പുതിയ കാലത്തിന് പുതിയ വ്യാഖ്യാനങ്ങള്‍
പ്രമാണപാഠങ്ങള്‍ നിര്‍ണിതം; സംഭവങ്ങള്‍ അനിര്‍ണിതം (Scripts are limited; events are unlimited) എന്ന് പറയാറുണ്ട്. ഭൗതിക ദര്‍ശനങ്ങളെ സംബന്ധിച്ചേടത്തോളം ഈ തത്ത്വം അത്ര പ്രസക്തമല്ല. കാരണം അവയില്‍ പ്രമാണ പാഠം (നസ്സ്വ്) എന്ന നിലയിലുള്ള ചിരന്തനവും ശാശ്വതവുമായ മൂല്യങ്ങളോ തത്ത്വങ്ങളോ ഉണ്ടാവണമെന്നില്ല. കാലത്തിനൊത്ത് ഏത് അടിസ്ഥാന തത്ത്വങ്ങളെയും അവര്‍ക്ക് മാറ്റിമറിക്കാം. കമ്യൂണിസം പോലുള്ള ദര്‍ശനങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങള്‍ അതിന് തെളിവാണ്. ദൈവിക ദര്‍ശനങ്ങളെ സംബന്ധിച്ചേടത്തോളം അടിസ്ഥാനങ്ങളും തത്ത്വങ്ങളും മാറുന്നില്ല. പ്രയോഗവല്‍ക്കരണത്തിന്റെ രീതികളും മറ്റുമാണ് മാറ്റങ്ങള്‍ക്ക് വിധേയമാകുന്നത്. അതിനാല്‍ തന്നെ, ഇസ്‌ലാമിനെ സംബന്ധിച്ചേടത്തോളം, പ്രമാണപാഠങ്ങളായ ഖുര്‍ആന്നോ തിരുസുന്നത്തിന്നോ ഒരു മാറ്റവും വരുന്നില്ല. മുഴുവന്‍ മനുഷ്യരാശിക്കും ലോകാവസാനം വരെയുള്ള മാര്‍ഗദര്‍ശനങ്ങളായി അവ നിലനില്‍ക്കും. അതേസമയം, അവക്ക്, പ്രത്യേകിച്ച് വിശുദ്ധ ഖുര്‍ആന്ന് ഓരോ കാലഘട്ടത്തിലും വ്യാഖ്യാനങ്ങള്‍ അനിവാര്യമായി വരും. കാരണം സംഭവബഹുലമാണ് ഓരോ കാലവും; പ്രത്യേകിച്ച് നാം ജീവിക്കുന്ന കാലം. ദിനംപ്രതി വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാനും നവംനവങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടായേ മതിയാകൂ.
അതുകൊണ്ടാണ് ഓരോ കാലത്തിനും അതിന്റേതായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടാവണമെന്ന് പറയുന്നത്. അതൊരിക്കലും പൂര്‍വികരുടെ വ്യാഖ്യാനങ്ങളെ നിരാകരിക്കലല്ല. ഇമാമുമാരായ ത്വബ്‌രി, റാസി, ഇബ്‌നുകസീര്‍ പോലുള്ള മഹാന്മാരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ സംഭാവനകളെ വില കുറച്ചു കാണിക്കലുമല്ല. ഖുര്‍ആന്റെ ആഴങ്ങളിലേക്കിറങ്ങാന്‍ ആ തഫ്‌സീറുകള്‍ / വ്യാഖ്യാനങ്ങള്‍ നമ്മെ സഹായിക്കുമെന്ന കാര്യത്തില്‍ ഒരാള്‍ക്കുമില്ല സംശയം. അപ്പോഴും തങ്ങള്‍ ജീവിച്ച കാലത്തിന്റെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളാകാനേ മനുഷ്യരെന്ന നിലക്ക് അവര്‍ക്ക് കഴിയൂ. അതുകൊണ്ടാണ് അക്കാലത്ത് കോളിളക്കം സൃഷ്ടിച്ച തത്ത്വശാസ്ത്ര - ദൈവശാസ്ത്ര തര്‍ക്കങ്ങളൊക്കെ ആ തഫ്‌സീറുകളില്‍ ഇടം പിടിച്ചത്. ഇന്ന് ആ തര്‍ക്കങ്ങള്‍ക്ക് ചരിത്രമൂല്യം മാത്രമേയുള്ളൂ. അതിനാലാണ് ഇന്നത്തെ ധൈഷണിക ചര്‍ച്ചകളെ നിരൂപണം ചെയ്യുന്ന തലത്തിലേക്ക് കൂടി ഖുര്‍ആന്‍ വ്യാഖ്യാനം വികസിക്കണമെന്ന് പറയുന്നത്. മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി തന്റെ കാലത്തെ ധൈഷണിക വെല്ലുവിളികളെ ധീരമായി നേരിട്ട് ഖുര്‍ആന്ന് വ്യാഖ്യാനമെഴുതിയ പണ്ഡിതനും നവോത്ഥാന നായകനുമാണ്. ആധുനികതയെ മുന്‍നിര്‍ത്തിയുള്ള ആ നിരൂപണങ്ങള്‍ ഇന്നും പ്രസക്തമാണെങ്കിലും പരിസ്ഥിതി പോലുള്ള പില്‍ക്കാലത്ത് പ്രാമുഖ്യം നേടിയ വിഷയങ്ങളില്‍ തൃപ്തികരമായ വിശദീകരണങ്ങള്‍ അത്തരം തഫ്‌സീറുകളില്‍ നിന്ന് ലഭിച്ചുകൊള്ളണമെന്നില്ല. ഇസ്‌ലാമിന്റെ പരിസ്ഥിതി ദര്‍ശനമാകട്ടെ ഇന്ന് വളരെ വികാസം പ്രാപിച്ച ഒരു പഠനശാഖയായി മാറുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ പുതു വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാനം നവീകരിക്കപ്പെട്ടു കൊണ്ടേയിരിക്കണം.
ഈ പുതുമകളും പരിഷ്‌കരണങ്ങളും ഖുര്‍ആന്‍ വ്യാഖ്യാന രചനയില്‍ മാത്രം ഉണ്ടാവേണ്ട ഒന്നല്ല. ഇന്ന് പലതരം കൂട്ടായ്മകള്‍ ഓഫ് ലൈനായും ഓണ്‍ലൈനായും നിരവധി ഖുര്‍ആന്‍ പഠന കോഴ്‌സുകള്‍ നടത്തി വരുന്നുണ്ട്. അറബി, ഇസ്‌ലാമിയാ കോളേജുകളിലും മറ്റും നടന്നു വരുന്ന ഔദ്യോഗിക വ്യവസ്ഥാപിത ഖുര്‍ആന്‍ പഠനങ്ങള്‍ക്ക് പുറമെയാണിത്. നാം ജീവിക്കുന്ന കാലത്തെ മുന്‍നിര്‍ത്തി പുതിയ വ്യാഖ്യാനങ്ങള്‍ ഈ കോഴ്‌സുകളില്‍ അധ്യാപകര്‍ക്ക് നല്‍കാന്‍ കഴിയുമ്പോഴാണ് പുതുതലമുറയെ നമുക്ക് ആകര്‍ഷിക്കാന്‍ കഴിയുക എന്ന് 'മജാലിസുന്നൂര്‍ ഫീ തദബ്ബുരില്‍ ഖുര്‍ആനില്‍ കരീം വ തഫ്‌സീറി ഹി' എന്ന ഖുര്‍ആന്‍ വ്യാഖ്യാന കൃതി രചിച്ച മുഹമ്മദ് അയ്യാശ് കുബൈസി പറയുന്നു. നമ്മുടെ കാലത്തെ വിഷയങ്ങളും പ്രശ്‌നങ്ങളും മുന്‍നിര്‍ത്തി അറബിയില്‍ രചിക്കപ്പെട്ട ശ്രദ്ധേയമായ ഒരു വ്യാഖ്യാനമാണിത്. കേരളത്തില്‍ അടുത്ത കാലത്ത് കണ്ടുവരുന്നത് പോലെയുള്ള വളയമില്ലാ ചാട്ടമായി ഖുര്‍ആന്‍ വ്യാഖ്യാനം മാറരുതെന്നും ചില വ്യവസ്ഥകളും തത്ത്വങ്ങളും മുറുകെ പിടിച്ചേ വ്യാഖ്യാനത്തിന് ഒരുങ്ങാവൂ എന്നും അദ്ദേഹം കര്‍ശനമായി മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
Comments