ബാബരിയാനന്തര മുസ്‌ലിം സംഘര്‍ഷങ്ങള്‍ വരഞ്ഞിടുന്ന ആത്മകഥ
ചരിത്രം ഇഷ്ട വിഷയമായത് കൊണ്ട് ആത്മകഥകള്‍ ആരുടേതായാലും തേടിപ്പിടിച്ച് വായിക്കും. ഓരോ ആത്മകഥയും പറയുന്നത് അവര്‍ ജീവിച്ച കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണല്ലോ. അത്തരത്തില്‍ ഒടുവില്‍ വായിച്ച ആത്മകഥയാണ് ഇ. അബൂബക്കറിന്റെ 'ശിശിര സന്ധ്യകള്‍ ഗ്രീഷ്മ മധ്യാഹ്നങ്ങള്‍.' 311 പേജ് വരുന്ന ഈ ആത്മകഥ പ്രസിദ്ധീകരിച്ചത് തേജസ് ബുക്‌സാണ്.
ഇ. അബൂബക്കറിന്റെ ആത്മകഥയോട് താല്‍പര്യമുണ്ടാകാന്‍ വേറെയും കാരണങ്ങളുണ്ട്. സിമിയുമായി ബന്ധപ്പെട്ടിരുന്ന ബാല്യകാലത്തുതന്നെ കേട്ടറിഞ്ഞ പേരാണ് ഇ. അബൂബക്കറിന്റേത്. അടുത്ത് പരിചയപ്പെടുന്നത് അദ്ദേഹം മറ്റൊരു വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയതിന് ശേഷമാണെങ്കിലും. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആദ്യ കാലവും പിന്നീടുള്ള വഴിമാറിയ സഞ്ചാരവുമെല്ലാം ഈ കൃതിയിലുണ്ടാകും എന്ന വിചാരം ഈ ആത്മകഥയിലേക്ക് അടുപ്പിച്ച ഒരു ഘടകമാണ്.
വിദ്യാര്‍ഥി ജീവിതം, അധ്യാപനം, ഗുരുവര്യന്മാര്‍, കുടുംബ ജീവിതം, സംഘടനാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അബൂബക്കര്‍ സാഹിബ് നടന്നു തീര്‍ത്ത വഴികളോരോന്നും സ്വതഃസിദ്ധമായ നര്‍മത്തില്‍ ചാലിച്ച് ഇതില്‍ അടുക്കി വെച്ചിട്ടുണ്ട്.
പഠിക്കുന്ന കാലത്തുതന്നെ
പോരാളിയായിരുന്നു, ലോറി ഉടമയും നല്ല ഡ്രൈവറുമായിരുന്ന ഇരപ്പുങ്ങല്‍ ഹസന്റെയും കണ്ണിപ്പൊയില്‍ ഉമ്മയ്യയുടെയും മൂത്ത മകനായ, അബു സാഹിബ് എന്ന് സുഹൃത്തുക്കളും സഹ പ്രവര്‍ത്തകരും വിളിക്കുന്ന ഇ. അബൂബക്കര്‍.
എസ്.എസ്.എല്‍.സിക്ക് ശേഷം താന്‍ പഠിക്കാന്‍ ഏറെ കൊതിച്ചിരുന്ന ഫാറൂഖ് കോളേജില്‍ ചേര്‍ക്കാതെ ജമാഅത്തെ ഇസ്‌ലാമിക്കാരനായ ബാപ്പ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയയില്‍ ചേര്‍ത്തതിലുള്ള പ്രതിഷേധം അദ്ദേഹം തീര്‍ത്തത് അവിടത്തെ ചില ഉസ്താദുമാരോടാണ്. താന്‍ പഠിച്ച് ഇസ്‌ലാമിക പ്രസ്ഥാനത്തിന് മുതല്‍ക്കൂട്ടാകണം എന്ന പിതാവിന്റെ ആഗ്രഹമായിരുന്നു തന്നെ അവിടെ ചേര്‍ക്കാന്‍ കാരണമെന്ന് അബു സാഹിബ് പറയുന്നുണ്ട്. ഏതായാലും ഇസ്‌ലാഹിയയിലെ ചില അധ്യാപകരുമായുള്ള കുട്ടിക്കലഹം അദ്ദേഹത്തെ മുജാഹിദ് സ്ഥാപനമായ അരീക്കോട്ടെ സുല്ലമുസ്സലാം അറബിക്കോളേജിലെത്തിച്ചു. എന്നാല്‍ സുല്ലമുസ്സലാമിലെത്തിയപ്പോള്‍ പിതാവ് ആഗ്രഹിച്ചത് പോലെ അദ്ദേഹം ഉറച്ച ജമാഅത്തുകാരനായി മാറുകയായിരുന്നു. അവിടത്തെ അധ്യാപകരുമായും വിദാര്‍ഥികളുമായും നിരന്തരം വൈജ്ഞാനിക സംവാദങ്ങളും തര്‍ക്കങ്ങളും നടത്തി വിദ്യാര്‍ഥികള്‍ക്കിടയില്‍ മോശമല്ലാത്ത ഒരു ജമാഅത്ത് പക്ഷത്തെ അദ്ദേഹം വളര്‍ത്തിയെടുത്തു. ഒപ്പം സ്ഥാപനത്തിന്റെ പൊതു ആവശ്യങ്ങളുടെ സംരക്ഷണത്തിന് സമരത്തിനടക്കം നേതൃത്വം നല്‍കി അദ്ദേഹം സ്ഥാപനത്തിന്റെ കൂടെ നില്‍ക്കുകയും ചെയ്തു. മിച്ചഭൂമി സമരത്തിന്റെ ഭാഗമായി സ്ഥാപനത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമി കൈയേറാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമത്തെ തന്റെ നേതൃത്വത്തില്‍ ബദല്‍ സമരത്തിലൂടെ പൊളിച്ച് കളഞ്ഞതിനെ കുറിച്ച് പുസ്തകത്തില്‍ അബൂബക്കര്‍ സാഹിബ് വാചാലനാകുന്നുണ്ട്.
സുല്ലമിലെ തന്റെ അധ്യാപകരും മുജാഹിദ് നേതാക്കളുമായിരുന്ന കെ.പി മുഹമ്മദ് മൗലവിയെയും എ.പി അബ്ദുല്‍ ഖാദര്‍ മൗലവിയെയും അങ്ങേയറ്റം ബഹുമാനപുരസ്സരമാണ് അബു സാഹിബ് ഓര്‍ക്കുന്നത്. താന്‍ ജമാഅത്തെ ഇസ്‌ലാമിക്കാരനായതില്‍ അവര്‍ക്ക് പ്രയാസമുണ്ടായിരുന്നുവെങ്കിലും കോളേജില്‍നിന്ന് ഒളിച്ച് പോയി ജമാഅത്ത് യോഗങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ തന്നെ പുറത്താക്കാന്‍ കോളേജിലെ പലരുടെയും സമ്മര്‍ദമുണ്ടായിട്ടും അവര്‍ അതിന് വഴങ്ങാത്തത് അവരുടെ നീതിബോധത്തിന് തെളിവായി അബു സാഹിബ് പ്രത്യേകം എടുത്ത് പറയുന്നുണ്ട്. പില്‍ക്കാലത്ത് എന്‍.ഡി.എഫ് രൂപീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന കാലത്തും ഈ രണ്ട് ഉസ്താദുമാരുമായി അദ്ദേഹം ഊഷ്മള ബന്ധം നില നിര്‍ത്തി.
പഠനം ഇരുവഴിഞ്ഞിയുടെ തീരത്ത് നിന്ന് ചാലിയാര്‍ തീരത്തേക്ക് പറിച്ച് നടേണ്ടി വന്നെങ്കിലും അബു സാഹിബ് വീണ്ടും ഇരുവഴിഞ്ഞിയുടെ തീരത്ത് തന്നെ വന്നണയുന്നുണ്ട്. കെ.സി അബ്ദുല്ല മൗലവിയുടെ പ്രത്യേക താല്‍പര്യം പ്രകാരം ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി. അതിനോടകം വിവിധ സംഘടനകളുടെ സംസ്ഥാന ദേശീയ ഭാരവാഹിയായി. തിരക്കുള്ള സംഘടനാ പ്രവര്‍ത്തകനായി മാറിയിട്ടും ചേന്ദമംഗല്ലൂര്‍ സ്‌കൂളിന്റെ വളര്‍ച്ചയിലും പുരോഗതിയിലും തന്റേതായ പങ്ക് വഹിച്ചതിനെ കുറിച്ചും സ്‌കൂളിന് നേതൃത്വം നല്‍കിയിരുന്ന മാഞ്ഞു മാസ്റ്റര്‍ മുതല്‍ ഡോ. കൂട്ടില്‍ മുഹമ്മദലി വരെയുള്ള സഹ പ്രവര്‍ത്തകരുമായുള്ള തന്റെ ഊഷ്മള ബന്ധത്തെ കുറിച്ചുമെല്ലാമുള്ള ഹൃദയഹാരിയായ വിവരണം പുസ്തകത്തിലുണ്ട്.
ഐ.എസ്.എല്‍, സിമി, ഒടുവില്‍ പോപുലര്‍ ഫ്രണ്ടിന്റെ ദേശീയ നേതൃത്വം വരെ നീളുന്നതാണ് ഇ. അബൂബക്കര്‍ സാഹിബിന്റെ സംഘടനാ പ്രവര്‍ത്തനം. കേരളത്തില്‍നിന്ന് ദേശീയ തലത്തില്‍ ഉയര്‍ന്ന് വന്ന അപൂര്‍വം മുസ്‌ലിം നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. പക്ഷേ അബു സാഹിബിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നിലവിലുള്ള ഏതെങ്കിലും ദേശീയ സംഘടനയുടെ തലപ്പത്ത് അവരോധിക്കപ്പെട്ടത് കൊണ്ട് ദേശീയ നേതാവായി തീര്‍ന്ന ആളല്ല അദ്ദേഹം. മറിച്ച് കേരളത്തില്‍ തന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ഒരു സംഘടനയെ പടിപടിയായി ദേശീയ തലത്തിലേക്ക് വളര്‍ത്തി കൊണ്ടു വരാന്‍ നേതൃത്വം നല്‍കുകയായിരുന്നു അബു സാഹിബ്. കേരളത്തില്‍ എന്‍.ഡി.എഫിന്റെ സ്ഥാപക ചെയര്‍മാനായിരുന്ന അബു സാഹിബ് തന്നെയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പേരില്‍ അഖിലേന്ത്യാ സംഘടനയായപ്പോള്‍ അതിന്റെയും പ്രഥമ ദേശീയ ചെയര്‍മാന്‍. പിന്നീട് എസ്.ഡി.പി. ഐ രൂപീകരിച്ചപ്പോള്‍ അതിന്റെയും ആദ്യത്തെ ദേശീയ പ്രസിഡന്റ് അദ്ദേഹമായിരുന്നു. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ എക്‌സിക്യൂട്ടിവ് മെമ്പറായി ഇന്ത്യയിലെ മുസ്‌ലിം കൂട്ടായ്മയുടെ ഭാഗമാകാനും അദ്ദേഹത്തിന് സാധിച്ചു.
കേരളത്തില്‍നിന്ന് ഉജ്ജലനായ ഒരു സംഘാടകന്‍ വളര്‍ന്നു വന്നതിന്റെ ചരിത്രം ഇ. അബൂബക്കറിന്റെ നേതൃത്വത്തില്‍ വളര്‍ന്ന് വന്ന സംഘടനകളെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്തുന്ന ഭാഗത്ത് വായിക്കാം. ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ഇന്ത്യന്‍ വായനയെന്നാണ് ബാബരി മസ്ജിന്റെ തകര്‍ച്ചക്ക് ശേഷമുള്ള തന്റെ പ്രവര്‍ത്തനങ്ങളെ അബു സാഹിബ് സിദ്ധാന്തവല്‍ക്കരിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമിയിലൂടെ വളര്‍ന്ന് വന്ന് സിമിയുടെ സംസ്ഥാന പ്രസിഡന്റ് വരെ ആയ അബു സാഹിബ് '90-കള്‍ക്ക് ശേഷം മറ്റൊരു വഴിയിലൂടെ സഞ്ചാരം തുടങ്ങിയത് വലിയ സംഘര്‍ഷങ്ങള്‍ ഉള്ളില്‍ വഹിച്ചുകൊണ്ടുതന്നെയാണ്. കാരണം നേതാക്കളും സുഹൃത്തുക്കളുമായ പല സഹപ്രവര്‍ത്തകരുമായും വഴിപിരിയേണ്ടി വന്നു. അവരെ കുറിച്ചെല്ലാം വളരെ നല്ല കാര്യങ്ങള്‍ മാത്രം ഓര്‍ക്കുന്നുവെന്നത് ഈ ആത്മകഥയുടെ ഒരു വലിയ നന്മയാണ്. കെ.സി അബ്ദുല്ല മൗലവി, ടി.കെ അബ്ദുല്ല സാഹിബ്, പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ്, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവരുമായെല്ലാമുള്ള നല്ല അനുഭവങ്ങള്‍ ഈ ആത്മകഥയില്‍ അബു സാഹിബ് പങ്കുവെക്കുന്നുണ്ട്. തനിക്ക് ശരിയെന്ന് തോന്നിയ പാതയിലേക്ക് അബു സാഹിബ് വഴിമാറി പോയി എങ്കിലും താന്‍ ഉപേക്ഷിച്ച വഴിയെ കുറിച്ച് നല്ലതല്ലാതെ മറ്റൊന്നും പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ബാബരി മസ്ജിദിന്റെ പതനം ഇന്ത്യയിലെ മുസ്‌ലിം സാമൂഹിക ജീവിതത്തിലുണ്ടാക്കിയ സംഘര്‍ഷങ്ങളെ തന്റേതായ വീക്ഷണ കോണില്‍ വരഞ്ഞിടുന്ന ഗ്രന്ഥം എന്ന് വേണമെങ്കില്‍ ഈ ആത്മകഥയെ വിശേഷിപ്പിക്കാം.
Comments