സഹോദരിപുത്രിയെ വിവാഹം ചെയ്താല്‍...
എന്റെയൊരു സുഹൃത്ത് 17 വര്‍ഷം മുമ്പ് ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമാശ്ളേഷണത്തിനു ശേഷം ഹിന്ദുവായ അദ്ദേഹത്തിന്റെ സഹോദരിയുടെ മകളെയാണ് വിവാഹം കഴിച്ചത്. തമിഴ്നാട്ടിലെ പല പ്രദേശങ്ങളിലും ഹിന്ദുക്കള്‍ക്കിടയില്‍ സഹോദരി പുത്രിയെ വിവാഹം ചെയ്യല്‍ സാധാരണമാണ്. ബന്ധുക്കളുടെ നിര്‍ബന്ധവും സമ്മര്‍ദവും കാരണമാണ് ഈ വിവാഹം നടന്നത്. വിവാഹാനന്തരം ഭാര്യയും ഇസ്ലാം സ്വീകരിച്ചു. വിവാഹസംബന്ധമായ ശരീഅത്ത് വിധി അന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് നാല് മക്കളുണ്ട്. ഈയിടെയാണ് സഹോദരിയുടെ മകളുമായുള്ള വിവാഹം ഹറാമാണെന്ന് അറിയാനിടയായത്. ഇപ്പോള്‍ അവര്‍ രണ്ടുപേരും ധര്‍മ സങ്കടത്തിലാണ്. വേര്‍പിരിയുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത നാല് മക്കളുടെ ഭാവി അവരെ ആശങ്കാകുലരാക്കുന്നു. ശരീഅത്തിന് വിരുദ്ധമായ ജീവിതം തങ്ങളുടെ പരലോകജീവിതത്തെ ബാധിക്കുമെന്ന ഉത്കണ്ഠയും അവരെ വേട്ടയാടുന്നു. അവര്‍ക്ക് ദമ്പതികളായി തുടര്‍ന്നും ജീവിക്കാമോ? പരിചരണം ആവശ്യമുള്ള മക്കള്‍ ഉണ്ടായിരിക്കെ വേര്‍പിരിയല്‍ അനിവാര്യമാണോ?
ഉത്തരം: വിശുദ്ധ ഖുര്‍ആനില്‍ നാലാം അധ്യായത്തില്‍ 23-ാം സൂക്തത്തില്‍ വിവാഹബന്ധം പാടില്ലാത്തവരുടെ വിശദവിവരം കാണാം. ഏഴിനം കുടുംബബന്ധത്തിലുള്ളവരും ഏഴിനം വിവാഹബന്ധത്തിലുള്ളവരും പരസ്പരം വിവാഹം അരുത്. കുടുംബബന്ധത്തിലുള്ള -രക്തബന്ധമുള്ള ഏഴിനങ്ങളിതാ: മാതാവ്, മകള്‍, സഹോദരി, പിതൃസഹോദരി, മാതൃസഹോദരി, സഹോദര പുത്രി, സഹോദരി പുത്രി, ഇവരുമായുള്ള വിവാഹം നിഷിദ്ധമാണ്. ഇതില്‍ പറഞ്ഞ സഹോദരി പുത്രിയാണ് ചോദ്യകര്‍ത്താവ് ഉന്നയിക്കുന്ന പ്രശ്നത്തില്‍ ഭാര്യയായുള്ളത്. ഇസ്ലാം ആശ്ളേഷിക്കുന്നതിന് മുമ്പാണ് ചോദ്യത്തില്‍ ഉന്നയിച്ച പ്രശ്നങ്ങളെങ്കില്‍ അത് മനസ്സിലാക്കാം. എന്നാല്‍ ഇസ്ലാമാശ്ളേഷിച്ച ശേഷമാണ് ഒന്നിലധികം അബദ്ധങ്ങള്‍ സംഭവിച്ചുപോയത്. ഇതിന്റെ പ്രധാന കാരണം ഒരാളെ ഇസ്ലാമിലേക്കാകര്‍ഷിക്കാന്‍ വേണ്ടി മതപ്രചാരണം നടത്തുന്ന വ്യക്തികള്‍ ഇസ്ലാമിക ജീവിത വ്യവസ്ഥയെക്കുറിച്ച് പൂര്‍ണമായി മനസ്സിലാക്കാന്‍ ആവശ്യമായ സഹായം നല്‍കുന്നില്ലയെന്നതാണ്. ഇങ്ങനെ ഭാഗികമായി ഇസ്ലാം സ്വീകരിച്ച വ്യക്തികള്‍ക്ക് ഒരുപാട് പ്രതിഫലം നഷ്ടപ്പെട്ടുപോകുന്നു. ചിലപ്പോള്‍ അനേകം പാപങ്ങളില്‍ ചെന്നുചാടാന്‍ ഇടവരുന്നു. "സത്യവിശ്വാസികളേ, ഇസ്ലാമില്‍ പരിപൂര്‍ണമായും പ്രവേശിക്കുക. പിശാചിന്റെ കാലടികള്‍ പിന്തുടരരുത്. അവന്‍ നിങ്ങളുടെ തെളിഞ്ഞ ശത്രുവാണ്'' (2:208) എന്ന വചനത്തിലൂടെ വിശുദ്ധ ഖുര്‍ആന്‍ ഉദ്ബോധിപ്പിക്കുന്നത് അപൂര്‍ണമായ അറിവില്‍ തൃപ്തിപ്പെടാതെ ഇസ്ലാമിനെക്കുറിച്ച് പൂര്‍ണമായും മനസ്സിലാക്കി അതത്രയും ജീവിതത്തില്‍ പകര്‍ത്തണമെന്നതാണ്. ഇതിനുള്ള സൌകര്യങ്ങള്‍ ലഭ്യമാകാത്തതിനാല്‍ ഇസ്ലാമാശ്ളേഷിച്ച ശേഷം അദ്ദേഹം വിവാഹം കഴിച്ചത് ഒരു ഹിന്ദുവായ സഹോദരി പുത്രിയെയാണ്. കുടുംബത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് വിവാഹം നടന്നത്. പക്ഷേ, താന്‍ സ്വീകരിച്ച വിശ്വാസാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ ഒരു കുടുംബബന്ധമാണിതെന്ന് ആരും അദ്ദേഹത്തിന് പറഞ്ഞുകൊടുത്തില്ല. വിവാഹാനന്തരം അവര്‍ ഇസ്ലാം സ്വീകരിച്ചു എന്നതാണ് ഒരാശ്വാസം.
ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇസ്ലാമിക പ്രബോധകര്‍ ബദ്ധശ്രദ്ധരായിരിക്കണം. ഇസ്ലാമില്‍ ആകൃഷ്ടരാകുന്ന സഹോദരങ്ങളെ ലക്ഷ്യ സ്ഥാനത്തെത്തുവോളം സഹായിക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്. ഈ വിശ്വാസ സംഹിതയുടെ മഹത്വങ്ങള്‍ മനസ്സിലാവേണ്ടത് അവരുടെ അവകാശമാണ്. അത് പ്രബോധകര്‍ അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം.
ഉപര്യുക്ത സഹോദരന്‍ തന്റെ ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ഈ ബന്ധം തുടരാന്‍ ഒരു വിധത്തിലും അനുവാദമില്ല. എന്നാല്‍, തെറ്റായ ബന്ധം ഇത്രയും കാലം വെച്ചുപുലര്‍ത്തിയത് അറിവില്ലായ്മ കാരണമാകയാല്‍ അത് അല്ലാഹു പൊറുത്തുകൊടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇവര്‍ രക്തബന്ധത്തിലുള്ളവരാകയാല്‍ വിവാഹബന്ധം വിഛേദിച്ചാലും ഒന്നിച്ച് ജീവിച്ച് കുട്ടികളുടെ സംരക്ഷണ കാര്യം നിര്‍വഹിക്കാം. എന്നാല്‍ കിടപ്പറയില്‍ ഒന്നിച്ചുറങ്ങാനോ ലൈംഗികമായി ബന്ധപ്പെടാനോ ഒട്ടും അനുവാദമില്ല. മറ്റൊരു വിവാഹം രണ്ടു പേര്‍ക്കും ആവശ്യമാണോ എന്നത് ഇവരുടെ പ്രായവും ആരോഗ്യവും വെച്ച് തീരുമാനിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പരിധികള്‍ ലംഘിക്കാതെ, ലൈംഗികമായി പാപങ്ങളില്‍ ചെന്നുചാടാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്നുറപ്പുണ്ടെങ്കില്‍ അവര്‍ക്ക് അവിവാഹിതരായി കഴിയാം. അല്ലെങ്കില്‍ രണ്ടു പേര്‍ക്കും അനുയോജ്യരായ ഇണകളെ തേടാം.
