Prabodhanm Weekly

Pages

Search

2022 ജനുവരി 07

3234

1443 ജമാദുല്‍ ആഖിര്‍ 04

ആരാണ് സഈദ് റമദാന്‍ അല്‍ ബൂത്വി?

മുഅ്തസ്സ് അല്‍ ഖത്വീബ്

ദമസ്‌കസില്‍നിന്ന് അലപ്പോയിലേക്കുള്ള വഴിയില്‍ മഅര്‍റതു നുഅ്മാന്‍ പട്ടണത്തിന്റെ മറുവശത്തുള്ള ചുവരില്‍ ഇങ്ങനെ എഴുതിവെച്ചതായി കാണാം: 'ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ സംഘത്തിന്റെ സാമ്രാജ്യത്വ, സയണിസ്റ്റ് നീക്കങ്ങളെ ഞങ്ങള്‍ തകര്‍ക്കും.' ഇതും ഇതുപോലുള്ള ചുവരെഴുത്തുകളും സിറിയന്‍ ഭാഷയില്‍ 'അഹ്ദാസ്' എന്ന് വിളിക്കപ്പെടുന്ന സംഭവങ്ങളുടെ ബാക്കിപത്രമാണ്. സിറിയയിലെ ബാത്തിസ്റ്റ് ഭരണകൂടവും ഇഖ്‌വാനുല്‍ മുസ്‌ലിമൂനും തമ്മിലുണ്ടായ രക്തരൂഷിത സംഘര്‍ഷ പരമ്പരകള്‍ (1979-1982) ആണ് 'അഹ്ദാസ്' (സംഭവങ്ങള്‍) കൊണ്ട് ഉദ്ദേശിക്കുന്നത്. ഭരണ നിര്‍വഹണത്തിന്റെ സകല മേഖലകളിലും ബാത്തിസ്റ്റുകള്‍ (ബഅ്‌സ് പാര്‍ട്ടിക്കാര്‍) പിടിമുറുക്കി എന്നതാണ് ഇതിന്റെ അനന്തര ഫലം. സിറിയക്കാരില്‍ ബഹുഭൂരിപക്ഷവും എല്ലായിടത്ത് നിന്നും പുറന്തള്ളപ്പെടുകയും ചെയ്തു. മതകീയ ചിഹ്നങ്ങളൊക്കെ പൊതുമണ്ഡലങ്ങളില്‍നിന്ന് അപ്രത്യക്ഷമായി. ഏത് മതകീയ അടയാളത്തെയും 'ഇഖ്‌വാനി' മുദ്ര ചാര്‍ത്തി സംശയത്തിന്റെ നിഴലിലാക്കുക എളുപ്പമായിരുന്നു.
ഈ അവസ്ഥ അധികം തുടര്‍ന്നില്ല. തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനത്തില്‍ സോവിയറ്റ് യൂനിയന്‍ നിലംപൊത്തിയതോടെ ബാത്തിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പൗരസ്ത്യ സോഷ്യലിസ്റ്റ് ചേരിയും ദുര്‍ബലമായി. സോഷ്യലിസ്റ്റ് ദര്‍ശനത്തെ ചുറ്റിപ്പറ്റിത്തന്നെ ഒരുപാട് സംശയങ്ങള്‍ ഉയര്‍ന്നുവന്നു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുന്‍കൈയില്‍ 'ഇസ്‌ലാമിസ്റ്റ് ബദല്‍' ചര്‍ച്ചകള്‍ വീണ്ടും സജീവമായി. ഇറാനിയന്‍ വിപ്ലവവും ഫലസ്ത്വീനിലെ ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങളും 'രാഷ്ട്രീയ ഇസ്‌ലാമി'നെ മുന്‍നിരയിലേക്ക് കൊണ്ടുവന്നു. മാര്‍ക്‌സിസ്റ്റുകളെയും മറ്റു മതവിരുദ്ധ ചിന്താഗതിക്കാരെയും ആശയപരമായി നേരിടുന്ന ഒരു സംഘം ഇസ്‌ലാമിക പ്രബോധകര്‍ രംഗപ്രവേശം ചെയ്യുക കൂടി ചെയ്തതോടെ പൊതുജനങ്ങളിലും മതബോധം ശക്തമായി, അതിന്റെ അടയാളങ്ങളും ദൃശ്യമായി.
ബാത്തിസ്റ്റുകള്‍ ഒരു കാര്യം മനസ്സിലാക്കി. ഇസ്‌ലാമിക ഉണര്‍വിന്റെ ഈ തരംഗത്തെ തടഞ്ഞുനിര്‍ത്തുക ഇനി അസാധ്യമാണ്. അതിന് ശ്രമിച്ചാല്‍ തന്നെ ഫലം കാണുകയുമില്ല. അപ്പോഴവര്‍ മറ്റൊരു രാഷ്ട്രീയ തന്ത്രം പുറത്തെടുത്തു. ദീനിനോടുള്ള ശത്രുതയും ഇഖ്‌വാനോടുള്ള ശത്രുതയും രണ്ടും രണ്ടാക്കി  ചിത്രീകരിക്കുക. ഇഖ്‌വാനെ അടിയോടെ പിഴുതുമാറ്റാനാണ് അവര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ഒരാള്‍ക്ക് ഇഖ്‌വാന്‍ ബന്ധമുണ്ടെന്ന് സംശയിച്ചാല്‍ തന്നെ നിയമപരമായി അയാളെ തൂക്കിലേറ്റാന്‍ കഴിയുമായിരുന്നു. മറുവശത്ത് ഇഖ് വാനികളെ പിശാചുവത്കരിക്കാനും തകൃതിയായി നീക്കങ്ങള്‍ നടന്നു. 'സയണിസ്റ്റ് സാമ്രാജ്യത്വ ഏജന്റുമാര്‍' എന്നായിരുന്നു അവരെ താറടിച്ചിരുന്നത്. ഇത്തരം ഇഖ്‌വാന്‍വിരുദ്ധതകളൊക്കെ സ്‌കൂള്‍ കുട്ടികളെക്കൊണ്ടും ഏറ്റുചൊല്ലിച്ചു. അതിന്റെ രാഷ്ട്രീയ പിന്നാമ്പുറങ്ങളൊന്നും കുട്ടികള്‍ക്കറിയില്ലല്ലോ.
ഇസ്‌ലാമിക ഉയിര്‍പ്പിന്റെ ഈ അനുരണനങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനാണല്ലോ മുതല്‍ക്കൂട്ടായിത്തീരുക. ബാത്തിസ്റ്റുകളാകട്ടെ അതിന്റെ കണ്ഠകോടാലികളുമാണ്. അപ്പോള്‍ പിന്നെ മറ്റൊരു ഇസ്‌ലാമിനെക്കൊണ്ട്, സ്വൂഫി ഇസ്‌ലാമിനെക്കൊണ്ട് ഇതിനെ നേരിടുകയേ നിവൃത്തിയുള്ളൂ. മതാഭിനിവേശം പുലര്‍ത്തുന്ന സാധാരണക്കാരെ ഒപ്പം നിര്‍ത്താന്‍ അതേ വഴിയുള്ളൂ. ആ ഇസ്‌ലാമിനെയാകട്ടെ ചില ആചാരാനുഷ്ഠാനങ്ങളില്‍ തളച്ചിടാം; പൊതുമണ്ഡലത്തിലേക്ക് അത് കയറിവരാതെ നോക്കുകയും ചെയ്യാം. രാഷ്ട്രീയ ലക്ഷ്യങ്ങളും ആ ഇസ്‌ലാമിന് ഉണ്ടാവില്ലല്ലോ. ഇതിനു വേണ്ടി മതമണ്ഡലത്തില്‍ നിലകൊള്ളുന്ന, എന്നാല്‍ ഇഖ്‌വാനോട് കടുത്ത ശത്രുത പുലര്‍ത്തുന്ന ചിലരെ ഉയര്‍ത്തിക്കാട്ടുക എന്നതായിരുന്നു ബാത്തിസ്റ്റുകളുടെ തന്ത്രം. അങ്ങനെയാണ് ശൈഖ് അഹ്മദ് കുഫ്താറൂ, ഡോ. മുഹമ്മദ് സഈദ് റമദാന്‍ അല്‍ ബൂത്വി തുടങ്ങിയ, സിറിയയില്‍ പരക്കെ അറിയപ്പെടുന്ന പണ്ഡിതന്മാരെ ബാത്തിസ്റ്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ തുടങ്ങിയത്. ഇവരില്‍ ആദ്യത്തെയാള്‍ സിറിയയിലെ വലിയ കൂട്ടായ്മയായ നഖ്ശബന്ദി ത്വരീഖത്തിന്റെ ശൈഖാണ്. വലിയ നെറ്റ്‌വര്‍ക്കുണ്ട് ഈ സംഘത്തിന്. രണ്ടാമത്തെയാള്‍ (ബൂത്വി) തൊണ്ണൂറുകളുടെ ആദ്യം മുതല്‍ ഗവണ്‍മെന്റ് ടെലിവിഷന്‍ ചാനലിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 'ഖുര്‍ആനിക പഠനങ്ങള്‍' (ദിറാസാതുന്‍ ഖുര്‍ആനിയ്യ) എന്ന പേരില്‍ ഒരു വാരാന്ത്യ പരിപാടി അദ്ദേഹം നടത്തിവരാറുണ്ടായിരുന്നു. ആഴ്ചയില്‍ രണ്ട് വീതം ക്ലാസ്സുകള്‍ മസ്ജിദ് 'തനക്കുസി'ലും പിന്നെ മസ്ജിദ് 'ഈമാനി'ലും അദ്ദേഹം എടുക്കാറുമുണ്ടായിരുന്നു. കേള്‍വിക്കാരായി ആയിരങ്ങളുണ്ടാവും.
ശൈഖ് കുഫ്താറൂ തന്റെ ശിഷ്യന്മാരെയും മുരീദന്മാരെയും രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുതെന്ന് പരസ്യമായി വിലക്കിയിരുന്നു. ബശ്ശാറിന്റെ പിതാവ് ഹാഫിസുല്‍ അസദിനോടുള്ള തന്റെ ആദരവും കൂറും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തന്റെ അനുയായികളോടുള്ള വസ്വിയ്യത്തില്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തിട്ടുണ്ട്: 'ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തെയും നമ്മുടെ ദേശീയ ഭരണകൂടത്തെയും പൂര്‍ണമായി അനുസരിക്കണം.'
സഈദ് റമദാന്‍ അല്‍ ബൂത്വിയാകട്ടെ, ഇസ്‌ലാമിസ്റ്റുകളോടുള്ള തന്റെ ശത്രുത മുമ്പ് മുതല്‍ക്കേ പ്രകടിപ്പിച്ച് പോന്നിട്ടുണ്ട്. 1993-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ 'അല്‍ ജിഹാദ്' എന്ന പുസ്തകത്തില്‍, 'ദഅ്‌വ' (പ്രബോധനം) എന്ന പരികല്‍പനയെക്കുറിച്ച് പറയുമ്പോള്‍, അതും, 'ഇസ്‌ലാമിസ്റ്റുകളെന്നോ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെന്നോ വിളിക്കപ്പെടുന്നവരുടെ' പ്രവൃത്തികളും രണ്ടും രണ്ടാണെന്ന് പറയുന്നുണ്ട്. ഇസ്‌ലാമിസ്റ്റുകളുടേത് ഭരണം പിടിക്കാന്‍ മാത്രമുള്ള പ്രവൃത്തികളായാണ് ബൂത്വി കാണുന്നത്. ഈ പുസ്തകത്തിന്റെ പേര് ജിഹാദ് എന്നാണെങ്കിലും, അതേ സംബന്ധിച്ച് ഇസ്‌ലാമിസ്റ്റുകള്‍ ഉയര്‍ത്തുന്ന 'സംശയങ്ങള്‍' മാത്രമാണ് അതിലെ പ്രതിപാദ്യം. ജിഹാദിന് ബൂത്വി നല്‍കുന്ന വ്യാഖ്യാനം മാത്രമല്ല, ഭരണാധികാരികളോടുള്ള അദ്ദേഹത്തിന്റെ നിലപാടും അതില്‍നിന്ന് വായിച്ചെടുക്കാം. 'എന്തൊക്കെ അതിക്രമങ്ങളും അനീതികളും മുസ്‌ലിംകളുടെ നേതാവ്/ഇമാം കാണിച്ചാലും ഇസ്‌ലാമിക ശരീഅത്ത് പ്രകാരം ഒരിക്കലും അദ്ദേഹത്തിനെതിരെ ഇറങ്ങിപ്പുറപ്പെട്ടു കൂടാ' എന്നതാണ് ആ നിലപാട്. ഒട്ടും മറയില്ലാതെ ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ ഭരണാധികാരികളുടെ പക്ഷത്താണ് അദ്ദേഹം നിലയുറപ്പിക്കുന്നത്. ഭരിക്കുന്നവര്‍ക്കും ഭരണീയര്‍ക്കുമിടയില്‍ ഭിന്നതയും വിഭാഗീയതയുമുണ്ടാക്കുന്ന സാമ്രാജ്യത്വ തന്ത്രങ്ങളായി മാത്രമേ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ അദ്ദേഹം കാണുന്നുള്ളൂ. ഇത്രവരെ പറയുന്നു: 'ഇത്തരം ഇസ്‌ലാമിസ്റ്റുകളുടെ പ്രവൃത്തികള്‍ (പ്രത്യേകിച്ച് അള്‍ജീരിയയിലെ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രന്റിന്റെ) പ്രത്യക്ഷത്തില്‍ ഭരണാധികാരിക്കെതിരിലാണെങ്കിലും യഥാര്‍ഥത്തിലത് ഇസ്‌ലാമിന്റെ സര്‍വാംഗീകൃത തത്ത്വങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമെതിരായ കടന്നാക്രമണം തന്നെയാണ്.'
ബൂത്വി തന്റെ 'അല്‍ജിഹാദ്' എന്ന കൃതിയില്‍ മുന്‍ സിറിയന്‍ ഭരണാധികാരി ഹാഫിസുല്‍ അസദുമായുള്ള ബന്ധങ്ങള്‍ അനുസ്മരിക്കുന്നുണ്ട്. ഇഖ് വാന്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചൊതുക്കപ്പെട്ട 'ഹമാ സംഭവങ്ങളി'ല്‍ ഭരണപക്ഷ വ്യാഖ്യാനം പകര്‍ത്തുക മാത്രമാണ് ബൂത്വി. അദ്ദേഹം എഴുതുന്നു: 'സിറിയന്‍ ഭരണകൂടത്തിനെതിരെ പ്രതികാരദാഹത്തോടെ നടത്തിയ കടന്നാക്രമണമായിരുന്നു അവരുടേത്. എന്നല്ല അത് ഭരണ സ്ഥിരത തകര്‍ക്കാനുള്ള നീക്കവുമായിരുന്നു.' അള്‍ജീരിയയില്‍ നടന്ന സ്വതന്ത്ര തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ 'യുദ്ധ പ്രഖ്യാപന'മായി കണ്ട ബൂത്വി, അത് അടിച്ചമര്‍ത്തേണ്ടത് ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ബാധ്യതയാണെന്നു കൂടി പറയുന്നുണ്ട്. അതായത് പ്രക്ഷോഭകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കലും അവരെ ഉന്മൂലനം ചെയ്യലും അനുവദനീയമാണെന്നര്‍ഥം. 'ഹിറാബത്' (നിയമവിരുദ്ധ യുദ്ധം) എന്ന ഫിഖ്ഹി സംജ്ഞക്കകത്ത് ഈ പ്രക്ഷോഭങ്ങളെ അദ്ദേഹം കൊണ്ടുവെക്കുന്നത് അതിനാലാണ്.
ബൂത്വിയുടെ ഈ പഴയ നിലപാടുകള്‍ മുന്‍നിര്‍ത്തി വേണം അറബ് വസന്തത്തിന്റെ ഭാഗമായ സിറിയന്‍ പ്രക്ഷോഭത്തോടുള്ള അദ്ദേഹത്തിന്റെ നിലപാടിനെ വിലയിരുത്താന്‍. ഈ സ്വാതന്ത്ര്യ പ്രക്ഷോഭത്തോട് കഠിന ശത്രുത തന്നെയാണ് ബൂത്വി പ്രകടിപ്പിച്ചത്. 'പ്രതിഷേധ പ്രകടനങ്ങള്‍ ഏറ്റവും മാരകമായ നിഷിദ്ധങ്ങളാണ്' എന്നത്രെ ബൂത്വിയുടെ അഭിപ്രായം. പ്രക്ഷോഭകരെ 'ദുഷ്ടര്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അറബ് വസന്ത പ്രക്ഷോഭങ്ങളെ പിന്തുണച്ച ഡോ. യൂസുഫുല്‍ ഖറദാവി സങ്കുചിത പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് (ഇഖ്‌വാനിലേക്ക് സൂചന) വേണ്ടി 'ഇസ്‌ലാമിന്റെ യാഥാര്‍ഥ്യങ്ങളെ' (ഹഖാഇഖുല്‍ ഇസ്‌ലാം) നിരാകരിക്കുന്നു എന്നായിരുന്നു ബൂത്വിയുടെ ആരോപണം.
ബൂത്വിയുടെ ചിന്തകളെയും നിലപാടുകളെയും രൂപപ്പെടുത്തുന്നത് പല ഘടകങ്ങളാണ്.് അതിലൊന്ന് മുന്‍ സിറിയന്‍ പ്രസിഡന്റ് ഹാഫിസുല്‍ അസദുമായുള്ള വ്യക്തിബന്ധമാണ്. 'നമ്മുടെ മരണപ്പെട്ട പ്രസിഡന്റിന്റെ ഉള്ള് അദ്ദേഹത്തിന്റെ ബാഹ്യത്തേക്കാള്‍ മനോഹരം' എന്ന് ബൂത്വി. അല്ലാഹുവുമായി അത്രയടുപ്പമുള്ളവര്‍ക്ക് മാത്രമേ അത് സാധിക്കുകയുള്ളൂവെന്ന് പ്രശംസിക്കുന്ന ബൂത്വി, സവിശേഷമായ സ്വൂഫി-റബ്ബാനി വ്യക്തിത്വമായും ഹാഫിസുല്‍ അസദിനെ മഹത്വവത്കരിക്കുന്നു! ഈ ഭരണകൂടബന്ധം ബൂത്വിയെ സംബന്ധിച്ചേടത്തോളം വളരെ സ്വാഭാവികവും തുടര്‍ച്ചയുള്ളതുമാണ്. ഒപ്പം 'ഗൂഢാലോചനാ' സിദ്ധാന്തവും കടന്നുവരുന്നുണ്ട്. പാശ്ചാത്യര്‍ സദാ ഇസ്‌ലാമിനെ നോട്ടമിട്ടിരിക്കുകയാണെന്നും ഇസ്‌ലാമിക സംസ്‌കൃതിയെ അട്ടിമറിക്കാന്‍ നോക്കുകയാണെന്നും വാദിക്കുന്നു. പ്രക്ഷോഭങ്ങള്‍ ആ വൈദേശിക ഗൂഢാലോചനയില്‍നിന്ന് വരുന്നതാകയാല്‍, ഭരണാധികാരിക്കെതിരെ ഒരു നീക്കവും പാടില്ല. ഈയൊരു ചിന്താഗതിയാണ് ലക്ഷണമൊത്ത 'സര്‍ക്കാര്‍ ഫഖീഹ്' ആക്കി അദ്ദേഹത്തെ മാറ്റുന്നത്. ലബനാനിലെ ഹരീരി വധം പോലും ഇസ്‌ലാമിന്റെ കഥകഴിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബൂത്വി കണ്ടത്. സിറിയന്‍ വിപ്ലവം ബശ്ശാറുല്‍ അസദിനെ വീഴ്ത്താന്‍ വേണ്ടിയായതിനാല്‍, അത് ഇസ്‌ലാമിനെ തന്നെ വീഴ്ത്തുന്നതിന് തുല്യമാണെന്നാണ് ബൂത്വിയുടെ കണ്ടെത്തല്‍.
ഇതിന് ന്യായീകരണങ്ങള്‍ ചമയ്ക്കാന്‍ അദ്ദേഹം എടുത്ത് പ്രയോഗിക്കുന്നത് രാഷ്ട്രീയ പദാവലികളല്ല, ഇസ്‌ലാമിക ഫിഖ്ഹീ സംജ്ഞകളാണ്. പലവിധ സമ്മര്‍ദങ്ങള്‍ ഭരണതലത്തില്‍നിന്ന് ഉണ്ടാവുമ്പോള്‍, പറഞ്ഞതൊക്കെ മാറ്റിപ്പറഞ്ഞ് പലതരം വൈരുധ്യങ്ങളില്‍ അദ്ദേഹം സ്വയം ചെന്നു ചാടുകയും ചെയ്യും. 'വിശ്വാസിനികളായ സമസ്ത യുവതികളോടും' (ഇലാ കുല്ലി ഫതാതിന്‍ തുഅ്മിനു ബില്ലാ- 1973) എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലെ അവസാന ഉപദേശം ഇങ്ങനെയാണ്: 'ഫിത്‌ന ഭയപ്പെടുന്നുണ്ടെങ്കില്‍ ഓരോ സ്ത്രീയും മുഖം മറച്ചിരിക്കണമെന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായൈക്യമുള്ള കാര്യമാണ്. ഇന്നത്തെ കാലത്ത് നാം ഫിത്‌നകളില്‍നിന്ന് സുരക്ഷിതരാണെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക!' എന്നാല്‍ സിറിയന്‍ ഭരണകൂടം ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിഖാബിന് നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ ബൂത്വിയുടെ സ്വരം മാറി. 'അല്‍ ഹയാത്ത്' പത്രത്തില്‍ (19-6-2010) എഴുതിയ ലേഖനത്തില്‍ 'മുന്‍ഗണനകളുടെ പടി'കളെക്കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹം എഴുതി: 'നിഖാബ് കാര്‍ക്കശ്യത്തേക്കാള്‍ അവളെ സ്വാധീനിക്കേണ്ടത് തൊഴിലിന്റെ മെച്ചങ്ങളാണല്ലോ.'
'മാ മലകത്ത് അയ്മാനുകും' എന്ന പേരില്‍ ഒരു ടെലിവിഷന്‍ പരമ്പര സംപ്രേഷണം തുടങ്ങിയപ്പോള്‍ അത് 'ഇസ്‌ലാമിനെതിരെയുള്ള കുതന്ത്രം' എന്നായിരുന്നു ബൂത്വിയുടെ ആദ്യ പ്രതികരണം. പല കോണുകളില്‍നിന്ന് സമ്മര്‍ദമുണ്ടായപ്പോള്‍, ആ പരമ്പര 'ഇസ്‌ലാമിന്റെ നന്മ'ക്ക് വേണ്ടിയാണെന്ന് മാറ്റിപ്പറഞ്ഞു. പള്ളിയില്‍ ഖുത്വ്ബ പറഞ്ഞപ്പോഴാകട്ടെ (5-4-2011), സിറിയ സാക്ഷ്യം വഹിക്കുന്ന പ്രക്ഷോഭങ്ങള്‍ ഈ ടെലിവിഷന്‍ പരമ്പര കാരണമായി അല്ലാഹു നല്‍കിയ ശിക്ഷയാണ് എന്നായി. ഇങ്ങനെ നിലപാടുകളിലെ വൈരുധ്യം ധാരാളമുണ്ട്. ഈ മലക്കംമറിച്ചിലുകളെ ന്യായീകരിക്കാന്‍ അദ്ദേഹം എടുത്ത് പയറ്റുന്നത് ഡോ. ഖറദാവി രൂപകല്‍പന ചെയ്ത 'മുന്‍ഗണനകളുടെ ഫിഖ്ഹി'(ഫിഖ്ഹുല്‍ ഔലവിയ്യാത്ത്)ലെ സംജ്ഞകളെയാണ്. ഫിഖ്ഹുല്‍ ഔലവിയ്യാത്തിന്റെ മാത്രമല്ല, അതിന്റെ സ്രോതസ്സായ ഫിഖ്ഹുല്‍ മഖാസിദിന്റെ തന്നെ കടുത്ത വിമര്‍ശകനാണ് ബൂത്വി എന്നതാണ് ഇതിലെ മറ്റൊരു വൈരുധ്യം.
ഭരണകൂട ദാസ്യമാണ് അദ്ദേഹത്തിന്റെ നിലപാടുകളില്‍ കാണാനാവുക. 'പ്രസിഡന്റാണ് ദൈവം എന്ന് പറയാന്‍ ഒരാള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഇത് തൗഹീദിന് വിരുദ്ധമാവില്ലേ' എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ബൂത്വിയുടെ മറുപടി ഒഴിഞ്ഞുമാറ്റത്തിന്റെ മികച്ച ഉദാഹരണമായിരുന്നു. മറുപടി ഇങ്ങനെ: 'നിങ്ങള്‍ എന്തിനാണ് എന്നോട് കാരണത്തെക്കുറിച്ച് ചോദിക്കാതെ ഫലത്തെക്കുറിച്ച് ചോദിക്കുന്നത്? ജനം പ്രക്ഷോഭത്തിന് ഇറങ്ങിയത് കൊണ്ടാണ് അത് സംഭവിച്ചത്. അതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്.' ഭരണകൂടം ചെയ്യുന്ന അതിക്രമങ്ങളെ വെള്ളപൂശുകയും സകല കുറ്റവും പ്രക്ഷോഭകാരികള്‍ക്ക് മീതെ ചാര്‍ത്തുകയുമാണിവിടെ.
ബൂത്വി പലപ്പോഴും 'അതൊക്കെ തെളിയിക്കാന്‍ എന്റെ പക്കല്‍ രേഖകള്‍ ഉണ്ട്' എന്ന് പറയും. ഈ 'രേഖകള്‍' എന്താണെന്ന് നമുക്ക് മനസ്സിലായിട്ടില്ല. 1996-ല്‍ ഖത്തറില്‍നിന്ന് അല്‍ജസീറ ചാനല്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയപ്പോള്‍ 'തനക്കൂസ്' പള്ളിയില്‍ വെച്ച് ബൂത്വി പരസ്യമായി പ്രഖ്യാപിച്ചു, അത് 'സയണിസ്റ്റ് ചാനല്‍' ആണെന്നതിന് തന്റെ പക്കല്‍ രേഖകള്‍ ഉണ്ടെന്ന്!
ചിന്താ വികാസമില്ല എന്നതാണ് ബൂത്വിയുടെ നിലപാടുകളെ നിര്‍ണയിക്കുന്ന മൂന്നാമത്തെ ഘടകം. താന്‍ പറയുന്നതിനപ്പുറം ഒരു ഇസ്‌ലാമോ ഇസ്‌ലാമിക വിജ്ഞാനീയമോ ഇല്ല എന്ന സങ്കുചിതത്വം. തന്റെ മറുപടികളൊക്കെ ഖണ്ഡിതമാണെന്ന ധാരണ.
ഏതായാലും ദേശരാഷ്ട്രത്തിനകത്തെ 'രാജാവിന്റെ ഫഖീഹി'ന് ലക്ഷണമൊത്ത മാതൃകയാണ് ബൂത്വി. താന്‍ ചെന്നു ചാടുന്ന ആന്തരിക വൈരുധ്യങ്ങളെക്കുറിച്ചോ ലംഘിക്കുന്ന ദൈവിക വിധികളെക്കുറിച്ചോ ഒട്ടും കാര്യമാക്കാത്ത ഒരാള്‍. എന്നാല്‍ താന്‍ ഉച്ചരിക്കുന്നതെന്തോ അത് തന്നെയാണ് ദൈവേഛ എന്ന ശാഠ്യവും. തെല്ലു പോലും രാഷ്ട്രീയ അവബോധമില്ലാതെ സ്വേഛാധിപതിയെ സേവിക്കാനിറങ്ങുന്ന താന്‍ കാരണം ജനമധ്യത്തില്‍ 'ഫഖീഹ്' പരിഹാസ പാത്രമാവുകയാണെന്ന ധാരണയും ഇല്ല. സ്വേഛാധിപതിയുടെ അനുശാസനകള്‍ക്കൊത്ത ഈ ഫിഖ്ഹ് മതമണ്ഡലത്തിലും സ്വേഛാധിപത്യ പ്രവണതകള്‍ക്കാണ് വഴിയൊരുക്കുക. 
(ഖത്തറിലെ ഹമദ് ബ്‌നു ഖലീഫ യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക പഠന വിഭാഗത്തില്‍ അധ്യാപകനാണ് സിറിയക്കാരനായ ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

മനുഷ്യസമത്വം ഉദ്‌ഘോഷിച്ച ദൈവദൂതന്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്