പാകിസ്താന്‍ പരാജയപ്പെട്ട പരീക്ഷണം?
കീഴ്‌വഴക്കമനുസരിച്ചാണെങ്കില്‍ പാകിസ്താന്‍ ഒരിക്കല്‍ കൂടി പട്ടാള ബൂട്ടുകളില്‍ അമരേണ്ടതാണ്. രാഷ്ട്രീയാനിശ്ചിതത്വത്തില്‍ കുരുങ്ങി രാജ്യത്തെ ആരാണ് നയിക്കുക എന്ന് തീരുമാനിക്കാന്‍ വയ്യാത്ത സാഹചര്യത്തിലാണ് 1958-ല്‍ മുഹമ്മദ് അയ്യൂബ് ഖാനും 1969-ല്‍ യഹ്‌യാ ഖാനും 1977-ല്‍ സിയാഉല്‍ ഹഖും പിന്നീട് ജനറല്‍ മുശര്‍റഫും അധികാരം പിടിച്ചെടുത്തതും പട്ടാള ഭരണം അടിച്ചേല്‍പിച്ചതും. ഇത്തവണ പക്ഷേ ക്രിക്കറ്റര്‍ ഇംറാന്‍ ഖാന് നാഷ്‌നല്‍ അസംബ്ലിയില്‍ ഭൂരിപക്ഷം നഷ്ടമായെന്നും ഒമ്പത് പാര്‍ട്ടികളുടെ സംയുക്ത പ്രതിപക്ഷം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരുന്ന അവിശ്വാസ പ്രമേയം പാസ്സാവുമെന്നും ഉറപ്പായ നിര്‍ണായക ഘട്ടത്തില്‍ പട്ടാളം ഇടപെട്ടില്ല. സൈന്യാധിപന്‍ ജാവീദ് ബജ്‌വ മുന്‍ സൈനിക മേധാവികളുടെ ദുരനുഭവങ്ങളില്‍ പാഠം പഠിച്ചത് കൊണ്ടോ താനാഗ്രഹിക്കുന്ന വിധം പാകിസ്താനെ കൊണ്ടുപോവുക വിഷമകരമാവുമെന്ന് ദീര്‍ഘ ദര്‍ശനം ചെയ്തത് കൊണ്ടോ എന്നറിയില്ല ബാരക്കുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ സൈന്യത്തെ അനുവദിച്ചിട്ടില്ല. പട്ടാളത്തില്‍തന്നെയുള്ള ഭിന്നതകളാണ് തല്‍ക്കാലം ഈ വിട്ടുനില്‍ക്കലിന് കാരണമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
2018-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഇംറാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി ജയിച്ചുകയറിയപ്പോഴാണ് ഏതാനും ചെറിയ പാര്‍ട്ടികളുടെ പിന്തുണയോടെ പ്രധാനമന്ത്രിപദത്തിലിരിക്കാനുള്ള അവസരം അദ്ദേഹത്തിന് കൈവന്നത്. അഴിമതിക്കും സ്വജന പക്ഷപാതിത്വത്തിനുമെതിരായ പോരാട്ടമായിരുന്നു തന്റെ ദൗത്യമായി ഇംറാന്‍ പ്രഖ്യാപിച്ചിരുന്നത്. ക്രിക്കറ്റ് പീച്ചിലെ അഭിമാനാര്‍ഹമായ ക്യാപ്റ്റന്‍സി സമ്മാനിച്ച ജനസമ്മിതിയും മാറ്റം ആഗ്രഹിച്ചവരുടെ സൗമനസ്യവും പട്ടാളത്തിന്റെ പിന്തുണയും ഒത്തുവന്നപ്പോള്‍ ഇംറാന്‍ ഖാന്‍ തന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി എന്ന് പറയുന്നതാവും ശരി. പാകിസ്താന്‍ മുസ്‌ലിം ലീഗിന്റെ വലിയ കഷ്ണം തട്ടിയെടുക്കുന്നതില്‍ വിജയിച്ച പഞ്ചാബിലെ വന്‍ വ്യവസായി നവാസ് ശരീഫിന്റെ വിദേശ ബാങ്ക് നിക്ഷേപങ്ങളുടെ ഭീമമായ കണക്കുകള്‍ പാനമ രേഖകള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷത്തെ വന്‍തോക്കിനെ പിടികൂടാന്‍ ഇംറാന് അവസരം കൈവന്നു. കോടതി നവാസ് ശരീഫിനെ ജയിലിലടച്ചു. ചൈനയുമായുള്ള ശീതയുദ്ധം മൂര്‍ഛിക്കെ ഇന്ത്യയെ ഒപ്പം കൂട്ടുന്നതില്‍ വിജയിച്ച അമേരിക്കക്കെതിരെ നിലപാട് കര്‍ക്കശമാക്കിയ ഇംറാന്‍ ചൈനയോടൊപ്പം നിലയുറപ്പിക്കുക കൂടി ചെയ്തതോടെ വിദേശ നയത്തിലും മാറ്റം പ്രകടമായി. ഒരേസമയം അമേരിക്കയെയും ഇന്ത്യയെയും എതിര്‍ത്തും ചൈനയോടൊപ്പം ചേര്‍ന്നും പാകിസ്താന്റെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് താനാണെന്ന് പാക് ജനതയെ ധരിപ്പിക്കാന്‍ ഇംറാന്‍ നടത്തിയ ശ്രമം ഒട്ടൊക്കെ വിജയിക്കാതെയുമിരുന്നില്ല. പക്ഷേ ആഭ്യന്തര രംഗത്തെ വിലക്കയറ്റവും വര്‍ധിത തൊഴിലില്ലായ്മയും ജനങ്ങളുടെ അസംതൃപ്തി വളര്‍ത്തിയപ്പോള്‍ സ്വീകരിച്ച പരിഹാര നടപടികള്‍ ഫലവത്തായില്ല. വായ്പക്കായി അന്താരാഷ്ട്ര നാണയ നിധിയോട് നടത്തിയ ചര്‍ച്ചകള്‍ ലക്ഷ്യം കണ്ടില്ല. ഇതില്‍നിന്ന് മുതലെടുത്ത പ്രധാന പ്രതിപക്ഷ കക്ഷികളായ മുസ്‌ലിം ലീഗും (എന്‍) പി.പി.പിയും ഇളക്കിവിട്ട പ്രക്ഷോഭം നാഷ്‌നല്‍ അസംബ്ലിയില്‍ പിന്തുണച്ചുവന്ന ജംഇയ്യത്ത് ഉലമായെ ഇസ്‌ലാം, എം.ക്യു.എം (പി), ബലൂചിസ്താന്‍ അവാമി പാര്‍ട്ടി, പി.എം.എന്‍ (ക്യു) ജംഹൂരി വത്വന്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ പിന്തുണ ഇംറാന്‍ ഖാന് നഷ്ടപ്പെടുത്തി. 372 അംഗ നാഷ്‌നല്‍ അസംബ്ലിയില്‍ ഇംറാന്റെ പാര്‍ട്ടി അംഗങ്ങള്‍ 155 മാത്രമായിരുന്നതിനാല്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. പി.ടി.ഐയിലെ തന്നെ വിമതര്‍ തലവേദന സൃഷ്ടിക്കാന്‍ പോവുകയാണെന്ന് കൂടി കണ്ടതോടെയാണ്, 'അവനെന്നെ രാത്രിഭക്ഷണമാക്കുന്നതിന് മുമ്പേ ഞാനവനെ ഉച്ചഭക്ഷണമാക്കി' എന്ന അറബി പഴമൊഴിയെ അന്വര്‍ഥമാക്കിക്കൊണ്ട് ഇംറാന്‍ തന്റെ മികച്ച കളി പുറത്തെടുത്തത്. അവിശ്വാസ പ്രമേയം നാഷ്‌നല്‍ അസംബ്ലിയില്‍ അവതരിപ്പിക്കപ്പെടുന്നതിന് മുമ്പേ അത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സഭാധ്യക്ഷ സ്ഥാനത്തിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ സഭ പിരിച്ചുവിടുകയായിരുന്നു (സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് കൊടുത്തതിനാലാണ് ഇംറാനോട് കൂറുള്ള ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ആ നിര്‍ണായക യോഗത്തില്‍ ചെയറിലിരിക്കാന്‍ അവസരമൊരുങ്ങിയത്). സഭയില്‍ ഹാജരാവാതെ നാഷ്‌നല്‍ അസംബ്ലി പിരിച്ചുവിടാനും 90 ദിവസങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് നടത്താനുമുള്ള പ്രഖ്യാപനം പ്രസിഡന്റിനെ കൊണ്ട് നടത്തിക്കാന്‍ ഇംറാന്‍ ഖാന് കഴിഞ്ഞത് പ്രതിപക്ഷത്തെ ശരിക്കും വെട്ടിലാക്കി. പക്ഷേ പ്രസിഡന്റിന്റെ വിളംബരം റദ്ദാക്കാനും മുന്‍നില പുനഃസ്ഥാപിക്കാനും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷം. പട്ടാളത്തില്‍നിന്ന് സീല്‍ ചെയ്ത കവര്‍ യഥാസമയം സുപ്രീം കോടതിക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നിരിക്കെ ഒട്ടൊക്കെ സ്വതന്ത്രമായൊരു വിധി പരമോന്നത കോടതിയില്‍നിന്ന് പുറത്ത് വരാം.
മുക്കാല്‍ നൂറ്റാണ്ട് മുമ്പ് ഇന്ത്യാ വിഭജന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ദല്‍ഹിയില്‍ സമ്മേളിച്ച സന്ദര്‍ഭം. സംഘടനയുടെ സാരഥി മൗലാനാ അബുല്‍ കലാം ആസാദ് അവസാന നിമിഷം വരെ പാകിസ്താന്‍ രൂപവത്കരണത്തെ എതിര്‍ത്തുവെങ്കിലും ഗാന്ധിജിയും നെഹ്‌റുവും ഗത്യന്തരമില്ലാതെ വിഭജന വാദത്തിന് വഴങ്ങേണ്ടിവന്നതോടെ പാകിസ്താന്‍ രൂപവത്കരണത്തിന് പച്ചക്കൊടിയായി. നിരാശനും ദുഃഖിതനുമായ മൗലാന യോഗം അവസാനിച്ച അര്‍ധരാത്രിതന്നെ വേദി വിട്ടിറങ്ങി നേരെ ലിയാഖത്ത് അലിഖാന്റെ വസതി ലക്ഷ്യമാക്കി നടന്നു. നവ രാഷ്ട്ര ശില്‍പി മുഹമ്മദലി ജിന്നയുടെ വലംകൈ ആയിരുന്നല്ലോ ലിയാഖത്ത്. പാതിരാത്രിയില്‍ മൗലാന ലിയാഖത്തിന്റെ വീട്ടിലെത്തി കോളിംഗ് ബെല്‍ അമര്‍ത്തി. ഉറക്കച്ചടവോടെ ബീഗം റഅന്നാ ലിയാഖത്ത് വന്ന് വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ മൗലാനാ ആസാദ്! 'അങ്ങ് ഈ അസമയത്ത്..' 'ഉടനെ ചെന്ന് ലിയാഖത്തിനെ വിളിച്ചു കൊണ്ടുവാ' ആസാദിന്റെ ഉത്തരവ്. 'അദ്ദേഹം ഉറങ്ങുകയാണ്' ബീഗത്തിന്റെ മറുപടി. 'പോയി ആസാദ് വന്നിട്ടുണ്ടെന്ന് പറയൂ!' പത്‌നി അകത്തേക്ക് പോയി ലിയാഖത്തിനോട് വിവരം പറഞ്ഞു. അദ്ദേഹം പെട്ടെന്ന് എഴുന്നേറ്റ് മൗലാനയുടെ മുന്നിലെത്തി. 'ലിയാഖത്ത്, താങ്കള്‍ വിജയിച്ചിരിക്കുന്നു. ഞാന്‍ തോറ്റു. പക്ഷേ, ഒന്നോര്‍ത്തോളൂ. ഹിന്ദുസ്താന്‍ ഒരു യാഥാര്‍ഥ്യമാണ്. പാകിസ്താന്‍ ഒരു സ്വപ്‌നവും. ഏത് വിധേനയും ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്.' ആസാദ് മടങ്ങി. 75 വര്‍ഷങ്ങള്‍ക്ക് ശേഷവും ജിന്നയോ ലിയാഖത്തോ സ്വപ്‌നം കണ്ട 'പുണ്യഭൂമി' യാഥാര്‍ഥ്യമായോ എന്ന് ആലോചിക്കുമ്പോള്‍ ഒരുവേള പാകിസ്താനിലെ രാജ്യതന്ത്രജ്ഞര്‍ പോലും തൃപ്തികരമായ മറുപടിക്ക് വിഷമിക്കും. ജനാധിപത്യപരമായ ഒരു സുസ്ഥിര രാഷ്ട്രീയ വ്യവസ്ഥ സ്ഥാപിച്ചെടുക്കുന്നതില്‍ അയല്‍രാജ്യത്തെ രാഷ്ട്രീയ നേതൃത്വവും പട്ടാളവും ഒരുപോലെ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. 1973-ല്‍ ഭൂട്ടോ ഭരണകാലത്ത് ഒരു ഇസ്‌ലാമിക ജനാധിപത്യ ഭരണഘടന പാസ്സാക്കിയെടുക്കാന്‍ ദേശീയ അസംബ്ലിക്ക് കഴിഞ്ഞുവെങ്കിലും ഇന്നേവരെ കാലാവധി തികക്കാന്‍ ശേഷിയുള്ള ഒരു ജനകീയ സര്‍ക്കാറും ആ രാജ്യം ഭരിച്ചിട്ടില്ല. ജനിതക വൈകല്യമാണ് ആഴത്തില്‍ അന്വേഷിച്ചാല്‍ കണ്ടെത്താവുന്ന കാരണം. അമേരിക്കയുടെ സാമ്പ്രദായിക കുരുക്കില്‍നിന്ന് ഒരല്‍പം മാറി ചൈനയുമായും റഷ്യയുമായും ബന്ധം ശക്തിപ്പെടുത്തി സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇംറാന്‍ ഖാന്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തിയതാരാണ്? അമേരിക്കയോ പട്ടാളമോ, ഇംറാന്റെ തന്നെ പിടിപ്പുകേടുകളോ, അതല്ല പാര്‍ട്ടികളുടെ സങ്കുചിത താല്‍പര്യങ്ങളോ? വരും ദിവസങ്ങള്‍ ഒരുവേള ഉത്തരം തരുമായിരിക്കും.
Comments