കുട്ടികള്‍ക്ക് അരക്ഷിതബോധമുണ്ടാകേണ്ട സാഹചര്യം ഇവിടെ ഉത്ഭവിക്കുന്നില്ല. മാതാപിതാക്കളുടെ സാന്നിധ്യം അവര്‍ക്കുണ്ടാവും. കിടപ്പറയില്‍ മാത്രമേ അവര്‍ വേര്‍പെട്ട് നില്‍ക്കേണ്ടതുള്ളൂ. മക്കള്‍ മുസ്ലിംകളായി വളരാന്‍ ആവശ്യമായ വിദ്യാഭ്യാസവും മറ്റും നല്‍കണം. അപ്പോള്‍ അവരുടെ ജീവിതത്തില്‍ ഇത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതെ സൂക്ഷിക്കാം. പ്രായപൂര്‍ത്തിയാവുമ്പോള്‍ അവര്‍ക്ക് കുടുംബചരിത്രത്തിലെ ഈ വസ്തുതകള്‍ വിശദീകരിച്ചുകൊടുക്കുന്നത് നല്ലതാണ്. എന്നാല്‍ അതിനു മുമ്പ് ഇത്തരം വിഷയങ്ങള്‍ രഹസ്യമാക്കി വെക്കുന്നതാവും ഗുണകരമെന്ന് തോന്നുന്നു.
ഷെയര്‍ മാര്‍ക്കറ്റിലെ പങ്കാളിത്തം
ഇസ്ലാമിക ശരീഅത്ത് നിമയത്തിന്റെ അടിസ്ഥാനത്തില്‍ ധാരാളം ഷെയര്‍ മാര്‍ക്കറ്റുകള്‍ നടക്കുന്നുണ്ട്. ഠമൂംമ അറ്ശീൃ്യ മിറ ടവമൃശമ ക്ിലാലി ടീഹൌശീിേ (ഠഅടകട)ന്റെ സപ്പോര്‍ട്ടോടു കൂടിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഒരു മുസ്ലിമിന് ഇതില്‍ ചേരാന്‍ പറ്റുമോ? വിശദാംശങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഉത്തരം: ഓഹരി വിപണിയെക്കുറിച്ച് അല്‍പം പറയാതെ മറുപടി പൂര്‍ണമാവില്ല. ഓഹരി വിപണിയില്‍ ഇസ്ലാം കഠിനമായി വിരോധിച്ച പല കാര്യങ്ങളും കയറിക്കൂടിയതിനാലാണ് ഈ ഇടപാടുകള്‍ വര്‍ജ്യമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നത്. ഓഹരികളുടെ അടിസ്ഥാനമായ വ്യവസായം നിഷിദ്ധ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നുവെങ്കില്‍ അതിന്റെ ഓഹരികളും നിഷിദ്ധമാകുന്നു. പലിശയിലധിഷ്ഠിതമായ സാമ്പത്തിക വിനിമയം നടത്തുന്ന സ്ഥാപനങ്ങളുടെ ഓഹരികള്‍ നിഷിദ്ധമാണ്. അശ്ളീലതയുടെ പ്രചാരണം വഴി ലാഭം കൊയ്യുന്ന സ്ഥാപനങ്ങളുടെ ഓഹരികള്‍ നിഷിദ്ധമാണ്. മദ്യം, മയക്കുമരുന്ന്, എന്‍ഡോസള്‍ഫാന്‍ പോലെയുള്ള കീടനാശിനികള്‍, നശീകരണായുധങ്ങള്‍, മനഃശാസ്ത്ര യുദ്ധോപകരണങ്ങള്‍ തുടങ്ങി മനുഷ്യസമൂഹത്തിന്റെ നിലനില്‍പിനു തന്നെ ഭീഷണിയാകുന്ന വസ്തുക്കളും ഉപകരണങ്ങളും ആയുധങ്ങളും ഉല്‍പാദിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പങ്കാളിത്തം നിഷിദ്ധമാണ്.
ഓഹരി വിപണിയില്‍ ഇടപാടുകളുടെ അനിസ്ലാമിക രീതികളാണ് അവ നിരോധിക്കാനുള്ള മറ്റൊരടിസ്ഥാനം. നിഷിദ്ധ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതാണ്.
വളരെ സങ്കീര്‍ണമായ ഒരു സംവിധാനമാണ് ഓഹരി വിപണി. അതിന്റെ വിശദീകരണം നല്‍കാന്‍ ഈ പംക്തി പര്യാപ്തമല്ല. ഇടപാടുകളില്‍ വരുന്ന നിഷിദ്ധ കാര്യങ്ങള്‍ സംക്ഷിപ്തമായി പരാമര്‍ശിക്കാം.
അവധി ഇടപാടുകളില്‍ ബ്രോക്കറും ഇടപാട് സ്ഥാപനവും പലിശ വസൂലാക്കുന്ന എല്ലാ രീതികളും വര്‍ജിക്കേണ്ടതാണ്. അതുപോലെ ഓഹരി വിപണിയില്‍ പെട്ടെന്ന് വലിയ നഷ്ടം വരാനോ പെട്ടെന്ന് വമ്പിച്ച ലാഭം കൊയ്യാനോ കാരണമാകുന്ന ഇടപാടുകളെല്ലാം നിഷിദ്ധമാണ്. ഊഹത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ഇടപാടുകള്‍ ഈ ഇനത്തില്‍ പെടുന്നു.
സാധാരണഗതിയില്‍ ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ എന്ന പ്രസ്താവന അനുവദനീയമായ കാര്യങ്ങള്‍ക്ക് തെളിവായി ധരിക്കാം. എന്നാല്‍ ബിസിനസ്സ് പരസ്യങ്ങളില്‍ സത്യസന്ധത ഒരടിസ്ഥാനമല്ലല്ലോ. ഇസ്ലാമിക് ബാങ്കിംഗ് ഒരു നല്ല അവസരമാണെന്ന് കണ്ടപ്പോള്‍ പല പരമ്പരാഗത ബാങ്കുകളും 'ഇസ്ലാമിക് വിന്‍ഡോ' തുറന്നു. എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ അവ ശരിയായ ഇസ്ലാമിക രീതിയല്ല സ്വീകരിച്ചതെന്ന് കണ്ടെത്തിയതിനാല്‍ ചില അറബ് നാടുകള്‍ 'ഇസ്ലാമിക ജാലകം' അടച്ചുപൂട്ടാന്‍ ആജ്ഞാപിച്ചു.
ഓഹരി വിപണിയുടെ മുഴുവന്‍ വിശദീകരണങ്ങളും ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കണമെന്നാണ് നിയമം. അവ ശേഖരിച്ച് നിഷിദ്ധമായതൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയാണ് ഒരു സത്യവിശ്വാസി അവയുമായി ബന്ധം സ്ഥാപിക്കേണ്ടത്. പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നുന്ന പലതും നേരത്തെ സൂചിപ്പിച്ച പരസ്യത്തിന്റെ ഇനത്തില്‍ പെട്ടതാവാനും സാധ്യതയുണ്ട്.
റീത്ത് സമര്‍പ്പിക്കാമോ
അമുസ്ലിം സഹോദരങ്ങളുടെ ദേഹവിയോഗത്തില്‍ അനുശോചനം പ്രകടിപ്പിക്കുന്നതിനുള്ള പ്രതീകമായി മുസ്ലിം സുഹൃത്തുക്കളും നേതാക്കളും പുഷ്പചക്രം അര്‍പ്പിക്കുന്നതായി അറിയുന്നു. പുഷ്പചക്രം-റീത്ത്- സമര്‍പ്പണം ഇസ്ലാമിക വീക്ഷണത്തില്‍ അനുവദനീയമാണോ?
ഉത്തരം: ബഹുസ്വര സമൂഹത്തില്‍ മുസ്ലിംകളുടെ നിലപാട് എന്തായിരിക്കുമെന്ന അടിസ്ഥാന വിഷയവുമായി ബന്ധപ്പെട്ടതാണീ ചോദ്യം.
മുസ്ലിംകള്‍ ഒരു പ്രബോധക സമൂഹമായിരിക്കണം. "ജനങ്ങള്‍ക്കു വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമുദായമാണ് നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു, തിന്മ നിരോധിക്കുന്നു, അല്ലാഹുവില്‍ വിശ്വസിക്കുന്നു'' (3:110) എന്നാണ് വിശുദ്ധ ഖുര്‍ആന്‍ മുസ്ലിംകളെ വിശേഷിപ്പിക്കുന്നത്. ഇതര സമൂഹങ്ങളുമായി മൈത്രിയിലും സഹകരണത്തിലും ജീവിക്കാനുള്ള നിര്‍ദേശമാണ് (60:8) വിശുദ്ധ ഖുര്‍ആന്‍ നല്‍കിയിരിക്കുന്നത്. "മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ നിങ്ങളെ വീടുകളില്‍ നിന്നാട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതിപൂര്‍വം വര്‍ത്തിക്കുന്നതും അല്ലാഹു നിങ്ങള്‍ക്ക് വിലക്കുന്നില്ല. നീതിമാന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നു.''
ദുഃഖത്തില്‍ അനുശോചനം രേഖപ്പെടുത്തുക, സന്തോഷത്തില്‍ പങ്കാളികളാവുക എന്നതെല്ലാം മൈത്രിയുടെയും സഹകരണ മനോഭാവത്തിന്റെയും നാന്ദിയാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആദര്‍ശത്തിന് കടകവിരുദ്ധമായ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ സത്യവിശ്വാസി അതില്‍നിന്ന് മാറി നില്‍ക്കുകയും സന്ദര്‍ഭം പോലെ 'തന്റെ വിശ്വാസത്തിന് യോജിക്കാത്തതാണ്' വിട്ടുനില്‍ക്കാന്‍ കാരണമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്യണം. തെറ്റിദ്ധാരണ ഒഴിവാക്കാന്‍ അത് ഉപകരിക്കും.
മാപ്പുസാക്ഷി
ഇന്ത്യന്‍ നിയമമനുസരിച്ച് ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട സംഘത്തിലെ ഒരാള്‍ മാപ്പു സാക്ഷിയായാല്‍ അയാള്‍ക്കു മാത്രം ശിക്ഷയില്‍ ഇളവ് നല്‍കുന്ന നിയമമുണ്ട്. എല്ലാവരും ചെയ്തത് ഒരേ അളവിലുള്ള കുറ്റമാണ്. ഇസ്ലാമില്‍ മാപ്പു സാക്ഷി സമ്പ്രദായമുണ്ടോ? വിശദീകരണം?
ഉത്തരം: കുറ്റം, ശിക്ഷ, സാക്ഷി എന്നിവയിലെല്ലാം ഇന്നുള്ളതില്‍നിന്ന് വ്യത്യസ്തമായ ഒരു സങ്കല്‍പമാണ് ഇസ്ലാമില്‍. കുറ്റകൃത്യങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ധാര്‍മികമായും നിയമം മുഖേനയും സാഹചര്യമൊരുക്കുന്നു. ഇതിലാണ് ഭരണകൂടത്തിന്റെ ശ്രദ്ധയത്രയും ഊന്നുക. ആവശ്യത്തിന് ആഹാരം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ ഓരോ പൌരനും ലഭ്യമാക്കേണ്ടത് ഭരണാധികാരിയുടെ ചുമതലയാണ്. ഓരോ പൌരന്റെയും ജീവന്‍, സ്വത്ത്, അഭിമാനം എന്നിവ സംരക്ഷിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണ്. ഇവയിലേതെങ്കിലും ആക്രമിക്കുന്നത് വലിയ കുറ്റമാണ്. ഇതില്‍ ദൈവപ്രോക്തമായ ശിക്ഷയുള്ള കുറ്റങ്ങളുണ്ട്. മോഷണം, വ്യഭിചാരം, വ്യഭിചാരാരോപണം തുടങ്ങിയവ. കവര്‍ച്ച, കൊള്ള തുടങ്ങിയ സംഘടിത കുറ്റകത്യങ്ങള്‍ക്കും നിര്‍ണിത ശിക്ഷയുണ്ട്.
എന്നാല്‍, ചില കുറ്റകൃത്യങ്ങള്‍ക്ക് സാഹചര്യമനുസരിച്ച് ശിക്ഷയുടെ തോത് നിര്‍ണയിക്കാന്‍ ന്യായാധിപന് അവകാശമുണ്ട്. കുറ്റവാളി പശ്ചാത്തപിച്ച് മടങ്ങിയാല്‍ ശിക്ഷ പൂര്‍ണമായോ, ഭാഗികമായോ ഇളവ് ചെയ്യാനും ഭരണാധികാരിക്ക് അധികാരമുണ്ട്.
ചെയ്ത കുറ്റം വ്യക്തികളെ ബാധിക്കുന്ന മേഖലയിലാണെങ്കില്‍ ഉഭയകക്ഷി ധാരണയനുസരിച്ച് പൂര്‍ണമായും ഇളവ് ചെയ്യാനോ ഭാഗികമായി ഇളവ് ചെയ്യാനോ ബന്ധപ്പെട്ട വ്യക്തിക്കവകാശമുണ്ടായിരിക്കും. ഇതില്‍ ആരെയും നിര്‍ബന്ധിക്കാന്‍ ഭരണാധികാരിക്ക് അധികാരമില്ല. സാക്ഷ്യം വളരെ പ്രാധാന്യത്തോടെയാണ് ഇസ്ലാം കാണുന്നത്. സത്യസന്ധരും കുറ്റകൃത്യങ്ങളില്‍ പെടാത്തവരും നാട്ടില്‍ സല്‍പേരുള്ളവരുമായ വ്യക്തികളെ മാത്രമേ ഇസ്ലാം സാക്ഷികളായി അംഗീകരിക്കുകയുള്ളൂ. കള്ളസാക്ഷ്യം മഹാ പാപങ്ങളില്‍ ഏറ്റവും വലിയതാണ്. ഒരാളുടെ പുണ്യങ്ങളത്രയും അത് നശിപ്പിച്ചുകളയും.
ഇസ്ലാമിലെ ശിക്ഷാവിധികള്‍ വളരെ കര്‍ക്കശവും കഠിനവുമാണ്. ജനങ്ങളുടെ ജീവന്‍ ഹനിക്കുന്നവര്‍ക്ക് വധശിക്ഷ, സ്വത്ത് അപഹരിക്കുന്നവരുടെ കരഛേദം, അഭിമാനം ഭംഗം വരുത്തുന്നവര്‍ക്ക് ചൂരലടി, കവര്‍ച്ചക്കാരെ നാടുകടത്തല്‍ എന്നതെല്ലാം കേള്‍ക്കുമ്പോള്‍ മൃഗീയമായ ക്രൂരതയായി തോന്നാം. എന്നാല്‍, ഈ ശിക്ഷകള്‍ നടപ്പാക്കാന്‍ പല നിബന്ധനകളുമുണ്ട്. ദാരിദ്യ്രവും പ്രയാസവുമാണ് മോഷണത്തിന്റെ കാരണമെങ്കില്‍ മോഷ്ടാവിന്റെ കരഛേദമെന്ന ശിക്ഷ നടപ്പാക്കുകയില്ല. മോഷ്ടിക്കപ്പെട്ട വസ്തുവോ ദ്രവ്യമോ സൂക്ഷിക്കേണ്ടവിധം സൂക്ഷിക്കാതെ എവിടെയെങ്കിലും അലസമായി വെച്ചതാണെങ്കിലും ഉപര്യുക്ത ശിക്ഷ നടപ്പാക്കുകയില്ല. മോഷ്ടിക്കപ്പെട്ട വസ്തു വിലപ്പെട്ടതല്ലെങ്കിലും ശിക്ഷ നടപ്പാക്കാവതല്ല.
സാമ്പത്തികമായി പ്രയാസമനുഭവിക്കാത്ത ഒരു വ്യക്തി സമ്പന്നനാകാന്‍ മോഷണം ഒരു കുറുക്കുവഴിയായി സ്വീകരിക്കുന്നു. മറ്റുള്ളവര്‍ അഹോരാത്രം അധ്വാനിച്ച് സമ്പാദിക്കുകയും ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്ന സ്വത്ത് അപഹരിക്കുന്നു. സമൂഹത്തിന്റെ സ്വൈരം കെടുത്തുന്ന ഇത്തരം കൈകള്‍ ഛേദിച്ചാല്‍ സമൂഹത്തില്‍ കുറ്റവാസന കുറയും. അധ്വാനിച്ച് സമ്പാദിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരും. ഇതിനാണ് ശിക്ഷാ നിയമം. ഇത്തരം സാഹചര്യങ്ങളില്‍ ശിക്ഷ സമൂഹത്തിന് സംരക്ഷണവും നിര്‍ഭയത്വവും നല്‍കുന്നു. ഘാതകനെ വധശിക്ഷക്ക് വിധിക്കുമ്പോള്‍ കൊലപാതകമെന്ന ക്രൂരത സമൂഹത്തില്‍ ഇല്ലാതാവുന്നു. ജീവന് വിലയുണ്ടാവുന്നു. ഇതാണ് ഇസ്ലാം ശിക്ഷ നല്‍കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. കുറ്റം ചെയ്ത വ്യക്തിയോടല്ല കുറ്റവാസനയോടാണ് ശക്തമായി പ്രതികരിക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട ഒരു നടപടിക്ക് ദുര്‍ബലരായ സാക്ഷികളെ അവലംബിക്കാനാവില്ല. ന്യായാധിപന് ബോധ്യം വരുന്ന രീതിയില്‍ കുറ്റം തെളിയിക്കപ്പെടണം. അക്രമിക്കപ്പെട്ടവന് നീതി ലഭിക്കണം. സാക്ഷി ഈ നീതി നിര്‍വഹണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന വ്യക്തിയാണ്.
രാഷ്ട്ര സംവിധാനത്തില്‍ ഇസ്ലാം വരുത്തിയ പരിഷ്കരണമാണ് ഭരണനിര്‍വഹണവും നീതിന്യായ നിര്‍വഹണവും രണ്ടായി വേര്‍പ്പെടുത്തിയത്. ഭരണാധികാരിയില്‍നിന്നാണ് അനീതിയും അക്രമവും ഉണ്ടാകുന്നതെങ്കില്‍ അവിടെ നീതിപൂര്‍വകമായ വിധിയുണ്ടാവണം. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ ഇതിനനിവാര്യമാണ്. അതാണ് ഇസ്ലാം സ്ഥാപിച്ചത്. ഇസ്ലാമിന് മുമ്പ് ഭരിക്കാനും ന്യായാധിപസ്ഥാനം വഹിക്കാനും ശിക്ഷ നിര്‍ണയിക്കാനുമെല്ലാം അധികാരം ഭരണാധിപനായിരുന്നു. 15-ാം നൂറ്റാണ്ട് വരെ പാശ്ചാത്യരെല്ലാം ഇതേ രീതിയാണ് സ്വീകരിച്ചിരുന്നത്. ഇപ്പോഴും ജുഡീഷ്യറി പൂര്‍ണമായും സ്വതന്ത്രമല്ലാത്ത ഭരണവ്യവസ്ഥകളുണ്ട്. സാക്ഷിയും തെളിവുമാണ് നീതി നടപ്പാക്കാന്‍ അനിവാര്യം. സാക്ഷ്യം വഹിച്ച് സത്യം വെളിപ്പെടുത്തേണ്ടത് പൌരന്റെ ബാധ്യതയായി ഇസ്ലാം പഠിപ്പിക്കുന്നു. തെളിവുകള്‍ കെട്ടിച്ചമക്കുന്നതും കള്ളസാക്ഷ്യം പറയുന്നതും കര്‍ശനമായി തടയാന്‍ ഇസ്ലാമിക വ്യവസ്ഥയില്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്.
ഈ സംക്ഷിപ്ത വിവരണത്തില്‍ നിന്ന് ചോദ്യകര്‍ത്താവ് ചില പ്രധാന കാര്യങ്ങള്‍ ഗ്രഹിച്ചിരിക്കുമല്ലോ.
ഒന്നാമതായി, ഇന്ന് നാം കാണുന്ന പോലെ കുറ്റകൃത്യങ്ങള്‍ സാധാരണ സംഭവമായി മാറുന്ന ഒരു സമൂഹമല്ല ഇസ്ലാം വിഭാവനം ചെയ്യുന്നത്. നിയമം നടപ്പാക്കി നീതി സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ കുറ്റകൃത്യങ്ങളെ സമീപിക്കുമ്പോള്‍ പൌരന്മാരുടെ അകമഴിഞ്ഞ സഹകരണം ലഭ്യമാകുന്നു. ഉയര്‍ന്ന ധാര്‍മിക നിലവാരം പുലര്‍ത്തുന്ന സമൂഹമാണത്. അതിനാല്‍ വളരെ വിരളമായി മാത്രം സംഭവിക്കുന്ന കുറ്റങ്ങള്‍ താമസംവിനാ തെളിയിക്കപ്പെടുന്നു. വൈകാതെ ശിക്ഷ വിധിക്കുകയും ചെയ്യുന്നു.
നമ്മുടെ നാട്ടില്‍ ന്യായാധിപന്മാര്‍ രാപ്പകല്‍ ഇടതടവില്ലാതെ ജോലി ചെയ്താല്‍ പോലും തീര്‍ക്കാന്‍ കഴിയാത്തത്ര കേസുകള്‍ അട്ടിയട്ടിയായി കെട്ടിക്കിടക്കുന്നു. കുറ്റങ്ങളുടെ ആധിക്യവും വ്യവസ്ഥിതിയുടെ സങ്കീര്‍ണതയും ഇതിന് കാരണമാണ്. ഇവിടെ സ്വീകരിച്ചിട്ടുള്ള 'മാപ്പുസാക്ഷി' ചോദ്യകര്‍ത്താവ് സൂചിപ്പിക്കുന്ന പോലെ കുറ്റകൃത്യത്തിന്റെ എല്ലാ വിശദാംശങ്ങളും അറിയുന്ന, എന്നാല്‍ താരതമ്യേന കൃത്യത്തില്‍ ലഘുവായ പങ്കാളിത്തമുള്ളയാളാണ്. ഉദാഹരണമായി, ഒരു കവര്‍ച്ചയും കൊലയും നടത്തിയ സംഘത്തിലെ ഡ്രൈവറെ കുറ്റമേറ്റ് പറഞ്ഞ് മാപ്പുസാക്ഷിയാകാന്‍ അനുവദിക്കാം. നിറയൊഴിച്ച ഘാതകനെയല്ല സാക്ഷിയാക്കുക. മാപ്പു സാക്ഷിയുടെ സാക്ഷ്യം ദുര്‍ബലമാണ്. തന്നെ രക്ഷിക്കാനായി മറ്റുള്ളവരെ കുറ്റക്കാരായി ചിത്രീകരിക്കാന്‍ അയാളുടെ മനസ്സ് വെമ്പല്‍ കൊള്ളും. ഉപോല്‍ബലക തെളിവുകളോടെ മാത്രമേ ഈ സാക്ഷ്യം വിധിക്കവലംബമാക്കുകയുള്ളൂ.
ഇസ്ലാമില്‍ ഒരിനം കുറ്റകൃത്യങ്ങളില്‍ ഭരണാധികാരിക്ക് മാപ്പ് നല്‍കാനധികാരമുണ്ടെന്ന് പറഞ്ഞുവല്ലോ. ഈ ഇനം കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പ്രതികളില്‍ ഒരാളെ മാപ്പു നല്‍കി ഉപയോഗപ്പെടുത്തുന്നത് നീതി നിര്‍വഹണത്തിന് കൂടുതല്‍ സഹായകമാവുമെങ്കില്‍ യുക്തം പോലെ ഭരണാധികാരിക്കത് ചെയ്യാം.
മറ്റിനങ്ങളില്‍ പെട്ട കുറ്റകൃത്യങ്ങളില്‍ മാപ്പരുളാന്‍ അനുവാദമില്ലാത്തതിനാല്‍ അവയില്‍ മാപ്പു സാക്ഷികളുണ്ടാവാന്‍ സാധ്യതയില്ല. കുറ്റവാളികള്‍ പിടിക്കപ്പെടും മുമ്പെ പശ്ചാത്തപിച്ച് മടങ്ങിയാല്‍ അവര്‍ക്ക് മാപ്പു കൊടുക്കാന്‍ ഭരണാധികാരിക്കനുവാദമുണ്ട്. പിടിക്കപ്പെട്ടാല്‍ വിചാരണ നടത്തി ശിക്ഷിക്കേണ്ടിവരുന്നു. ഇങ്ങനെ മാപ്പു ലഭിക്കുന്ന വ്യക്തികളില്‍ നിന്ന് അന്വേഷണത്തിനു സഹായകമായ തെളിവുകള്‍ ശേഖരിക്കാം. നീതി നടപ്പാക്കാനും അനീതിയും അക്രമവും അവസാനിപ്പിക്കാനും സഹായകമാവുന്ന എല്ലാ നല്ല രീതികളും ഇസ്ലാം സ്വീകരിക്കുന്നു.
msaleemmv@gmail.com
9746202597
Comments