Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 15

3248

1443 റമദാന്‍ 13

ക്രിയകളുടെ കാലമാറ്റം ഖുര്‍ആനില്‍

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്

വിശുദ്ധ ഖുര്‍ആന്റെ സാഹിതീയ മനോഹാരിത വിളിച്ചറിയിക്കുന്നതാണ് ഭൂത ഭാവി വര്‍ത്തമാന ക്രിയകളെ അസാധാരണമായി കൂട്ടിയിണക്കിയുള്ള അതിന്റെ അവതരണം. ആശയങ്ങളെ വ്യക്തവും ശക്തവുമായി വായനക്കാരെ ബോധ്യപ്പെടുത്തുന്നതിനാണിത്. അറബി ഭാഷയുടെ ഇത്തരം സാധ്യതകളെ വിശുദ്ധ ഖുര്‍ആന്‍ അത്യധികം ഉപയോഗപ്പെടുത്തുന്നുണ്ട്. ഭൂതകാല ക്രിയകളെ ഭാവികാല ക്രിയകളായും തിരിച്ചുമുള്ള വിശുദ്ധ ഖുര്‍ആന്റെ പ്രയോഗം ഏറെ ആസ്വാദ്യകരമാണ്.
ഖുര്‍ആന്റെ ഈ അവതരണ കല ബോധ്യപ്പെടുമ്പോഴാണ് അതേറെ അനുഭൂതിദായകമാവുന്നത്. ഇബ്‌നു ഖുതൈബ എഴുതി: ''ധാരാളം ചിന്തിക്കുകയും വിജ്ഞാനം വിശാലമാവുകയും ചെയ്തവര്‍ക്കേ വിശുദ്ധ ഖുര്‍ആന്റെ മഹിമയും പൊലിമയും ഗ്രഹിക്കാനാവൂ. അവര്‍ അറബികളുടെ ഭാഷാ വീക്ഷണങ്ങളും അവരുടെ വിവിധ ശൈലികളും നന്നായി മനസ്സിലാക്കേണ്ടതുണ്ട്. മുഴുവന്‍ ഭാഷകളേക്കാളും അറബി ഭാഷക്ക് അല്ലാഹു നല്‍കിയ വ്യതിരിക്തതകളും പ്രത്യേകതകളും അറിയേണ്ടതുണ്ട്. അറബി ഭാഷക്ക് നല്‍കപ്പെട്ടത് പോലെ വചന ചാരുതയും സാഹിത്യ സൗന്ദര്യവും മറ്റൊരു ഭാഷക്കും നല്‍കപ്പെട്ടിട്ടില്ല.'' (തഅ്‌വീലു മുശ്കിലില്‍ ഖുര്‍ആന്‍)

ഭാവികാലക്രിയകള്‍ക്ക് പകരം ഭൂതകാലക്രിയകള്‍

ചില വാക്യങ്ങളില്‍ ഭാവികാല ക്രിയകളുടെ സ്ഥാനത്ത് ഭൂതകാല ക്രിയകളാണ് വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്. ഇതിന്റെ സാംഗത്യത്തെക്കുറിച്ച് ഇമാം അല്‍ ആലൂസി ഇപ്രകാരം എഴുതി: ''സംഭവിക്കും എന്ന് അല്ലാഹു അറിഞ്ഞ കാര്യങ്ങള്‍ അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം യഥാര്‍ഥത്തില്‍ ഭൂതകാല ക്രിയയെപ്പോലെയാണ്. അത് കൊണ്ടാണ് ധാരാളം വാക്യങ്ങളില്‍ ഭാവി വര്‍ത്തമാന ക്രിയകള്‍ക്ക് പകരം ഭൂതകാല ക്രിയകള്‍ പ്രയോഗിച്ചിട്ടുള്ളത്.''
ഇബ്‌നുല്‍ അസീര്‍ എഴുതി: ''ഭാവികാല ക്രിയക്ക് പകരം ഭൂതകാല ക്രിയയാണ് പ്രയോഗിച്ചതെങ്കില്‍ അപ്രകാരം സംഭവിക്കും എന്നതിന്റെ പ്രബലമായ പ്രഖ്യാപനം കൂടിയാണ്. കാരണം ഭൂതകാല ക്രിയ സംഭവിച്ചു കഴിഞ്ഞു എന്നാണ് സൂചിപ്പിക്കുന്നത്. സംഭവിക്കുമെന്നുറപ്പുള്ള മഹാ സംഭവങ്ങളാവുമ്പോഴാണ് ഇപ്രകാരം പ്രയോഗിക്കാറുള്ളത്.''
ഇത്തരം പ്രയോഗങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ ധാരാളം കാണാം.
തിരുമേനി (സ) യുടെ  ഹിജ്റയെ സംബന്ധിച്ച് അല്ലാഹു അരുളി:
أَتَىٰٓ أَمْرُ ٱللَّهِ فَلَا تَسْتَعْجِلُوهُ ۚ  (അല്ലാഹുവിന്റെ തീരുമാനം വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളിനി അതിന് ധൃതികാണിക്കേണ്ടതില്ല -16:1). ഇവിടെ വരാനിരിക്കുന്ന പലായനത്തിനുള്ള അനുവാദത്തെയാണ് أَتَىٰٓ أَمْرُ ٱللَّهِ  എന്ന് പറയുന്നത്. വരുമെന്ന കാര്യം വളരെ ഉറപ്പാണ് എന്ന് സൂചിപ്പിക്കാനാണിത്.

അന്ത്യദിനത്തിലെ കാഹളമൂത്തിനെക്കുറിച്ച് അല്ലാഹു അരുളി:  وَيَوْمَ يُنفَخُ فِى ٱلصُّورِ فَفَزِعَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ (കാഹളം ഊതപ്പെടുന്ന ദിനം. അപ്പോള്‍ ആകാശഭൂമികളിലുള്ളവരെല്ലാം പേടിച്ചരണ്ടു -27:87). ഇവിടെ പേടിച്ചരണ്ടു (فَفَزِعَ)  എന്ന് ഭൂതകാല ക്രിയയില്‍ പ്രയോഗിച്ചത് അപ്രകാരം സംഭവിക്കുമെന്നതില്‍ ഒരാളും സംശയിക്കേണ്ടതില്ല എന്ന് അറിയിക്കാനാണ്.
ഇതേ ആശയം മറ്റൊരു വാക്യത്തില്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: وَنُفِخَ فِى ٱلصُّورِ فَصَعِقَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌۭ يَنظُرُونَ

(കാഹളത്തില്‍ ഊതപ്പെട്ടു. അപ്പോള്‍ ആകാശഭൂമികളിലുള്ളവരൊക്കെ ചലനമറ്റവരായിത്തീര്‍ന്നു. അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് വീണ്ടുമൊരിക്കല്‍ കാഹളത്തിലൂതപ്പെട്ടു. അപ്പോഴതാ എല്ലാവരും എഴുന്നേറ്റ് നോക്കാന്‍ തുടങ്ങുന്നു -39:68). ഇവിടെ കാഹളമൂത്തിന്റെ സംഭവ്യത മനസ്സുകളില്‍ ദൃഢരൂഢമാക്കാനാണ് ഭാവികാല സംഭവങ്ങളെ ഭൂതകാലത്ത് സംഭവിച്ചത് പോലെ പറയുന്നത്.
ഭക്തരെ സ്വര്‍ഗത്തിലേക്ക് ആനയിക്കുന്ന രംഗം വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു: وَسِيقَ ٱلَّذِينَ ٱتَّقَوْا۟ رَبَّهُمْ إِلَى ٱلْجَنَّةِ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتْ أَبْوَٰبُهَا وَقَالَ لَهُمْ خَزَنَتُهَا سَلَـٰمٌ عَلَيْكُمْ طِبْتُمْ فَٱدْخُلُوهَا خَـٰلِدِينَ

