Prabodhanm Weekly

Pages

Search

2012 മെയ് 12

അറബ് വസന്തവും മാറുന്ന വായനയും

കെ. അശ്റഫ്

കോളനിയാനന്തര സാഹചര്യങ്ങളില്‍ മുസ്ലിം ലോകത്തെ വായിക്കാന്‍ അറബ് വസന്തത്തിന് മുമ്പ് നാലുതരം വിശകലന രീതി വികസിച്ചുവന്നിരുന്നു. ഒന്ന്, 1960-കളോടെ വികസിച്ചുവന്ന ഉത്തര ഘടനാവാദം. രണ്ട്, 1970-കളില്‍ ശക്തിപ്പെട്ട, എഡ്വേഡ് സൈദിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഓറിയന്റലിസ്റ് വിമര്‍ശം. മൂന്ന്, 1980-കള്‍ക്കു ശേഷം നസ്ര്‍ ഹാമിദ് അബൂസൈദ്, മുഹമ്മദ് അര്‍ക്കൂന്‍ തുടങ്ങിയവര്‍ മുന്നോട്ടുവെച്ച ഇസ്ലാമിക പാഠ വിമര്‍ശം. നാല്, 1980 മുതല്‍ തലാല്‍ അസദിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട 2011 സെപ്റ്റംബര്‍ 11-ന് ശേഷം ഏറെ പ്രചാരം നേടിയ മുസ്ലിം സമൂഹങ്ങളെക്കുറിച്ച നരവംശശാസ്ത്ര സമീപനങ്ങളുടെ വിമര്‍ശം.
ഈ നാല് വിശകലന രീതികള്‍ വന്‍തോതിലുള്ള അക്കാദമിക സ്വാധീനം ഉണ്ടാക്കിയപ്പോഴും സാമാന്യ ജനങ്ങള്‍ക്കിടയില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചിരുന്നില്ല. മാത്രമല്ല, ഇസ്ലാമോഫോബുകള്‍, ഹൌസ് മുസ്ലിംകള്‍, സ്വദേശി ഇന്‍ഫോര്‍മാര്‍, നിയോ കോണ്‍ തിങ്ക് ടാങ്കുകള്‍ ഇവരൊക്കെ ചേര്‍ന്ന് രൂപപ്പെടുത്തിയ നവ ഓറിയന്റലിസവും താണതരം മള്‍ട്ടികള്‍ച്ചറലിസവും കലര്‍ത്തിയ വായനാ സംസ്കാരം മുസ്ലിം ലോകത്തെക്കുറിച്ച വായനകളെ പരുവപ്പെടുത്തിക്കൊണ്ടിരിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. ആഗോളതലത്തില്‍ തന്നെ അഭിപ്രായ രൂപീകരണത്തെ നിര്‍മിക്കുന്ന വന്‍കിട മാധ്യമങ്ങള്‍ മുസ്ലിംകളെക്കുറിച്ച പുതിയ വിശകലനങ്ങള്‍ക്ക് അപ്രഖ്യാപിത സെന്‍സറിംഗ് ഏര്‍പ്പെടുത്തുകയും നവ ഓറിയന്റലിസത്തെ പുതിയ വായനയായി നിര്‍മിക്കുകയും നിര്‍വചിക്കുകയും ചെയ്തു. അറബ് വസന്തത്തിന് ശേഷം മാറുന്ന വായനാ സംസ്കാരത്തെ പരിശോധിക്കുന്ന 'ഇമ്മനന്റ് ഫ്രൈമി'ന്റെ എഡിറ്ററായ ജോണ്‍ ഡി. ബോയെപ്പോലുള്ളവര്‍ ഇസ്ലാമിനെക്കുറിച്ചുള്ള വായന തന്നെ പുതിയ ദിശയിലെത്തുമെന്നാണ് പറയുന്നത്. തലാല്‍ അസദിന്റെ വിശകലനങ്ങള്‍ക്ക് കിട്ടിയ മേല്‍ക്കൈ നിയോ ഓറിയന്റലിസ്റ് സ്വാധീനത്തെ ഒരു പരിധിവരെ ചെറുക്കുമെന്നാണ് പ്രത്യാശിക്കുന്നത്.
