മനുഷ്യസമത്വം ഉദ്‌ഘോഷിച്ച ദൈവദൂതന്‍
عَنْ ابْنِ عُمَرَ (ر) أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خَطَبَ النَّاسَ يَوْمَ فَتْحِ مَكَّةَ فَقَالَ : ( يَا أَيُّهَا النَّاسُ إِنَّ اللَّهَ قَدْ أَذْهَبَ عَنْكُمْ عُبِّيَّةَ الْجَاهِلِيَّةِ وَتَعَاظُمَهَا بِآبَائِهَا ، فَالنَّاسُ رَجُلَانِ بَرٌّ تَقِيٌّ كَرِيمٌ عَلَى اللَّهِ وَفَاجِرٌ شَقِيٌّ هَيِّنٌ عَلَى اللَّهِ ، وَالنَّاسُ بَنُو آدَمَ وَخَلَقَ اللَّهُ آدَمَ مِنْ تُرَابٍ ، قَالَ اللَّهُ : ( يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ ) صححه الألباني في “صحيح الترمذي” .
ഇബ്‌നു ഉമറി(റ)ല്‍ നിന്ന്. അല്ലാഹുവിന്റെ റസൂല്‍ (സ) മക്കാവിജയ ദിവസം ജനങ്ങളെ അഭിമുഖീകരിച്ച് പ്രസംഗിച്ചു: 'മനുഷ്യരേ, ജാഹിലിയ്യത്തിന്റെ അഹങ്കാരവും പൈതൃക മഹിമയും നിങ്ങളില്‍നിന്ന് അല്ലാഹു നീക്കിയിരിക്കുന്നു. മനുഷ്യര്‍ ആകെ രണ്ട് വിഭാഗമാണ്. പുണ്യവാന്‍, ഭക്തന്‍, അല്ലാഹുവിന്റെയടുത്ത് മാന്യതയുള്ളവന്‍ ഇതാണ് ഒരു വിഭാഗം. അധര്‍മി, ദൗര്‍ഭാഗ്യവാന്‍, അല്ലാഹുവിന്റെയടുത്ത് നിന്ദിതനായവന്‍ ഇതാണ് രണ്ടാമത്തെ വിഭാഗം. മനുഷ്യരെല്ലാം ആദമിന്റെ മക്കളാണ്. ആദമിനെ അല്ലാഹു പടച്ചത് മണ്ണില്‍ നിന്നാണ്. അല്ലാഹു പറഞ്ഞു: 'മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ അന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭയഭക്തിയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു' (തിര്‍മിദി).
മാനവരാശിക്ക് ഇസ്‌ലാമിന്റെ മഹത്തായ സംഭാവനയായ മനുഷ്യ സമത്വത്തിലേക്കാണ് ഈ ഹദീസ് വിരല്‍ ചൂണ്ടുന്നത്. മാനവരെല്ലാം ഒരേ മനുഷ്യന്റെ മക്കളാണെന്നും അവരെയെല്ലാവരെയും മറ്റു സൃഷ്ടികളേക്കാള്‍ അല്ലാഹു ആദരിച്ചിരിക്കുന്നുവെന്നും കര്‍മത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ഒരാള്‍ക്കും ഒരു മഹത്വവുമില്ലെന്നും വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു: ''ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിച്ചു. അവ രണ്ടില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവന്‍ വ്യാപിപ്പിച്ചു'' (4 :1).
മനുഷ്യന് സ്രഷ്ടാവ് ഒന്നേയുള്ളൂ; ഒരേ പിതാവില്‍ നിന്നാണ് ഈ മനുഷ്യ സഞ്ചയമത്രയും പിറവി കൊണ്ടിരിക്കുന്നത്. ഒന്നായ മാനവര്‍ക്കിടയില്‍ ദേശം, ഭാഷ, വര്‍ഗം, വര്‍ണം തുടങ്ങിയവയുടെ പേരില്‍ വിവേചനമരുതെന്ന് അതിശക്തമായ ഭാഷയില്‍ അല്ലാഹുവിന്റെ റസൂല്‍ പഠിപ്പിച്ചു.
അബൂ നദ്‌റ(റ)യില്‍നിന്ന് നിവേദനം. അയ്യാമുത്തശ്‌രീഖിന്റെ മധ്യത്തില്‍ അല്ലാഹുവിന്റെ റസൂല്‍ (സ) ഇപ്രകാരം പ്രഭാഷണം നടത്തിയതായി അത് കേട്ട ഒരാള്‍ എന്നോട് പറയുകയുണ്ടായി: 'മനുഷ്യരേ, നിങ്ങളുടെ റബ്ബ് ഒന്നാണ്. നിങ്ങളുടെ പിതാവ് ഒന്നാണ്. അറബിക്ക് അനറബിയേക്കാള്‍ മഹത്വമില്ല. അനറബിക്ക് അറബിയേക്കാളും മഹത്വമില്ല. ചുവന്നവന് കറുത്തവനേക്കാള്‍ മഹത്വമില്ല. കറുത്തവന് ചുവന്നവനേക്കാളും മഹത്വമില്ല. ദൈവ ഭക്തികൊണ്ടല്ലാതെ' (അഹ്മദ്).
ഇസ്‌ലാം കേവലം സമഭാവനയുടെ തത്ത്വങ്ങള്‍ അവതരിപ്പിക്കുക മാത്രമല്ല ചെയ്തത്; അതിനെ ലോകത്തിന് മുന്നില്‍ പ്രയോഗവല്‍ക്കരിക്കുകയും ചെയ്തു.
ഒരിക്കല്‍ മോഷണക്കുറ്റത്തിന്റെ പേരില്‍ ഫാത്വിമ എന്നുപേരുള്ള ഒരു സ്ത്രീയുടെ കരം ഛേദിക്കാന്‍ റസൂല്‍ വിധിച്ചു. അവരുടെ കുടുംബത്തിലുള്ള ഉസാമതുബ്നു സൈദ് ശിപാര്‍ശയുമായി നബിയെ സമീപിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: 'മുഹമ്മദിന്റെ മകള്‍ ഫാത്വിമ തന്നെയാണ് മോഷ്ടിക്കുന്നതെങ്കില്‍, അവളുടെ കൈയും ഞാന്‍ മുറിക്കും' (ബുഖാരി, മുസ്‌ലിം).
കുടുംബമഹിമയുടെ പേരില്‍ ഒരാളും അഹന്ത നടിക്കരുതെന്ന് സ്വന്തം കുടുംബത്തോട് തന്നെ അല്ലാഹുവിന്റെ റസൂല്‍ ഉപദേശിച്ചു. ഒരു ദിനം, മുഴുവന്‍ കുടുംബാംഗങ്ങളെയും വിളിച്ച് പ്രവാചകന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ കഠിനശിക്ഷ വന്നെത്തും മുമ്പ് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. അതില്‍നിന്ന് രക്ഷ നേടുന്നതിനെപ്പറ്റി ചിന്തിക്കുവിന്‍. അല്ലാഹുവിനെതിരില്‍ നിങ്ങള്‍ക്ക് ഒരു സഹായവും ചെയ്യാന്‍ എനിക്ക് സാധിക്കുകയില്ല. ദൈവഭക്തന്മാര്‍ മാത്രമായിരിക്കും അന്ത്യനാളില്‍ എന്റെ ബന്ധുക്കള്‍. മറ്റു ജനങ്ങള്‍ സല്‍ക്കര്‍മങ്ങളുമായി ആഗതരാവുമ്പോള്‍ നിങ്ങള്‍ ഇഹലോകത്തിലെ ദുഷ്ടുകളുമായി എഴുന്നേറ്റുവരാന്‍ ഇടയാകാതിരിക്കട്ടെ. അന്നേരം നിങ്ങള്‍ ഹാ! മുഹമ്മദ് എന്നു കേണുകൊണ്ടിരിക്കും. പക്ഷേ, നിങ്ങളില്‍നിന്ന് മുഖംതിരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കും. ഇഹലോകത്ത് മാത്രമേ ഞാനും നിങ്ങളും തമ്മില്‍ രക്തബന്ധമുള്ളൂ. ഇവിടെ സകലവിധ കുടുംബബന്ധങ്ങളും ഞാന്‍ നിങ്ങളോട് പാലിച്ചുകൊള്ളാം' (ബുഖാരി, മുസ്‌ലിം).
അല്ലാഹുവിനെ അനുസരിക്കുകയും ജീവിതം അവന് മാത്രം സമര്‍പ്പിക്കുകയും ചെയ്ത ഭക്തരാണ് തന്റെ യഥാര്‍ഥ കുടുംബമെന്ന് നബി(സ) പ്രഖ്യാപിച്ചു.
ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അംറുബ്‌നു ആസ്വ് (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതര്‍ രഹസ്യമായല്ലാതെ ഉറക്കെ തന്നെ ഇപ്രകാരം പറഞ്ഞു: 'എന്റെ പിതാവിന്റെ കുടുംബത്തിലുള്ളവരല്ല എന്റെ ഉറ്റമിത്രങ്ങള്‍. അല്ലാഹുവും നല്ലവരായ വിശ്വാസികളുമാണ് എന്റെ ഉറ്റവര്‍.'
കര്‍മം കൊണ്ട് മാത്രമേ മഹത്വം നേടാനാവൂ എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വര്‍ണം,വര്‍ഗം, ദേശം ഭാഷ, തുടങ്ങിയവയെ മഹത്വത്തിന്റെ മാനദണ്ഡമാക്കുന്നത് അത് ഒരിക്കലും അംഗീകരിക്കുന്നില്ല. ഇവയെല്ലാം ആളുകളെ തിരിച്ചറിയാനുള്ള കേവലം അടയാളങ്ങള്‍ മാത്രമാണ്. സൃഷ്ടിപ്രക്രിയയിലെ വൈവിധ്യങ്ങള്‍ അത്ഭുതകരമായ അല്ലാഹുവിന്റെ കലാവിരുതിലേക്കുള്ള സൂചനകളാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത് (30: 22).
അതേസമയം, നാഗരികതയുടെ പുരോഗതിക്കായി അല്ലാഹു മനുഷ്യരില്‍ നിക്ഷേപിച്ച വ്യത്യസ്ത യോഗ്യതകളെയും കഴിവുകളെയും ഇസ്‌ലാം നിരാകരിക്കുന്നില്ല. അടിസ്ഥാന യോഗ്യതയായ സത്യവിശ്വാസവും സല്‍കര്‍മവും ഉണ്ടെങ്കില്‍ അത്തരം സിദ്ധികളും പ്രാവീണ്യങ്ങളും ഇസ്‌ലാമിലും അവരുടെ മഹത്വത്തിന് കാരണമാവാം.
ഒരാള്‍ ചോദിച്ചു: 'അല്ലാഹുവിന്റെ റസൂലേ, ജനങ്ങളില്‍ ഏറ്റവും മഹത്വമുള്ളവര്‍ ആരാണ്? പ്രവാചകന്‍ പറഞ്ഞു: 'അവരില്‍ ഏറ്റവും അല്ലാഹുവിനെ ഭയപ്പെടുന്നവര്‍.' അവര്‍ പറഞ്ഞു: 'അതിനെക്കുറിച്ചല്ല ചോദിച്ചത്.'
പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിന്റെ ഖലീലിന്റെ മകനായ, അല്ലാഹുവിന്റെ പ്രവാചകന്റെ മകനായ, അല്ലാഹുവിന്റെ പ്രവാചകന്റെ മകനായ, അല്ലാഹുവിന്റെ പ്രവാചകന്‍ യൂസുഫ്.' അവര്‍ പറഞ്ഞു: 'ഇതുമല്ല ഞങ്ങള്‍ ചോദിച്ചത്?' പ്രവാചകന്‍ ചോദിച്ചു: 'അറബികളിലെ പാരമ്പര്യത്തെക്കുറിച്ചാണോ ചോദിച്ചത്? ജാഹിലിയ്യാ കാലത്തെ ശ്രേഷ്ഠര്‍ ഇസ്‌ലാമിലും ശ്രേഷ്ഠര്‍ തന്നെയാണ്. അവര്‍ മതവിജ്ഞാനം നേടിയെങ്കില്‍' (ബുഖാരി, മുസ്‌ലിം).
സമത്വമെന്നാല്‍ കൃത്രിമമായ തുല്യതയല്ല എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. എല്ലാ വ്യക്തികള്‍ക്കും അവരുടെ ധാര്‍മികവും സാമൂഹികവും സാമ്പത്തികവും നിയമപരവും രാഷ്ട്രീയവും നാഗരികവുമായ അവകാശങ്ങള്‍ പൂര്‍ണമായ വിശ്വാസ്യതയോടെ എത്തിച്ചുകൊടുക്കുക എന്നതാണ് സമത്വം. മനുഷ്യരിലെ നൈസര്‍ഗികമായ വൈവിധ്യങ്ങളെ വിസ്മരിച്ച് കൃത്രിമ തുല്യതയുണ്ടാക്കുന്നത് മനുഷ്യപ്രകൃതിയോട് യോജിക്കുകയില്ല. സാമൂഹിക പുരോഗതിയെ തടസ്സപ്പെടുത്തുകയാണത് ചെയ്യുക.
വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: '...നാമാകുന്നു അവര്‍ക്ക് ഐഹിക ജീവിതത്തില്‍ വിഭവങ്ങള്‍ വീതിച്ചുകൊടുത്തത്. നാം ചിലര്‍ക്ക് ചിലരേക്കാള്‍ പല പടികള്‍ മികവേകിയിരിക്കുന്നു. അവര്‍ പരസ്പരം സഹകരിക്കുന്നതിന് വേണ്ടി' (43:32).
Comments