് കുറച്ച് സംഖ്യ കടം വാങ്ങിയിരുന്നു. ഞാന്‍ വാങ്ങിയതിലും കൂടുതല്‍ സംഖ്യ എന്റെ ചില പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ ഇട്ടിട്ടുണ്ട്. ആ സംഖ്യ പെട്ടെന്ന് പിന്‍വലിക്കാന്‍ പറ്റാത്തതുകൊണ്ടാണ് കസിനിന്റെ പക്കല്‍നിന്ന് കടം വാങ്ങിയത്. ആ കാര്യം അവനെ അറിയിച്ചിട്ടുമുണ്ട്. എന്റെ കടത്തിന്റെ ഉത്തരവാദിത്വം എന്റെ മകനെ ഞാന്‍ ഏല്‍പിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തില്‍ ഹജ്ജ് കഴിഞ്ഞ് തിരിച്ചു വന്ന ശേഷം, വാങ്ങിയ സംഖ്യ തിരിച്ചു തരുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഞാന്‍ ഇപ്രകാരം ഹജ്ജിന് പോകുന്നതില്‍ തെറ്റുണ്ടോ?
ഇല്ല. ഹജ്ജ് യാത്രക്ക് മുമ്പ് അവധിയെത്തിയ കടം തിരിച്ചേല്‍പിക്കണമെന്നും അവധിയെത്താത്ത കടം യഥാസമയം വീട്ടാന്‍ ഏര്‍പ്പാട് ചെയ്യണമെന്നുമാണ് നിയമം. ഇവിടെ ഒരു താല്‍ക്കാലിക അഡ്ജസ്റ്റ്‌മെന്റായി താങ്കള്‍ വാങ്ങിയ കടം ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമേ കൊടുക്കേണ്ടതുള്ളൂ. അതിനുള്ള സാമ്പത്തിക ശേഷിയും താങ്കള്‍ക്കുണ്ട്. അവശ്യ സന്ദര്‍ഭത്തില്‍ വേണ്ടത് ചെയ്യാന്‍ മകനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടല്ലോ. ഈ സാഹചര്യത്തില്‍ താങ്കള്‍ ഹജ്ജിന് പോകുന്നതിന് തടസ്സമില്ല.

ഹജ്ജ് കര്‍മങ്ങള്‍ക്ക് തടസ്സം നേരിടാതിരിക്കാന്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവം പിന്തിക്കാനുള്ള മരുന്ന് ഉപയോഗിക്കാമോ?
ഹജ്ജ് യാത്രയില്‍ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ തടസ്സമാകുമെന്ന ആശങ്കയുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവം പിന്തിക്കാനുള്ള മരുന്ന് കഴിക്കാവുന്നതാണ്. ദീനില്‍ നിഷിദ്ധമല്ലാത്തതും ശരീരത്തിന് ദോഷം വരുത്താത്തതുമായ മരുന്നായിരിക്കണം എന്നേയുള്ളൂ.

ഒരാള്‍ക്ക് ജീവിതത്തില്‍ ഒരു പ്രാവശ്യമേ ഹജ്ജ് നിര്‍ബന്ധമുള്ളൂ എന്നിരിക്കെ ഒന്നിലധികം പ്രാവശ്യം ഹജ്ജ് നിര്‍വഹിക്കുന്നതിന്റെ വിധിയെന്താണ്?
ഒരാള്‍ക്ക് ജീവിതത്തില്‍ ഒരു പ്രാവശ്യമേ ഹജ്ജ് നിര്‍ബന്ധമുള്ളൂവെങ്കിലും ഒന്നിലധികം പ്രാവശ്യം ഹജ്ജ് ചെയ്യുന്നത് വിരോധിക്കപ്പെട്ടിട്ടില്ല. ഹജ്ജും ഉംറയും തുടര്‍ച്ചയായി ചെയ്യുന്നതിന്റെ പുണ്യവും പ്രതിഫലവും വിവരിക്കുന്ന ഹദീസുകളും വന്നിട്ടുണ്ട്. ഹജ്ജത്തുല്‍ വിദാഇല്‍ നബി(സ)യുടെ കൂടെ ഹജ്ജ് ചെയ്തവരില്‍ പലരും മുന്‍വര്‍ഷം അബൂബക്ര്‍(റ)ന്റെ നേതൃത്വത്തില്‍ നടന്ന ഹജ്ജില്‍ പങ്കെടുത്തവരായിരുന്നു.

സാമ്പത്തിക ശേഷിയില്ലാത്തതിന്റെ പേരില്‍ ഹജ്ജ് നിര്‍ബന്ധമില്ലാത്ത ഒരാള്‍ ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ഹജ്ജിന് സഹായം ചെയ്തുകൊടുക്കുന്നതില്‍ പുണ്യമുണ്ടോ?
പുണ്യമുണ്ട്. ഒരു സല്‍ക്കര്‍മം അനുഷ്ഠിക്കാന്‍ ആഗ്രഹിച്ച ഒരാളെ അതിന് സഹായിക്കുക എന്നത് പുണ്യകരമാണ്.

മരിച്ചുപോയ ഉമ്മക്കുവേണ്ടി ഹജ്ജും ഉംറയും ചെയ്യുന്നതിന്റെ വിധിയെന്താണ്?
മരിച്ചുപോയ ഉമ്മക്കു വേണ്ടി ഹജ്ജും ഉംറയും ചെയ്യാവുന്നതാണ്. ഹജ്ജ് ചെയ്യുന്ന ആള്‍ മുമ്പ് തനിക്കു വേണ്ടി ഹജ്ജും ഉംറയും ചെയ്തവനായിരിക്കണം എന്ന ഉപാധിയുണ്ട്. സ്വന്തത്തിന് വേണ്ടി ഹജ്ജും ഉംറയും ചെയ്തവര്‍ മാത്രമേ മറ്റുള്ളവര്‍ക്ക് വേണ്ടി ഹജ്ജും ഉംറയും ചെയ്താല്‍ അത് സാധുവാകുകയുള്ളൂ.

ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്ന ഒരാള്‍ അടുത്ത വര്‍ഷവും ഹജ്ജ് നിര്‍വഹിക്കുകയാണെങ്കില്‍ അതിന്റെ കൂടെ ഉംറയും നിര്‍വഹിക്കല്‍ നിര്‍ബന്ധമാണോ?
ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്ന വ്യക്തി ഉംറ കൂടി നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അടുത്ത വര്‍ഷം നിര്‍വഹിക്കുന്ന ഹജ്ജിന്റെ കൂടെ ഉംറ നിര്‍വഹിക്കല്‍ നിര്‍ബന്ധമില്ല. കാരണം, ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രമേ ഹജ്ജ് പോലെ ഉംറയും നിര്‍ബന്ധമുള്ളൂ. എങ്കിലും സൗകര്യം ലഭിക്കുകയാണെങ്കില്‍ ഹജ്ജ് യാത്രയില്‍ ഉംറ കൂടി നിര്‍വഹിക്കലാണ് പുണ്യകരം.

ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീക്ക് ഇദ്ദയിലായിരിക്കെ ഹജ്ജിനുള്ള അനുമതി ലഭിക്കുകയാണെങ്കില്‍ എന്ത് ചെയ്യണം?
ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീക്ക് ഇദ്ദയിലായിരിക്കെ ഹജ്ജിന് അനുമതി ലഭിക്കുകയാണെങ്കില്‍ ഹജ്ജിന് പുറപ്പെടാന്‍ പാടില്ല. ഇദ്ദയുടെ കാലം കഴിഞ്ഞ ശേഷമേ യാത്ര പുറപ്പെടാന്‍ പാടുള്ളൂ.

ഒരു സ്ത്രീ ഹജ്ജിന് പുറപ്പെട്ട ശേഷമാണ് ഭര്‍ത്താവ് മരിച്ചതെങ്കില്‍ ആ സ്ത്രീ യാത്ര തുടരുകയാണോ, അതോ നാട്ടിലേക്ക് തിരിച്ചുവരികയാണോ വേണ്ടത്?
ഒരു സ്ത്രീ ഹജ്ജിന് പുറപ്പെട്ട ശേഷമാണ് ഭര്‍ത്താവ് മരണപ്പെട്ടതെങ്കില്‍ നാട്ടിലേക്ക് തിരിച്ചു വരാന്‍ സാധിക്കുന്ന അവസ്ഥയിലും ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിനു മുമ്പുമാണെങ്കില്‍, പ്രബലമായ അഭിപ്രായമനുസരിച്ച് യാത്ര അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു വരികയാണ് വേണ്ടത്. നാട്ടിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്ത അവസ്ഥയിലും ഇഹ്‌റാമില്‍ പ്രവേശിച്ച ശേഷവുമാണെങ്കില്‍ ഉദ്ദേശിച്ച കര്‍മം പൂര്‍ത്തിയാക്കി തിരിച്ചുവന്നാല്‍ മതി. പക്ഷേ, ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ ഇദ്ദയുടെ സമയത്ത് പാലിക്കേണ്ട മര്യാദകള്‍ പാലിക്കല്‍ ഏതവസ്ഥയിലും നിര്‍ബന്ധമാണ്.

ഏതോ കാരണത്താല്‍ പിണങ്ങി നില്‍ക്കുന്ന ഒരു വ്യക്തിയോട് ഹജ്ജിന് പുറപ്പെട്ട വ്യക്തി ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചിട്ട് വിജയിച്ചില്ല. എങ്കില്‍ ഹജ്ജിന് പോകുന്ന വ്യക്തി എന്ത് ചെയ്യണം? അയാളുടെ ഹജ്ജ് സ്വീകരിക്കപ്പെടുകയില്ലേ?
ഹജ്ജ് യാത്രികന്‍ യാത്രക്കു മുമ്പായി എല്ലാ പിണക്കങ്ങളും തീര്‍ത്ത് പുറപ്പെടുകയാണ് വേണ്ടത്. അതിന് ശ്രമിക്കാതെ ഹജ്ജിന് പോകുന്ന വ്യക്തിയുടെ ഹജ്ജ് അല്ലാഹു സ്വീകരിച്ചുകൊള്ളണമെന്നില്ല. എന്നാല്‍, ഒരാള്‍ എത്ര ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തിയിട്ടും അത് വിജയിക്കുന്നില്ലെങ്കില്‍ അതില്‍ അയാള്‍ കുറ്റക്കാരനാവുകയോ അത് ഹജ്ജിന്റെ സ്വീകാര്യതയെ ബാധിക്കുകയോ ചെയ്യുകയില്ല. ബന്ധപ്പെട്ട വ്യക്തിയുടെ ഹിദായത്തിനും മാനസാന്തരത്തിനും വേണ്ടി പ്രാര്‍ഥിക്കുകയാണ് വേണ്ടത്.

എനിക്ക് ഇരുപത് പവന്റെ ആഭരണമുണ്ട്. അതില്‍നിന്ന് പത്ത് പവന്റെ ആഭരണങ്ങള്‍ വിറ്റാണ് ഞാന്‍ ഹജ്ജിന് പോകുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഈ ആഭരണങ്ങള്‍ ഞാന്‍ ഉപയോഗിക്കുന്നുവെങ്കിലും ഞാനിതുവരെ അതിന്റെ സകാത്ത് നല്‍കിയിട്ടില്ല. അതിന് ഞാന്‍ സകാത്ത് നല്‍കേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എത്ര? പ്രസ്തുത ആഭരണം വിറ്റ് ഹജ്ജിന് പോകുന്നത് ശരിയാണോ?
താങ്കളുടെ ഉടമസ്ഥതയിലുള്ള ആഭരണത്തിന്റെ ഒരുഭാഗം വിറ്റുകിട്ടുന്ന സംഖ്യ ഉപയോഗിച്ച് ഹജ്ജിന് പോകുന്നതില്‍ ഒരു പ്രശ്‌നവുമില്ല. പക്ഷേ, താങ്കളുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങള്‍ക്ക് മുഴുവന്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ സകാത്ത് കണക്കാക്കി നല്‍കേണ്ടതാണ്. ഓരോ വര്‍ഷവും ആകെ ആഭരണത്തിന്റെ രണ്ടര ശതമാനമാണ് സകാത്തായി നല്‍കേണ്ടത്. ആഭരണങ്ങളുടെ സകാത്തിന്റെ കാര്യത്തില്‍ പ്രബലമായ അഭിപ്രായ പ്രകാരം എണ്‍പത്തിയഞ്ച് ഗ്രാം ഉണ്ടെങ്കില്‍, ആഭരണമല്ലാത്ത സ്വര്‍ണം പോലെത്തന്നെ അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കേണ്ടതാണ്.

അന്‍പത് ത്വവാഫ് ചെയ്താല്‍ അതിന് ഒരു ഹജ്ജിന്റെ പ്രതിഫലം ലഭിക്കുമെന്ന് ചിലര്‍ പറയുന്നത് ശരിയാണോ?
ശരിയല്ല. അതിന് ഒരടിസ്ഥാനവുമില്ല.

മരണപ്പെട്ട കുറേ ആളുകള്‍ക്ക് വേണ്ടി ഒരു ഉംറ ചെയ്താല്‍ അവര്‍ക്ക് അതിന്റെ പ്രതിഫലം ലഭിക്കുമോ?
ലഭിക്കുകയില്ല. ഒരു ഉംറയുടെ പ്രതിഫലം ഒരാള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഹജ്ജും അങ്ങനെത്തന്നെയാണ്.

എനിക്ക് വിവാഹ പ്രായമെത്തിയ ഒരു മകളുണ്ട്. അവള്‍ പഠിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഞാന്‍ ഹജ്ജിന് പോകുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ?
ഇല്ല. പരിശുദ്ധ ഭൂമിയില്‍ പോയി ഹജ്ജ് നിര്‍വഹിച്ച് തിരിച്ചുവരാനും തിരിച്ചു വരുന്നതുവരെ താന്‍ ചെലവിന് കൊടുക്കേണ്ടവരുടെ ചെലവിനും ആവശ്യമായ സംഖ്യയുള്ളവര്‍ക്കെല്ലാം ഹജ്ജ് നിര്‍ബന്ധമാകുന്നു. പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടി വളര്‍ന്നുവലുതായി അവളെ വിവാഹം കഴിപ്പിച്ചു കൊടുക്കുക എന്നത് ഹജ്ജ് നിര്‍ബന്ധമാകാനുള്ള ഉപാധിയല്ല.

ഇഹ്‌റാമില്‍ പുരുഷന്മാര്‍ക്ക് തുന്നിയ വസ്ത്രം ധരിക്കാന്‍ പാടില്ലല്ലോ. അപ്പോള്‍ ഇടക്ക് മൂത്രം പോകുന്ന അസുഖമുള്ളവര്‍ എന്ത് ചെയ്യും?
ഇഹ്‌റാമില്‍ ധരിക്കാന്‍ പാടില്ല എന്ന് പറഞ്ഞ തുന്നിയ വസ്ത്രം കൊണ്ട് ഉദ്ദേശിച്ചത് ശരീരത്തിന്റെ ആകൃതിയിലോ ഏതെങ്കിലും അവയവത്തിന്റെ ആകൃതിയിലോ വൃത്തത്തില്‍ തുന്നിയതാണ്. ഷര്‍ട്ട്, ബനിയന്‍, അണ്ടര്‍ വെയര്‍, പാന്റ്‌സ്, പൈജാമ തുടങ്ങിയവ ഉദാഹരണം. എന്നാല്‍, തുന്നിയതാണെങ്കിലും വൃത്താകൃതിയിലല്ല തുന്നിയതെങ്കില്‍ കോണകം പോലെയുള്ള അടിവസ്ത്രം ഉപയോഗിക്കുന്നതിന് വിരോധമില്ല. എവിടെയെങ്കിലും തുന്നലുണ്ടാകുന്നത് പ്രശ്‌നമല്ല.

ഇഹ്‌റാഹിനു ശേഷം ഷൂ ധരിക്കാമോ?
ഇഹ്‌റാമില്‍ ഞെരിയാണി മൂടാത്ത പാദരക്ഷയാണ് പുരുഷന്മാര്‍ ധരിക്കേണ്ടത്. സ്ത്രീകള്‍ക്ക് ഞെരിയാണി മൂടുന്ന പാദരക്ഷയും ധരിക്കാവുന്നതാണ്.

ഇഹ്‌റാം ചെയ്ത വ്യക്തി സുഗന്ധമുള്ള എണ്ണയും സോപ്പും ഉപയോഗിക്കാന്‍ പാടുണ്ടോ?
ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മുമ്പ് ശരീരത്തില്‍ സുഗന്ധം പൂശുന്നത് സുന്നത്താണെങ്കിലും ഇഹ്‌റാം ചെയ്ത ശേഷം സുഗന്ധമുള്ള എണ്ണ, സോപ്പ് മുതലായ വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല.

മദീന വഴി ഹജ്ജിന് പോകുന്ന ഒരു സ്ത്രീ മീഖാത്തില്‍ വെച്ച് ഉംറക്ക് ഇഹ്‌റാം ചെയ്യുകയാണെങ്കില്‍ അത് മരിച്ചുപോയ തന്റെ ഭര്‍ത്താവിന് വേണ്ടി ആകുന്നതിന് വിരോധമുണ്ടോ?
മദീന വഴി ഹജ്ജിന് പോകുന്ന സ്ത്രീ മുമ്പ് തനിക്കുവേണ്ടി ഉംറ ചെയ്തിട്ടുണ്ടെങ്കില്‍ മീഖാത്തില്‍ വെച്ച്, മരിച്ചു പോയ ഭര്‍ത്താവിനു വേണ്ടി ഉംറക്ക് ഇഹ്‌റാം ചെയ്യുന്നതിന് വിരോധമില്ല. മുമ്പ് ഉംറ ചെയ്യാത്ത സ്ത്രീയാണെങ്കില്‍ ആദ്യമായി ചെയ്യുന്ന ഉംറയും ഹജ്ജും തനിക്കു വേണ്ടിയായിരിക്കണം. മറ്റുള്ളവര്‍ക്കു വേണ്ടി ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ അവ രണ്ടും ആദ്യമായി തങ്ങള്‍ക്കു വേണ്ടി നിര്‍വഹിച്ചവരായിരിക്കണം.