പുസ്തക വിപണിയിലേക്ക് നോക്കുമ്പോള്‍ അറബ് വസന്തം ആശാവഹമായ വാദങ്ങളാണ് കൊണ്ടുവരുന്നത്. 9/11 സൃഷ്ടിച്ച വായനാ കൌതുകം പുതിയ ദിശയിലെത്തിക്കാന്‍ അറബ് വസന്തം സഹായിക്കുമെന്ന് കരുതണം. നല്ല ആഴവും പരപ്പുമുള്ള വിശകലനങ്ങള്‍ നിറഞ്ഞ പുസ്തകങ്ങള്‍ വളരെ വൈകിയേ പുറത്തുവരികയുള്ളൂ. പെട്ടെന്നുള്ള പ്രതികരണങ്ങള്‍ നിറഞ്ഞ പുസ്തകങ്ങളാണ് വിപണിയില്‍ ഇപ്പോള്‍ കാണുന്നത്. ദീര്‍ഘവിശകലനങ്ങള്‍ അടങ്ങിയ രണ്ട് പുസ്തകങ്ങള്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്നു. ഈ മെയ് മാസം പുറത്തിറങ്ങുന്ന അറബ് സ്പ്രിംഗ്: എന്‍ഡ് ഓഫ് പോസ്റ് കൊളോണിയലിസം എഴുതിയിരിക്കുന്നത് ഹാമിദ് ദബാശിയാണ്. മറ്റൊന്ന് താരിഖ് റമദാന്റെ പുസ്തകമാണ്. ഒക്ടോബറില്‍ പുറത്തിറക്കുന്ന പുസ്തകത്തിന്റെ പേര് ദി അറബ് എവേക്കനിംഗ് എന്നാണ്.
ഈ പുസ്തകങ്ങളില്‍ അറബ് വസന്തം നല്‍കുന്ന നവീന സമീപനങ്ങളുടെയും വിശകലനോപാധികളുടെയും ജനപ്രിയ തലത്തിലുള്ള സ്വാംശീകരണങ്ങള്‍ കാണാം. ഇത്തരം പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മീഡിയ, നെറ്റ്വര്‍ക്ക്, സമുദായം, ഫെമിനിസം, യൂത്ത് കള്‍ച്ചര്‍, സെക്യുലരിസം, ഇസ്ലാമിസം, മള്‍ട്ടി കള്‍ച്ചറലിസം, മിഡിലീസ്റ് സ്റഡീസ്, ഓറിയന്റലിസം തുടങ്ങിയ പ്രശ്നങ്ങളില്‍ നവീന സമീപനങ്ങള്‍ സ്വീകരിക്കുന്നത് കാണാന്‍ കഴിയുന്നുണ്ട്.

അഹ്ദഫ് സുയിഫിന്റെ പുസ്തകം
ഇന്ന് ജീവിച്ചിരിക്കുന്ന അറബ് സ്ത്രീ എഴുത്തുകാരില്‍ പ്രമുഖയാണ് അഹ്ദഫ് സുയിഫ്. ബ്രിട്ടീഷ് കൊളോണിയലിസവും അറബ് വസന്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചെഴുതിയ മാപ്പ് ഓഫ് ലവ് പോലുള്ള നോവലുകളുടെ രചയിതാവായ സുയിഫ് അറബ് വസന്തത്തെക്കുറിച്ചെഴുതിയ പുസ്തകമാണ് കയ്റോ: മൈ സിറ്റി, ഔവര്‍ റെവല്യൂഷന്‍. നവാല്‍ സഅ്ദാവിയുടെ അനന്തരാവകാശിയെന്നു വിശേഷിപ്പിക്കപ്പെടുന്ന സുയിഫിന്റെ കയ്റോയെക്കുറിച്ച ഈ അനുഭവ സാക്ഷ്യം ലിബറലിസം, സെക്യുലരിസം, ഇസ്ലാമിസം, ഫെമിനിസം തുടങ്ങിയവ വിപ്ളവത്തിന്റെ ദിനങ്ങളില്‍ എങ്ങനെയാണ് പ്രതിപ്രവര്‍ത്തിച്ചതെന്നതിന്റെ രേഖയാണ്. തുനീഷ്യയില്‍ 2010 ഡിസംബര്‍ പത്തിനാരംഭിച്ച വിപ്ളവത്തിന്റെ ചുവടു പിടിച്ച് 2011 ജനുവരി 25-ന് 'ഏപ്രില്‍ 6' എന്ന യുവജന കൂട്ടായ്മ സംഘടിപ്പിച്ചതായിരുന്നു തഹ്രീര്‍ സ്ക്വയറിലെ പതിനെട്ട് ദിനം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍. ഈജിപ്തിനെ മാറ്റിമറിച്ച ഈ പതിനെട്ട് ദിനങ്ങളാണ് സുയിഫിന്റെ പുസ്തകത്തിലുള്ളത്. ഈ പതിനെട്ട് ദിനങ്ങള്‍ എഴുതണമെന്നാവശ്യം പല കോണുകളില്‍ നിന്നുയര്‍ന്നതിനെ തുടര്‍ന്നാണ് സുയിഫ് ഗ്രന്ഥരചനയിലേക്ക് കടക്കുന്നത്. ഇപ്പോള്‍ ഇങ്ങനെയൊരു പുസ്തകമെഴുതാനുള്ള കാരണം സുയിഫ് ഇങ്ങനെ വിവരിക്കുന്നു: "കഴിഞ്ഞ ഇരുപത് വര്‍ഷമായി പലരും ആവശ്യപ്പെട്ടിട്ടും എനിക്ക് കയ്റോയെക്കുറിച്ചെഴുതാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഞാനേറെ വേദനിച്ചിരുന്നു. എന്റെ നഗരം എനിക്കെഴുതാന്‍ കഴിയാതെ എന്റെ അടുത്തുതന്നെ ഉണ്ടായിരുന്നു. എന്റെ എഴുത്തിനെ രൂപപ്പെടുത്തിയ പ്രിസമായിരുന്നു കയ്റോ. എന്തു ചെയ്യാം, എന്റെ നഗരം എനിക്ക് വേദനകള്‍ മാത്രമേ തന്നിരുന്നുള്ളൂ. ഇപ്പോള്‍ ഒരത്ഭുതത്തോടെയെന്നവണ്ണം ഞാന്‍ തിരിച്ചറിയുന്നു, എനിക്കൊരു വേദനയും അനുഭവപ്പെടുന്നില്ല. കാരണം, എന്റെ നഗരം എനിക്കുതന്നെ തിരിച്ചു കിട്ടിയിരിക്കുന്നു.''
സൈനിക നേതൃത്വത്തിന് അധികാരം കൈമാറിയതോടെ ഈജിപ്ഷ്യന്‍ വിപ്ളവം തീര്‍ന്നുവെന്ന പ്രഖ്യാപനം സുയിഫ് തുടക്കത്തില്‍ തന്നെ തള്ളിക്കളയുന്നു. "വിപ്ളവം ഒരു പ്രക്രിയയാണ്, ഒരു കേവല സംഭവമല്ല. ഈജിപ്ഷ്യന്‍ വിപ്ളവം തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഈജിപ്തിന്റെ പാത അത്ര സുഖമുള്ളതല്ല.''

സോഷ്യല്‍ മീഡിയ, ഫെമിനിസം, യൂത്ത് കള്‍ച്ചര്‍
2011 ജനുവരി 25-ന് മുബാറക് ഭരണകൂടത്തിനെതിരെ ആരംഭിച്ച പ്രതിഷേധം അതിന്റെ മൂര്‍ച്ചയിലെത്തിയത് ജനുവരി 28-നാണ്. അന്നാണ് മുബാറക് ഭരണകൂടം എല്ലാതരം കമ്യൂണിക്കേഷന്‍ ഉപകരണങ്ങളും വിദ്യകളും അറുത്തുമാറ്റിയത്. അതുവരെ ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയവയിലൂടെ നിലനിന്നിരുന്ന വിപ്ളവത്തിന്റെ ആശയലോകങ്ങള്‍ ഹുസ്നി മുബാറക് അടച്ചിടുകയായിരുന്നു. അന്നു മുതലാണ് അര്‍ധ മയക്കത്തിലായിരുന്ന ഈജിപ്തും ഈജിപ്തിനെ വീക്ഷിക്കുന്ന ലോകവും ശരിക്കുമുണര്‍ന്നത്. സോഷ്യല്‍ മീഡിയ വഹിച്ച പങ്കിനെപ്പറ്റി വാഇല്‍ ഗനീം എഴുതിയ റവല്യൂഷന്‍ 2.0: ദ പവര്‍ ഓഫ് ദ പീപ്പ്ള്‍ ഈസ് ഗ്രേറ്റര്‍ ദാന്‍ പീപ്പ്ള്‍ ഇന്‍ പവര്‍ എന്ന പുസ്തകം ഈയര്‍ഥത്തില്‍ വളരെ പ്രസക്തമാണ്.
ജനുവരി ഇരുപത്തഞ്ചിന് ദല്‍ഹിയിലെത്തിയ അഹ്ദഫ് സുയിഫ് തന്റെ മൂത്ത സഹോദരി ലൈലയുമൊത്താണ് തഹ്രീര്‍ സ്ക്വയറിലെത്തിയത്. ലൈല സുയിഫിനെ പോലെയുള്ള ലക്ഷക്കണക്കിന് സ്ത്രീകളാണ് 'അടിച്ചമര്‍ത്തപ്പെട്ട മുസ്ലിം സ്ത്രീ' എന്ന വാര്‍പ്പു മാതൃകയെ തകര്‍ത്തുകൊണ്ട് വിപ്ളവ പ്രക്രിയയില്‍ അണിചേര്‍ന്നത്. വിപ്ളവ യൌവനത്തെ പലതരത്തിലുള്ള തെറ്റായ നീക്കങ്ങളില്‍ നിന്ന് തടഞ്ഞുനിര്‍ത്തുന്നതും നേതൃപരമായ പങ്കുവഹിക്കുന്നതും സ്ത്രീ കൂട്ടായ്മകളായിരുന്നു. ലൈല അഹ്മദ്, നവാല്‍ അല്‍ സഅ്ദാവി എന്നിവരെപ്പോലെ സെക്യുലര്‍ അറബ് ഫെമിനിസത്തിന്റെ സംസ്കാരം വഹിക്കുന്ന അഹ്ദഫ് സുയിഫ് അപൂര്‍വമായി മാത്രമേ ഹിജാബ് ധരിക്കാറുള്ളൂ. എന്നാല്‍ തഹ്രീര്‍ സ്ക്വയറില്‍ ഹിജാബും സണ്‍ഗ്ളാസുമണിഞ്ഞ് പ്രത്യക്ഷപ്പെട്ട സുയിഫ് അറബ് ഫെമിനിസത്തിന്റെ സെക്യുലര്‍ / ലിബറല്‍ ധാര്‍ഷ്ഠ്യത്തെ തുറന്നെതിര്‍ക്കുകയായിരുന്നു. ഇസ്ലാമിസത്തോടും ലിബറലിസത്തോടും വിമര്‍ശനാത്മക അകലം പാലിച്ച സുയിഫ് മുബാറകിനെതിരെ ഇരു വിഭാഗത്തെയും യോജിപ്പിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയുടെയും ഫെമിനിസ്റ് മുന്‍ഗണനകളുടെയും തലത്തില്‍ മാത്രമല്ല അറബ് വസന്തം പുതിയ വഴി വെട്ടിത്തുറന്നത്. സവിശേഷമായൊരു യൂത്ത് കള്‍ച്ചര്‍ തന്നെ അറബ് വസന്തം രൂപപ്പെടുത്തുന്നതായി നിരീക്ഷിക്കാവുന്നതാണ്. അഹ്ദഫ് സുയിഫ് പറയുന്നതനുസരിച്ച് ജനുവരി 28-ന് ഒരു സംഘം ചെറുപ്പക്കാര്‍ നടത്തിയ അതിസാഹസികതയാണ് ഈജിപ്ഷ്യന്‍ വിപ്ളവത്തിന്റെ സമ്മോഹന മുഹൂര്‍ത്തം. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. പോസ്റ്-ഐഡിയോളജിക്കല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന 'ഏപ്രില്‍ 6' എന്ന യുവജന കൂട്ടായ്മ ജുമുഅ നമസ്കാരത്തിനു ശേഷം ആസൂത്രണം ചെയ്ത റാലിയാണ് തഹ്രീര്‍ സ്ക്വയറിനെ ജനസാഗരമാക്കിയത്. മുന്നോറോളം വരുന്ന ആ ചെറുപ്പക്കാരുടെ സംഘം ജുമുഅ കഴിഞ്ഞ് മുസ്വല്ല മടക്കി വെച്ച് എണീറ്റ് നിന്ന് വിളിച്ചു പറഞ്ഞു: "ജനം ഈ നശിച്ച ഭരണകൂടത്തിന്റെ രാജി ആവശ്യപ്പെടുന്നു.'' ദിക്കുകള്‍ പൊട്ടുമാറുച്ചത്തില്‍ അതേറ്റു വിളിച്ച ജനം പള്ളിയില്‍ നിന്ന് തഹ്രീര്‍ സ്ക്വയറിലേക്ക് റാലിയായി നീങ്ങാന്‍ തുടങ്ങി. തഹ്രീറിലേക്ക് നടക്കുമ്പോള്‍ സുയിഫ് ഓരോന്നാലോചിക്കാന്‍ തുടങ്ങി. വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള തന്റെ കുടുംബത്തില്‍ ചെറുപ്പക്കാര്‍ മൂന്നാം തലമുറയാണ്. ഇരുപതുകളില്‍ ജീവിക്കുന്ന പുതുതലമുറ തങ്ങളേക്കാള്‍ ആത്മവിശ്വാസമുള്ളവരും ആവശ്യങ്ങള്‍ നേടിയെടുക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ളവരുമാണ്. നടന്ന് നടന്ന് തഹ്രീറിലെത്തിയ സുയിഫ് ആ അലൌകിക സമരത്തിന്റെ മുഴുവന്‍ സൌന്ദര്യവും അനുഭവിച്ചുതീര്‍ക്കുകയായിരുന്നു. തഹ്രീര്‍ അങ്ങനെ പുതിയ മാറ്റങ്ങളുടെ പ്രഭവ കേന്ദ്രമായി. വിപ്ളവത്തിന്റെ ഡയറിക്കുറിപ്പുകള്‍ എഴുതുന്ന സുയിഫ് നിര്‍വഹിച്ചത് അറബ് വസന്തത്തിന്റെ ഒരു ലഘു ചരിത്രമാണ്. അറബ് സ്ത്രീ എഴുത്തുകാരിയായ സുയിഫ് തന്നെ ഇതെഴുതുന്നത് ചരിത്രപരമായ ഒരു തിരിച്ചറിവിന്റെ ഭാഗമായി കാണാവുന്നതാണ്.

മാധ്യമ വസന്തം
ലണ്ടനില്‍ നിന്നുള്ള ഗാര്‍ഡിയന്‍ ബുക്സ് അറബ് വസന്തത്തെക്കുറിച്ച് പുറത്തിറക്കിയ പുസ്തകമാണ് ദ അറബ് സ്പ്രിംഗ്: റെബല്യന്‍, റവല്യൂഷന്‍ ആന്റ് ദ ന്യൂ വേള്‍ഡ് ഓര്‍ഡര്‍. പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് ടോബി മാന്‍ഹൈര്‍. 2010 ഡിസംബര്‍ മുതല്‍ 2011 ഡിസംബര്‍ വരെ അറബ് ലോകത്ത് നിന്ന് വന്ന പ്രധാന വാര്‍ത്തകള്‍ രണ്ടു ഭാഗങ്ങളുള്ള പുസ്തകത്തിന്റെ ആദ്യ ഇരുനൂറ് പേജുകളില്‍ എടുത്തു ചേര്‍ത്തിരിക്കുന്നു. ഗാര്‍ഡിയന്‍ ദിനപത്രത്തിന്റെ ബ്ളോഗില്‍ നിന്ന് എഡിറ്റ് ചെയ്തു ചേര്‍ത്ത ഈ വാര്‍ത്തകള്‍ അത്യന്തം നാടകീയത മുറ്റിയ തിരക്കഥയെന്നോണം വായിച്ചു പോകാം. 'അറബ് ലോകത്തെ കൊച്ചു പ്രതിനിധിയായ തുനീഷ്യയില്‍ ഒരു അത്ഭുതം സംഭവിച്ചിരിക്കുന്നു' എന്നു തുടങ്ങുന്ന ആദ്യ വാര്‍ത്ത റിപ്പോര്‍ട്ടറെ സംബന്ധിച്ചേടത്തോളം പതിവ് ആശ്ചര്യം മാത്രമായിരുന്നു. അറബികള്‍ ചരിത്രത്തിലാദ്യമായി സ്വന്തം ഭരണാധികാരിയെ താഴെയിറക്കാന്‍ പോകുന്നുവെന്ന ചരിത്ര സത്യമാണവിടെ മാധ്യമ മുന്‍ധാരണകളില്‍ അമര്‍ന്നില്ലാതെ പോയത്. വിപ്ളവത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ റിപ്പോര്‍ട്ടര്‍മാര്‍ ഒഴുക്കന്‍ മട്ടിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. പിന്നീട് നാം കാണുന്നത് ഒരുതരം പിടിച്ചടക്കല്‍ തന്നെ മാധ്യമങ്ങള്‍ നടത്തുന്നതാണ്. എന്നാല്‍, അറബ് വസന്തം ഏറ്റവും നന്നായി കൈകാര്യം ചെയ്ത മാധ്യമം അല്‍ ജസീറയാണ്. അല്‍ ജസീറയിലെ മുഖ്യ രാഷ്ട്രീയ വിദഗ്ധനായ മര്‍വന്‍ ബിഷാറയുടെ ഇന്‍വിസിബ്ള്‍ അറബ്: ദ പ്രോമിസ് ആന്റ് ദ പെറില്‍ ഓഫ് അറബ് റവല്യൂഷന്‍സ് എന്ന പുസ്തകം മാധ്യമങ്ങള്‍ വിപ്ളവത്തെ കൈകാര്യം ചെയ്ത രീതി കാണിച്ചുതരുന്നു.
