Prabodhanm Weekly

Pages

Search

2021 ഡിസംബര്‍ 10

3230

1443 ജമാദുല്‍ അവ്വല്‍ 05

കേരളത്തിന്റെ ദാരിദ്ര്യമുക്തി: അവകാശികളാര്?

എ.ആര്‍

നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ എല്‍.ഡി.എഫ്-യു.ഡി.എഫ് അവകാശവാദങ്ങളും ആരംഭിച്ചിരിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ കാര്യങ്ങള്‍ വിലയിരുത്തി നീതി ആയോഗ് തയാറാക്കിയ പട്ടികയിലാണ് വെറും മുക്കാല്‍ ശതമാനം - 0.71 - ആണ് സംസ്ഥാനത്ത് ദരിദ്ര ജനസംഖ്യ എന്ന കണ്ടെത്തല്‍. അതായത് പതിനായിരത്തില്‍ 71 പേര്‍. 3.76 ശതമാനവുമായി ഗോവയാണ് രണ്ടാം സ്ഥാനത്ത്. തമിഴ്‌നാട്ടില്‍ 4.89, കര്‍ണാടകയില്‍ 13.16 എന്നിങ്ങനെയാണ് ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങളിലെ ശതമാനം. ഗ്രാഫില്‍ ഏറ്റവും താഴെ ബിഹാറാണ്; 51.91 ശതമാനം. ഝാര്‍ഖണ്ഡും (42.16), യു.പിയും (37.79) ദരിദ്രരുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കുന്നു. 2030-ഓടെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്ത് വികസനം കൈവരിക്കണമെന്ന യു.എന്‍ പ്രമേയത്തില്‍ 2015-ല്‍ 193 രാജ്യങ്ങള്‍ ഒപ്പുവെച്ചിരുന്നതാണ്. ലക്ഷ്യം നേടാന്‍ കേവലം ഒമ്പത് വര്‍ഷങ്ങള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കത് സാധ്യമാവില്ല എന്നാണീ കണക്കുകള്‍ നല്‍കുന്ന സൂചന. ലോകാടിസ്ഥാനത്തില്‍ തയാറാക്കുന്ന പഠന റിപ്പോര്‍ട്ട് പ്രകാരം പട്ടിണിയുടെ പട്ടികയില്‍ നൂറ്റി ഒന്നാമതാണ് ഇന്ത്യയുടെ സ്ഥാനം! അത്യാധുനികായുധങ്ങളും സഹസ്ര കോടികളുടെ പ്രതിമകളും പുതിയ തലസ്ഥാന നഗരിയുടെ നിര്‍മാണവും അതിവേഗ റെയിലുമൊക്കെയാണ് നമ്മുടെ മുന്‍ഗണനാ ക്രമത്തിലെ മുന്‍നിരയിലെങ്കില്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലും ദാരിദ്ര്യവും പട്ടിണിയും മുഖ്യപ്രശ്‌നമായി തുടരുന്നതില്‍ അത്ഭുതപ്പെടാനില്ല.
അതേയവസരത്തില്‍ ജനങ്ങള്‍ക്ക് സമ്പദ്‌സമൃദ്ധിയും ക്ഷേമ രാഷ്ട്രവും വികസനവും വാഗ്ദാനം ചെയ്യുന്നതില്‍ മത്സരിക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ കടിപിടിയും കൗതുകകരമാണ്. ദാരിദ്ര്യ പട്ടികയില്‍ കേരളത്തിന്റെ മെച്ചപ്പെട്ട അവസ്ഥ പുറത്തു വരേണ്ട താമസം ഭരിക്കുന്ന ഇടതു മുന്നണി അവകാശവാദവുമായി രംഗത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനടക്കം മുതല്‍ സി.പി.എം നേതാക്കള്‍ തങ്ങളുടെ ഭരണ നേട്ടമായി നീതി ആയോഗിന്റെ പട്ടികയെ വിലയിരുത്തുമ്പോള്‍ 2015 -'16 കാലത്തെ നീതി ആയോഗ് സര്‍വേ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അക്കാലത്ത് സംസ്ഥാന ഭരണത്തിലിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനാണ് സകല ക്രെഡിറ്റുമെന്ന് പ്രതിപക്ഷ നേതാവും അവകാശപ്പെടുന്നു. സത്യമോ? പോഷകാഹാരം, ശിശു-കൗമാര മരണ നിരക്ക്, പ്രസവാനന്തര പരിപാലനം, സ്‌കൂള്‍ വിദ്യാഭ്യാസം, പാചക ഇന്ധന ലഭ്യത, ശുചിത്വം, കുടിവെള്ള ലഭ്യത, വൈദ്യുതി, വീട്, സമ്പാദ്യം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യ സൂചിക തയാറാക്കിയത്. 2015-ലെ നടേ പറഞ്ഞ യു.എന്‍ പ്രമേയ പ്രകാരം യു.എന്‍.ഡി.പിയും ഓക്‌സ്‌ഫെഡ് പൊവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമും ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ മാര്‍ഗരേഖ. ഉപര്യുക്ത സൂചികയെ അടിസ്ഥാനമാക്കി ഇടതോ വലതോ ആയ ഏതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന നയത്തിന്റെ ഫലം മാത്രമാണ് കേരളത്തിന്റെ നേട്ടമെന്ന് ആര്‍ക്കാണ് അവകാശപ്പെടാനാവുക? ചില കാര്യങ്ങളിലൊക്കെ മാറിമാറി വന്ന സര്‍ക്കാറുകള്‍ സ്വീകരിച്ചതും നടപ്പാക്കിയതുമായ വികസന പദ്ധതികള്‍ക്ക് ഗുണഫലങ്ങളുണ്ടായിട്ടുണ്ടെന്ന് സമ്മതിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഒരു പ്രത്യേക കാലയളവില്‍ അധികാരത്തിലിരുന്ന സര്‍ക്കാറാണ് ദാരിദ്ര്യനിര്‍മാര്‍ജനം നടത്തിയതെന്ന അവകാശവാദം തീര്‍ത്തും അതിരു കവിഞ്ഞതും പരിഹാസ്യവുമാണ്.
1956-ല്‍ അധികാരമേറ്റ പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമത്തിന് തുടക്കം കുറിച്ചത് വികസന മാര്‍ഗത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു എന്നത് ശരി. അതുപോലെ വിദ്യാഭ്യാസ രംഗത്ത് പ്രഥമ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ല് മാറ്റത്തിന്റെ നാന്ദി കുറിച്ചതും ക്രിയാത്മക കാല്‍വെപ്പായിരുന്നു. മാറിമാറി വന്ന ഇടത്-വലത് സര്‍ക്കാറുകള്‍ സ്ത്രീകള്‍, കുട്ടികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ദലിതുകള്‍, പിന്നാക്ക സമുദായങ്ങള്‍ എന്നീ വിഭാഗങ്ങളുടെ ദാരിദ്ര്യമുക്തിക്കും സാക്ഷരതക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി നിരവധി നിയമനിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്. തൊഴിലുകള്‍ ഉറപ്പുവരുത്താന്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും സ്വകാര്യ മേഖലയിലെ സംരംഭകര്‍ക്ക് അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്. പ്രഥമ നെഹ്‌റു സര്‍ക്കാര്‍ നടപ്പാക്കിയ പഞ്ചവത്സര പദ്ധതികള്‍ ആനുപാതികമായി സംസ്ഥാന വികസനത്തിന് സഹായകമായിരിന്നിട്ടുണ്ട്. ഇതെല്ലാം