അസമത്വ ഭീകരത യഥാര്‍ഥ ചോദ്യങ്ങളെ അഭിമുഖീകരിക്കാത്തതെന്ത്?
'ഒരു രാജ്യത്ത് വളരെക്കുറച്ച് പേര്‍ക്ക് വളരെ കൂടുതലും, വളരെക്കൂടുതല്‍ പേര്‍ക്ക് വളരെ കുറച്ചുമാണ് ലഭിക്കുന്നതെങ്കില്‍ ആ രാജ്യം ധാര്‍മികമായോ സാമ്പത്തികമായോ അതിജീവിക്കുകയില്ല.' അമേരിക്കന്‍ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സിന്റേതാണ് ഈ വാക്കുകള്‍. മുഴുവന്‍ ലോക രാഷ്ട്രങ്ങളും അഭിമുഖീകരിക്കുന്ന അതിമാരകമായ ഒരു സാമൂഹിക പ്രശ്‌നത്തിലേക്കാണ് അദ്ദേഹം വിരല്‍ ചൂണ്ടിയത്. ഇപ്പോഴിതാ 'ലോക അസമത്വ റിപ്പോര്‍ട്ടും (2022)' പുറത്ത് വന്നിരിക്കുന്നു. പ്രമുഖ സാമ്പത്തിക വിദഗ്ധരായ ലുക്കാസ് ചന്‍സല്‍, തോമസ് പിക്കറ്റി, ഇമ്മാനുവല്‍ സയേസ്, ഗബ്രിയേല്‍ സുക്മന്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. നൂറ് ഗവേഷകരുടെ നാല് വര്‍ഷത്തെ പഠനങ്ങളെ ആസ്പദിച്ചുള്ളതാണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ഇന്ന് ലഭിക്കാവുന്ന ഏറ്റവും ആധികാരിക രേഖ എന്ന് പറയാം. ഓരോ രാജ്യത്തും നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ആഗോള വരുമാനത്തിന്റെ 52 ശതമാനവും ജനസംഖ്യയില്‍ പത്ത് ശതമാനം വരുന്ന ധനികര്‍ കൈയടക്കി വെച്ചിരിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിലെ ഒരു കണ്ടെത്തല്‍. ജനസംഖ്യയുടെ പകുതി വരുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് മൊത്തം വരുമാനത്തിന്റെ 8.5 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. മിച്ചംവെപ്പ്, നിക്ഷേപം, ആസ്തി എന്നിവയിലുള്ള അസമത്വം ഇതിനേക്കാള്‍ രൂക്ഷമാണ്. ജനസംഖ്യയുടെ പകുതി വരുന്ന ജനവിഭാഗത്തിന്റെ മൊത്തം സമ്പത്ത് രണ്ട് ശതമാനത്തില്‍ കൂടില്ല. പത്ത് ശതമാനം മാത്രമുള്ള ധനികരുടെ കൈയിലാണ് 76 ശതമാനം സമ്പത്തും.
ധന വിതരണത്തിലെ അസമത്വങ്ങളെ സൂക്ഷ്മമായി പിന്തുടരുന്ന റിപ്പോര്‍ട്ട് ധനികര്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുക പോലുള്ള പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും അതുകൊണ്ടൊന്നും അസമത്വത്തെ ചെറുക്കാനാവില്ലെന്ന് അത് പറയുന്നവര്‍ക്ക് തന്നെ ബോധ്യമുണ്ട്. ദേശീയ ഭരണകൂടങ്ങളുടെ നയനിലപാടുകള്‍ നിശ്ചയിക്കുന്നത് പോലും കോര്‍പ്പറേറ്റ് കമ്പനികള്‍ ആണെന്നിരിക്കെ അവര്‍ക്ക് മേല്‍ അധിക നികുതി ചുമത്താന്‍ എങ്ങനെയാണ് ഈ ദുര്‍ബല ഭരണ കൂടങ്ങള്‍ക്ക് കഴിയുക? സാമ്പത്തിക മേഖലയില്‍ ഭരണകൂടത്തിന്റെ പിടി അയയാനുള്ള പ്രധാന കാരണവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലുള്‍പ്പെടെ പൊതു മേഖലാ സ്ഥാപനങ്ങള്‍ തുഛം വിലയ്ക്ക് സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതി കൊടുത്തുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക മേഖലയിലുള്ള ഗവണ്‍മെന്റിന്റെ പങ്കാളിത്തം ഇത് വല്ലാതെ കുറച്ചു കളഞ്ഞിട്ടുണ്ട്.
ഇത്തരം കാര്യങ്ങളൊക്കെ റിപ്പോര്‍ട്ടിനെക്കുറിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നുവെങ്കിലും മൗലിക ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ ഇപ്പോഴും തയാറല്ല. അസമത്വം വര്‍ധിപ്പിക്കുന്നതില്‍ പലിശക്കുള്ള പങ്കാണ് അതിലൊന്ന്. പലിശാധിഷ്ഠിത സമ്പദ്ഘടന സൃഷ്ടിക്കുന്നത് 'നീര്‍പോള സമ്പദ് വ്യവസ്ഥ' (Bubble Economy) ആയിരിക്കും. ഏതു നിമിഷവും അത് തകര്‍ന്നേക്കും. അത് യാഥാര്‍ഥ്യാധിഷ്ഠിതമല്ല; ഊഹാധിഷ്ഠിതമാണ്. പലിശാധിഷ്ഠിത ഘടനയില്‍ സമ്പത്ത് എപ്പോഴും പാവപ്പെട്ടവരില്‍ നിന്ന് സമ്പന്നരിലേക്കാണ് ഒഴുകുക. ഇടതുപക്ഷ ഭരണകൂടങ്ങള്‍ വരെ ആര്‍ത്തിയോടെ പുല്‍കുന്ന നവ ലിബറല്‍ നയങ്ങളാണ് അസമത്വങ്ങള്‍ ഇവ്വിധം വര്‍ധിപ്പിക്കുന്നത് എന്ന് വ്യക്തമാണെങ്കിലും അത് തുറന്ന് പറയാന്‍ പലരും ധൈര്യപ്പെടുന്നില്ല. മൂലധനം അനിയന്ത്രിതമായി വിഹരിക്കുന്ന സ്വതന്ത്ര കമ്പോളവും പൊതുസേവന മേഖലയില്‍ നിന്നുള്ള ഭരണകൂടത്തിന്റെ പിന്മാറ്റവും നവ ലിബറല്‍ നയങ്ങളുടെ ഭാഗമാണ്. അത് എങ്ങനെ അസമത്വം വര്‍ധിപ്പിക്കുന്നു എന്ന് ആരും ചര്‍ച്ച ചെയ്യാത്തത് എന്തുകൊണ്ടാണ്?
ഇത്തരം മൂടുറച്ചു പോയ, എന്നാല്‍ സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കെതിരെ ചില ധീരമായ നീക്കങ്ങള്‍ തുര്‍ക്കി പോലുള്ള അപൂര്‍വം ചില രാജ്യങ്ങളില്‍ നടക്കുന്നുണ്ട്. അതേക്കുറിച്ചുള്ള ലഘു വിവരണം ഈ ലക്കത്തിലുണ്ട്. പലിശ നിരക്ക് വര്‍ധിപ്പിച്ചു കൊണ്ടല്ല, നിക്ഷേപവും ഉല്‍പാദനവും കയറ്റുമതിയും വര്‍ധിപ്പിച്ചും തൊഴിലുകള്‍ സൃഷ്ടിച്ചുകൊണ്ടുമായിരിക്കണം പണപ്പെരുപ്പം പോലുള്ള പ്രതിസന്ധികളെ നേരിടേണ്ടത് എന്ന പാഠമാണ് ആ പരീക്ഷണങ്ങള്‍ നല്‍കുന്നത്.
Comments