ഗാര്‍ഡിയന്‍ ഇരുനൂറ്റിപ്പത്ത് പേജില്‍ ആദ്യ ഭാഗത്ത് പ്രസിദ്ധീകരിച്ചത് അറബ് വസന്തത്തിന്റെ മാധ്യമ ജീവ ചരിത്രമാണ്. പുസ്തകത്തിന്റെ രണ്ടാമത്തെ ഭാഗം ഗാര്‍ഡിയനില്‍ തന്നെ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ്. വദ ഖന്‍ഫര്‍, താരിഖ് അലി, തവക്കുല്‍ കര്‍മാന്‍, സുമയ്യ ഗനൂശി, ഹിശ മതര്‍, പങ്കജ് മിശ്ര, അലാ അല്‍ അമെരി, അലാ അല്‍ അസ്വ്വാനി തുടങ്ങിയവരുടെ ലേഖനങ്ങള്‍ സവിശേഷ മാധ്യമ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

അലാ അല്‍ അസ്വാനിയുടെ ഇടപെടല്‍
ഗാര്‍ഡിയന്‍ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അലാ അല്‍ അസ്വാനിയുടെ ലേഖനവുമുണ്ട്. യാകൂബിയന്‍ ബില്‍ഡിംഗ്, ചിക്കാഗോ: എ നോവല്‍ തുടങ്ങിയ രചനകളാല്‍ പ്രസിദ്ധനായ അല അല്‍ അസ്വാനിയുടെ ഈജിപ്ഷ്യന്‍ വസന്തത്തെക്കുറിച്ചുള്ള പുസ്തകമാണ് ഓണ്‍ ദ സ്റേറ്റ് ഓഫ് ഈജിപ്ത്. ഒന്നാന്തരം ആക്ടിവിസ്റായ അസ്വാനിയുടെ പുസ്തകം വിപ്ളവ സംരംഭങ്ങളുടെ ഒത്ത നടുക്കാണ് പുറത്തിറങ്ങിയത്. അസ്വാനിയുടെ കയ്റോവിലെ ഓഫീസ് ഇസ്ലാമിസ്റുകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളുടെ സമ്മേളനവേദിയും സംവാദ വേദിയുമായിരുന്നു.

പരികല്‍പനകളിലെ വിപ്ളവം
അറബ് വസന്തം അടിസ്ഥാനപരമായി വായിക്കേണ്ടത് ഒരു പരികല്‍പനാപരമായ വിപ്ളവമായിട്ടാണെന്ന് ഇര്‍ഫാന്‍ അഹ്മദ് നിരീക്ഷിക്കുകയുണ്ടായി. ഇതിനു മുമ്പ് ഇസ്ലാമിക ലോകത്ത് നടന്ന ഇറാന്‍ വിപ്ളവം, മതം/ മതേതരത്വം ഇവയെക്കുറിച്ച മേല്‍ക്കോയ്മാ ധാരണകളിലൂടെയാണ് സ്വീകരിക്കപ്പെട്ടത്. എന്നാല്‍, അറബ് വസന്തം, മതം/ മതേതരത്വം ഇവയെക്കുറിച്ച സാമ്പ്രദായിക ധാരണകളെ തിരുത്തുകയും പോസ്റ് സെക്യുലര്‍ (എലിസബത്ത് ഷക്മല്‍ ഹര്‍ഡ്), അസെകുലര്‍ (ഹുസൈന്‍ അഗ്രമ) തുടങ്ങിയ നവീന വിശകലന ചട്ടക്കൂടുകളെ സാധ്യമാക്കുകയും ചെയ്യുന്നു. അതായത് അറബ് വസന്തം നാം ലോകത്തെ കാണുന്ന പരികല്‍പനകളെ പുതുക്കുന്ന ഒരു വിപ്ളവമാണ്.
അറബ് വസന്താനന്തര ലോകത്ത് മാറിയ മുസ്ലിം വായനയുടെ സാധ്യതയിലൂന്നി സിയാവുദ്ദീന്‍ സര്‍ദാറും റോബിന്‍ യാസീന്‍ കസബും ചേര്‍ന്ന് എഡിറ്റ് ചെയ്ത് പുറത്തിറക്കുന്ന ത്രൈമാസികയാണ് ക്രിട്ടിക്കല്‍ മുസ്ലിം. അറബ് ആര്‍ എലൈവ് എന്ന തലക്കെട്ടില്‍ ജനുവരി-മാര്‍ച്ച് ലക്കം അറബ് വസന്തത്തെ കുറിച്ച പ്രത്യേക പതിപ്പാണ്. ഈ മാഗസിന്റെ പേര് തന്നെ പരിക്ലപനാപരവും സംവര്‍ഗപരവുമായ വാദത്തെക്കുറിക്കുന്നുണ്ട്.
സോവിയറ്റ് യൂനിയന്റെ പതനശേഷം ആരംഭിച്ച 'പച്ച ഭീഷണി' (ഴൃലലി ാലിമരല)യെ അമേരിക്ക വിശദീകരിച്ചത് റാഡിക്കല്‍, ഫണ്ടമെന്റലിസം തുടങ്ങിയ പദാവലികള്‍ കൊണ്ടായിരുന്നു. ഇസ്ലാമിക് ഫണ്ടമെന്റലിസം, റാഡിക്കല്‍ മുസ്ലിം തുടങ്ങിയ പദങ്ങള്‍ രാഷ്ട്രീയ സ്വഭാവമുള്ള മുസ്ലിംകളെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുകയും മാധ്യമങ്ങളിലൂടെ അവരെ ഭീഷണിയായും വിപത്തായും ചിത്രീകരിക്കുകയും ചെയ്തു. ഇസ്ലാമിനെക്കുറിച്ച ഏതൊരു നവീന സംവാദവും ഇത്തരം പദാവലികളുടെ സംഹാരശേഷിയില്‍ വഴിമുട്ടിനിന്നു. ഈയൊരു സാഹചര്യത്തിലാണ് ഒമിദ് സാഫിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം യൂറോ-അമേരിക്കന്‍ ബുദ്ധിജീവികള്‍ പ്രോഗ്രസീവ് എന്ന വാക്ക് മുസ്ലിമിനെ അടയാളപ്പെടുത്താന്‍ രൂപപ്പെടുത്തിയത്. റാഡിക്കല്‍/ ഫണ്ടമെന്റലിസ്റ് മുസ്ലിം അല്ലെങ്കില്‍ മോഡറേറ്റ്/ അപൊളിറ്റിക്കല്‍ മുസ്ലിം എന്ന രണ്ടിലൊരു തെരഞ്ഞെടുപ്പിനിടയില്‍ കുടുങ്ങിയ ഇസ്ലാമിനെക്കുറിച്ചുള്ള സംവാദത്തെ, പ്രോഗ്രസീവ് മുസ്ലിം എന്ന പുതിയൊരു ചട്ടക്കൂടിലും പ്രശ്നപരിസരത്തിലും അഭിമുഖീകരിക്കാനുള്ള ശ്രമമായിരുന്നു ഒമിദ് സാഫിയും സംഘവും നടത്തിയത്. ഒരു പരിധിവരെ ഇവര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഈ സംഘത്തിലെ ചിലര്‍ പിന്നീട് അമേരിക്ക 9/11 നു ശേഷം ശക്തിപ്പെടുത്തിയ മോഡറേറ്റ് മുസ്ലിം എന്ന പ്രോജക്ടുമായി അറിഞ്ഞോ അറിയാതെയോ സഹകരിക്കുകയാണുണ്ടായത്. മാത്രമല്ല, കുറച്ചുകൂടി പ്രഹരശേഷിയുള്ള ടെററിസ്റ് എന്ന വാക്ക് അമേരിക്ക രൂപപ്പെടുത്തിയതോടെ ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ചുള്ള സംവാദം മറ്റൊരു ദിശയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഫരീദ് ഇസാക്കിനെ പോലെ ആദ്യഘട്ടത്തില്‍ പ്രോഗ്രസീവ് മുസ്ലിം പ്രോജക്ടിനോട് സഹകരിച്ചവര്‍ പിന്നീട് അത്തരമൊരു കൂട്ടായ്മയുടെ സൈദ്ധാന്തിക ബലഹീനതയെ തുറന്നു വിമര്‍ശിക്കുകയുണ്ടായി.
ഇങ്ങനെ സംജ്ഞകളുടെയും സംവര്‍ഗങ്ങളുടെയും സംഘര്‍ഷ മേഖലയിലേക്കാണ് സിയാവുദ്ദീന്‍ സര്‍ദാറും റോബിന്‍ യാസീന്‍ കസബും ക്രിട്ടിക്കല്‍ മുസ്ലിം എന്ന വാക്ക് രൂപപ്പെടുത്തുന്നത്. ആമുഖത്തില്‍ എഡിറ്റര്‍മാര്‍ തങ്ങളുടെ നയം വ്യക്തമാക്കുന്നു: "ക്രിട്ടിക്കല്‍ മുസ്ലിം എന്നതുകൊണ്ട് എന്താണര്‍ഥമാക്കുന്നത്? ഞങ്ങള്‍ മുസ്ലിം സ്വത്വത്തില്‍ അഭിമാനമുള്ളവരാണ്. എന്നാല്‍ ഇസ്ലാമിനെ ആചാരങ്ങളിലേക്കും വിലക്കുകളിലേക്കും ചുരുക്കാന്‍ ഞങ്ങള്‍ തയാറല്ല. ഇസ്ലാമിനെക്കുറിച്ച ക്ഷമാപണ, പാരമ്പര്യ, ആധുനിക മൌലികവാദ വായനകളെ എതിര്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. മുസ്ലിം ലോകത്തിന്റെ സാമൂഹിക രാഷ്ട്രീയ മാറ്റങ്ങള്‍ക്കുവേണ്ടി മതത്തെയും രാഷ്ട്രീയത്തെയും പുനര്‍ വായിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു.''
വൈവിധ്യമാര്‍ന്ന ഉള്ളടക്കമുള്ള ക്രിട്ടിക്കല്‍ മുസ്ലിമിന് ലേഖനം, കവിത, അനുഭവക്കുറിപ്പുകള്‍ തുടങ്ങിയ വായനാ വിഭവങ്ങളുണ്ട്. നിസാര്‍ ഖബ്ബാനി, തൌഫീഖ് സയാദ്, ശദിയ സഫ്വാന്‍, അബൂ ഖാസിം അല്‍ശാബി, ബിലാല്‍ തന്‍വീര്‍ തുടങ്ങിയ മുപ്പതോളം പേരുടെ എഴുത്തുകളുണ്ടിതില്‍. അറബ് വസന്തത്തിനകത്ത് സംവര്‍ഗപരവും പരികല്‍പനാപരവുമായ പ്രശ്നങ്ങള്‍ പരിശോധിക്കുന്ന അബ്ദുര്‍റഹ്മാന്‍ അല്‍ അഫെന്ദിയുടെ ലേഖനം ഇസ്ലാമിസത്തെക്കുറിച്ച ലേഖനങ്ങളുടെ കൂട്ടത്തില്‍ ശ്രദ്ധേയമാണ്.

പോസ്റ്-ഇസ്ലാമിസം, ട്രാന്‍സ് ഇസ്ലാമിസം
അറബ് വസന്താനന്തരം നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇസ്ലാമിസ്റുകളാണ് അധികാരത്തിലേറുന്നത്. ഇസ്ലാമികാടിത്തറയുള്ള സിവിക് സ്റേറ്റിനാണ് (ദൌല മദനിയ്യ) ഇത്തരം പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നത്. അബ്ദുര്‍റഹ്മാന്‍ അല്‍ അഫെന്ദിയുടെ അഭിപ്രായത്തില്‍, ഇസ്ലാമിസ്റുകള്‍ രാഷ്ട്രീയത്തെ പുനര്‍നിര്‍വചിക്കുകയാണുണ്ടായത്. അല്‍ ജമാഅ അല്‍ ഇസ്ലാമിയ പോലുള്ള ഗ്രൂപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പങ്കാളിത്ത സ്വഭാവമുള്ള ഭരണകൂടം എന്ന ആശയം ഇഖ്വാനുല്‍ മുസ്ലിമൂന്‍ വികസിപ്പിച്ചു. ഇത് ഈജിപ്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പിന്റെ വഴി കണ്ടെത്താന്‍ സഹായിച്ചു. ഇസ്ലാമിസ്റുകളുടെ ഈ വാദത്തെ, അതായത് ഏകകക്ഷി ഇസ്ലാമിക സ്റേറ്റില്‍ നിന്ന് ബഹുകക്ഷി ജനാധിപത്യ സ്റേറ്റിലേക്കുള്ള മാറ്റത്തെ, ആസിഫ് ബയാതിനെപോലുള്ള പണ്ഡിതന്മാര്‍ പോസ്റ്-ഇസ്ലാമിസം എന്നാണ് പരിചയപ്പെടുത്തുന്നത്. എന്നാല്‍ പോസ്റ് ഇസ്ലാമിസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പ്രധാന പരിമിതി, അത് പലരും പല രീതിയില്‍ വ്യാഖ്യാനിക്കുന്നു എന്നതാണ്. ചിലര്‍ അതിനെ ആന്റി-ഇസ്ലാമിസം എന്നു വിളിക്കുമ്പോള്‍ മറ്റു ചിലര്‍ ലിബറല്‍ ഇസ്ലാമിസം എന്നു വിളിക്കുന്നു. മൂന്നാമതൊരു വിഭാഗം റാഡിക്കല്‍ ഇസ്ലാമിസം തന്നെയാണിതെന്നു പറയുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് തൊണ്ണൂറുകളില്‍ ഇറാനില്‍ നിന്ന് രൂപപ്പെട്ട് ഇപ്പോള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായി മലിനീകരിക്കപ്പെട്ട പോസ്റ് ഇസ്ലാമിസം എന്ന വാക്കിന് പകരം ട്രാന്‍സ്-ഇസ്ലാമിസം എന്ന വാക്ക് പുതിയ സാഹചര്യത്തെ വിശദീകരിക്കാന്‍ അല്‍ അഫെന്ദി നിര്‍ദേശിക്കുന്നത്. ഇത് ഇസ്ലാമിനെ കേന്ദ്രത്തില്‍ നിര്‍ത്തിക്കൊണ്ടുതന്നെയുള്ള സമീപനമാണ്. എന്നാല്‍, ഇസ്ലാമിസ്റുകളുടെയും സെക്യുലരിസ്റുകളുടെയും സമീപനങ്ങളെ വിമര്‍ശിക്കുന്നത് കൂടിയാണ്. ഇസ്ലാമിസം ഈയര്‍ഥത്തില്‍ പുതിയ വഴികള്‍ കാണിച്ചുകൊടുക്കുകയാണ് അറബികള്‍ക്ക്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം