Prabodhanm Weekly

Pages

Search

2012 മെയ് 12

മാനവികതയും കേരള യാത്രയും

നജീര്‍ മനാമ

കേരളത്തില്‍ മാനവികതക്കു എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ? രാഷ്ട്രീയ കൊലപാതകങ്ങളും വര്‍ഗീയ സംഘട്ടനങ്ങളും അരങ്ങേറിയിരുന്ന മുന്‍കാലങ്ങളെ അപേക്ഷിച്ച് മാനവികത ഒരു പണത്തൂക്കം മുമ്പിലാണ് ഇന്ന്. പിന്നെ അന്നും ഇന്നും എന്നും മാനവികതക്കു ആരും എതിരല്ല. അതിന് വിരുദ്ധമായി ചെയ്യുന്നവരാകട്ടെ അന്നും ഇന്നും എന്നും അതൊക്കെ അവരുടെ താല്‍പര്യങ്ങള്‍ക്കായി സമയാസമയം ചെയ്തുകൊണ്ടിരിക്കും. ആരൊക്കെ യാത്ര ചെയ്താലും ആത്മീയം പറഞ്ഞാലും ഇതൊക്കെ അതുപോലെ തന്നെ സംഭവിച്ചുകൊണ്ടിരിക്കും. മാധ്യമങ്ങളില്‍ വിളംബരം ചെയ്ത് ഒരു യാത്ര പോയതുകൊണ്ട് വേദികള്‍ക്ക് മുന്നില്‍ തങ്ങളുടെ വഅ്ള് പരിപാടികളില്‍ കൂടാറുള്ള അനുയായിവൃന്ദങ്ങളെ കൂട്ടാമെന്നല്ലാതെ നടേ പറഞ്ഞവര്‍ക്ക് മാനസാന്തരം ഉണ്ടാകുമെന്ന് കരുതുന്നത് അതിരു കടന്നതാകും. യാത്രകളും ചങ്ങലകളും പ്രതിജ്ഞകളും കണ്ടും കേട്ടും തഴമ്പിച്ച കേരളത്തില്‍ പ്രത്യേകിച്ചും. പ്രശ്നങ്ങള്‍ക്ക് യാത്രകള്‍ പരിഹാരമാകുമെങ്കില്‍ മുട്ടിനു മുട്ടിനു ഓരോ യാത്രകളും സ്വീകരണങ്ങളും സംഘടിപ്പിച്ചാല്‍ മതി. യാത്ര പോകുന്നവര്‍ക്കും സുഖം, കാണുന്നവര്‍ക്കും സുഖം!
അപ്പോള്‍ പിന്നെ ഈ യാത്രയുടെ സാംഗത്യം? എല്ലാവര്‍ക്കും അവരുടേതായ ഓരോ രാഷ്ട്രീയമുണ്ട്. ആത്മീയത പറഞ്ഞിരുന്നവര്‍ക്കും തങ്ങള്‍ പടിക്കുപുറത്തു നിര്‍ത്തിയിരുന്ന സാമൂഹിക രാഷ്ട്രീയ മേഖലയില്‍ രാഷ്ട്രീയക്കാരുടെ യാത്രയെ അനുകരിക്കാന്‍ തോന്നിയെങ്കില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. ഒരു ടൈറ്റില്‍, പിന്നെ പരസ്യം, കൊടി തോരണങ്ങള്‍, യാത്ര, വാര്‍ത്ത, സമാപനം! പക്ഷേ, യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരു പ്രഹസനത്തില്‍ മാത്രം ഒതുങ്ങി പോകുന്നിടത്താണ് കൊട്ടിഘോഷിക്കുന്ന ഈ യാത്രയും അവസാനിക്കുക. ആത്മീയ നേതാവെന്നു പറയുന്നവരില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള ഇത്തരം പ്രഹസന യാത്രകള്‍ വരുമ്പോള്‍ അവിടെ മാനവികതക്കുള്ള റോള്‍ എന്ത് എന്നാണ് സമൂഹം ഉയര്‍ത്തുന്ന ചോദ്യം.
എന്തായാലും പരസ്പരം ചേരി തിരിഞ്ഞു അങ്കം വെട്ടിയിരുന്ന സ്വന്തം സമുദായത്തിലെ അത്ര പ്രശ്നം പൊതുസമൂഹത്തിലെ മാനവികതക്ക് ഉണ്ടായിരുന്നില്ല. ഐക്യപ്പെടാനേ പാടില്ല എന്ന നിര്‍ബന്ധ ബുദ്ധിയില്‍ തന്നെ സമുദായത്തിന്റെ ആഘോഷ ദിവസങ്ങള്‍ വരെ തര്‍ക്കിച്ചും അടിപിടി കൂടിയും നാലു ദിവസങ്ങളില്‍ വരെ ആഘോഷിച്ചിട്ടുണ്ട്. സ്രഷ്ടാവ് ഒന്നേ ഉള്ളൂവെങ്കിലും പള്ളികളില്‍ അടിപിടി കൂടി തങ്ങളുടെ വിഭാഗീയതകള്‍ സൃഷ്ടിച്ചു. നേതൃത്വങ്ങളുടെ ജോലിയും സമൂഹത്തിന്റെ പ്രധാന വിനോദ പരിപാടികളുമായി അതൊക്കെ മാറി. ഈ പരിപാടികള്‍ സമുദായത്തെ പലതാക്കിയിരിക്കുന്നു. സംഘടനകളുടെ ഈ ആഘോഷങ്ങളുടെ 'പിന്നാമ്പുറ ഗുട്ടന്‍സ്' മാസം അറിയിക്കുന്ന മാനത്തെ ചന്ദ്രന് അറിയില്ല. അതങ്ങിനെ പതിവ് പോലെ ഭൂമിയെ ഭ്രമണം ചെയ്യും. ഗുട്ടന്‍സ് അറിയുന്നവര്‍ അനുയായികളെ തങ്ങള്‍ക്കു ചുറ്റും കറക്കി കൊണ്ടിരിക്കും. അങ്ങനെ കറക്കി കറക്കിയാണ് വിഭാഗീയതയില്‍ തന്നെ നിലകൊള്ളുന്ന സമുദായത്തില്‍ നിന്നും ഇപ്പോള്‍ മാനവികതയുടെ വിഭാഗീയ രൂപങ്ങള്‍ ഉണ്ടാകുന്നത്.
യാത്രകളുടെ രാഷ്ട്രീയ മുഖമാണ് കാസര്‍കോഡ് മുതല്‍ കന്യാകുമാരി വരെയുള്ള റൂട്ട്. കേരളത്തിലെ റോഡുകള്‍ അങ്ങനെ പല പേരുകളില്‍ പല യാത്രകളും കണ്ടിട്ടുണ്ട്. പണ്ടത്തെ യാത്രക്കുണ്ടായിരുന്ന ബുദ്ധിമുട്ട് ഇപ്പോഴത്തെ യാത്രക്കില്ല. ഇപ്പോഴത്തെ റോഡുകള്‍ മികച്ചതാണ്. നല്ല സ്പീഡില്‍ ഏത് യാത്രയും പോകാം. മാനവികത (ഹ്യുമാനിറ്റി) പുതിയൊരു വെളിപാട് അല്ലെങ്കിലും വേണമെങ്കില്‍ റോഡിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചുള്ള സുഖകരമായ ഒരു യാത്രക്കും സ്കോപ്പുണ്ട്.
മാനവികത ഉണര്‍ത്തേണ്ട ഒന്നല്ല. സാമൂഹിക സാഹചര്യങ്ങളിലൂടെ ഉണ്ടായിത്തീരേണ്ട ഒന്നാണ്. അതിന് വേണ്ടത് ലക്ഷങ്ങള്‍ ചെലവഴിച്ചു റോഡുകളില്‍ കൂടിയുള്ള റിയാലിറ്റിഷോ യാത്രകളല്ല. സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കപ്പുറം മനുഷ്യ പുരോഗതിക്കു വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് മാനവികതക്കായി ആദ്യം സൃഷ്ടിക്കപ്പെടേണ്ടത്. ജാതി, മത, സമുദായ ഭിന്നതകളില്‍ നിന്നു സമൂഹത്തെ പൊതുവായ ധാരയിലേക്ക് മാറ്റിയെടുക്കുന്നതിനു രാഷ്ട്രീയമായ പക്വതയാണ് മാനവികതയുടെ യഥാര്‍ഥ ആത്മീയത. അത് വിഭാഗീയ മത പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു യാത്രക്കായി പൊതു സമൂഹത്തില്‍ അവതരിപ്പിക്കുമ്പോള്‍ തങ്ങള്‍ നിലനിര്‍ത്തി പരിപോഷിപ്പിക്കുന്ന സ്വന്തം നിലപാടുകളുടെ തന്നെ ആവര്‍ത്തനമായി മാറുന്നു. അതുകൊണ്ടുതന്നെ യാത്ര നടത്തുന്നവര്‍ ഇനിയെങ്കിലും സമൂഹത്തോടൊപ്പം യാത്ര ചെയ്യേണ്ടതുണ്ട്. വിവാദങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചു എല്ലാവരുമായും ഐക്യത്തോടെ വര്‍ത്തിക്കുന്നതിനു ഈ മാനവികത തിരിച്ചറിവ് നല്‍കേണ്ടതുണ്ട്. മാനവികതക്കു രാഷ്ട്രീയ, സാമൂഹിക ഇടപെടലുകള്‍ ആവശ്യമെന്ന ഇപ്പോഴത്തെ തിരിച്ചറിവ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പഴയ കാഴ്ചപ്പാടില്‍ നിന്നുള്ള മാറ്റത്തിന്റെ ശുഭ സൂചകമായിട്ടു വേണം കരുതാന്‍. മാനവികതയുടെ ഈ ശബ്ദം ഇനിയെങ്കിലും സ്വന്തം സമൂഹത്തിലെ ഐക്യത്തിന് നാന്ദി കുറിക്കാന്‍ പ്രേരകമാകട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം