Prabodhanm Weekly

Pages

Search

2012 മെയ് 12

ബങ്കരുവും ബോഫോഴ്സും

ഇഹ്സാന്‍

ബങ്കരു ലക്ഷ്മണന്‍ കൈക്കൂലി കേസില്‍ ജയിലിലാകുമെന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ ലോകത്ത് തീര്‍ച്ചയുള്ള കാര്യമായിരുന്നു. രാഷ്ട്രീയ നേതാക്കന്മാരുടെ അഴിമതി കണ്ടുമടുത്ത ഇന്ത്യന്‍ ജനതയെ സംബന്ധിച്ചേടത്തോളം വലിയൊരു ആശ്വാസമാണിത്. കന്‍വല്‍ജിത്ത് അറോറ തന്റെ വിധി ന്യായത്തില്‍ അക്കാര്യം ശരിയായ മട്ടില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ രാജ്യത്ത് 'എന്തും നടക്കു'മെന്നും രാഷ്ട്രീയക്കാരാണെങ്കില്‍ അവര്‍ക്ക് എങ്ങനെയും രക്ഷപ്പെടാനാകുമെന്നുമുള്ള ഒരു ധാരണ സമൂഹത്തില്‍ പടരുന്നുണ്ട്. അതു കൊണ്ടാണ് പ്രായവും പദവിയും പരിഗണിക്കാതെ നാലു വര്‍ഷം ബങ്കരുവിനെ കഠിന തടവിന് ശിക്ഷിക്കുന്നതെന്നാണ് വിധിന്യായത്തില്‍ അറോറ വ്യക്തമാക്കിയത്. സുഖ്റാമും രാജയും കല്‍മാഡിയും കനിമൊഴിയും അമര്‍സിംഗും യദിയൂരപ്പയുമൊക്കെ പോവുകയും വരികയും ചെയ്ത വഴിയെ മറ്റൊരു രാഷ്ട്രീയ നേതാവു കൂടി ജയിലിനകത്തായി.
രാജീവ് ഗാന്ധിയുടെയും സോണിയയുടെയും കുടുബ സുഹൃത്ത് ഒക്താവിയോ ക്വത്റോച്ചി ബോഫോഴ്സ് കേസില്‍ 7.3 ദശലക്ഷം ഡോളര്‍ കോഴ കൈപ്പറ്റിയിരുന്നുവെന്ന വാര്‍ത്ത സ്വീഡിഷ് പോലീസ് മേധാവി സ്റ്റെന്‍ ലിന്‍സ്റ്റോം ചിത്രാ സുബ്രഹ്മണ്യത്തോട് വെളിപ്പെടുത്തിയതിന്റെ തൊട്ടുപിന്നാലെയായിരുന്നു പൊതുജനത്തിന് കോടതി നല്‍കിയ ആശ്വാസമായി ബങ്കരു കേസിലെ വിധി പുറത്തുവന്നത്. രാജീവ് ഗാന്ധി നേരിട്ട് കോഴ വാങ്ങിയതിന് തെളിവില്ലെന്ന് ലിന്‍സ്റ്റോം പറഞ്ഞത് ചൂണ്ടിക്കാട്ടിയും എന്നാല്‍ കേസിലെ പ്രതികളെ രക്ഷിക്കാന്‍ രാജീവ് ഒത്തുകളിച്ചുവെന്ന ആരോപണം കണ്ടില്ലെന്ന് നടിച്ചും മുന്‍ നേതാവിന്റെ പേരിലുള്ള അഴിമതി ആരോപണം ഇതോടെ അവസാനിച്ചുവെന്ന് കോണ്‍ഗ്രസ് 'ആശ്വസിച്ചു.' ക്വത്റോച്ചി എന്ന 'വ്യക്തിയെ' ആണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്. പാര്‍ട്ടിക്ക് 'ഒരു വ്യക്തി'യുമായി ബന്ധപ്പെട്ട കേസില്‍ ഒരു പങ്കുമില്ലെന്ന് പ്രസ്താവനയിറക്കി ബങ്കരുവിനെ തള്ളിപ്പറഞ്ഞ് ബി.ജെ.പിയും ആ അധ്യായം അടച്ചു. പക്ഷേ ഇരുകൂട്ടരും സത്യസന്ധതയുടെ കാര്യത്തില്‍ 'ഞാനാരാണെടാ മോന്‍' എന്ന മട്ടില്‍ പരസ്പരം വാഗ്വാദങ്ങള്‍ തുടരുകയും ചെയ്തു. ബോഫോഴ്സിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ജസ്വന്ത് സിംഗ് ആവശ്യപ്പെട്ടു. തെഹല്‍ക്ക വെളിപ്പെടുത്തലുകളെ കുറിച്ചാണ് ജുഡീഷ്യല്‍ അന്വേഷണം വേണ്ടതെന്ന് കപില്‍ സിബല്‍ തിരിച്ചടിച്ചു.
ദലിതുകളെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കാനായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നാമനിര്‍ദേശം ചെയ്ത അധ്യക്ഷനായിരുന്നു ബങ്കരു ലക്ഷ്മണ്‍. ആര്‍.എസ്.എസിന് അന്നേ ഇദ്ദേഹത്തെ ഉള്‍ക്കൊള്ളാനായിരുന്നില്ല. കൈക്കൂലി കേസില്‍ ബങ്കരുവിനെ പദവിയില്‍ നിന്നും നീക്കിയ കാലത്ത് അദ്ദേഹം ഒരു ലക്ഷം രൂപക്കു വേണ്ടിയാണല്ലോ ഈ പണിയെടുത്തതെന്ന് പലരും അടക്കം പറഞ്ഞിരുന്നു. കൈക്കൂലി വാങ്ങുകയാണെങ്കില്‍ അതിനും വേണ്ടേýഅന്തസ്സ് എന്നായിരുന്നു ഈ പരിദേവനത്തിന്റെ മുന. വി.എച്ച്.പിയെ പോലുള്ളവര്‍ ഈ കൈക്കൂലിയെ ജാതീയമായി പോലും ദുര്‍വ്യാഖ്യാനിച്ചിട്ടുമുണ്ട്. എന്തായാലും പിന്നീടൊരിക്കലും ക്ഷത്രിയനോ ബ്രാഹ്മണനോ അല്ലാത്ത ഒരാളെ നേതൃസ്ഥാനത്ത് സങ്കല്‍പ്പിക്കാന്‍ ആര്‍.എസ്.എസ് ബി.ജെ.പിയെ അനുവദിച്ചിട്ടില്ല. ഇതെല്ലാം മാധ്യമങ്ങള്‍ പാര്‍ട്ടിയെ അവമതിക്കാനായി ഉണ്ടാക്കിയെടുക്കുന്ന ആരോപണങ്ങളാണെന്ന് വെക്കുക. അപ്പോഴുമുണ്ട് 'ട്രാക്ക് റെക്കോര്‍ഡിന്റെ' കുഴപ്പം. അഴിമതി കേസില്‍ പെട്ട ദിലീപ് സിംഗ് ജുദേവിന്റെ ചിത്രം ഒരുവേള ബങ്കരുവിന്റേതിനേക്കാള്‍ മോശപ്പെട്ട നിലവാരത്തിലായിരുന്നില്ലേ? മന്ത്രിയായിരിക്കെയാണ് ജുദേവ് ക്യാമറക്കണ്ണിനു മുമ്പെ അഴിമതിപ്പണം കൈപ്പറ്റിയത്. ജുദേവിന്റെ കാര്യത്തില്‍ പക്ഷേ പാര്‍ട്ടി സ്വീകരിച്ച നിലപാടും ദലിതനായ ബങ്കരുവിന്റെ കാര്യത്തില്‍ സ്വീകരിച്ചതും തീര്‍ത്തും വ്യത്യസ്തമായിരുന്നില്ലേ?
3ജി കേസില്‍ ഡി. രാജ അകത്തായതിനു ശേഷം സര്‍ക്കാറിന്റെ മുഴുവന്‍ ആത്മാവും ആവാഹിച്ചായിരുന്നു യു.പി.എ ബങ്കരുവിനെതിരെയുള്ള കേസ് നടത്തിപ്പോന്നത്. തെഹല്‍ക്ക പുറത്തു കൊണ്ടുവന്ന അന്നത്തെ അഴിമതി മാമാങ്കത്തില്‍ രാഷ്ട്രീയ നേതാക്കളുടെ കൂട്ടത്തില്‍ നിന്ന് ബങ്കരു മാത്രമാണ് ശിക്ഷ ഏറ്റുവാങ്ങിയത്. ബാക്കിയുള്ളവരുടെ കേസുകള്‍ തുമ്പും വാലും ഇല്ലാതാക്കാന്‍ ഉത്സാഹിച്ച എന്‍.ഡി.എ ബങ്കരുവിന്റെ കാര്യത്തില്‍ പക്ഷേ ഉപേക്ഷ കാണിച്ചു. അവര്‍ണന്‍ പാര്‍ട്ടിയുടെ അന്തസ്സ് കെടുത്തിയതിന്റെ കലിപ്പ് തീര്‍ക്കാന്‍ ആര്‍.എസ്.എസ് ബി.ജെ.പിയെ കൊണ്ട് ഉറപ്പുവരുത്തിച്ചതാണ് ബങ്കരുവിന്റെ വിചാരണയെന്നും പറഞ്ഞു കേള്‍ക്കാനുണ്ടായിരുന്നു. പക്ഷേ കോണ്‍ഗ്രസ് ഭരണം തിരിച്ചെത്തിയതോടെ ബി.ജെ.പിക്കും പാര്‍ട്ടിക്കുമിടയിലെ ഒരു വിലപേശല്‍ കഥാപാത്രമായി ബങ്കരു മാറി. കോണ്‍ഗ്രസിനെതിരെ എപ്പോഴൊക്കെ ബി.ജെ.പി അഴിമതി ആരോപണം കൊണ്ടുവന്നോ അപ്പോഴൊക്കെ പാര്‍ട്ടി കേസിനെ സജീവമാക്കി നിര്‍ത്തി. നീണ്ട 12 വര്‍ഷമാണ് വിചാരണകോടതിയില്‍ ഈ കേസ് ഇഴഞ്ഞത്. ഏറ്റവുമൊടുവില്‍ ബങ്കരുവിന്റെ 72-ാം വയസില്‍ വിധി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. അഴിമതിയുടെ കാര്യത്തില്‍ മറ്റുള്ളവരുടെ ചിറിക്ക് തോണ്ടാന്‍ നടക്കുന്ന ബി.ജെ.പിക്ക് ഇതിനേക്കാന്‍ നല്ല അടി വേറെ കിട്ടാനില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം