ഹിജാബ് ധാരിണികളെ തുര്‍കിയിലെ മതേതരത്വം എന്തിനാണ് ഭയപ്പെടുന്നത്?
തുര്‍ക്കി ഇപ്പോള്‍ യൂനിവേഴ്സിറ്റികളിലെ ഹിജാബ് നിരോധം എടുത്തുകളയുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ്. മുമ്പ് ഹാജിബ് ധരിച്ച് തുര്‍ക്കി പാര്‍ലമെന്റംഗമായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ടിരിക്കെ ബലം പ്രയോഗിച്ച് പാര്‍ലമെന്റ് ഹാളില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് മര്‍വ കവാക്സി. രാജ്യത്തിന്റെ പൊതുരംഗത്ത് ഹിജാബ് ധരിച്ച സ്ത്രീകള്‍ക്ക് പൂര്‍ണമായും പങ്കെടുക്കാനാവുംവിധം എല്ലായിടത്തും ഹിജാബ് നിരോധം എടുത്തുകളഞ്ഞ് ഇക്കാര്യത്തില്‍ തുര്‍ക്കി കൂടുതല്‍ മുന്നോട്ടുപോകണമെന്നാണ് മര്‍വ പറയുന്നത്. 30 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന സ്റേറ്റിന്റെ ഹിജാബ് വിരോധം ഒന്നിലധികം തലമുറകളിലെ സ്ത്രീജീവിതത്തെ ബാധിച്ചതായി കവാക്സി പറയുന്നു.
ദി ജോര്‍ജ് വാഷിംഗ്ടണ്‍ യൂനിവേഴ്സിറ്റിയിലെ ഇന്റര്‍നാഷ്നല്‍ അഫേഴ്സ് ലക്ചററാണ് ഡോ. കവാക്സി. 1999 ഏപ്രില്‍ 18-ന് തുര്‍ക്കി പാര്‍ലമെന്റിലേക്ക് അവര്‍ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. പക്ഷേ അവര്‍ ഹിജാബ് ധരിച്ചതിനെതിരിലുള്ള പ്രതിഷേധങ്ങള്‍ കാരണം അവര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല. ഹോവാര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സിലുള്ള പി.എച്ച്.ഡിയും ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് എം.പി.എയും, ഡല്ലാസിലെ ടെക്സാസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗില്‍ ബി.എസും അവര്‍ നേടിയിട്ടുണ്ട്. മുസ്ലിം ലോകത്തിന്റെ ജനാധിപത്യവത്കരണം, ആനുകാലിക തുര്‍ക്കി രാഷ്ട്രീയം, ഇസ്ലാമിലെ സ്ത്രീകള്‍, രാഷ്ട്രീയത്തിലെ മുസ്ലിം സ്ത്രീകള്‍ എന്നിവയാണ് അവര്‍ക്ക് പ്രാഗത്ഭ്യമുള്ള മേഖലകള്‍.
റിച്ചാര്‍ഡ് പെരസ് അവരുമായി നടത്തിയ അഭിമുഖം.
നിങ്ങളുടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചെന്ന് കേട്ടു?
അതെ. പാല്‍ഗ്രേവ് മാക്മില്ലര്‍ ആണ് പ്രസിദ്ധീകരിച്ചത്. 'തുര്‍ക്കിയിലെ ഹിജാബ് രാഷ്ട്രീയം: ഒരു കൊളോണിയലാനന്തര വായന' (ഒലമറരെമൃള ജീഹശശരേ ശി ഠൌൃസല്യ അ ുീരെേഹീഹീിശമഹ ഞലമറശിഴ) എന്നാണ് പേര്.
പുസ്തകം എന്തിനെക്കുറിച്ചാണ്? നിങ്ങളുടെ പാര്‍ലമെന്റ് അനുഭവവുമായി ഇതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഹിജാബ് ധരിച്ച സ്ത്രീകളോടുള്ള തുര്‍ക്കിയുടെ സമീപനവുമായി ബന്ധപ്പെടുത്തി ഒരു മാതൃകാ രാജ്യമായി മാറാന്‍ തുര്‍ക്കിയിലുണ്ടാകേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഈ പുസ്തകം വിശകലനം ചെയ്യുന്നു. ഹിജാബ് ധരിക്കുന്ന സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ഹിജാബ് നിരോധം പതിറ്റാണ്ടുകളോളം ഈ സ്ത്രീകളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്.
