Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 10

3230

1443 ജമാദുല്‍ അവ്വല്‍ 05

ഹദീസ്‌നിഷേധികളുടെ വിതണ്ഡവാദങ്ങള്‍ ഹദീസും ഖുര്‍ആനും

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

'ഞാന്‍ എന്തുകൊണ്ട് ഹദീസ്‌നിഷേധിയായി' എന്ന ശീര്‍ഷകത്തില്‍ ഈയിടെ ഒരു മാന്യന്‍ ഒരു ലഘു കൃതി പ്രസിദ്ധീകരിക്കുകയുണ്ടായി.1 രചയിതാവ് സ്വന്തം പേര് അതില്‍ അച്ചടിച്ചിട്ടില്ല. 'സത്യാന്വേഷി' എന്ന തൂലികാ നാമത്തിലാണ് രചന. ഇതേ സത്യാന്വേഷി തന്നെ 'ഹദീസ് വായന' എന്ന തലക്കെട്ടില്‍ വിസ്തരിച്ചൊരു ലേഖനം ചില ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. അതിലെ ചില ഭാഗങ്ങള്‍ നമ്മുടെ ശ്രദ്ധയിലും പെടുകയുണ്ടായി. തെളിവുകളൊക്കെ ഏതാണ്ട് ഹദീസ്‌നിഷേധികളുടെ ഭാഗത്തു നിന്ന് സമര്‍പ്പിക്കപ്പെടുന്നവ തന്നെ. അവയുടെയെല്ലാം ചുരുക്കം ഇതാണ്: നമുക്ക് ഖുര്‍ആന്‍ മാത്രം മതി. ഹദീസ് റിപ്പോര്‍ട്ടുകള്‍ പരിഗണനാര്‍ഹമല്ല. അവയെ മതത്തിന്റെ അടിസ്ഥാനമാക്കുന്നത് ശരിയല്ല. 'സത്യാന്വേഷി' സാഹിബിന്റെയും സമാന ചിന്താഗതിക്കാരായ ഹദീസ്‌നിഷേധികളുടെയും അഭിപ്രായത്തില്‍ ഹദീസുകള്‍ ഇസ്‌ലാമിന് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല. മറിച്ച് ഇസ്‌ലാമിനെതിരില്‍ ആക്രമണമഴിച്ചുവിടുന്ന ഇസ്‌ലാംവിരുദ്ധര്‍ക്ക് ആയുധങ്ങള്‍ സംഭരിച്ചുകൊടുത്തിട്ടേ ഉള്ളൂ. അതിനാല്‍ ഇസ്‌ലാമില്‍നിന്ന് ഹദീസുകളെ പൂര്‍ണമായും പുറംതള്ളണമെന്നാണ് അവരുടെ ആഗ്രഹം. അത് ഇസ്‌ലാമിന് ചെയ്യുന്ന വലിയൊരു സേവനമായാണ് അവര്‍ കരുതുന്നത്.
ഇസ്‌ലാമിനെയും പ്രവാചകനെയും ആക്രമിക്കാന്‍ ശത്രുക്കള്‍ക്ക് എങ്ങനെയാണ് ഹദീസുകള്‍ കരുക്കള്‍ ഒരുക്കിക്കൊടുക്കുന്നതെന്ന് തെളിയിക്കാന്‍ ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് തങ്ങള്‍ക്കനുകൂലമായ ധാരാളം തെളിവുകള്‍ 'സത്യാന്വേഷി' സാഹിബ് സമര്‍പ്പിക്കുന്നുണ്ട്. ഖുര്‍ആനില്‍ മാറ്റത്തിരുത്തലുകള്‍ നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന ചില ഹദീസുകള്‍ ഉദാഹരണം. വഹ്‌യ് (വെളിപാട്) ഇറങ്ങുന്നത് ഒരു അഭിനയം മാത്രമാണെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് ചിലത്. വേദക്കാരില്‍നിന്ന് കേള്‍ക്കുന്നതൊക്കെയാണ് നബി തിരുമേനി വഹ്‌യായി അവതരിപ്പിക്കുന്നത് (അല്ലാഹുവില്‍ ശരണം). നബിയുടെ ആഗ്രഹാനുസാരമാണ് വഹ്‌യ് ഇറങ്ങുന്നതെന്നാണ് ചില ഹദീസുകളില്‍നിന്ന് മനസ്സിലാവുക. നബിക്ക് സിഹ്ര്‍ (ആഭിചാരം) ബാധിച്ചതായി ചില ഹദീസുകള്‍ സാക്ഷ്യപ്പെടുത്തുന്നു... നബി തന്റെ പ്രതിയോഗികളെ ചതിപ്രയോഗത്തിലൂടെ കൊല ചെയ്തതായി ചില ഹദീസുകളുമുണ്ട് (കഅ്ബുബ്‌നു അശ്‌റഫ് സംഭവം). മറ്റു ചില ഹദീസുകള്‍ നബിയുടെ മേല്‍ അക്രമവും ക്രൂരതയും ചാര്‍ത്തുന്നു. ഈ വിഷത്തില്‍ പുസ്തക രചയിതാവ് നബിയുടെ മേല്‍ ശാരദ ആക്ടും (ബാലവിവാഹ നിരോധന ആക്ട്-വിവ.) നടപ്പിലാക്കുന്നുണ്ട്. വിശ്വാസികളുടെ മാതാവായ ആഇശ ബീവിയെ പ്രവാചകന്‍ ഒമ്പതാം വയസ്സില്‍ വിവാഹം ചെയ്തതായി വിവരിക്കുന്ന എല്ലാ ഹദീസുകളും തള്ളിക്കളഞ്ഞിരിക്കുകയാണ് ഈ കൃതിയുടെ കര്‍ത്താവ്. അതിനു ശേഷം രചയിതാവ് ഹദീസ് വിജ്ഞാനീയത്തെക്കുറിച്ച് പൊതുവായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സച്ചരിതരായ (റാശിദീന്‍) ഖലീഫമാരുടെ കാലത്ത് ഹദീസ് പ്രചരിപ്പിക്കുന്നത് വിലക്കപ്പെട്ടിരുന്നു. ഉമവി വംശജരുടെയും അബ്ബാസി വംശജരുടെയും ഭരണകാലത്താണ് ഹദീസ് റിപ്പോര്‍ട്ടുകളുടെ പരമ്പര ആരംഭിക്കുന്നത്. രാജാക്കന്മാരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഹദീസുകള്‍ കെട്ടിച്ചമക്കുകയായിരുന്നു. ഇമാം ഹസന്‍ ബസ്വരി, ഇമാം സുഹ്‌രി, സിഹാഹുസ്സിത്തയുടെ കര്‍ത്താക്കള്‍, ഹദീസ് ഗ്രന്ഥ സമാഹരണം നടത്തിയവരൊക്കെയും ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വ്യാജ ഹദീസ് നിര്‍മാതാക്കളാണ്. ഇവരൊക്കെയും തലയും വാലുമില്ലാത്ത റിപ്പോര്‍ട്ടുകള്‍ സമാഹരിച്ച് ഇസ്‌ലാമിനെ അട്ടിമറിച്ചവരാണെന്നാണ് ഇദ്ദേഹം വാദിക്കുന്നത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു പുറമെ ഹദീസുകളില്‍ ജൂത-ക്രൈസ്തവ-സരതുഷ്ട്ര തുടങ്ങിയ ഇതര മതങ്ങളുടെ വിശ്വാസങ്ങളും മൂഢ സങ്കല്‍പങ്ങളും കടന്നുകൂടിയിട്ടുണ്ട്. പഞ്ചസമയ നമസ്‌കാരങ്ങള്‍, മുപ്പത് ദിവസ നോമ്പ്, സ്വിറാത്ത് പാലം, കര്‍മ ത്രാസ് തുടങ്ങിയ സങ്കല്‍പങ്ങള്‍, അറവു നിയമങ്ങള്‍, ആഹാരപാനീയങ്ങളില്‍ മതത്തിന്റെ ഇടപെടല്‍, ചേലാ കര്‍മം, മൃഗബലി, ശുചി നിയമങ്ങള്‍, ചിത്ര-പ്രതിമാ വിലക്ക്, ആകാശാരോഹണ (മിഅ്‌റാജ്) കഥകള്‍ തുടങ്ങിയ പലതും ഹദീസ് ഗ്രന്ഥകാരന്മാര്‍ ഇതര മതങ്ങളില്‍നിന്ന് എടുത്ത് പ്രവാചകനില്‍ ചാര്‍ത്തി ഇസ്‌ലാമില്‍ കടത്തിക്കൂട്ടിയതാണെന്നാണ് ഗ്രന്ഥകാരന്‍ പറയുന്നത്.

അനുഷ്ഠാന നിയമ ഗ്രന്ഥങ്ങളും

ഹദീസുകള്‍ മാത്രമല്ല, അനുഷ്ഠാന നിയമ ഗ്രന്ഥങ്ങളുടെ ഇമാമുമാരും ഇദ്ദേഹത്തിന്റെ അടുക്കല്‍ ആക്ഷേപാര്‍ഹരാണ്. എന്തുകൊണ്ടെന്നാല്‍ യഹൂദരില്‍നിന്ന് ശരീഅത്ത് സങ്കല്‍പം കടമെടുത്ത് ഇസ്‌ലാമിന്റെ തലയിലിട്ടിരിക്കുകയാണവര്‍. എല്ലാ ജീവിതവ്യവഹാരങ്ങളിലും മതം ബാധകമാക്കിയിരിക്കുകയാണ്. ഇറാഖിലെ കാലാവസ്ഥകള്‍ക്കനുസൃതമായി രണ്ടാം നൂറ്റാണ്ടിന്റെ പരിതഃസ്ഥിതികള്‍ കണക്കിലെടുത്ത് ആവിഷ്‌കരിച്ച നിയമങ്ങള്‍ പ്രവാചകനിലേക്ക് ചേര്‍ത്തി മതനിയമങ്ങള്‍ നിര്‍മിച്ചിരിക്കുകയാണ്. അങ്ങനെ ഇസ്‌ലാം മതം ഒരു 'സാമുദായിക ശരീഅത്താ'യി മാറി. ഇതര സമുദായക്കാര്‍ക്ക് അതിനെ പിന്‍പറ്റാനും ലോകത്ത് അത് പ്രചരിപ്പിക്കാനും പറ്റാത്തവിധം ആക്കിത്തീര്‍ത്തു. മതത്തെ ശരീഅത്തി(ജീവിതനിയമങ്ങള്‍)ല്‍നിന്ന് വേര്‍പ്പെടുത്തിയ സെയ്ന്റ് പോളിന്റെയും അനുയായികളുടെയും ചിന്താഗതി ഗ്രന്ഥകാരന്റെ ദൃഷ്ടിയില്‍ വളരെ ശരിയാണ്. ക്രിസ്തുമതം വ്യാപകമായി പ്രചരിക്കാനുണ്ടായ കാരണം അതാണ്. നബി തിരുമേനിയുടെ നിയോഗം തന്നെ ഗ്രന്ഥകാരന്റെ അഭിപ്രായത്തില്‍ ശരീഅത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനും ജീവിത വ്യവഹാരങ്ങള്‍ മതനിബന്ധനകളില്‍നിന്ന് മോചിപ്പിക്കാനുമായിരുന്നു. 'അവരുടെ ഭാരങ്ങള്‍ ഇറക്കിവെക്കാനും അവരെ വരിഞ്ഞുമുറുക്കിയ ചങ്ങലകള്‍ അഴിച്ചുമാറ്റാനും' എന്ന ഖുര്‍ആന്‍ സൂക്തമാണ് അതിന് തെളിവായി ഉദ്ധരിച്ചിരിക്കുന്നത്. ഇവിടെ ചങ്ങലകള്‍ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം ഗ്രന്ഥകാരന്റെ ദൃഷ്ടിയില്‍ 'ശരീഅത്തിന്റെ ചങ്ങലകളാ'ണ്. പൊട്ടിച്ചെറിയാന്‍ നബി തിരുമേനി നിയുക്തനായ ശരീഅത്തിന്റെ അതേ ചങ്ങലകള്‍ തന്നെ നബിക്കെതിരെ കലാപം ചെയ്തുകൊണ്ട് ഫിഖ്ഹിന്റെയും മദ്ഹബുകളുടെയും ഇമാമുമാര്‍ മുസ്‌ലിംകളുടെ മേല്‍ ഇട്ടിരിക്കുകയാണെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ജൂതന്മാരെ അനുകരിച്ച് ഈ ആളുകള്‍ ഹദീസ് റിപ്പോര്‍ട്ടിംഗും 'ശരീഅത്ത് നിര്‍മാണ'വും തുടങ്ങി. ജൂത പുരോഹിതന്മാരെ പോലെ മുസ്‌ലിംകളുടെ മേല്‍ പിടിമുറുക്കാന്‍ വേണ്ടിയാണ് ഗ്രന്ഥകാരന്റെ അഭിപ്രായത്തില്‍ ഈ ആളുകള്‍ ഇതെല്ലാം ചെയ്തിട്ടുള്ളത്. അതിനു വേണ്ടി അക്കൂട്ടര്‍ നബി തിരുമേനിയുടെ പേര് ദുരുപയോഗം ചെയ്തിരിക്കുകയാണ്.
തന്റെ സിദ്ധാന്തങ്ങളെല്ലാം ഗ്രന്ഥകാരന്‍ കെട്ടിപ്പടുത്തിരിക്കുന്നത് 'ചരിത്രപരമായ' തെളിവുകളുടെ മുകളിലാണെന്നതാണ് രസകരം. എന്നാല്‍ ഹദീസ് റിപ്പോര്‍ട്ടുകള്‍ പരിഗണനീയമല്ലെന്നാണെങ്കില്‍ അതിനേക്കാള്‍ പരിഗണനാര്‍ഹമല്ലാത്തതാണ് ചരിത്രം. ഹദീസിനെ സംബന്ധിച്ചേടത്തോളം നമ്മുടെ കാലം മുതല്‍ നബിയിലേക്കോ സ്വഹാബികളിലേക്കോ ഇമാമുമാരിലേക്കോ ചെന്നെത്തുന്ന മുഴുവന്‍ നിവേദക ശൃംഖലയും നിലനില്‍ക്കുന്നുണ്ട്; അത് നിങ്ങളുടെ അടുക്കല്‍ എത്രമാത്രം സംശയാസ്പദമാണെങ്കിലും ശരി. എന്നാല്‍ ചരിത്രത്തെ സംബന്ധിച്ചേടത്തോളം അങ്ങനെയൊരു പരമ്പര തന്നെ ഇല്ല. ചരിത്രത്തിന്റെ ഏറ്റവും അവലംബനീയ ശേഖരമെന്ന് നിങ്ങള്‍ കരുതുന്ന പുരാതന ഗ്രന്ഥങ്ങള്‍ പോലും അവയുടെ കര്‍ത്താക്കള്‍ തന്നെയാണ് അവ എഴുതിയതെന്ന് തെളിയിക്കാവുന്ന യാതൊന്നും നിങ്ങളുടെ പക്കലില്ല. അതുപോലെത്തന്നെ അവയില്‍ എഴുതപ്പെട്ട സ്ഥിതിവിവരങ്ങള്‍ക്കും അവ ശരിയാണെന്ന് ഉറപ്പിക്കാന്‍ യാതൊരു അടിസ്ഥാനാവലംബവും ലഭ്യമല്ല. ഹദീസുകളുടെ ശൃംഖലിതവും അവലംബനീയവുമായ റിപ്പോര്‍ട്ടുകള്‍ ഇത്ര അനായാസം വ്യാജമെന്ന് മുദ്രകുത്തി തള്ളാമെങ്കില്‍ ചരിത്രത്തിന്റെ മുഴുവന്‍ ശേഖരവും അതിനേക്കാള്‍ എളുപ്പം തള്ളാവുന്നതേയുള്ളൂ. അബ്ബാസികള്‍ എന്നൊരു കൂട്ടര്‍ തന്നെ ലോകത്തെവിടെയും ഉണ്ടായിട്ടില്ലെന്ന് ഒരാള്‍ക്ക് വേണമെങ്കില്‍ നിഷ്പ്രയാസം പറയാന്‍ സാധിക്കും; ഉമവി ഭരണകൂടം നിലനിന്നിട്ടേ ഇല്ലെന്നും അതേ. അലക്‌സാണ്ടര്‍ എന്നൊരു ചക്രവര്‍ത്തി ഉണ്ടായിരുന്നു എന്നത് ഒരു കെട്ടുകഥ മാത്രം എന്നും പറയാം. ഹദീസിനെ നിങ്ങള്‍ വ്യാജമെന്ന് മുദ്രയടിച്ച് റദ്ദ് ചെയ്യുന്ന തെളിവിനേക്കാള്‍ എത്രയോ ശക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ചരിത്രത്തെ വ്യാജമാക്കി തള്ളാന്‍ സാധിക്കും. എന്തുകൊണ്ടെന്നാല്‍ ഹദീസിനെ പോലെ അത്രയും അവലംബനീയമായ ഗതകാല സ്ഥിതിഗതികള്‍ പ്രതിപാദിക്കുന്ന മറ്റൊരു ശേഖരവും ലോകത്തില്ല. അവ പരിഗണനാര്‍ഹമല്ലെങ്കില്‍ പിന്നെ പുരാതന കാലത്തെ സംബന്ധിച്ച് എന്തെല്ലാം നമ്മുടെ കൈവശം എത്തിച്ചേര്‍ന്നിട്ടുണ്ടോ അതൊക്കെയും കടലില്‍ വലിച്ചെറിയേണ്ടവയായിരിക്കും. നബിയുടെ സമീപകാലത്ത് ജീവിച്ച മഹാന്മാരായ മാതൃകാ വ്യക്തിത്വങ്ങളേക്കാള്‍ മഹത്തായ മറ്റൊരു മാതൃകാ വ്യക്തിത്വത്തെയും സമര്‍പ്പിക്കാന്‍ ഇന്നെത്ത മുസ്‌ലിം സമുദായത്തിന് സാധിക്കുകയില്ല. ആ മാതൃകാ വ്യക്തിത്വങ്ങള്‍ പോലും ഇസ്‌ലാമില്‍ വിശ്വസിക്കുന്നവരായി അവകാശപ്പെടുന്നതോടൊപ്പം നബിയുടെ പേരില്‍ പെരും കള്ളങ്ങള്‍ ചാര്‍ത്തുകയും ഹദീസുകള്‍ കെട്ടിച്ചമച്ച് അവ പ്രവാചകനിലേക്ക് ചേര്‍ത്തു പറയുകയും ചെയ്യാന്‍ സാധിക്കുന്നവരാണെന്ന് വിശ്വസിക്കുകയും എല്ലാ ഹദീസ് റിപ്പോര്‍ട്ടുകളും തള്ളിക്കളയുകയും ചെയ്യുന്ന ഒരു വ്യക്തി പിന്നെ എങ്ങനെ ചരിത്രത്തില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നത് അത്ഭുതകരമല്ലേ! ത്വബരി, ഇബ്‌നു അസീര്‍, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയവരുടെ എല്ലാ ചരിത്രഗ്രന്ഥങ്ങളും കെട്ടിച്ചമച്ച കഥകളാണെന്ന് എന്തുകൊണ്ട് അയാള്‍ പറയുന്നില്ല? കഴിഞ്ഞകാല സ്ഥിതിഗതികളെ കുറിച്ച ഒരു വിവരവും നമുക്ക് ശരിയായി ലഭിച്ചിട്ടില്ലെന്ന് അയാള്‍ പറയാത്തതെന്തുകൊണ്ടാണ്? ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ് മുതല്‍ ഇമാം ശാഫിഈയും ഇമാം മാലിക്കും ഇമാം അബൂഹനീഫയും ഇമാം ഹസന്‍ ബസ്വരിയും വരെ സകലരും അവിശ്വസനീയരാണെന്ന് മനസ്സിലാക്കുന്ന ഇയാള്‍ക്ക് വോണ്‍ ക്രെമറി(Von Kremer)നെ അവലംബിക്കാന്‍ ഒന്ന് ആലോചിക്കുക പോലും വേണ്ടതില്ല എന്നതാണ് ക്രൂരമായ തമാശ. പക്ഷപാത ചിന്ത മനുഷ്യനെ എവിടെന്ന് എവിടെയൊക്കെയാണ് എത്തിക്കുക എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.

മാരക പ്രത്യാഘാതങ്ങള്‍

'സത്യാന്വേഷി' സാഹിബിന്റെ നിബന്ധം പാമരനായ ഒരു മുസ്‌ലിമോ അമുസ്‌ലിമോ വായിക്കുകയാണെങ്കില്‍ അയാളുടെ മനസ്സില്‍ എന്ത് പ്രതികരണമായിരിക്കും ഉണ്ടാക്കുക? പ്രവാചകന്‍ മരിച്ച് അമ്പതു വര്‍ഷം കഴിയേണ്ട താമസം മുസ്‌ലിംകള്‍ പ്രവാചകന്നും ഇസ്‌ലാമിനുമെതിരെ വ്യാപകമായ കലാപത്തിനൊരുമ്പെട്ടു എന്ന ഒരു ചിത്രമായിരിക്കും ഇത് അവരുടെ മനസ്സില്‍ കൊത്തിവെക്കുക. ഇസ്‌ലാംമത ചരിത്രത്തില്‍ ഏറ്റവും അധികം മാതൃകയായ, ഇസ്‌ലാമിന്റെ സ്തംഭങ്ങളായി കരുതപ്പെട്ടവര്‍ തന്നെ ആ കലാപത്തിന്റെ തലവന്മാരായി മാറി എന്നാകും അവര്‍ മനസ്സിലാക്കുക. അവരുടെ ഹൃദയത്തില്‍ വിശ്വാസത്തിന്റെ ലാഞ്ഛന പോലുമുണ്ടായിരുന്നില്ല. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി അവര്‍ ഹദീസ്, ഫിഖ്ഹ് (അനുഷ്ഠാന നിയമങ്ങള്‍), സുന്നത്ത്, ശരീഅത്ത് തുടങ്ങിയ ഗംഭീരന്‍ വാക്കുകള്‍ കെട്ടിച്ചമച്ച് മാലോകരെ വഞ്ചിക്കാനായി, അവ പ്രവാചകന്റെയും ഖുര്‍ആന്റെയും അധ്യാപനങ്ങള്‍ക്ക് തികച്ചും വിരുദ്ധമായി, പ്രവാചകന്റെ മേല്‍ ചാര്‍ത്തിക്കൊടുത്തു. ഇതൊക്കെയായിരിക്കും പാമരന്മാരുടെയും അമുസ്‌ലിംകളുടെയും മനസ്സില്‍ സൃഷ്ടിക്കുന്ന ധാരണകള്‍. ഇത്തരമൊരു ധാരണ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞാല്‍ അത്തരമൊരു വ്യക്തി ഇസ്‌ലാം സത്യമതമാണെന്ന് വിശ്വസിക്കുമെന്ന് പ്രതീക്ഷിക്കാന്‍ നമുക്ക് സാധിക്കുകയില്ല. കാരണം ഒരു മതത്തിന്റെ നേതാക്കളും വിശിഷ്ട പ്രബോധകരും ഇമ്മട്ടിലുള്ളവരാണെങ്കില്‍ 'സത്യാന്വേഷി' സാഹിബിനെയും വിരലിലെണ്ണാവുന്ന സമാന ചിന്താഗതിക്കാരെയും കണ്ടിട്ട് ബുദ്ധിയുള്ള ആരാണ് ഈ മതവും സത്യമതമാകാമെന്ന് മനസ്സിലാക്കാന്‍ ധൈര്യപ്പെടുക? എന്നു മാത്രമല്ല, ഇവ്വിധം വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ ഇസ്‌ലാം അതിന്റെ മൂലരൂപത്തില്‍ ഇന്ന് അവശേഷിക്കുന്നുണ്ടോ എന്നു പോലും അവര്‍ സംശയിച്ചുപോകും. എന്തുകൊണ്ടെന്നാല്‍ മുസ്‌ലിം പൂര്‍വഗാമികളില്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ ഇന്നുവരെയുള്ള ഒരു വിഭാഗവും തങ്ങളുടെ പ്രവാചകന്റെ സ്ഥിതിഗതികളും വാക്കുകളും അധ്യാപനങ്ങളും യഥാവിധി സംരക്ഷിക്കാതിരിക്കുകയും ഈ സമുദായത്തിലെ ചെറുതും വലുതുമായ എല്ലാവരും തങ്ങളുടെ മനസ്സില്‍ വരുന്നതൊക്കെ കെട്ടിച്ചമച്ച് അവ പ്രവാചകനില്‍ ചാര്‍ത്തുന്ന വിശ്വാസഘാതകരാവുകയും ചെയ്യുമ്പോള്‍ ഇസ്‌ലാമിന്റെ യാതൊരു കാര്യവും പരിഗണനീയമല്ലാതെ ആയിത്തീരുകയാണുണ്ടാവുക. മാത്രമല്ല, അറബികളില്‍ യഥാര്‍ഥത്തില്‍ ഒരു പ്രവാചകന്‍ തന്നെ നിയുക്തനായിട്ടുണ്ടോ എന്നു പോലും ഉറപ്പിക്കാനാകാത്ത അവസ്ഥ സംജാതമാവുകയും ചെയ്യും. പൊതു ജനങ്ങളില്‍ പിടിമുറുക്കാനായി പ്രവാചകനെയും പ്രവാചകത്വത്തെയും കുറിച്ച് കഥകള്‍ ചമച്ചുണ്ടാക്കുക എന്നത് എന്തു മാത്രം അത്ഭുതകരമല്ല! ഖുര്‍ആന്‍ യഥാര്‍ഥത്തില്‍ ഏതെങ്കിലും പ്രവാചകന് ഇറങ്ങിയതല്ല എന്ന് ഇതേപ്രകാരം അതിനെ സംബന്ധിച്ചും സംശയിക്കപ്പെടാന്‍ സാധിക്കുമോ? ഇനി ഇറങ്ങിയിട്ടുണ്ടെങ്കില്‍ തന്നെ അതിന്റെ മൂലപാഠങ്ങളില്‍ സംരക്ഷിക്കപ്പെട്ടിരുന്നില്ലെന്നും? എന്തുകൊണ്ടെന്നാല്‍ അത് നമ്മുടെ അടുക്കലോളം എത്തിയത് ജൂതന്മാരുടെയും ക്രൈസ്തവരുടെയും അഗ്നിയാരാധകരുടെയും വചനങ്ങള്‍ എടുത്തെടുത്ത് നബിയുടെ പേരില്‍ ചാര്‍ത്താന്‍ ഒട്ടും ലജ്ജയില്ലാതിരുന്ന അതേ ആളുകള്‍ വഴിക്കായിരുന്നു; അല്ലെങ്കില്‍ തങ്ങളുടെ കണ്‍വെട്ടത്തു വെച്ച് ഇതൊക്കെ നടക്കുമ്പോഴും അതിനെതിരെ ഒരക്ഷരം മിണ്ടാത്ത ആളുകള്‍ വഴി! 'സത്യാന്വേഷി' സാഹിബും സമാന ചിന്താഗതിക്കാരായ ഹദീസ് നിഷേധികളും ഇസ്‌ലാംവിരോധികളുടെ കൈയില്‍ ഹദീസ് ശേഖരണ ആയുധങ്ങളേക്കാള്‍ ലക്ഷക്കണക്കിലേറെ മാരകമായ ആയുധമാണ് വെച്ചു കൊടുത്തിരിക്കുന്നത്; അതാണെങ്കില്‍ ഇസ്‌ലാമിന്റെ തായ് വേരുകള്‍ തന്നെ പിഴുതെറിയാന്‍ സാധിക്കുന്നതും!


ദോഷൈക ദൃഷ്ടി
'സത്യാന്വേഷി' സാഹിബ് ഹദീസ് ഗ്രന്ഥങ്ങള്‍ ദോഷൈക ദൃഷ്ടിയോടുകൂടി മാത്രമാണ് നോക്കിയതെന്നും ആ സമാഹൃത ഗ്രന്ഥങ്ങളിലെ രത്‌നങ്ങളുടെ നേരെ കണ്ണടച്ചു തന്റെ ദൃഷ്ടിയില്‍ ഹദീസുകളെ കുറിച്ച് ആക്ഷേപം ചൊരിയാന്‍ പ്രയോജനകരമായവ തേടിപ്പിടിക്കാനാണ് തന്റെ സമയം മുഴുവന്‍ ചെലവഴിച്ചതെന്നും മനസ്സിലാകുന്നു. ഇതേ ദോഷൈക ദൃഷ്ടിയോടെയാണ് അദ്ദേഹം ഖുര്‍ആനും നോക്കുന്നതെങ്കില്‍ അതും ഉടനീളം ന്യൂനതകളാല്‍ നിര്‍ഭരമാണെന്ന് കാണുമെന്ന് ഉറപ്പിച്ചു പറയാന്‍ നമുക്ക് സാധിക്കും. അല്ലെങ്കില്‍ പരസഹസ്രം നിഷേധികള്‍ ഖുര്‍ആന്‍ വായിച്ചിട്ടും സന്മാര്‍ഗം നേടാതെ കൂടുതല്‍ ദുര്‍മാര്‍ഗികളാകുന്നതില്‍ എന്ത് ന്യായമാണുള്ളത്! സന്മാര്‍ഗം തേടാനല്ല ദോഷങ്ങള്‍ തേടിപ്പിടിച്ച് ഇസ്‌ലാമിനെതിരില്‍ ആയുധങ്ങള്‍ ശേഖരിക്കാനാണ് അവര്‍ അത് പാരായണം ചെയ്യുന്നത് എന്നതു തന്നെയാണ് അതിന് കാരണം. അക്കാരണത്താല്‍ ഖുര്‍ആനില്‍ അവര്‍ക്ക് ന്യൂനതകളല്ലാതെ ഒന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ എല്ലായിടത്തും എന്ത് തേടുന്നോ അതാണ് മനുഷ്യന്‍ കണ്ടെത്തുക. അതിനാല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ 'സത്യാന്വേഷി' സാഹിബിന്റെ കണ്ണുകള്‍ക്കു മേല്‍ ദോഷൈക കണ്ണട ഇല്ലാത്തതില്‍ നാം അല്ലാഹുവിന് കൃതജ്ഞത പറയുകയാണ്. മറിച്ചാണ് അദ്ദേഹം നോക്കിയിരുന്നതെങ്കില്‍ ഇസ്‌ലാമിന്റെ പ്രതിയോഗികള്‍ക്ക് ഒട്ടേറെ ആയുധങ്ങള്‍ ശേഖരിച്ചു കൊടുക്കാന്‍ അയാള്‍ക്ക് സാധിക്കുമായിരുന്നു; ഹദീസുകള്‍ ശേഖരിച്ചുകൊടുത്ത ആയുധങ്ങള്‍ ശത്രുകരങ്ങളില്‍ കണ്ട് ഹദീസുകളെ നിഷേധിക്കാന്‍ അദ്ദേഹം മുതിര്‍ന്ന പോലെ.
'സത്യാന്വേഷി' സാഹിബ് ഹദീസുകളെ സംബന്ധിച്ച് എന്തെല്ലാം വിമര്‍ശനങ്ങള്‍ ഉന്നയിച്ചോ അവക്കൊക്കെ വാക്കിന് വാക്കിന് മറുപടി പറയാന്‍ സാധിക്കാത്തതല്ല. പക്ഷേ ശാഖാപരമായ വിഷയങ്ങളില്‍ കുടുങ്ങിക്കിടക്കാന്‍ നാം ആഗ്രഹിക്കുന്നില്ല. പ്രത്യുത ചര്‍ച്ചയുടെ മര്‍മമായ ചില അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ച് പ്രതിപാദിക്കാനാണ് നാം ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെയും സാമാന്യേന ഹദീസ്‌നിഷേധികളുടെയും ന്യൂനത, അല്ലെങ്കില്‍ മനോഭാവം കണ്ടിട്ട് അവരെ തിരുത്തുന്നതില്‍ പ്രതീക്ഷ കുറവാണ്. എങ്കിലും ഈ ആളുകളുടെ മാര്‍ഗഭ്രംശത്തിന്റെ നാന്ദി യഥാര്‍ഥത്തില്‍ സദ്‌വിചാരത്തിന്റെ ബിന്ദുവില്‍നിന്നായിരിക്കണമെന്നാണ് നമുക്ക് തോന്നുന്നത്. അവരെ മാര്‍ഗഭ്രംശത്തിലാക്കിയിരിക്കുന്നത് അജ്ഞതയും പിടിവാശിയും മാത്രമാകുന്നു. അതിനാല്‍ തങ്ങളുടെ നിഷേധചിന്തകള്‍ അല്‍പസമയം മാറ്റിവെച്ച് നമ്മുടെ തെളിവുകളെ കുറിച്ച് ചിന്തിക്കാന്‍ സന്നദ്ധമാവുകയാണെങ്കില്‍ അവരുടെ വിശ്വാസം തിരുത്താന്‍ സാധിക്കുമെന്നാണ് നമ്മുടെ പ്രതീക്ഷ.
വിവ: വി.എ.കെ
(തുടരും)

കുറിപ്പുകള്‍
1. അമൃത്‌സറിലെ 'ദഫ്തറെ ഉമ്മത്ത് മുസ്‌ലിമ' പ്രസിദ്ധീകരിച്ചത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 71-75
ടി.കെ ഉബൈദ്‌

ഹദീസ്‌

അനാഥരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