ഇഹ്‌റാം ചെയ്ത ഒരാള്‍ മസ്ജിദുല്‍ ഹറാമില്‍ പ്രവേശിച്ച ശേഷം ആദ്യമായി ചെയ്യേണ്ടത്, രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്‌കാരമാണോ അതോ ത്വവാഫോ?
ഇഹ്‌റാം ചെയ്ത വ്യക്തി മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുമ്പോള്‍ ജമാഅത്ത് നമസ്‌കാര സമയമല്ലെങ്കില്‍ ത്വവാഫ് ചെയ്യുകയാണ് വേണ്ടത്; ജമാഅത്ത് നമസ്‌കാരം നടക്കുന്ന സമയമാണെങ്കില്‍ അതില്‍ പങ്കെടുക്കുകയും. ജമാഅത്ത് നമസ്‌കാരം നടക്കാത്ത സമയത്ത് പ്രവേശിക്കുന്ന ആള്‍ക്ക് ഉടനെ ത്വവാഫ് ചെയ്യാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ച ശേഷം ഇരുന്നാല്‍ മതി.

സ്ത്രീകള്‍ ത്വവാഫ് വേളയില്‍ മാസ്‌ക് ധരിക്കുന്നതിന് വിരോധമുണ്ടോ?
ഇല്ല. സ്ത്രീകള്‍ മുഖം മൂടി ധരിക്കുന്നതേ വിരോധിക്കപ്പെട്ടിട്ടുള്ളൂ.

ത്വവാഫ് ചെയ്യുന്നതിനിടയില്‍ വുദൂഅ് മുറിഞ്ഞു പോയാല്‍ എന്ത് ചെയ്യണം? വീണ്ടും വുദൂഅ് ചെയ്ത് വരികയാണെങ്കില്‍ ത്വവാഫ് പുനരാരംഭിക്കേണ്ടത് എവിടെ നിന്നാണ്?
 ത്വവാഫിനിടയില്‍ വുദൂഅ് മുറിഞ്ഞു പോവുകയാണെങ്കില്‍ വീണ്ടും വുദൂഅ് എടുത്ത് ത്വവാഫ് പുനരാരംഭിക്കുകയാണ് വേണ്ടത്. ത്വവാഫ് മുറിഞ്ഞുപോയ കറക്കം മുതല്‍ പുനരാരംഭിച്ചാല്‍ മതി. പക്ഷേ, കറക്കത്തിന്റെ ഇടക്കുവെച്ചാണ് ത്വവാഫ് മുറിഞ്ഞു പോയതെങ്കില്‍ മുറിഞ്ഞുപോയ കറക്കം പരിഗണിക്കപ്പെടുകയില്ല. അതിന് പകരം അവസാനത്തില്‍ ഒരു കറക്കം വര്‍ധിപ്പിച്ചാല്‍ മതി.

ത്വവാഫിനിടയില്‍ വെച്ച് സ്ത്രീക്ക് ആര്‍ത്തവമുണ്ടായാല്‍ എന്താണ് ചെയ്യേണ്ടത്?
ത്വവാഫിനിടയില്‍ സ്ത്രീക്ക് ആര്‍ത്തവമുണ്ടായാല്‍ ഉടനെ ത്വവാഫ് അവസാനിപ്പിച്ച് പള്ളിയില്‍നിന്ന് പുറത്തു പോവുകയാണ് വേണ്ടത്. പിന്നീട് ശുദ്ധിയായ ശേഷം നഷ്ടപ്പെട്ട ത്വവാഫ് നിര്‍വഹിച്ചാല്‍ മതി.

സ്വഫാ-മര്‍വക്കിടയിലെ സഅ്‌യിന് വുദൂഅ് നിര്‍ബന്ധമാണോ? നിര്‍ബന്ധമല്ലെങ്കില്‍ ത്വവാഫിന് ശേഷം ആര്‍ത്തവമുണ്ടായ സ്ത്രീക്ക് സഅ്‌യ് നടത്താമോ?
പ്രബലമായ അഭിപ്രായമനുസരിച്ച് സഅ്‌യിന് വുദൂഅ് നിര്‍ബന്ധമില്ല. ത്വവാഫിനു ശേഷം ആര്‍ത്തവമുണ്ടായ സ്ത്രീ സഅ്‌യ് നിര്‍വഹിക്കുന്നതിന് വിരോധമില്ല. സ്വഫാ മര്‍വക്കിടയില്‍ സഅ്‌യ് നടത്തുന്ന സ്ഥലം പള്ളിയില്‍ പെടാത്തതിനാല്‍ അവിടെ ആര്‍ത്തവകാരികള്‍ പ്രവേശിക്കുന്നതിന് വിരോധമില്ല.

ചെരിപ്പ് സൂക്ഷിച്ച ബാഗ് തോളിലിട്ട് ത്വവാഫ് ചെയ്യുന്നത് ശരിയാകുമോ? മൂത്രപ്പുരയിലും മറ്റും പോകുമ്പോള്‍ ചെരിപ്പില്‍ നജസാകാന്‍ സാധ്യതയില്ലേ?
നജസായിട്ടുണ്ട് എന്ന് ഉറപ്പില്ലാത്ത ചെരിപ്പ് ബാഗിലിട്ട് ത്വവാഫ് ചെയ്യുന്നതിന് വിരോധമില്ല. നജസായിട്ടുണ്ട് എന്ന് ഉറപ്പുള്ള ചെരിപ്പ് ത്വവാഫ് വേളയില്‍ ചുമക്കുന്നത് ശരിയല്ല. മൂത്രപ്പുരകളില്‍ ചെരിപ്പ് കഴുകാനുള്ള സൗകര്യമുള്ളതിനാല്‍ ചെരിപ്പില്‍ നജസുണ്ടാകുമെന്ന് പറയുന്നതിന് അര്‍ഥമില്ല.

ഇഹ്‌റാം ചെയ്ത ആള്‍ക്ക് ടവ്വല്‍, കണ്ണട, മോതിരം, ബെല്‍റ്റ്, തുന്നിയ ബാഗ് എന്നീ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് വിരോധമുണ്ടോ?
വിരോധമില്ല.

ത്വവാഫ് വേളയില്‍ സ്ത്രീകള്‍ മുന്‍കൈ മറയ്ക്കുന്നതിന് വിരോധമുണ്ടോ?
ഇഹ്‌റാം ചെയ്ത സ്ത്രീ കൈയുറയും മുഖംമൂടുന്ന ബുര്‍ഖയും ധരിക്കുന്നത് വിരോധിക്കപ്പെട്ടിരിക്കുന്നുവെങ്കിലും അന്യപുരുഷന്മാരുടെ മുമ്പില്‍വെച്ച് വസ്ത്രം കൊണ്ട് മുഖവും മുന്‍കൈയും മറയ്ക്കുന്നതിന് വിരോധമില്ല. പ്രവാചക പത്‌നിമാര്‍ അങ്ങനെ ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ഇഹ്‌റാം ചെയ്തശേഷം മുടി കൊഴിഞ്ഞു പോകുകയാണെങ്കില്‍ എന്ത് ചെയ്യണം?
ഇഹ്‌റാം ചെയ്ത ശേഷം ഉദ്ദേശ്യ പൂര്‍വമല്ലാതെ മുടികൊഴിഞ്ഞു പോവുകയാണെങ്കില്‍ അതിന് പ്രായശ്ചിത്തമൊന്നും വേണ്ടതില്ല. മനഃപൂര്‍വം മുടിവെട്ടുകയോ പറിക്കുകയോ ചെയ്യുന്നതാണ് വിരോധിക്കപ്പെട്ടിട്ടുള്ളത്.

ഹജ്ജിനുള്ള ഒരു യാത്രയില്‍, ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ ഒന്നിലധികം ആളുകള്‍ക്ക് വേണ്ടി ഒന്നിലധികം ഉംറ ചെയ്യുന്നതിന്റെ വിധിയെന്താണ്?
പല ആളുകളും ഒരു യാത്രയില്‍ ഒന്നിലധികം ആളുകള്‍ക്ക് വേണ്ടി ഉംറ ചെയ്യാറുണ്ടെങ്കിലും നബി(സ)യുടെയും സ്വഹാബിമാരുടെയും ജീവിതത്തില്‍ അതിന് മാതൃകയില്ലാത്തതിനാല്‍ പ്രമുഖ പണ്ഡിതന്മാര്‍ അത് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. അശുദ്ധി കാരണത്താല്‍ സ്വതന്ത്രമായ ഒരു ഉംറ നിര്‍വഹിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ സങ്കടപ്പെട്ട ആഇശ(റ)ക്ക് സഹോദരന്റെ കൂടെ തന്‍ഈമില്‍ പോയി ഇഹ്‌റാം ചെയ്ത് ഉംറ നിര്‍വഹിക്കാന്‍ അനുവാദം നല്‍കിയ ഒരു സംഭവമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ആഇശ(റ) യുടെ കൂടെ പോയ സഹോദരന്‍ അബ്ദുര്‍റഹ്മാന്‍(റ) ഉംറ നിര്‍വഹിക്കുകയുണ്ടായില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ആഇശ(റ)യെപ്പോലെ സ്വതന്ത്രമായ ഉംറ നിര്‍വഹിക്കാന്‍ സൗകര്യം ലഭിക്കാത്തവര്‍ക്ക് അങ്ങനെ ചെയ്യാമെന്നതല്ലാതെ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പല ആളുകള്‍ക്കുമായി ഉംറ ആവര്‍ത്തിച്ച് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യമല്ല. മറ്റുള്ളവര്‍ക്കുവേണ്ടി ഉംറ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ അതിനുവേണ്ടി പ്രത്യേകം യാത്ര ചെയ്യുകയാണ് വേണ്ടത്.

ചില ആളുകള്‍ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ വെച്ച് നമസ്‌കാരം ജംഉം ഖസ്വ്‌റുമാക്കാതെ പൂര്‍ത്തിയാക്കി നമസ്‌കരിക്കുന്നതായി കാണാറുണ്ട്. പ്രവാചക ചര്യയനുസരിച്ച് അവിടങ്ങളില്‍ വെച്ചുള്ള നമസ്‌കാരങ്ങള്‍ എങ്ങനെയാണ് നിര്‍വഹിക്കേണ്ടത്?
ഹജ്ജ് ദിവസങ്ങളില്‍ മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ വെച്ച് എല്ലാ നമസ്‌കാരവും ജംഉം ഖസ്വ്‌റുമാക്കാതെ നിര്‍വഹിക്കുന്നത് നബി(സ)യുടെ ചര്യക്കെതിരാണ്. 'ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍നിന്ന് കണ്ട് മനസ്സിലാക്കി അങ്ങനെ ചെയ്യുക' എന്നാജ്ഞാപിച്ച നബി(സ) മിനായില്‍ വെച്ച് ഓരോ നമസ്‌കാരവും ജംഅ് ആക്കാതെ അതതിന്റെ സമയത്താണ് നിര്‍വഹിച്ചിരുന്നത്. എന്നാല്‍ ളുഹ്ര്‍, അസ്വ്ര്‍, ഇശാഅ് എന്നീ നമസ്‌കാരങ്ങള്‍ ഖസ്വ്ര്‍ ആക്കി രണ്ട് റക്അത്ത് വീതമാണ് നമസ്‌കരിച്ചത്. അറഫയില്‍ വെച്ച് ളുഹ്‌റും അസ്വ്‌റും ജംഉം ഖസ്വ്‌റുമാക്കി ളുഹ്‌റിന്റെ സമയത്ത് രണ്ട് റക്അത്ത് വീതമാണ് നമസ്‌കരിച്ചത്. അന്ന് മഗ്‌രിബും ഇശാഉം മുസ്ദലിഫയില്‍ എത്തിയ ശേഷം മഗ്‌രിബ് മൂന്ന് റക്അത്തും ഇശാഅ് രണ്ട് റക്അത്തും ഒന്നിച്ച് നമസ്‌കരിക്കുകയാണുണ്ടായത്. നബി(സ)യുടെ കൂടെ ഹജ്ജ് നിര്‍വഹിച്ച മക്കാനിവാസികളും അങ്ങനെത്തന്നെ നമസ്‌കരിച്ചു. ഹജ്ജ് വേളയിലെ പ്രസ്തുത നമസ്‌കാരങ്ങള്‍ ഹജ്ജ് കര്‍മങ്ങളുടെ ഭാഗമായി പണ്ഡിതന്മാര്‍ കാണുന്നു.

ഹജ്ജിന് മുടിയെടുക്കേണ്ടതിനാല്‍ ഉംറയില്‍ തലമുണ്ഡനം ചെയ്യുന്നതിനെക്കാള്‍ മുടിവെട്ടുന്നതല്ലേ നല്ലത്?
ഉംറ നിര്‍വഹിച്ച ശേഷം ഹജ്ജിന് കൂടുതല്‍ ദിവസം അവശേഷിക്കുന്നില്ലെങ്കില്‍ ചോദ്യത്തില്‍ സൂചിപ്പിച്ച പോലെ മുടിവെട്ടുകയാണ് നല്ലത്. കൂടുതല്‍ ദിവസം അവശേഷിക്കുന്നുണ്ടെങ്കില്‍ തല മുണ്ഡനം ചെയ്യുന്നത് തന്നെയാണ് ഉത്തമം.

ഹാജിമാര്‍ നിര്‍വഹിക്കേണ്ട ബലികര്‍മം ഏതെല്ലാമാണ്? ബലിമൃഗങ്ങളുടെ മാംസം അറുക്കുന്നവര്‍ക്ക് ഭക്ഷിക്കാമോ?
എല്ലാ ഹാജിമാരും ഒരേ പോലെ നിര്‍വഹിക്കേണ്ട ബലികര്‍മമില്ല. ഓരോരുത്തരും സ്വീകരിച്ച കര്‍മങ്ങളുടെ രീതിയനുസരിച്ച് ബലിയില്‍ വ്യത്യാസമുണ്ടാവും. ഉദാഹരണമായി, ഹജ്ജിനു മാത്രം ഇഹ്‌റാം ചെയ്യുന്ന 'ഇഫ്‌റാദ്' രൂപത്തില്‍ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് ബലി നിര്‍ബന്ധമില്ല. ഹജ്ജ് മാസങ്ങളില്‍ ഉംറ നിര്‍വഹിച്ച് അതേ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്ന 'തമത്തുഅ്' രൂപത്തില്‍ ഹജ്ജ് ചെയ്യുന്നവരും ഹജ്ജും ഉംറയും ഒന്നായി നിര്‍വഹിക്കുന്ന 'ഖിറാന്‍' രൂപത്തില്‍ ഹജ്ജ് ചെയ്യുന്നവരും ബലിയറുക്കല്‍ നിര്‍ബന്ധമാണ്. ആ ബലിക്ക് 'ഹദ് യ്' എന്നാണ് പറയുക. അതിന്റെ മാംസം അറുക്കുന്നവര്‍ക്ക് ഭക്ഷിക്കാവുന്നതാണ്. ഹജ്ജില്‍ നിര്‍ബന്ധമായ ഒരു കാര്യം ഉപേക്ഷിക്കുകയോ നിഷിദ്ധമായ ഒരു കാര്യം ചെയ്തുപോവുകയോ ചെയ്തതിന്റെ പേരില്‍ നിര്‍ബന്ധമായ പ്രായശ്ചിത്ത ബലി (ഫിദ്‌യ) അത് ചെയ്തു പോയവര്‍ക്ക് നിര്‍ബന്ധമാണ്. അതിന്റെ മാംസം അറുക്കുന്നവര്‍ ഭക്ഷിക്കാന്‍ പാടില്ല. ഹറമിലെ ദരിദ്രര്‍ക്ക് മാത്രം അവകാശപ്പെട്ടതാണത്. ഹജ്ജുമായി ബന്ധമില്ലാത്ത, ബലിപെരുന്നാളിനോടനുബന്ധിച്ച സുന്നത്തായ ബലി (ഉദുഹിയ്യത്ത്) ആണ് മൂന്നാമത്തേത്. അതിന്റെ മാംസം അറുക്കുന്നവര്‍ക്കും അനുവദനീയമാണ്.

അറിയാതെ സംഭവിക്കാന്‍ സാധ്യതയുള്ള അബദ്ധങ്ങളുടെ പ്രായശ്ചിത്തമായി ബലിയറുക്കുന്നതിന് വല്ല അടിസ്ഥാനവുമുണ്ടോ?
ഇല്ല. അറിയാതെ സംഭവിക്കാന്‍ സാധ്യതയുള്ള അബദ്ധങ്ങളുടെ പേരില്‍ ബലിയറുക്കുന്നതിന് ഒരടിസ്ഥാനവുമില്ല.

ഹജ്ജില്‍ എത്ര പ്രാവശ്യമാണ് മുടിയെടുക്കേണ്ടത്?
ഹജ്ജില്‍ ഒരു പ്രാവശ്യമേ മുടിയെടുക്കേണ്ടതുള്ളൂ. ദുല്‍ഹജ്ജ് പത്തിന് ജംറത്തുല്‍ അഖബയില്‍ കല്ലേറ് കഴിഞ്ഞ ശേഷമാണ് മുടിയെടുക്കേണ്ടത്.

ജംറകളിലെ കല്ലേറ് കഴിഞ്ഞ ശേഷം എന്താണ് പ്രാര്‍ഥിക്കേണ്ടത്?
മൂന്ന് ജംറകളില്‍ ഒന്നാമത്തെ ജംറയായ 'ജംറത്തുസ്സുഗ്‌റാ'യിലും രണ്ടാമത്തെ ജംറയായ 'ജംറത്തുല്‍ വുസ്ത്വാ'യിലും കല്ലേറ് കഴിഞ്ഞ ശേഷം ഖിബ്‌ലയുടെ നേരെ തിരിഞ്ഞുനിന്നുകൊണ്ട് കൈ ഉയര്‍ത്തി പ്രാര്‍ഥിക്കല്‍ സുന്നത്താണ്. ഐഹികവും പാരത്രികവുമായ ഏത് കാര്യത്തിനു വേണ്ടിയും പ്രാര്‍ഥിക്കാം. അവസാനത്തെ ജംറയായ 'ജംറത്തുല്‍ അഖബ'യില്‍ പ്രാര്‍ഥനയില്ല.

ഉംറയില്‍ തലമുണ്ഡനം ചെയ്ത ആളുടെ തലമുടി ഹജ്ജ് സമയത്ത് വളര്‍ന്നില്ലെങ്കില്‍ എന്ത് ചെയ്യും?
തലയില്‍ ഉള്ള മുടി കളഞ്ഞാല്‍ മതി. ഹജ്ജിന് മുമ്പ് മുടി വളരുകയില്ല എന്ന ആശങ്കയുള്ളവര്‍ ഉംറയില്‍ മുടിവെട്ടിയാല്‍ മതി.

ജംറകളില്‍ എറിയാന്‍ ആവശ്യമായ കല്ലുകള്‍ മുഴുവന്‍ മുന്‍കൂട്ടി ശേഖരിച്ചു വെക്കുന്നതിന് വിരോധമുണ്ടോ?
വിരോധമില്ല. ഓരോ ദിവസവും ആവശ്യമായ കല്ലുകള്‍ അതത് ദിവസം പെറുക്കുന്നതിനും വിരോധമില്ല.

ഹജ്ജ് കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ട സ്ഥലങ്ങളിലേക്ക് കാല്‍നടയായി പോകുന്നതിന് കൂടുതല്‍ പുണ്യമുണ്ടോ?
ഹജ്ജ് കര്‍മങ്ങള്‍ അനുഷ്ഠിക്കേണ്ട സ്ഥലങ്ങളിലേക്ക് കാല്‍നടയായി പോകുന്നതിന് പ്രത്യേക പുണ്യമൊന്നുമില്ല. ഓരോരുത്തരുടെയും ആരോഗ്യവും സൗകര്യവുമനുസരിച്ച് നടന്നോ വാഹനങ്ങളിലോ പോകാവുന്നതാണ്. ഹജ്ജിന് ജനങ്ങളില്‍ വിളംബരം ചെയ്യാന്‍ ഇബ്‌റാഹീം നബി(അ)യോട് അല്ലാഹു കല്‍പിച്ചപ്പോള്‍, 'ജനങ്ങള്‍ കാല്‍നടയായിട്ടോ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് സവാരി ചെയ്‌തോ അവര്‍ വന്നുകൊള്ളും' എന്നാണ് പറഞ്ഞത്. നബി(സ) വാഹനപ്പുറത്ത് കയറിയാണ് ഹജ്ജ് കര്‍മങ്ങള്‍ അനുഷ്ഠിച്ചത്.

ത്വവാഫുല്‍ ഇഫാദ ദുല്‍ഹജ്ജ് പത്തിനു തന്നെ നിര്‍വഹിക്കേണ്ടതുണ്ടോ?
ത്വവാഫുല്‍ ഇഫാദ സൗകര്യപ്പെടുമെങ്കില്‍ ദുല്‍ഹജ്ജ് പത്തിനു തന്നെ നിര്‍വഹിക്കലാണ് ഉത്തമം. അതിന് സൗകര്യപ്പെടുകയില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും ആകാവുന്നതാണ്. അത് ഹജ്ജിന്റെ റുക്‌നായതിനാലും ഇഹ്‌റാമില്‍നിന്ന് പൂര്‍ണമായി വിരമിക്കാന്‍ അത് ഉപാധിയായതിനാലും കഴിയും വേഗത്തില്‍ നിര്‍വഹിക്കുകയാണ് നല്ലത്.

ഹജ്ജിലുള്ള പ്രാര്‍ഥനകള്‍ അറബിയില്‍ തന്നെ ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ?
ഹജ്ജില്‍ അറബിയില്‍ തന്നെ പ്രാര്‍ഥിക്കല്‍ നിര്‍ബന്ധമായ പ്രാര്‍ഥനയൊന്നുമില്ല. എങ്കിലും ഇഹ്‌റാമിനു ശേഷമുള്ള തല്‍ബിയത്ത്, ത്വവാഫിന്റെ ആരംഭത്തിലും, റുക്‌നുല്‍ യമാനിക്കും ഹജറുല്‍ അസ്‌വദിനുമിടയിലുള്ള പ്രാര്‍ഥന, സ്വഫായുടെയും മര്‍വയുടെയും മുകളില്‍ വെച്ചുള്ള പ്രാര്‍ഥന എന്നിവ അറബിയില്‍ തന്നെ ആകുന്നതാണ് ഉത്തമം. മനഃപാഠമാക്കാന്‍ പ്രയാസമില്ലാത്ത പ്രസ്തുത പ്രാര്‍ഥനകള്‍ അര്‍ഥമറിഞ്ഞ് ഹൃദയ സാന്നിധ്യത്തോടെ ചൊല്ലുകയാണ് വേണ്ടത്. വിവിധ സ്ഥലങ്ങളില്‍ നടത്താനുദ്ദേശിക്കുന്ന പ്രാര്‍ഥനകള്‍ അറബിയിലും മാതൃഭാഷയിലുമാകാവുന്നതാണ്.

ഹജ്ജ് കഴിഞ്ഞ് തിരിച്ചുവരാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ, ഹ്രസ്വസന്ദര്‍ശനാര്‍ഥം ജിദ്ദയില്‍ പോകാന്‍ ഉദ്ദേശിച്ചവര്‍ അതിനു മുമ്പായി ത്വവാഫുല്‍ വിദാഅ് ചെയ്യല്‍ നിര്‍ബന്ധമാണോ?
നിര്‍ബന്ധമാണ്. അവസാന ബന്ധം പരിശുദ്ധ ഭവനമാകുന്നതുവരെ നിങ്ങളിലൊരാളും പുറപ്പെട്ടുപോകരുതെന്ന് നബി(സ) പ്രസ്താവിച്ചിരിക്കുന്നു.

ഹജ്ജിന്റെ കര്‍മങ്ങളില്‍ ഏതെങ്കിലും മറന്നുപോയാല്‍ എന്താണതിന്റെ പ്രതിവിധി?
ഓര്‍മയാകുമ്പോള്‍ ചെയ്താല്‍ മതി. അതിന് പ്രത്യേക പ്രായശ്ചിത്തമൊന്നും ആവശ്യമില്ല.

ഒരാള്‍ ഇഹ്‌റാമിലായിരിക്കെ മരണപ്പെടുകയാണെങ്കില്‍ അയാളെ സംസ്‌കരിക്കേണ്ടത് സാധാരണ മയ്യിത്തിനെ സംസ്‌കരിക്കുന്നതുപോലെ തന്നെയാണോ?
ഇഹ്‌റാമിലായിരിക്കെ ഒരാള്‍ മരണപ്പെടുകയാണെങ്കില്‍ അയാളെ കുളിപ്പിക്കുകയും ഇഹ്‌റാമിന്റെ വസ്ത്രത്തില്‍ തന്നെ കഫന്‍ ചെയ്യുകയുമാണ് വേണ്ടത്. തല മൂടുവാനോ സുഗന്ധം പൂശുവാനോ പാടില്ല. ഹജ്ജത്തുല്‍ വിദാഇല്‍ ഒരു സ്വഹാബി ഒട്ടകപ്പുറത്തുനിന്ന് വീണ് മരണപ്പെട്ടപ്പോള്‍ അങ്ങനെ ചെയ്യാനാണ് നബി(സ) കല്‍പിച്ചത്. അദ്ദേഹം പുനര്‍ജീവിപ്പിക്കപ്പെടുന്നത് തല്‍ബിയത്ത് ചെല്ലിക്കൊണ്ടായിരിക്കും എന്ന് നബി(സ) പ്രസ്താവിക്കുകയുണ്ടായി.

ഹജ്ജില്‍ ഏതെങ്കിലും ദിവസം നോമ്പ് സുന്നത്തുണ്ടോ?
ഹജ്ജില്‍ പ്രത്യേക സുന്നത്ത് നോമ്പൊന്നുമില്ല. ഏറെ പുണ്യകരമായ അറഫ നോമ്പുപോലും അറഫയില്‍ സംഗമിക്കുന്ന ഹാജിമാര്‍ക്ക് സുന്നത്തില്ല. എന്നു മാത്രമല്ല, അത് നിരോധിക്കപ്പെട്ടിരിക്കുന്നു.

സംസം വെള്ളം കുടിക്കാനല്ലാതെ മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാമോ?
സാധാരണ വെള്ളം ഉപയോഗിക്കുന്ന എല്ലാ ആവശ്യത്തിനും സംസം വെള്ളവും ഉപയോഗിക്കാം.

ഹാജിമാര്‍ കൂടുതല്‍ സമയം ഉപയോഗിക്കേണ്ടത് വ്യക്തിപരമായ ഇബാദത്തുകള്‍ക്കാണോ, മറ്റുള്ളവര്‍ക്ക് സേവനം ചെയ്യാനാണോ?
ഹാജിമാര്‍ വ്യക്തിപരമായ ഇബാദത്തുകള്‍ക്കെന്നപോലെ മറ്റുള്ളവരുടെ സേവനത്തിനും സമയം വിനിയോഗിക്കേണ്ടതാണ്. ജനസേവനവും ആരാധനയാണല്ലോ. ഒരു റമദാനില്‍ നബി(സ)യുടെ കൂടെ യാത്രചെയ്തിരുന്ന ചിലര്‍ നോമ്പനുഷ്ഠിക്കുകയും മറ്റു ചിലര്‍ നോമ്പെടുക്കാതിരിക്കുകയും ചെയ്തിരുന്നു. ഉച്ച സമയമായപ്പോള്‍ നോമ്പുകാര്‍ തളര്‍ന്ന് കിടക്കുകയും നോമ്പെടുക്കാത്തവര്‍ ടെന്റ് കെട്ടുക, മൃഗങ്ങള്‍ക്ക് തീറ്റയും വെള്ളവും കൊടുക്കുക തുടങ്ങിയ സേവനങ്ങള്‍ ചെയ്യുകയും ചെയ്തു. അത് കണ്ട് നബി(സ) പറഞ്ഞു: ''ഇന്ന് നോമ്പെടുക്കാത്തവരാണ് എല്ലാ പ്രതിഫലവും കൊണ്ടുപോയത്.''

നബി(സ)യുടെ റൗദ സന്ദര്‍ശിക്കുമ്പോള്‍ പുതിയ വസ്ത്രം ധരിക്കേണ്ടതുണ്ടോ?
ഇല്ല. റൗദ സന്ദര്‍ശിക്കുന്നവര്‍ പുതുവസ്ത്രം ധരിക്കണമെന്നതിന് ഒരടിസ്ഥാനവുമില്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- 22-25
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജ് വിശ്വാസിയുടെ ബാധ്യത
സുബൈര്‍ കുന്ദമംഗലം