വസ്തുതകളായിരിക്കെത്തന്നെ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും വിദ്യാ വിഹീനതയും കേരളത്തിന്റെ ശാപമായി പതിറ്റാണ്ടുകളോളം തുടര്‍ന്നു എന്നതും അനിഷേധ്യമാണ്. മുഖ്യ ഭക്ഷണമായ അരിയുടെ ഉല്‍പാദനം ആവശ്യത്തിന്റെ മൂന്നിലൊന്നു പോലും നേരിടാന്‍ പര്യാപ്തമായില്ല. എഴുപതുകളുടെ തുടക്കത്തില്‍ ഒമ്പതു ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷി ഉണ്ടായിരുന്നെങ്കില്‍ നാല് പതിറ്റാണ്ടിനുള്ളില്‍ അത് രണ്ടര ലക്ഷം ഹെക്ടറായി ചുരുങ്ങി. നാളികേരം, റബര്‍, കുരുമുളക്, ചായ, കാപ്പി മുതലായ നാണ്യവിളകളുടെ ഭൂവിസ്തൃതിയും ചുരുങ്ങുകയാണുണ്ടായത്. മത്സ്യസമ്പത്തിന്റെ കാര്യത്തിലും കേരളം പിന്നോട്ടു പോയി. പൊതുമേഖലാ വ്യവസായങ്ങളില്‍ ചിലത് പൂട്ടി; പലതും കനത്ത നഷ്ടത്തില്‍ നടക്കുന്നു. സ്വകാര്യ മേഖലയില്‍ നിക്ഷേപകര്‍ പിന്മാറുന്ന സ്ഥിതി പല കാരണങ്ങളാല്‍ വന്നുകൂടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും യൂനിവേഴ്‌സിറ്റികളുടെയും വിദ്യാര്‍ഥികളുടെയും എണ്ണത്തിലുണ്ടായ വര്‍ധനവ് ക്വാളിറ്റിയുടെ കാര്യത്തില്‍ പ്രതിഫലിച്ചില്ല. മൊത്തത്തില്‍ ഇടത്-വലത് സര്‍ക്കാറുകളുടെ നയവൈകല്യവും കേന്ദ്ര സര്‍ക്കാറുകളുടെ അവഗണനയും പൊതുവായ കെടുകാര്യസ്ഥതയും അഴിമതിയും തിക്ത സത്യങ്ങളായി തുടരുന്നു. തന്മൂലം അവകാശവാദങ്ങളുടെ അര്‍ഥശൂന്യത തെളിഞ്ഞുവരികയും ചെയ്യുന്നു.
എന്നാലും ദാരിദ്ര്യരേഖക്ക് മുകളിലെത്താന്‍ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. അതെങ്ങനെ എന്നാലോചിച്ചാല്‍ ഉത്തരം കാണാന്‍ ഏറെയൊന്നും ബുദ്ധിമുട്ടേണ്ടതില്ല. എഴുപതുകളില്‍ ആരംഭിച്ചതും പിന്നീട് ശക്തിപ്രാപിച്ചതുമായ മലയാളികളുടെ പ്രവാസ ജീവിതമാണ് കേരളത്തിന്റെ നട്ടെല്ല് നിവര്‍ത്തിയതും ദാരിദ്ര്യനിര്‍മാര്‍ജനത്തിലും വികസനത്തിലും അനിഷേധ്യ പങ്ക് വഹിച്ചതും. അന്നം തേടി മുഖ്യമായി അറേബ്യന്‍ ഗള്‍ഫിലേക്ക് ഉരുവിലും കപ്പലിലും  ഒടുവില്‍ വ്യോമയാനത്തിലുമൊക്കെയായി നീന്തിയോ പറന്നോ എത്തിയ മലയാളികളുടെ ചോരയും നീരും വിയര്‍പ്പും കേരളത്തെ തീറ്റിപ്പോറ്റുകയായിരുന്നു. ഈ പ്രക്രിയയില്‍ ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരുമായ പാര്‍ട്ടികള്‍ ഗുണഭോക്താക്കള്‍ മാത്രമാണ്. സംസ്ഥാന ജി.ഡി.പിയില്‍ വലിയൊരളവോളം, 20 ശതമാനത്തോളം പ്രവാസികള്‍ അയക്കുന്ന പണമാണെന്ന് കണക്കുകള്‍ പറയുന്നു. കേരളത്തിലേക്ക് പ്രവാസികള്‍ അയച്ചത് 1991-ല്‍ 3025 കോടി രൂപ ആയിരുന്നെങ്കില്‍ 2008-ല്‍ 43288 കോടിയായി വര്‍ധിച്ചു. 90 ശതമാനം മലയാളി പ്രവാസികളും താമസിക്കുന്ന ഗള്‍ഫില്‍നിന്നാണ് ഇത്രയും തുക കേരളത്തിലെത്തിയതെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ മൈഗ്രേഷന്‍ മോണിറ്ററിംഗ് സ്റ്റഡിയുടെ കണക്ക് വെളിപ്പെടുത്തുന്നു. ഇതു പ്രകാരം ശരാശരി ഒരു കുടുംബത്തിലേക്ക് പ്രതിവര്‍ഷം 57,227 രൂപ അക്കരെ നിന്നെത്തുന്നുണ്ട്. 2018-'19 കാലത്ത് മാത്രം കേരളത്തിന്റെ പ്രവാസി വരുമാനം 2,42,535 കോടി ആയിരുന്നെന്ന് പഠനം വ്യക്തമാക്കുന്നു. 2018-ലെ സര്‍വേ പ്രകാരം 21 ലക്ഷമാണ് പ്രവാസി ജനസംഖ്യ. ഇവരില്‍ 89 ശതമാനം ഗള്‍ഫിലാണു താനും. അമേരിക്ക, യൂറോപ്പ്, ആസ്‌ത്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലും മലയാളികള്‍ കുടിയേറിയിട്ടുണ്ടെങ്കിലും അവരിലധികവും അതത് നാടുകളില്‍ സകുടുംബം താമസിക്കുന്നവരാണ്. സ്വദേശത്തേക്ക് അവര്‍ കാര്യമായൊന്നും സംഭാവന ചെയ്യുന്നില്ല. പ്രവാസി പണത്തിന്റെ കുത്തൊഴുക്കില്‍ സംസ്ഥാനത്തെ നിര്‍മാണ മേഖലയിലും കാര്‍ഷിക-വ്യാപാര-വ്യവസായ രംഗത്തും തൊഴിലെടുക്കാന്‍ ബംഗാള്‍, ബിഹാര്‍, ഒഡീഷ, യു.പി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴില്‍ കരങ്ങളെ വന്‍തോതില്‍ ആശ്രയിക്കുന്ന സാഹചര്യമാണ് കേരളത്തില്‍. അതിനര്‍ഥം തൊഴില്‍ കിട്ടാതെ പട്ടിണി കിടക്കേണ്ടിവരുന്നവര്‍ സംസ്ഥാനത്തില്ല എന്നുതന്നെ. നമ്മുടെ ആരോഗ്യ, വിദ്യാഭ്യാസ, വ്യാപാര മേഖലകളിലെ വളര്‍ച്ചക്ക് ഏറ്റവും കൂടുതല്‍ സംഭാവന അര്‍പ്പിച്ചവര്‍ പ്രവാസികളാണെന്നുതന്നെ തീര്‍ത്തു പറയാം. കോവിഡ് 19-ന്റെ വ്യാപനത്തോടെ മടങ്ങേണ്ടിവന്ന പ്രവാസികളുടെ എണ്ണം ഒമ്പത് ലക്ഷത്തോളമാണെന്ന് സാമ്പത്തിക വിദഗ്ധന്‍ സി.എ പ്രകാശ് പറയുന്നു. തന്മൂലം 15000 കോടിയോളം നഷ്ടം വിദേശ നാണ്യത്തിലുണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മഹാമാരിയുടെ വ്യാപനം നിയന്ത്രിതമായതോടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക് പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിനു പേര്‍ ജോലി നഷ്ടപ്പെട്ടവരാണ്. സംസ്ഥാനത്താകട്ടെ തൊഴില്‍ സാധ്യതകള്‍ കുറയുകയുമാണ്. ദാരിദ്ര്യ പട്ടികയില്‍ കേരളത്തിന്റെ ഗ്രാഫ് താഴോട്ട് പോകുമെന്ന ആശങ്കക്ക് ഇടം നല്‍കുന്നതാണ് ഈ പ്രതിഭാസം. ഈ തിക്ത യാഥാര്‍ഥ്യം കൂടി മുന്നില്‍ കണ്ട് കെ. റെയില്‍ പോലുള്ള മെഗാ പദ്ധതികളെക്കുറിച്ച് പുനരാലോചന നടത്തണം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-39 / അസ്സുമര്‍- 71-75
ടി.കെ ഉബൈദ്‌

ഹദീസ്‌

അനാഥരുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