'കൊളോണിയലാനന്തര വായന' എന്നതുകൊണ്ട് നിങ്ങള്‍ അര്‍ഥമാക്കുന്നതെന്താണ്?
തുര്‍ക്കിയുടെ പശ്ചാത്തലത്തിലെ ഓറിയന്റലിസ്റ് സങ്കല്‍പ്പങ്ങളെയാണ് ഇത് അടിസ്ഥാനപരമായി പരിശോധിക്കുന്നത്. തുര്‍ക്കി റിപ്പബ്ളിക്കിനകത്ത് സ്ഥാനമുറപ്പിച്ചിരുന്ന ഓറിയന്റലിസ്റ് ആശയങ്ങളെ വിമര്‍ശനവിധേയമാക്കുന്നതോടൊപ്പം ഈ ഓറിയന്റലിസ്റ് സങ്കല്‍പ്പങ്ങള്‍ ഹിജാബ് ധരിച്ച സ്ത്രീകളെ പൊതു ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും ഇത് നിരൂപണം ചെയ്യുന്നു.
തങ്ങള്‍ കോളനികളാക്കിയ നാടുകളേക്കാള്‍ ഉന്നതരാണ് തങ്ങളെന്ന തോന്നല്‍ പടിഞ്ഞാറിനുണ്ടായി. രാഷ്ട്രങ്ങളെ കോളനികളാക്കി കീഴടക്കിയ അനുഭവം ഇല്ലാതിരുന്നിട്ടും തുര്‍ക്കി പോസ്റ് കൊളോണിയല്‍ കാലഘട്ടത്തില്‍ പടിഞ്ഞാറിനെ പിന്തുടര്‍ന്നു?
അതെ, നിര്‍ബന്ധബുദ്ധിയോടെയുള്ള തീവ്രമായ പാശ്ചാത്യവത്കരണ പദ്ധതിയിലൂടെയാണ് തുര്‍ക്കി ആധുനികവത്കരണത്തിലേക്കുള്ള അതിന്റെ വഴി കണ്ടെത്തിയത്. പടിഞ്ഞാറ് കിഴക്കിനേക്കാള്‍ വളരെ മെച്ചമാണെന്ന ഓറിയന്റലിസ്റ് കാഴ്ചപ്പാടിനെ 'സ്വദേശിവത്കരിച്ചു'കൊണ്ട് തുര്‍ക്കിയിലെ ജനങ്ങളും പാശ്ചാത്യ സംസ്കാരത്തെ പുല്‍കണം എന്ന നിലപാടായിരുന്നു ഭരണകൂടത്തിന്റേത്. അതുകൊണ്ട് ഞാനിവരെ ഓറിയന്റലൈസ്ഡ് ഓറിയന്റല്‍സ് എന്നു വിളിക്കുന്നു. ഇവരെങ്ങനെയാണ് ഹിജാബ് ധരിച്ച സ്ത്രീകളോട് പെരുമാറിയത് എന്ന് പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. യഥാര്‍ഥത്തിലിവര്‍ പാശ്ചാത്യരോ പൌരസ്ത്യരോ അല്ലെന്നും, രണ്ടിനുമിടയില്‍ പെട്ടുപോയവരാണെന്നും ഞാന്‍ വാദിക്കുന്നു. അവര്‍ പടിഞ്ഞാട്ട് നോക്കുകയും എന്നിട്ട് സമൂഹത്തില്‍ ഹിജാബ് ധരിച്ച സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ നിയമസാധുത്വം തേടുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇത് പടിഞ്ഞാറിനെ തുര്‍ക്കി തെറ്റായി വായിച്ചതുകൊണ്ടുകൂടിയാണ്. പടിഞ്ഞാറ് നിന്നും സ്വാതന്ത്യ്രത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമുള്ള ആശയങ്ങള്‍ക്കു പകരം നിരോധങ്ങളുടെ സമീപനം ഇറക്കുമതി ചെയ്യുകയാണ് നമ്മുടെ ഓറിയന്റലൈസസ്ഡ് ഓറിയന്റല്‍സ് ഇവിടെ ചെയ്തത്. അതിന്റെ ഫലമായി വിദ്യാഭ്യാസം നേടുക എന്നതിനേക്കാള്‍ 'വിവസ്ത്രയാവുക' എന്നതായി അവര്‍ക്ക് പ്രധാനം.
ഹിജാബ് നിരോധവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തുര്‍ക്കിയില്‍ നടക്കുന്ന പൊതുചര്‍ച്ചകളെക്കുറിച്ച് നിങ്ങള്‍ക്കെന്തു തോന്നുന്നു?
അടിയന്തര ശ്രദ്ധ ആവശ്യമുള്ള മാരകമായ മുറിവാണ് ഹിജാബ് നിരോധം. ഇത് ദേശീയ അജണ്ടയായി മാറുകയും ഇതിന് ദേശീയതലത്തില്‍ വന്‍ കവറേജ് കിട്ടുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി തുര്‍ക്കിയിലെ സ്ത്രീകളുടെ ജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ഈ വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ച ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്ട്രീയരംഗത്ത് വേണ്ടത്ര ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ സ്ത്രീകള്‍ പരാജയപ്പെടുന്നു എന്നത് ദൌര്‍ഭാഗ്യകരമാണ്. പലപ്പോഴും ഇത് ഒരാളും ചിന്തിക്കാനോ ചര്‍ച്ച ചെയ്യാനോ ആഗ്രഹിക്കാത്ത വിഷയമാണ്. സമൂഹത്തില്‍ നിന്ന് ഭ്രഷ്ടരാക്കപ്പെട്ടത് ഒരു വലിയ വിഭാഗം സ്ത്രീകളാണ്. എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങളിപ്പോള്‍ തയാറായിരിക്കുന്നു. (ഹിജാബ് ധരിച്ച സ്ത്രീകള്‍) അവരിവിടെയുണ്ട്, ദൂരേക്കെങ്ങും പോകുന്നില്ല. അവരുടെ എണ്ണം അധികരിക്കുകയും അവര്‍ പൊതുജീവിതത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
പത്രങ്ങളിലെ മിക്ക ലേഖനങ്ങളും പറയുന്നത് 1997 മുതലാണ് ഹിജാബ് നിരോധം നിലവില്‍ വന്നതെന്നാണ്. നിരോധം വളരെക്കാലം മുമ്പ് തന്നെ ഉള്ളതാണെന്ന് നിങ്ങള്‍ പറയുന്നു?
അതെ. ഹിജാബ് നിരോധത്തിന്റെ ഇരകളായ പല സ്ത്രീകളും ഇതിന്റെ ചരിത്രത്തെക്കുറിച്ച് ബോധവതികളല്ല. ഇതൊരു പുതിയ കാര്യമല്ല. 1981-ലെ പട്ടാള അട്ടിമറിക്ക് തൊട്ടുടനെ ഹിജാബ് നിരോധം നിലവില്‍ വന്നിരുന്നു. അതിനു മുമ്പ് ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിരുന്നു. 1981-നു ശേഷം അവിടെയുമിവിടെയും നിരോധത്തില്‍ ഇളവ് വരുത്തിയിരുന്നു എന്നത് ശരിയാണ്. എന്നിരുന്നാലും കഴിഞ്ഞ 30 വര്‍ഷമായി തുര്‍ക്കിയിലെ സ്ത്രീകളുടെ ചരിത്രത്തിലെ അവിഭാജ്യ ഘടകമായിരുന്നു ഹിജാബ് നിരോധം.
നിങ്ങളുടെ കുടുംബത്തെയും ഹിജാബ് നിരോധം ബാധിച്ചുവോ?
അതെ. തുര്‍ക്കിയിലെ ഹിജാബ് നിരോധവുമായി ബന്ധപ്പെട്ട ദുഃഖകരമായ ഒരു സത്യമാണിത്. ഇത് തലമുറകളെ ബാധിക്കുന്നു. നിങ്ങള്‍ക്ക് അവഗണിക്കാനും ചെറുതായി കാണാനും കഴിയുന്ന ഒരു ചെറു സംഘമല്ല ഇവര്‍. ഒരു തലമുറയെ മാത്രമല്ല, കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ മൂന്നു തലമുറകളെ ഹിജാബ് നിരോധം ബാധിച്ചതിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ആ സത്യത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഞാന്‍. പട്ടാള അട്ടിമറിക്ക് ശേഷം ഹിജാബ് നിരോധം നടപ്പിലാക്കിയതിനു തൊട്ടുടനെ ജര്‍മന്‍സാഹിത്യം പഠിപ്പിച്ചുകൊണ്ടിരുന്ന എന്റെ മാതാവിന് യൂനിവേഴ്സിറ്റിയിലെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന എനിക്കും അതേ പ്രശ്നം നേരിടേണ്ടിവന്നു. ഞാന്‍ രണ്ടാം തലമുറയില്‍ പെട്ടതാണ്. എന്നാല്‍ എല്ലാം ഉപേക്ഷിച്ച് മറ്റൊരു രാജ്യത്തേക്ക് പോകാനുള്ള ധീരത എന്റെ മാതാപിതാക്കള്‍ കാണിച്ചു. അതുവഴി മതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് തന്നെ വിദ്യാഭ്യാസം നേടാന്‍ എനിക്കും എന്റെ രണ്ട് അനുജത്തിമാര്‍ക്കും സാധിച്ചു. ഇപ്പോള്‍ എന്റെ രണ്ട് പെണ്‍മക്കളും ബിരുദധാരിണികളായി. ഹിജാബ് ധരിച്ചുകൊണ്ടുതന്നെ. ദൌര്‍ഭാഗ്യവശാല്‍ ഹിജാബ് നിരോധം ഇപ്പോള്‍തന്നെ മൂന്നു തലമുറകളെ ബാധിച്ചുകഴിഞ്ഞു.
അര്‍ബകാന്റെ വെല്‍ഫെയര്‍ പാര്‍ട്ടിക്കു വേണ്ടി നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍, അതില്‍ സ്ത്രീകളുടെ പങ്കെന്തായിരുന്നു?
കൂടുതലായി സ്ത്രീകളെ സംഘടിപ്പിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന പാര്‍ട്ടികളിലൊന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആയിരുന്നു. ഇസ്ലാമിക പാരമ്പര്യത്തിന്റെ രാഷ്ട്രീയത്തില്‍ നിന്നും നാഷ്നല്‍ സാല്‍വേഷന്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള മുമ്പത്തെ മറ്റു പാര്‍ട്ടികളില്‍ നിന്നും ഭിന്നമായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിലപാട്. കൂടുതല്‍ ഉള്‍ക്കൊള്ളാനുള്ള വിശാലത അതിന് ഉണ്ടായിരുന്നു. പകുതിയോളം വരുന്ന തുര്‍ക്കിഷ് ജനതയെ- സ്ത്രീകളെ- രാഷ്ട്രീയ രംഗത്തേക്ക് കൊണ്ടുവരാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. കുടുംബത്തില്‍ മാതാക്കളുടെയും ഭാര്യമാരുടെയും സഹോദരിമാരുടെയും മാത്രം റോളിലുണ്ടായിരുന്ന സ്ത്രീകളെ പൊതുമണ്ഡലത്തിലേക്ക് കൊണ്ടുവന്ന് രാഷ്ട്രീയ രംഗത്ത് പ്രാതിനിധ്യം നല്‍കിയത് താല്‍പര്യമുളവാക്കുന്ന കാഴ്ചയായിരുന്നു. പാര്‍ട്ടിയുടെ ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന സ്ത്രീകളിലൊരാള്‍ ഞാനായിരുന്നു. ഈ മുഴുവന്‍ പദ്ധതിയുടെയും മേല്‍നോട്ടവും അന്താരാഷ്ട്ര കാര്യങ്ങളുടെ ഉത്തരവാദിത്വവും എനിക്കായിരുന്നു.
വിര്‍ച്യു പാര്‍ട്ടിയിലും സ്ത്രീ പങ്കാളിത്തം തുടര്‍ന്നോ?
ഉവ്വ്. സംഭവിച്ചതിതാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയെ അധികാരത്തില്‍ കൊണ്ടുവന്നത് ആ പാര്‍ട്ടിയിലെ സ്ത്രീകളാണെന്ന് 1995-ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം എല്ലാവരും സമ്മതിച്ചു. നിയോജക മണ്ഡലത്തിലെ അംഗങ്ങളുമായി നേരിട്ട് കണ്ട് സംഭാഷണം നടത്തുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയിലെ സ്ത്രീകളുടെ രീതി മറ്റു പാര്‍ട്ടികളും അനുകരിച്ചു. അവരിതൊരു മാതൃകയായെടുത്ത് പഠനവിധേയമാക്കി. സ്ത്രീകളുടെ ശക്തികൊണ്ട് ഒരു പാര്‍ട്ടി അധികാരത്തിലേറിയത് ആദ്യമായിട്ടായിരുന്നല്ലോ. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സന്ദേശവുമായി വീടുവീടാന്തരം കയറിയിറങ്ങിയ പാര്‍ട്ടിയുടെ താഴ്ന്ന തലം മുതല്‍ ഉന്നതതലം വരെയുള്ള രാജ്യത്തെ 20,0000 സ്ത്രീകളാണ് ഈ വിജയത്തിനു കാരണമായത്. അതുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി വിടവാങ്ങിയപ്പോള്‍ വിര്‍ച്യൂ പാര്‍ട്ടി ആ പാരമ്പര്യം തുടര്‍ന്നു. സ്ത്രീകളുടെ അധ്വാനം ഉപയോഗപ്പെടുത്തുകയും എന്നാല്‍ പാര്‍ലമെന്റില്‍ അവരില്‍ നിന്നൊരാളെയും പ്രതിനിധിയായി അയക്കാതിരിക്കുകയും ചെയ്തതിന് വെല്‍ഫെയര്‍ പാര്‍ട്ടി വല്ലാതെ വിമര്‍ശനമേറ്റുവാങ്ങിയിരുന്നു. വിരോധാഭാസമെന്നു പറയട്ടെ, പുറത്തുള്ളവരില്‍ നിന്നാണ്, പ്രത്യേകിച്ചും കമാലിസ്റുകളില്‍ നിന്നായിരുന്നു ഈ വിമര്‍ശനം. വെല്‍ഫെയര്‍ പാര്‍ട്ടിയെ അടിക്കാന്‍ കമാലിസ്റുകള്‍ ഇതുപയോഗിച്ചു. സ്ത്രീ സംഘടനകളില്‍ നിന്നും ഇടതു സംഘടനകളില്‍ നിന്നും ലിബറലുകളില്‍ നിന്നുമൊക്കെ ഈ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിക്കകത്തുതന്നെ ഇതൊരു ചര്‍ച്ചാ വിഷയമായി. അതുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിടവാങ്ങലിനു ശേഷം വിര്‍ച്യൂ പാര്‍ട്ടി നിലവില്‍ വന്നപ്പോഴും പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം കൂടുതല്‍ വിശാലവും ജനാധിപത്യബോധമുള്‍ക്കൊണ്ടതുമായിരുന്നു. നസ്ലി ഇലിസാക്കിനെ പോലുള്ള മതേതര ജീവിതം നയിക്കുന്ന സ്ത്രീകളും പാര്‍ട്ടിയിലെത്തി. ഇസ്ലാമിക മൂവ്മെന്റില്‍ ആദ്യമായി സെന്‍ട്രല്‍ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ സ്ത്രീകളെയുമുള്‍പ്പെടുത്തി. വുമണ്‍ കമീഷന്റെ വിദേശകാര്യ വകുപ്പിന്റെ നേതൃത്വം അപ്പോഴും എനിക്കായിരുന്നു.
അടുത്ത ഇലക്ഷന് സമയമായപ്പോള്‍ ഹിജാബ് ധരിച്ചസ്ത്രീകളെ നോമിനേറ്റ് ചെയ്യുന്ന രീതികളെക്കുറിച്ച ചോദ്യങ്ങള്‍ വീണ്ടുമുണ്ടായി. ഈ മൂവ്മെന്റിന്റെ വിജയത്തില്‍ ഒഴിച്ചുകൂടാനാവാത്ത പങ്ക് ഹിജാബ് ധരിച്ച സ്ത്രീകള്‍ വഹിച്ചിട്ടുണ്ട്. ഹിജാബ് ധാരികളായ സ്ത്രീകളെ നോമിനേറ്റ് ചെയ്യാതെ സെക്യുലര്‍ സ്ത്രീകളെ നോമിനേറ്റ് ചെയ്യുന്നത് വിഷമം പിടിച്ച കാര്യമായിരുന്നു. അപ്പോഴും 73 ശതമാനം തുര്‍ക്കി വനിതകളും ഹിജാബ് ധരിക്കുന്നുണ്ടായിരുന്നു. ഇത് ഞങ്ങളുടെ സംസ്കാരത്തിന്റെ, പാരമ്പര്യത്തിന്റെ, ചരിത്രത്തിന്റെ എല്ലാറ്റിലും പ്രധാനമായി ഞങ്ങളുടെ മതത്തിന്റെ ഭാഗമാണ്. വിര്‍ച്യൂപാര്‍ട്ടിയില്‍ ആരോഗ്യകരമായ സംവാദം നിലനിന്നിരുന്നു. അങ്ങനെ സ്ത്രീകളെയും പങ്കെടുപ്പിക്കുക എന്ന ശരിയായ തീരുമാനം പാര്‍ട്ടി എടുത്തു.
1999-ല്‍ പാര്‍ലമെന്റിലേക്ക് നടന്നുചെല്ലുമ്പോള്‍ അക്രമാസക്തമായ പ്രതികരണം നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ? നിങ്ങള്‍ കടന്നുപോന്ന ഈ അവസ്ഥകളെയെല്ലാം നിങ്ങള്‍ എങ്ങനെയാണ് തരണംചെയ്തത്?
ഹിജാബ് ധരിച്ച സ്ത്രീയുടെ മകളായതിനാലും ഹിജാബ് ധരിക്കുന്ന സ്ത്രീ ആയതിനാലും ചിലതൊക്കെ ഞാന്‍ പ്രതീക്ഷിച്ചിരുന്നു. 1970-കളുടെ ആദ്യത്തില്‍ ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്ന അങ്കാറയിലൂടെ കാറോടിച്ചുപോകുന്ന എന്റെ മാതാവ് ആക്ഷേപിക്കപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അന്നവിടെ വളരെ കുറച്ചു സ്ത്രീകള്‍ക്കേ സ്വന്തമായി കാറുണ്ടായിരുന്നുള്ളൂ. സ്വന്തമായി കാറോടിച്ചിരുന്നത് അപൂര്‍വം സ്ത്രീകളായിരുന്നു. കമാലിസ്റുകള്‍ക്ക് ദഹിക്കുന്നതായിരുന്നില്ല ഹിജാബ് ധരിച്ച സ്ത്രീ കാറോടിച്ചുപോകുന്നത്. പലപ്പോഴും എന്റെ മാതാവിനെ കൊച്ചാക്കി സംസാരിക്കുന്നത് പൊതുസ്ഥലങ്ങളില്‍ വെച്ച് ഞാന്‍ കേട്ടിട്ടുണ്ട്.
മുതിര്‍ന്നപ്പോള്‍ ഞാനും അങ്കാറയുടെ തെരുവിലൂടെ നടക്കുമ്പോള്‍ ഇതേ പ്രശ്നം അഭിമുഖീകരിച്ചു. മറയ്ക്കാന്‍ മാത്രം നീയത്ര വലുതായോ നീ എന്തിനാണ് മറയ്ക്കുന്നത്, ഇറാനില്‍ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ നിനക്ക് പണം വരുന്നുണ്ടോ തുടങ്ങിയ കമന്റുകള്‍ എനിക്ക് കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശത്തെപ്പോലും അംഗീകരിച്ചുതരാത്ത, വളരെ അസഹിഷ്ണുത പുലര്‍ത്തുന്നവരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പിന്നോട്ടു നോക്കുമ്പോള്‍ ജനാധിപത്യം വിജയിക്കുമെന്ന് ചിന്തിക്കാന്‍ മാത്രം നിഷ്കളങ്കയായിരുന്നു ഒരു പക്ഷേ ഞാന്‍. അവര്‍ക്കെന്നെ ഇഷ്ടമല്ലെങ്കിലും അവരെന്നെ സഹിക്കേണ്ടിവരുമെന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ അത് സംഭവിച്ചില്ല. ഈ അവസ്ഥയിലെത്തുമെന്ന് ഞാനും കരുതിയില്ല. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് പാര്‍ലമെന്റിലുണ്ടായിരുന്ന പ്രതിഷേധക്കാര്‍ക്കുള്‍പ്പെടെ ആര്‍ക്കും അറിയില്ലായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് ഞാന്‍ മാത്രമല്ല, ഒരുമിച്ച് പ്രതിഷേധിച്ച അവരും ഞെട്ടിയിരിക്കണം.
തുര്‍ക്കിയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, യൂനിവേഴ്സിറ്റികളിലെ ഹിജാബ് നിരോധം നീക്കം ചെയ്യുന്നതിനെ ഇപ്പോഴും എതിര്‍ക്കുന്നവരെക്കുറിച്ച് നിങ്ങള്‍ക്കെന്തു തോന്നുന്നു?
തുര്‍ക്കിയിലെ ജനങ്ങളില്‍ ഭൂരിഭാഗവും -ഏതാണ്ട് 90 ശതമാനവും പേരും- ഹിജാബ് നിരോധനം എടുത്തുകളയുന്നതിനെ അനുകൂലിക്കുന്നവരും, ഏതാണ്ട് 60 ശതമാനം പേര്‍ ഹിജാബ് ധരിച്ച സ്ത്രീ പാര്‍ലമെന്റംഗമാവുന്നതില്‍ പ്രശ്നമില്ലാത്തവരുമാണെന്ന് സര്‍വേകളില്‍ നിന്ന് വളരെ വ്യക്തമാണ്. ജനകീയ തലത്തില്‍, വഴിയില്‍, കൈകോര്‍ത്ത്, തോളോടു തോള്‍ ചേര്‍ന്ന്, നല്ല അയല്‍ക്കാരായി, ഹിജാബ് ധരിച്ചവരും ധരിക്കാത്തവരുമായ സ്ത്രീകള്‍ കഴിയുന്നു. ഉയര്‍ന്ന സ്ഥാപനങ്ങളിലാണ് പ്രശ്നം.
ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ വിഷയത്തെ സമീപിക്കേണ്ടത്. വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും തുല്യാവസരം, ആവിഷ്കാര സ്വാതന്ത്യ്രം, മതസ്വാതന്ത്യ്രം, മനുഷ്യാവകാശങ്ങള്‍ എന്നിവ ഒരു ജനാധിപത്യ രാജ്യത്ത് ലഭ്യമാവണം. നിങ്ങളുടെ മതപരമായ ദൃഢവിശ്വാസങ്ങളുടെ പേരില്‍ വിദ്യാഭ്യാസവും തൊഴിലും ലഭ്യമാവില്ലെന്നതും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ കഴിയില്ലെന്നതും ഒരു രാജ്യത്ത്- പ്രത്യേകിച്ച് ഒരു മുസ്ലിം രാജ്യത്ത്- നിലനില്‍ക്കുന്നുണ്ടെന്നത് വിശദീകരിക്കാനാവാത്തതാണ്.
വിവ: സിദ്ദീഖ്
കടപ്പാട്: www.todayszaman.com
Comments