Prabodhanm Weekly

Pages

Search

2022 ജനുവരി 07

3234

1443 ജമാദുല്‍ ആഖിര്‍ 04

പോരാട്ടത്തിന്റെ പണ്ഡിത പാരമ്പര്യം

സദ്‌റുദ്ദീന്‍ വാഴക്കാട്

പ്രമുഖ താബിഈ പണ്ഡിതന്‍ ത്വാവൂസ് ബിന്‍ കൈസാന്‍ അമവി ഭരണാധികാരി ഹിശാം ബിന്‍ അബ്ദുല്‍ മലികിന്റെ മുമ്പിലെത്തി. ഹിശാമിന്റെ പരവതാനിയിലേക്ക് പ്രവേശിച്ചതിന് ശേഷമാണ് ത്വാവൂസ് ചെരിപ്പ് അഴിച്ചത്. 'അമീറുല്‍ മുഅ്മിനീന്‍' എന്ന പ്രയോഗം ഒഴിവാക്കി, ത്വാവൂസ് അദ്ദേഹത്തെ ഇങ്ങനെ അഭിസംബോധന ചെയ്തു; 'അസ്സലാമു അലൈകും യാ ഹിശാം!' രാജാവിന്റെ ഉപനാമം ഉപയോഗിക്കാതെ, ഹിശാമിന് അഭിമുഖമായി ഇരുന്ന് കൊണ്ട്, ത്വാവൂസ് ചോദിച്ചു; 'എന്താണ് ഹിശാം വിശേഷം?' ഈ പെരുമാറ്റവും അഭിസംബോധനയും രാജാവിനെ കോപാകുലനാക്കി. 
രാജാക്കന്മാരുടെ മുമ്പില്‍ ഭക്ത്യാദരവുകളോടെ മാത്രം നിന്നു ശീലിച്ച കൊട്ടാരം പണ്ഡിതന്മാരുടേതില്‍ നിന്ന് വ്യത്യസ്തമായ ത്വാവൂസിന്റെ നിലപാട് ഹിശാമിന് അസഹ്യമായിരുന്നു. 'ത്വാവൂസ്, എന്താണ് ഇങ്ങനെയൊക്കെ പെരുമാറാന്‍ കാരണം? എന്റെ പരവതാനിയില്‍ പ്രവേശിച്ചതിന് ശേഷം മാത്രമാണ് താങ്കള്‍ ചെരിപ്പ് ഊരിയത്, എന്റെ കൈകള്‍ ചുംബിച്ചില്ല, അമീറുല്‍ മുഅ്മിനീന്‍ എന്ന് അഭിസംബോധന ചെയ്തില്ല, എന്റെ ഉപനാമം വിളിച്ചില്ല, എന്റെ അനുവാദമില്ലാതെ എനിക്ക് അഭിമുഖമായി ഇരുന്നു, ത്വാവൂസ് നിന്റെ അവസ്ഥയെന്താണ്?' ഹിശാം ബിന്‍ അബ്ദുല്‍ മലിക്കിന്റെ ഈ ചോദ്യത്തില്‍ ഈര്‍ഷ്യ പ്രകടമായിരുന്നു. ഇതുകൊണ്ടൊന്നും പക്ഷേ, ത്വാവൂസ് ബിന്‍ കൈസാന്‍ പതറിയില്ല. ഇസ്‌ലാമിക പണ്ഡിതന്റെ സ്ഥൈര്യവും നിലപാടും അദ്ദേഹത്തിന്റെ മറുപടിയില്‍ പ്രതിഫലിച്ചു; 'ജനങ്ങള്‍ പൊതുവെ താങ്കളുടെ അധികാരത്തില്‍ തൃപ്തരല്ല, കളവ് പറയാനാകട്ടെ എനിക്ക് വെറുപ്പാണ്, അതിനാലാണ് അമീറുല്‍ മുഅ്മിനീന്‍ എന്ന് ഞാന്‍ അഭിസംബോധന ചെയ്യാതിരുന്നത്. താങ്കളുടെ ഉപനാമം വിളിച്ചില്ല എന്നതാണ് അടുത്ത പ്രശ്‌നം. അല്ലാഹു തന്റെ പ്രവാചകന്മാരെ പേരാണ് വിളിച്ചത്; ഓ ദാവൂദ്, ഓ യഹ്‌യാ, ഓ ഈസാ... എന്നിങ്ങനെ! 'തബ്ബത്ത് യദാ അബീ ലഹബിന്‍ വതബ്ബ്' എന്ന് ഉപനാമം ഉപയോഗിച്ചിട്ടുള്ളത് അല്ലാഹുവിന്റെ ശത്രുക്കളെ അഭിമുഖീകരിക്കുമ്പോഴാണ്! താങ്കളുടെ മുമ്പില്‍ ഞാന്‍ ഇരുന്നതാണ് മറ്റൊരു വിഷയം! 'നരകാവകാശിയായ ഒരാളെ കാണണമെന്നുണ്ടോ? ആളുകള്‍ ചുറ്റും നില്‍ക്കവെ ഇരിക്കുന്ന ആളെ നോക്കിയാല്‍ മതി' എന്ന് അലിയ്യുബ്‌നു അബീത്വാലിബ് പറഞ്ഞിട്ടുണ്ട്'. ഇത്രയും കേട്ടു കഴിഞ്ഞപ്പോള്‍ കോപം അടങ്ങിയിട്ടെന്ന വണ്ണം ഹിശാം ബിന്‍ അബ്ദുല്‍ മലിക് തന്നെ ഉപദേശിക്കാന്‍ ത്വാവൂസിനോട് ആവശ്യപ്പെട്ടു. 'നരകത്തില്‍ പ്രത്യേക തരം പാമ്പുകളും തേളുകളുമുണ്ട്, പൗരന്മാരോട് നീതി കാണിക്കാത്ത ഭരണാധികാരികളെയാണ് അവ കടിക്കുക' എന്ന് അമീറുല്‍ മുഅമിനീന്‍ അലിയ്യുബ്‌നു അബീത്വാലിബ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.' ഇത്രയും പറഞ്ഞ് ത്വാവൂസ് ബിന്‍ കൈസാന്‍ എഴുന്നേറ്റ് പോയി.

ഉലമാഉസ്സുല്‍ത്വാന്‍, ഉലമാഉര്‍റഹ്മാന്‍

ഇസ്‌ലാമിക പണ്ഡിതന്റെ ധര്‍മവും ദൗത്യവും കൃത്യമായി അനാവരണം ചെയ്യുന്ന സംഭവങ്ങളിലൊന്നാണ് ത്വാവൂസ് ബിന്‍ കൈസാനും ഹിശാം ബിന്‍ അബ്ദുല്‍ മലികും തമ്മിലുള്ള ഈ മുഖാമുഖം. അറിവിന്റെ അടിത്തറയും വിശ്വാസത്തിന്റെ കരുത്തും കൈമുതലായുള്ള പണ്ഡിതന്മാര്‍ നേരിന്റെ പക്ഷത്ത് നിലകൊള്ളേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുന്നു ത്വാവൂസ്. ആത്മീയതയെ സാമൂഹിക ഊര്‍ജമായി പരിവര്‍ത്തിപ്പിക്കുന്ന, ഇരുട്ടിനെ പേടിക്കാതെ വെളിച്ചം കൊളുത്തി വെക്കുന്ന, ജനപ്രീതിയില്‍ അഭിരമിക്കാതെ നേര് നേരില്‍ പറയുന്ന, അധികാരം കൈയിലുള്ളവന്റെ തിട്ടൂരങ്ങളെ ഭയക്കാതെ നീതിക്ക് വേണ്ടി ശബ്ദിക്കുന്ന, ഭൗതിക പ്രേമത്തിന് അടിപ്പെടാതെ പരിത്യാഗ ജീവിതം നയിക്കുന്ന പണ്ഡിത നേതൃത്വത്തിന്റെ നീണ്ട നിരയുണ്ട് ഇസ്‌ലാമിക ചരിത്രത്തില്‍. പോരാട്ടത്തിന്റെയും സഹനത്തിന്റെയും നക്ഷത്രത്തിളക്കമാണ് അവരുടെ ജീവിതം. ജനകീയ പണ്ഡിതര്‍ (ഉലമാഉശ്ശഅബ്), കാരുണ്യവാന്റെ ജ്ഞാനികള്‍ (ഉലമാഉര്‍റഹ്മാന്‍) എന്നൊക്കെയാണ് ഈ പണ്ഡിതര്‍ വിശേഷിപ്പിക്കപ്പെടുന്നത്.
മറുവശത്ത്, പൗരോഹിത്യത്തിന്റെ വിശേഷണങ്ങള്‍ ചേരുന്ന 'കൊട്ടാരം പണ്ഡിതന്മാരും' കുറവല്ല. ആരാധനകളില്‍ പരിമിതപ്പെടുന്ന മതവും ജനപ്രീതിയിലുള്ള താല്‍പര്യവും ഭൗതികതയോടുള്ള ആവേശവും അധികാരത്തിന്റെ തണലില്‍ സുരക്ഷിതമാകാനുള്ള ത്വരയുമൊക്കെയാണ് അവരുടെ മുഖമുദ്രകള്‍. സാമൂഹിക തിന്മകള്‍ നിറഞ്ഞാടുമ്പോഴും അവര്‍ ആരാധനകളില്‍ ഒതുങ്ങിക്കൂടും. അധികാരികള്‍ അനീതികളുടെ തേര്‍വാഴ്ച്ച നടത്തുമ്പോഴും അവര്‍ മൗനവ്രതത്തിലേക്ക് ഉള്‍വലിയും. ഭയം ഭരിക്കുന്ന മനസ്സായിരിക്കും അവരെ നയിക്കുക. ഭരണകൂടങ്ങളെ പിണക്കിയാല്‍ നഷ്ടമാകുന്ന തുഛ ലാഭങ്ങള്‍ അവരെ 'സൂക്ഷ്മാലുക്കളാ'ക്കും! അധികാരത്തിന്റെ ഇടനാഴികകളില്‍ ചുറ്റിക്കറങ്ങിയാല്‍ ലഭിക്കുന്ന നക്കാപ്പിച്ചകള്‍ അവരുടെ നിലപാടുകളെ നിര്‍ണയിക്കും. കൊല്ലപ്പെടുന്ന മനുഷ്യ ജീവനല്ല, നഷ്ടപ്പെടുന്ന നാണയത്തുട്ടുകളാണ് അവരുടെ ഫത്‌വകള്‍ക്ക് ആധാരമാവുക. ഭരണകൂടങ്ങളെ തൃപ്തിപ്പെടുത്തുന്ന ഫത്‌വകള്‍ക്ക് അവരുടെ ഖജനാവില്‍ പഞ്ഞമുണ്ടാകില്ല, ഈ വിനീതവിധേയത്വത്തിന് ആദര്‍ശത്തിന്റെ മേലൊപ്പ് ചാര്‍ത്താന്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടാവില്ല. അധികാരിയുടെ പണ്ഡിതന്മാര്‍ (ഉലമാഉസ്സുല്‍ത്താന്‍), ദുഷ്ട പണ്ഡിതന്മാര്‍ (ഉലമാഉസ്സൂഅ്) എന്നൊക്കെ ഇവര്‍ വിളിക്കപ്പെടുന്നു.
ഇസ്‌ലാമിക ചരിത്രത്തില്‍ പൊതുജനങ്ങളുടെ പക്ഷത്തായിരുന്നു എന്നും മുഖ്യധാരാ പണ്ഡിതന്മാര്‍. നന്മകളില്‍ സഹകരിച്ചും തിന്‍മകളെ നിരാകരിച്ചുമാണ് അവര്‍ മുന്നോട്ട് പോയത്. അക്രമികളായ ഭരണാധികാരികളോട് അവര്‍ സംഘര്‍ഷപ്പെട്ടു. ചിലരെ ഭരണാധികാരത്തില്‍ എത്തിക്കുന്നതിലും മറ്റു ചിലരെ അധികാരത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യുന്നതിലും ഈ പണ്ഡിതര്‍ നിര്‍ണായക പങ്കുവഹിച്ചു. ഇമാം അബൂഹനീഫ, ഇമാം മാലിക് ബ്‌നു അനസ്, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍, സഈദുബ്‌നുല്‍ മുസയ്യബ്, സുഫ്‌യാനുസ്സൗരി, മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ അല്‍ബുഖാരി, ഇബ്‌നു ഹസം ളാഹിരീ, ഇമാം നവവി, ഇസ്സുബ്‌നു അബ്ദുസ്സലാം, ബറാഉ ബ്‌നു ഹയവ, അസദുബ്‌നുല്‍ ഫുറാത്ത്, ഇബ്‌നു തൈമിയ്യ തുടങ്ങി പൗരാണികരായ നിരവധി പണ്ഡിതന്മാരുടെ പേരുകള്‍ ഈ ഗണത്തില്‍ എണ്ണിപ്പറയാനാകും. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പട നയിക്കാന്‍ ആഹ്വാനം ചെയ്ത സൈനുദ്ദീന്‍ മഖ്ദൂം ഉള്‍പ്പെടെ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പുകള്‍പ്പെറ്റ പണ്ഡിതന്മാര്‍ അനവധിയുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍, ഇത്തരം പണ്ഡിത പ്രമുഖരാണ് സമൂഹത്തെ നയിച്ചത്. വിപ്ലവത്തിന്റെയും വിമോചനത്തിന്റെയും വക്താക്കള്‍ അവരായിരന്നു. ഇത് അനിവാര്യവും സ്വാഭാവികവുമായിരുന്നു. കാരണം, മുസ്‌ലിം ഉമ്മത്ത് പൗരോഹിത്യത്തിന് വിധേയപ്പെടാത്ത ജനതയായിരുന്നു. പാണ്ഡിത്യവും പോരാട്ടവും പരിഗണിച്ചാണ് മുസ്‌ലിം സമൂഹം പണ്ഡിതന്മാര്‍ക്ക് സ്ഥാനം നല്‍കിയിരുന്നത്. ആരാധനകളുടെ കാര്‍മികത്വം ഉള്‍പ്പെടെ കൈയടക്കി വെച്ച് മതത്തിന്റെ അധികാരസ്ഥലികളിലിരുന്ന പൗരോഹിത്യത്തില്‍ നിന്ന് വ്യത്യസ്തമായി, എല്ലാവരും ദീനിന്റെ വക്താക്കളും കാര്‍മ്മികരുമായ സമൂഹമാണ് മുസ്‌ലിംകള്‍. വ്യക്തികള്‍ സാധ്യതയനുസരിച്ച് ദീനീ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നവരുമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളെ വഞ്ചിക്കുകയും ഭരണകൂടങ്ങളുടെ തൊഴിലാളികളായി മാറുകയും ചെയ്യുന്ന പണ്ഡിതവേഷധാരികളെ, അവരുടെ ഫത്‌വകളെ നിരാകരിച്ചും മറികടന്നും ഇസ്‌ലാമിനെ യഥാതഥം മുന്നോട്ടു നയിക്കാനുള്ള ആന്തരിക ഊര്‍ജവും സാമൂഹിക ബോധവും മുസ്‌ലിം ഉമ്മത്തിനകത്ത് എന്നും സജീവമാണ്. 
എന്നാല്‍, ക്രൈസ്തവ യുറോപ്പില്‍ സ്ഥിതി ഭിന്നമായിരുന്നു. ചര്‍ച്ചും പൗരോഹിത്യവും ജനവിരുദ്ധ പക്ഷത്തുനിന്നതാണ് യൂറോപ്പിന്റെ ചരിത്രം. അവര്‍ ഭരണകൂടത്തോടും ഫ്യൂഡലിസത്തോടും ചേര്‍ന്നു നിന്ന് ഔദാര്യങ്ങള്‍ പറ്റി, 'ദാരിദ്ര്യം ദൈവത്തിന്റെ വിധിയാണ്, അതിനെതിരെ പ്രതികരിക്കരുത്' എന്നു തുടങ്ങി ചൂഷകര്‍ക്ക് അനുകൂലമായി മത വിധികള്‍ വന്നു. ജനാധിപത്യത്തിനും ചിന്താ സ്വാതന്ത്ര്യത്തിനും വൈജ്ഞാനിക വികാസത്തിനും പുരോഗതിക്കും എതിര് നിന്നു. ഇങ്ങനെ ജനവിരുദ്ധമായി നിന്ന പൗരോഹിത്യ നിലപാടാണ് ധ്യാന നിഷ്ഠാവാദമായി (Quietism) പില്‍ക്കാലത്ത് ആദര്‍ശ രൂപം പൂണ്ടത്. മാനസികവും സാമൂഹികവുമായ നിഷ്‌ക്രിയത്വമാണ് ക്വയറ്റിസത്തിന്റെ ആകത്തുക. ഇത് ഇസ്‌ലാമിക വിശ്വാസത്തിനും പ്രയോഗത്തിനും അന്യമാണ്.
ധ്യാന നിഷ്ഠമായ നിഷ്‌ക്രിയ വാദത്തെ ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്ത് ആദര്‍ശവല്‍ക്കരിക്കുന്ന പൗരോഹിത്യം, ക്രൈസ്തവ യൂറോപ്പിനെയാണ് അനുകരിക്കാന്‍ ശ്രമിക്കുന്നത്, പ്രവാചക പാരമ്പര്യത്തെയല്ല. ഈ നിഷ്‌ക്രിയ വാദങ്ങള്‍ക്ക്, അതിന് പിന്‍ബലം നല്‍കുന്ന ഫത്‌വകള്‍ക്ക് കൃത്യമായ അധികാര, സാമ്പത്തിക താല്‍പര്യങ്ങളുണ്ട്. പക്ഷെ, താല്‍ക്കാലികമായ ഓളങ്ങള്‍ക്കപ്പുറം, മുസ്‌ലിം ഉമ്മത്തില്‍ കാതലായ അടിയൊഴുക്കുകള്‍ക്ക് ഇത് വഴി തുറക്കില്ല. ചരിത്രത്തിന്റെ ഗതി നിര്‍ണയിച്ച പണ്ഡിത ഇടപെടലുകള്‍ക്കും ഫത്‌വകള്‍ക്കുമൊപ്പം, ചരിത്രം ചാടിക്കടന്നതും പുറന്തള്ളിയതുമായ ഫത്‌വകളും പഠനവിധേയമാക്കിയാല്‍ ഇത് ബോധ്യപ്പെടുന്നതാണ്.

 പ്രവാചക പാരമ്പര്യം

'പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്' എന്ന നബിവചനം വിശ്രുതമാണ്. അപ്പോള്‍, പണ്ഡിതന്മാര്‍ അനന്തരമെടുക്കേണ്ട പ്രവാചകന്മാരുടെ പാരമ്പര്യത്തെക്കുറിച്ചാണ് നാം ആദ്യം ആലോചിക്കേണ്ടത്. എന്താണ് ആ പ്രവാചക പാരമ്പര്യത്തിന്റെ സവിശേഷത? സത്യത്തിന്റെ സാക്ഷികളും നീതിയുടെ പ്രയോക്താക്കളും നന്മയുടെ പ്രചാരകരുമായിരുന്നു ലോക ചരിത്രത്തില്‍ പ്രവാചകന്മാര്‍. പ്രപഞ്ചാധിപതിയായ ദൈവത്തിന്റെ പ്രാതിനിധ്യം നിര്‍വഹിച്ച് മനുഷ്യര്‍ക്ക് സന്മാര്‍ഗഗ്ഗത്തിന്റെ പ്രകാശം ചൊരിഞ്ഞവര്‍. ആകാശത്തിന്റെ വെളിച്ചം കൊണ്ട് ഭൂമിയിലെ ഇരുട്ടകറ്റിയ ആ വിമോചകര്‍, മനുഷ്യരെ മാലാഖമാരെക്കാള്‍ ഉയര്‍ത്തുകയും മാനവികതയുടെ ശത്രുവായ പൈശാചികതകള്‍ക്കുമേല്‍ ആഞ്ഞ് പ്രഹരിക്കുകയും ചെയ്തവരാണ്. പ്രവാചകന്മാര്‍ നിര്‍വഹിച്ച സര്‍വതല സ്പര്‍ശിയായ ചരിത്ര ദൗത്യത്തെ സംബന്ധിച്ച ഖുര്‍ആനിക വിവരണം നമ്മുടെ മുമ്പിലുണ്ട്. അതില്‍ സത്യസന്ദേശത്തിന്റെ സുവ്യക്തമായ പ്രബോധനമുണ്ട്, ഒളിച്ചുവെക്കാത്ത നേരിന്റെ വിളംബരമുണ്ട്, ആ മാര്‍ഗത്തിലെ സഹനവും ക്ഷമയുമുണ്ട്.  ദൈവത്തിനുള്ള പ്രകീര്‍ത്തനവും പ്രാര്‍ത്ഥനയുമുണ്ട്, അവ പാതിരാവുകളിലേക്ക് നീളുന്നുണ്ട്. ആശ്രയമറ്റ മനുഷ്യര്‍ക്കുള്ള സ്‌നേഹവും സേവനവുമുണ്ട്, അവ ആരാധനകളുടെ ചൈതന്യത്തെ പ്രസരിപ്പിക്കുന്നുണ്ട്.  ആത്മീയതയുടെ ആകാശങ്ങള്‍ കയറുമ്പോഴും, സാധാരണക്കാരന്റെ ചന്തയില്‍ ചുറ്റിക്കറങ്ങുന്ന, ഈന്തപ്പനയോലയില്‍ അന്തിയുറങ്ങുന്ന പച്ച മനുഷ്യനുണ്ട്. അധര്‍മത്തിന്റെ കരിമ്പടങ്ങള്‍ വലിച്ച് കീറുന്ന, അനീതിയുടെ അധികാര സിംഹാസനങ്ങള്‍ തകര്‍ത്തെറിയുന്ന പോരാട്ട വീര്യമുണ്ട്, ചൂഷകരായ പൗരോഹിത്യത്തിനും അക്രമികളായ ഭരണാധികാരികള്‍ക്കുമെതിരെ ഉറക്കെപ്പറഞ്ഞ നാവുകളും ചൂണ്ടിപ്പിടിച്ച വിരലുകളുമുണ്ട്. പലായനങ്ങളുടെ പെരുംത്യാഗം വിരിയിച്ചെടുത്ത വിമോചന സ്വപ്‌നങ്ങളുണ്ട്. ഏത് കര്‍മസ്ഥലികളിലും നാം പ്രവാചകന്മാരുടെ പാദുകപ്പാടുകള്‍ കാണുന്നുണ്ട്. ഈ പാതകളിലൂടെയെല്ലാം പണ്ഡിതന്മാരും നടക്കണം എന്നാണ്, 'പ്രവാചകന്മാരുടെ അനന്തരാവകാശം' നല്‍കുക വഴി മുഹമ്മദ് നബി ആഹ്വാനം ചെയ്തിരിക്കുന്നത്. 
കേട്ടു പരിചയിച്ച ഈ ശകലം ഉള്‍പ്പെടുന്ന നബിവചനം പൂര്‍ണരൂപത്തില്‍ ശ്രദ്ധിച്ചാലാണ്, ഇസ്‌ലാമിക സമൂഹത്തിലെ പണ്ഡിതന്മാരുടെ ധര്‍മവും ദൗത്യവും കൃത്യമായി മനസ്സിലാക്കാനാവുക. അബുദ്ദര്‍ദാഅ് നിവേദനം ചെയ്യുന്നു; നബി (സ) പറയുന്നത് ഞാന്‍ കേട്ടു: അറിവ് അന്വേഷിച്ച് ഒരാള്‍ ഒരു വഴിയില്‍ പ്രവേശിച്ചാല്‍, അല്ലാഹു അയാളേയുമായി സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ പ്രവേശിക്കും. അറിവന്വേഷകരോടുള്ള പ്രിയം കൊണ്ട് മലക്കുകള്‍ അവരുടെ ചിറകുകള്‍ താഴ്ത്തും. ആകാശഭൂമികളില്‍ ഉള്ളവരൊക്കെയും സമുദ്രത്തിലെ മത്സ്യങ്ങള്‍ ഉള്‍പ്പെടെ പണ്ഡിതന് വേണ്ടി പാപമോചനം തേടും. മറ്റെല്ലാ നക്ഷത്രങ്ങളെക്കാളും പൂര്‍ണ്ണ ചന്ദ്രനുള്ള ശോഭയാണ്, സാധാരണ ഭക്തനെക്കാള്‍ പണ്ഡിതനുള്ള ശ്രേഷ്ഠത. നിശ്ചയം പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. തീര്‍ച്ചയായും പ്രവാചകന്മാര്‍ അനന്തരം തന്നത് ദീനാറോ, ദിര്‍ഹമോ അല്ല. അറിവാണ് അവരുടെ പൈതൃകസ്വത്ത്. അത് സ്വീകരിച്ചവര്‍ക്ക് സമൃദ്ധമായ വിഹിതമാണ് ലഭിച്ചിരിക്കുന്നത്' (അബൂദാവൂദ് നിവേദനം ചെയ്തത്).
അല്ലാഹുവിന് പ്രിയപ്പെട്ടവരും ലോകം ആദരിക്കുന്നവരുമാണ് പണ്ഡിതന്മാര്‍. എങ്കില്‍, അവര്‍ അല്ലാഹുവിന്റെ പ്രീതിക്കും ലോകത്തിന്റെ നന്മക്കും പ്രാമുഖ്യം നല്‍കണം. അക്ഷരങ്ങള്‍ അഗ്‌നിയും അറിവ് ആയുധവുമാണ്. വേദഗ്രന്ഥങ്ങളുടെ അക്ഷരങ്ങളില്‍ നിന്ന് പകര്‍ന്നു കിട്ടിയ ഈ അറിവ് പ്രവാചകന്മാരില്‍ നിന്ന് അനന്തരമെടുത്ത പണ്ഡിതന്മാര്‍ അനീതിക്കെതിരായ പോരാട്ടത്തില്‍ ആ അറിവിനെ ആയുധമാക്കണം.
പാരമ്പര്യത്തിന്റെ പെരുമ പണ്ഡിതന്മാര്‍ പ്രകടിപ്പിക്കേണ്ടത് തിന്മക്കെതിരായ സമരഭൂമിയിലാണ്. ദീനാറിനും ദിര്‍ഹമിനും പുറകെ പോകുന്ന, പണത്തിന്റെ പെരുമക്ക് പാണ്ഡിത്യത്തെ വില്‍പ്പനക്ക് വെക്കുന്ന ദുരവസ്ഥയിലേക്ക് അവര്‍ അധഃപതിക്കരുത്. അല്ലെങ്കിലെന്തിനാണ്, അറിവിനെക്കുറിച്ച് പറയുന്നിടത്ത് ദീനാറും ദിര്‍ഹമും മുഹമ്മദ് നബി പരാമര്‍ശിച്ചത്! ധനമോഹം അറിവിനെ വിഴുങ്ങാം. പക്ഷേ, പ്രവാചകന്മാരുടെ പാരമ്പര്യം പിന്തുടരുന്ന പണ്ഡിതന്മാരെ തിരിച്ചറിയാന്‍, അവരുടെ പണാര്‍ത്തി അളന്നാല്‍ മതി.
സത്യത്തിന്റെ പ്രഘോഷണവും നീതിയുടെ സംരക്ഷണവും അധര്‍മത്തിനെതിരായ പോരാട്ടവും നിര്‍വഹിക്കാന്‍ വിമുഖത കാണിക്കുന്ന പണ്ഡിതന്മാരുണ്ടോ, എങ്കില്‍ ധനേഛയോ സ്ഥാനേഛയോ അവരെ കീഴ്‌പ്പെടുത്തിയിട്ടുണ്ടാകാം.

പണ്ഡിത ദൗത്യം

ഇസ്‌ലാമിന്റെ കാവലാളുകളും മുസ്‌ലിം ഉമ്മത്തിന്റെ മുന്നണിപ്പോരാളികളുമാണ് പണ്ഡിതന്മാര്‍. ദീനിന്റെ സൗന്ദര്യത്തെ പ്രബോധനപരമായി വരഞ്ഞുവെക്കുക അവരുടെ ദൗത്യങ്ങളില്‍ പ്രധാനമാണ്. വിജ്ഞാനത്തെ വിവേകത്തോട് സമം ചേര്‍ത്ത് സാമൂഹിക ജീവിതത്തെ മുന്നോട്ട് നയിക്കുകയാണ് പണ്ഡിതന്മാരുടെ ചുമതല. ഇസ്‌ലാമിന്റെ സാമൂഹിക പ്രതിനിധാനത്തെ, പ്രയോഗരൂപങ്ങളാല്‍ സമ്പന്നമാക്കണം അവര്‍. അല്ലാഹുവിനേയും പ്രവാചകനേയും തുടര്‍ന്ന്, ഉമ്മത്തിന്റെ കൈകാര്യകര്‍തൃത്വം ഏല്‍പ്പിക്കപ്പെട്ട 'ഉലുല്‍ അംറില്‍' പാതി പണ്ഡിതന്മാരാണ്. 'അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, ദൂതനെയും അനുസരിപ്പിന്‍, നിങ്ങളിലെ കൈകാര്യക്കാരെയും അനുസരിപ്പിന്‍' (അന്നിസാഅ് 59). ഇബ്‌നു തൈമിയ്യ പറയുന്നു: 'കൈകാര്യകര്‍ത്താക്കള്‍ രണ്ട് വിധമുണ്ട്. പണ്ഡിതന്മാരും നേതാക്കളും. ഇവര്‍ നന്നായാല്‍ ജനം നന്നാകും. ഇവര്‍ ദുഷിച്ചാല്‍ ജനം ദുഷിക്കും.' 
അറിവിനെയും സമരത്തേയും (ഇല്‍മ്, ജിഹാദ്) ചേര്‍ത്തുവെക്കുന്ന ശ്രദ്ധേയമായൊരു പ്രസ്താവമുണ്ട് ഇബ്‌നുല്‍ ഖയ്യിമിന്; 'ഉയര്‍ന്ന പദവികള്‍  നല്‍കുന്നതിനെപ്പറ്റി വേദഗ്രന്ഥത്തില്‍ നാലിടത്ത് പരാമര്‍ശമുണ്ട്. അവയെല്ലാം ഇല്‍മും ജിഹാദുമായി ബന്ധപ്പെട്ടതാണ്. അവ രണ്ടുമാണ് ദീനിന്റെ നിലനില്‍പ്പിനുള്ള ആധാരം!' (അല്‍മുജാദില 11). സത്യത്തിന് വേണ്ടി സംസാരിക്കുന്ന നാവും നീതിക്ക് വേണ്ടി ചലിക്കുന്ന പേനയും ദൈവഭക്തരായ ഇസ്‌ലാമിക പണ്ഡിതന്മാരുടെ അടയാളമത്രെ. അക്രമികളായ ഭരണാധികാരികളോടും അനീതി ചെയ്യുന്ന പ്രമാണിമാരോടും മുഖാമുഖം നിന്ന്, നട്ടെല്ല് പണയം വെക്കാതെ പ്രതികരിക്കേണ്ടവരാണ് പണ്ഡിതന്മാര്‍. ജ്ഞാനികള്‍ നീതിക്കുവേണ്ടി നിലകൊള്ളുന്നവരായിരിക്കും എന്നത് ഖുര്‍ആനിന്റെ മൗലിക പാഠമാണ് (ആലു ഇംറാന്‍ 18).
നാവും പേനയുമാണ് പണ്ഡിതന്റെ സാക്ഷ്യ രൂപങ്ങള്‍. ആ സാക്ഷ്യം നിര്‍വഹിക്കേണ്ട വേളകളില്‍ പണ്ഡിതന്റെ നാവ് നിശ്ശബ്ദമാവുകയോ, പേന നിശ്ചലമാവുകയോ ചെയ്യാന്‍ പാടില്ലാത്തതാണ്. നേര് പറയേണ്ട നേരത്ത് അത് പറയാതിരിക്കുന്നത് കളവ് പറയുന്നതിന് തുല്യമായേക്കാം. നീതി ചോദിക്കേണ്ട സമയത്ത് ചോദിക്കാതിരിക്കുന്നത് അനീതിക്ക് കൂട്ടിരിക്കലാകാം. അനീതിക്കെതിരെ ശബ്ദിക്കാതിരിക്കുക എന്നത് പണ്ഡിതനെ സംബന്ധിച്ച് പാതകം തന്നെയാണ്. പിന്നെ എന്താണ് അവന്‍ നിര്‍വഹിക്കുന്ന ജിഹാദ്? ഒരു നബി വചനം ഇവിടെ ശ്രദ്ധയോടെ വായിക്കേണ്ടതുണ്ട്. അബൂസഈദില്‍ ഖുദ്‌രി നിവേദനം ചെയ്യുന്നു; നബിയോട് ചോദിച്ചു: 'ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് ഏതാണ്? നബി പറഞ്ഞു: 'അനീതി ചെയ്യുന്ന ഭരണാധികാരിക്കു മുമ്പില്‍ നീതിയുടെ പ്രഖ്യാപനമാണ്' (അബൂദാവൂദ് ഉദ്ധരിച്ചത്).
ജിഹാദിന്റെ രണ്ട് ഇനങ്ങളെക്കുറിച്ച ഇബ്‌നുല്‍ ഖയ്യിമിന്റെ വിശകലനം കൂടി വായിക്കുക: 'ജിഹാദ് രണ്ട് വിധമുണ്ട്. കൈയും ആയുധവും ഉപയോഗിച്ചുള്ളത്. ഇതില്‍ ധാരാളമാളുകള്‍ക്ക് പങ്കാളികളാകാം. രണ്ടാമത്തേത്, തെളിവുകളും ന്യായപ്രമാണങ്ങളും ഉപയോഗിച്ചുള്ളത്. പ്രവാചക പാരമ്പര്യമുള്ള പ്രധാനികള്‍ക്ക് മാത്രം നിര്‍വഹിക്കാന്‍ കഴിയുന്നതാണിത്. ഇതാണ് നേതാക്കളുടെ ജിഹാദ്. രണ്ട് ജിഹാദുകളില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. ഇത് അത്യധികം പ്രയോജനകരമാണ്, കൂടുതല്‍ ക്ലിഷ്ടതയുള്ളതാണ്, അധികം ശത്രുക്കള്‍ ഉണ്ടാകാനിടയുള്ളതും ഇതാണ്. മക്കയില്‍ അവതരിച്ച വചനത്തില്‍ ഖുര്‍ആന്‍ ഉപയോഗിച്ച 'വലിയ ജിഹാദ്' ചെയ്യാന്‍ പറഞ്ഞത് ഇതുകൊണ്ടാണ്. 'അതിനാല്‍ പ്രവാചകാ, സത്യനിഷേധികള്‍ക്ക് ഒട്ടും വഴങ്ങിപ്പോകരുത്. ഈ ഖുര്‍ആന്‍ കൊണ്ട് അവരോട് മഹാ സമരത്തിലേര്‍പ്പെടുക' (അല്‍ഫുര്‍ഖാന്‍ 51,52). 
വിധേയപ്പെടാത്ത പോരാട്ട വീര്യത്തെയാണ് നാം ജിഹാദ് എന്ന് വിളിക്കുന്നത്. ഖുര്‍ആന്‍ കൈയിലുള്ള ജനത ഒരിക്കലും വിധേയപ്പെടാന്‍ പാടില്ല. ഖുര്‍ആനില്‍ അവഗാഹം നേടിയവര്‍ ഒട്ടും ചെയ്യാന്‍ പാടില്ല. പ്രവാചകനെ അഭിസംബോധന ചെയ്ത് 'സത്യനിഷേധികള്‍ക്ക് വിധേയപ്പെടരുത്' എന്ന് ഉണര്‍ത്തിയതും 'ഖുര്‍ആന്‍ കൊണ്ട് ജിഹാദ് ചെയ്യണ'മെന്ന് കല്‍പ്പിച്ചതും നബിയുടെ അനന്തരാവകാശികളായ പണ്ഡിതന്മാര്‍ക്ക് ഏറ്റവും ബാധകമാണ്. അല്ലെങ്കിലും  നീതിയെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന ഖുര്‍ആനില്‍ പാണ്ഡിത്യം നേടിയ ഒരാള്‍ക്ക്, നീതിക്ക് സാക്ഷിയാകാനും അനീതിയെ ചെറുക്കാനും സാധിക്കാതിരിക്കുന്നതെങ്ങനെ? ഭരണകൂടത്തിന്റെ നെറികേടുകള്‍ക്ക് നേരെ കണ്ണടച്ച്, വഴങ്ങിയും വിധേയപ്പെട്ടും സുരക്ഷിതമായിരിക്കാന്‍ വെമ്പുന്ന പണ്ഡിതന്മാരുടെ ആദര്‍ശവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ശക്തമായ തിരുത്താണ്,'പ്രവാചകാ, സത്യനിഷേധികള്‍ക്ക് ഒട്ടും വഴങ്ങിപ്പോകരുത്' എന്ന ഖുര്‍ആനിക പ്രഖ്യാപനം.

ചരിത്ര സാക്ഷ്യങ്ങള്‍

ഫറോവയുടെ സ്വേഛാധിപത്യത്തെയും ഖിബ്തികളുടെ വംശവെറിയേയും നേരിടുന്നിടത്ത് നമസ്‌കാരവും ക്ഷമയും ഉപദേശിച്ച മൂസാ പ്രവാചകനെ നാം ചരിത്രത്തില്‍ കാണുന്നുണ്ട്.
എന്നാല്‍, അതു മാത്രമായിരുന്നില്ല ചരിത്രം. മൈതാന മധ്യത്തില്‍ ഫറോവയുടെ വെല്ലുവിളി സ്വീകരിച്ച്, സാഹിറുകളെ നേരിടാനെത്തിയ, തന്റെ വടിയിലെ മുഅ്ജിസത്തു കൊണ്ട് ഭരണകൂടത്തിന്റെ ഏജന്റുമാരെ മുട്ടുകുത്തിച്ച്, മാറ്റിയെടുത്ത മൂസായെയും നാം ചരിത്രത്തില്‍ കാണുന്നുണ്ട്. അചഞ്ചലമായ വിശ്വാസവും നേതൃശേഷിയും ഉപയോഗിച്ച് തന്റെ ജനതയെ സേ്വഛാധിപതിയില്‍ നിന്ന് മോചിപ്പിച്ച മൂസായുണ്ട്. രാജാവിന്റെ കൊട്ടാരത്തില്‍ ചെന്ന്, അടിമകളാക്കി വെച്ചവരെ മോചിപ്പിക്കണം എന്ന് നേരത്തേ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കടല്‍ കടന്ന തന്റെ അനുയായികള്‍ക്ക് മേഘക്കുടകള്‍ക്കു താഴെ, മൃഷ്ടാന്നഭോജനത്തിന്റെ സുഷുപ്തിയില്‍, സുരക്ഷിത ജീവിതത്തിന്റെ മത പാഠങ്ങള്‍ ചൊല്ലിക്കൊടുക്കുകയായിരുന്നില്ല മൂസാ നബി. മറിച്ച്, പോരാട്ടത്തിന്റെ മന്ത്രധ്വനികള്‍ ഉരുവിട്ട് ഫലസ്ത്വീനിലേക്കുള്ള വിമോചന യാത്രക്ക് അവരെ സജ്ജരാക്കുകയായിരുന്നു.
പീഡിത ജനതയോട് പ്രാര്‍ഥിച്ചും ക്ഷമിച്ചും കഴിയാന്‍ പറയുക മാത്രമല്ല, അവര്‍ക്ക് വിമോചനത്തെക്കുറിച്ച സന്തോഷ വാര്‍ത്ത അറിയിക്കുകയും അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു മൂസാ നബി (അല്‍അഅ്‌റാഫ് 128,129). ഇതാണ് പണ്ഡിതന്മാര്‍ പിന്തുടരേണ്ട പ്രവാചക പാത.
അറിവും ധൈര്യവും സമം ചേര്‍ത്ത്, ഈ പ്രവാചക പാതയില്‍ ജ്വലിച്ചു നിന്ന പണ്ഡിതന്മാരെ ചരിത്രത്തില്‍ ധാരാളം കാണാനുണ്ട്. അറിവുകൊണ്ട് അവര്‍ സത്യത്തിന്റെ സാക്ഷികളായി, ധീരത കൊണ്ട്  നീതിയുടെ പോരാളികളായി. അതായിരുന്നു അവരുടെ ആദര്‍ശ നിലപാട്. അഹ്‌ലുസ്സുന്നത്തിന്റെ ഇമാമുമാര്‍ ഈ തലത്തില്‍ അദ്വിതീയരാണ്. സത്യവും നീതിയും ഉറക്കെപ്പറയാന്‍ ധൈര്യം കാണിച്ചവര്‍. അതു കാരണം, ജയിലില്‍ കിടന്നു, ഭരണകൂട ഭീകരതക്ക് ഇരകളായി. ഇതാണ് അഹ്‌ലുസ്സുന്നത്തിന്റെ ഇമാമുമാരെ മഹത്തുക്കളാക്കുന്ന  ഘടകങ്ങളിലൊന്ന്. ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ എന്നീ നാല് ഇമാമുമാരും പല കാരണങ്ങളാല്‍ ജയിലില്‍ അടക്കപ്പെട്ടവരാണ്. ഭരണകൂടത്തോട് അടുപ്പം പുലര്‍ത്തി കാര്യം നേടാനും വിധേയത്വവും ദാസ്യവും പ്രകടിപ്പിച്ച് കസേരകള്‍ ഉറപ്പിക്കാനും ഇവരൊന്നും ശ്രമം നടത്തിയിരുന്നില്ല; എന്തുകൊണ്ട് ഇസ്‌ലാമിക ചരിത്രത്തിലെ മഹാന്മാരായ പണ്ഡിതന്മാര്‍ ജയിലില്‍ അടക്കപ്പെട്ടു? അവരുടെ പാരമ്പര്യം വാദിക്കുന്നവര്‍ക്ക് എന്തുകൊണ്ട് അധികാര സോപാനങ്ങള്‍ വിരുന്നൂട്ടുന്നു?
അനീതി ചെയ്യുന്ന അധികാരികള്‍ക്ക് അപ്രിയരായിരുന്നു എന്നും അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതന്മാര്‍. ജനാധിപത്യ ക്രമത്തില്‍ അനീതികളുടെ തേര്‍വാഴ്ചക്കും വിവേചന ഭീകരതക്കും നേതൃത്വം നല്‍കുന്നവര്‍ക്ക് ചില പണ്ഡിതവേഷധാരികള്‍ പ്രിയപ്പെട്ടവരായിത്തീരുന്നു എന്ന വൈരുധ്യം തന്നെ ധാരാളം ഉത്തരങ്ങള്‍ തരുന്നുണ്ട്. അറിവും നീതിയും സമന്വയിപ്പിച്ചവരായിരുന്നു അഹ്‌ലുസ്സുന്നത്തിന്റെ പണ്ഡിതന്മാര്‍ എന്ന ശ്രദ്ധേയമായൊരു നിരീക്ഷണമുണ്ട്. ചരിത്ര സാക്ഷ്യങ്ങള്‍ സഹിതം വിശദീകരിക്കേണ്ടതാണ് ഇത്. നീതിമാന്മാര്‍ അധികാരത്തില്‍ വരാന്‍ പണ്ഡിതന്മാര്‍ പുലര്‍ത്തിയ ജാഗ്രതയും അയോഗ്യര്‍ അധികാരമേല്‍ക്കുമ്പോള്‍, അനുസരണ പ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ചതും ഇതിന്റെ ഉദാഹരണമത്രെ. ഉമര്‍ രണ്ടാമന്‍ എന്ന് വിളിക്കപ്പെടുന്ന ഉമറുബ്‌നു അബ്ദുല്‍ അസീസാണ് ഇസ്‌ലാമിക ചരിത്രത്തിലെ ഒന്നാമത്തെ നവോത്ഥാന നായകനായി എണ്ണപ്പെടുന്നത്. അധികാരത്തിലേറിയ ശേഷം അദ്ദേഹം നടപ്പിലാക്കിയ ഇസ്‌ലാമിക ഭരണ പരിഷ്‌കാരങ്ങള്‍ ചരിത്രത്തില്‍ സുവിദിതമാണ്. എന്നാല്‍, റജാഉബ്‌നു ഹയവ എന്ന വിശ്രുത പണ്ഡിതനായിരുന്നു ഉമര്‍ ബിനു അബ്ദുല്‍ അസീസിനെ ഖലീഫയാക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചത് എന്നുകൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്. അറിവിലും ഭക്തിയിലും നീതിനിര്‍വഹണത്തിലും മുന്നിട്ടു നിന്ന ശാമിലെ പണ്ഡിതനായിരുന്നു റജാഉ ബ്‌നു ഹയവ. ഖലീഫ സുലൈമാനുബ്‌നു അബ്ദുല്‍ മലികില്‍ തനിക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തിയാണ്, അദ്ദേഹത്തിന്റെ പിന്മുറക്കാരനായി ഖിലാഫത്ത് ഏല്‍പ്പിക്കാല്‍ റജാ ഉബ്‌നു ഹയവ ഉമര്‍ ബ്‌നു അബ്ദുല്‍ അസീസിനെ നിര്‍ദേശിച്ചത്. ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ പേരെഴുതി സീല്‍ വെച്ച ഖിലാഫത്ത് പത്രിക സൂക്ഷിച്ചതും പിന്നീട് അനുസരണ പ്രതിജ്ഞ വാങ്ങി വിളംബരം ചെയ്തതും ഈ പണ്ഡിതവര്യനായിരുന്നു. അതൊരു നീണ്ട ചരിത്രമാണ്. നീതിമാനായ ഭരണാധികാരിയുടെ അധികാര പ്രവേശം ഉറപ്പാക്കുക പണ്ഡിത ദൗത്യമാണെന്ന പാഠമാണ് റജാഉബ്‌നു ഹയവ ഇതിലൂടെ പകര്‍ന്ന് തരുന്നത്.
നീതിയുടെ പക്ഷത്ത് നിലകൊണ്ടതിനാലാണ് സമകാലികനായ രാജാവിനെക്കാള്‍ ജനകീയതയും സ്വീകാര്യതയും ചില ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്ക് ലഭിച്ചത്. ബഗ്ദാദ് പ്രതാപത്തോടെ തലയുയര്‍ത്തി നിന്ന കാലത്ത്, ഖലീഫക്ക് ലഭിക്കുന്നതിനേക്കാള്‍ വലിയ സ്വീകരണമാണ് പണ്ഡിതനും പരിവ്രാജകനും പോരാളിയുമായ അബ്ദുല്‍ മലിക് ബിന്‍ മുബാറക്കിന് ലഭിച്ചിരുന്നത്. അദ്ദേഹത്തെ സ്വീകരിക്കാനെത്തിയ ജനസാഗരത്തെ നോക്കി ഖലീഫയുടെ മാതാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു; 'ഇദ്ദേഹമാണ് യഥാര്‍ഥ രാജാവ്, സാമ്പത്തിക നേട്ടങ്ങളോ, സൈനിക ശക്തിയോ പ്രേരകമാകാത്ത ശരിയായ രാജാവ്!' എന്നാല്‍, ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി, രാജകൊട്ടാരത്തില്‍ പാദസേവ ചെയ്യുന്ന പണ്ഡിതന്മാരുമുണ്ട്, അവരെയാണ് 'ഉലമാഉസ്സുല്‍ത്വാന്‍' എന്ന് വിളിക്കുന്നത്. 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

മനുഷ്യസമത്വം ഉദ്‌ഘോഷിച്ച ദൈവദൂതന്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്