Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 15

3248

1443 റമദാന്‍ 13

ഋഗ്വേദത്തിലെ ശിരോവസ്ത്രം

ശിഹാബുദ്ദീന്‍ ആരാമ്പ്രം

വിവിധ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ ചരിത്രം. എല്ലാ വിഭാഗക്കാരും അണിനിരന്ന സ്വാതന്ത്ര്യ സമരം മുതല്‍ കേരളത്തിലെ സ്ത്രീകള്‍ നടത്തിയ സാഹസികവും ത്യാഗഭരിതവുമായ മാറുമറയ്ക്കല്‍ (വസ്ത്ര ധാരണം) സമരം വരെ അതില്‍ ഉള്‍പ്പെടുന്നു. ആ പരമ്പരയിലെ മറ്റൊരു സമരമാണ് ഇപ്പോള്‍ കര്‍ണാടകയിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് നിരോധനത്തിനെതിരെയുള്ള പ്രതിഷേധ ശബ്ദങ്ങള്‍. 2022 ഫെബ്രുവരി ആദ്യത്തില്‍ കര്‍ണാടകയിലെ ഉഡുപ്പിയിലുള്ള ഗവണ്‍മെന്റ് പ്രീ യൂനിവേഴ്‌സിറ്റി വനിതാ കോളേജി(+2 കോഴ്‌സിന് തുല്യം)ലായിരുന്നു അതിന്റെ തുടക്കം. ശിരോവസത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ക്ലാസ്സില്‍ പ്രവേശിപ്പിക്കാതെ പ്രിന്‍സിപ്പല്‍ തടഞ്ഞു. ആ പശ്ചാത്തലത്തിലാണ് ക്ലാസില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനു വദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിലെയും കുന്ദാപുര ഭണ്ഡാര്‍ക്കര്‍ കോളേജിലെയും വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഹിജാബ് ധരിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് അവര്‍ കോടതിയെ സമീപിച്ചത്. അതിന്റെ പേരില്‍ രാജ്യവ്യാപകമായി സംവാദങ്ങളും വിവാദങ്ങളും നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവരടങ്ങിയ ബെഞ്ച്, 2022 മാര്‍ച്ച് 15-ന് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹരജി തള്ളി. അതിന് കാരണമായി പറഞ്ഞത് ശിരോവസ്ത്ര ധാരണം ഇസ്ലാമിലെ അവിഭാജ്യ മതചര്യയല്ലെന്നാണ്. 
ഹിജാബ് മുസ്ലിംകളുടെ മതപരമായ വേഷമാണെന്നും അത്തരത്തിലുള്ള മതചിഹ്നങ്ങള്‍ അണിയുന്നത് പൊതു ഇടങ്ങളില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നുവെന്നും പറഞ്ഞാണ് വിവാദം തുടങ്ങിയത്. അതിനാല്‍ അത്തരം മതപരമായ ചിഹ്നങ്ങള്‍ അംഗീകരിക്കില്ലെന്നും അതിന് അനുവാദം നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഭരണകക്ഷിയായ ബി.ജെ.പിയുടെ നിലപാട്. ബി.ജെ.പി ഗവണ്‍മെന്റും കോടതിയും സ്വീകരിച്ച സമീപനങ്ങളില്‍ വൈരുധ്യമുണ്ടെങ്കിലും രണ്ടിന്റെയും ഫലം ഒന്നായിരുന്നു. യഥാര്‍ഥത്തില്‍ ശിരോവസ്ത്ര ധാരണം ഇസ്ലാമിന്റെ ആഗമനത്തിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. ഹിന്ദുമതത്തിലും അതിന്റെ ഭാഗമായ സനാതന ധര്‍മത്തിലും അടിയുറച്ച് വിശ്വസിക്കുന്നവര്‍ക്ക് ഹിന്ദു മതത്തിന്റെ മൗലിക സ്രോതസ്സായ വേദങ്ങളിലും അനുബന്ധ സാഹിത്യത്തിലും വന്ന ശിരോവസ്ത്രത്തെപ്പറ്റിയുള്ള പാഠത്തെ അവഗണിക്കാന്‍ കഴിയുമോ? ശിരോവസ്ത്ര ധാരണം ഇസ്ലാമിക ആചാരം മാത്രമാണെന്ന് കരുതുന്നവര്‍ ഹൈന്ദവ വേദങ്ങളിലെ സനാതന ധര്‍മത്തിന്റെ അധ്യാപനങ്ങളെയാണ് അവഗണിക്കുന്നത്.
സനാതന ധര്‍മം ഉദ്ഘോഷിക്കുന്ന സ്ത്രീകളുടെ വസ്ത്രധാരണത്തെ പറ്റിയുള്ള പ്രധാന അധ്യാപനങ്ങള്‍ വേദങ്ങളില്‍ നിന്നു തന്നെ തുടങ്ങുന്നുണ്ട്. ഋഗ്വേദത്തിലെ എട്ടാം മണ്ഡലത്തില്‍, 'യാതൊരുവന്‍ നിങ്ങളെ സംബന്ധിച്ച യജ്ഞങ്ങളാല്‍ വസ്ത്രം കൊണ്ട് തല മൂടിയ വധുവിനെ പോലെ സ്വയം മൂടപ്പെട്ടവനാണോ അവനെ അശ്വികള്‍, അഭീഷ്ട ധാനം കൊണ്ട് സന്തോഷിപ്പിക്കുകയും അവന്് വേണ്ടി മംഗളകരമായ ഐശ്വര്യം ഉണ്ടാക്കുകയും ചെയ്യുന്നു' (ഋഗ്വേദം 8:26:13) എന്ന് പഞ്ഞതായി കാണാം. ആ സൂക്തത്തില്‍ വധു തല മൂടുന്ന വസ്ത്രം ധരിക്കാറുള്ളതായി പരാമര്‍ശിക്കുന്നു. അഥവാ വേദകാലത്തെ ഭാരതീയ സ്ത്രീകള്‍ തലവരെ മൂടുന്ന വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത് എന്നാണ്  ആ വേദ സൂക്തത്തില്‍നിന്ന് വ്യക്തമാവുന്നത്. യജ്ഞം നടത്തുന്ന പുരുഷനും ആ രീതിയില്‍ തലമറയ്ക്കണം എന്ന് അതിലൂടെ പഠിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെയാണെങ്കില്‍ അശ്വികള്‍ (കുതിരയുടെ രൂപംധരിച്ച ദേവതമാര്‍) അവന് മംഗളകരമായ ഐശ്വര്യം വരുത്തുമെന്നും ഋഗ്വേദം പറയുന്നു. വേദത്തിലെ 'അധിവസ്ത്രാ വധു' എന്ന പ്രയോഗത്തിന് സായണ ഭാഷ്യപ്രകാരം 'വസ്ത്രം കൊണ്ട് തലമൂടിയ വധുവിനെ പോലെ' എന്നാണ് ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് പരിഭാഷപ്പെടുത്തിയത്. തല മൂടുന്ന വസ്ത്രം എന്ന അര്‍ഥത്തിലാണ് 'അധിവസ്ത്രാ' എന്ന സംസ്‌കൃത പദം ഋഗ്വേദം പ്രയോഗിച്ചത്. അതില്‍ നിന്ന്, ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രധാരണത്തെ പറ്റിയുള്ള സങ്കല്‍പം വേദങ്ങളുടെ അധ്യാപനത്തില്‍ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്ര സങ്കല്‍പത്തോടൊപ്പം വധു എന്ന സ്ത്രീ ശബ്ദം ഏന്തുകൊണ്ട് കടന്നുവന്നു? അഥവാ ഇന്ന് വിവാദമായ 'ഹിജാബിന്' സമാനമായ ഒരു വസ്ത്ര സങ്കല്‍പം ഹിന്ദു മത അധ്യാപനങ്ങളില്‍ എങ്ങനെ ഇടം പിടിച്ചു എന്നത് അവഗണിക്കാവുന്ന ചോദ്യമല്ല.  ഹിജാബിന് സമാനമായ വസ്ത്ര ധാരണം നടത്താനാണ് സ്ത്രീകളോട് ഋഗ്വേദവും ആവശ്യപ്പെടുന്നത് എന്ന് വരുമോ?  
