Prabodhanm Weekly

Pages

Search

2022 ജനുവരി 07

3234

1443 ജമാദുല്‍ ആഖിര്‍ 04

കെ. റെയില്‍: പിണറായിയുടെ  പിടിവാശിക്ക് പിന്നിലെന്ത്?

എ.ആര്‍

കെ. റെയില്‍ നടപടികളുമായി മുന്നോട്ടുപോകുമെന്ന നിലപാടിലുറച്ച് സംസ്ഥാന സര്‍ക്കാര്‍. എതിര്‍പ്പുണ്ടെന്ന് കരുതി കെ റെയില്‍ ഉള്‍പ്പെടെ നാടിന് ആവശ്യമുള്ള ഒരു പദ്ധതിയും വേണ്ടെന്ന് വെക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു (മാതൃഭൂമി 2021 ഡിസംബര്‍ 27). ലോകത്താകമാനമുള്ള അതിവേഗ റെയില്‍ പാതകളെക്കുറിച്ച് വിശദ പഠനം നടത്തിയ, തദ്വീഷയകമായി ഇന്ത്യയില്‍ ഏറ്റവും ആധികാരികാഭിപ്രായം പ്രകടിപ്പിക്കാന്‍ പ്രാപ്തനായ ഇന്ത്യന്‍ റെയില്‍വേ മുന്‍ ചീഫ് എഞ്ചിനീയര്‍ അലോക് വര്‍മ മുതല്‍ മെട്രോമാന്‍ എന്ന് കീര്‍ത്തി നേടിയ ഇ. ശ്രീധരന്‍ വരെയുള്ളവരും ഇടതുപക്ഷ സഹയാത്രികരായ ശാസ്ത്ര സാഹിത്യ പരിഷത്തും വികസനത്തോടൊപ്പം പാരിസ്ഥിതിക പ്രത്യാഘാതങ്ങളെയും നേട്ടകോട്ടങ്ങളെയും കുറിച്ച് കൃത്യമായ കണക്കുകൂട്ടലുകളും വേണമെന്ന് ശാഠ്യമുള്ള മനുഷ്യ സ്‌നേഹികളും എല്ലാം ഒറ്റക്കെട്ടായി എതിര്‍ക്കുന്ന അര്‍ധ അതിവേഗ കേരള റെയില്‍ പദ്ധതിയെക്കുറിച്ചാണ് എല്ലാ എതിര്‍പ്പുകളെയും മറികടന്ന് അത് നടപ്പാക്കിയേ അടങ്ങൂ എന്ന് സംസ്ഥാനത്തിന്റെ ജനകീയ മുഖ്യമന്ത്രി പിണറായി വിജയന്‍ ശപഥം ചെയ്യുന്നത്. കാരണം, അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും കണ്ണില്‍ തീവ്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയേ കാര്യമായി പദ്ധതിയെ എതിര്‍ക്കുന്നുള്ളൂ!! മറ്റുള്ളവരൊക്കെ കേരളത്തിന്റെ വികസനത്തില്‍ കെ. റെയില്‍ അനുപേക്ഷ്യമാണെന്ന പ ക്ഷക്കാരാണത്രെ. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ചതും രണ്ടാമൂഴത്തില്‍ തകൃതിയായി സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതുമായ കെ. റെയില്‍ പദ്ധതി, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 529 കിലോമീറ്റര്‍ ദൂരത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് റെയില്‍ പാളം നിര്‍മിക്കാനുദ്ദേശിച്ചുള്ളതാണ്. 2027-ല്‍ പണി തീരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കെ. റെയിലില്‍ മണിക്കൂറില്‍ 200 കി.മീറ്റര്‍ വേഗത്തില്‍ തീവണ്ടി ഓടുമെന്നും നാല് മണിക്കൂറിനകം കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെയുള്ള ദൂരം കവര്‍ ചെയ്യുമെന്നുമാണ് അവകാശവാദം. ശരാശരി ടിക്കറ്റ് നിരക്ക് 1500 രൂപയാണെന്നും കണക്ക് കൂട്ടി പറയുന്നു. എന്നാല്‍ വിഷയം പഠിച്ചവരും അതിനാല്‍ തന്നെ മറുവശം ചൂണ്ടിക്കാട്ടുന്നവരും നിരത്തുന്ന ന്യായങ്ങള്‍ ഇപ്രകാരം:
* കെ.ആര്‍.ഡി.സി.എല്ലും പിണറായി സര്‍ക്കാറും വാദിക്കുന്ന കണക്ക് പ്രകാരം 63,940 കോടിയാണ് പദ്ധതിയുടെ മതിപ്പ് ചെലവ്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ പരമോന്നത നയ ഉപദേശക വിദഗ്ധ സംഘമായ നീതി ആയോഗ് കണ്ടെത്തിയ ചെലവ് 1,26,081 കോടിയാണ്. ഭീമമായ ഈ വ്യത്യാസം എങ്ങനെ നികത്തും?
* ജപ്പാന്‍ സര്‍ക്കാറില്‍നിന്ന് നിസ്സാര പലിശക്ക് അഥവാ പലിശയില്ലാതെ വായ്പ ലഭിക്കുമെന്നാണ് വാദം. അത് ലഭിച്ചാല്‍ പോലും തിരിച്ചടവ് നടത്തേണ്ടത് ഇന്ത്യന്‍ രൂപയിലല്ല, ജപ്പാന്‍ കറന്‍സിയായ യെന്നിലാണ്. രൂപയുടെ വിലയിടിവ് മൂലം മാത്രം വാര്‍ഷിക തിരിച്ചടവ് തുക അഞ്ച് മുതല്‍ ആറ് ശതമാനം വരെ വര്‍ധിക്കും. എന്നുവെച്ചാല്‍ ആറ് ശതമാനം പലിശക്ക് തുല്യമായ തുക ഒരു ലക്ഷം കോടിക്ക് അഞ്ചു ശതമാനം കണക്കാക്കിയാല്‍ പോലും പ്രതിവര്‍ഷം 5000 മുതല്‍ 6000 കോടിയുടെ അധിക ബാധ്യത. മൂന്ന് ലക്ഷം കോടി രൂപയുടെ കടത്തില്‍ മുങ്ങിക്കിടക്കുന്ന കേരളമാണ് ഈ ബാധ്യത പേറേണ്ടിവരിക. സ്റ്റാന്‍ഡേര്‍ഡ് ഗേജിലുള്ള 500 കി.മീറ്റര്‍ റെയിലില്‍നിന്ന് ലഭിക്കുമെന്ന് കണക്കുകൂട്ടുന്ന വരുമാനമാകട്ടെ, നടത്തിപ്പ് ചെലവിന്  പോലും തികയാതെ വരുമെന്നോര്‍ക്കണം.
* തന്റെ ഭരണനേട്ടമായി ഭാവി ചരിത്രകാരന്‍ രേഖപ്പെടുത്തുമെന്ന് കണക്കുകൂട്ടുന്ന സ്വപ്‌ന പദ്ധതി ക്ഷണിച്ചുവരുത്തുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ പിണറായിയോ പിണിയാളുകളോ സാരമാക്കുന്നില്ല. വലിയ തോതില്‍ ഭൂമി ഏറ്റെടുക്കല്‍ വേണ്ടിവരും. അനേകമനേകം മീറ്ററുകളില്‍ ഭിത്തി നിര്‍മിക്കണം. 88 കിലോ മീറ്റര്‍ പാടങ്ങള്‍ റെയില്‍പാത താണ്ടേണ്ടി വരും. നികത്തപ്പെടുന്ന പാടങ്ങള്‍ക്ക് മണ്ണ് സ്വരൂപിക്കാന്‍ എത്ര കുന്നുകള്‍ ഇടിച്ചു നിരപ്പാക്കണം? മുളക്കുളം പ്രദേശത്ത് മൂവാറ്റുപുഴയില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന നൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. വല്ലാര്‍പാടം കണ്ടയ്‌നര്‍ ബെര്‍ത്തിനു വേണ്ടി 2008-ല്‍ കൊച്ചി നഗരത്തിലെ മൂലമ്പള്ളിയില്‍ നിന്ന് കുടിയിറക്കപ്പെട്ട 326 കുടുംബങ്ങളില്‍ 250-ഉം ഇപ്പോഴും പുനരധിവസിക്കപ്പെട്ടിട്ടില്ല. പ്ലാസ്റ്റിക് ഷീറ്റുകള്‍ക്ക് കീഴെയാണ് അവരിപ്പോഴും അന്തിയുറങ്ങുന്നത്. ഏതാണ്ടെല്ലാ പുനരധിവാസ പാക്കേജിന്റെയും ഗതിയാണിത്.
* വികസനത്തിന് അതിവേഗ റെയില്‍ വേണ്ടേ എന്നാണ് ഇമ്മിണി വലിയ ചോദ്യം. വേണം എന്നുതന്നെയാണ് മറുപടി. അതിന് പക്ഷേ സര്‍വസംഹാരിയായ പദ്ധതി തന്നെ വേണമെന്നില്ല. ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍തന്നെ ന്യൂദല്‍ഹി മുതല്‍ ഝാന്‍സി വരെ ഗതിമാന്‍ എക്‌സ്പ്രസ് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കുന്നു. 2025-ല്‍ എവിടെയൊക്കെ ഇരട്ട പാത ലഭ്യമാണോ അവിടെയെല്ലാം മൂന്നാമതൊരു ലൈന്‍ കൂടി നിര്‍മിച്ചു എല്ലാ എക്‌സ്പ്രസ് ട്രെയ്‌നുകളും 160 കിലോമീറ്റര്‍ വേഗത്തിലാക്കാനാണ് പദ്ധതി. എന്നാല്‍ സില്‍വര്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആയത് കൊണ്ട് ബ്രോഡ്‌ഗേജുമായി ബന്ധിപ്പിക്കാനോ നീട്ടാനോ പറ്റില്ല. കാസര്‍കോട് നിന്ന് മംഗലാപുരത്തേക്കോ ബംഗളുരൂവിലേക്കോ പോലും നമ്മുടെ സെമി സ്പീഡ് റെയില്‍ നീട്ടാനാവില്ലെന്നര്‍ഥം. 2025-ഓടു കൂടി ഇന്ത്യന്‍ റെയില്‍വെ എല്ലാ എക്‌സ്പ്രസ് ട്രെയിനുകളും 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കുമ്പോള്‍ 2030-നോ ശേഷമോ കമീഷന്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സില്‍വര്‍ ലൈന്‍ പരമാവധി 200-ല്‍ താഴെ കിലോമീറ്റര്‍ സ്പീഡില്‍ ഓടിക്കുന്നതിലെ അതിബുദ്ധിയെക്കുറിച്ച് എന്തു പറയാന്‍! പിന്നെ എന്തിന് ഈ വാശി എന്ന ചോദ്യത്തിന്റെ മറുപടി പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും സുപ്രീം കോടതിയിലെ ഒന്നാം നിര അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്‍ പറയട്ടെ: ''സ്റ്റാന്‍ഡേര്‍ഡ് ഗേജ്പാളത്തില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ബോഡികളും സാങ്കേതിക വിദ്യയും ഉള്‍പ്പെടെ എല്ലാം പൂര്‍ണമായും ഇറക്കുമതി ചെയ്യണം. വിദേശ ഇറക്കുമതിയും വിദേശ കരാറുകളുമൊക്കെ കോഴ എളുപ്പത്തില്‍ കിട്ടുന്ന ഏര്‍പ്പാടാണ്. മറ്റൊന്ന് റിയല്‍ എസ്റ്റേറ്റ് താല്‍പര്യങ്ങളാണ്. പുതുതായി വരുന്ന സില്‍വര്‍ ലൈനില്‍ സ്റ്റേഷനുകള്‍ക്ക് സമീപത്തും മറ്റും ഭൂമി വാങ്ങിക്കൂട്ടുന്നവര്‍ക്ക് പദ്ധതി വന്നാല്‍ വലിയ കോളായിരിക്കുമല്ലോ'' (മാധ്യമം ദിനപത്രം 2021 ഡിസംബര്‍ 24). സില്‍വര്‍ ലൈന്‍ കാര്യത്തില്‍ ഭിന്നാഭിപ്രായം പറഞ്ഞുകഴിഞ്ഞ ഇടതുമുന്നണിയിലെ രണ്ടാം ഘടകകക്ഷിയായ സി.പി.ഐയെ പോലും കണ്ടില്ലെന്ന് വെച്ച് വിഷയത്തില്‍ ഒരഭിപ്രായവും പറഞ്ഞിട്ടില്ലാത്ത, എക്കാലത്തും നീതിക്കു വേണ്ടി ജനപക്ഷത്ത് നിന്ന ജമാഅത്തെ ഇസ്‌ലാമിയെ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കുന്നതിന്റെ പിന്നിലെ സൃഗാല ബുദ്ധി ഇപ്പോള്‍ പിടികിട്ടുന്നില്ലേ?
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ (10-12)
ടി.കെ ഉബൈദ്‌

ഹദീസ്‌

മനുഷ്യസമത്വം ഉദ്‌ഘോഷിച്ച ദൈവദൂതന്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്