അഞ്ചാം മന്ത്രി ചീന്തിയ മലയാളി പ്രബുദ്ധതയുടെ പൊയ്മുഖം
ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ അവസാനം. ബാബരി വിഷയം വര്‍ഗീയ പ്രചാരണായുധമാക്കി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ പുത്തന്‍ അടവുകളും തന്ത്രങ്ങളുമായി ഹിന്ദുത്വ ശക്തികള്‍ തങ്ങളുടെ ഗ്രാന്റ് ഡിസൈന്‍ നടപ്പിലാക്കിവരുന്ന കാലം. മതേതര പാരമ്പര്യം ശക്തമായിരുന്ന കേരളത്തില്‍ പോലും മുസ്ലിം വിദ്വേഷം ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുറെയൊക്കെ സ്വീകാര്യത ഉണ്ടായ സന്ദര്‍ഭത്തിലാണ് പ്രമുഖ ഇടതുപക്ഷ നേതാവും എഴുത്തുകാരനുമായിരുന്ന കൊളാടി ഗോവിന്ദന്‍കുട്ടി 'നീതീകരിക്കാനാവാത്ത ഈ മുസ്ലിം വിരോധത്തെക്കുറിച്ച്' എന്ന ലേഖനം കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ചത്. ചരിത്രവും രാഷ്ട്രീയവും ദുരുപയോഗം ചെയ്ത് പൊതുമണ്ഡലത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ആപത് സൂചനകളായിരുന്നു ആ ലേഖനത്തിന്റെ മുഖ്യപ്രതിപാദ്യം. കൊളാടി ആശങ്കപ്പെട്ടതു കേരളീയ സമൂഹത്തില്‍ സംഭവിക്കുന്നു എന്ന അശുഭകരമായ ലക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ നാം സാക്ഷിയായിക്കൊണ്ടിരിക്കുന്നു.
കേരളത്തിന്റെ സമുദായ സന്തുലിതത്വം അട്ടിമറിക്കപ്പെട്ടത് മുസ്ലിം ലീഗിന് ഒരു മന്ത്രി സ്ഥാനം കൂടി ലഭിച്ചത് കൊണ്ടോ? അതോ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഒരാള്‍ കൂടി മന്ത്രിയായതിനാലോ? നമ്മുടെ രോഗവും രോഗലക്ഷണവും ഇതിന്റെ ഉത്തരത്തിലടങ്ങിയിട്ടുണ്ട്. കേരളത്തിലെ സമീപകാല സംഭവങ്ങള്‍ വിശകലനം ചെയ്താല്‍ കൂടുതലും വിപത് സന്ദേശങ്ങള്‍ നല്‍കുന്ന കാര്യങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇവിടത്തെ മത-സമുദായ നേതാക്കന്മാരും അവരുടെ ബ്രാന്റ് അംബാസഡര്‍മാരായ രാഷ്ട്രീയക്കാരും വളരെ സെലക്ടീവായി രാഷ്ട്രീയ-സാമൂഹിക ചരിത്രം ഉദ്ധരിക്കുകയും സംവരണ വിഷയത്തില്‍ ഉന്നയിച്ചപോലുള്ള ആകര്‍ഷണീയ വാദമുഖങ്ങളും മറ്റും സമര്‍ഥമായി ഉന്നയിച്ചുകൊണ്ടും പൊതു മണ്ഡലത്തെ പരമാവധി വര്‍ഗീയവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്.
2001ലെ യു.ഡി.എഫ് മന്ത്രിസഭയില്‍ കേരള റവന്യുവിന്റെ 50 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് മുസ്ലിം മന്ത്രിമാരാണെന്നും അതിനാല്‍ സന്തുലിത്വവും സാമൂഹികനീതിയും അപകടത്തിലായിരിക്കുകയാണെന്നുമുള്ള വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് വര്‍ഗീയ ധ്രുവീകരണത്തിനുള്ള പശ്ചാത്തലം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഐസ്ക്രീം വീണ് കിട്ടിയതും അതില്‍നിന്ന് തീ ആളിക്കത്തിച്ചതും. ഇതിന് സമാനമായ സംഭവങ്ങള്‍ ഉണ്ടായപ്പോഴൊന്നും ഉയരാത്ത കൊടുങ്കാറ്റ് ഇവിടെ സുനാമിയായി രൂപപ്പെട്ടതിന്റെ പശ്ചാത്തലപഠനം സാമൂഹ്യ ശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് നല്ലൊരു ഗവേഷണ വിഷയം കൂടിയാണ്.
യഥാര്‍ഥത്തില്‍ ഇപ്പോഴുള്ളതിലും കൂടുതല്‍ വകുപ്പുകള്‍ മുസ്ലിം ലീഗ് കൈകാര്യം ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്ക് ഇത്രയും എം.എല്‍.എ മാരില്ലാത്ത സമയത്താണ് നാലു മന്ത്രിയും കാബിനറ്റ് പദവിയോടെ ചീഫ് വിപ്പും അവര്‍ക്ക് ലഭിച്ചത്. ഇവിടെ അഞ്ചാം മന്ത്രിയെന്നത് പേരില്‍ മാത്രമാണ്. അധികവകുപ്പുകളൊന്നും (നേരത്തെ പറഞ്ഞ് കേട്ട 'നോര്‍ക്ക' പോലും) ലഭിച്ചിട്ടില്ല. അഥവാ മുന്‍കാലങ്ങളിലുണ്ടായിരുന്ന അധികാര പരിധിയെക്കാള്‍ പരിമിതമാണ് ഇപ്പോഴുള്ളത്. ഒരുപക്ഷേ, പേഴ്സണല്‍ സ്റാഫിലെ എണ്ണത്തില്‍ മാത്രമായിരിക്കാം മുന്‍ കാലങ്ങളെ അപേക്ഷിച്ച് പ്രാതിനിധ്യം കൂടുതലുള്ളത്. കേവലം 12 ശതമാനമുള്ള ഒരു സമുദായം കഴിഞ്ഞ് പോയ മന്ത്രിസഭകളിലെ പേഴ്സണല്‍ സ്റാഫില്‍ 40 ശതമാനത്തിലധികം ഉണ്ടായിരുന്നിട്ടും സ്ഥിതിവിവര വിദഗ്ധന്മാരുടെ പഠന റിപ്പോര്‍ട്ടുകളൊന്നും നമുക്ക് ലഭിച്ചില്ല. എന്നാല്‍, ജനസംഖ്യയില്‍ 27 ശതമാനമുള്ള മുസ്ലിം സമുദായത്തില്‍നിന്ന് പേഴ്സണല്‍ സ്റാഫില്‍ മുപ്പത് ശതമാനത്തോളം പ്രാതിനിധ്യമായി എന്നത് മഹാ അപരാധമായി അവതരിപ്പിച്ച് വരുന്നു. ഇതേ സമുദായത്തിന്റെ പങ്ക് മുന്‍ കാലങ്ങളില്‍ പലപ്പോഴും 10 ശതമാനത്തില്‍ താഴെ മാത്രമായിരുന്നിട്ടുണ്ട്. അപ്പോഴൊന്നും ഈ കണക്കെടുപ്പുകാരെയൊന്നും നാം കണ്ടിട്ടില്ല. അങ്ങനെ തങ്ങളുടെ വാദമുഖങ്ങളെ സാധൂകരിക്കാനായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലെ മാത്രം സ്ഥിതിവിവര കണക്കുകള്‍ മാധ്യമങ്ങളിലൂടെ ഓരോ ദിവസവും പുറത്ത് വിട്ട് കൊണ്ടേയിരിക്കുകയാണ്.
ഇത്തരം ഗവേഷകര്‍ക്ക് എന്തുകൊണ്ട് ഭരണനിര്‍വഹണം, ജുഡീഷ്യറി, വിദ്യാഭ്യാസ മേഖല തുടങ്ങിയ രംഗത്തെ പ്രാതിനിധ്യം പഠന വിഷയമാകുന്നില്ല? താരതമ്യേന മെച്ചപ്പെട്ട അവസ്ഥയുള്ള കേരളത്തില്‍ പോലും ജോയിന്റ് സെക്രട്ടറി തുടങ്ങി മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍, ഐ.എ.എസ്, ഐ.പി.എസ്, ഫോറസ്റ് സര്‍വീസ്, സര്‍വകലാശാലയിലെ അധ്യാപകര്‍, മറ്റ് പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതിലൊക്കെ മുസ്ലിം പ്രാതിനിധ്യം ഇപ്പോള്‍ കേവലം നാല് ശതമാനത്തില്‍ താഴെയാണ്. എന്നാല്‍ ഇതേ രംഗത്ത് ചില സമുദായങ്ങളുടെ പ്രാതിനിധ്യം 50 ശതമാനത്തിലധികമാണെന്ന വസ്തുത അസന്തുലിതത്വത്തിന്റെ മാനദണ്ഡമാകാത്തതിന്റെ നയതന്ത്ര രഹസ്യം കൂടി പഠനവിധേയമാക്കാവുന്നതാണ്.
20 ശതമാനമുള്ള ഒരു സമുദായത്തില്‍നിന്നും മുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരും കാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനവും ഡപ്യൂട്ടി സ്പീക്കറുമടക്കം 8 പ്രതിനിധികള്‍ ഉള്ളപ്പോഴാണ് അഞ്ചാം മന്ത്രിയുടെ പേരിലുള്ള ചാട്ടവാറടി മുസ്ലിം എന്ന 'വിപ്പിംഗ് ബോയ്'ക്ക് ഏറ്റുവാങ്ങേണ്ടി വരുന്നത്. 'ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദ തന്ത്രത്തിലൂടെ അവിഹിതമായത് നേടുന്നു' എന്ന ആന്റണിയുടെ വിവാദ പ്രസ്താവനയിലും മുസ്ലിം സമുദായത്തിനാണ് പ്രഹരമേറ്റത്. ആ പ്രസ്താവനയിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് സ്വന്തം സമുദായത്തെ ആയിരുന്നെങ്കില്‍ അത് അയഥാര്‍ഥമാവില്ലായിരുന്നു.
ഇവിടെയും 'വിപ്പിംഗ് ബോയി'യുടെ റോളില്‍ അപരാധം ഏറ്റുവാങ്ങാനായി മുസ്ലിം സമുദായം രംഗത്തുണ്ടായിരുന്നു. ഫ്യൂഡല്‍ കാലഘട്ടത്തില്‍ യൂറോപ്പിലെ വിദ്യാലയങ്ങളില്‍ പ്രഭുകുമാരന്മാര്‍ തെറ്റ് ചെയ്താല്‍ ശിക്ഷ ഏറ്റുവാങ്ങാനായി കൂടെക്കൊണ്ട് നടക്കുന്ന ദാസ്യന്‍മാരാണ് 'വിപ്പിംഗ് ബോയ്' എന്നറിയപ്പെടുന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ഥിപ്പട്ടിക വരുമ്പോള്‍ കോണ്‍ഗ്രസിലെ മുസ്ലിം പ്രാതിനിധ്യം പലപ്പോഴും പത്തിനപ്പുറം പോകാറില്ല. മുന്നണിയിലെ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ കണക്കില്‍ തട്ടിക്കിഴിക്കലാണ് പതിവ്. അതേസമയം മുന്നണിയിലെ തന്നെ മറ്റൊരു കക്ഷിയായ കേരള കോണ്‍ഗ്രസിന്റെ പേര് പറഞ്ഞ് കോണ്‍ഗ്രസിലെ ക്രൈസ്തവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കാറുമില്ല. കഴിഞ്ഞ കാലങ്ങളിലെ സ്ഥാനാര്‍ഥി ലിസ്റ് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും മുസ്ലിം സമുദായ സംഘടനകളോ നേതൃത്വമോ പെരുന്ന മാതൃകയില്‍ കോലാഹലം സൃഷ്ടിച്ച ചരിത്രവുമില്ല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന ഹതാശരായ പല നേതാക്കളും ഇതിന്റെ പേരില്‍ പലപ്പോഴും വിലപിക്കാറുമുണ്ട്. 'നായര്‍-ഈഴവര്‍ക്ക് സീറ്റു ചോദിച്ചു വാങ്ങിക്കാന്‍ ഇവിടെ എന്‍.എസ്.എസും എസ്.എന്‍.ഡി.പിയുമുണ്ട്. ക്രൈസ്തവര്‍ക്ക് വിവിധ സഭകളുമുണ്ട്. നമുക്ക് മാത്രം ആരുമില്ല' എന്നത് കോണ്‍ഗ്രസിലെ മുസ്ലിംകള്‍ സ്ഥിരമായി ഉന്നയിക്കുന്ന ഒരു ആവലാതിയാണ്. ആയുഷ്കാലം കോണ്‍ഗ്രസിന് വേണ്ടി സര്‍വതും സമര്‍പ്പിച്ചിട്ടും അവസരങ്ങള്‍ വരുമ്പോള്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്ത എത്രയെത്ര ഭാഗ്യഹീനന്മാരാണ് ഇന്നും ഖദറിട്ട് നടക്കുന്നത്? ഇനി അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ തന്നെ സമുദായത്തിന്റെ പള്ളക്ക് തൊഴിക്കുന്ന 'ദേശീയ മുസ്ലിമാ'വുകയും വേണം.
അടുത്ത കാലത്ത് കോണ്‍ഗ്രസിലുണ്ടായ വനിതാ നേതാക്കളില്‍ ഏറെ പ്രഗത്ഭയായ ഷാനിമോള്‍ ഉസ്മാന്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവഹേളിക്കപ്പെട്ടിട്ടും സമുദായത്തിന്റെ ഭാഗത്ത് നിന്നും ഒരു മുറുമുറുപ്പ് പോലും ഉയര്‍ന്നില്ല. ആലപ്പുഴയില്‍ ജനിച്ച് വളര്‍ന്ന് അതേ തട്ടകത്തില്‍ നിറഞ്ഞ് നിന്നിരുന്ന ആ വനിതാ നേതാവിനെ പരിഗണിച്ചത് ജയസാധ്യത തീരെയില്ലാത്ത കാസര്‍കോട് മണ്ഡലത്തിലേക്കും, എന്നാല്‍ കാസര്‍കോട്ടുകാരനായ ഇപ്പോള്‍ കേന്ദ്രത്തില്‍ മന്ത്രിയായി വാഴുന്ന നേതാവിനെ ജയസാധ്യത കൂടുതലുള്ള ആലപ്പുഴയിലേക്കും പരിഗണിച്ചത് പെരുന്നയില്‍ നിന്നുള്ള കല്‍പന പ്രകാരമായിരുന്നു. ഈ കയറ്റിറക്കുമതിയിലെ നെറികേട് ചൂണ്ടിക്കാട്ടാന്‍ സമുദായം പോയിട്ട്, സ്ത്രീ സംഘടനകള്‍ പോലും രംഗത്തുണ്ടായിരുന്നില്ല. മുസ്ലിം/സ്ത്രീ എന്നീ പരിഗണനകള്‍ നോക്കാതെ തന്നെ പാര്‍ട്ടിക്ക് ചെയ്ത സേവനങ്ങളുടെ പേരില്‍ മാത്രം ജയസാധ്യതയുള്ള തന്റെ സ്വന്തം തട്ടകം തന്നെ ലഭിക്കാനുള്ള മെറിറ്റ് അവര്‍ക്കുണ്ടായിരുന്നു. അപമാനിതയായ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ പരാജയം ഏറ്റുവാങ്ങാനായി മാത്രം കാസര്‍കോട്ടേക്കില്ലെന്ന് അഭിമാനപൂര്‍വം പറഞ്ഞു. ഈ അവഗണന കേന്ദ്രത്തില്‍ മന്ത്രിമാരെ പരിഗണിച്ചപ്പോഴും നാം കണ്ടതാണ്. പക്ഷേ, അവിടെയും മുഴുത്ത കഷ്ണം കിട്ടിയിട്ടും പാണ്ടന്‍ നായക്കു തന്നെയായിരുന്നു മുറുമുറുപ്പ്.
പെരുന്നയിലെ തമ്പ്രാക്കള്‍ കല്‍പിക്കുന്നതനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ചലിക്കണമെന്ന ഒരു അലിഖിത നിയമം നിലനില്‍പുണ്ട് എന്ന പ്രതീതിയാണ് ഇപ്പോള്‍ കാണുന്നത്. 'വിശാല ഹിന്ദുഐക്യം' സാധ്യമാക്കാന്‍ നേതാക്കള്‍ പലപ്പോഴും 'അപരനെ' കണ്ടെത്തുന്നത് മുസ്ലിം സമുദായത്തിലാണ്. കേരളത്തില്‍ 22 ശതമാനമുള്ള ഈഴവ സമുദായം ഉദ്യോഗ മേഖലയിലെ ആനുപാതിക പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഇതര പിന്നാക്ക സമുദായങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. സംവരണമുള്ള സമുദായങ്ങളില്‍ അനുവദിക്കപ്പെട്ട ക്വാട്ട മറികടന്ന ഏക സമുദായവും ഈഴവരാണ് എന്നതത്രെ നരേന്ദ്രന്‍ കമീഷന്റെ ഒരു സുപ്രധാന കണ്ടെത്തല്‍. സംവരണം കൊണ്ടുള്ള ലക്ഷ്യ സാധൂകരണം നേടിക്കഴിഞ്ഞാല്‍ പിന്നെ അത് പിന്‍വലിക്കണമെന്നതാണ് ഭരണ ഘടനാശില്‍പിയായ ഡോ. അംബേദ്കറുടെ കാഴ്ചപ്പാട്. അത് പ്രകാരം സംവരണാനുകൂല്യം പിന്‍വലിച്ചാലും ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യത്തിന് ആനുപാതികമായ കുറവ് ഉണ്ടാകില്ല.
നരേന്ദ്രന്‍ കമീഷന്റെ കണ്ടെത്തല്‍ പ്രകാരം ബാക്ക് ലോഗ് നികത്താനുള്ള ആവശ്യം ശക്തമായപ്പോഴാണ് വിശാല ഹിന്ദു ഐക്യം എന്ന സന്ദേശം ഉയര്‍ത്തി അലസിപ്പോയ നായരീഴവ സഖ്യം പുനര്‍ജീവിപ്പിക്കാന്‍ ശ്രമം നടന്നത്. ബാക്ക്ലോഗ് നികത്താനുള്ള പ്രായോഗികമാര്‍ഗം സ്പെഷ്യല്‍ റിക്രൂട്ട്മെന്റാണ്. അങ്ങനെയുണ്ടായാല്‍ അതിന്റെ ഗുണഭോക്താക്കളില്‍ മുന്നിലുണ്ടാവുക സ്വാഭാവികമായും മുസ്ലിം സമുദായവുമായേനെ. ഈ സാധ്യതയെ അട്ടിമറിക്കുന്നതിന് 'മുസ്ലിം അപര'നെ ഉയര്‍ത്തിക്കാട്ടി പൊതുമണ്ഡലത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമായിരുന്നു അന്ന് നടന്നത്. അങ്ങനെ മലയാളിയുടെ മതേതര-പുരോഗമന പാരമ്പര്യം പശമുക്കിയ ശുഭ്രവസ്ത്രം പോലെ പുറമെയുള്ള കേവല ആവരണം മാത്രമാണ് എന്ന് തെളിഞ്ഞ മറ്റൊരു സന്ദര്‍ഭമായിരുന്നു ലൌ ജിഹാദുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലം. 'ഹിന്ദു ജാഗൃതി' എന്ന ഹിന്ദുത്വ വെബ്സൈറ്റിലൂടെ തുടങ്ങിവെച്ച 'ലൌ ജിഹാദ്' എന്ന വ്യാജ നിര്‍മിതിയോടുള്ള മലയാളിയുടെ പ്രതികരണം അങ്ങേയറ്റം പേടിപ്പെടുത്തുന്നതായിരുന്നു. തികച്ചും ശൂന്യതയില്‍നിന്ന് മെനഞ്ഞെടുത്തതും സമൂഹത്തെ നെടുകെ പിളര്‍ത്തിയതുമായ ഈ വിഷയത്തോട് പൊതു സമൂഹം സ്വീകരിച്ച നിലപാടാണ് നമ്മുടെ മതേതര സംസ്കാരം തൊലിപ്പുറം വിട്ട് താഴേക്ക് പോയിട്ടില്ല എന്ന് തെളിയിച്ചത്. ഒരു സമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സംഘടിതമായി ആക്രമിച്ച നമ്മുടെ മാധ്യമങ്ങള്‍ സംഭവം കെട്ടിച്ചമച്ചതായിരുന്നു എന്ന് നിസ്സംശയം തെളിഞ്ഞിട്ടും നാളിതുവരെ ഒരു ഖേദപ്രകടനം പോലും നടത്തിയിട്ടില്ല. മലയാളി പ്രബുദ്ധതയുടെ കാപട്യത്തിന്റെ ആഴമറിയാനുള്ള ഒരു സാക്ഷ്യപത്രമായി ഇത് നിലനില്‍ക്കുന്നു.
വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു സ്കീമില്‍ ഉള്‍പ്പെടുത്തി മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പ്രത്യേകിച്ചും ഹയര്‍സെക്കന്ററി സീറ്റുകളിലെ അപര്യാപ്തത പരിഹരിക്കുന്നതിനായി ആന്റണി സര്‍ക്കാറിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പി മലബാര്‍ പ്രദേശത്ത് കൂടുതല്‍ സ്കൂളുകള്‍ അനുവദിക്കാനും നിലവിലുള്ളതിനെ അപ്ഗ്രേഡ് ചെയ്യാനുമുള്ള ശ്രമം നടത്തിയിരുന്നു. അന്ന് മലയാളത്തിലെ പത്തുലക്ഷം കഴിഞ്ഞിരുന്ന ഒരു സെഞ്ച്വറി പത്രം നടത്തിയ തരംതാണ കാമ്പയിന്‍- 'വിദ്യാഭ്യാസ വകുപ്പിലെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും' തുറന്ന് കാട്ടിക്കൊണ്ടുള്ള ഒരാഴ്ച നീണ്ടുനിന്ന നെടുങ്കന്‍ പരമ്പര ആ മന്ത്രിയെ തന്നെ വ്യക്തിഹത്യ ചെയ്യുന്നതായിരുന്നു. അടുത്ത കാലത്തുണ്ടായ ഇ-മെയില്‍ വിവാദത്തിലെ മുഖ്യധാരാമാധ്യമങ്ങളുടെ സമീപനവും കൂടി ചേര്‍ത്താല്‍ കിട്ടുന്ന ഒരു ചിത്രമുണ്ട്. അത് നമ്മുടെ പൊതുമണ്ഡലം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും നമ്മുടെ പുരോഗതമന പാരമ്പര്യവും നവോത്ഥാന മൂല്യങ്ങളും ചിതലരിച്ചിരിക്കുന്നു എന്നുമുള്ള വിപത് സന്ദേശമാണ്.
അഞ്ചാം മന്ത്രി വീണ്ടും വിശാല ഹിന്ദു ഐക്യം എന്ന പഴയ ഗ്രാന്റ് പ്ളാനിന് ജീവന്‍ നല്‍കിയിരിക്കുകയാണ്. ഈ 'ഐക്യം' ആര്‍ക്കെതിരാണ് എന്ന് അതിന്റെ സംഘാടകര്‍ തന്നെ വിശദീകരിച്ചിട്ടുമുണ്ട്. സമുദായ സന്തുലനത്തിന്റെ മാനദണ്ഡം നമ്മുടെ ദേശീയ പതാക പറക്കുന്ന വാഹനങ്ങളുടെ എണ്ണമെടുത്ത് കൊണ്ടല്ല നിശ്ചയിക്കേണ്ടത്. അതിലെ യാത്രക്കാരന്റെ ജാതിയും മതവും മാത്രം നോക്കിയുമല്ല.
ഒരു സ്ത്രീ പ്രധാന മന്ത്രിയോ രാഷ്ട്രപതിയോ പാര്‍ട്ടി ലീഡറോ ആകുന്നത് കൊണ്ട് ഇന്ത്യയിലെ സ്ത്രീ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നെങ്കില്‍ ഇന്ദിരാഗാന്ധിയും പ്രതിഭാ പാട്ടീലും സോണിയാ ഗാന്ധിയുമൊക്കെ ആ പദവികളില്‍ എത്തിയതോടെ സംഭവിക്കണമായിരുന്നു. മൌലാനാ ആസാദും ഹുമയൂണ്‍ കബീറുമെല്ലാം വിദ്യാഭ്യാസ മന്ത്രിമാരായതോടെ ഇന്ത്യയിലെ മുസ്ലിം വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് ഏതെങ്കിലും തരത്തിലുള്ള പരിഹാരമാവേണ്ടതായിരുന്നു. ബാബു ജഗ്ജീവന്‍ റാമും കെ.ആര്‍ നാരായണനുമെല്ലാം അധികാര സ്ഥാനങ്ങളിലെത്തിയതോടെ ഇന്ത്യയിലെ ദലിതുകളുടെ ചിത്രം മറ്റൊന്നാകേണ്ടതായിരുന്നു. 'സര്‍വാശ്ളേഷിയായ വികസന സമീപന'മെന്ന് പുതിയ സര്‍ക്കാര്‍ രേഖകളിലൊക്കെ പറയുന്ന ഒരു പുത്തന്‍ കാഴ്ചപ്പാടിലൂടെയും തദനുസൃതമായ സംവിധാനങ്ങളിലൂടെ വ്യവസ്ഥിതിയെ പുനര്‍നിര്‍ണയിച്ചു കൊണ്ടുമല്ലാതെ സാമൂഹിക നീതിയും വികസന സന്തുലിതത്വവും സാധ്യമാവില്ല. വ്യക്തികളെ പ്രതിഷ്ഠിക്കുന്നത് കൊണ്ട് അടിസ്ഥാനപരമായ മാറ്റം സാധ്യമാവില്ല എന്നത് ചരിത്രത്തിന്റെ പാഠം കൂടിയാണ്.
Comments