Prabodhanm Weekly

Pages

Search

2012 മെയ് 12

കുടികിടപ്പവകാശം

മൌലാനാ മൌദൂദി

ഒഴിഞ്ഞു കിടക്കുന്ന ഭൂമി(മവാത്ത്)യെ സംബന്ധിച്ചേടത്തോളം, പൌരാണികമായി എങ്ങനെയാണോ അതിന്റെ ഉടമസ്ഥാവകാശം നിര്‍ണയിച്ചു പോന്നത് ആ രീതി തന്നെ പരിഷ്കരിച്ച് സ്വീകരിക്കുകയാണ് പ്രവാചകന്‍ ചെയ്തത്. 'ഒരാള്‍ താമസിക്കുന്ന ഭൂമി അയാളുടേത്, ആര്‍ ഒരു നിലം സഞ്ചാരത്തിനും കൃഷിക്കും അനുയോജ്യമാക്കുന്നുവോ എങ്കില്‍ അതിന് കൂടുതല്‍ അര്‍ഹത അയാള്‍ക്ക്'- ഇതാണ് ആ പൌരാണിക തത്ത്വം. എല്ലാ ഉടമസ്ഥാവകാശത്തിന്റെയും ആദ്യഘട്ടം ഇങ്ങനെത്തന്നെയാണ്. ഈ തത്ത്വം പ്രവാചകന്‍ പലതവണ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍:
ആഇശ(റ)യില്‍നിന്ന്. നബി(സ) പറഞ്ഞു: "ഒരാളുടെതുമല്ലാത്ത ഭൂമിയെ ആര്‍ വാസ/കൃഷി യോഗ്യമാക്കിയോ അതിന്റെ ഉടമസ്ഥതക്ക് ഏറ്റവും അര്‍ഹത അവന് തന്നെ.'' ഉര്‍വതുബ്നു സുബൈര്‍ പറയുന്നു: തന്റെ ഭരണകാലത്ത് ഉമര്‍(റ) ഇതനുസരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത് (ബുഖാരി, അഹ്മദ്, നസാഇ).
ജാബിര്‍ ബ്നു അബ്ദില്ലയില്‍ നിന്ന്. നബി(സ) പറഞ്ഞു: "മരിച്ച ഭൂമിയെ ആര്‍ ജീവിപ്പിക്കുന്നുവോ അത് അവനുള്ളതാണ്'' (അഹ്മദ്, തിര്‍മിദി, നസാഇ, ഇബ്നു ഹിബ്ബാന്‍).
സമുറ ബ്നു ജുന്‍ദുബില്‍ നിന്ന്. നബി(സ) പറഞ്ഞു: "ആരുടേതുമല്ലാത്ത ഒഴിഞ്ഞ ഭൂമിയില്‍ ആര്‍ അതിര്‍ത്തി മതിലുകള്‍ കെട്ടുന്നുവോ അവനതിന്റെ ഉടമസ്ഥത ലഭിക്കും'' (അബൂദാവൂദ്).
അസ്മര്‍ ബ്നു മുളര്‍രിസില്‍ നിന്ന്. നബി(സ) പറഞ്ഞു: "ഒരു മുസ്ലിമും (ഒരാളും) ഉടമപ്പെടുത്തിയിട്ടില്ലാത്ത ജലസ്രോതസ്സിലേക്ക് ആദ്യമെത്തുന്നവന് അതിന്മേല്‍ അവകാശമുണ്ട്'' (അബൂദാവൂദ്).
ഉര്‍വത് ബ്നു സുബൈര്‍ പറയുന്നു: പ്രവാചകന്‍ ഇങ്ങനെ വിധിച്ചതിന് ഞാന്‍ സാക്ഷിയാണ്- ഭൂമി എന്നാല്‍ അല്ലാഹുവിന്റെ ഭൂമിയാണ്. അതിലെ ജനങ്ങളും അല്ലാഹുവിന്റേത് തന്നെ. ആര്‍ ഒരു ജഡഭൂമിയെ പുനര്‍ജീവിപ്പിച്ചോ അതവനുള്ളതാണ് (അബൂദാവൂദ്).
ഉടമസ്ഥതയുടെ പൌരാണിക രീതി പരിഷ്കരണങ്ങളോടെ സ്വീകരിച്ച പ്രവാചകന്‍ രണ്ട് ഉപാധികളും വെച്ചു. ഒന്ന്, മറ്റൊരാളുടെ കൈവശമുള്ള ഭൂമിയെ ആണ് 'ജീവിപ്പി'ക്കുന്നതെങ്കില്‍ അതിനെ ഉപയോഗയോഗ്യമാക്കാന്‍ ശ്രമിച്ചു എന്നതുകൊണ്ട് മാത്രം അയാള്‍ക്ക് ഉടമസ്ഥത ലഭിക്കില്ല. രണ്ട്, ഒരാള്‍ ഒരൊഴിഞ്ഞ ഭൂമി അതിര്‍ കെട്ടിയോ വരച്ചോ അടയാളപ്പെടുത്തിയിട്ടു. പിന്നെയതില്‍ യാതൊരു നിര്‍മാണപ്രവൃത്തിയും നടത്തിയില്ല. എങ്കില്‍ മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ആ ഉടമസ്ഥത അസാധുവാകും. ഇതില്‍ ഒന്നാമത്തെ ഉപാധിയെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞത് ഇങ്ങനെ: സഈദുബ്നു സൈദില്‍ നിന്ന്. നബി(സ) പറഞ്ഞു: "തരിശ് നിലത്തെ ഉപയോഗയോഗ്യമാക്കുന്നവന് അതിന്റെ അവകാശമുണ്ട്. മറ്റൊരാളുടെ നിലം കൈയേറുന്നവന് ആ അവകാശമില്ല'' (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി). രണ്ടാമത്തെ ഉപാധിയെക്കുറിച്ച്: ത്വാഊസില്‍ നിന്ന്. നബി(സ) പറഞ്ഞു: " ഉടമയില്ലാത്ത ഭൂമി അല്ലാഹുവിനും പ്രവാചകനും ഉള്ളതാണ്. അത് പിന്നീട് നിങ്ങള്‍ക്കും ഉപയോഗിക്കാം. തരിശ് നിലം ഉപയോഗ യോഗ്യമാക്കിയവനുള്ളതാണ് അതിന്റെ ഉടമസ്ഥത. അത് ഒന്നും ചെയ്യാതെ വെറുതെ കൈവശം വെച്ചിരിക്കുന്നവന് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ അതിന്മേലുള്ള അവകാശം ഇല്ലാതാവും.'' (അബൂ യുസൂഫ്, കിതാബുല്‍ ഖറാജ്).
സാലിമുബ്നു അബ്ദില്ല(ഉമറിന്റെ പൌത്രന്‍)യില്‍ നിന്ന്. ഉമര്‍ (റ) മിമ്പറില്‍ കയറി പ്രഖ്യാപിച്ചു: "മൃതഭൂമി അതിനെ ജീവിപ്പിച്ചവര്‍ക്കുള്ളതാണ്. അത് ഉപയോഗ യോഗ്യമാക്കിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഉടമസ്ഥത നഷ്ടപ്പെടും.'' ചിലയാളുകള്‍ ഭൂമി ഒന്നും ചെയ്യാതെ കൈവശപ്പെടുത്തിവെച്ചിരുന്നത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടിവന്നത് (അബൂയൂസൂഫ്, കിതാബുല്‍ ഖറാജ്).
ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമേ ഇല്ല. ആരുടേതുമല്ലാത്ത ഒഴിഞ്ഞ ഭൂമി ഒരാള്‍ കൃഷി/വാസ യോഗ്യമാക്കിയാല്‍ സ്വയം തന്നെ അയാള്‍ക്ക് ഉടമസ്ഥത കൈവരുമോ, അതല്ല ഭരണകൂടത്തിന്റെ അംഗീകാരം അതിന് ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ മാത്രമാണ് ഭിന്നാഭിപ്രായമുള്ളത്. ഇമാം അബൂഹനീഫ പറയുന്നത് ഭരണകൂടത്തിന്റെ അംഗീകാരം നിര്‍ബന്ധമാണ് എന്നാണ്. ഇമാം അബൂയൂസുഫ്, ഇമാം മുഹമ്മദ്, ഇമാം ശാഫിഈ, ഇമാം അഹ്മദ് ബ്നു ഹമ്പല്‍ എന്നിവരുടെ അഭിപ്രായം, ഉടമസ്ഥത സ്ഥിരപ്പെടാന്‍ ഭരണകൂടത്തിന്റെ അംഗീകാരം വേണ്ടതില്ല എന്നും. ഹദീസുകളില്‍ വളരെ വ്യക്തമായിപ്പറഞ്ഞ കാര്യമാണിത്. അതിനാല്‍ ഭരണകൂടത്തിന്റെ അംഗീകാരം ഉടമസ്ഥത സ്ഥിരീകരിക്കുന്നതിന് ഉപാധിയല്ല. അല്ലാഹുവിന്റെയും പ്രവാചകന്റെയും പേരില്‍ അയാള്‍ക്ക് ഉടമസ്ഥത ലഭിക്കും. ആ ഭൂമിയുടെ കാര്യത്തില്‍ തര്‍ക്കമോ മറ്റോ ഉണ്ടാകുമ്പോള്‍ മാത്രമേ ഭരണകൂടം ഇടപെടേണ്ട ആവശ്യം വരുന്നുള്ളൂ. ഇമാം മാലികിന്റെ അഭിപ്രായത്തില്‍, ജനവാസ പ്രദേശത്തുള്ള ഒഴിഞ്ഞ ഭൂമിയെയും വിദൂരത്തെവിടെയോ ഉള്ള ഭൂമിയെയും ഒരുപോലെയല്ല കാണേണ്ടത്. ആദ്യയിനം ഭൂമിക്ക് ഈ നിയമം ബാധകമല്ല എന്നാണ് അദ്ദേഹം പറയുന്നത്. രണ്ടാമത്തെയിനം ഭൂമിയുടെ കാര്യത്തില്‍ ഉടമസ്ഥത സ്ഥിരപ്പെടാന്‍ ഭരണകൂടത്തിന്റെ സമ്മതം വേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.
ഉമറുബ്നുല്‍ ഖത്വാബും ഉമറുബ്നുല്‍ അബ്ദില്‍ അസീസും തങ്ങളുടെ ഭരണകാലത്ത് സ്വീകരിച്ച ഒരു രീതിയുണ്ട്. ആരുടേതുമല്ലാത്ത തരിശ് ഭൂമിയാണെന്ന് കരുതി ഒരാള്‍ ഒരു നിലം ഉപയോഗയോഗ്യമാക്കി. അപ്പോഴാണ് ആ സ്ഥലം തന്റേതാണെന്ന് രേഖാമൂലം അവകാശപ്പെട്ടുകൊണ്ട് മറ്റൊരാള്‍ വരുന്നത്. ഈ തര്‍ക്കത്തില്‍ രണ്ട് ഭരണാധികാരികളും ഒരേ തീരുമാനമാണെമെടുത്തത്. ഒന്നുകില്‍ നിലം ഉപയോഗയോഗ്യമാക്കിയതിനുള്ള പ്രതിഫലം ഉടമ ഇയാള്‍ക്ക് നല്‍കുക. അല്ലെങ്കില്‍ കൃഷിയോഗ്യമാക്കിയ ആള്‍ക്ക് ഉടമ ആ സ്ഥലം വില്‍ക്കുക.

ഭരണകൂടം
പതിച്ചു നല്‍കുന്ന ഭൂമി
തരിശ് ഭൂമി(മവാത്ത്)യും സര്‍ക്കാര്‍ ഭൂമി(ഖാലിസ്വ)യും ജനങ്ങള്‍ക്ക് പ്രവാചകനും അദ്ദേഹത്തിനു ശേഷം സച്ചരിതരായ ഖലീഫമാരും ധാരാളമായി പതിച്ചു നല്‍കിയിരുന്നു. പ്രവാചകന്റെയും സ്വഹാബികളുടെയും ജീവചരിത്രങ്ങള്‍ പരിശോധിച്ചാല്‍ ഒട്ടനവധി സംഭവങ്ങള്‍ കണ്ടെത്താനാവും. ചിലത് മാത്രം ഇവിടെ ചേര്‍ക്കാം.
1. ഉര്‍വതുബ്നു സുബൈര്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം. അബ്ദുര്‍റഹ്മാനുബ്നു ഔഫിനും ഉമറുബ്നുല്‍ ഖത്വാബിനും പ്രവാചകന്‍ കുറച്ചു ഭൂമി പതിച്ചു നല്‍കിയിരുന്നു.ഖലീഫ ഉസ്മാന്റെ ഭരണകാലത്ത്, ഇതില്‍ ഹസ്രത്ത് ഉമറിന് പതിച്ചു കിട്ടിയ ഭൂമി അദ്ദേഹത്തിന്റെ അനന്തരവകാശികളില്‍ നിന്ന് ഹസ്രത്ത് സുബൈര്‍ വിലയ്ക്ക് വാങ്ങി. ഇതിന് അംഗീകാരം വാങ്ങാനായി ഹസ്രത്ത് ഉസ്മാന്റെ അടുത്ത് ചെന്ന സുബൈര്‍ ഇപ്രകാരം പറഞ്ഞു: "അബ്ദുര്‍റഹ്മാനുബ്നു ഔഫ് സാക്ഷിയാണ്, അദ്ദേഹത്തിനും ഉമറിനും പ്രവാചകന്‍ ഈ ഭൂമി പതിച്ചു നല്‍കിയതാണ് എന്നതിന്. അതില്‍ ഉമറിന്റെ ഓഹരി ഞാന്‍ വാങ്ങിയിരിക്കുന്നു.'' അപ്പോള്‍ ഹസ്രത്ത് ഉസ്മാന്‍ പറഞ്ഞു: "എത്ര സത്യസന്ധനായ സാക്ഷിയാണ് അബ്ദുര്‍റഹ്മാന്‍, കാര്യങ്ങള്‍ അദ്ദേഹത്തിന് അനുകൂലമാണെങ്കിലും എതിരാണെങ്കിലും'' (മുസ്നദ് അഹ്മദ്).
2. അല്‍ഖമതുബ്നു വാഇല്‍ പറയുന്നു: അദ്ദേഹത്തിന്റെ പിതാവിന് (വാഇലുബ്നു ഹജറിന്) പ്രവാചകന്‍ ഹളറമൌത്തില്‍ ഒരു കഷ്ണം ഭൂമി പതിച്ചുനല്‍കുകയുണ്ടായി (അബൂദാവൂദ്, തിര്‍മിദി).
3. അബൂബക്കറി(റ)ന്റെ പുത്രി അസ്മാ പറയുന്നു: തന്റെ ഭര്‍ത്താവ് സുബൈറിന് പ്രവാചകന്‍ ഖൈബറില്‍ ഒരു സ്ഥലം പതിച്ചുകൊടുത്തു. അതില്‍ ഈത്തപ്പനകളും മറ്റു മരങ്ങളുമൊക്കെ ഉണ്ടായിരുന്നു. ഇത് കൂടാതെ, മുമ്പ് ബനൂന്നളീര്‍ ഗോത്രക്കാരുടെ കൈവശമുണ്ടായിരുന്ന പച്ചപ്പുള്ള ഒരു പ്രദേശം പ്രവാചകന്‍ തനിക്ക് നല്‍കിയിരുന്നതായി സുബൈറിന്റെ പുത്രന്‍ ഉര്‍വയും പറയുന്നു. വിശാലമായ മറ്റൊരു പ്രദേശവും സുബൈറിന് നല്‍കിയതായി അബ്ദുല്ലാഹിബ്നു ഉമര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നല്‍കിയ രീതി ഇങ്ങനെയായിരുന്നു. പ്രവാചകന്‍ സുബൈറി(റ)നോട് പറഞ്ഞു: "താങ്കള്‍ കുതിരയെ ഓടിക്കുക. കുതിര എവിടെ നില്‍ക്കുന്നുവോ അതുവരെയുള്ള ഭൂമി താങ്കള്‍ക്ക്. സുബൈര്‍ കുതിരയെ ഓടിച്ചു. അത് ഓടി ഒരിടത്ത് നിന്നു. അപ്പോള്‍ സുബൈര്‍ ചാട്ടവാര്‍ ചുഴറ്റി. ആ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ പറഞ്ഞു: ശരി, ആ ചാട്ട വീണ സ്ഥലം വരെ അദ്ദേഹത്തിന് പതിച്ചു കൊടുക്കൂ'' (ബുഖാരി, അഹ്മദ്, അബൂദാവൂദ്).
4. അംറ്ബ്നു ദീനാര്‍ പറയുന്നു: പ്രവാചകന്‍ മദീനയില്‍ വന്നപ്പോള്‍ ഹസ്രത്ത് അബൂബക്കറിനും ഹസ്രത്ത് ഉമറിനും ഭൂമി പതിച്ചുനല്‍കി (അബൂയൂസുഫ്, കിതാബുല്‍ ഖറാജ്).
5. അബൂറാഫിഅ് പറയുന്നു: പ്രവാചകന്‍ ഞങ്ങളുടെ കുടുംബത്തിന് ഭൂമി നല്‍കിയിരുന്നു. പക്ഷേ, ഞങ്ങള്‍ക്കത് ഉപയോഗ യോഗ്യമാക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഞങ്ങളത് എണ്ണായിരം ദീനാറിന് വിറ്റു (കിതാബുല്‍ ഖറാജ്).
6. ഇബ്നു സീരീന്റെ റിപ്പോര്‍ട്ട്. പ്രവാചകന്‍ അന്‍സ്വാറുകളില്‍ പെട്ട സുലൈത്വ് എന്നൊരാള്‍ക്ക് കുറച്ച് ഭൂമി നല്‍കി. ഈ ഭൂമിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ഇദ്ദേഹം പലപ്പോഴും മദീനക്ക് പുറത്തെവിടെയോ ആയിരിക്കും. അതിനിടക്ക് പല പല നിര്‍ദേശങ്ങളടങ്ങിയ ഖുര്‍ആനിക സൂക്തങ്ങള്‍ പ്രവാചകന് അവതരിച്ചിട്ടുണ്ടാകും. തന്റെ അഭാവത്തില്‍ ദൈവിക നിര്‍ദേശങ്ങള്‍ വന്നുകൊണ്ടിരുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. ഒടുവില്‍ പ്രവാചകനെ സമീപിച്ച് അദ്ദേഹം പറഞ്ഞു: "താങ്കള്‍ തന്ന ഭൂമി എനിക്കും താങ്കള്‍ക്കുമിടയില്‍ ഒരു മറയായിത്തീര്‍ന്നിരിക്കുന്നു. ദയവ് ചെയ്ത് അത് തിരിച്ചെടുത്താലും.'' പ്രവാചകന്‍ ആ ഭൂമി തിരികെ വാങ്ങി. പിന്നീട് സുബൈര്‍(അ) ആ ഭൂമി തനിക്ക് നല്‍കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍, പ്രവാചകനത് അദ്ദേഹത്തിന് നല്‍കുകയും ചെയ്തു.
7. അഖീഖിലെ മുഴുവന്‍ ഭൂമിയും പ്രവാചകന്‍ തനിക്ക് തന്നതായി ബിലാലുബ്നു ഹാരിസ് മുസ്നി സാക്ഷ്യപ്പെടുത്തുന്നു (കിതാബുല്‍ അംവാല്‍).
8. അദിയ്യുബ്നു ഹാത്വിം പറയുന്നു, പ്രവാചകന്‍ യമാമയിലെ ഒരു സ്ഥലം ഫുറാത് ബ്നു ഹയ്യാന്‍ ഉജ്ലിക്ക് പതിച്ചു നല്‍കി (കിതാബുല്‍ അംവാല്‍).
9. പ്രമുഖ അറബ് ഭിഷഗ്വരന്‍ ഹാരിസ്ബ്നു കലദയുടെ മകന്‍ നാഫിഅ്, ഖലീഫ ഉമറിനോട് പറഞ്ഞു: "ബസ്വറയില്‍ ഒരു തോട്ടമുണ്ട്. അതിന് ഇന്നാരും ഭൂനികുതി കൊടുക്കുന്നില്ല. മുസ്ലിം പൌരന്മാരിലൊരാളും അത് പ്രയോജനപ്പെടുത്തുന്നുമില്ല. അതെനിക്ക് തന്നാല്‍ കുതിരക്കുള്ള തീറ്റ അവിടെ ഉണ്ടാക്കാമായിരുന്നു.'' നാഫിഅ് പറഞ്ഞത് ശരിയാണെങ്കില്‍ ആ ഭൂമി അദ്ദേഹത്തിന് പതിച്ചുകൊടുക്കാന്‍ ഉമര്‍ തന്റെ ഗവര്‍ണര്‍ അബൂമൂസല്‍ അശ്അരിക്ക് കത്തെഴുതുകയുണ്ടായി (കിതാബുല്‍ അംവാല്‍).
10. മൂസബ്നു ത്വല്‍ഹയുടെ റിപ്പോര്‍ട്ട്. ഹസ്രത്ത് ഉസ്മാന്‍ തന്റെ ഭരണകാലത്ത് സുബൈര്‍ ബ്നു അവാം, സഅ്ദ്ബ്നു അബീ വഖാസ്, അബ്ദുല്ലാഹിബ്നു മസ്ഊദ്, ഉസാമത്ബ്നു സൈദ്, ഖബ്ബാബ് ബ്നു അറത്ത്, അമ്മാറുബ്നു യാസിര്‍, സഅ്ദ്ബ്നു മാലിക് എന്നിവര്‍ക്ക് ഭൂമി പതിച്ചുനല്‍കുകയുണ്ടായി (കിതാബുല്‍ ഖറാജ്, കിതാബുല്‍ അംവാല്‍).
11. അബ്ദുല്ലാഹിബ്നു ഹസന്റെ റിപ്പോര്‍ട്ട്. അലി(റ) ആവശ്യപ്പെട്ട പ്രകാരം ഖലീഫ ഉമര്‍ അദ്ദേഹത്തിന് യന്‍ഉ തോട്ടം പതിച്ചു നല്‍കുകയുണ്ടായി.
12. പേര്‍ഷ്യയിലെ കൈസറും അയാളുടെ കുടുംബാംഗങ്ങളും മുമ്പ് കൈവശം വെച്ചിരുന്ന പ്രദേശങ്ങളെല്ലാം ഖലീഫ ഉമര്‍ സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിക്കുകയുണ്ടായി എന്ന് ഇമാം അബൂയൂസുഫ് നിരവധി പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ സ്ഥാപിക്കുന്നു. ഉടമസ്ഥന്‍ കൊല്ലപ്പെട്ടതോ ഒളിച്ചോടിയതോ ആയ ഭൂമിയും പൊന്തക്കാടുകള്‍ നിറഞ്ഞതോ വെള്ളം കെട്ടിക്കിടക്കുന്നതോ ആയ പ്രദേശങ്ങളും ഉമര്‍(റ) സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിക്കുകയുണ്ടായി. ഇതില്‍ നിന്നാണ് വ്യക്തികള്‍ക്ക് പതിച്ചു നല്‍കിയിരുന്നത് (കിതാബുല്‍ ഖറാജ്).

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം