സഫലമോ ഈ യാത്ര?
മത-രാഷ്ട്രീയ സാംസ്കാരിക സംഘടനകള്‍ അവരുടെ നയനിലപാടുകള്‍ വിശദീകരിക്കാനും തങ്ങളുന്നയിക്കുന്ന പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കാനും അനുകൂലമായ ബഹുജനാഭിപ്രായം സംഘടിപ്പിക്കാനും കൊട്ടിഘോഷിച്ച് യാത്രകള്‍ നയിക്കാറുണ്ട്. മുദ്രാവാക്യങ്ങള്‍ എന്തൊക്കെയായാലും ചില യാത്രകളുടെ ലക്ഷ്യം അത് നയിക്കുന്ന നേതാവിന്റെ ഇമേജ് ബില്‍ഡ്അപ് ചെയ്യുകയായിരിക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ പദവികളുടെ കാമുകന്മാര് അതിനു സഹായകമാകും വണ്ണം ജനമനസ്സില്‍ കയറിക്കൂടാന്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ വിപുലമായ ദേശീയ-പ്രാദേശിക യാത്രകള്‍ സംഘടിപ്പിക്കുക പതിവാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം രണ്ട് മഹാ യാത്രകള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. യാഥാസ്ഥിതിക മുസ്ലിം സംഘടനയായ സമസ്ത പിളര്‍ന്നുണ്ടായ രണ്ട് ഗ്രൂപ്പുകളുടേതായിരുന്നു യാത്രകള്‍. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍, മാനവികതയെ ഉണര്‍ത്തുന്നു എന്ന മുദ്രാവാക്യവുമായി ഏപ്രില്‍ 12-ന് മംഗലാപുരത്തു നിന്ന് പുറപ്പെട്ട് 28-ന് തിരുവനന്തപുരത്ത് സമാപിച്ച യാത്രയെ 'കാന്തപുരത്തിന്റെ കേരള യാത്ര' എന്നാണ് ആ ഗ്രൂപ്പ് പ്രചരിപ്പിച്ചിരുന്നത്. ആത്മീയ ചൂഷണങ്ങളില്‍ നിന്ന് വിമോചനം എന്ന മുദ്രാവാക്യവുമായി എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ലേബലില്‍ ഏപ്രില്‍ 18-ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് 30-ന് തിരുവനന്തപുരത്ത് അവസാനിച്ച എതിര് ഗ്രൂപ്പിന്റെ യാത്ര അത്രത്തോളം വ്യക്തികേന്ദ്രീകൃതമായിരുന്നില്ല. രണ്ട് യാത്രകളിലും അതത് ഗ്രൂപ്പുകളുടെ ആവേശത്തിമിര്‍പ്പും ജനബാഹുല്യവും പ്രകടമായിരുന്നു. വെള്ളത്തലപ്പാവും കുപ്പായവുമണിഞ്ഞ യുവ മുസ്ലിയാക്കള്‍ ബൈക്കുകളിലേറി സംസ്ഥാനത്തെ ഹൈവേകളെ കുതിച്ചൊഴുകുന്ന പാലാറുകളാക്കി.
കാന്തപുരത്തിന്റെ യാത്രക്കായിരുന്നു താരതമ്യേന കൂടുതല്‍ പകിട്ടും പത്രാസും. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത തീവണ്ടികള്‍, വിമാനങ്ങള്‍. യാത്രയുടെ ഓരോ ദിവസവും, ഓരോ കേന്ദ്രത്തിലെത്തുമ്പോഴും കേരളത്തിന്റെ സമകാലീന ചര്‍ച്ചാ വിഷയങ്ങളില്‍ പത്രങ്ങള്‍ക്ക് തലക്കെട്ടെഴുതാന്‍ പാകത്തിലുള്ള ഉസ്താദിന്റെ പ്രസ്താവനകള്‍. ഭരണപക്ഷ- പ്രതിപക്ഷ ഭേദമന്യെ -മുസ്ലിം ലീഗ് ഒഴിച്ച്- എല്ലാ രാഷ്ട്രീയ നേതാക്കളെയും ഹൈന്ദവ-ക്രൈസ്തവ മത നേതാക്കളെയും യാത്രയെ അഭിവാദ്യം ചെയ്യാന്‍ പാഞ്ഞടുപ്പിക്കുന്നതിലും സംഘാടനം ഏറെ വിജയിച്ചു. എതിര് ഗ്രൂപ്പിന്റെ യാത്രക്ക് സെപ്ഷ്യല്‍ ട്രെയിനും വിമാനവുമൊന്നും ഉണ്ടായിരുന്നില്ല. തങ്ങളുടെ കോശസ്ഥിതി മോശമാണെന്ന് സ്വീകരണ യോഗങ്ങളില്‍ അവര്‍ തുറന്നു പറയുകയും ചെയ്തിരുന്നു. മുസ്ലിം ലീഗ് കാര്യമായി സഹകരിച്ചു. ഇതര യു.ഡി.എഫ് കക്ഷികളുടെ സമീപനം അത്ര ഊഷ്മളമായിരുന്നില്ല. മുസ്ലിം ലീഗിന്റെ പോഷക ഘടകത്തിന്റെ പരിപാടിയായിട്ടാണ് ഇടതുപക്ഷം പൊതുവില്‍ നോക്കിക്കണ്ടത്. വിവിധ വിഷയങ്ങളെക്കുറിച്ച് വലിയ വലിയ പ്രസ്താവനകളിറക്കി പത്രത്തലക്കെട്ട് കവരാനും എസ്.കെ.എസ്.എസ്.എഫ് നേതൃത്വം ശ്രമിച്ചില്ല. എങ്കിലും തങ്ങള്‍ എന്തിനു വേണ്ടിയാണ് ഇറങ്ങിതിരിച്ചിരിക്കുന്നതെന്ന് വളച്ചുകെട്ടില്ലാതെ ജനങ്ങളോടവര്‍ തുറന്നു പറഞ്ഞു. എ.പി ഉസ്താദിന്റെ തിരുമുടിത്തട്ടിപ്പ് തുറന്നു കാട്ടുകയായിരുന്നു അവരുടെ ലക്ഷ്യം. അതവര് ചെയ്തിട്ടുണ്ട്. ആ സത്യസന്ധത മാനിക്കപ്പെടേണ്ടതാണ്. കാന്തപുരത്തിനെതിരെ പത്തു കുറ്റങ്ങളടങ്ങിയ ഒരു ചാര്‍ജ് ഷീറ്റ് ജനസമക്ഷം സമര്‍പ്പിച്ചുകൊണ്ടാണ് വിമോചന യാത്ര സമാപിച്ചത്. ഒരു തിരുമുടി തട്ടിപ്പ് മാത്രമാണോ കേരളത്തില്‍ നടക്കുന്ന ആത്മീയ ചൂഷണം എന്ന ചോദ്യം ഇവിടെ ബാക്കി നില്‍ക്കുന്നുണ്ട്.
കാന്തപുരത്തെ ഇങ്ങനെയൊരു മഹാ പ്രയാണത്തിനു നിര്ബന്ധിക്കുംവണ്ണം കേരളീയ മാനവികത ഈയിടെ ഗാഢ നിദ്രയിലാണ്ടുപോയതായിട്ടൊന്നും ആരും കരുതുന്നില്ല. ജീവകാരുണ്യം, നീതിബോധം, ധാര്‍മികത, മനുഷ്യ സ്നേഹം എന്നിങ്ങനെ എന്നും എവിടെയും ഉണര്‍ത്തുകയും ജാഗ്രത്താക്കുകയും ചെയ്തുകൊണ്ടിരിക്കേണ്ട ചില വിഷയങ്ങളുണ്ട്. അക്കൂട്ടത്തിലൊന്നാണ് മാനവികത. ആര്‍ക്കും എവിടെയും എപ്പോഴും അത് ഉണര്‍ത്താനും വളര്‍ത്താനും പരിശ്രമിക്കാം. എ.പി ഉസ്താദിന്റെ പ്രതിഛായ ഈയിടെ ഒരു കെട്ട് കറുത്തമുടിയില്‍ വല്ലാതെ പിണഞ്ഞുപോയ പശ്ചാത്തലത്തില്‍ അതൊന്നു വേര്‍പെടുത്തിയെടുക്കാനുള്ള തന്ത്രമാണീ യാത്ര എന്നൊരു വിമര്‍ശനമുണ്ട്. ആ വിമര്‍ശനത്തിന്റെ യാഥാര്‍ഥ്യമെന്തായാലും, മുടിഛായക്കപ്പുറം മാനവികതയെ സ്നേഹിക്കുന്ന ഒരു മതേതര ഇസ്ലാമിക പണ്ഡിത നേതാവ് എന്ന പ്രതിഛായ കുറെയാളുകളിലെങ്കിലും സൃഷ്ടിച്ചെടുക്കാന്‍ ഈ യാത്രക്ക് കഴിഞ്ഞിരിക്കണം. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ അറുപതോളം സമ്മേളനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം ഒരിടത്തും മുടിക്കാര്യം മിണ്ടിയതേയില്ല. നാലാള് കൂടുന്നിടത്ത് പറയാന്‍ പറ്റിയതല്ല തന്റെ മുടി മഹാത്മ്യം എന്ന് -ചുരങ്ങിയപക്ഷം, മാനവികതയുടെ ഉണര്‍വുമായി പൊരുത്തപ്പെടുന്നതല്ല അതെന്നെങ്കിലും- അദ്ദേഹം മനസ്സിലാക്കിയല്ലോ. അതീ യാത്രയുടെ ഒരു മെച്ചമായി കാണണം.
അക്രമരാഷ്ട്രീയം, മദ്യവിപത്ത്, കൂടങ്കുളം ആണവ നിലയം, അഴിമതി നിര്‍മാര്‍ജനം, മത സൌഹാര്‍ദം, മത-സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തിലിടപെടല്, മുസ്ലിം ലീഗിന്റെ സാമുദായിക പ്രാതിനിധ്യം, മുല്ലപ്പെരിയാര്‍ പ്രശ്നം ഇങ്ങനെ വൈവിധ്യമാര്‍ന്ന ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് കേരള യാത്രക്കിടയില്‍ കാന്തപുരം മുസ്ലിയാര് തന്റെ അഭിപ്രായങ്ങള്‍ പ്രസ്താവന രൂപത്തില്‍ അവതരിപ്പിക്കുകയുണ്ടായി. ആ വിഷയങ്ങളിലൊന്നും അദ്ദേഹത്തിന് സ്വന്തം നിലയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. കൂട്ടത്തില്‍ തനിക്കു ചെയ്യാവുന്നതും താന്‍ തന്നെ ചെയ്യേണ്ടതുമായ ഒരു വിഷയവും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്. ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ മുസ്ലിം സംഘടനകള്‍ പൊതു പ്രശ്നങ്ങളില്‍ യോജിപ്പിന്റെ വഴിതേടണമെന്നും സുന്നീ സംഘടനകളാണതിന് മുന്‍കൈയെടുക്കേണ്ടതെന്നും അദ്ദേഹം ഏപ്രില്‍ 26-ന് കായംകുളത്ത് പ്രസ്താവിക്കുകയുണ്ടായി. കേരള യാത്ര സമാപിച്ച ശേഷം താന്‍ അതിനുള്ള ക്രിയാത്മക ശ്രമങ്ങളാരംഭിക്കുമെന്നും ഉസ്താദ് തുടര്‍ന്നു. ഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ട് ഒരു പൊതു പ്രശ്നത്തില്‍ യോജിച്ച മുസ്ലിം സംഘടനകളുടെ വേദി പങ്കിട്ടതിന്റെ പേരില്‍ മാതൃ സംഘടനയുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തമായി സംഘടനയുണ്ടാക്കുകയും ഇതര സംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത നിസ്സഹകരണ നിലപാട് പ്രചരിപ്പിക്കുകയും ചെയ്ത നേതാവിന്റെ ഈ മാറ്റം സമുദായ ഐക്യമാഗ്രഹിക്കുന്നവരില് വലിയ പ്രതീക്ഷയുണര്‍ത്തുന്നതാണ്. ഉസ്താദ് കാര്യമായിട്ടുതന്നെ പറഞ്ഞതാണെങ്കില്‍ അതായിരിക്കും കേരള യാത്രയുടെ സാഫല്യം. കുവൈത്ത് കരാറിന്റെയും മറ്റും ചരിത്രം മറന്നിട്ടില്ലാത്തവര്‍ക്ക് ഈ പ്രസ്താവന മുഖവിലക്കെടുക്കാന്‍ പ്രയാസമുണ്ടാകും. എ.പി അബൂബക്കര്‍ മുസ്ലിയാരുടെ തുടര്‍ പ്രവര്‍ത്തനമാണ് അവരുടെ സംശയം ദൂരീകരിക്കേണ്ടത്.
Comments