വിശുദ്ധ ഖുര്‍ആന്റെ അത്ഭുതകരമായ സംരക്ഷണം ഓര്‍മയിലും ലിഖിതത്തിലും
വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസത്തിലേക്ക് കടന്ന നാം, ദിവ്യഗ്രന്ഥത്തിന്റെ ദാര്‍ശനിക മികവും വശ്യമായ തികവും, ആ മഹാഗ്രന്ഥം എങ്ങനെ റബ്ബ് സംരക്ഷിച്ചു എന്നും സൂക്ഷ്മമായി മനസ്സിലാക്കേണ്ടതുണ്ട്. ലോകത്ത് ഒരു ഗ്രന്ഥവും സംരക്ഷിക്കപ്പെടാത്ത വിധത്തിലാണ് വിശുദ്ധ ഖുര്‍ആനെ അല്ലാഹു സംരക്ഷിച്ചത്. ആ അത്ഭുതകരമായ സംരക്ഷണം നമ്മുടെ ഓര്‍മയുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്? അല്ലാഹു നല്‍കിയ ഒരു വാഗ്ദാനം സൂറഃ അല്‍ഹിജ്‌റിന്റെ 9-ാം വചനത്തില്‍ കാണാം. إِنَّا نَحۡنُ نَزَّلۡنَا ٱلذِّكۡرَ وَإِنَّا لَهُۥلَحَـٰفِظُونَ
(തീര്‍ച്ചയായും നാമാണ് ആ ഉദ്‌ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്). ഈ ആയത്തിനെ സൂക്ഷ്മമായി പഠിച്ചു നോക്കുക. അല്ലാഹു ഇവിടെ إنا نحن نزلنا القرآن എന്നല്ല പറഞ്ഞിരിക്കുന്നത്. الذكر എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. الذكر എന്ന പദത്തിന് ഭാഷാ പണ്ഡിതന്മാര്‍ പ്രധാനമായും മൂന്ന് അര്‍ഥങ്ങളാണ് കൊടുത്തിട്ടുള്ളത്. ഒന്ന്, ഒരു കാര്യത്തെ സൂചിപ്പിക്കുന്നതിന്. രണ്ട്, ഒരു കാര്യം ഓര്‍മിക്കുന്നതിന്. മൂന്ന്, ഒരു കാര്യത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിന്. അതായത്, അല്ലാഹു ഉപയോഗിച്ച പദം ഓര്‍മയുമായി ബന്ധപ്പെട്ടതാണ് എന്നര്‍ഥം. പിന്നെ അതേ വചനത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദം സംരക്ഷണം എന്നര്‍ഥം ധ്വനിപ്പിക്കുന്ന حافظون ആണ്. ഇതേ അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആന്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ അത് ഉപയോഗിച്ചിട്ടുണ്ട്. സൂറഃ അുല്‍ മുഅ്മിനൂന്റെ 5-ാം വചനത്തില്‍; وَٱلَّذِینَ هُمۡ لِفُرُوجِهِمۡ حَـٰفِظُونَ (തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍).
സൂറഃ അല്‍ ബഖറയില്‍ നമസ്‌കാരത്തെക്കുറിച്ച്, 238-ാം വചനം:حَـٰفِظُوا۟ عَلَى ٱلصَّلَوَاتِ وَٱلصَّلَوٰةِ ٱلۡوُسۡطَىٰ وَقُومُوا۟ لِلَّهِ قَـٰنِتِینَ
(പ്രാര്‍ഥനകള്‍ -അഥവാ നമസ്‌കാരങ്ങള്‍- നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്; പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്‌കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ഥിക്കുന്നത്).
ഇതേ പ്രയോഗത്തില്‍ നിന്നുള്ള حِفظ എന്ന പദത്തിന്റെ അര്‍ഥവും 'ഓര്‍മയില്‍ സൂക്ഷിക്കുക' എന്ന് തന്നെയാണ്. നാം ഒരു കാര്യം മനഃപാഠമാക്കുന്നതിന് ഹിഫ്‌ളാക്കുക എന്നാണ് പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമുള്ള വ്യക്തിയെ നാം حافظ എന്നും വിളിക്കുന്നു.
ഖുര്‍ആന്റെ സംരക്ഷണവുമായി ബന്ധപ്പെടുത്തി പറയുന്നിടത്തെല്ലാം ഉപയോഗിച്ച പദം ഓര്‍മയുമായി ബന്ധപ്പെട്ടതാണ്. ചരിത്രാതീത കാലം മുതല്‍ നമ്മുടെ വിജ്ഞാനങ്ങളെല്ലാം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത് പ്രധാനമായും രണ്ട് രൂപത്തിലാണ്; എഴുത്തിലൂടെയും സംസാരത്തിലൂടെയും. ഇതില്‍ സംസാരത്തിലൂടെയുള്ള, വാമൊഴിയായിട്ടുള്ള സംരക്ഷണം ഒരു ദുര്‍ബല പ്രക്രിയയാണ്. കാരണം ഓരോ വ്യക്തിയില്‍ നിന്ന് കൈമാറ്റം ചെയ്യുമ്പോഴും അതിന് മാറ്റം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരാള്‍ മറ്റൊരാള്‍ക്ക് ഒരു കാര്യം കൈമാറ്റം ചെയ്യുമ്പോള്‍ ഭാഷയിലും ആശയത്തിലുമൊക്കെ അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങള്‍ കടന്നുകൂടിയിട്ടുണ്ടാവും. അങ്ങനെയത് അമ്പതാമത്തെ ആളിലേക്ക് എത്തുമ്പോഴേക്കും ആ കാര്യം ചിലപ്പോള്‍ മൊത്തമായി തന്നെ മാറിയിട്ടുണ്ടാവും. അതുകൊണ്ട് എന്തുകൊണ്ടും സുരക്ഷിതം എഴുതി സംരക്ഷിക്കുന്നത് തന്നെയാണ്.
ഈയൊരു കാര്യം മനസ്സില്‍ കണ്ടുകൊണ്ട് നാം വിശുദ്ധ ഖുര്‍ആനിലേക്ക് വരുമ്പോള്‍ കാണുന്നത് അത് സംരക്ഷിക്കപ്പെട്ടത് മുഖ്യമായും വാമൊഴിയായിട്ടായിരുന്നു എന്നതാണ്. നബി (സ) അന്ന് പാരായണം ചെയ്തത് പോലെ തന്നെ ഒരക്ഷരം പോലും വ്യത്യാസമില്ലാതെയാണ് ഇന്നും നാം പാരായണം ചെയ്യുന്നത്. എന്തുകൊണ്ട് നാമെല്ലാം ഒരേ രൂപത്തില്‍ വായിക്കുന്നു എന്ന് ചിന്തിച്ചാല്‍ മാത്രം മതി! റസൂലി(സ)ന്റെ ഹൃദയത്തിലുള്ള ഖുര്‍ആന്‍ നാവിന്‍തുമ്പിലൂടെ മധുരമായി പ്രവഹിച്ച് അത് സ്വഹാബത്തില്‍ എത്തുകയായിരുന്നു. റസൂല്‍ (സ) ഗ്രന്ഥം നോക്കി ആയിരുന്നില്ല ഖുര്‍ആന്‍ ഓതിയിരുന്നത്. അദ്ദേഹത്തിന്റെ ഹൃദയത്തിലായിരുന്നു വിശുദ്ധ ഖുര്‍ആന്‍. സൂറഃ അശ്ശുഅറാഇന്റെ 193,194 വചനങ്ങളില്‍ അല്ലാഹു പറയുന്നു: نَزَلَ بِهِ ٱلرُّوحُ ٱلۡأَمِینُ (വിശ്വസ്താത്മാവ് -ജിബ്രീല്‍- അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു).
عَلَىٰ قَلۡبِكَ لِتَكُونَ مِنَ ٱلۡمُنذِرِینَ
(നിന്റെ ഹൃദയത്തില്‍, നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ അത്). ഒരു നബിവചനത്തില്‍ ഇങ്ങനെ കാണാം: كأنه مكتوب على قلبي
(വിശുദ്ധ ഖുര്‍ആന്‍ എന്റെ ഹൃദയത്തില്‍ എഴുതപ്പെട്ടത് പോലെയാണ്). അങ്ങനെ ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കെന്ന പോലെയാണ് വിശുദ്ധ ഖുര്‍ആന്‍ കൈമാറ്റം ചെയ്യപ്പെട്ടതും സംരക്ഷിക്കപ്പെട്ടതും. നേരെത്തെ സൂചിപ്പിച്ചത് പോലെ ദിക്‌റ്, ഹാഫിളൂന്‍ എന്നീ രണ്ടു പദങ്ങള്‍ ഇതിനോട് ചേര്‍ത്ത് വായിക്കുക.
