Prabodhanm Weekly

Pages

Search

2022 ജനുവരി 07

3234

1443 ജമാദുല്‍ ആഖിര്‍ 04

തൈമൂര്‍ രാജകുമാരന്റെ മാനസാന്തരം

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

ക്രി. പതിമൂന്നാം ശതകത്തില്‍ മംഗോളിയന്‍ ഗോത്രക്കാരായ താര്‍ത്താരികള്‍ മുസ്‌ലിംകള്‍ക്കെതിരെ ശക്തമായ കടന്നാക്രമണം നടത്തിയ സന്ദര്‍ഭം. സുഖലോലുപതയിലും ദൈവവിസ്മൃതിയിലും അഭിരമിച്ചിരുന്ന മുസ്‌ലിം സമൂഹത്തിന് ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല. ക്രൂരരും നിര്‍ദയരുമായ താര്‍ത്താരികളുടെ നരനായാട്ടു കണ്ട മുസ്‌ലിംകള്‍ ഏറെ ചകിതരായി. എത്രത്തോളമെന്നാല്‍ നിരായുധനായ ഒരു താര്‍ത്താരി ഒരു മുസ്‌ലിം യുവാവിനെ ബന്ദിയാക്കിയ ശേഷം പറഞ്ഞു: 'ഇവിടെത്തന്നെ നില്‍ക്കണം. ഞാന്‍ വാളെടുത്തു വരാം.' ഭീരുവായ യുവാവ് ഓടിപ്പോകാന്‍ തുനിയാതെ അതേ നില്‍പ്പു നിന്നത്രെ; താര്‍ത്താരി തിരിച്ചെത്തുവോളം.
ഇതേ കാലത്തുതന്നെ നടന്ന അത്ഭുതകരവും അതിവിചിത്രവുമായ ഒരു സംഭവം ചരിത്ര ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. താര്‍ത്താരി വംശജനായ തുഗ്ലക്ക് തൈമൂര്‍ഖാന്‍ തന്റെ പരിവാരത്തോടൊപ്പം വിദൂര പ്രദേശത്ത് വേട്ടക്കായി എത്തിയതായിരുന്നു. ബുഖാറയിലെ ദൈവഭക്തനായ ഒരു മഹാന്‍ അതിനടുത്തായി യാത്ര ചെയ്യുന്നുണ്ടായിരുന്നു. പ്രജകളെല്ലാം തന്നോടൊപ്പം വേട്ട വിനോദത്തില്‍ ഭാഗഭാക്കാവണമെന്ന് രാജകുമാരന്‍ ഉത്തരവിറക്കി. എല്ലാവരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു.
രാജകീയ പ്രൗഢിയോടെ യാത്രാ സംഘം കുറച്ചു മുന്നോട്ട് പോയപ്പോള്‍ രണ്ടു വൃദ്ധന്മാര്‍ യാതൊരു ഭാവഭേദവുവില്ലാതെ ഒരിടത്തിരിക്കുന്നു. അഹംഭാവിയായ രാജകുമാരന്‍ കോപാകുലനായി ആക്രോശിച്ചു: രാജകല്‍പന ധിക്കരിക്കാന്‍ ധാര്‍ഷ്ട്യം കാണിച്ച ഇവരെ രാജസന്നിധിയില്‍ ഹാജരാക്കുക.
ഉടനെ രാജകിങ്കരന്മാര്‍ ആ വൃദ്ധരെ അവരെ അവഹേളിക്കുന്ന രൂപത്തില്‍ ഹാജരാക്കി. ശൈഖ് ജമാലുദ്ദീനും സഹപാഠിയും അവിചാരിതമായ ഈ സംഭവത്തില്‍ അത്ഭുതസ്തബ്ധരായി. എന്താണ് കാര്യമെന്ന് മനസ്സിലായില്ല. എങ്കിലും വീണ്ടുവിചാരമുണ്ടായി അവര്‍ സംയമനം പാലിച്ചു. അധികാര ലഹരി ബാധിച്ച രാജകുമാരന്‍ തൊണ്ട പൊട്ടുമാര്‍ ഉച്ചത്തില്‍ അലറി: 'എല്ലാ പ്രജകളും വേട്ടക്കു വന്ന രാജപരിവാരത്തോടൊപ്പം ഉണ്ടാവണമെന്ന ആജ്ഞ ലംഘിക്കാന്‍ കാണിച്ച ധാര്‍ഷ്ട്യത്തിന്റെ തിക്തഫലം നിങ്ങള്‍  അനുഭവിക്കും.' രാജകുമാരന്റെ നെറ്റിത്തടം ചുവന്നു. കണ്ണുകള്‍ തീജ്ജ്വാല പോലെ വെട്ടിത്തിളങ്ങി.
'വഴിയാത്രക്കാരാണ് ഞങ്ങള്‍. അങ്ങയുടെ ഉത്തരവിനെക്കുറിച്ച് മുന്‍ വിവരമില്ല ഞങ്ങള്‍ക്ക്.' വളരെ അവധാനതയോടെ, ആദരവോടെ ശൈഖ് ജമാലുദ്ദീന്‍ മറുപടി പറഞ്ഞു.
ശൈഖിന്റെ ന്യായവാദം രാജകുമാരന് ബോധിച്ചു; സന്തോഷിച്ചു. രാജാകുമാരന്‍ അഹന്തയോടെ തന്റെ വേട്ടനായ്ക്കള്‍ക്ക് പന്നിമാംസക്കഷ്ണങ്ങള്‍  എറിഞ്ഞു നല്‍കവെ പുഛഭാവത്തില്‍ ശൈഖിനെ  നോക്കിക്കൊണ്ട് ചോദിച്ചു: 'ഹേ ഇറാനിയായ കിഴവാ? നീയാണോ എന്റെ നായയാണോ കൂടുതല്‍ ശ്രേഷ്ടം?'
നിമിഷങ്ങളുടെ വിരാമത്തിനു ശേഷം മൃദു സ്വരത്തില്‍ ശൈഖ് പറഞ്ഞു: 'എന്റെ നാഥന്റെ ദീനീ നിയമനിര്‍ദേശങ്ങള്‍ അനുധാവനം ചെയ്യുന്നുവെങ്കില്‍ ഞാനാണുത്തമന്‍; അല്ലെങ്കില്‍ നിങ്ങളുടെ നായയും.'
ശൈഖിന്റെ സ്‌നേഹമസൃണവും തറപ്പിച്ചതുമായ വാക്കുകള്‍ രാജകുമാരന്റെ മനസ്സലിയിച്ചു. അല്‍പനേരത്തെ ആലോചനക്കു ശേഷം തന്റെ മേലുദ്യോഗസ്ഥനെ വിളിച്ചു നിര്‍ദേശം നല്‍കി. നായാട്ടു കഴിഞ്ഞു തിരികെയെത്തിയാല്‍ ഈ വൃദ്ധനെ എന്റെ സന്നിധിയില്‍ ഹാജരാക്കണം.
വേട്ട കഴിഞ്ഞ് രാജകുമാരന്‍ വേഗത്തില്‍ തിരിച്ചെത്തി. ശൈഖിനെ രാജകൂടാരത്തില്‍ എത്തിച്ചിരുന്നു. രാജകുമാരന്‍ സാദരം തന്നോട് ചേര്‍ത്തിരുത്തിയ ശേഷം ചോദിച്ചു: 'മനുഷ്യനെ നായയേക്കാള്‍ ഉല്‍കൃഷ്ടനാക്കുമെന്ന് താങ്കള്‍ പറഞ്ഞ മതമേതാണ്? അല്‍പം വിശദമായിത്തന്നെ അറിയിച്ചു തന്നാലും.'
രാജകുമാരന്റെ താല്‍പര്യവും ശ്രദ്ധയും നിരീക്ഷിച്ച ശൈഖ് മനസ്സാ അല്ലാഹുവിനു നന്ദി പ്രകാശിപ്പിച്ചു. മനസ്സിനെ സ്പര്‍ശിക്കും വിധം വൈകാരികമായി, സത്യവും അസത്യവും സുവ്യക്തമാവും വിധത്തില്‍ വിവരിച്ചു. സാകൂതം എല്ലാം ശ്രവിച്ച രാജകുമാരന്‍ അനിയന്ത്രിതമായി കരയാന്‍ തുടങ്ങി. ശേഷം പറഞ്ഞു: 'ശൈഖ് സാഹിബ്,  യഥാര്‍ഥ മതം ഇതാണെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു. ഈ ഘട്ടത്തില്‍ ഞാനെന്റെ വിശ്വാസം പരസ്യപ്പെടുത്തുന്നത് പൊതുതാല്‍പര്യത്തിനെതിരാണ്. രാജ്യനിവസികള്‍ അവരുടെ ഇഷ്ടമനുസരിച്ച് എന്നെ ഭരണാധികാരിയായി തെരഞ്ഞെടുക്കുമ്പോള്‍ എന്റെ ഇസ്‌ലാമാശ്ലേഷണം പരസ്യപ്പെടുത്തുന്നതായിരിക്കും ഇസ്‌ലാമിനു കൂടുതല്‍ ഫലം ചെയ്യുക.'
ശൈഖ് നിശ്ശബ്ദനായി. രാജകുമാരന്‍ അദ്ദേഹത്തോടു കരാറ് ചെയ്ത് തിരിച്ചു പോയി.
ശൈഖ്  ഏതാനും ദിനങ്ങള്‍ക്കകം രോഗബാധിതനായി. ഗുരുതരാവസ്ഥയിലെത്തുന്നതായി തോന്നിയപ്പോള്‍ തന്റെ പുത്രന്‍ അര്‍ശദുദ്ദീനെ വിളിച്ച് തൈമൂര്‍ഖാന്റെ കഥ കേള്‍പ്പിച്ചു. മകനോടു അന്തിമാപേക്ഷയായി ഇങ്ങനെ പറഞ്ഞു: എനിക്ക് വിട പറയേണ്ട സന്ദര്‍ഭമായിരിക്കുന്നു. ഇനിയൊരു ശമനമുണ്ടാവുമെന്ന ആശയില്ല. താര്‍ത്താരി രാജകുമാരന്‍ രാജാവായി വാഴിക്കപ്പെട്ട വിവരമറിഞ്ഞാല്‍ അദ്ദേഹത്തെ നേരില്‍ കാണുക; എനിക്ക് നല്‍കിയ വാഗ്ദത്തം ഓര്‍മിപ്പിക്കുക.... ഏതാനും നാളുകള്‍ക്കകം ശൈഖ് ഇഹലോകത്തോട് വിട പറഞ്ഞു.
ക്രി. 1347-ല്‍ തുഗ്ലക്ക് തൈമൂര്‍ഖാന്‍ വലിയ ആരവങ്ങളോടെ രാജകീയമായി സിംഹാസനസ്ഥനായി. അദ്ദേഹം താര്‍ത്താരി ഭരണത്തിന്റെ സര്‍വാധിപനായ ഉടനെത്തന്നെ തന്റെ പിതാവിന്റെ അന്ത്യോപദേശം ഉണര്‍ത്തിക്കാനായി പുത്രന്‍ അര്‍ശദുദ്ദീന്‍ കാശ്ഗറിലെത്തി. പക്ഷേ രാജധാനിയിലെങ്ങനെ എത്തിച്ചേരും? അതിനുള്ള സൂത്രം  ആലോചിച്ചു. പ്രഭാതത്തില്‍ രാജകൊട്ടാരത്തിനു സമീപമെത്തി താഴ്‌വര മുഴുവന്‍ പ്രതിധ്വനിക്കുമാര്‍ ഉച്ചത്തില്‍ ബാങ്കു കൊടുത്തു നോക്കി. പല പ്രാവശ്യം ആവര്‍ത്തിച്ചിട്ടും കൊട്ടാര വാസികളില്‍ നിന്നു ഒരു പ്രതികരണവും ഉണ്ടായില്ല. പക്ഷേ  രാജാവിന്റെ ഉറക്കം തടസ്സപ്പെട്ടപ്പോള്‍ ദേഷ്യത്തോടെ അദ്ദേഹം ചോദിച്ചു: 'എന്നും നമ്മുടെ ഉറക്കത്തിന് ശല്യം ചെയ്യുന്ന ഈ കുരുത്തം കെട്ടവനാരാണ്? അവനെ നമ്മുടെ മുന്നില്‍ ഹാജരാക്കൂ.'
കൊട്ടാര പാലകര്‍ രാജശാസന അതിവേഗം നടപ്പാക്കി. ശൈഖ് അര്‍ശദുദ്ദീനെ രാജസന്നിധിയില്‍ എത്തിച്ചു.  പിതാവിനു നല്‍കിയ വാഗ്ദാനം ഓര്‍മിപ്പിക്കാന്‍ രാജാവുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചതില്‍ ഏറെ ആഹ്ലാദചിത്തനായിരുന്നു ശൈഖ് അര്‍ശദ്.
'നീയാരാണ്? എന്നും അര്‍ധരാത്രിക്ക് ശേഷം ഒച്ചവെക്കുന്നതെന്തിനാണ്?' ശൈഖിനെ തുറിച്ചു നോക്കി രാജാവ് ചോദിച്ചു.
'ഞാന്‍ ശൈഖ് ജമാലുദ്ദീനിന്റെ പുത്രനാണ്. അദ്ദേഹം മരിച്ചിട്ട് ഏതാനും മാസങ്ങളായി. താങ്കള്‍  രാജപദവിയില്‍ നിയുക്തനായാല്‍ താങ്കള്‍ ഇസ്‌ലാമാശ്ലേഷണം പുറത്തറിയിക്കുമെന്ന് വാക്ക് കൊടുത്തിരുന്നുവല്ലോ. അദ്ദേഹത്തിന്റെ അന്ത്യോപദേശമനുസരിച്ച് ആ വാഗ്ദാനം ഓര്‍മിപ്പിക്കാനെത്തിയതാണ്.'
ശ്രദ്ധാപൂര്‍വം ശൈഖിന്റ വാക്കുകള്‍ കേട്ട രാജാവ് താന്‍ രാജകുമാരനായിരിക്കുമ്പോള്‍ നല്‍കിയ  വാഗ്ദാനം ഓര്‍മിച്ചു. ശൈഖിന്റെ ആഗമനത്തില്‍ സന്തോഷം രേഖപ്പെടുത്തി. മെത്തയില്‍ നിന്നെഴുന്നേറ്റ രാജാവ്  സിംഹാസനത്തിലുപവിഷ്ടനായി. ശൈഖിനെയും സാദരം സമീപത്തിരുത്തി പറഞ്ഞു തുടങ്ങി. 'രാജപട്ടം കിട്ടിയ അന്നു മുതല്‍ ശൈഖ് ജമാലുദ്ദീനിന്റെ വരവ് കാത്തിരിക്കുകയാണ്. ശൈഖ് മരിച്ചുവെന്ന് പറഞ്ഞല്ലോ. ഞാന്‍ എന്ത് ചെയ്യണമെന്ന് നിര്‍ദേശിച്ചാലും.'
ശൈഖ് അര്‍ശദിന്റെ മുഖം സന്തോഷാതിരേകത്താല്‍ പ്രശോഭിതമായി. 'താങ്കള്‍ കുളിച്ചു വൃത്തിയായി വരിക.' അങ്ങനെ കുളിച്ച ശേഷം ബഹുമാനപുരസ്സരം ശൈഖിന്റെ മുന്നില്‍ ഇരുന്നു. ശൈഖ് ചൊല്ലിക്കൊടുത്ത സത്യസാക്ഷ്യ വചനങ്ങള്‍ രാജാവ് ഏറ്റുപറഞ്ഞു.  വിശ്വാസത്തില്‍ സ്ഥൈര്യവും ധൈര്യവും പ്രദാനം ചെയ്യാനും ഇസ്‌ലാമിക പ്രബോധനദൗത്യം നിര്‍വഹിക്കാന്‍ രാജാവിന് ഉതവിയും സൗഭാഗ്യവും നല്‍കി അനുഗ്രഹിക്കാനും ശൈഖ് അല്ലാഹുവിനോട് പ്രത്യേകം പ്രാര്‍ഥിച്ചു.
രാജാവ് തന്റെ കീഴിലുള്ള ഗവര്‍ണര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കുകയും അവരെല്ലാം നന്ദിപൂര്‍വം അത് സ്വീകരിച്ചു വിശ്വാസികളാവുകയും ചെയ്തു. അങ്ങനെ ഇസ്‌ലാം നാടിന്റെ നാനാഭാഗത്തും പ്രചരിച്ചു. അതെക്കുറിച്ചാണ് ഇങ്ങനെ പറയപ്പെട്ടത്: ചരിത്രത്തില്‍ ഏറെ നാശകാരികളായിരുന്നു താര്‍ത്താരികള്‍; വിഗ്രഹപൂജകരായ അവര്‍ കഅ്ബയുടെ സുരക്ഷാ ഭടന്മാരായി മാറി. 
('റോഷന്‍ സിതാരെ' എന്ന കൃതിയില്‍നിന്ന്. 
വിവ: എം.ബി അബ്ദുര്‍റശീദ് അന്തമാന്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

മനുഷ്യസമത്വം ഉദ്‌ഘോഷിച്ച ദൈവദൂതന്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്