ഖുര്‍ആന്‍ സ്റ്റഡി സെന്ററും എന്റെ ജീവിതവും
'തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ഉത്തമമായതിലേക്ക് വഴി കാണിക്കുന്നു' (അല്‍ ഇസ്റാഅ് 9).
ഇരുട്ടില്‍ തപ്പുന്നവരെ വെളിച്ചത്തിലേക്കും വഴി അറിയാത്തവരെ നേര്‍വഴിയിലേക്കും തിരിച്ചുവിടുന്ന ഖുര്‍ആന്‍ നിരാശരായ മനുഷ്യര്‍ക്ക് പ്രതീക്ഷയും ദുഃഖിതര്‍ക്ക് ആശ്വാസവുമാണ്. ദുരിതത്തില്‍ അകപ്പെടുമ്പോള്‍ ധൈര്യവും ക്ഷമയും പകര്‍ന്നുനല്‍കുന്ന ദിവ്യസൂക്തങ്ങളാണ് ഖുര്‍ആനിന്റേത്. അല്ലാഹുവിന്റെ നിര്‍ദേശമനുസരിച്ച് നബി(സ)ക്ക് നാല് ചുമതലകളാണ് നിര്‍വഹിക്കാനുണ്ടായിരുന്നത്. ഒരിക്കലും വിസ്മരിക്കപ്പെടാത്തവണ്ണം ഹൃദിസ്ഥമാക്കിയും അല്ലാതെയും വിശുദ്ധ ഖുര്‍ആന്‍ സംരക്ഷിക്കുക (ഹിഫ്ള്). ലോകാന്ത്യം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും യാതൊരു ഏറ്റക്കുറച്ചിലും കൂടാതെ പൂര്‍ണമായും അത് എത്തിക്കുക (തബ്ലീഗ്). മനുഷ്യന്റെ വളര്‍ച്ചക്കും വികാസത്തിനുമനുസരിച്ച് യുക്തിഭദ്രമായും പ്രായോഗികമായും വിശുദ്ധ ഖുര്‍ആനെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്യുക (ബയാന്‍). അവതരിച്ചു കിട്ടിയ നിയമങ്ങളും നിര്‍ദേശങ്ങളും ഭൂമിയില്‍ പ്രയോഗത്തില്‍ വരുത്തുക (തന്‍ഫീദ്). പ്രവാചകനും ഉത്തമ നൂറ്റാണ്ടിന്റെ മുസ്‌ലിം ഉമ്മത്തും ഈ വിധമായിരുന്നു വിശുദ്ധ ഖുര്‍ആനിനെ സമീപിച്ചിരുന്നത്.
പ്രവാചകന്റെയും സച്ചരിതരായ ഖുലഫാഉര്‍റാശിദയുടെയും കാലം പിന്നിട്ടപ്പോള്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, പുണ്യത്തിന് വേണ്ടി മാത്രം പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമായി ഖുര്‍ആന്‍ പരിമിതപ്പെട്ടുപോയി. പഠനത്തിനും ചിന്തക്കും സ്ഥാനമില്ലാതാവുകയും അന്ധമായ അനുകരണം പിടിമുറുക്കുകയും ചെയ്തു. അങ്ങനെ 'വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത കാലികളെ പോലെ'യും 'ഗ്രന്ഥം പേറുന്ന കഴുതകളെ പോലെ'യും എന്നുള്ള ഖുര്‍ആനിന്റെ ഉപമകളെ അന്വര്‍ഥമാക്കും വിധം മുസ്‌ലിം ഉമ്മത്ത് ഈ വേദത്തില്‍നിന്ന് അകന്നുപോയി. മുസ്‌ലിം ഉമ്മത്തിലെ ചിലരും മതവിരുദ്ധരും യുക്തിവാദികളും അവസരം മുതലെടുത്തു. ഒരുഭാഗത്ത് ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്കും മതേതര ചിന്തകള്‍ക്കുമനുസരിച്ച് വിശുദ്ധ ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന പണ്ഡിതന്മാര്‍, മറുഭാഗത്ത് അന്ധവിശ്വാസങ്ങള്‍ക്കും ശിര്‍ക്കന്‍ സമ്പ്രദായങ്ങള്‍ക്കും അനുകൂലമായി ഖുര്‍ആനില്‍നിന്ന് തെളിവുദ്ധരിക്കുന്ന പുരോഹിതന്മാര്‍. ഈ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക ആശയങ്ങളെയും അതിന്റെ മൗലിക പ്രമാണമായ വിശുദ്ധ ഖുര്‍ആനിനെയും സംരക്ഷിക്കാന്‍ വ്യാപകമായി ഖുര്‍ആനിക സന്ദേശം പ്രചരിപ്പിക്കേണ്ടതും പഠനം സാര്‍വത്രികമാക്കേണ്ടതും നമ്മുടെ അനിവാര്യ കര്‍തവ്യമായി മാറി.
ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആഹ്വാനമനുസരിച്ച് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള നിലവില്‍ വന്നത്. കെ. മൊയ്തു മൗലവി, പ്രഫ. വി. മുഹമ്മദ് സാഹിബ്, വി.കെ അലി സാഹിബ്, എം.വി മുഹമ്മദ് സലീം മൗലവി എന്നിവരുടെ സാന്നിധ്യത്തില്‍ 1997-ല്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ഐ.എസ്.ടിയില്‍ വെച്ചായിരുന്നു ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ പ്രഖ്യാപനം നടന്നത്. വി.കെ അലി സാഹിബ് ആയിരുന്നു ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആദ്യത്തെ സംസ്ഥാന കോഡിനേറ്റര്‍. എന്നെ പ്രസിഡന്റായി നിശ്ചയിച്ചു. സി. അബ്ദുര്‍റഹീം സാഹിബ് (ചിറ്റടി), ഒ.കെ ഷൗക്കത്തലി മാഷ് എന്നിവരായിരുന്നു സെക്രട്ടറിമാര്‍. സി. അബ്ദുര്‍റഹീം സാഹിബ് (ചിറ്റടി) ഇടക്കാലത്ത് അല്ലാഹുവിലേക്ക് യാത്രയായി.
കോഴിക്കോട് ലുലു മസ്ജിദ് കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ സംസ്ഥാനതല പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നത്. അവിടത്തെ ഇമാം അബ്ദുസ്സലാം മൗലവിയുടെ സേവനം ഏറെ പ്രശംസനീയമായിരുന്നു. കോഴിക്കോട് സിറ്റിയിലെ പ്രഥമ ക്ലാസ് അവിടെ തന്നെയായിരുന്നു നടന്നത്.
ശരാശരി 50-തോളം ആളുകള്‍ പങ്കെടുക്കാറുണ്ടായിരുന്ന ക്ലാസ്സില്‍ ചീഫ് എഞ്ചിനീയര്‍ അബ്ദുല്‍ ഖാദര്‍ സാഹിബ്, പരേതനായ മെസ്‌കോ അബൂബക്കര്‍ ഹാജി തുടങ്ങിയ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ സ്ഥിരം പഠിതാക്കളായിരുന്നു.
വി.കെ അലി സാഹിബിന്റെ മാര്‍ഗനിര്‍ദേശങ്ങളും പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ രക്ഷാകര്‍തൃത്വവും സെന്ററിന്റെ വളര്‍ച്ച ദ്രുതഗതിയിലാക്കി. സിദ്ദീഖ് ഹസന്‍ സാഹിബ് കാണുമ്പോഴൊക്കെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിയുമായിരുന്നു. ഒരിക്കല്‍ പള്ളിയില്‍വെച്ച് വനിതകള്‍ക്ക് ക്ലാസ്സ് നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ അറിയിച്ചപ്പോള്‍ പാരമൗണ്ട് ടവര്‍ മാനേജറുമായി ബന്ധപ്പെട്ടു. അവര്‍ സൗജന്യമായി ദീര്‍ഘകാലം അവിടെവെച്ച് ക്ലാസ്സ് നടത്താനുളള സൗകര്യമൊരുക്കിത്തന്നു. നല്ല വലിപ്പമുള്ള എ.സി സൗകര്യമുള്ള ഒരു ഹാളായിരുന്നു അത്. കോഴിക്കോട് മാവൂര്‍ റോഡിലുളള അസ്മാ ടവറില്‍ മാസങ്ങളോളം ക്ലാസ്സ് നടത്താന്‍ അനുമതി നേടിത്തന്നതും സിദ്ദീഖ് ഹസന്‍ സാഹിബായിരുന്നു. ഹിറാ സെന്റര്‍ നിലവില്‍ വരുന്നതുവരെ ഈ രീതി തുടര്‍ന്നു.
2000 ജൂണ്‍ ഒന്നിന് ഹിറാ സെന്റര്‍ ഉദ്ഘാടനം കഴിഞ്ഞതിനു ശേഷം കോഴിക്കോട് സിറ്റിയില്‍ നടന്നിരുന്ന പുരുഷന്മാരുടെയും വനിതകളുടെയും ക്ലാസ്സുകള്‍ അങ്ങോട്ടേക്ക് മാറ്റി. അന്ന് സിദ്ദീഖ് ഹസന്‍ സാഹിബ് പറഞ്ഞത്, 'ഇത് ഖുര്‍ആനിന്റെ കേന്ദ്രം കൂടിയാണ്' എന്നാണ്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെത്തന്നെ അന്നത്തെ വനിത, പുരുഷ ക്ലാസ്സുകളുടെ തുടര്‍ ബാച്ചുകള്‍ ഇന്ന് 25 വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിറാ സെന്ററില്‍ നിലനില്‍ക്കുന്നുണ്ട്.
ഖുര്‍ആന്‍ സ്റ്റഡി സെന്ററുമായി ബന്ധപ്പെട്ട് ഒരുപാട് നല്ല അനുഭവങ്ങളും ഓര്‍മകളുമുണ്ട്. കോഴിക്കോട് സിറ്റിയില്‍ നടന്നിരുന്ന വനിതാ ക്ലാസ്സുകളുടെ മുഖ്യ സംഘാടക ആഴ്ചവട്ടത്തെ ആഇശ എന്ന സഹോദരിയായിരുന്നു. വിശുദ്ധ ഖുര്‍ആനിനെ ഇത്രത്തോളം ഹൃദയത്തിലേറ്റിയ മറ്റൊരു പഠിതാവിനെ എന്റെ ജീവിതത്തില്‍ ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല. ഈമാനിന്റെ നിറകുടമായിരുന്നു അവര്‍. ഉമ്മയെയും മകളെയും കൂട്ടിയായിരുന്നു ക്ലാസ്സില്‍ വന്നിരുന്നത്. കാന്‍സര്‍ രോഗം സമ്മാനിച്ച വേദനകള്‍ക്കിടയില്‍ അവരെ ആശ്വസിപ്പിക്കാനെത്തിയ സഹപാഠികളോട് അവര്‍ പറഞ്ഞത് 'വലല്‍ ആഖിറത്തു ഖൈറുന്‍ ലക മിനല്‍ ഊലാ' (ഈ ലോകത്തേക്കാള്‍ നിനക്ക് ഉത്തമമായത് പരലോകമാണ്) എന്നായിരുന്നു.
ഇഷ്ടം ഖുര്‍ആനിനോട്
ഖുര്‍ആനുമായി എനിക്കുളള ആത്മബന്ധം കുറ്റ്യാടി ഇസ്‌ലാമിയ കോളേജിലെ പഠന കാലത്താണ് കൂടുതല്‍ ദൃഢമായത്. നേരത്തേതന്നെ ഖുര്‍ആന്‍ എന്റെ ഇഷ്ട വിഷയമായിരുന്നു. ഖുര്‍ആനുമായി അടുക്കാന്‍ പ്രചോദനമായത് സയ്യിദ് മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനും പിന്നെ ശഹീദ് സയ്യിദ് ഖുത്വുബിന്റെ ഫീ ളിലാലില്‍ ഖുര്‍ആനുമാണ്. കുറ്റ്യാടി ഇസ്‌ലാമിയ കോളേജിലെ പഠന കാലത്ത് ടി.കെ അബ്ദുല്ലാ സാഹിബിന്റെ ക്ലാസ്സ്, ഖുര്‍ആന്‍ പഠിക്കാന്‍ വലിയ പ്രചോദനമായി. പഠനം പൂര്‍ത്തിയാക്കി ശിവപുരം ഇസ്‌ലാമിയാ കോളേജില്‍ അധ്യാപകനായി ചേര്‍ന്നപ്പോള്‍ അധ്യാപനത്തിന് എനിക്ക് കിട്ടിയ വിഷയം ഖുര്‍ആന്‍ തന്നെയായിരുന്നു. സഹപ്രവര്‍ത്തകരായി അന്ന് കൂടെയുണ്ടായിരുന്ന പണ്ഡിതന്മാരായ ഇ.എന്‍ ഇബ്‌റാഹീം മൗലവി, അബ്ദുറര്‍ഹ്മാന്‍ പൊറ്റമ്മല്‍ തുടങ്ങിയവരുടെ സാന്നിധ്യം ഖുര്‍ആനെ ഒന്നുകൂടി ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായകമായി. പരിസരപ്രദേശങ്ങളില്‍ പ്രസ്ഥാനത്തിന്റെ കീഴില്‍ ക്ലാസ്സെടുക്കാനുള്ള ധാരാളം അവസരങ്ങളും ലഭിച്ചിരുന്നു.
ഇന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ എട്ട് ക്ലാസ്സുകള്‍ ഞാന്‍ മുടക്കമില്ലാതെ നിലനിര്‍ത്തുന്നുണ്ട്. കോഴിക്കോട് ഹിറാ സെന്റര്‍, സിവില്‍ സ്റ്റേഷന്‍, കോവൂര്‍, നടക്കാവ്, താമരശ്ശേരി, കുറ്റിക്കാട്ടൂര്‍, മലപ്പുറം ജില്ലയിലെ മുണ്ടുമുഴി, പണിക്കരപ്പുറായ എന്നിവിടങ്ങളിലാണത്. കോവിഡ് കാലത്ത് ഓഫ്ലൈന്‍ ക്ലാസ്സുകള്‍ മുടങ്ങിയെങ്കിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഇപ്പോഴും സജീവമാണ്. പഠിതാക്കളില്‍ ഏറെയും സ്ത്രീകളാണ്. അതില്‍ തന്നെ അഭ്യസ്തവിദ്യരാണ് കൂടുതല്‍. റിട്ടയേര്‍ഡ് ജീവിതം നയിക്കുന്നവരും അധ്യാപകരും പ്രഫസര്‍മാരും വ്യത്യസ്ത മേഖലകളില്‍ ഭൗതിക വിദ്യാഭ്യാസം ലഭിച്ചവരും ധാരാളമായി ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഖുര്‍ആന്‍ അര്‍ഥമറിഞ്ഞ് പാരായണം ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അവരുടെ സംസാരത്തിലും ജീവിതത്തിലും കാണാം.
പ്രായം, ലിംഗം, വിദ്യാഭ്യാസ നിലവാരം എന്നിവയില്‍ വ്യത്യസ്തതകളുള്ള ഒരുപാട് പേര്‍ ഒരു ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തിയുള്ള അധ്യാപനരീതിക്ക് അതില്‍ വലിയ പങ്കുണ്ട്. പല ക്ലാസ്സുകളും തുടങ്ങി പെട്ടെന്ന് തന്നെ അവസാനിച്ചു കാണാറുണ്ട്. അതിന് കാരണം ഇവരെ കൂട്ടിയിണക്കി മുന്നോട്ട് കൊണ്ടുപോകാന്‍ അധ്യാപകര്‍ പരാജയപ്പെട്ടു പോകുന്നതാണ്. മദ്‌റസയിലോ കോളേജിലോ പള്ളിയിലോ സ്വീകരിക്കുന്ന അധ്യാപനരീതി ഒരിക്കലും ഇതില്‍ പാടില്ല. വ്യത്യസ്തമായ പഠനരീതിയാണ് വൈവിധ്യങ്ങളെ കൂട്ടിയിണക്കി മുന്നോട്ട് കൊണ്ട് പോകാന്‍ നാം സ്വീകരിച്ചുവരുന്നത്. ക്ലാസ്സ് പോലെ തന്നെ പ്രധാനമായിരുന്നു പരീക്ഷകള്‍ നടത്തുന്നതും. സമ്മാനങ്ങള്‍, ഏരിയ- ജില്ല - സംസ്ഥാന തലങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന സംഗമങ്ങള്‍, ആ സംഗമങ്ങളില്‍ വരുന്ന പ്രഗത്ഭരായ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍, റമദാനില്‍ പ്രത്യേകമായി നടത്തുന്ന പ്രശ്നോത്തരി പോലുള്ള പരിപാടികള്‍, അധ്യാപകര്‍ക്ക് വേണ്ടി തയാറാക്കുന്ന കൈപുസ്തകങ്ങള്‍ തുടങ്ങിയ വിവിധ തയാറെടുപ്പുകള്‍ ഈ സംരംഭത്തെ മുന്നോട്ടു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ പത്ത് വര്‍ഷത്തെ പഠന കോഴ്സ് പൂര്‍ത്തീകരിച്ച ആദ്യ ബാച്ചിലെ ഒട്ടേറെ പേര്‍ ഇന്ന് അധ്യാപകര്‍ കൂടിയാണ്. അവര്‍ വിവിധ പ്രദേശങ്ങളില്‍ സ്വന്തമായി ക്ലാസ്സ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഡോ. കെ. അബ്ദുര്‍റഹ്മാന്‍, എന്‍. സഫിയ ചാത്തമംഗലം, കുഞ്ഞീമ പറമ്പില്‍ ബസാര്‍, ആഇശ കുറ്റിക്കാട്ടൂര്‍... ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ പഠിതാക്കളായെത്തി അധ്യാപകരായി സേവനം ചെയ്യുന്നവരില്‍ ചിലരാണ്.
വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുമ്പോള്‍
പഠിതാവിനെപ്പോലെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന അധ്യാപകനും ഖുര്‍ആനിനോട് അനുരാഗം ഉണ്ടാവണം. പ്രവാചകന്മാര്‍ നിര്‍വഹിച്ച ജോലിയാണ് താന്‍ സമൂഹത്തിനുവേണ്ടി ഏറ്റെടുത്തിരിക്കുന്നത് എന്ന ഗൗരവം ഉള്‍ക്കൊണ്ട് പഠിപ്പിക്കണം. ക്ലാസ്സുകളില്‍ ആശയവിനിമയം ഫലപ്രദമാവാന്‍ അനിവാര്യമായ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. മാന്യമായ വസ്ത്രധാരണം, കൃത്രിമത്വമില്ലാത്ത സംഭാഷണ രീതി, പഠിതാക്കളുമായുളള സൗഹൃദം ഇതെല്ലാം പഠനത്തെ ആകര്‍ഷകമാക്കും. അധ്യാപകന്‍ എന്റെ ഉത്തമ ഗുണകാംക്ഷിയാണെന്ന് ഓരോ പഠിതാവിനും തോന്നത്തക്കവിധമായിരിക്കണം പഠിതാക്കളോട് പെരുമാറേണ്ടത്. ഓരോ പഠിതാവിനെയും അംഗീകരിക്കുകയും അവരുടെ കഴിവുകള്‍ വിലമതിക്കുകയും അവരുടെ താല്‍പര്യങ്ങള്‍ കണ്ടറിഞ്ഞ് മനഃശാസ്ത്രപരമായി പെരുമാറുകയും വേണം. പഠിതാവിന്റെ അന്തസ്സിനും അഭിമാനത്തിനും കോട്ടം തട്ടുന്ന വാക്കോ പ്രവൃത്തിയോ ഒരിക്കലും ഉണ്ടാവാന്‍ പാടില്ല.
സംഘടനാ പക്ഷപാതിത്വം ഒരിക്കലും ക്ലാസ്സില്‍ പ്രതിഫലിക്കാന്‍ പാടില്ലാത്തതാണ്. ക്ലാസ്സില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ചോദ്യം ചോദിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. അധ്യാപകന്‍ മാത്രം സംസാരിക്കുന്ന ക്ലാസ്സ് നല്ലതാവില്ല. അധ്യാപനം ലളിതവും മനോഹരവും ആവണം. ജീവിതഗന്ധിയായ ഉദാഹരണങ്ങളിലൂടെയാവണം ക്ലാസ്സെടുക്കേണ്ടത്. പ്രാമാണികമായ തഫ്സീറുകള്‍ മാത്രമേ ക്ലാസ്സിന് അവലംബിക്കാവൂ. തജ്വീദും ഗ്രാമറും പഠിപ്പിക്കുമ്പോള്‍ നിയമപഠന ശൈലി ഉപേക്ഷിച്ച് നയപരമായും തന്ത്രപരമായും നഹ്വിന്റെയും തജ്വീദിന്റെയും പാഠഭാഗങ്ങള്‍ അവര്‍ക്ക് പകര്‍ന്നു കൊടുക്കുകയാണ് വേണ്ടത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച മുന്നോട്ടുപോയാല്‍ പഠിതാക്കളുടെ കൊഴിഞ്ഞുപോക്ക് ഒരു പരിധിവരെ ഇല്ലാതാക്കാം.
ഈയടുത്ത കാലത്തായി കേരളക്കരയില്‍ ഒട്ടേറെ ഖുര്‍ആന്‍ പഠന വേദികള്‍ രൂപപ്പെട്ടത് ഏറെ സന്തോഷകരമാണ്. പൊതുജനങ്ങളെ ഉന്നം വെച്ചുള്ള ഖുര്‍ആന്‍ പഠനം അധികവും ഓഫ്ലൈന്‍ ആയിട്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ മറ്റെല്ലാ പഠനങ്ങളും ഓണ്‍ലൈന്‍ ആയി മാറിയതോടെ ഖുര്‍ആന്‍ പഠനവും ഏറിയ പങ്കും ഓണ്‍ലൈന്‍ ആയിട്ടുണ്ട്. നേര്‍ക്ക് നേരെ പഠിക്കുന്നതിന്റെ ഫലം ഓണ്‍ലൈന്‍ പഠനത്തിലൂടെ ലഭിക്കുന്നില്ല എന്നത് വസ്തുതയാണ്. കഴിഞ്ഞ കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തിയും സന്തോഷവും മാത്രം.
തയാറാക്കിയത്: ബിശാറ മുജീബ്
Comments