പ്രായോഗിക മാനദണ്ഡം
ഏതെങ്കിലും ഒരു വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിച്ച് ഉറപ്പിക്കാനുള്ള കര്‍ക്കശമായ പ്രായോഗിക മാനദണ്ഡം എന്താണെന്നാണ് ഇനി നോക്കാനുള്ളത്. സൈദ് എന്ന പേരുള്ള ഒരാള്‍ നൂറു വര്‍ഷം മുമ്പ് ജീവിച്ചിരുന്നു എന്ന് സങ്കല്‍പിക്കുക. അയാളുടെ വയസ്സ് സംബന്ധമായ ഒരു റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് ലഭിക്കുന്നു. സൈദിനെ സംബന്ധിച്ച ഈ റിപ്പോര്‍ട്ട് ശരിയാണോ എന്ന് നിങ്ങള്‍ക്ക് അന്വേഷിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഈ ആവശ്യാര്‍ഥം നിങ്ങള്‍ക്ക് താഴെ പറയുന്ന വിധം മാര്‍ഗങ്ങളിലൂടെ അന്വേഷിക്കാന്‍ സാധിക്കും:
1. അയാളുടെ വയസ്സിനെ സംബന്ധിച്ച ഈ റിപ്പോര്‍ട്ട് ഏത് മാര്‍ഗേണയാണ് ലഭിച്ചിരിക്കുന്നത്? റിപ്പോര്‍ട്ടിനിടയിലുള്ള ശൃംഖല സൈദിനോളം ചെന്നെത്തുന്നുണ്ടോ? ശൃംഖലയിലെ റിപ്പോര്‍ട്ടര്‍മാര്‍ ഏത് വ്യക്തിയില്‍നിന്നാണോ റിപ്പോര്‍ട്ട് ചെയ്യുന്നത് അയാളുമായി ഇയാള്‍ നേരിട്ട് കണ്ടുമുട്ടിയിട്ടുണ്ടോ? ഓരോ റിപ്പോര്‍ട്ടറും റിപ്പോര്‍ട്ട് ചെയ്യുന്ന വിവരം എത്രാം വയസ്സില്‍ ഏതവസ്ഥയില്‍ കേട്ടു? വിവരങ്ങള്‍ പദാനുപദമാണോ അയാള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, അതോ അതിന്റെ ആശയം സ്വന്തം ഭാഷയില്‍ റിപ്പോര്‍ട്ട് ചെയ്തതാണോ?
2) ഇതേ റിപ്പോര്‍ട്ട് മറ്റു വഴികളിലൂടെയും വന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ എല്ലാ വിവരണവും ഒരുപോലെയാണോ, അതോ വ്യത്യസ്തമോ? വ്യത്യസ്തമാണെങ്കില്‍ എത്രത്തോളം? വ്യക്തമായും വ്യത്യസ്തമാണെങ്കില്‍ വ്യത്യസ്ത വഴികളില്‍ ഏത് വഴിയിലൂടെയുള്ള റിപ്പോര്‍ട്ടാണ് ഏറ്റവും കൂടുതല്‍ പരിഗണനീയം?
3. ആര് മുഖേനയാണോ ഈ വിവരം ലഭിച്ചിരിക്കുന്നത് അവരുടെ അവസ്ഥ എന്താണ്? വ്യാജന്മാരും അവിശ്വസനീയരും ആണോ? ആ റിപ്പോര്‍ട്ടില്‍ അവര്‍ക്ക് വ്യക്തിപരമോ സംഘടനാപരമോ ആയ വല്ല താല്‍പര്യവും അന്തര്‍ഗതമായിട്ടുണ്ടോ? അവരില്‍ കണിശമായി ഓര്‍ക്കാനും കണിശമായി ഉദ്ധരിക്കാനുമുള്ള കഴിവുകളുണ്ടോ, ഇല്ലേ?
4) ജീവിതത്തിന്റെ സ്വഭാവ പ്രകൃതിയും, രീതിയും ചിന്താഗതികളും ചുറ്റുപാടുകളും സംബന്ധിച്ച് നമുക്ക് ലഭ്യമായിട്ടുള്ള പ്രസിദ്ധവും നിരവധി ശൃംഖലകളിലൂടെ ലഭ്യമായിട്ടുള്ളതുമായ വിവരങ്ങള്‍ക്ക് വിരുദ്ധമാണോ ഈ റിപ്പോര്‍ട്ട്?
5) റിപ്പോര്‍ട്ട് അസാധാരണവും, വിദൂരമായ ഊഹത്തിന് വിധേയവുമായ കാര്യത്തെ സംബന്ധിച്ചാണോ അതോ സാധാരണവും സമീപസ്ഥമായ ഊഹത്തിന് വിധേയവുമായ കാര്യത്തെ സംബന്ധിച്ചോ? ആദ്യത്തെ രൂപത്തിലുള്ളതാണെങ്കില്‍ അത്തരം കാര്യങ്ങള്‍ സമ്മതിക്കത്തക്ക വിധം റിപ്പോര്‍ട്ടിന്റെ വഴികള്‍ അത്രക്ക് അധികവും തുടര്‍ച്ചയുള്ളതും പരിഗണനീയവുമാണോ? ഇനി രണ്ടാമത്തെ രൂപത്തിലുള്ളതാണെങ്കില്‍ റിപ്പോര്‍ട്ടിന്റെ നിലവിലെ രൂപം, റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാര്യം ശരിയാണെന്ന് തൃപ്തി നല്‍കുന്ന വിധത്തിലുള്ളതാണോ?
ഏതൊരു വിവരവും പരിശോധനക്ക് വിധേയമാക്കാന്‍ സാധിക്കുക അതിന്റെ ഈ അഞ്ച് വശങ്ങളത്രെ. ഈ ചോദ്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ മാര്‍ഗങ്ങള്‍ നമുക്ക് ലഭ്യമാവുകയും ആ മാര്‍ഗങ്ങളിലൂടെ ഏതെങ്കിലും വിവരം അന്വേഷണത്തിന്റെ മാനദണ്ഡവുമായി പൂര്‍ണമായും ഒത്തുവരികയും ചെയ്യുകയാണെങ്കില്‍ പിന്നീടത് നിഷേധിക്കാന്‍ നമുക്ക് യാതൊരു ന്യായവുമുണ്ടായിരിക്കുന്നതല്ല. ഏതെങ്കിലും വിവരം ആ മാനദണ്ഡവുമായി തികച്ചും ഒത്തുവരാതിരിക്കുന്ന പക്ഷം അത് നിഷേധിക്കാനോ തള്ളിക്കളയാനോ നമുക്കവകാശമുണ്ടായിരിക്കും. എന്നാല്‍ ഈ അന്വേഷണ മാര്‍ഗങ്ങള്‍ ഒക്കെയും ലഭ്യമായിട്ടും ഒരാള്‍ ഓരോ വിവരവും ഒന്നൊന്നായി പരിശോധിച്ച് അതിനെ സംബന്ധിച്ച അഭിപ്രായ രൂപീകരണം നടത്തുന്നതിന് പകരം ആ വിവരങ്ങളില്‍ ചിലതില്‍ കൃത്രിമമായത് ഉണ്ടെന്നോ, ചില റിപ്പോര്‍ട്ടര്‍മാരില്‍ ദുര്‍ബലര്‍ ഉണ്ടെന്നോ, അതല്ലെങ്കില്‍ ആ വിവരങ്ങളില്‍ ചിലത് തന്റെ ബുദ്ധിയുമായി പൊരുത്തപ്പെടുന്നില്ലെന്നോ എന്നതിന്റെ അടിസ്ഥാനത്തില്‍ ആ വിവരശേഖരങ്ങള്‍ അത്രയും തള്ളിക്കളയാന്‍ ധൃഷ്ടനാവുകയാണെങ്കില്‍ അതിലും വലിയ അന്യായമായ ഒരു പ്രവര്‍ത്തന രീതി വേറെ ഉണ്ടായിരിക്കുന്നതല്ലതന്നെ.
ഈ ആമുഖ വിവരണത്തില്‍നിന്ന് വിഷയം ശരിക്കും വ്യക്തമാകുന്നതാണ്. എന്നാല്‍, ഏതെങ്കിലും ഒരാള്‍ പരിശുദ്ധ പ്രവാചകന്റെ ഉത്തമ മാതൃകയുമായും പവിത്ര ചര്യയുമായും യാതൊരു ബന്ധവും ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് മറ്റൊരു വിഷയമാണ്. ഇനി, പ്രവാചകനെ അനുകരിക്കേണ്ടത് നിര്‍ബന്ധമാണെന്നാണ് അയാള്‍ വിശ്വസിക്കുന്നതെങ്കില്‍, നബി 23 വര്‍ഷം എങ്ങനെയാണ് ജീവിച്ചതെന്നും എന്തെല്ലാം പ്രവര്‍ത്തിച്ചു, എന്തെല്ലാം ഉപേക്ഷിച്ചു, എന്തെല്ലാം അനുവദനീയമാക്കി, എന്തെല്ലാം തടഞ്ഞുവെന്നും അറിയേണ്ടത് യഥാര്‍ഥത്തില്‍തന്നെ അയാള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ പിന്നെ അയാള്‍ക്ക് ഹദീസ് ശേഖരങ്ങളിലേക്ക് തിരിയുകയല്ലാതെ മറ്റൊരു നിര്‍വാഹവുമില്ല. അങ്ങനെ വരുമ്പോള്‍ ഇമാം മാലിക്, ഇമാം മുഹമ്മദ്, ഇമാം ശാഫിഈ, ഇമാം അഹ്മദുബനു ഹമ്പല്‍, ഇമാം ബുഖാരി തുടങ്ങിയ ഹദീസ് ഇമാമുമാരുടെ ഗ്രന്ഥങ്ങള്‍ പരമ്പരപരമ്പരയായി ലഭിച്ച, ചുരുങ്ങിയത് നാലോ അഞ്ചോ ലക്ഷം ആളുകളെങ്കിലും ഇന്നും ലോകത്തുണ്ടോ എന്നാണ് അയാള്‍ നോക്കുക. ആ ഗ്രന്ഥങ്ങള്‍ അവര്‍ തന്നെ എഴുതിയതാണെന്നതില്‍ യാതൊരു സംശയത്തിനും പഴുതില്ലെന്ന് ഇതിലൂടെ അയാള്‍ക്ക് ഉറപ്പ് വരുത്താന്‍ സാധിക്കുന്നതാണ്. ആ മഹാന്മാര്‍ പ്രവാചകനിലേക്കോ സ്വഹാബിമാരിലേക്കോ എത്തിച്ച എല്ലാ ഓരോ ഹദീസിന്റെയും പരമ്പര ചുരുങ്ങിയത് അവരുടെ അന്വേഷണ മാനദണ്ഡ പ്രകാരം ശരിയാണെന്ന് ഇതിലൂടെ അയാള്‍ക്ക് ബോധ്യപ്പെടുന്നതാണ്. അതില്‍ അയാള്‍ക്ക് ഒരു സംശയവുമുണ്ടാവുകയില്ല. എന്തുകൊണ്ടെന്നാല്‍ ഹിജ്‌റ രണ്ടും മൂന്നും നാലും നൂറ്റാണ്ടുകളിലെ ഇമാമുമാരുടെ പക്കലുണ്ടായിരുന്ന ഈ ഗ്രന്ഥങ്ങള്‍ വഴിയാണ് ഹദീസ് വിജ്ഞാനീയം ഏതാണ്ട് ഉറപ്പായ രീതിയില്‍ നമുക്ക് ലഭ്യമായിട്ടുള്ളത്. കൂടാതെ, ഹദീസ് പണ്ഡിതന്മാര്‍ ഹദീസുകളുടെയും റിപ്പോര്‍ട്ടര്‍മാരുടെയും സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ പ്രയോജനപ്പെടുത്തിയ അവലംബനീയമായ ഗ്രന്ഥങ്ങളിലൂടെയാണ് ഹദീസുകളെ സംബന്ധിച്ച എല്ലാ വിജ്ഞാനീയങ്ങളും നമുക്ക് ലഭിച്ചിട്ടുള്ളതും. ഒരു വിവരം അന്വേഷിച്ചു ഉറപ്പിക്കുന്നതിന് നാം ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും ഏതാണ്ട് എല്ലാ ഹദീസുകളെ സംബന്ധിച്ചും വിശദമായ ഉത്തരം ഈ ഗ്രന്ഥങ്ങളില്‍നിന്ന് നമുക്ക് ലഭിക്കുന്നതാണ്. ഇനി, ഹദീസുകളെയും അവയുടെ അന്വേഷണങ്ങളെയും സംബന്ധിച്ച് ഹദീസ് പണ്ഡിതന്മാര്‍ക്കിടയില്‍ എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടോ അവയും എല്ലാ തെളിവുകളോടും ന്യായങ്ങളോടും കൂടി സുരക്ഷിതമായി നിലനില്‍ക്കുന്നുണ്ട്. ഇമ്മട്ടില്‍ വിസ്തൃതവും പരമാവധി സാധ്യമായത്ര വിശ്വസനീയവുമായ ശേഖരങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നബി തിരുമേനിയുടെ ജീവിതത്തിലെ ഏതെങ്കിലും സംഭവമോ അധ്യാപനമോ ഇന്ന് ലോകത്ത് നിലനില്‍ക്കുന്നില്ലെന്ന് ബുദ്ധിയുള്ള ആര്‍ക്കും വാദിക്കാന്‍ കഴിയുന്നതല്ല. അങ്ങനെ വാദിക്കുന്ന ഒരാള്‍ക്ക് എല്ലാറ്റിനും മുമ്പേ ഒരു കാര്യം സ്ഥാപിക്കേണ്ടിവരും. അതായത്, പ്രവാചക കാലഘട്ടം മുതല്‍ നമ്മുടെ കാലം വരെ ഹദീസുകള്‍ ഉദ്ധരിക്കുകയും കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്തിരുന്ന ലക്ഷക്കണക്കിലും കോടിക്കണക്കിലുമുള്ള മുസ്‌ലിംകള്‍ എല്ലാവരും തന്നെ, അല്ലെങ്കില്‍ അവരില്‍ മഹാഭൂരിപക്ഷവും വ്യാജന്മാരായിരുന്നുവെന്നും നബിതിരുമേനിയുടെ മേല്‍ കള്ളം കെട്ടിച്ചമച്ച് മുസ്‌ലിംകളെ മുഴുവന്‍ വഴിപിഴപ്പിക്കാനും അങ്ങനെ ഇസ്‌ലാമിനെ തകര്‍ക്കാനും വേണ്ടി തങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍ ചെലവഴിക്കാന്‍ അവരൊക്കെ യോജിച്ചു തീരുമാനിക്കുകയായിരുന്നുവെന്നും സ്ഥാപിച്ചാലല്ലാതെ ഇങ്ങനെ വാദിക്കാന്‍ സാധിക്കുകയില്ല. ഏതെങ്കിലും ഹദീസ് നിഷേധിക്ക് ഇത് സ്ഥാപിക്കാന്‍ സാധിക്കുമെങ്കില്‍ അയാള്‍ അതിന്റെ തെളിവ് ഹാജരാക്കട്ടെ. ലോകത്തുള്ള സകലമാന ഗവേഷകന്മാരും കണ്ടെത്തല്‍ വിദഗ്ധരും ഈ അപൂര്‍വ അന്വേഷണ യത്‌നത്തില്‍ പരാജയപ്പെട്ട് മുട്ടുമടക്കുകയേയുള്ളൂ എന്ന് നമുക്ക് ഉറപ്പിച്ചുപറയാന്‍ സാധിക്കും. എന്നാല്‍ തെറ്റായ ഊഹവും വ്യാജാരോപണങ്ങളും ചിലതിന്റെ വിധി എല്ലാറ്റിലും ബാധകമാക്കുന്ന തെറ്റായ രീതിയും ബുദ്ധിക്കും സത്യസന്ധതക്കും നിരക്കാത്ത മാര്‍ഗങ്ങളുമൊഴികെ തങ്ങളുടെ വാദഗതി സമര്‍ഥിക്കാന്‍ മറ്റൊന്നും തന്നെ ഇക്കൂട്ടരുടെ പക്കലില്ലെങ്കില്‍ പിന്നെ ബുദ്ധി സ്ഥിരതയും അവക്ര പ്രകൃതിയുമുള്ള ആളുകളെങ്കിലും അവരുടെ ഈ വാദം സമ്മതിക്കുമെന്ന് പ്രതീക്ഷിക്കാതിരിക്കാനെങ്കിലും ചുരുങ്ങിയ പക്ഷം അവര്‍ സന്നദ്ധരാകേണ്ടതുണ്ട്. ഏതെങ്കിലും ചിലത് തെറ്റായതിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ മൊത്തം തന്നെ തള്ളിക്കളയാന്‍ ശരിയായ ബുദ്ധിയും ഋജുവായ മാനസ പ്രകൃതവുമുള്ള ആരും തയാറാവുകയില്ലെന്ന് വ്യക്തം.
ഹദീസ് ഇമാമുമാരെ അന്ധമായി പിന്തുടരണമെന്നോ, അവര്‍ക്ക് അബദ്ധം സംഭവിക്കുകയില്ലെന്നോ ഉള്ള ചിന്താഗതിയെ നാം ഒരിക്കലും പിന്താങ്ങിയിട്ടില്ല. ഏതെങ്കിലും കിതാബില്‍ ഖാല റസൂലുല്ലാഹി (നബി പറഞ്ഞു) എന്ന് തുടങ്ങുന്ന ഏത് റിപ്പോര്‍ട്ട് കണ്ടാലും കണ്ണും പൂട്ടി അത് ഹദീസാണെന്ന് അംഗീകരിച്ചുകൊള്ളണമെന്നും നമുക്ക് വാദമില്ല. അതില്‍നിന്ന് ഭിന്നമായി, ഏതെങ്കിലും ഒരു ഹദീസ് ഹദീസാണെന്ന് സ്ഥിരീകരിക്കുക എന്നത് നമ്മെ സംബന്ധിച്ചേടത്തോളം ഭാരമേറിയ ഒരു ഉത്തരവാദിത്തമത്രെ. വേണ്ടത്ര അന്വേഷണം കൂടാതെ ആ ഭാരം വഹിപ്പാന്‍ ആരും ധൃഷ്ടരാകരുത്. അന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും കവാടം എല്ലാ കാലത്തും തുറന്ന് കിടക്കുകയാണെന്നതാണ് നമ്മുടെ നിലപാട്. അത് ഏതെങ്കിലും സവിശേഷ കാലഘട്ടത്തിന് മാത്രം ബാധകമല്ല. അതേസമയം ഹദീസുകളെ സംബന്ധിച്ച വ്യവസ്ഥാപിതമായ പഠന ഗവേഷണങ്ങള്‍ക്കായി ഒരു മാസം പോലും ചെലവഴിച്ചിട്ടില്ലാത്തവര്‍ക്കും ആയുഷ്‌കാലം മുഴുവന്‍ ഹദീസ് വിജ്ഞാനീയത്തിനായി ഉഴിഞ്ഞുവെച്ച മഹാന്മാരുടെ സംഭാവനകളെ വിമര്‍ശിക്കാമെന്നുമല്ല അതിനര്‍ഥം. ഇത് ഹദീസ് വിജ്ഞാനീയത്തിന് മാത്രം ബാധകമായ കാര്യവുമല്ല. ലോകത്തുള്ള ഒരു ശാസ്ത്രവും കലയും കണ്ട അണ്ടനും അടകോടനുമെല്ലാം വിദഗ്ധാഭിപ്രായം പറയാനും ഗവേഷണാത്മകമായ പ്രസ്താവന നടത്താനുമുള്ള അവകാശം നല്‍കാറില്ല. ബന്ധപ്പെട്ട കലയുടെ അടിസ്ഥാന തത്ത്വങ്ങളിലും ആശയങ്ങളിലും അവഗാഹമുള്ളവര്‍ക്ക് മാത്രം ലഭ്യമാകുന്ന അവകാശമാണത്. ആ കലയില്‍ എത്രമാത്രം വിജ്ഞാന ശേഖരങ്ങളുണ്ടോ അതിലൊക്കെയും അയാളുടെ ദൃഷ്ടി പതിഞ്ഞിരിക്കണം. ആ പദവിയിലെത്താത്തവരെ സംബന്ധിച്ചേടത്തോളം കരണീയം ആ വിഷയത്തില്‍ സാരഥികളായവരുടെ ഗവേഷണ ഫലങ്ങളും അഭിപ്രായങ്ങളും പിന്തുടരുകയാണ്. എല്ലാ ഭൗതിക വിജ്ഞാനീയങ്ങളെയും പോലെ മത വൈജ്ഞാനിക വിഷയങ്ങളിലും സര്‍വോത്തമമായ വഴി ഇതുതന്നെ. അത് ഉപേക്ഷിച്ച് വൈജ്ഞാനിക കോപ്പില്ലാതെ ഇജ്തിഹാദിന്റെ പതാക ഉയര്‍ത്തുന്നവര്‍ ഐഹികമായും മതപരമായും സ്വയം അപകീര്‍ത്തി വരുത്തിവെക്കുകയാണ് ചെയ്യുന്നത് (തര്‍ജുമാനുല്‍ ഖുര്‍ആന്‍ 1934 ജൂണ്‍).
(അവസാനിച്ചു)
വിവ: വി.എ.കെ
Comments