നമ്മെ സംബന്ധിച്ചേടത്തോളം ഏറ്റവും ദുര്‍ബലമായ രീതിയാണ് വാമൊഴിയായുള്ള സംരക്ഷണം. പക്ഷേ, വിശുദ്ധ ഖുര്‍ആന്റെ കാര്യത്തില്‍ അത് ഏറ്റവും ശക്തമായ ഒന്നായി മാറുകയാണ്. ഒന്ന് പുറകോട്ട് സഞ്ചരിച്ചാല്‍ നമുക്ക് മനസ്സിലാകും, സംരക്ഷിച്ചുവെക്കാനുളള ഉപകരണങ്ങളൊന്നും ആ കാലത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഒരാള്‍ തെറ്റായി ഓര്‍ത്തുവെക്കാന്‍ സാധ്യത വളരെ കൂടുതലാണ്. പ്രവാചകന്റെ കാലത്തിനു ശേഷം സ്വഹാബികള്‍ വിവിധ പ്രവിശ്യകളിലേക്ക് നീങ്ങുകയുണ്ടായി. അവിടെ പഠിപ്പിക്കുന്ന ആള്‍ക്കു തെറ്റ് വന്നാല്‍ ആ തെറ്റാകും പിന്നെ കീഴിലുള്ള എല്ലാവരും മനപ്പാഠമാക്കുക. പക്ഷേ അവയില്‍ നിന്നെല്ലാം നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വളരെ അതിശയകരമായി പടച്ച റബ്ബ് തന്റെ കലാമിനെ സംരക്ഷിച്ചിരിക്കുന്നു.
2015-ല്‍ യു.കെയിലെ ബേമിഹാം യൂനിവേഴ്‌സിറ്റി ഖുര്‍ആന്‍ ഗവേഷകര്‍ ലോകത്ത് ഏറ്റവും പഴക്കമുള്ള ഖുര്‍ആന്റെ കൈയെഴുത്ത് പ്രതി കണ്ടെടുക്കുകയുണ്ടായി. ഹിജാസി സ്‌ക്രിപ്റ്റില്‍ രചിക്കപ്പെട്ട ഏറ്റവും പഴക്കമേറിയ ഖുര്‍ആന്റെ കോപ്പിയായിരുന്നു അത്. അതവര്‍ റേഡിയോ കാര്‍ബണിന് (ഞമറശീ രമൃയീി) വിധേയമാക്കിയപ്പോള്‍ ഈ കൃതിക്ക് 1370 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് മനസ്സിലായി. ശേഷം അതവര്‍ ഇന്നത്തെ ഖുര്‍ആനുമായി ബന്ധിപ്പിച്ചപ്പോള്‍ ഒരക്ഷരം പോലും വ്യത്യാസമില്ല! ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലൂടെ ജീവിക്കുന്ന വിശുദ്ധ ഖുര്‍ആനില്‍ ഒരക്ഷരം ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ ഉടനടി അത് പിടിക്കപ്പെട്ടിരിക്കും. ഖുര്‍ആന്‍ പാരായണത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന ശന്‍ഖീത്, ഗനിയ, ഇന്തോനേഷ്യ, ജോഹന്നസ്ബര്‍ഗ്, തെക്കെ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഖുര്‍ആന്റെ പാരായണ ശാസ്ത്രമായ തജ്‌വീദ് തെറ്റിച്ചാല്‍ പോലും അത് ഉടനടി തിരുത്തുന്നത് കാണാം.
ലോകത്തിറങ്ങിയ മറ്റൊരു വേദഗ്രന്ഥവും സംരക്ഷിക്കപ്പെടാത്ത വിധമാണ് വിശുദ്ധ ഖുര്‍ആന്റെ അത്ഭുതകരമായ സംരക്ഷണം. മാത്രമല്ല, ലോകത്ത് ഏറ്റവും കൂടതല്‍ മനപ്പാഠമാക്കപ്പെട്ടത് ഖുര്‍ആനല്ലാതെ വേറെ ഏത് ഗ്രന്ഥമാണ്! ഒരു മാരക വൈറസിനാല്‍ ലോകത്തുള്ള മുഴുവന്‍ ടെക്‌നോളജിയും നശിച്ചാലും അല്ലെങ്കില്‍, മതഗ്രന്ഥങ്ങള്‍ എല്ലാം തന്നെ കത്തി നശിച്ചാലും ചുരുങ്ങിയ നേരം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ അതേപടി വീണ്ടെടുക്കാനാകും. കാരണം മുസ്‌ലിംകള്‍ ഖുര്‍ആനിനെ സൂക്ഷിച്ചതും സംരക്ഷിച്ചതും തങ്ങളുടെ ഹൃദയങ്ങളില്‍ കൂടിയാണ് എന്നുള്ളതാണ്. സൂറഃ അല്‍ അന്‍കബൂത്തിന്റെ 49-ാം വചനത്തില്‍ അല്ലാഹു പറയുന്നു: بَلۡ هُوَ ءَایَـٰتُۢ بَیِّنَـٰت فِی صُدُورِ ٱلَّذِینَ أُوتُوا۟ ٱلۡعِلۡمَۚ وَمَا یَجۡحَدُ بِـَٔایَـٰتِنَاۤ إِلَّا ٱلظَّـٰلِمُونَ
(എന്നാല്‍ ജ്ഞാനം നല്‍കപ്പെട്ടവരുടെ ഹൃദയങ്ങളില്‍ അത് സുവ്യക്തമായ ദൃഷ്ടാന്തങ്ങളാകുന്നു. അക്രമികളല്ലാതെ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയില്ല). ഖുര്‍ആന്റെ പരിശുദ്ധതക്ക് യാതൊരു കളങ്കവും ബാധിക്കാതെ സുരക്ഷിതമായിരിക്കുവാന്‍ ഇതും കാരണമാകുന്നു. ഖുര്‍ആന്‍ ജീവിക്കുന്നത് സത്യവിശ്വാസികളുടെ ഹ്യദയങ്ങളിലാണ്. മുസ്‌ലിം സംഘടനകള്‍ തമ്മില്‍ ചരിത്രപരമായും ആശയപരമായും അല്ലെങ്കില്‍ ഫിഖ്ഹീപരമായും ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പക്ഷേ ഇവര്‍ക്കാര്‍ക്കും വിശുദ്ധ ഖുര്‍ആന്റെ കാര്യത്തില്‍ ഭിന്നതയില്ല. പ്രസിദ്ധ ഓറിയന്റലിസ്റ്റ് കെന്നത്ത് ക്രയ് എഴുതുന്നു:'Quran is perhaps the only book, religious or secular, that has been memorized completely by millions of people' (ലോകത്തുള്ള ലക്ഷക്കണക്കിന് ആളുകള്‍ സമ്പൂര്‍ണമായി മനഃപാഠമാക്കിയ ഗ്രന്ഥം ഖുര്‍ആനല്ലാതെ വേറെയൊന്നും ഉണ്ടാകാനിടയില്ല). ഖുര്‍ആന്‍ വിമര്‍ശകരാണ് ഈ പറയുന്നത്. മാത്രമല്ല, അറബി ഭാഷയില്‍ പ്രാഥമിക ജ്ഞാനം പോലും ഇല്ലാത്ത എത്ര പിഞ്ചു കുഞ്ഞുങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കുന്നത്! ഇംഗ്ലീഷ് ഭാഷ അറിയാത്ത ഒരാളോട് ഷേക്‌സ്പിയറിന്റെ ഗ്രന്ഥത്തിലെ രണ്ട് പേജ് മനഃപാഠമാക്കാന്‍ പറഞ്ഞാല്‍ എന്തായിക്കും അവസ്ഥ! ഇനി മനഃപാഠമാക്കിയാല്‍ തന്നെ എത്ര നാള്‍ അയാള്‍ അത് ഓര്‍ത്തിരിക്കും!
കൃത്യമായി ഖുര്‍ആന്‍ വചനങ്ങളെ ഹൃദിസ്ഥമാക്കാന്‍ നബി(സ)യും അനുചരന്മാരും തങ്ങളുടെ ഹൃദയങ്ങളെ ചിട്ടപ്പെടുത്തിയിരുന്നു. ഖുര്‍ആനിലെ ഒരക്ഷരം പോലും നഷ്‌പ്പെടാത്ത വിധം അതീവ ശ്രദ്ധയോടും കരുതലോടും കൂടിയാണ് നബിയും കൂട്ടരും അത് ഹൃദിസ്ഥമാക്കിയത്. നബി(സ)യില്‍ നിന്നും പകര്‍ന്നു കിട്ടിയ ഓരോ വചനവും മനസ്സില്‍ കോറിയിട്ട് ഖുര്‍ആനിനെ സംരക്ഷിക്കുന്നതില്‍ സ്വഹാബാക്കളും ബദ്ധശ്രദ്ധരായിരുന്നു. അഗ്രേസരായ ഹാഫിളുകളെക്കുറിച്ച് പ്രബലമായ ഹദീസുകളില്‍ വന്നിട്ടുണ്ട്. നാലു ഖലീഫമാര്‍ക്ക് പുറമേ ത്വല്‍ഹ (റ), സഅ്ദ് (റ), അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), ഹുദൈഫ (റ), അബൂഹുറയ്‌റ (റ), ഇബ്നു ഉമര്‍ (റ), ഇബ്നു അബ്ബാസ് (റ), അംറുബ്നു ആസ്വ് (റ), അബ്ദുല്ലാഹിബ്നു അംറ് (റ), മുആവിയ (റ), അബ്ദുല്ലാഹിബ്നു സുബൈര്‍ (റ), അബ്ദുല്ലാഹിബ്നു സാഇബ് (റ), ആഇശ (റ), ഹഫ്സ (റ), ഉമ്മുസലമ (റ) എന്നിവര്‍ മുഹാജിറുകളില്‍ നിന്നും ഉബയ്യുബ്നു കഅ്ബ് (റ), മുആദുബ്നു ജബല്‍ (റ), സൈദ് ബ്നു സാബിത് (റ), അബൂദ്ദര്‍ദാഅ് (റ), മുജമ്മിഅ് ബ്നു ഹാരിസ (റ), അനസ് ബ്നു മാലിക് (റ), മസ്ലമത്തുബ്നു മുഖല്ലിദ് (റ), ഉഖ്ബതുബ്നു ആമിര്‍ (റ), തമീമുദ്ദാരി (റ), അബൂമൂസല്‍ അശ്അരി (റ), അബൂസൈദ് (റ) എന്നിവര്‍ അന്‍സ്വാരികളില്‍ നിന്നുമായിരുന്നു.
ഖുര്‍ആന്‍ സംരക്ഷണത്തിന്റെ രണ്ടാമത്തെ തലമാണ് അത് ലിഖിത രൂപത്തിലാവുക എന്നത്. വിശുദ്ധ ഖുര്‍ആന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തത് കൊണ്ട് തന്നെ ലിഖിതമായ ഈ തലത്തില്‍ അത് നഷ്ടപ്പെടാനോ കൈകടത്തലുകള്‍ക്ക് വിധേയപ്പെടാനോ നിര്‍വാഹമില്ല. ഖുര്‍ആനില്‍ തന്നെ സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക് ഈ സൂചന കാണാം. സൂറ: അല്‍ അന്‍ആമിലെ 19-ാം വചനത്തില്‍ അല്ലാഹു പറയുന്നു: وَأُوحِیَ إِلَیَّ هَـٰذَا ٱلۡقُرۡءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَۚ
(ഈ ഖുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത്, അത് മുഖേന നിങ്ങള്‍ക്കും അത് (അതിന്റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാകുന്നു).
ഇവിടെ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَۚ എന്ന പ്രയോഗം ശ്രദ്ധേയമാണ്. വിശുദ്ധ ഖുര്‍ആന്റെ ഗ്രന്ഥരൂപവും അവരിലേക്ക് കൃത്യമായി എത്തിയിരുന്നു എന്നാണിവിടെ സൂചിപ്പിക്കുന്നത്.
പ്രവാചകന്റെ കാലഘട്ടത്തില്‍ തന്നെ എല്ലാ വ്യവഹാരങ്ങളുടെയും അടിസ്ഥാനം ഖുര്‍ആനായിരുന്നു. നിയമം, ധാര്‍മികത, സദാചാരം, സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങി വിവിധങ്ങളായ വ്യവഹാരങ്ങള്‍. നബി (സ) ആവിഷ്‌കരിച്ച വിദ്യാഭ്യാസ രീതിയുടെ കാതലും ഖുര്‍ആനായിരുന്നു. നെപ്പോളിയന്‍ തന്റെ നിയമങ്ങള്‍ വ്യവസ്ഥപ്പെടുത്തിയത് ഖുര്‍ആന്‍ വെച്ചാണെന്ന് പറയാറുണ്ട്. ഇന്നും അമേരിക്കയുടെ ജുഡീഷറിയില്‍ രണ്ട് പ്രധാനപ്പെട്ട റഫറന്‍സുകളില്‍ ഒന്ന് പ്രവാചകന്‍ (സ) മദീനയില്‍ നടപ്പാക്കിയ നിയമ പരിഷ്‌കരണങ്ങളും ഖുര്‍ആന്റെ നിയമ തത്ത്വങ്ങളുമാണ്. ഇങ്ങനെ ലോകത്തിന്റെ എല്ലാ മുന്നോട്ട് പോക്കുകളിലും വിശുദ്ധ ഖുര്‍ആന്റെ ഏതെങ്കിലും തരത്തിലുള്ള ഒരംശം നമുക്ക് കാണാന്‍ കഴിയും. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിശുദ്ധ ഖുര്‍ആന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട ഒരു വലിയ പഠനം നടന്നിരുന്നു; ജര്‍മനിയിലെ ക്രിസ്തീയ പുരോഹിതന്മാരുടെ നേതൃത്വത്തില്‍. അവര്‍ ആദ്യം പഠന വിധേയമാക്കിയത് ബൈബിളായിരുന്നു. ബൈബിളിന്റെ മൂലഭാഷ അരാമിക്കാണ്. പക്ഷേ ബൈബിളിന്റെ ആദ്യത്തെ കോപ്പി കണ്ടെടുക്കാന്‍ കഴിഞ്ഞത് ഗ്രീക്ക് ഭാഷയിലായിരുന്നു. മൂല ഭാഷയിലുള്ള കൃതി നഷ്ടപ്പെട്ടതിനാല്‍, കണ്ടെടുത്തത് വിവിധങ്ങളായ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് ഉണ്ടായത്. ആഴത്തിലുള്ള പഠനത്തിന് ശേഷം അവര്‍ എത്തിച്ചേര്‍ന്ന നിഗമനം, രണ്ടു ലക്ഷത്തിലധികം വിരുദ്ധ പരാമര്‍ശങ്ങള്‍ അതിലുണ്ടെന്നാണ്. ജര്‍മനി കേന്ദീകരിച്ച്, ഖുര്‍ആനിലും വൈരുധ്യങ്ങളുണ്ടോ എന്ന അന്വേഷണമായി പിന്നെ. അങ്ങനെ അവര്‍ വിശുദ്ധ ഖുര്‍ആന്റെ 43,000 കോപ്പികള്‍ വിവിധ നാടുകളില്‍ നിന്നായി ശേഖരിച്ചു. അന്ന് പാരിസില്‍ ഉണ്ടായിരുന്ന ഗവേഷക പണ്ഡിതന്‍ ഡോ. മുഹമ്മദ് ഹമീദുല്ല പറയുന്നത്, 'ഞാന്‍ പാരിസില്‍ പഠിച്ചു കൊണ്ടിരിക്കവെ 1933-ല്‍ യൂനിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്ന ഖുര്‍ആന്‍ പുരാതന കോപ്പികള്‍ മുഴുവന്‍ ഈ ആവശ്യത്തിന് വേണ്ടി കൊണ്ടുപോയിരുന്നു' എന്നാണ്. അവ വിപുലമായ രീതിയില്‍ പഠന വിധേയമാക്കി. ബൈബിളില്‍ ഇത്രയധികം വൈരുധ്യങ്ങള്‍ കണ്ടെത്തിയ സ്ഥിതിക്ക് ഖുര്‍ആനില്‍ അതിനേക്കാള്‍ തെറ്റുകള്‍ ഉണ്ടാവും എന്ന നിഗമനത്തിലായിരുന്നു പഠനം. 'വിശുദ്ധ ഖുര്‍ആനില്‍ കലിഗ്രഫിയുടെ വ്യത്യാസമല്ലാതെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന അല്ലെങ്കില്‍ പരസ്പര വിരുദ്ധമായ ഒരൊറ്റ പരാമര്‍ശം പോലുമില്ല' എന്ന് ഒടുവില്‍ അവര്‍ക്ക് സമ്മതിക്കേണ്ടി വന്നു. വിശുദ്ധ ഖുര്‍ആന്റെ സംരക്ഷണത്തിന്റെ ഏറ്റവും വലിയ തെളിവുകളില്‍ ഒന്നാണ് അടുത്ത കാലത്ത് നടന്ന ഈ സംഭവം. ഇത്രയേറെ അതി സൂക്ഷ്മമായ പഠനങ്ങള്‍ നടന്നിട്ടും ഒരൊറ്റ വൈരുധ്യവും ഖുര്‍ആനില്‍ ഇല്ല എന്നത് തന്നെ അതിന്റെ അമാനുഷികതക്കും ദൈവികതക്കും തെളിവാണ്. അതിനെക്കുറിച്ച് ഖുര്‍ആന്‍ തന്നെ പറയട്ടെ: أَفَلَا یَتَدَبَّرُونَ ٱلۡقُرۡءَانَۚ وَلَوۡ كَانَ مِنۡ عِندِ غَیۡرِ ٱللَّهِ لَوَجَدُوا۟ فِیهِ ٱخۡتِلَـٰفا كَثِیر
(അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു- സൂറഃ അന്നിസാഅ് 82).
ചിന്താപരമായ സജീവത എല്ലാ കാലത്തും നിലനിര്‍ത്തുക എന്ന അനിതരസാധാരണമായ കാര്യം ഖുര്‍ആന് മാത്രം അവകാശപ്പെട്ടതാണ്. ഭാഷയറിയാത്ത എത്ര ആളുകളാണ് ഖുര്‍ആന്‍ സമ്പൂര്‍ണമായും മനഃപാഠമാക്കുന്നത്! ഖുര്‍ആനോടുള്ള തീവ്രമായ സ്‌നേഹം കൊണ്ട് ഒരു മനുഷ്യനത് പഠിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ അല്ലാഹു അവനത് വളരെ എളുപ്പമാക്കി കൊടുക്കും. എത്രയേറെ പാരായണം ചെയ്താലും മടുപ്പ് അനുഭവപ്പെടാത്ത ഗ്രന്ഥവുമാണത്. ഒരു നോവല്‍ അതെത്ര തന്നെ നമ്മെ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും കൂടിയാല്‍ രണ്ടോ മുന്നോ തവണ മാത്രമാണ് നാമത് വായിക്കുക. വിശുദ്ധ ഖുര്‍ആന്‍ ഓര്‍മ വെച്ച കാലം മുതലേ നാം വായിച്ചു പോരുന്നു. അത് ഓരോ തവണ വായിക്കുമ്പോഴും പുതിയ പുതിയ അറിവുകളും അനുഭൂതികളും സമ്മാനിക്കുന്നു. വ്യത്യസ്തരായ ആളുകളെ വ്യത്യസ്ത തലങ്ങളില്‍ ഒരേ ഗ്രന്ഥം സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. ഒരേ സമയം ബുദ്ധിജീവികള്‍ക്കും സാധാരണക്കാര്‍ക്കും സമീപിക്കാന്‍ കഴിയുന്ന, വക്രതയോ വളച്ചുകെട്ടോ ഇല്ലാത്ത, കെട്ടുപിണയലോ ചുറ്റിത്തിരിയലോ ഇല്ലാത്ത, പടച്ച റബ്ബിന്റെ വരദാനം!
Comments