Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 15

3248

1443 റമദാന്‍ 13

വി.വി അബൂബക്കര്‍ മൗലവി

അബ്ദുര്‍റഹ്മാന്‍ എടച്ചേരി  

സത്യവിശ്വാസിയുടെ സവിശേഷതകള്‍ രേഖപ്പെടുത്തി താന്‍ ഉള്‍ക്കൊണ്ടവ അടയാളപ്പെടുത്താന്‍ ആവശ്യപ്പെട്ടാല്‍ മിക്കതിനും ശരിയിടാന്‍ അര്‍ഹനായ മാതൃക വ്യക്തിത്വമായിരുന്നു ഈയിടെ അന്തരിച്ച പ്രമുഖ പണ്ഡിതനും കേരള ജംഇയ്യത്തുല്‍ ഉലമാ നിര്‍വാഹക സമിതി അംഗവും, കെ. ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ് കായക്കൊടിയുടെ പിതാവും ഈയുള്ളവന്റെ മൂത്ത സഹോദരനുമായ കായക്കൊടി വി.വി അബൂബക്കര്‍ മൗലവി. കര്‍മാനുഷ്ഠാനങ്ങളിലെ കൃത്യതയും ജാഗ്രതയും, കുടുംബ അയല്‍പക്ക ബന്ധങ്ങളിലെ കണിശത, എളിമയുടെയും ലാളിത്യത്തിന്റെയും സാത്വിക ഭാവം, പ്രായവും രോഗവും തളര്‍ത്തിയപ്പോഴും, ഏതെങ്കിലും ഗ്രന്ഥം മറിച്ചുനോക്കാനും തന്നെ സന്ദര്‍ശിച്ച പണ്ഡിതന്മാരോട് സംവദിക്കാനും കാണിച്ച ഔത്സുക്യം, ഒരു ധ്രുവീകരണത്തിനും ഇട നല്‍കാതെ വിട്ടുവീഴ്ചയുടെ ഏതറ്റം വരെ പോകാനും തയാറായ സംഘടനാ സൗഹൃദം, രോഗവും മരണവും എവിടെയായാലും ആരുടേതായാലും സാന്ത്വനത്തിന്റെ സ്പര്‍ശവുമായി എത്തിച്ചേരാനുള്ള ദീനാനുകമ്പ... പരിചിതര്‍ക്ക് എണ്ണിത്തീര്‍ക്കാന്‍ പറ്റാത്തത്രയായിരുന്നു അദ്ദേഹത്തിന്റെ  മാനവിക ഗുണങ്ങള്‍.
ദാരിദ്ര്യവും അനാഥത്വവും അധമത്വത്തില്‍ ആപതിപ്പിക്കുമായിരുന്ന നിരവധി കൗമാരങ്ങളെ അദ്ദേഹം കൈ പിടിച്ചുയര്‍ത്തി. പല കാരണങ്ങളാല്‍ അറ്റുപോകുമായിരുന്ന ഒട്ടേറെ ബന്ധങ്ങളെ വിളക്കിച്ചേര്‍ത്തു. ആലംബഹീനരായ നിരവധി യുവതികള്‍ക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്തി. ജനാസ സന്ദര്‍ശിച്ച പലരും വിതുമ്പിയത് അവരുടെ പ്രിയപ്പെട്ട മുന്‍ഷിയുപ്പയില്‍ നിന്ന് ഏതെല്ലാമോ അര്‍ഥത്തില്‍ ലഭിച്ച സഹായങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ് അപകട മരണം സംഭവിച്ച മകന്‍ ജാബിര്‍ സുല്ലമിയുടെ കുടുംബത്തിനായി അദ്ദേഹം തന്നെ  പണി കഴിപ്പിച്ച വീട്ടില്‍ വെച്ച്, ഗൃഹപ്രവേശം നടന്ന് നാളുകള്‍ക്കകമായിരുന്നു അദ്ദേഹം മരണപ്പെട്ടത്.
കുടുംബത്തിന്റെ നാല് തലമുറകളെ കുറിച്ച അദ്ദേഹത്തിന്റെ അറിവ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. നാലു വര്‍ഷം മുമ്പ് നടന്ന കാഫാത്തി കുടുംബ സംഗമത്തില്‍ എടച്ചേരിയില്‍ വേരുകളുള്ള ബോംബെയിലെ മുഫ്തിമാരായ സല്‍മാന്‍ അസ്ഹരി, സുബൈര്‍ മിസ്ബാഹി, എറണാകുളത്തെ കേണല്‍ സാക്കിര്‍ ഹുസൈന്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കാനായതും, മുന്‍ മന്ത്രി പി.കെ.കെ ബാവയും പി.എസ്.സി മെമ്പര്‍ ടി.ടി ഇസ്മാഈലും ആ ശൃംഖലയിലെ കണ്ണികളാണെന്നറിഞ്ഞതും  അദ്ദേഹത്തിലൂടെയായിരുന്നു.
കായക്കൊടിയുടെ മത - സാംസ്‌കാരിക - സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞുനിന്ന മൗലവി, നാട്ടുകാരുടെ പ്രിയപ്പെട്ട മുന്‍ഷിയുപ്പയായിരുന്നു. മേപ്പയൂര്‍ സലഫീ കോളേജ്, നാദാപുരം ജാമിഅ ഫുര്‍ഖാന്‍, ചീക്കോന്ന് അറബി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ അധ്യാപകനായും, പേരാമ്പ്ര, കുറ്റ്യാടി, കായക്കൊടി, പൂനൂര്‍ തുടങ്ങിയിടങ്ങളില്‍ ഖത്വീബായും സേവനമനുഷ്ഠിച്ച മൗലവി തലമുറകളുടെ ഉസ്താദും കായക്കൊടിയിലെ ഇസ്ലാമിക നവോത്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നല്‍കിയ പണ്ഡിതനുമായിരുന്നു.
ഞങ്ങള്‍ കുടുംബത്തിന്, മൂത്ത സഹോദരന്‍ പിതാവിന്റെ സ്ഥാനത്താണെന്ന പ്രവാചക വചനം അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമാക്കിയ രക്ഷിതാവും മാര്‍ഗദര്‍ശിയുമായിരുന്നു അദ്ദേഹം. മലബാറിലെ പ്രമുഖ പണ്ഡിത കുടുംബത്തിന്റെ  പാരമ്പര്യം നിലനിര്‍ത്തുന്ന മക്കളും പേരക്കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തെ അദ്ദേഹം വാര്‍ത്തെടുത്തു. സുഊദി ഔഖാഫിന്റെ ബുറൈദ ജാലിയാത്തില്‍ 'ദാഇ'യായിരുന്ന മര്‍ഹൂം ജാബിര്‍ സുല്ലമി, കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ ഹനീഫ് കായക്കൊടി, വി.പി സാലിഹ്, താഹിറ എന്നിവര്‍ മക്കളും എ.പി കുഞ്ഞാമി ഭാര്യയുമാണ്.

