സഈദുബ്‌നു ജുബൈറിന്റെ രക്തസാക്ഷ്യം
ചരിത്രം /
താബിഉകളുടെ തലമുറയിലെ വിഖ്യാത പണ്ഡിതനാണ് ഹസ്രത്ത് സഈദുബ്‌നു ജുബൈര്‍. ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമര്‍ തുടങ്ങിയ പ്രമുഖ സ്വഹാബികളുടെ ഉത്തമ ശിഷ്യന്‍. കൂഫ പട്ടണത്തിലെ ജനം അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)നോട് ശരീഅത്ത് സംബന്ധമായ വിധികള്‍ ചോദിക്കുമ്പോള്‍ അവരോട് അദ്ദേഹം പറയാറുണ്ടായിരുന്നു: നിങ്ങള്‍ക്കിടയില്‍ സഈദുബ്‌നു ജുബൈറിനെപ്പോലുള്ള പണ്ഡിതനുണ്ടായിരിക്കെ എന്തിനാണ് എന്നോട് കര്‍മശാസ്ത്ര വിധികള്‍ തേടുന്നത്? ഇത് ഇബ്‌നു ജുബൈറിന്റെ പാണ്ഡിത്യഗരിമയെ സൂചിപ്പിക്കുന്നു. വിജ്ഞാനത്തോടൊപ്പം അസാമാന്യമായ ധൈര്യം, അല്ലാഹുവിലുള്ള അര്‍പ്പണം പോലുള്ള ഉത്തമ ഗുണങ്ങളാല്‍ അല്ലാഹു അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷ്യം ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ വിശ്വാസദാര്‍ഢ്യവും ധീരതയും മനസ്സിന്റെ ആഴങ്ങളെ ഏറെ സ്വാധീനിക്കും.
ഉമവി ഭരണാധികാരി അബ്ദുല്‍ മലികിബ്‌നു മര്‍വാന്റെ സൈന്യവുമായി ഏറ്റുമുട്ടി പരാജയം നേരിട്ട ഇബ്‌നു ജുബൈറും സഹപാഠികളും മക്കയില്‍ അഭയം തേടി. മക്കാ ഗവര്‍ണര്‍ ഖാലിദുബ്‌നു അബ്ദില്ലാ, സഈദുബ്‌നു ജുബൈറിനെ പിടികൂടി ഇസ്മാഈലുബ്‌നു വാസിത്വിന്റെ അകമ്പടിയോടെ ഗവര്‍ണര്‍ ഹജ്ജാജുബ്‌നു യൂസുഫിന്റെ അടുത്തെത്തിച്ചു. അധികാരവും അഹന്തയും ഉന്മത്തനാക്കിയ അയാള്‍ ഇബ്‌നു ജുബൈറിനോട് അങ്ങേയറ്റം പുഛത്തില്‍ ഒരുപാടു ചോദ്യങ്ങള്‍ ചോദിച്ചു.
ഹജ്ജാജ്: നിന്റെ പേരെന്താണ്?
സഈദ്: സഈദുബ്‌നു ജുബൈര്‍.
ഹജ്ജാജ്: (കോപാന്ധനായി) നിന്റെ പേര് ശഖിയ്യുബ്‌നു കുസൈര്‍ (നിര്‍ഭാഗ്യവാന്‍) എന്നാണ്.
സഈദ്: എന്റെ പേര് നിന്നെക്കാള്‍ അറിയുന്നത് എന്റെ മാതാവിനാണ്.
ഹജ്ജാജ്: (അക്ഷമനായി) നീയും നിന്റെ മാതാവും കുരുത്തം കെട്ടവരാണ്.
സഈദ്: അദൃശ്യം അറിയുന്നവന്‍ അല്ലാഹുവാണ്.
ഹജ്ജാജ്: (ആത്മനിയന്ത്രണം ഇല്ലാതെ) ജീവിതത്തിന് പകരം നരകീയ മരണത്തിന്റെ ഹരം ഞാന്‍ നിന്നെ രുചിപ്പിക്കാം.
സഈദ്: (ശാന്തനായി) ജീവിതവും മരണവും നിന്റെ അധീനത്തിലാണെങ്കില്‍ ഞാന്‍ നിന്നെ ദൈവമായി കാണുമായിരുന്നല്ലോ.
ഹജ്ജാജ്: (പൊട്ടിത്തെറിച്ച്) മുഹമ്മദ് നബിയെക്കുറിച്ച് എന്ത് കരുതുന്നു?
സഈദ്: അദ്ദേഹം എനിക്ക് ഏറ്റവും പ്രിയങ്കരനാണ്. സന്മാര്‍ഗത്തിന്റെയും കാരുണ്യത്തിന്റെയും വഴികാട്ടിയുമാണ്.
ഹജ്ജാജ്: (ചുണ്ടമര്‍ത്തിപ്പിടിച്ച്) അലിയെക്കുറിച്ച് എന്ത് പറയുന്നു? അദ്ദേഹം സ്വര്‍ഗത്തിലോ അതോ നരകത്തിലോ?
സഈദ്: ഞാന്‍ പരലോകത്ത് പോയി തിരിച്ചു വന്നിരുന്നെങ്കില്‍ അവിടെ എത്തുന്നവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കാമായിരുന്നു.
ഹജ്ജാജ്: ഖലീഫമാരെക്കുറിച്ച അഭിപ്രായമെന്താണ്?
സഈദ്: (സൗമ്യനായി) ഞാന്‍ അവരുടെ മേല്‍നോട്ടക്കാരനൊന്നുമല്ല.
ഹജ്ജാജ്: (കോപത്തോടെയും ആശ്ചര്യത്തോടെയും) നിനക്കെന്താണ് ചിരി വരാത്തത്?
സഈദ്: (നിശ്വാസമയച്ച്) മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യന്‍. അതിനെയാവട്ടെ അഗ്നി വിഴുങ്ങുകയും ചെയ്യും. അവനെങ്ങനെ ചിരിക്കാന്‍ കഴിയും.
ഹജ്ജാജ്: ഇപ്പോള്‍ നീ എന്തിനാണ് ചിരിക്കുന്നത്?
സഈദ്: (വിശ്വാസദാര്‍ഢ്യത്തോടെ, സധൈര്യം) നിന്റെ മനസ്സ് സന്മാര്‍ഗ വെളിച്ചത്തില്‍ നിന്ന് ശൂന്യമാണ്. അതുകൊണ്ടാണ് ചിരിക്കുന്നത്.
ഹജ്ജാജ്: (ദേഷ്യത്തോടെ) നിന്റെ മരണം ആസന്നമായിരിക്കുന്നു. നിന്റെ തലക്കു മീതെ വിനാശം ചാഞ്ചാടുകയാണ്.
സഈദ്: (പൂര്‍ണ മനസ്സമാധാനത്തോടെ) നരകത്തില്‍ നിന്നു രക്ഷപ്പെടുത്തപ്പെട്ട് സ്വര്‍ഗത്തില്‍ എത്തപ്പെട്ടവന്‍ ഒരിക്കലും നശിച്ചവനല്ല.
ഇബ്‌നു ജുബൈറിന്റെ നിര്‍ഭയത്വവും ശാന്തഭാവവും ശൂരത്വവും ഹജ്ജാജിനെ അങ്കലാപ്പിലാക്കി. നിലപാടു മാറ്റി, സ്വരം മാറ്റി പ്രീണിപ്പിക്കാന്‍ ശ്രമിച്ചു.
ഹജ്ജാജ്: ഞാന്‍ നിനക്കു മാപ്പു നല്‍കണമോ?
സഈദ്: (നിസ്സാര ഭാവത്തില്‍) മാപ്പു നല്‍കാന്‍ നീയാരാണ്? അത് അല്ലാഹുവിന്റെ അവകാശത്തില്‍ പെട്ടതാണ്. നീ പരലോകത്ത് എങ്ങനെ സ്വന്തത്തെ രക്ഷപ്പെടുത്തുമെന്ന് ആലോചിക്കുക.
കോപാകുലനായ ഹജ്ജാജ് ഉടന്‍ സഈദിനെ വധിക്കാന്‍ ആരാച്ചാരോട് ആജ്ഞാപിച്ചു സ്ഥലം വിട്ടു. സഈദാകട്ടെ ആ ഉത്തരവ് കേട്ട് ചിരിക്കുകയായിരുന്നു. അക്കാര്യം അറിയിച്ചപ്പോള്‍ ഹജ്ജാജ് തിരികെ വന്നു ചോദിച്ചു: സഈദ്! നീ എന്തിനാണ് വീണ്ടും ചിരിച്ചത്?
''അല്ലാഹുവിനെക്കുറിച്ച് എന്തും പറയാനുള്ള നിന്റെ ധാര്‍ഷ്ട്യം കണ്ടാണ് ഞാന്‍ ചിരിച്ചത്. അല്ലാഹുവിന്റെ നിസ്സീമമായ കാരുണ്യം കൊണ്ടാണ് നിന്നെ വെറുതെ വിട്ടിരിക്കുന്നത്.'' ഹസ്രത്ത് സഈദ് ശാന്തഭാവത്തില്‍ നിര്‍ത്തി നിര്‍ത്തി പറഞ്ഞു. ദേഷ്യത്താലും രോഷത്താലും ചുവന്ന് തുടുത്ത ഹജ്ജാജ് ആക്രോശിച്ചു: ഇവനെ ഇപ്പോള്‍ എന്റെ മുന്നില്‍ വെച്ചു തന്നെ കൊന്നുകളയുക.
ഹസ്രത്ത് സഈദ് ഒട്ടും പരിഭ്രാന്തനായില്ല. ഖിബ്ലയുടെ നേരെ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു: ''ആകാശഭൂമികളെ സൃഷ്ടിച്ചവന് നേരെ പൂര്‍ണ ഏകാഗ്രതയോടെ എന്റെ മുഖം തിരിച്ചിരിക്കുന്നു. അവന്‍ പ്രദാനം ചെയ്യുന്ന സന്തോഷത്തിലും സംഭീതിയിലും ഞാന്‍ ആരെയും പങ്കുചേര്‍ക്കുകയില്ല.''
'അവന്റെ മുഖം മറ്റൊരു ഭാഗത്തേക്ക് തിരിക്കുക...' ഹജ്ജാജ് പരിഹാസച്ചിരിയോടെ ഉത്തരവിട്ടു. അക്രമികളായ പട്ടാളക്കാര്‍ സഈദിന്റെ മുഖം ബലം പ്രയോഗിച്ച് മറ്റൊരു ഭാഗത്തേക്ക് തിരിച്ചു. 'നിങ്ങള്‍ ഏതു ഭാഗത്തേക്കു മുഖം തിരിച്ചാലും അവിടെ അല്ലാഹുവിന്റെ സാന്നിധ്യമുണ്ട്.' സഈദ് പ്രതികരിച്ചു.
ഹജ്ജാജിന് ദേഷ്യം നിയന്ത്രിക്കാനായില്ല. അയാളുടെ വായില്‍ നിന്നു നുര പുറത്തുവന്നു. അയാള്‍ അട്ടഹസിച്ചു: അയാളെ നിലത്ത് കമിഴ്ത്തിക്കിടത്തുക. നെറ്റിത്തടം മണ്ണിനോട് ചേര്‍ന്നപ്പോള്‍ സഈദ് പ്രാര്‍ഥിച്ചു.
'ഇതേ മണ്ണില്‍നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്കു തന്നെ നിങ്ങളെ നാം തിരിച്ചുകൊണ്ടുപോകും. അതില്‍നിന്നു തന്നെ നിങ്ങളെ നാം മറ്റൊരിക്കല്‍ പുറത്തുകൊണ്ടുവരികയും ചെയ്യും.'
ഹജ്ജാജിന് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. തൊണ്ട പൊട്ടുമാറുച്ചത്തില്‍ അയാള്‍ പറഞ്ഞു: 'ഇവനെ എന്റെ കണ്‍മുന്നിലിട്ടു കൊല്ലുക. വേഗത്തിലാവട്ടെ. അയാളുടെ തലയും ഉടലും വേര്‍പ്പെടുന്നത് നേരില്‍ കാണണം.'
ആരാച്ചാര്‍ മിന്നിത്തിളങ്ങുന്ന മൂര്‍ച്ചയുള്ള വാളുമായി മുന്നോട്ടുവന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ ശേഷിച്ച നിമിഷങ്ങളില്‍ മൃദുഭാവത്തില്‍ ഹജ്ജാജിനെ സംബോധ ചെയ്തു കൊണ്ട് സഈദുബ്‌നു ജുബൈര്‍ പറഞ്ഞു: ''ഞാന്‍ വിശ്വാസിയായിരുന്നുവെന്നതിന് നിന്നെ സാക്ഷിയാക്കുന്നു. ഇത് ഒരു അമാനത്താണ്. അന്ത്യനാളില്‍ അല്ലാഹുവിനു മുന്നില്‍ വെച്ച് ഈ അമാനത്ത് ഞാന്‍ തിരിച്ചുവാങ്ങും...'' വാക്കുകള്‍ അവസാനിക്കുന്നതിനു മുമ്പേ വാള്‍ അദ്ദേഹത്തിന്റെ കഴുത്തില്‍ പതിച്ചു. മണ്ണും വിണ്ണും ശോകമൂകമായി. മനുഷ്യരുടെയും മാലാഖമാരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. അവര്‍ മന്ത്രിച്ചു: 'ഞങ്ങള്‍ അല്ലാഹുവിന്റേതാകുന്നു. അവങ്കലേക്കു മടങ്ങേണ്ടവരാകുന്നു.'
മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് അളവറ്റ രക്തം പ്രവഹിച്ചു. അത് കണ്ട ഹജ്ജാജ് തന്റെ വൈദ്യസംഘത്തോടു കാരണമന്വേഷിച്ചു. 'വധിക്കപ്പെടുമെന്ന് ഉറപ്പായിട്ടും അദ്ദേഹത്തിന് അണുത്തൂക്കം ഭയപ്പാടുണ്ടായില്ല. അദ്ദേഹത്തിന്റെ ഹൃദയം സാധാരണ പോലെ പ്രവര്‍ത്തനനിരതമായിരുന്നു.'
('റോഷന്‍ സിതാരെ' എന്ന കൃതിയില്‍ നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ് അന്തമാന്‍)
Comments