നാം ജീവിക്കുന്ന വര്‍ത്തമാനകാലവുമായി തട്ടിച്ച് നോക്കുമ്പോള്‍ വസ്ത്രങ്ങള്‍ തീരെ കുറവായിരുന്ന ഒരു കാലത്താണ് ശിരോവസ്ത്രം പോലും ധരിക്കണമെന്ന് വേദം അനുശാസിച്ചത്. ഇന്നത്തേത് പോലെ ശാസ്ത്രീയവും സാങ്കേതികവുമായ വസ്ത്രനിര്‍മാണം അന്ന് ഉണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ ദുര്‍ലഭമായ കാലം ആയിരുന്നിട്ടു പോലും ശരീരം മുഴുവന്‍ മറച്ച സ്ത്രീകളുടെ ചിത്രം വേദങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. ആ വേദവചനത്തിന് യാസ്‌കമുനി നിരുക്ത ഭാഷ്യത്തില്‍, സ്ത്രീകള്‍ തല മുതല്‍ കാലുവരെ വസ്ത്രം കൊണ്ട് മൂടി നടന്നിരുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു (പേജ് 251). അതില്‍നിന്നുതന്നെ ശിരോവസ്ത്ര ധാരണത്തിന് ഹിന്ദുമതത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കാം.  വര്‍ത്തമാനകാലത്തെ ഹിജാബ് വിവാദവുമായി താരതമ്യം ചെയ്ത് പറഞ്ഞാല്‍ സ്ത്രീകള്‍ അവരുടെ ശരീര ഭാഗങ്ങളെല്ലാം അന്യപുരുഷന്മാരില്‍ നിന്ന് മറച്ചുവെക്കണമെന്ന അധ്യാപനം വേദകാലം മുതല്‍ ഇന്ത്യയില്‍ നിലനിന്നിരുന്നു എന്നാണ് ഈ പ്രസ്താവനയുടെ കാതല്‍. പിന്നീട് ചരിത്രത്തിന്റെ ഏതോ  ഘട്ടത്തില്‍ ആ അധ്യാപനം അവഗണിക്കപ്പെടുകയോ വിസ്മൃതമാവുകയോ ചെയ്തതാവാം.
മാന്യമായ വസ്ത്ര ധാരണത്തെയും അച്ചടക്കപൂര്‍ണമായ ജീവിതത്തെയും വേദങ്ങള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. അതിനെപ്പറ്റി പരാമര്‍ശിച്ചിട്ടുള്ള വചനങ്ങളും ഋഗ്വേദത്തിലുണ്ട്: 'അല്ലയോ പ്ലായോഗേ, സ്ത്രീയായി തീര്‍ന്ന നീ കീഴ്‌പ്പോട്ട് നോക്കുക, മേല്‍പോട്ടു നോക്കരുത്. കാലുകള്‍ കൂട്ടിയണച്ച് വെക്കുക. പുരുഷന്മാര്‍ നിന്റെ കാല്‍മുട്ടും നെരിയാണിയും കാണാതിരിക്കട്ടെ (അമ്മട്ടില്‍ വസ്ത്രം ധരിക്കുക) (ഋഗ്വേദം 8:33:19). ആ സൂക്തത്തിന് ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട് നല്‍കിയ വിശദീകരണത്തില്‍ വസ്ത്ര ധാരണത്തില്‍ പാലിക്കേണ്ട സൂക്ഷ്മതയെ പറ്റിയാണ് ഓര്‍മിപ്പിക്കുന്നത്. മാന്യമായ വസ്ത്രധാരണത്തെയും അച്ചടക്കപൂര്‍ണമായ ജീവിത രീതിയെയും വേദങ്ങള്‍ പ്രോത്സാഹിപ്പിച്ചതിന്റെ കൂടി സൂചനയാണ് ആ സൂക്തം. പ്ലായോഗ എന്ന വനിതയോട് ഇന്ദ്രന്‍ നടത്തിയ ആ ഉപദേശത്തില്‍ വനിതകള്‍ സാമൂഹിക ജീവിതത്തില്‍ പുലര്‍ത്തേണ്ട മര്യാദകളെയും വസ്ത്രധാരണ രീതിയെയുമാണ് ചൂണ്ടിക്കാട്ടിയത്. അത്രയേറെ പ്രാധാന്യവും പരിഗണനയും സ്ത്രീകളുടെ വസ്ത്ര ധാരണത്തിനും പെരുമാറ്റ രീതികള്‍ക്കും വേദങ്ങള്‍ നല്‍കിയിരിക്കുന്നു. മുകളില്‍ പരാമര്‍ശിച്ച ആ രണ്ട് ഋഗ്വേദ സൂക്തങ്ങളും പരസ്പരം വ്യാഖ്യാനിക്കുന്നവയോ ഒന്ന് മറ്റൊന്നിന്റെ അനുബന്ധമോ ആണ്. 
ഋഗ്വേദത്തില്‍ മറ്റൊരിടത്ത് സ്ത്രീകളുടെ മൂന്ന് ഇനം വസ്ത്രങ്ങളെ പരിചയപ്പെടുത്തിയിട്ടുണ്ട്. അതിലൊന്ന് ശിരോവസ്ത്രമാണ്. വധുവിന്റെ വസ്ത്രം തലയില്‍ പറ്റിനിന്ന് മൂന്ന് രൂപങ്ങളായി മാറിയിരിക്കുന്നു എന്ന (ഋഗ്വേദം 10:85:35) വചനത്തെ പ്രത്യേകം എടുത്ത് പറഞ്ഞാണ് പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുള്ളത്. തുടര്‍ന്നുള്ള അവതരണത്തില്‍ ആ മൂന്ന് ഇനം വസ്ത്രങ്ങളെയും വേദപണ്ഡിതനും വ്യാഖ്യാതാവുമായ ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട് ഇനം തിരിച്ച് വ്യക്തമാക്കിയിട്ടുണ്ട്. (1) വധു വിവാഹ സുദിനത്തിന്റെ ആരംഭത്തില്‍ ധരിക്കുന്ന അലക്കിയ വസ്ത്രം. (2) അതിനു ശേഷം ധരിക്കുന്ന പുതിയ വസ്ത്രം. (3) തലമൂടുന്ന വസ്ത്രം (ശിരോവസ്ത്രം) എന്നിവയാവാം ആ മൂന്ന് വസ്ത്രങ്ങള്‍ എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്. ഒരുപക്ഷേ, ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട് പരാമര്‍ശിച്ചത് പോലെ, ആ മൂന്ന് വസ്ത്രങ്ങള്‍ തന്നെയാവാം ഋഗ്വേദം വ്യക്തമാക്കിയതും. അല്ലെങ്കില്‍ തല മുതല്‍ പാദം വരെ മൂടുന്ന ഒന്നോ അതിലധികമോ വസ്ത്രങ്ങളുമാവാം. തുടക്കത്തില്‍ സൂചിപ്പിച്ച ഋഗ്വേദ സൂക്തങ്ങളില്‍ നിന്നും യാസ്‌ക മുനിയുടെ ഭാഷ്യത്തില്‍നിന്നും ബോധ്യപ്പെടുന്നതും തല മുതല്‍ കാല്‍ പാദം വരെ മറയുന്ന ഒന്നോ അതില്‍ കൂടുതലോ വസ്ത്രങ്ങള്‍ ധരിക്കുന്നതിനെയാണ്. ഋഗ്വേദത്തിലെ (10:85:35) സൂക്തത്തില്‍ സൂചിപ്പിച്ചത് പോലെ ശരീരത്തില്‍ പറ്റി നില്‍ക്കുന്ന മൂന്ന് വസ്ത്രങ്ങളെയും ശിരോവസ്ത്രം, ഉടുപ്പ്, പുടവ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വസ്ത്രങ്ങളായി മനസ്സിലാക്കിയതുമാവാം. എങ്ങനെ വിലയിരുത്തിയാലും അവയിലെല്ലാം ശിരോവസ്ത്രം സൂചിതമായിട്ടുണ്ട്. 
വേദങ്ങളുടെ അന്തരാത്മാവ് പ്രകാശിപ്പിക്കുന്ന നിഘണ്ടുവാണ് നിരുക്തം. അതിന് യാസ്‌ക മുനി തയാറാക്കിയ നിരുക്തോപക്രമം എന്ന വ്യാഖ്യാനം ഏറെ പ്രസിദ്ധമാണ്. ക്രിസ്തുവിന് മുമ്പ് എട്ടാം നൂറ്റാണ്ടില്‍ വിരചിതമായ ആ കൃതിയിലും സ്ത്രീകളുടെ വസ്ത്ര ധാരണത്തെപ്പറ്റി വേദങ്ങളില്‍ വന്ന പരാമര്‍ശങ്ങള്‍ക്ക് നല്‍കിയ വ്യാഖ്യാനത്തില്‍, ഹിജാബിന് സമാനമായ വസ്ത്ര ധാരണ സമ്പ്രദായം വേദകാലത്ത് ഇന്ത്യയില്‍ നിലനിന്നിരുന്നു എന്നാണ് സൂചിപ്പിച്ചിട്ടുള്ളത്. ഋഗ്വേദത്തിലെ തന്നെ 'ഗുഹാ ചരന്തീ മനുഷോ ന യോഷാ' (ഋഗ്വേദം 1:167:3) എന്ന വചനത്തിന് 'നിഗൂഢമായി (പൊതിഞ്ഞ് മൂടി) നടക്കുന്ന നാരിപോലെ' എന്നാണ് യാസ്‌ക മുനി നല്‍കിയ വ്യാഖ്യാനം. അഥവാ വേദകാലത്ത് പൊതുസമൂഹവുമായി ഇടപഴകിയിരുന്ന സ്ത്രീകള്‍ ദേഹം മുഴുവന്‍ മൂടിയിരുന്ന വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. അതിനെപ്പറ്റിയാണ്, 'വസ്ത്രങ്ങള്‍ ചമഞ്ഞ് തല മുതല്‍ കാലുവരെ പൊതിഞ്ഞു നില്‍ക്കുന്ന യോഷ(മനുഷ്യസ്ത്രീ)യെ വെറും തുണിക്കെട്ട് പോലെ തോന്നിക്കുന്നു' എന്ന യാസ്‌കമുനിയുടെ വിശേഷണം (പേജ് 251). വേദ നിര്‍ദേശ പ്രകാരം വസ്ത്രം ധരിച്ചിരുന്ന വേദകാലത്തെ വനിതകളെ യാസ്‌ക മുനി ചിത്രീകരിച്ചപ്പോള്‍, അതിന് വര്‍ത്തമാന കാലത്തെ പര്‍ദ്ദധാരിണികളോടും ഹിജാബ് ധാരിണികളോടും സാമ്യം തോന്നുന്നത് എന്തുകൊണ്ടായിരിക്കും? ദൈവിക ദര്‍ശനങ്ങളുടെ വിദൂര ഭൂതകാലത്തെ അറിയപ്പെടാത്ത പൂര്‍വ ബന്ധമായിരിക്കുമോ? 
പ്രാചീന ഇന്ത്യയിലെ വസ്ത്ര ധാരണ സമ്പ്രദായത്തെപ്പറ്റി ഋഗ്വേദവും നിരുക്തവും പരിചയപ്പെടുത്തിയ യാഥാര്‍ഥ്യങ്ങളെ ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പാടലീപുത്രയിലെ മൗര്യ രാജാവായ ചന്ദ്രഗുപ്ത മൗര്യന്റെ കൊട്ടാരത്തിലെ ഗ്രീക്ക് അംബാസഡറായിരുന്നു മെഗസ്തനീസ് (ബി.സി 350- 290). ഇന്ത്യയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വിവരണത്തില്‍ അന്നത്തെ ഇന്ത്യക്കാരുടെ വസ്ത്രധാരണ സമ്പ്രദായവും കടന്നുവന്നിരുന്നു: കാല്‍മുട്ടിന് താഴെ പാദത്തിലേക്ക് പകുതിവരെ എത്തുന്ന പരുത്തി കൊണ്ടുള്ള ഒരു പുടവയും, തലയില്‍ ചുറ്റി തോളിലൂടെയിട്ട (പുതപ്പ് പോലുള്ള) ഒരു മേല്‍വസ്ത്രവുമാണ് അവര്‍ ധരിക്കുന്നതെന്ന് മെഗസ്തനീസ് രേഖപ്പെടുത്തിയതായി പ്രഫ. റൊമില ഥാപ്പര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് (പേജ്: 159). മാത്രവുമല്ല, സ്ത്രീ പുരുഷ ഭേദമന്യെ എല്ലാവരും തലപ്പാവ് ധരിച്ചിരുന്നതായി പ്രമുഖ ചരിത്രകാരനായ ആര്‍.സി മജൂംദാറും സുചിപ്പിച്ചിരിക്കുന്നു. അതിന്റെയെല്ലാം ജീവിക്കുന്ന മാതൃകകള്‍ ഇപ്പോഴും നമ്മുടെ രാജ്യത്ത് തീരെ കുറ്റിയറ്റു പോയിട്ടില്ല. 19-ാം നൂറ്റാണ്ടിലെ ഹിന്ദുമത പരിഷ്‌കര്‍ത്താക്കളായ രാജാറാം മോഹന്‍ റായ്, ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവര്‍ തലപ്പാവ് ധാരികളായിരുന്നു. ഇന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശിരോവസ്ത്ര ധാരികളായ നിരവധി ജനവിഭാഗങ്ങളുണ്ട്. ഉത്തരേന്ത്യയിലെ ഗുജ്ജാര്‍ വംശജര്‍ അവരില്‍ പ്രധാനികളാണ്. ഭാരതീയ വനിതകള്‍ പരമ്പരാഗതമായി ധരിച്ചു വരുന്ന ഗൂംഘാട്ട് (ഏവീീിഴവമ)േ, ദുപ്പട്ട തുടങ്ങിയ ശിരോ വസ്ത്രങ്ങളും ഹിജാബിനോട് സാദൃശ്യമുള്ളതാണ്. അവക്കെല്ലാം ഉത്തരേന്ത്യയിലെ ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ക്കിടയില്‍ ഇന്നും പ്രചാരമുണ്ട്. അതിനാല്‍ ഹിജാബും പര്‍ദയും പോലുള്ള വസ്ത്രങ്ങള്‍ ഭാരതീയമല്ലെന്നും ദേശീയ വിരുദ്ധമാണെന്നുമുള്ള പ്രചാരണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്. 
അവലംബം
1. ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട് - ഋഗ്വേദം  (ഭാഷാഭാഷ്യം)
2. വേദബന്ധു. യാസ്‌ക മുനിയുടെ നിരുക്തോപക്രമം
3. Romila Thapar - Early lndia 


 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 77-78
ടി.കെ ഉബൈദ്‌

ഹദീസ്‌

ഏകാഗ്രതക്ക് ഭംഗം വരുത്താതിരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി