Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 10

3230

1443 ജമാദുല്‍ അവ്വല്‍ 05

ആവര്‍ത്തിക്കേണ്ട ഭൂതകാലങ്ങള്‍

സി.കെ മുനവ്വിര്‍ ഇരിക്കൂര്‍

ബിലാലേ
നിന്റെ പേര് കേട്ടിട്ടെത്ര നാളായി
ആലയും
അടിമപ്പാളയവുമോര്‍ക്കാത്ത
നീണ്ട ദിനരാത്രങ്ങള്‍

ഒരു കാലത്ത്
ഉറക്കം തരാതെ
നീയെന്റെ പിന്നാലെ കൂടിയിരുന്നു

നിന്റെ വാക്കുകള്‍
ബാങ്കുകള്‍
കര്‍മ മണ്ഡലത്തിലെ
ഓരോ ചുവടും
ഒന്നിനു പിറകെ മറ്റൊന്നായി
ആവേശച്ചൂട് പകര്‍ന്നിരുന്നു

അടിമയും മനുഷ്യനാണ്
അവനും ഉടമയുടേതു പോലെയുള്ള
സ്വാതന്ത്ര്യവും അവകാശവുമുണ്ട്
മനുഷ്യരെല്ലാരും അടിമകള്‍
ഉടമ സ്രഷ്ടാവായ പ്രപഞ്ചനാഥന്‍ മാത്രം
നിന്റെ കാതില്‍ വന്ന് മുട്ടിയ
മുഹമ്മദിന്റെയീ വാക്കുകള്‍
നിന്നില്‍ സൃഷ്ടിച്ച പരിവര്‍ത്തനങ്ങള്‍
നിന്റെ പുറപ്പെടലുകള്‍
മര്‍ദന പീഡനങ്ങള്‍ക്ക് മുമ്പിലെ
നിന്റെ ഉറച്ചുനില്‍പുകള്‍
എല്ലാം കണ്‍മുന്നിലെന്ന പോലെ
തെളിഞ്ഞു നില്‍ക്കുന്നു

ബിലാലേ........
ആദര്‍ശ വാക്യത്തിന്റെ
അംഗീകാരത്തോടെ
നിനക്ക് തിരിച്ചു കിട്ടിയത്
നിന്നെത്തന്നെയായിരുന്നല്ലോ
കാലികളുടെ കാടിക്കഥയില്‍
ഒഴുകിപ്പോകുമായിരുന്ന
നിന്റെ ജീവിതം
നൂറ്റാണ്ടുകള്‍ക്കിപ്പുറം
എന്നോട് സംവദിക്കാന്‍ വരുന്നത്
നിന്റെ തീരുമാനമൊന്നു കൊണ്ട് 
മാത്രമായിരുന്നല്ലോ

നീയോര്‍ക്കുന്നുണ്ടോ
ആ നാളുകള്‍
പ്രവാചകന്‍ മുഹമ്മദ് നബി
അദ്ദേഹത്തിന്റെ ചുമലുകള്‍
നിനക്കു മുന്നില്‍ താഴ്ത്തിവെച്ച്
നിന്നോടതില്‍ ചവിട്ടി
കഅ്ബയുടെ ഉച്ചിയില്‍ 
കയറാന്‍ പറഞ്ഞു
റസൂലിന്റെ പൂമേനിയില്‍
ചവിട്ടാനാകാതെ
നീ ശങ്കിച്ചു നിന്നപ്പോള്‍
കേറൂ ബിലാലേയെന്ന്
റസൂല്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചു
നീ നിന്റെ കാലുകള്‍
റസൂലിന്റെ ചുമലിലമര്‍ത്തി
കഅ്ബയുടെ മേലേ കയറി
ബാങ്ക് വിളിച്ചു
യുഗങ്ങളായവര്‍ ഇറുക്കിപ്പിടിച്ച
ജാതീയതയുടെ
നിറവെറിയുടെ
മനുഷ്യ വിവേചനത്തിന്റെ
വന്‍ മതിലാണന്ന് റസൂല്‍
നിന്നിലൂടെയുടച്ചുകളഞ്ഞത്

നീയിറങ്ങിവാ ബിലാലേ
ആധുനിക അടിമപ്പാളയങ്ങള്‍ക്കു
മുന്നില്‍ നിന്ന്
മനുഷ്യ സമത്വത്തിന്റെ
ആ മധുരോതര ഗീതമൊന്ന് ചൊല്ല്
വര്‍ണാശ്രമ സിദ്ധാന്തങ്ങളില്‍ കുരുങ്ങി
ജന്മത്തിനു പിന്നിലെ ജാതിച്ചരടില്‍
ജീവിതം കെട്ടിത്തൂക്കാന്‍
ഒരുങ്ങി നില്‍ക്കുന്ന
പതിനായിരങ്ങള്‍ക്ക്
നീ കേട്ടയാമൂളിപ്പാട്ടൊന്ന് 
പാടിക്കൊടുക്കൂ
അവരും ജീവിക്കട്ടെ
എല്ലാ സ്വാതന്ത്ര്യങ്ങളോടും കൂടെ
നിന്നെപ്പോലെ മനുഷ്യനായി.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 71-75
ടി.കെ ഉബൈദ്‌

ഹദീസ്‌

അനാഥരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