 


പൂക്കുഞ്ഞ് സാര്‍ ഹരിപ്പാട്

ഹരിപ്പാട് ഏരിയ കാര്‍ത്തികപ്പള്ളി ഘടകത്തിലെ ജമാഅത്ത് അംഗവും അര നൂറ്റാണ്ടോളം കാലം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായിരുന്നു പൂക്കുഞ്ഞു സാര്‍.
എന്റെ വാപ്പയുടെ (അബ്ദുര്‍റഹീം ഹരിപ്പാട്, ഡാണാപ്പടി) ഉറ്റ സുഹൃത്തും എന്റെ പ്രിയ ഗുരുനാഥനും വഴികാട്ടിയും ആയിരുന്നു അദ്ദേഹം. പൂക്കുഞ്ഞ് സാര്‍ എന്റെ വീട്ടിലെത്തി വാപ്പയോട് കുശലാന്വേഷണങ്ങള്‍ നടത്തവെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും സഹധര്‍മ്മിണി സൈനബ ഇത്തയുടെയും വാപ്പയുടെയും കൈയില്‍ കിടന്ന് റബ്ബിന്റെ വിളിക്ക് ഉത്തരം നല്‍കുകയുമായിരുന്നു.   
മാതൃകാ വ്യക്തിത്വം, ഇസ്‌ലാമിക പ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യം, ഹരിപ്പാട്ടെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലെ അവിഭാജ്യ ഘടകം, ഇമ്പമാര്‍ന്ന ഖുര്‍ആന്‍ പാരായകന്‍, ഖത്വീബ്, ഇമാം, സ്‌കൂള്‍ അധ്യാപകന്‍, മജ്ലിസ് അധ്യാപകന്‍, ഖുര്‍ആന്‍ അധ്യാപകന്‍, പ്രബോധകന്‍, സൗമ്യന്‍ .... അങ്ങനെയങ്ങനെ വിശേഷണങ്ങള്‍ ധാരാളമുണ്ട്. പൂക്കുഞ്ഞ് എന്ന കുഞ്ഞു പുഷ്പം വിടര്‍ത്തിയ വസന്തത്തിന്റെ പരിമളം എന്നും ഹരിപ്പാട്ട് നിറഞ്ഞ് നില്‍ക്കും.
കുട്ടിക്കാലത്ത് ഞാന്‍ താമല്ലാക്കല്‍ ഹിദായത്തുല്‍ ഇസ്‌ലാം സംഘം മദ്‌റസയില്‍ പഠിക്കുമ്പോഴും രാത്രി കാലങ്ങളില്‍ കേരളാ മജ്ലിസ് പുസ്തകങ്ങള്‍ പഠിപ്പിച്ചിരുന്നത് പൂക്കുഞ്ഞ് സാര്‍ ആയിരുന്നു. എന്റെ കഴിവ് തിരിച്ചറിഞ്ഞ് നബിദിനത്തിന് മദ്‌റസയില്‍ നടക്കുന്ന ഖുര്‍ആന്‍ പാരായണ, പ്രസംഗ മത്സരങ്ങള്‍ക്ക് നിര്‍ബന്ധിച്ച് പേര് നല്കിക്കുമായിരുന്നു. പ്രസംഗം എഴുതിക്കൊണ്ട് തന്ന് കാണാതെ പഠിപ്പിക്കും. മത്സരം നടക്കുമ്പോള്‍ മാറി നിന്ന് കേള്‍ക്കും. റിസല്‍റ്റ് വന്നപ്പോള്‍ രണ്ടിനും എനിക്കായിരുന്നു ഒന്നാം സമ്മാനം. സമ്മാനവുമായി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. കോളേജ് പഠനം കഴിഞ്ഞ് ദുബൈക്ക് പോകാന്‍ വിസിറ്റ് വിസ സംഘടിപ്പിച്ച് തന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വന്ന് എന്നെ കെട്ടിപ്പിടിച്ച് യാത്രയാക്കി പ്രവാസത്തിലേക്ക് വിട്ടതും സാറാണ്. എന്റെ പ്രവാസത്തിന് ഇപ്പോള്‍ 20 വര്‍ഷം തികഞ്ഞിരിക്കുന്നു.
നാട്ടില്‍ വരുമ്പോഴൊക്കെ തമ്മില്‍ കാണുകയും സംസാരിക്കുകയും സുഖദുഃഖങ്ങളും തമാശകളും ഒക്കെ പങ്ക് വെക്കുകയും ചെയ്യുമായിരുന്നു. വഴികാട്ടി മാത്രമായിരുന്നില്ല നല്ലൊരു സുഹൃത്തും കൂടി ആയിരുന്നു.  കുട്ടിക്കാലം മുതല്‍ ഞങ്ങളുടെ റമദാനിലെ രാത്രികള്‍ പൂക്കുഞ്ഞ് സാറിന്റെ ഖുര്‍ആന്‍ പാരായണത്താല്‍ മുഖരിതമായിരുന്നു. തറാവീഹുകള്‍ക്ക് സാര്‍ ആയിരിക്കും ഇമാം. ഞങ്ങള്‍ കുട്ടികള്‍ക്ക് അത് വലിയ ഹരമായിരുന്നു. ആ ഖുര്‍ആന്‍ പാരായണം ഇനി കേള്‍ക്കാന്‍ കഴിയില്ലല്ലോ.
തികഞ്ഞ യാഥാസ്ഥിതിക കുടുംബങ്ങളില്‍ നിന്ന് അറുപതുകളിലും എഴുപതുകളിലും ഇസ്‌ലാമിക പ്രസ്ഥാനത്തിലേക്ക് കടന്ന് വന്ന് ഹരിപ്പാടിന്റെ മുഖഛായ മാറ്റിയവരില്‍ ഒരാളായിരുന്നു പൂക്കുഞ്ഞ് സാര്‍. ഇന്ന് ഹുദാ ട്രസ്റ്റിന് കീഴില്‍ നടന്നു വരുന്ന മള്‍ട്ടി ഹോസ്പിറ്റല്‍, ഹൈസ്‌കൂള്‍, ജുമുഅ മസ്ജിദ്, പൊതു ലൈബ്രറി, കിന്‍ഡര്‍ ഗാര്‍ട്ടന്‍ അങ്ങനെ തുടങ്ങി പലതിലും അവരുടെ കൈയൊപ്പുണ്ട്. തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് ഹരിപ്പാട് പോലുള്ള ഒരു പ്രദേശത്ത് ഇതൊരു ചെറിയ കാര്യമല്ല. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നേരിട്ട പ്രതിബന്ധങ്ങള്‍ ചില്ലറയൊന്നുമായിരുന്നില്ല. ഇന്നും പ്രയാസങ്ങളും പ്രതിബന്ധങ്ങളും ഉണ്ടെങ്കിലും റബ്ബിന്റെ തുണയാലും സഹായത്താലും പ്രവര്‍ത്തനങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു.
ഇതിനൊക്കെയും മുന്നില്‍  നടന്ന പലരും ഇന്ന് നമ്മോടൊപ്പമില്ല. പാപ്പാടിയില്‍ സുബൈര്‍ മാമ, അമ്പനാട് മുഹമ്മദ് സാഹിബ്, ഓട്ടോ മജീദിക്ക, തയ്യില്‍ ഖമര്‍ മൂത്താപ്പ, കളത്തില്‍ സെയ്ദ് മൂത്താപ്പ, ഫസില്‍ സാര്‍, ഇബ്‌റാഹീം കുട്ടിസാര്‍, കിഴക്കേ തയ്യില്‍ ജലാലുദ്ദീന്‍ മൂത്താപ്പ, ഹഫ്സ അപ്പച്ചി അങ്ങനെ ഒരുപാട് പേര്‍. ഇപ്പോള്‍ നമ്മുടെ പ്രിയ പൂക്കുഞ്ഞ് സാറും.

ബിലാല്‍ ഹരിപ്പാട്, ദോഹ, ഖത്തര്‍


മമ്മൂഞ്ഞ് മാമ പുന്നപ്ര


ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന പുന്നപ്രയിലെ മമ്മൂഞ്ഞ് മാമ കഴിഞ്ഞ മാര്‍ച്ച് പതിനേഴിന് അല്ലാഹുവിലേക്ക് യാത്രയായി. മുന്‍ കേരള അമീര്‍ സിദ്ദീഖ് ഹസന്‍ സാഹിബ്, ആരിഫലി സാഹിബ് എന്നിവരുമായി അടുത്ത വ്യക്തി ബന്ധം പുലര്‍ത്തിയിരുന്നു. പുന്നപ്ര ഹല്‍ഖയിലെ അംഗമായ അദ്ദേഹം മലര്‍വാടി കോഡിനേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹല്‍ഖാ യോഗങ്ങളില്‍ പങ്കെടുക്കുന്നതിലെ കൃത്യനിഷ്ഠ, ബൈത്തുല്‍മാല്‍ നല്‍കുന്നതിലെ സൂക്ഷ്മത, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതിലെ താല്‍പര്യം ഇതിലൊക്കെ പുതുതലമുറകള്‍ക്ക് അദ്ദേഹം മാതൃകയാണ്.
പ്രസ്ഥാനത്തിന്റെ ഏത് പരിപാടിയിലും അതിന്റെ മുന്‍ നിരയില്‍ മമ്മൂഞ്ഞ് മാമാ ഉാവും. ആലപ്പുഴയില്‍നിന്ന് മെഡിക്കല്‍ കോളേജ് വണ്ടാനത്തേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി നടത്തിയ റാലിയില്‍ പ്രതീകാത്മക രോഗിയായി കിടന്നത് മമ്മൂഞ്ഞ് മാമയായിരുന്നു.
ഒരിക്കല്‍ സോളിഡാരിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഈ കുറിപ്പുകാരന്‍ ബസ്സില്‍ കയറുമ്പോള്‍ ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്നു യുവത്വത്തിന്റെ എല്ലാ പ്രസരിപ്പും ആവാഹിച്ചുകൊണ്ട്  രണ്ട് വൃദ്ധയുവാക്കള്‍; പുന്നപ്ര മമ്മൂഞ്ഞ് മാമായും അലിയാര് മാമായും! യാത്രക്കിടയില്‍ മമ്മുഞ്ഞ് മാമാ അലിയാര് മാമായോട് പറഞ്ഞു: ''നമ്മള്‍ പോവുന്നത് യുവാക്കളുമൊത്താണ്; പ്രകടനം തുടങ്ങുമ്പോള്‍ അവര്‍ നമ്മെ പരിഗണിക്കണമെന്നില്ല. അതുകൊണ്ട് നമ്മള്‍ അവരോടൊപ്പം ഓടി ഓടി നില്‍ക്കണം.'' ബസ്സില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ ചോദിച്ചു: ''യാത്രയും നടത്തവും പ്രയാസമാകില്ലേ?'' ഇത് കേട്ടതും മമ്മൂഞ്ഞ് മാമ; ചെങ്കോട്ടയില്‍ കൊടി കേറുന്നതുവരെ... അല്ലെങ്കില്‍ നാഥന്റെ വിളിക്ക് ഉത്തരം നല്‍കുന്നത് വരെ... ഞാന്‍ ഇതിനോടൊപ്പം കാണും!'' അത്രക്കും പ്രതീക്ഷയും ആവേശവുമായിരുന്നു ആ മനുഷ്യന്.
രണ്ടുപതിറ്റാണ്ടിനുശേഷം സോളിഡാരിറ്റിയുടെ രണ്ടാം സംസ്ഥാന സമ്മേളനം നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ രോഗശയ്യയില്‍ കിടക്കുന്ന മാമായെ കാണാന്‍  മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് 'പ്രബോധനം' ഏജന്റ് ഉബൈദ് സാഹിബ് വീട്ടില്‍ ചെന്നപ്പോള്‍ വിമ്മിട്ടം കൊണ്ട് സംസാരിക്കാന്‍ കഴിയുന്നില്ല, എന്നിട്ടും ഒന്നാം സംസ്ഥാന സമ്മേളനത്തെക്കുറിച്ചും, അന്ന് അവിടെ പെയ്തിറങ്ങിയ ആലിപ്പഴത്തെക്കുറിച്ചും മാമാ പറഞ്ഞതായി അദ്ദേഹം എന്നോട് പറഞ്ഞു. 
ജമാഅത്തെ ഇസ്‌ലാമി പുന്നപ്ര ഹല്‍ഖ അംഗവും, തനിമ സെക്രട്ടറിയുമായിരുന്ന മാഴ്‌സ് വില്ലയില്‍ മര്‍ഹൂം അബ്ദുല്‍ ജലീലാണ് മരുമകന്‍. ഭാര്യ ഷെരീഫാ ബീവി. മകള്‍ നസീമ.

സജീദ് മക്കാരി, വളഞ്ഞവഴി
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 77-78
ടി.കെ ഉബൈദ്‌

ഹദീസ്‌

ഏകാഗ്രതക്ക് ഭംഗം വരുത്താതിരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി