Prabodhanm Weekly

Pages

Search

2022 ജനുവരി 07

3234

1443 ജമാദുല്‍ ആഖിര്‍ 04

മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി പടിഞ്ഞാറന്‍ ലോകത്ത് പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച നേതാവ്

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ടി.കെ അബ്ദുല്ല സാഹിബിന്റെ വിയോഗം രണ്ട് മാസം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പണ്ഡിത നിരയില്‍നിന്ന് മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി കൂടി യാത്ര പറഞ്ഞിരിക്കുകയാണ്. ഇന്നാലില്ലാഹ്....
അതിശയോക്തി കലര്‍ത്താതെ ഒരു കാര്യം ഉറപ്പിച്ചു പറയാം. നിരവധി തലമുറയെ സ്വാധീനിച്ച ഗ്രന്ഥങ്ങള്‍ക്കുടമയാണ് മൗലാനാ ഇസ്‌ലാഹി. അതാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവനയും. ആദാബെ സിന്ദഗി എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം അര നൂറ്റാണ്ടിലധികമായി ധാരാളം വീടുകളിലെ ബുക് ഷെല്‍ഫില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗ്രന്ഥപ്പുരകളില്‍ ഒഴിച്ചുകൂടാനാകാത്ത വൈജ്ഞാനിക സ്വത്താണത്. മാതാക്കള്‍ തങ്ങളുടെ പെണ്‍മക്കളുടെ വിവാഹ വേളയില്‍ ഉപഹാരമായി നല്‍കുന്ന ഗ്രന്ഥം. വിവാഹാനന്തര ഭാവി ജീവിതം ഇസ്‌ലാമികമായ അച്ചില്‍ സുരഭിലമാകുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന സമ്മാന കൈമാറ്റം.
ഏത് പ്രായത്തിലും വിഭാഗത്തിലും പെട്ടവര്‍ക്ക് സ്വീകാര്യമാണ് എന്ന പ്രത്യേകതയും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ക്കുണ്ട്. ഉന്നത വൈജ്ഞാനിക വ്യക്തികള്‍ മുതല്‍ വീട്ടുകാരികളായ സ്ത്രീകള്‍ മാത്രമല്ല കുട്ടികള്‍ വരെ ആ പുസ്തകങ്ങള്‍ ഏറെ താല്‍പര്യത്തോടെ വായിച്ചിട്ടുണ്ടാകും. ലളിതമായ വാക്കുകളില്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കാന്‍ അല്ലാഹു അദ്ദേഹത്തിന് പ്രത്യേക കഴിവ് സമ്മാനിച്ചിട്ടുണ്ടായിരുന്നു. ആ മിടുക്ക് അപൂര്‍വം ചിലരിലേ കാണപ്പെടാറുള്ളൂ.
ലോകതലത്തില്‍ ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തെ പരിചയപ്പെടുത്തുന്നതില്‍ വ്യാപൃതനായ വ്യക്തിത്വമെന്നതാണ് മൗലാനയുടെ രണ്ടാമത്തെ പ്രത്യേകത. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ ആഗോളതലത്തില്‍ പരിചയപ്പെടുത്താന്‍ പ്രധാനമായും രണ്ട് യൂസുഫുമാരെയാണ് അല്ലാഹു തെരഞ്ഞെടുത്തത്. ജമാഅത്ത് മുന്‍ അഖിലേന്ത്യാ അമീര്‍ മൗലാനാ മുഹമ്മദ് യൂസുഫ് ആണ് അവരിലൊരാള്‍. മറ്റൊരാള്‍ ഇപ്പോള്‍ മരണപ്പെട്ട മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്‌ലാഹിയും. പേരിലെ സാദൃശ്യം മൂലം വിദേശ രാഷ്ട്രങ്ങളിലെ ചിലര്‍ യൂസുഫ് ഇസ്‌ലാഹിയെ, മുഹമ്മദ് യൂസുഫാണെന്ന് പോലും തെറ്റായി ധരിച്ചിരുന്നു. അമേരിക്ക, യൂറോപ്പ്, ആസ്‌ത്രേലിയ, ജപ്പാന്‍ തുടങ്ങി പടിഞ്ഞാറന്‍ ലോകത്ത് ഏറെ സ്വീകാര്യത ലഭിച്ച പ്രബോധകനായിരുന്നു അദ്ദേഹം. അനേകം രാഷ്ട്രങ്ങളിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെട്ടു. ചിലപ്പോള്‍ വര്‍ഷങ്ങള്‍, ചിലപ്പോള്‍ വര്‍ഷത്തിന്റെ പകുതിയിലധികം ഭാഗം അദ്ദേഹം ആ നാടുകളില്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും പൊതുജനങ്ങള്‍ക്കെന്ന പോലെ ബുദ്ധിജീവികള്‍ക്കും സ്വീകാര്യമായിരുന്നു. വ്യക്തിത്വ ഗരിമ, പ്രൗഢ ശബ്ദം, സുന്ദരമായ ഉര്‍ദു ഭാഷ, പ്രതീക്ഷകളും കര്‍മാവേശവും ഉദ്ദീപിപ്പിക്കുന്ന  ഉള്ളടക്കം എന്നിവയാല്‍ വശ്യമനോഹരമായിരുന്നു ആ വാഗ്‌ധോരണികള്‍.
ശ്രുതിമധുരമായ ഖുര്‍ആന്‍ പാരായണത്തിനുടമ കൂടിയായിരുന്നു ഇസ്‌ലാഹി. ശബ്ദത്തില്‍ നൈര്‍മല്യവും ഗരിമയും സംഗീതാത്മകതയും ഇഴചേര്‍ന്നു നിന്നു. അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ജമാഅത്ത് കേന്ദ്ര ഓഫീസില്‍ അനവധി പേര്‍ പങ്കുവെച്ചത് ഇനി മുതല്‍ സ്വുബ്ഹ് നമസ്‌ക്കാരത്തിന് നേതൃത്വമേകി വശ്യമായും നിര്‍ത്തി നിര്‍ത്തിയും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ മൗലാന ഉണ്ടാവില്ലല്ലോ എന്ന ദുഃഖം കൂടിയാണ്.
ആകര്‍ഷക വ്യക്തിത്വത്തിന് ഉടമമായിരുന്നു അദ്ദേഹം. വസ്ത്രധാരണം, ആഹാര പാനീയങ്ങളിലെ കൃത്യത, മധുരമാര്‍ന്ന സംഭാഷണ ശൈലി തുടങ്ങി എല്ലാ മേഖലകളിലും തന്റെ ഉയര്‍ന്ന വ്യക്തിത്വ ശോഭ കെടാതെ കാത്തുസൂക്ഷിച്ചു. അല്ലാഹു അദ്ദേഹത്തിന് പാപമോചനവും സ്വര്‍ഗീയാരാമവും നല്‍കുമാറാവട്ടെ. ദീനിന് വേണ്ടി നീണ്ട കാലം അദ്ദേഹം അര്‍പ്പിച്ച സേവനങ്ങള്‍ കരുണാമയന്‍ സ്വീകരിക്കുമാറാവട്ടെ -ആമീന്‍ 

 

 


കഠിനാധ്വാനത്തിന്റെ ഉദാത്ത മാതൃക

സ്മരണ /

ഡോ. മുഹമ്മദ് റദിയ്യുല്‍ ഇസ്‌ലാം നദ്‌വി

മതപരവും വൈജ്ഞാനികവും പ്രാസ്ഥാനികവുമായ രംഗങ്ങളില്‍ ഏറെ ദുഃഖമുണ്ടാക്കുന്നതാണ് പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതന്‍ മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്‌ലാഹിയുടെ വിയോഗം. ഒരു മാസത്തോളമായി ശ്വാസ തടസ്സത്തിന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ആദ്യം മുറാദാബാദിലും പിന്നീട് നോയിഡ ഫോര്‍ട്ട്‌സ് ഹോസ്പിറ്റലിലും ചികിത്സ തുടര്‍ന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നിരവധി തവണ തെറ്റായ മരണവാര്‍ത്ത വന്നിരുന്നു. ഒടുവില്‍ ഡിസം. 21-ന് ആ ദുഃഖവാര്‍ത്ത സത്യമായി നമ്മുടെ മുമ്പിലെത്തുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഒരു വൈജ്ഞാനിക കുടുംബത്തില്‍ 1932-ലാണ് യൂസുഫ് ഇസ്‌ലാഹി ജനിച്ചത്. പിതാവ് അബ്ദുല്‍ ഖദീം ഖാന്‍ ഖുര്‍ആന്‍ വ്യാഖ്യാനത്തിലും ഹദീസിലും അവഗാഹമുള്ള പണ്ഡിതനായിരുന്നു. ഖുര്‍ആന്‍ പാരായണ നിയമങ്ങളും ഖുര്‍ആന്‍ മനഃപാഠവും ഉള്‍പ്പെടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബറേലി ഇസ്‌ലാമിയ കോളേജില്‍നിന്ന് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. പിതാവിന്റെ ആഗ്രഹപ്രകാരം സഹാറംപൂര്‍ മദ്റസ മദാഹിറുല്‍ ഉലൂമിലാണ് തുടര്‍പഠനം നടത്തിയത്. അവിടത്തെ ദ്വിവര്‍ഷ പഠനാനന്തരം അലീഗഢ് സറായെമീറിലെ മദ്റസത്തുല്‍ ഇസ്‌ലാഹില്‍ ചേര്‍ന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി. അവിടത്തെ അധ്യാപകര്‍ പ്രത്യേകിച്ച് മൗലാനാ അഖ്തര്‍ അഹ്‌സന്‍ ഇസ്‌ലാഹി അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ആ പഠനം പൂര്‍ത്തിയാക്കിയ ഉടനെ തന്നെ അദ്ദേഹം തന്റെ 25-ാം വയസ്സില്‍  ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വമെടുത്തു.
അക്കാലത്ത് വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി റാംപൂരില്‍ ഒരു കേന്ദ്രം സ്ഥാപിച്ച് ചില നീക്കങ്ങള്‍ ജമാഅത്ത് ശക്തിപ്പെടുത്തിയിരുന്നു. മൗലാനാ സദ്‌റുദ്ദീന്‍ ഇസ്‌ലാഹിക്കായിരുന്നു അതിന്റെ ചുമതല. അവിടെ മൗലാനാ മുഹമ്മദ് ഫാറൂഖ് ഖാന്‍, മൗലാനാ ജലാലുദ്ദീന്‍ ഉമരി എന്നിവരുള്‍പ്പെടെയുള്ള സംഘത്തില്‍ ഒരാളായി മൗലാനാ ഇസ് ലാഹിയും എത്തിച്ചേര്‍ന്നു. അവിടെ വെച്ചാണ് തന്റെ ആദാബെ സിന്ദഗി എന്ന പ്രശസ്ത ഗ്രന്ഥം മൗലാന രചിച്ചത്. വലിയ സ്വീകാര്യത ലഭിച്ച ഗ്രന്ഥമാണത്. നിരവധി ഭാഷകളിലേക്ക് അത് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇന്ത്യയിലും പാകിസ്താനിലുമായി ആ പുസ്തകത്തിന്റെ അനേകം എഡിഷനുകളാണ് വിറ്റഴിഞ്ഞത്. അനേക ലക്ഷങ്ങള്‍ക്കത് ഇസ്‌ലാമിന്റെ വെളിച്ചം പകര്‍ന്നു. ലളിതമായ ഭാഷയില്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ അവതരിപ്പിച്ച ഗ്രന്ഥമെന്ന സവിശേഷത ആദാബെ സിന്ദഗിക്കുണ്ട്.
രചനാ മേഖലയിലേക്ക് കടക്കാനായി ഞാന്‍ ഇദാറെ തസ്‌നീഫ് അലീഗഡ് എന്ന സ്ഥാപനത്തിലെത്തിയപ്പോള്‍ യൂസുഫ് ഇസ്‌ലാഹി അവിടേക്ക് വരാതെ റാംപൂറില്‍ തന്നെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയായിരുന്നു.  1970-ല്‍ അവിടെ ഒരു ബിസിനസ്സും അദ്ദേഹം ആരംഭിച്ചിരുന്നു. 1972-ല്‍ ദിക്‌റാ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണാലയം അദ്ദേഹം ആരംഭിച്ചു. അവിടെ വെച്ച് അതേ പേരില്‍ ഒരു മാസിക പുറത്തിറക്കുകയും പുസ്തക പ്രസാധനത്തിന് തുടക്കമിടുകയും ചെയ്തു. വൈജ്ഞാനികവും മതപരവുമായി ഏറെ സംഭാവനകളര്‍പ്പിച്ച പ്രസിദ്ധീകരണങ്ങളാണിവ.
റാംപൂരില്‍ സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ജമാഅത്തിന്റെ സമുന്നത നേതാവ് മൗലാനാ അബൂ സലീം അബ്ദുല്‍ ഹയ്യ് ഒരു വനിതാ കോളേജ് സ്ഥാപിച്ചിരുന്നു. അതാണ് പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ കയറി ജാമിഅത്തുസ്സ്വാലിഹാത്ത് ആയി വളര്‍ന്നത്. പെണ്‍കുട്ടികള്‍ പഠനാവശ്യാര്‍ഥം പുറത്തു പോകാതിരുന്ന കാലത്ത് സ്ഥാപിക്കപ്പെട്ടതിനാല്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ സ്ഥാപനം ഏറെ പ്രശസ്തിയാര്‍ജിച്ചു. അബ്ദുല്‍ ഹയ്യിന്റെ നിര്യാണ ശേഷം അതിന്റെ ചുമതലയേറ്റത് തവസ്സല്‍ ഹുസൈനായിരുന്നു. അദ്ദേഹത്തിന്റെ മരണാനന്തരം മൗലാനാ യൂസുഫ് ഇസ്‌ലാഹിക്കായി ജാമിഅയുടെ ഉത്തരവാദിത്തം.  സ്ഥാപനത്തിന് വലിയ വളര്‍ച്ചയാണ് അക്കാലത്തുണ്ടായത്. ജമാഅത്തിന്റെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായ മര്‍കസീ ദര്‍സ്ഗാഹ് അന്ന് പ്രവര്‍ത്തിച്ചിരുന്നതും റാംപൂരില്‍ തന്നെയായിരുന്നു. 1975-ലെ അടിയന്തരാവസ്ഥക്ക് ശേഷം ദര്‍സ് ഗാഹ് നടത്തിപ്പിന് വേണ്ടി ഒരു പ്രാദേശിക കമ്മിറ്റിയുണ്ടാക്കിയപ്പോള്‍ അതിന്റെ നേതൃത്വം ഏല്‍പിക്കപ്പെട്ടതും ഇസ്‌ലാഹിയില്‍ തന്നെയായിരുന്നു. ഈ രണ്ട് സ്ഥാപനങ്ങളും ഇസ്‌ലാഹിയുടെ അന്ത്യം വരെ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് സജീവമായി നടന്നു വന്നത്.  ദൈവഹിതമുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ നന്മയുടെ തുലാസില്‍ സ്വദഖ ജാരിയയായി നിലനില്‍ക്കും.
ജമാഅത്തെ ഇസ്‌ലാമിയുടെ നിരവധി ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട് അദ്ദേഹം. പല പ്രവര്‍ത്തന കാലയളവുകളില്‍ അതിന്റെ ഉന്നത തീരുമാന ബോഡിയായ മജ്‌ലിസെ നുമാഇന്ദഗാനില്‍ അംഗമായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന കൂടിയാലോചന സമിതികളിലും അംഗമായിരുന്നു. അത്തരം സംഗമങ്ങളില്‍ കൃത്യനിഷ്ഠയോടെ പങ്കെടുത്ത് തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുമായിരുന്നു.
ഇസ്‌ലാഹിയുടെ പ്രഭാഷണങ്ങളും ഖുര്‍ആന്‍ ക്ലാസ്സുകളും ഏറെ സ്വാധീനം ചെലുത്തുന്നതും കരുത്തുറ്റതുമായിരുന്നു. അവയില്‍ മിക്കതും യൂട്യൂബില്‍ ലഭ്യമാണ്. വാക്കുകളുടെയോ ആശയങ്ങളുടെയോ ദുര്‍ഗ്രാഹ്യതയില്ലാത്തവയാണ് ആ പ്രഭാഷണങ്ങള്‍. ആശയം പൂര്‍ണമായും അനുവാചകരിലേക്ക് പകരുന്ന ശൈലിക്ക് ഉടമയായിരുന്നു. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, ചരിത്രം എന്നീ ഇനങ്ങളില്‍ ചെറുതും വലുതുമായ അമ്പതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.  ഇന്ത്യയിലും പാകിസ്താനിലും ഇതര രാജ്യങ്ങളിലും പല രീതിയില്‍ പ്രയോജനപ്പെടുന്നവയാണ് പ്രസ്തുത ഗ്രന്ഥങ്ങള്‍. ഖുര്‍ആനികാധ്യാപനങ്ങള്‍ ( തഅ്‌ലീമാതെ ഖുര്‍ആന്‍), ജീവിത മര്യാദകള്‍ (ആദാബെ സിന്ദഗി), മഹോന്നതനായ പ്രവാചകന്‍ (ദാഈ അഅ്‌സം), ലളിത കര്‍മശാസ്ത്രം (ആസാന്‍ ഫിഖ്ഹ്), പ്രകാശിക്കുന്ന നക്ഷത്രങ്ങള്‍ (റോശന്‍ സിതാരെ), ഹറമിന്റെ വെട്ടം (ശംഎ ഹറം), ജീവിതബോധം (ശുഊറെ ഹയാത്), സൂറഃ യാസീന്‍ വ്യാഖ്യാനം; സൂറഃ സ്വഫ്ഫ് വ്യാഖ്യാനം; ഖുര്‍ആനെ മനസ്സിലാക്കി പഠിക്കല്‍ (ഖുര്‍ആന്‍ കൊ സമജ്കര്‍ പഠിയേ), ഖുര്‍ആന്‍ പാരായണം എന്ത് എങ്ങനെ (മുത്വാലഅ ഖുര്‍ആന്‍  ക്യേം ഔര്‍ കിസ് തരഹ്), നേതൃഗുണങ്ങളും സമുദായത്തിന്റെ ഉത്തരവാദിത്തങ്ങളും (ഖിയാദത് കെ ഔസ്വാഫ് ഔര്‍ ഉമ്മത് കി ദിമ്മേദാരിയാം), പ്രവാചകത്വ പരിസമാപ്തി: ഖുര്‍ആന്റെ വെളിച്ചത്തില്‍ (ഖത്‌മെ നുബുവ്വത് ഖുര്‍ആന്‍ കി റോശ്‌നി മേം), കുടുംബ ഭദ്രത (ഖാന്ദാനീ ഇസ്തിഹ്കാം) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങള്‍. ഇംഗ്ലണ്ട്, അമേരിക്ക, ജപ്പാന്‍, ആസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി നിരവധി രാഷ്ട്രങ്ങളില്‍ പ്രബോധനാര്‍ഥം അദ്ദേഹം ധാരാളം യാത്രകള്‍ നടത്തിയിട്ടുണ്ട്.
1970-ലാണ് റാംപൂരിലെ മര്‍ക്കസി ദര്‍സ് ഗാഹില്‍  പ്രാഥമിക വിദ്യാഭ്യാസത്തിന് വേണ്ടി ഞാന്‍ ചേര്‍ന്നിരുന്നത്. അവിടുത്തെ ഊഞ്ചി മസ്ജിദിന് സമീപമായിരുന്നു ഇസ്‌ലാഹിയുടെ ഭവനം. എന്നും പള്ളിയില്‍ ഞങ്ങള്‍ സന്ധിക്കും. പിന്നീട് ഉന്നത പഠനത്തിന്ന് ലഖ്‌നൗ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമയില്‍ ചെന്നപ്പോള്‍ മുതലാണ് ഞാന്‍ ലേഖനമെഴുതിത്തുടങ്ങുന്നത്. ഇസ്‌ലാഹി നടത്തിവന്നിരുന്ന ദിക്‌റാ മാസികയിലേക്കും മറ്റും ധാരാളം ലേഖനങ്ങളയച്ചതില്‍ മിക്കതും  പ്രസിദ്ധീകരിക്കപ്പെട്ടു. ആ ഘട്ടത്തില്‍ അദ്ദേഹം സ്വന്തം കൈപ്പടയില്‍ എനിക്കയച്ച നിരവധി കത്തുകള്‍ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. എന്റെ സഹോദരി ജാമിഅത്തു സ്വാലിഹാതിലും സഹോദരന്‍ മര്‍കസി ദര്‍സ് ഗാഹിലും പഠിച്ചവരാണ്. അവരെ കൊണ്ടുവിടാനും കൂട്ടിക്കൊണ്ടുവരാനും പിന്നെയും ഞാന്‍ അവിടെ പോയിക്കൊണ്ടേയിരുന്നു. എന്റെ ഭാര്യാ ബന്ധുക്കള്‍ക്കും ഞാന്‍ അപേക്ഷിച്ചത് പ്രകാരം അവിടെ അദ്ദേഹം അഡ്മിഷന്‍ തന്നിട്ടുണ്ട്. അദ്ദേഹവുമൊത്ത് കേന്ദ്ര, സംസ്ഥാന കൂടിയാലോചനാ സമിതികളിലും അല്‍പകാലം ഒന്നിക്കാനും അവസരം ലഭിച്ചു. അപ്പോഴൊക്കെ വളരെ സ്‌നേഹത്തോടെയാണ് അദ്ദേഹം ഇടപഴകിയിരുന്നത്. എല്ലാവരുടെയും ജീവിതാവസ്ഥകള്‍ ചോദിച്ച് മനസ്സിലാക്കുമായിരുന്നു. എന്റെ വൈജ്ഞാനിക യാത്രയില്‍ എപ്പോഴും മാര്‍ഗദര്‍ശിയായി അദ്ദേഹം ഇടപെട്ടുകൊണ്ടിരുന്നു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജമാഅത്ത്  പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് സോണിന്റെ ആഭിമുഖ്യത്തില്‍  'കുടുംബ സംസ്‌കരണം' എന്ന വിഷയത്തില്‍ ഒരു പ്രോഗ്രാം നടന്നപ്പോള്‍ അതില്‍ ത്വലാഖ്, സ്വവര്‍ഗ രതി, കൃത്രിമ മാതൃത്വം എന്നീ വിഷയങ്ങളില്‍ ഞാന്‍ പ്രഭാഷണം നടത്തിയിരുന്നു. അതിഷ്ടപ്പെട്ട ഇസ്‌ലാഹി അതേ പ്രഭാഷണങ്ങള്‍ ജാമിഅത്തു സ്വാലിഹാത്തിലെ മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ക്ക് മുമ്പാകെയും അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി.
അര നൂറ്റാണ്ട് കാലം ഇസ്‌ലാമിക പ്രബോധന രംഗത്തും ബോധവത്കരണ മേഖലയിലും നിരന്തരം അവിശ്രമം സജീവ പ്രവര്‍ത്തനം കാഴ്ചവെച്ചാണ് മൗലാനാ യൂസുഫ് ഇസ്‌ലാഹി വിടവാങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണങ്ങളും ലക്ഷക്കണക്കിനാളുകളുടെ ജീവിത രേഖ മാറ്റി വരച്ചിട്ടുണ്ട്. അന്ത്യദിനം വരെ പ്രതിഫലം ലഭ്യമായിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അവ. അവയെല്ലാം കാരുണ്യവാനായ അല്ലാഹു സ്വീകരിക്കുകയും അദ്ദേഹത്തിന് ജന്നാത്തുല്‍ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കുകയും കുടുംബാംഗങ്ങള്‍ക്ക് സ്ഥൈര്യം നല്‍കുകയും ചെയ്യുമാറാവട്ടെ എന്നാണ് പ്രാര്‍ഥന. 
വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

മനുഷ്യസമത്വം ഉദ്‌ഘോഷിച്ച ദൈവദൂതന്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്