(തങ്ങളുടെ നാഥനോട് ഭക്തി പുലര്‍ത്തിയവര്‍ സ്വര്‍ഗത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെട്ടു. അങ്ങനെ അവരവിടെ എത്തിയപ്പോള്‍ അതിന്റെ വാതിലുകള്‍ അവര്‍ക്കായി തുറന്നുവെച്ചു. അതിന്റെ കാവല്‍ക്കാര്‍ അവരോട് പറഞ്ഞു: 'നിങ്ങള്‍ക്കു സമാധാനം. നിങ്ങള്‍ക്കു നല്ലതു വന്നിരിക്കുന്നു. സ്ഥിരവാസികളായി നിങ്ങളിതില്‍ പ്രവേശിക്കുവിന്‍!'' -39:73).
നിഷേധികളെ നരകത്തിലേക്ക് നയിക്കുന്ന രംഗവും ഇപ്രകാരം വിശദീകരിക്കുന്നു:وَسِيقَ ٱلَّذِينَ كَفَرُوٓا۟ إِلَىٰ جَهَنَّمَ زُمَرًا ۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتْ أَبْوَٰبُهَا
    (സത്യനിഷേധികള്‍ കൂട്ടംകൂട്ടമായി നരകത്തീയിലേക്ക് നയിക്കപ്പെട്ടു. അങ്ങനെ അവര്‍ അതിനടുത്തെത്തിയപ്പോള്‍ അതിന്റെ കവാടങ്ങള്‍ തുറക്കപ്പെട്ടു -39:71).
ഇവിടെയെല്ലാം ക്രിയകളെ ഭൂതകാലത്തില്‍ പ്രയോഗിച്ചത്, സംഭവിക്കുമെന്നുള്ള ദൃഢബോധ്യം വിശ്വാസികളില്‍ ജനിപ്പിക്കുവാനാണ്. അബദ്ധ ആദര്‍ശങ്ങളാല്‍ പടുത്തുയര്‍ത്തപ്പെട്ട പ്രസ്ഥാനങ്ങളിലെ നേതാക്കളുടെയും നീതന്‍മാരുടെയും പരലോകത്തിലെ അവസ്ഥയെ വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു: إِذْ تَبَرَّأَ ٱلَّذِينَ ٱتُّبِعُوا۟ مِنَ ٱلَّذِينَ ٱتَّبَعُوا۟ وَرَأَوُا۟ ٱلْعَذَابَ وَتَقَطَّعَتْ بِهِمُ ٱلْأَسْبَابُ

(ഭൂമിയില്‍ പിന്തുടരപ്പെട്ടവര്‍ പിന്തുടരുന്നവരില്‍നിന്ന് ഒഴിഞ്ഞുമാറുകയും അവര്‍ക്കുള്ള ശിക്ഷ നേരില്‍ കാണുകയും അന്യോന്യമുള്ള ബന്ധം അറ്റുപോവുകയും ചെയ്ത സന്ദര്‍ഭം! -2:166). ഇവിടെയും ഇത്തരമൊരു രംഗം സമാഗതമാവുമെന്നതില്‍ ഒരാളും സംശയിക്കേണ്ടതില്ല എന്ന് ധ്വനിപ്പിക്കാനാണ് ക്രിയകളെല്ലാം ഭൂതകാലമാക്കിയത്.
അന്ത്യദിനത്തിന്റെ ഭയാനകതയെ വിശുദ്ധ ഖുര്‍ആന്‍ ചിത്രീകരിക്കുന്നതിപ്രകാരമാണ്: وَيَوْمَ نُسَيِّرُ ٱلْجِبَالَ وَتَرَى ٱلْأَرْضَ بَارِزَةًۭ وَحَشَرْنَـٰهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًۭا

(നാം പര്‍വതങ്ങളെ ചലിപ്പിക്കുന്ന ദിവസം. അപ്പോള്‍ ഭൂമി തെളിഞ്ഞ് തരിശായതായി നിനക്കു കാണാം. അന്ന് അവരെയൊക്കെയും നാം ഒരുമിച്ചുകൂട്ടി. അവരിലാരെയും ഒഴിവാക്കുകയില്ല -18:47). ഇതില്‍   وَحَشَرْنَـٰهُمْ  (അന്ന് അവരെയൊക്കെയും നാം ഒരുമിച്ചുകൂട്ടി) ഒഴികെയുള്ള ക്രിയകളെല്ലാം ഭാവികാല ക്രിയകളാണ്. മാനവകുലത്തെയാകമാനം ഒരിടത്ത് സമ്മേളിപ്പിക്കുന്ന അത്യപൂര്‍വ സന്ദര്‍ഭത്തിന് പ്രത്യേകം ഊന്നല്‍ നല്‍കുന്നതിനാണ് അതിനെ മാത്രം ഭൂതകാല ക്രിയയാക്കിയത്.

ഭൂതകാലത്തിന് പകരം ഭാവികാലം

ഇത് പോലെ ഭൂതകാല ക്രിയകള്‍ക്ക് പകരം  ഭാവികാല ക്രിയകളെ പ്രയോഗിച്ചതായും കാണാം. ഇതിന്റെ കാരണം പ്രഗത്ഭ പണ്ഡിതന്‍ ഇബ്‌നുല്‍ അസീര്‍ ഇപ്രകാരം വിശദീകരിക്കുന്നു: ''നേരത്തേ നടന്ന ഒരു പ്രവര്‍ത്തനത്തെ ഭാവികാല ക്രിയയായി അവതരിപ്പിക്കുന്നതിന് ഏറെ മനോഹാരിതയുണ്ട്. കാരണം ശ്രോതാക്കളുടെ കണ്ണുകള്‍ക്ക് ദൃശ്യമാവുന്ന ഒരു പ്രതീതി അത് മുഖേനയുണ്ടാവുന്നു.''
ഇമാം സമഖ്ശരി ഈ ശൈലിയെ  “حكاية الحال”  (വര്‍ത്തമാനത്തിന്റെ ആഖ്യാനം) എന്നാണ് വിളിച്ചിരിക്കുന്നത്. കാറ്റ് കാര്‍മേഘത്തെ ചലിപ്പിച്ച് വിവിധയിടങ്ങളില്‍ മഴ വര്‍ഷിപ്പിക്കുന്നതിനെ വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം വര്‍ണിക്കുന്നു: وَٱللَّهُ ٱلَّذِىٓ أَرْسَلَ ٱلرِّيَـٰحَ فَتُثِيرُ سَحَابًۭا فَسُقْنَـٰهُ إِلَىٰ بَلَدٍۢ مَّيِّتٍۢ فَأَحْيَيْنَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ كَذَٰلِكَ ٱلنُّشُورُ

(കാറ്റുകളെ അയച്ചവന്‍ അല്ലാഹുവാണ്. അങ്ങനെ അത് മേഘത്തെ തള്ളിനീക്കും. പിന്നീട് നാമതിനെ മൃതമായ നാട്ടിലേക്ക് നയിച്ചു. അതുവഴി നാം ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥക്കുശേഷം ജീവനുള്ളതാക്കി. അവ്വിധം തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പും -35:9).
ഈ വാക്യത്തിലെ ഒന്നൊഴികെ എല്ലാ ക്രിയകളും  ഭൂതകാല ക്രിയകളാണ്. فَتُثِيرُ എന്ന ക്രിയ മാത്രമാണ് ഭാവി/വര്‍ത്തമാനക്രിയ. ഈ വാക്യത്തെ വിശദീകരിച്ച് ഇമാം സമഖ്ശരി എഴുതി: ''എന്ത് കൊണ്ടാണ്  تُثِيرُ മാത്രം മുദാരി (ഭാവികാല ക്രിയ) ആയത് എന്ന് ചോദിക്കാം. ഉത്തരമിതാണ്: കാറ്റ് മേഘത്തെ ഇളക്കിമറിക്കുന്ന രംഗം വിവരിക്കാനാണിത്. ഈ സുന്ദര കാഴ്ചയുടെ ചിത്രം സര്‍വ ശക്തനായ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ബോധ്യപ്പെടുത്തുന്നു.''
ശിര്‍ക്ക് ചെയ്യുന്നവന്റെ ഉപമ അല്ലാഹു ചിത്രീകരിക്കുന്നത് ഇപ്രകാരമാണ്: وَمَن يُشْرِكْ بِٱللَّهِ فَكَأَنَّمَا خَرَّ مِنَ ٱلسَّمَآءِ فَتَخْطَفُهُ ٱلطَّيْرُ أَوْ تَهْوِى بِهِ ٱلرِّيحُ فِى مَكَانٍۢ سَحِيقٍۢ

(അല്ലാഹുവിന് പങ്കാളികളെ കല്‍പിക്കുന്നവന്‍ ആകാശത്തുനിന്ന് വീണവനെപ്പോലെയാണ്. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിയെടുക്കുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ ഏതെങ്കിലും വിദൂരദിക്കില്‍ കൊണ്ടുപോയിത്തള്ളുന്നു -22:31).
ഇവിടെ  فَتَخْطَفُهُ ,تَهْوِى എന്നിവയുടെ ഭൂതകാലക്രിയകളാണ് സാധാരണ രീതിയില്‍ പ്രയോഗിക്കേണ്ടിയിരുന്നത്. പക്ഷി റാഞ്ചിയെടുക്കുന്നതിന്റെയും കാറ്റ് വിദൂരദിക്കില്‍ കൊണ്ടുപോയിത്തള്ളുന്നതിന്റെയും ചിത്രം മനസ്സില്‍ തെളിയുന്നതിന് വേണ്ടിയാണ് ക്രിയകളെ വര്‍ത്തമാനകാല ക്രിയകളാക്കിയത്.
ബനൂ ഇസ്‌റാഈലുകാരുടെ ധിക്കാര സ്വഭാവങ്ങളെ വിവരിച്ച് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പറഞ്ഞു:

أَفَكُلَّمَا جَآءَكُمْ رَسُولٌۢ بِمَا لَا تَهْوَىٰٓ أَنفُسُكُمُ ٱسْتَكْبَرْتُمْ فَفَرِيقًۭا كَذَّبْتُمْ وَفَرِيقًۭا تَقْتُلُونَ (നിങ്ങളുടെ ഇഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തുകൊണ്ടിരുന്നു -2:87). ഇവിടെ تَقْتُلُونَ  എന്ന ക്രിയ മാത്രം വര്‍ത്തമാന കാലത്തില്‍ പറയാന്‍ കാരണം പ്രവാചകന്മാരെ വധിക്കുക എന്ന അവരുടെ ഏറെ നികൃഷ്ടമായ സ്വഭാവം കണ്ണുകളില്‍ തെളിഞ്ഞ് വരുന്നതിന് വേണ്ടിയാണ്.
വേറെയും ഉദ്ദേശ്യങ്ങള്‍ക്കായി ഭൂതകാലക്രിയയോട് വര്‍ത്തമാന ക്രിയയെ ചേര്‍ത്ത് പറയാറുണ്ട്. സന്ദര്‍ഭങ്ങളില്‍ നിന്നാണ് അവയുടെ ആശയം ഗ്രഹിക്കാനാവുക.
മഴ വര്‍ഷിച്ച് ഭൂമി സസ്യശ്യാമളമാവുന്നതിനെ വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം ചിത്രീകരിക്കുന്നു:

أَلَمْ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءًۭ فَتُصْبِحُ ٱلْأَرْضُ مُخْضَرَّةً ۗ (നീ കാണുന്നില്ലേ; അല്ലാഹു മാനത്തുനിന്ന് മഴ പെയ്യിച്ചത്? അതുവഴി ഭൂമി പച്ചപ്പുള്ളതായിത്തീരും -22: 63). ഇവിടെ أَنزَلَ എന്ന ഭൂതകാല ക്രിയയോട്  فَتُصْبِحُ എന്ന വര്‍ത്തമാന ക്രിയ ചേര്‍ത്തത് മഴ വര്‍ഷിച്ചാല്‍ കാലങ്ങളോളം ഭൂമിയിലെ പച്ചപ്പ് നിലനില്‍ക്കുന്നു എന്ന് സൂചിപ്പിക്കാനാണ്.
إِنَّ ٱلَّذِينَ كَفَرُوا۟ وَيَصُدُّونَ عَن سَبِيلِ ٱللَّهِ  (സത്യത്തെ തള്ളിപ്പറഞ്ഞ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടഞ്ഞ് കൊണ്ടിരിക്കുന്നവര്‍ -22:25)
ഈ വാക്യത്തിലും  كَفَرُوا۟ എന്ന ഭൂതകാലക്രിയയോട്  يَصُدُّونَ എന്ന വര്‍ത്തമാന/ഭാവികാലത്തെ ചേര്‍ക്കാന്‍ കാരണം, നിഷേധമെന്നത് ഒറ്റത്തവണ മാത്രമേ സംഭവിക്കുന്നുള്ളൂ. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയുകയെന്നത് അവര്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നു എന്ന് ധ്വനിപ്പിക്കാനാണ്.
ഇസ്മാഈലി(അ)നെ ബലി നല്‍കുന്ന സ്വപ്‌നത്തെ ഇബ്രാഹീം നബി (അ) വിവരിച്ചത് ഇപ്രകാരമാണ്:
فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَـٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ   (ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്‌നം കാണുന്നു -37: 102).
ഇതില്‍ ഞാന്‍ കണ്ടു  (رَأَيْتُ) എന്ന ഭൂതകാല ക്രിയക്ക് പകരം  (أَرَىٰ )എന്നാണ് പ്രയോഗിച്ചത്. തന്റെ പ്രിയ പുത്രനെ ബലിയറുക്കുന്ന രംഗം ഇപ്പോഴും കണ്ണുകളില്‍ കാണുന്നു എന്നറിയിക്കാനാണിത്.
ക്രിയാ കാലങ്ങളില്‍ മാറ്റം വരുത്തി ആശയങ്ങളെ മനസ്സിന്റെ ഉള്ളറകളിലേക്ക് സന്നിവേശിപ്പിക്കുന്ന ഖുര്‍ആനിക ശൈലി ഏറെ കൗതുകപ്പെടുത്തുന്നതും ആകര്‍ഷണീയവുമാണ്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 77-78
ടി.കെ ഉബൈദ്‌

ഹദീസ്‌

ഏകാഗ്രതക്ക് ഭംഗം വരുത്താതിരിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി