Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 15

3248

1443 റമദാന്‍ 13

കുറ്റകൃത്യങ്ങള്‍ തടയാന്‍

ഒ.ടി മുഹ്‌യിദ്ദീന്‍, വെളിയങ്കോട്

നാട്ടിലെ ഒരു പരമ്പരാഗത മദ്‌റസയുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടി വന്നു. ആ സ്ഥാനത്ത് തുടരവെ, മദ്‌റസ സന്ദര്‍ശിക്കാന്‍ മുഫത്തിശ് വന്നു. സ്റ്റാഫ് മീറ്റിംഗില്‍ ഞാന്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് പറഞ്ഞു. അവലോകന യോഗത്തിന്റെ ആമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ''കഴിഞ്ഞ വര്‍ഷം ഞാന്‍ റാങ്ക് വിതരണം ചെയ്ത കുട്ടി പഠിച്ച ഒരു മദ്‌റസ, അടുത്ത ദിവസം ഞാന്‍ സന്ദര്‍ശിച്ചു. അപ്പോള്‍ അങ്ങാടിയില്‍ ഒരാള്‍ക്കൂട്ടം കണ്ടു. എന്താണെന്നന്വേഷിച്ചപ്പോള്‍ ഉസ്താദ് കഴിഞ്ഞ വര്‍ഷം റാങ്ക് വിതരണം ചെയ്ത കുട്ടി മദ്യപിച്ചു ബഹളമുണ്ടാക്കിയിടത്ത് ആളുകള്‍ കൂടിനില്‍ക്കുകയാണെന്ന് അറിയാന്‍ കഴിഞ്ഞു.'' 19.1.22-ന് മാധ്യമത്തില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ട് 'കോട്ടക്കലില്‍ ഏഴംഗ ഹണിട്രാപ്പ് സംഘം അറസ്റ്റില്‍' എന്നായിരുന്നു. എല്ലാം അറബിപ്പേരുള്ളവര്‍.
ഈ സംഭവം എടുത്ത് പറഞ്ഞത്, അമ്പത് വര്‍ഷം മുമ്പ് വ്യക്തിപരമായി ചെയ്തിരുന്ന കുറ്റകൃത്യങ്ങള്‍ മുസ് ലിം യുവാക്കള്‍ സംഘം ചേര്‍ന്ന് നിര്‍വഹിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് വ്യക്തമാക്കാനാണ്. മധ്യവയസ്‌കരും വയോധികരും കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നു. മുസ്‌ലിംകളുടെ വിശിഷ്യാ യുവാക്കളുടെ ധാര്‍മിക നിലവാരം ദയനീയമാണന്നല്ലേ ഇത് നല്‍കുന്ന സൂചന? ഓരോ ദിവസത്തെയും മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ പഴയ കുറ്റകൃത്യങ്ങള്‍ കൂടാതെ പുതിയ പുതിയ പല കുറ്റകൃത്യങ്ങളിലേക്കും അവര്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. കുറ്റകൃത്യങ്ങളില്‍ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും പങ്കാളികളാകുന്നുണ്ട് എന്നത് ശരി തന്നെ. പക്ഷെ, മുസ് ലിംകള്‍ ഒരാദര്‍ശ വിഭാഗമാണ്. അവര്‍ പ്രപഞ്ച സ്രഷ്ടാവില്‍ വിശ്വസിക്കുന്നു. സ്രഷ്ടാവ് അവര്‍ക്ക് ഒരു നിയമസംഹിത നല്‍കിയിട്ടുണ്ട്. ഈ നിയമസംഹിത അനുസരിച്ചാണ് അവര്‍ ജീവിക്കേണ്ടത്. അതവഗണിച്ചു ജീവിച്ചാല്‍ മരണാനന്തരം ശാശ്വത ശിക്ഷ ലഭിക്കും. ഇതൊക്കെ ദൃഢമായി വിശ്വസിക്കുന്നവരാണവര്‍.
ഈ വിശ്വാസ സംരക്ഷണത്തിന് വേണ്ടി കാക്കത്തൊള്ളായിരം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. പതിനായിരക്കണക്കില്‍ മദ്‌റസകളും കോളേജുകളും പള്ളി ദര്‍സുകളും പ്രവര്‍ത്തിക്കുന്നു. വിശ്വാസം സാക്ഷാല്‍ക്കരിച്ചു പ്രായോഗിക പരിശീലനം ലഭ്യമാക്കാന്‍ മാത്രമായി പതിനായിരക്കണക്കിന് പള്ളികളും ഈദ്ഗാഹുകളുമുണ്ട്. വിശ്വാസം ഊട്ടിയുറപ്പിച്ചു കര്‍മപഥത്തില്‍ കൊണ്ട് വരാനായി പരിശീലനം നല്‍കുന്ന വാരാന്തയോഗങ്ങളും മാസാന്തയോഗങ്ങളും വാര്‍ഷിക പരിപാടികളും പൊടിപൊടിക്കുന്നു. വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം, താലൂക്ക്, ജില്ലാ സംസ്ഥാന പരിപാടികള്‍ വേറെയും നടക്കുന്നു. ഖുര്‍ആന്‍, ഹദീസ് ദര്‍സുകളും ദിക്‌റ് ഹല്‍ഖകളും സ്വലാത്ത് മജ് ലിസുകളും ഏകദിന പ്രഭാഷണങ്ങളും ആഴ്ചകള്‍ നീളുന്ന വഅ്‌ളുകളും ഇവക്കെല്ലാം മേമ്പൊടി ചാര്‍ത്തുന്നു. ഈ വക പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വര്‍ഷാന്തം സമുദായം കോടികളാണ് ചെലവഴിക്കുന്നത്! എന്നിട്ടും കുറ്റകൃത്യങ്ങളുടെയും മൂല്യച്യുതിയുടെയും ഗ്രാഫ് ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു!
ഏറെ ദുഖകരം ഇത് ഒരു മുസ്‌ലിം സംഘടനക്കും വിഷയീഭവിച്ചിട്ടില്ല എന്നതാണ്. തരാതരം പോലെ ഓരോ സംഘടനയും എന്തെല്ലാം കാമ്പയിനുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്! മെമ്പര്‍ഷിപ്പ് കാമ്പയിന്‍, ഫണ്ട് പിരിവ് കാമ്പയിന്‍, സ്‌പെഷല്‍ ഫണ്ട് കാമ്പയിന്‍, ആദര്‍ശ കാമ്പയിന്‍, ആത്മീയ കാമ്പയിന്‍, സാഹിത്യ കാമ്പയിന്‍, വാരിക കാമ്പയിന്‍, മാസിക കാമ്പയിന്‍, വിചാര കാമ്പയിന്‍, വിപ്ലവ കാമ്പയിന്‍ ഇങ്ങനെ നീളുന്നു കാമ്പയിനുകളുടെ പട്ടിക. പക്ഷെ, കുറ്റകൃത്യങ്ങള്‍ക്കും ധര്‍മച്യുതിക്കുമെതിരെ ആരും കാമ്പയിന്‍ നടത്തിക്കാണുന്നില്ല. സമുദായ മനസ്സാക്ഷിയെ പിടിച്ചു കുലുക്കുമാറ്, കണ്ണുതള്ളിപ്പോവുന്ന അവസ്ഥയിലേക്ക് കുറ്റകൃത്യങ്ങള്‍ വളര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ വരെ അതില്‍ പങ്കാളികളാണ്.
കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ മദ്‌റസകളിലോ കോളേജുകളിലോ പഠിച്ചവരായിരിക്കും. പഠിക്കാത്തവര്‍ വിരളമായിരിക്കും.
ഖാദിമാരേ, ഖത്വീബുമാരേ, മുദര്‍റിസുകളേ, മുഅല്ലിമുകളേ, ഉലമാക്കളേ, ഉമറാക്കളേ, ശൈഖുമാരേ, ആത്മീയ ആചാര്യന്മാരേ, വാഇദുമാരേ, ഉസ്താദുമാരേ, ഉദ്‌ബോധകരേ, യുവതലമുറയെ നരകത്തിന്റെ വഴിയില്‍ ഉപേക്ഷിച്ചുകൊണ്ട് നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാമെന്ന് വ്യാമോഹിക്കുന്നുവോ? ഈ ചോദ്യം ഖുര്‍ആന്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടുണ്ട്. സമുദായത്തില്‍നിന്ന് വിശിഷ്യാ യുവതലമുറയില്‍നിന്ന് കുറ്റകൃത്യങ്ങള്‍ തടയുവാന്‍ മുസ്‌ലിം ഐക്യവേദി മുന്നോട്ട് വരികയും അവര്‍ നേതൃത്വം ഏറ്റെടുക്കുകയും വേണം. ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാം. 1) അവരുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തിലോ മഹല്ല് അടിസ്ഥാനത്തിലോ കാമ്പയിന്‍ നടത്തുക. 2) കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ മഹല്ലടിസ്ഥാനത്തില്‍ സന്നദ്ധ സേനയെ സജ്ജമാക്കുക. 3) ഓരോ മഹല്ലിലും കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരുടെ ലിസ്റ്റ് മഹല്ല് കമ്മിറ്റി തയാറാക്കുക. 4) സമയബന്ധിതമായി വളണ്ടിയര്‍മാര്‍ക്ക് -സന്നദ്ധപ്രവര്‍ത്തകര്‍ക്ക്- മഹല്ല് പരിശീലനം നല്‍കുക. 5) സന്നദ്ധ പ്രവര്‍ത്തകര്‍ സമയബന്ധിതമായി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുക. മഹല്ലിലെ മുഴുവനാളുകളും ഇവര്‍ക്ക് പ്രോത്സാഹനവും പിന്തുണയും നല്‍കണം. 6) ഓരോ ആഴ്ചയും അവലോകനം നടത്തണം. 7) കുറ്റവിമുക്തരായവരെ പുനരധിവസിപ്പിക്കാന്‍ സംവിധാനമുണ്ടാകണം. ഈ സംവിധാനങ്ങള്‍ക്ക് ഒരു പരിധി വരെ കുറ്റകൃത്യങ്ങളെ തടയാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. 


വൈജ്ഞാനിക ലോകത്തെ
വിനോദ സഞ്ചാരം

എ. സൈനുദ്ദീന്‍ കോയ, കൊല്ലം

'ടി.കെ സ്മൃതി പുസ്തക'മാണ് ഈ കുറിപ്പിന് പ്രേരകം. ടി.കെയുടെ വ്യത്യസ്ത കഴിവുകളെ വിലയിരുത്തുന്ന കുറിപ്പുകാരെല്ലാം തന്നെ അദ്ദേഹത്തിന്റെ പ്രഭാഷണ മികവിനെ അടയാളപ്പെടുത്തുന്നുണ്ട്. മികച്ച പ്രഭാഷകനെ വിശേഷിപ്പിക്കാനുപയോഗിക്കാവുന്ന, മലയാള ഭാഷയിലെ ഇരുപതില്‍പരം വിശേഷ പദങ്ങള്‍ കൊണ്ടാണ് ഈ പുസ്തകത്തില്‍ ടി.കെ അനുസ്മരിക്കപ്പെടുന്നത്. ഏറ്റവും നല്ല ആശയങ്ങള്‍ അതിനേക്കാള്‍ നല്ല പദങ്ങളുപയോഗിച്ച് ആവര്‍ത്തനമില്ലാതെ പ്രഭാഷണം നടത്തുന്ന പ്രതിഭയെന്നാണ് പ്രഭാഷകനായിരുന്ന മര്‍ഹൂം കെ.എന്‍ അബ്ദുല്ല മൗലവി മുമ്പൊരിക്കല്‍ ടി.കെയെ വിശേഷിപ്പിച്ചിരുന്നത്. ആധുനിക റിക്കോര്‍ഡിംഗ് സംവിധാനത്തിന്റെ അഭാവത്തില്‍ അദ്ദേഹം മുന്‍കാലങ്ങളില്‍ ചെയ്ത നിരവധി പ്രഭാഷണങ്ങള്‍ പിന്നീട് വന്നവര്‍ക്ക് ലഭിക്കാതെ പോയി എന്നത് ഒരു ദുഃഖമായി അവശേഷിക്കുന്നു.
'ഇമാം ഗസ്സാലി പ്രബോധനം വിശേഷാല്‍ പതിപ്പി'ന്റെ പ്രകാശന വേളയില്‍ കൊല്ലത്ത് വന്ന ടി.കെയോട് ഹജ്ജിന് അറഫാ ദിനത്തിലെ പ്രഭാഷകനായി താങ്കളെ തെരഞ്ഞെടുത്താല്‍ എന്തായിരിക്കും പറയുക എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, 'ഡോക്ടര്‍ യൂസുഫുല്‍ ഖറദാവി ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ കഴിഞ്ഞ മാസം നടത്തിയ ജുമുഅ ഖുത്വ്ബക്കു സമാനമായ ഒന്നായിരിക്കും പറയുക' എന്നാണ് പ്രതികരിച്ചത് (മുല്ലപ്പൂ വിപ്ലവ കാലമായിരുന്നല്ലോ അത്).
ഏറെ വര്‍ഷം മുമ്പ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ നടന്ന മേഖലാ പ്രവര്‍ത്തക ക്യാമ്പിലെ ചോദ്യോത്തരവേളയില്‍ പുകവലിയെ കുറിച്ച ചോദ്യത്തിന് ടി.കെയുടെ മറുപടി രസാവഹമായിരുന്നു: 'മുളകു പോലെ ഹലാലുമല്ല, മദ്യംപോലെ ഹറാമുമല്ല.' (അന്ന് പ്രവര്‍ത്തകരിലുള്‍പ്പെടെ പുകവലി വ്യാപകമായിരുന്നു).
വിജ്ഞാനത്തോടൊപ്പം വിനോദവും ചിരിയും ചിന്തയുമെല്ലാം പ്രദാനം ചെയ്യുന്നതാണല്ലോ സഞ്ചാരങ്ങള്‍. ആ അര്‍ഥത്തില്‍ 'സ്മൃതി പുസ്തക'ത്തില്‍, 'ടി.കെയുടെ കൂടെയിരുന്നു സംവദിക്കുമ്പോള്‍ ഒരു വൈജ്ഞാനിക ചിന്താ ലോകത്തിലൂടെയുള്ള വിനോദസഞ്ചാരമാണ് നമുക്ക് അനുഭവപ്പെടുന്നത്' എന്ന ഡോ. ഹസന്‍ റിദായുടെ വരികള്‍ അന്വര്‍ഥമാണ്. പ്രസ്ഥാന രംഗത്തുള്ള പുതുതലമുറ ഈ പുസ്തകം നിര്‍ബന്ധമായും വായിക്കണമെന്ന് ഗുണകാംക്ഷയോടെ ഉണര്‍ത്തുന്നു. ടി.കെയുടെ വിയോഗം സൃഷ്ടിച്ച വിടവ് ഏറ്റവും നല്ല പകരക്കാരനെ നല്‍കി അല്ലാഹു നികത്തുമാറാകട്ടെ.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 77-78
ടി.കെ ഉബൈദ്‌

ഹദീസ്‌

ഏകാഗ്രതക്ക് ഭംഗം വരുത്താതിരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി